Sunday, December 13, 2009
ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍കുറ്റകൃത്യം
"എല്ലാവര്‍ക്കും അറിയാം, പാര്‍ലമെണ്ടിനും ജനങ്ങള്‍ക്കും ഒഴിച്ച്" അയാള്‍ പറഞ്ഞു.
"മാധ്യമങ്ങള്‍ക്കോ?"
"ഹോ..മാധ്യമങ്ങളോ-വമ്പന്‍മാര്‍..അവരെയൊക്കെ ഫോറിന്‍ ഓഫീസിലേക്ക് വിളിച്, നന്നായി സല്‍ക്കരിച്ച്, നുണകളും വിളമ്പിക്കൊടുത്തിരുന്നു. അവരെക്കൊണ്ടിനി പ്രശ്നമൊന്നും ഉണ്ടാവില്ല".
സദ്ദം ഹുസ്സൈനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുവിധത്തിലും ആയുധവത്ക്കരിക്കുന്നില്ലെന്ന് പാര്‍ലമെണ്ടംഗങ്ങളെയും, ജനത്തെയും വിശ്വസിപ്പിക്കാന്‍, വിദേശ ഓഫീസിലെ ഇറാഖ് ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് അയാള്‍ കത്തുകള്‍ തയ്യാറാക്കിവെച്ചിരുന്നു. "അതൊരു കല്ലുവെച്ച നുണയായിരുന്നു. എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല".
ഇറാഖിനു ആയുധം വിറ്റതിനെക്കുറിച്ചുള്ള തെളിവെടുപ്പില്‍, സത്യം ബോധിപ്പിച്ചതിന് ലോര്‍ഡ് ജസ്റ്റീസ് സ്കോട്ടിന്റെ പ്രശംസ ലഭിച്ച ഒരേയൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഹിഗ്‌സണ്‍. അതിന് അയാള്‍ കൊടുക്കേണ്ടിവന്ന വിലയും വളരെ വലുതായിരുന്നു. വിവാഹബന്ധം തകര്‍ന്നു, ആരോഗ്യം നശിച്ചു, പോലീസിന്റെ നിരീക്ഷണത്തില്‍ ജീവിക്കേണ്ടിവന്നു. ഒടുവില്‍ ബിര്‍മിംഗാമിലെ ഒരു കേന്ദ്രത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട്, അപസ്മാരം ബാധിച്ച്, ഏകനായി മരിച്ചു. ആപത്‌സൂചന തരുന്നവര്‍ മിക്കപ്പോഴും ധീരന്‍മാരായിരിക്കും. അയാള്‍ അത്തരത്തിലൊരാളായിരുന്നു.
ടോണി ബ്ളയറിന്റെ പ്രതിനിധിയെന്ന പദവിയില്‍, ഇറാഖ് അധിനിവേശത്തിനു മുന്നോടിയായി ഐക്യരാഷ്ട്രസഭയിലേക്കു പോയ സര്‍ ജെര്‍മി ഗ്രീന്‍സ്റ്റോക്ക് എന്ന മറ്റൊരു വിദേശ ഓഫീസ് ഉദ്യോഗസ്ഥന്റെ ചിത്രം കണ്ടപ്പോഴാണ് മാര്‍ക് ഹിഗ്‌സണ്‍ എന്റെ മനസ്സിലെത്തിയത്. വരാന്‍ പോകുന്ന ചോരപ്പുഴക്ക് ഐക്യരാഷ്ട്രസഭയുടെ മുഖംമൂടി കണ്ടെത്താന്‍ മറ്റാരേക്കാളും മുന്നിലുണ്ടായിരുന്നത് ഇതേ ജെര്‍മിയായിരുന്നു. അതെ, നവംബര്‍ 27-നു ചില്‍ക്കോട്ട് വിചാരണക്കുമുന്‍പാകെ പ്രത്യക്ഷപ്പെട്ട്, ഇറാഖ് അധിനിവേശത്തെ "നിയമപരമായി സംശയാസ്പദമായ സാധുത"യായി വിശേഷിപ്പിച്ച ജെര്‍മിയുടെ അവകാശവാദം, അതുതന്നെയായിരുന്നു. എന്തൊരു കൌശലം. ചിത്രത്തില്‍ അയാളുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരിയുണ്ടായിരുന്നു.
അന്താരാഷ്ട്രനിയമത്തില്‍, 'സംശയാസ്പദമായ സാധുത' എന്നൊന്ന് നിലനില്‍ക്കുന്നില്ല. ഒരു പരമാധികാര രാജ്യത്തിനുനേരെയുള്ള ആക്രമണം കുറ്റം തന്നെയാണ്. ബ്രിട്ടന്റെ മുഖ്യ നിയമോദ്യോഗസ്ഥനും അറ്റോര്‍ണി ജനറലുമായ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും, വിദേശ ഓഫീസിന്റെ സ്വന്തം നിയമോപദേഷ്ടാക്കളും, ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ തന്നെയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ് ഇറാഖ് അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്. എന്നിട്ടാണിയാള്‍, 'ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനത്തിന് ഒട്ടും സഹായകരമല്ലാത്ത (അമേരിക്കന്‍)ശബ്ദങ്ങ'ളെക്കുറിച്ചും, 'ഇങ്ങനെ പോയാല്‍ എണ്റ്റെ സ്ഥാനത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടിവരുമെന്ന് വിദേശ ഓഫീസിനു മുന്നറിയിപ്പ് കൊടുത്ത’തിനെക്കുറിച്ചുമൊക്കെ സ്വന്തം തൊലി സംരക്ഷിക്കാനായി വിടുവായത്തം പുലമ്പുന്നത്.
ഇതിഹാസ സമാനമായ ഒരു കൊടുംപാതകത്തിനെ നിസ്സാരവത്ക്കരിക്കാനും, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുറ്റബോധത്തിന്റെ ഒരു രംഗപടം സൃഷ്ടിച്ച്, ആത്യന്തികമായി ഉണ്ടാവേണ്ട ഒരു കുറ്റവിചാരണയില്‍നിന്ന് എല്ലാവരേയും രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്‍ക്കോട്ട് അന്വേഷണത്തിനുമുള്ളത്. ജനുവരിയില്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍, കൂക്കുവിളികളെയും കയ്യടികളെയും ഒരുപോലെ ഏറ്റുവാങ്ങി, ടോണി ബ്ളയര്‍ തടിതപ്പുകയും ചെയ്യും. സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ ഈ 'അന്വേഷണങ്ങള്‍" തേച്ചുമായ്ച്ചുകളയുന്നത് ഈവിധത്തിലാണ്. ഇറാഖിന് ആയുധം വിറ്റതിനെക്കുറിച്ചുള്ള ജസ്റ്റീസ് സ്കോട്ടിന്റെ 1996-ലെ റിപ്പോര്‍ട്ട്, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെത്തന്നെ വെളിച്ചം കണ്ട ഭീമമായ തെളിവുകളെ സമര്‍ത്ഥമായി മൂടിവെച്ചതും ഇതേ രീതിയിലായിരുന്നു.
സദ്ദാമിന് ആയുധങ്ങള്‍ അനധികൃതമായി മറിച്ചുവിറ്റതിന്, M16ന്റെയും മറ്റു രഹസ്യാന്വേഷക സംഘങ്ങളുടെയും പിടിയിലായ കമ്പനികളുടെ ആഡിറ്റര്‍ ടിം ലാക്സ്‌ടണുമായി അക്കാലത്ത് ഞാന്‍ ഒരു അഭിമുഖം നടത്തുകയുണ്ടായി. "നൂറു കണക്കിനാളുകള്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുമായിരുന്നു" അയാള്‍ തുറന്നു സമ്മതിച്ചു". “അതില്‍, വമ്പന്‍ രാഷ്ട്രീയക്കാരും, ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെട്ടേനേ" എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ചില്‍ക്കോട്ടിനെ ഉപദേശിക്കാന്‍ സര്‍ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ടിനെപ്പോലെയുള്ളവരെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിനൊക്കെയാണ്. ടോണി ബ്ളയറിനെ ചര്‍ച്ചിലിനോടും റൂസ്സ്‌വെല്‍റ്റിനോടും ഉപമിച്ച മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട്. ബ്ളയറിന്റെയും സംഘത്തിന്റെയും, പ്രത്യേകിച്ച്, ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന 2003-ലെ കാബിനറ്റ് അംഗങ്ങളുടെയും പങ്ക് വെളിവാക്കുന്ന രേഖകള്‍ ചില്‍ക്കോട്ട് ആവശ്യപ്പെടാതിരിക്കുന്നതും അതിനുവേണ്ടിതന്നെയാണ്. ഇറാഖിനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആ ജെഫ് ഹൂണ്‍ എന്ന കള്ളതിരുമാലിയെയൊക്കെ ഇനി ആരോര്‍ക്കാന്‍ പോകുന്നു?
ഇറാഖ് അധിനിവേശം തെറ്റായിരുന്നു എന്ന തന്റെ വിധി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനായ ലോര്‍ഡ് ഗോള്‍ഡ്‌സ്മിത്തിന്റെ കാലയളവിലെ കാബിനറ്റ് രേഖകള്‍ പരസ്യമാക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ അസാധുവാക്കിയത്, ബ്ളയറിന്റെ കൂട്ടാളിയും, ഇപ്പോഴത്തെ 'ജസ്റ്റീസ് സെക്രട്ടറി'യും, ജനറല്‍ പിനോഷെ എന്ന കൂട്ടക്കൊലയാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ജാക്ക് സ്ട്രാ,എന്ന വിദ്വാനായിരുന്നു. 2009 ഫെബ്രുവരിയില്‍. വസ്തുതകള്‍ പുറത്തുവരുന്നതിനെ എല്ലാവരും ഭയക്കുന്നു എന്നര്‍ത്ഥം.
മാധ്യമങ്ങള്‍ സ്വയം കുറ്റവിമുക്തരാവുകയും ചെയ്തു. "അമേരിക്കയിലെയും ബ്രിട്ടനിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ വിഡ്ഢികളുടെ റോള്‍ അഭിനയിച്ചതുവഴി അധിനിവേശം എളുപ്പമാവുകയാണുണ്ടായത്" എന്ന് 27 നവംബറിന്, മുന്‍ ഐക്യരാഷ്ട്രസഭാ മുഖ്യ ആയുധ പരിശോധകന്‍ സ്കോട്ട് റിട്ടര്‍ എഴുതുകയുണ്ടായി. അധിനിവേശത്തിനും 4 വര്‍ഷം മുന്‍പ്, എനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍, ഇറാഖിന്റെ കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കിയിരുന്നു സ്കോട്ട് റിട്ടര്‍. എന്നിട്ടും അയാളുടെ അസ്തിത്വത്തെ ഒരാളും കണക്കിലെടുത്തില്ല. 2002-ല്‍, ബുഷിന്റെയും ബ്ളയറിന്റെയും നുണകള്‍ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രതിധ്വനിക്കുന്ന കാലത്ത്, മൂവ്വായിരത്തോളം ലേഖനങ്ങളില്‍ ഇറാഖ് പരാമര്‍ശിക്കപ്പെട്ടുവെങ്കിലും, 49 എണ്ണത്തില്‍ മാത്രമേ റിട്ടും അയാള്‍ ആവര്‍ത്തിച്ച സത്യങ്ങളും പ്രത്യക്ഷപ്പെട്ടുള്ളു.
നവംബര്‍ 30-ന് ഇന്‍ഡിപ്പെന്‍ഡന്റ് എന്ന ബ്രിട്ടീഷ് പത്രം, അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ എംബഡ്ഡഡ് 'പ്രതിനിധി'യെ ഉപയോഗിച്ച് ഒരു പ്രചരണം അതേപടി എഴുതി ഫലിപ്പിച്ചിരുന്നു. "ആഭ്യന്തര രംഗത്ത് സൈന്യം തോല്‍വി ഭയക്കുന്നു" എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. "ആഭ്യന്തരമായി നേരിടുന്ന പരാജയം, യുദ്ധമേഖലയിലെ നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ തോല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മിലിറ്ററി കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു" എന്നായിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ സത്യമെന്താണ്? അഫ്ഘാനിസ്ഥാനിലെ ഇടപെടലിനെക്കുറിച്ചുള്ള പൊതുജനരോഷം സൈനികരുടെയിടയിലും കുടുംബങ്ങളിലും ഒന്നുപോലെ പ്രതിഫലിക്കുന്നത് യുദ്ധഭ്രാന്തന്‍മാരെ ഭയപ്പെടുത്തുകയാണ്. "ആഭ്യന്തരമായ തോല്‍വി" "ശോഷിക്കുന്ന മനോവീര്യം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ യുദ്ധനിഘണ്ടുവില്‍ ഇടം പിടിച്ചത് അങ്ങിനെയാണ്. കൊള്ളാം. നന്നായിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇറാഖിലേതുപോലെ, അഫ്ഘാനിസ്ഥാനിലും വലിയൊരു കുറ്റകൃത്യത്തില്‍ത്തന്നെയാണ് നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്.
കടപ്പാട്: ന്യൂ സ്റ്റേറ്റ്‌സ്‌മാനില്‍ ജോണ്‍ പില്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ
Tuesday, December 8, 2009
പറുദീസാ നഷ്ടം
പുതിയ വെളിപാടുകള്‍. പാപികളാണ് എല്ലാവരും.
സര്‍വ്വത്ര പാപികള്‍. കള്ളന്‍മാരും, കൊലപാതകികളും, ബലാത്സംഗം ചെയ്യുന്നവരും, അഗമ്യഗമനം നടത്തുന്നവരും, സ്വയംഭോഗികളും, സ്വവര്‍ഗ്ഗഭോഗികളും, ഹിന്ദുക്കളും, മുസ്ലിമുകളും, ബുദ്ധമതക്കാരും, ഒബാമ (എന്ന കറുത്തവന്) വോട്ടുചെയ്തവരും, ഡെമോക്രാറ്റുകളും, ലിബറലുകളും, മദ്യപാനികളും, നുണയന്‍മാരും, അശ്ലീല നൃത്തം ചെയ്യുന്നവരും, ഫെമിനിസ്റ്റുകളും, പരിണാമവാദികളും, ദൈവനിഷേധികളും, എല്ലാം, എല്ലാം പാപികള്‍.
ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.
അവനെ കൂവിയാര്‍ത്തും, അവന്റെ മുന്‍പില്‍ വെച്ചുതന്നെ സ്വവര്‍ഗ്ഗ സഹജീവിയെ ആശ്ളേഷിച്ചു ചുംബിച്ച് സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പുണ്യപാപസങ്കലിതമായ മനുഷ്യജന്‍മത്തിന്റെയും സ്വര്‍ഗ്ഗാവസ്ഥയെ ഉല്‍ഘോഷിച്ച് ഇതാ കുറേ ചെറുപ്പക്കാര്‍.. ആണും പെണ്ണും ഇടകലര്‍ന്ന്.
നാളെ ഇവരും പാപികളെ ഇരപിടിക്കാന്‍ ഇറങ്ങിയേക്കാം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും, വംശ-വര്‍ണ്ണ-ലിംഗഭേദങ്ങളുടെയും, കപടസദാചാരത്തിന്റെയും പുതിയ വെളിപാടുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവരാം.
എങ്കിലും അപ്പോഴും ഉണ്ടാകും തെരുവുകളില്‍ വീണ്ടും ചെറുപ്പങ്ങള്‍. “നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.
അവര്‍ക്ക് അഭിവാദ്യങ്ങള്‍ നേരാം.
കടപ്പാട്: വാര്‍ത്തയും ചിത്രവും ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ നിന്ന്
Thursday, November 12, 2009
ഗ്രേറ്റ് ഇന്ത്യന്‍ പൈറസി
സംശയം വേണ്ട. ആണവകരാര്‍ ഒപ്പിട്ടതിനും സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക് പങ്കാളിയായി നിന്നുകൊടുത്തതിനും, തുടര്‍ച്ചയായി വരുന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ വാണിജ്യ-സൈനിക താത്‌പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യാ മഹാരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതിനുമുള്ള അര്‍ഹമായ പ്രതിഫലമാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വാഷിംഗ്‌ടണിലേക്ക് പോയ നമ്മുടെ കൊലകൊമ്പന്‍മാര്‍ ഒരാഴ്ചത്തെ അമേരിക്കന്‍ വിദേശവാസ സുഖചികിത്സക്കുശേഷം വെറുംകൈയ്യുമായി നാണം കെട്ട് തിരിച്ചുവന്നിരിക്കുന്നു. ചോദ്യം ചെയ്യാന്‍ പോയിട്ട് കാണാന്‍ പോലും സാധിക്കാതെ.
26/11-ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലു് (അഞ്ചുപേരാണെന്ന് മറ്റൊരു കണക്കുണ്ട്) അമേരിക്കക്കാരുമുണ്ടായിരുന്നു. ആ ന്യായത്തിന്റെ ഒരേയൊരു ബലത്തിലാണ്. മുഖ്യമായും അന്ന് എഫ്.ബി.ഐ.ഇന്ത്യയിലെത്തി തെളിവെടുപ്പ് നടത്തിയത്. മുംബൈയിലും ഉത്തര്‍പ്രദേശിലുമൊക്കെ പോയി, സംശയം തോന്നിയവരെയൊക്കെ വേണ്ടവിധത്തില്‍ തന്നെ ചോദ്യം ചെയ്തു. ഒരു സാങ്കേതികത്വവും നടപടിക്രമവും അതിനു പ്രതിബന്ധമായതുമില്ല. നമ്മുടെ മണ്ണില്‍ നടന്ന അക്രമത്തിനെക്കുറിച്ച് അന്വേഷിക്കാനും, നടപടിയെടുക്കാനും നമ്മളേക്കാള്‍ അവകാശം എഫ്.ബി.ഐ.ക്കാണ് എന്ന് പരോക്ഷമായി സമ്മതിച്ചുകൊടുക്കുകയാണ് ഇന്ത്യയെന്ന പരമാധികാരരാജ്യം അന്ന് ചെയ്തത്. തീവ്രവാദികളെ നേരില്‍ കണ്ടു എന്ന് അവകാശപ്പെട്ട അനിത ഉദ്ദയ്യ എന്ന നാട്ടുമ്പുറത്തുകാരിയെ രായ്ക്കുരാമാനം അമേരിക്കയില്‍ കൊണ്ടുപോയി, ചോദ്യം ചെയ്ത് തെളിവെടുത്ത് തിരിച്ചിറക്കുക പോലും ചെയ്തിട്ടും അനങ്ങിയില്ല ഇന്ത്യാ മഹാരാജ്യം.
ഇതര രാജ്യക്കാരായ കുറ്റവാളികളെയും കുറ്റവാളികളെന്നു സംശയം തോന്നുന്നവരെയും ചോദ്യം ചെയ്യേണ്ടവരെയുമൊക്കെ സ്വന്തം രാജ്യത്തെ ജയിലുകളിലേക്കോ, അതുമല്ലെങ്കില്‍ മൂന്നാംകിട ശിക്ഷാമുറകള്‍ക്ക് കുപ്രസിദ്ധമായ സിറിയപോലുള്ള മറ്റു രാജ്യങ്ങളിലേക്കോ തട്ടിക്കൊണ്ടുപോകുന്നതും, ശിക്ഷിക്കുന്നതും, തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ഏതു ഭൂഗര്‍ഭത്തില്‍നിന്നായാലും, എന്തുവിലകൊടുത്തായാലും രക്ഷപ്പെടുത്തുന്നതുമൊക്കെ കാലാകാലങ്ങളായി അമേരിക്കയും ബ്രിട്ടനും ചവുട്ടിയാടിക്കൊണ്ടിരിക്കുന്ന തനതുകലകളാണ്. ജപ്പാനില്‍നിന്നും ഫിലിപ്പെന്‍സില്‍നിന്നും, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുമൊക്കെ ഈവിധമുള്ള ധാരാളം ദൃഷ്ടാന്തങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളെയും സാങ്കല്‍പ്പികഭയത്തെയും ഊതിപ്പെരുപ്പിച്ച് വഴിവിട്ട സൈനികകരാറുകള്‍ക്കും, വൈദേശിക ആശ്രിതത്വത്തിനും പുകമറയാക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും സംസ്ഥാനങ്ങളിലെ സാമന്ത ദര്‍ബാറുകളിലും പൊന്നുംവിലയാണ്. ക്വതറോച്ചിമാരെ വിട്ടയക്കാനുള്ള ഉത്തരവിറക്കാന്‍ ഭരദ്വാജിനെപ്പോലുള്ള പിമ്പുകള്‍ക്ക് ഒരു പു:നരാലോചനയുടെ അസൌകര്യംപോലും വേണ്ടിവരുന്നുമില്ല.
അടിയറവുവെച്ച പരമാധികാരത്തിനെയും സ്വാതന്ത്യാനന്തര അടിമത്തത്തിന്റെ അനിര്‍വ്വചനീയമായ മഹാസുഖങ്ങളെയും അന്താരാഷ്ട്ര ഡിപ്ളോമസിയായി കൊണ്ടാടുകയാണ് ഇന്ത്യയും ഇന്ത്യയിലെ തനതു-വിദേശ കടല്‍ക്കൊള്ളക്കാരും.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നമുക്ക് വെറുതെവിടാം. സാധുക്കള്‍.
Sunday, November 8, 2009
“ഭാഷയിതപൂര്‍ണ്ണം”
റയ്‌മുണ്ടോ സില്‍വ. ജോസ് സരമാഗോവിന്റെ ഹിസ്റ്ററി ഓഫ് സീജ് ഓഫ് ലിസ്‌ബ്ണ്‍ (History of Siege of Lisbon) എന്ന നോവലിലെ കഥാപാത്രം. ഒരു നോവലിന്റെ പ്രൂഫ് നോക്കുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുവേളകളില്‍ മൂറുകളുടെയും കുരിശുയുദ്ധക്കാരുടെയും സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ ചരിത്ര വഴികളിലൂടെ അലഞ്ഞുനടക്കുന്ന അയാളെ വിടാതെ പിന്തുടരുന്ന ഒരു നായയുണ്ട്. സമാനമല്ലാത്ത മറ്റൊരു ചരിത്രസന്ദര്‍ഭത്തിന്റെ പരിസരത്ത്, കഥാവസാനത്തില്‍, യുധിഷ്ഠിരനെ പിന്തുടരുന്ന സാരമേയം പോലെ. കുരിശുയുദ്ധക്കാരുടെ നഗരാധിനിവേശത്തെത്തുടര്‍ന്ന് പട്ടിണിയിലായ മൂറുകള്‍ നായ്ക്കളെ തിന്നു വിശപ്പടക്കിയിരുന്നു പണ്ടൊരുകാലത്ത്.
അക്രമികളായ കുരിശുയുദ്ധക്കാരെയും, വിശപ്പാറ്റിയ തങ്ങളെയും ഒരുപോലെ നായയെന്നു വിളിക്കുന്ന മൂറുകളുടെ ചരിത്രബോധമില്ലായ്മയെ ലിസ്‌ബണിലെ ആ നായ്ക്കള്‍ തിരിച്ചറിയുന്നുണ്ട്. അവ കുരക്കുന്നില്ലായിരിക്കാം. എന്നാല്‍, ഉള്ളില്‍, ഒരേസമയം, പകയുടെയും, തത്ത്വചിന്തയുടെയും, ജാഗ്രതയുടെയും, ചെറുത്തുനില്‍പ്പിന്റെയും അമര്‍ത്തിപ്പിടിച്ച ഭാഷയുമായി, ഭാഷയില്ലാത്ത ആ നായ്ക്കള്‍, ഓരോ മുക്കൂട്ട പെരുവഴിയിലും, തിരിവിലും, ഭയത്തോടെ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കാന്‍ റയ്‌മുണ്ടോ സില്‍വമാരെ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്നു.
എം.പി. നാരായണപിള്ളയുടെ രാജപാളയത്തിന്റെ നേര്‍ക്കും യജമാനന്റെ വിരലോ അധികാരമോ എപ്പോഴും കളിത്തോക്കു ചൂണ്ടുന്നുണ്ട്. എന്നാല്‍, ആ രാജപാളയങ്ങളും തിരിച്ചറിയുന്നുണ്ട്, യജമാനന്റെ ഭയവും, ധര്‍മ്മസങ്കടങ്ങളും, പരിഹാസ്യതയും, ചരിത്രശൂന്യതയും.
'കണ്ണുതെറ്റിയ മാത്രകള്‍ നോക്കി,കണ്ണുവെച്ചവര്‍ തട്ടിയെടുത്തു ഉടഞ്ഞുപോയ മുട്ടകളെ'ക്കുറിച്ചു പറയാന്‍ ഭാഷയില്ലാതെ 'കോഴി'കളും, തുറന്നുപിടിച്ച വായയിലും ചത്തുമലച്ച കണ്ണുകളിലും കുരുങ്ങിയ കരച്ചിലുമായി മീനുകളും ഒക്കെ ചോദിക്കുന്നത് ഗോപീകൃഷ്ണന്‍ ചോദിച്ച ഇതേ ചോദ്യമായിരിക്കണം.
എങ്കിലും ബൌബൌ എന്ന പകുതി ഭാഷയിലൂടെയും, തുറന്നുപിടിച്ച വായിലൂടെയും മാറിനിന്നുള്ള കൂവിക്കരച്ചിലിലൂടെയും, നിറം മാറുന്ന കൌശലത്തിലൂടെയും ഓരോരുത്തരും അവനനാവുംവിധം ഭാഷയെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. അധികാരത്തിനും, അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനുമെതിരെ.
ഗോപീകൃഷ്ണന്റെ ചോദ്യത്തിനും ആശങ്കകള്‍ക്കും മറ്റൊരുതരത്തില്‍ അദ്ദേഹത്തിന്റെ കവിത തന്നെ ഉത്തരം തന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
Monday, November 2, 2009
ഇല്ല, ഇല്ല, ഭോപ്പാല്‍ ഞങ്ങള്‍ മറന്നിട്ടില്ല!!

25 കൊല്ലം മുന്‍പ്, ഭോപ്പാല്‍ എന്ന സ്ഥലത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ പെട്ട്, ഔദ്യോഗിക കണക്കുപ്രകാരം അയ്യായിരത്തോളവും, അനൌദ്യോഗിക കണക്കുപ്രകരം പതിനായിരത്തോളവും ആളുകള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദികള്‍ യൂണിയന്‍ കാര്‍ബൈഡായിരുന്നു. ആ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമന്‍സ്ഥന്മാരാണ് ഡൌ കെമിക്കല്‍സ് എന്ന ഈ സ്പോണ്‍സര്‍.
ആ ദുരന്തത്തിന് ഉത്തരവാദികളായവരെ രണ്ടര പതിറ്റാണ്ടായി വിടാതെ പിന്തുടരുകയും, ലോകത്തിലെത്തന്നെ ഏറ്റവും വലിയ ആ വ്യാവസായിക ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ഇത്രകാലവും തങ്ങളുടെ പത്രധര്‍മ്മം ഉത്തരവാദിത്ത്വത്തോടെ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്രം എന്ന നിലയ്ക്ക്, ഹിന്ദുവിന്റെ ഈ പ്രവൃത്തിയെ നമുക്ക് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലേക്ക് മെയിലുകളയച്ചും, നേരിട്ടു വിളിച്ചും, എസ്.എം.എസ്. ചെയ്തും, ഹിന്ദു പത്രത്തിനെതിരെ നമ്മള്‍ പ്രതികരിക്കണം. ഭോപ്പാല്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മകളിലുണ്ടെന്ന് ഹിന്ദു പത്രത്തിനെയും, ഡൌ കെമിക്കല്‍സിനെയും യൂണിയന്‍ കാര്‍ബൈഡിനെയും, വാറന്‍ ആന്‍ഡേഴ്സനെയും നമ്മള്‍ ഓര്‍മ്മിപ്പിക്കുക.
http://www.hinduonnet.com/novemberfest/who.htm
Take Action Against this sponsorship.
The Hindu andthe Frontline magazine have been consistent and sensitive in coveringBhopal over the last two decades. It is unfortunate that thesepublications have succumbed to the financial offer from Dow in this25th anniversary of the 1984 Bhopal disaster.
TAKE ACTION:
Regardless of where you are from, please call, write, sms theorganisers. Tell them you're a music lover and that you're distressed that a corporate criminal that is sheltering Union Carbide issponsoring this wonderful event. Tell them not to let Dow Chemical gain legitimacy by associating with this event, and to not let DowChemical tarnish this event.
Those of you who can do so, please write,email, call the musicians and urge them to not attend the event unless Dow's sponsorship is rejected. This is a small something we can all doto let Dow Chemical know that we Remember Bhopal, and that we'll not let Dow escape its liabilities by doling out money.
CONTACT DETAILS OF THE HINDU EVENT ORGANISERS
Mobile (For sms): +91 9841962820
Email: events@thehindu.co.in
കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക:
Thursday, October 29, 2009
പ്രാര്‍ത്ഥന
ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന പഴക്കം ചെന്ന ഒരു വലിയ അണക്കെട്ടിന്റെ മടിത്തട്ടില്‍ യാതൊരു 'നിത്യാഭയങ്ങളു'മില്ലാതെ എന്റെ നാടും നാട്ടുകാരും സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ എങ്ങിനെയാണ് എനിക്ക് പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയുക? എങ്ങിനെയാണ് എന്റെ ഈ രോഗം മാറുക? എന്തുകൊണ്ടാണ് എന്റെയും എന്നെപ്പോലുള്ള നിരവധിയാളുകളുടെയും ഈ ഭയം എന്റെ നാടിനെയൊന്നാകെ ഇളക്കിമറിക്കാത്തത്? ഏതു ദുരന്തത്തിനുവേണ്ടിയാണ് അവരുടെ ഈ നശിച്ച തപസ്സിരുപ്പ്?
ഇന്നും, ആ ഭീഷണമായ അണക്കെട്ടിന്റെ വാര്‍ത്തയും ചിത്രങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ട്. പരസ്പരം പോരടിക്കുന്ന രണ്ട് അയല്‍സമൂഹങ്ങള്‍. അവയ്ക്കുമേല്‍ കുത്തിയിരുന്ന് ദുരന്തത്തിന്റെ സമയസൂചികളെ തള്ളിനീക്കുന്ന കോടതികളും സാങ്കേതിക വിചക്ഷണരും. അണക്കെട്ടിന്റെ ഉയരത്തെക്കുറിച്ചും ഇനിയും പിറക്കാത്ത സമിതിയുടെ വിഷയപരിധികളെക്കുറിച്ചും ചര്‍ച്ച ചെയ്തും കലഹിച്ചും പോരടിക്കുന്ന ജനപ്രതിനിധികള്‍. 999 വര്‍ഷം എന്ന അസംബന്ധ പഞ്ചാംഗം നമുക്കുവേണ്ടി കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച പഴയ വെള്ളക്കാരന്‍ യജമാനന്റെ കുരുട്ടിബുദ്ധിയെ അറുപത്തിരണ്ടുകൊല്ലത്തിനിപ്പുറവും ചോദ്യം ചെയ്യാനോ, പൊട്ടിച്ചുകളയാനോ മിനക്കെടാത്ത അധസ്ഥിത മലയാളി സമൂഹത്തിനെ ഏതു പ്രാര്‍ത്ഥനയ്ക്കാണ് ഇനി രക്ഷപ്പെടുത്താന്‍ കഴിയുക? പാവപ്പെട്ട തമിഴ് കര്‍ഷകന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞ്, മക്കള്‍തിലകങ്ങളും പട്ടാളിമക്കളും പുരട്ച്ചിതലൈവികളും, കലൈഞ്ജര്കലാനിധിമാരും ഒന്നിച്ച് മത്സരിച്ച് കാവടിയാടുമ്പോള്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നു നമ്മുടെ വീരശൂരനായകന്‍മാര്‍?
ഒരു നേരിയ വിള്ളലിലൂടെ, ഭൂമിയുടെ ഒരു ചെറിയ ഇളക്കത്തിലൂടെ, ഒരു കുമ്പിള്‍ അധിക മഴവെള്ളത്തിലൂടെ ഒരു വലിയ പ്രദേശം മുഴുവന്‍, അതിലെ സര്‍വ്വ ജീവജാലങ്ങളുമായി കുത്തിയൊലിച്ചുപോകാനുള്ള ഭീകരമായ സാധ്യതകളെ സൌകര്യപൂര്‍വ്വം മറന്ന്, ഇല്ലാത്ത ലവ്ജിഹാദിന്റെയും, പ്രഭാതസവാരിക്കാരുടെ ഇല്ലാത്ത ദളിതഭയത്തിന്റെയും, ഗുണ്ടകളുടെ രാഷ്ട്രീയത്തിന്റെയും, ആട്ടിടയന്‍മാരുടെ വിമോചനസമരസ്വപ്നത്തിന്റെയും ബലൂണുകള്‍ വീര്‍പ്പിച്ചു നടക്കുന്ന മലയാളത്തിന്റെ മന്ദബുദ്ധിയെ ഏതു പ്രാര്‍ത്ഥനക്കാണ് ഇനി രക്ഷിക്കാനാവുക?
മണ്ണിലും മലയിലും മഴ പെയ്യുന്നത് കണ്‍കുളിര്‍ക്കെ കണ്ടിട്ട് നാളേറെയായി. നാട്ടില്‍ നിന്നു തിരിച്ചെത്തുന്നവരുടെ മഴാനുഭവങ്ങള്‍ അസൂയയോടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും രണ്ടുവര്‍ഷം തികയുന്നു. ഇടവപ്പാതിയെന്നും തുലാവര്‍ഷമെന്നും കേള്‍ക്കുമ്പോള്‍ ഉള്ളുതണുപ്പിച്ചിരുന്ന ഗൃഹാതുരത്വം ഇന്നെന്നെ മെല്ലെമെല്ലെ വിട്ടുപോവുകയാണ്.
ഓരോ മഴയെയും ഞാന്‍ ഇന്ന് പേടിക്കുന്നു. ഇവിടെ അകലെയിരുന്നാണെങ്കിലും, ആ മലനാട്ടിലെ മണ്ണിനടിയില്‍നിന്ന് എന്തെങ്കിലുമൊരു നനുത്ത മുരള്‍ച്ച പുറപ്പെടുന്നുണ്ടോ എന്ന് എപ്പൊഴും കാതോര്‍ത്തിരിക്കുകയാണ് എന്റെ ഉള്‍ഭയം.
Sunday, October 18, 2009
തെമ്മാടികള്‍
ആത്മഹത്യ ചെയ്തവന്റെ മൃതദേഹം പോലും ഇനി മേലില്‍ പള്ളിക്കകത്തു കയറ്റാന്‍ പറ്റാത്ത വിധം, തങ്ങളുടെ ഒരു പഴയ നിയമത്തെ 'കാലോചിത'മായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആ പഴയ വലിയ ഇടയന്റെ കാര്യസ്ഥന്‍മാര്‍. 'ചീത്തപ്പേരുണ്ടക്കുന്ന ആത്മഹത്യകള്‍' എന്ന് അത്തരം ആത്മഹത്യകള്‍ക്ക് പുതിയ പേരിട്ടിരിക്കുന്നു അരമന സൂക്ഷിപ്പുകാര്‍.
ആര്‍ക്കാണ് ചീത്തപ്പേരുണ്ടക്കുന്നത്? അവനവനോ, വീട്ടുകാര്‍ക്കോ? അതോ തിന്നും കുടിച്ചും കൊഴുത്ത്, മേദസ്സുമുട്ടി, ഒളിസ്സേവയുമായി അരമനയില്‍ വാഴുന്ന മാടമ്പികള്‍ക്കോ, ആര്‍ക്കാണ്, ഒരു തുണ്ടം കയറിലോ, ഒരു കോപ്പ വിഷത്തിലോ ആയുസ്സൊടുക്കിയവന്‍ ചീത്തപ്പേരുണ്ടാക്കുന്നത്?
സ്വന്തം ജീവിതം ഒടുക്കിക്കളയാമെന്നു കരുതുന്നവര്‍ ആരൊക്കെയാണ് സീറോ തിരുമേനിമാരേ? ജീവിക്കാനുള്ള ഒരു ന്യായവും മുന്നില്‍ കാണാത്ത നിസ്സഹായരോ, അതോ, വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ, ആരാണ് ചീത്തപ്പേരുണ്ടാക്കുന്നത്?
ചത്തവന്റെ മൃതദേഹത്തിനെപ്പോലും ഇടവക-സ്വത്തു തര്‍ക്കങ്ങളിലിട്ട് നട്ടം തിരിക്കുകയും, കുഴി മാന്തി പുറത്തെടുക്കുകയും, വിചാരണ ചെയ്യുകയും, അന്ത്യകര്‍മ്മങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് ഏതു ഹുങ്കിന്റെ ധൈര്യത്തിലാണ്?
സ്വസ്ഥമായി ജീവിക്കാന്‍ ആഹാരവും സ്വാതന്ത്ര്യവും തന്നെ മനുഷ്യനു ധാരാളം മതിയാകും. മരണത്തിനപ്പുറം സ്വര്‍ഗ്ഗവും നരകവുമില്ലെന്നും, ആ മതിവിഭ്രമങ്ങള്‍ സത്യങ്ങളാവുന്നത് കേവലം ഈ നരജന്മത്തില്‍ മാത്രമാണെന്നും നിങ്ങള്‍ മന്ദബുദ്ധികള്‍ക്ക് എന്നാണ് വെളിച്ചമാവുക?
നിങ്ങളടക്കമുള്ള എല്ലാ പൌരോഹിത്യത്തിന്റെയും ഭദ്രാസനങ്ങളായിരിക്കും നാളെ തെമ്മാടിക്കുഴികളില്‍ ചീഞ്ഞഴുകുന്നത്. അന്ന്, അവയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ ഞങ്ങളുടെ ആത്മാക്കള്‍ തന്നെ വേണ്ടിവന്നേയ്ക്കും.
Monday, October 5, 2009
ചുവന്ന മണ്ണ്

ലൈംഗിക തൊഴിലാളികളെ മറ്റെന്തെങ്കിലും പേര്‍ വിളിക്കുന്നതില്‍ രാഷ്ട്രീയമായി തെറ്റില്ലാതിരുന്ന പണ്ടു കാലത്ത്, എത്രമാത്രം ഭ്രഷ്ടരും മുദ്രകുത്തപ്പെട്ടവരുമായിരുന്നെങ്കിലും, അവരുടെ അനുഗ്രഹമില്ലാതെ ദുര്‍ഗ്ഗയെ പൂജിക്കുന്നത് അമംഗളമായി കരുതപ്പെട്ടിരുന്നു. അങ്ങിനെയാണത്രെ, കൊല്‍ക്കത്തയുടെ പൂജാമണ്ഡപങ്ങളിലെ ദുര്‍ഗ്ഗാരൂപങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ ‘നിഷിദ്ധ ഗല്ലി‘കളില്‍നിന്ന്, ഒരു പിടി മണ്ണെടുത്ത്, ചളിയില്‍ കുഴക്കണമെന്ന, അത്രയൊന്നും പുറമേക്ക് അറിയപ്പെടാത്ത ആ പഴയ ആചാരം തുടങ്ങിയത്.
"ഗംഗയുടെ തീരത്തെ മണ്ണും, ഗോമൂത്രവും, ചാണകവുമടങ്ങുന്ന ആ പുണ്യമിശ്രിതത്തിലെ മറ്റൊരു സുപ്രധാന ഘടകമാണ് അവിടുത്തെ ആ ഒരു പിടി മണ്ണ്.", 300 വര്‍ഷമായി ദുര്‍ഗ്ഗാവിഗ്രഹങ്ങളുണ്ടാക്കുന്ന കുമാര്‍തുളി എന്ന സ്ഥലത്തെ പ്രതിമാനിര്‍മ്മാതാവായ രമേഷ് ചന്ദ്ര പൈ പറയുന്നു. "ദുര്‍ഗ്ഗാപൂജയിലെ ഒരു പ്രധാന ചടങ്ങാണത്". ഹരു ഭട്ടാചാര്യ എന്ന പൂജാരിയും സമ്മതിക്കുന്നു. 30 വയസ്സുള്ള പുത്തന്‍ തലമുറക്കാരനായ ഹരു നേരിട്ടാണ് സോനാഗാച്ചിയിലെ ആ തെരുവുകളിലേക്ക് പോകാറുള്ളത്. നല്ല ദിവസമൊക്കെ ഗണിച്ച്, ദുര്‍ഗ്ഗാപൂജ തുടങ്ങുന്നതിന് ഒരു മാസം മുന്‍പു തന്നെ.
വേശ്യകളുടെ വീട്ടുവാതില്‍പ്പടിക്കലെ ആ പവിത്രമായ മണ്ണ്' എടുക്കുന്നതിനാണ് ആ പോക്ക്. പവിത്രമായ ചടങ്ങാണത്. അതിരാവിലെ ഗംഗാസ്നാനം ചെയ്ത്, മന്ത്രങ്ങളും വേദസൂക്തങ്ങളും ഉരുവിട്ടാണ് ഈ മണ്ണെടുപ്പ്. "വേശ്യകളില്‍നിന്ന് ഭിക്ഷയായി മണ്ണ് മേടിക്കുന്ന രീതിയാണ് ഏറ്റവും മംഗളം. എന്നാല്‍, പൂജാരി സ്വയം മണ്ണ് എടുക്കുകയാണെങ്കില്‍, അതിന് കൃത്യമായ ചില രീതികളൊക്കെയുണ്ട്. ഏതു മന്ത്രമാണ് ചൊല്ലേണ്ടത്, വിരലുകള്‍ ഏതു യോഗമുദ്രയില്‍ പിടിക്കണം എന്നൊക്കെ അറിയണം".
പക്ഷേ ഈ വര്‍ഷം ആ പരിശുദ്ധ ആചാരമൊക്കെ പൊളിഞ്ഞു. തങ്ങളുടെ വീട്ടുപടിക്കല്‍ നിന്ന് മണ്ണെടുക്കാന്‍ ചെന്ന പൂജാരിമാര്‍ക്കും കുശവന്‍മാര്‍ക്കും ആ സ്ത്രീകളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. "ഒരു തരി മണ്ണുപോലും എടുക്കാന്‍ പാടില്ലെന്നു പറഞ്ഞ് അവര്‍ ബഹളം കൂട്ടി" രമേഷ് ചന്ദ്ര പൈ പറഞ്ഞു. "അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എനിക്ക് മണ്ണ് മോഷ്ടിക്കേണ്ടി വന്നു" പേരു വെളിപ്പെടുത്താത്ത ഒരു പൂജാരി സമ്മതിച്ചു. ആ മണ്ണ് കിട്ടാതെ ചടങ്ങ് നടത്താന്‍ കഴിയില്ല എന്നതുകൊണ്ട്, കാര്യസാധ്യത്തിനു വന്നവരെപ്പോലെ അഭിനയിക്കുകപോലും ചെയ്യേണ്ടിവന്നു" മറ്റൊരാള്‍ ലജ്ജയോടെ സമ്മതിച്ചു. എല്ലാവര്‍ക്കും ആ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്, ഇത്തവണ ഒഴുക്കിക്കളഞ്ഞ പല ദുര്‍ഗ്ഗാപ്രതിമകളിലും ആ 'അത്യാവശ്യ ചേരുവ' ഉണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് ഈ ലൈംഗിക തൊഴിലാളികള്‍ ഇത്ര പെട്ടെന്ന് ഇത്ര പുരാതനമായ ആചാരത്തിനെതിരെ രംഗത്തുവന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സോനാഗാച്ചിയിലെ സ്ത്രീകള്‍ക്ക് അതിനുത്തരമുണ്ട്."ഈ കൊട്ടിഘോഷിക്കുന്ന പരിശുദ്ധകര്‍മ്മമൊക്കെ വെറും അസംബന്ധമാണെന്ന് ഞങ്ങള്‍ ക്രമേണം മനസ്സിലാക്കി", സോനാഗാച്ചിക്കകത്ത് സ്വന്തമായി കച്ചവടം നടത്തുന്ന 55 വയസ്സുള്ള പഴയ ലൈംഗികതൊഴിലാളിയായ ഷീല ബോസ് ഞങ്ങളോട് തുറന്നടിച്ചു. "പണ്ടൊക്കെ പൂജാരിമാര്‍ വന്ന് ഞങ്ങളുടെ വീട്ടുപടിക്കലെ മണ്ണു ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നിയിരുന്നു. ഞങ്ങളുടെ മണ്ണ് കൊടുത്തില്ലെങ്കില്‍ ദേവി കോപിക്കുമെന്നൊക്കെ അവര്‍ തട്ടിമൂളിക്കാറുണ്ടായിരുന്നു. എങ്കിലും ഇതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് മെച്ചമെന്ന് പിന്നെപ്പിന്നെ ഞങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അവര്‍ക്ക് ഞങ്ങള്‍ ദേവിമാരാണ്. ബാക്കിയുള്ള ദിവസങ്ങളില്‍ വേശ്യകളും“.
പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിലെ കൊതുകുനിറഞ്ഞ തന്റെ ഇരുമുറി വീടിന്റെ ഇറയത്തുനിന്നാണ് ഷീല ഞങ്ങളോട് സംസാരിച്ചിരുന്നത്. "ഞങ്ങള്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് വന്നു കാണൂ" കെട്ടിടത്തിനു ചുറ്റും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഓടകളില്‍ കൊതുകുകളുടെ ബഹളം. "ഞങ്ങളെ കൊതുകുകളെപ്പോലെയാണ് ഇവര്‍ കണക്കാക്കുന്നത്. വൃത്തികെട്ട, അനാവശ്യ കൊതുകുകള്‍. പിന്നെ ഞങ്ങളെന്തിനാണ് തിരിച്ചൊന്നും കിട്ടാതെ, കൊടുക്കുക മാത്രം ചെയ്തുകൊണ്ടിരിക്കുന്നത്?
"ഞങ്ങള്‍ക്ക് ചില ആവശ്യങ്ങളുണ്ട്. ഞങ്ങളെ ക്രിമിനലുകളെപ്പോലെ കാണാതിരിക്കുക. ഞങ്ങള്‍ ഇവിടെയെത്തിയത് സന്തം ഇഷ്ടപ്രകാരമൊന്നുമല്ല. നിവൃത്തികേടുകൊണ്ടാണ്. പട്ടിണിതന്നെയാണ് ഞങ്ങള്‍ ഇവിടെ എത്താനുള്ള ഒരു പ്രധാന കാരണം. സമൂഹം ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തുതരട്ടെ. എന്നിട്ടാകാം ഇവിടെനിന്ന് മണ്ണെടുക്കല്‍". അനാമിക എന്ന വ്യാജപ്പേരുള്ള ഒരു മുപ്പതുവയസ്സുകാരി പറയുന്നു.
സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ തങ്ങളും ഭക്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനായി അവള്‍ ഞങ്ങളെ വീടിനകത്തേക്കു കൊണ്ടുപോയി. അവിടെ മുറികളിലെ ചുമരുകളില്‍, ദേവന്‍മാരും, ദേവിമാരും, ആത്മീയനേതാക്കന്‍മാരുമൊക്കെ ചിത്രങ്ങളിലും, പോസ്റ്ററുകളിലും, പെയിന്റിംഗുകളിലുമായി നിറഞ്ഞുനിന്നിരുന്നു. "ഇവിടെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും, ബുദ്ധമതക്കാരുമൊക്കെ നല്ല സ്നേഹത്തിലാണ് കഴിയുന്നത്" അനാമിക അഭിമാനത്തോടെ പറഞ്ഞു.
അവര്‍ പറഞ്ഞതിലും കാര്യമുണ്ട്. എല്ലാ മതക്കാരും ഒരുമിച്ച് വാഴുന്ന മണ്ണ് എന്നതായിരിക്കണം ആ മണ്ണിന്റെ പരിശുദ്ധിക്കു പിന്നിലെ രഹസ്യം.
ലൈംഗിക തൊഴിലാളികളുടെ ഈ 'നിസ്സഹകരണം' സോനാഗാച്ചിയില്‍ നിന്ന് വാമൊഴിയായി, കല്‍ക്കത്തയിലെ മറ്റു ചുവന്ന തെരുവുകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കത്തയിലെ ധാരാളം വേശ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന കാളിഘട്ടിലെ പൂജാരി നേപ്പാള്‍ ഭട്ടാചാര്യ പറയുന്നത് ഇപ്പോള്‍ ആ മണ്ണ് കിട്ടാന്‍ അസാധ്യമായിരിക്കുന്നു എന്നാണ്. ബലം പ്രയോഗിച്ച് മണ്ണെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും എന്നാല്‍ അതിനു മിനക്കെടാന്‍ വയ്യെന്നും തുറന്നു സമ്മതിക്കുന്നുണ്ട് പൂജാരിമാരും കുശവന്‍മാരും. എന്നാല്‍, ഇതില്‍നിന്ന് ലാഭം കൊയ്യുന്നത് കച്ചവടക്കാരാണ്. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ ഇപ്പോള്‍, ഒരു നുള്ളു മണ്ണിനു 2 രൂപ മുതല്‍, ഒരു സഞ്ചിക്ക് 20 രൂപവരെയാണ് നിരക്ക്.
എന്നാല്‍, ദു:ഖകരമെന്നു പറയട്ടെ, ഈ ലൈംഗികതൊഴിലാളികളുടെ പ്രശ്നം കേള്‍ക്കാനോ, അതു പരിഹരിക്കാനോ മാത്രം, ആര്‍ക്കും തീരെ സമയമില്ല.
കടപ്പാട്: “ഔട്ട്‌ലുക്ക്’ മാസികയിലെ Annals of Earth എന്ന ലേഖനത്തിന്റെ പരിഭാഷ.
Tuesday, September 29, 2009
മൃഗയ
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി നക്സലുകളെയും മാവോയിസ്റ്റുകളെയും കേന്ദ്രസര്‍ക്കാരും, മന്‍മോഹന്‍സിംഗ്-ചിദംബരാദികളും അടയാളപ്പെടുത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ് നാള്‍ക്കുനാള്‍ ഈ വിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതെന്നുള്ള നേര്‍ത്ത ചോദ്യം പോലും അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന് ഉയരുന്നില്ല. ചോദ്യം ചെയ്യാന്‍ മുതിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും, പത്രപ്രവര്‍ത്തകരുമാകട്ടെ, നോട്ടപ്പുള്ളികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
നക്സല്‍-മാവോയിസ്റ്റ് ഭീഷണിയെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് അടുത്തമാസം കേന്ദ്രസര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പുതിയ നര നായാട്ടിന്റെ പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് (Operation Green Hunt). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയിലും പരിസരങ്ങളിലുമായി ജീവിക്കുന്ന ആദിവാസി-ദളിത് ഗോത്രസമൂഹങ്ങള്‍ക്കിടക്ക് സജീവമായ നക്സല്‍-മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ എന്ന നിലക്ക്, ഈ ഹരിതക നായാട്ട് എന്ന പദം തികച്ചും അന്വര്‍ത്ഥമാണ്. നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച്, കേന്ദ്രസര്‍ക്കാര്‍ നക്സലുകള്‍ക്കും (ആദിവാസി-ദളിത് ഗോത്രങ്ങള്‍ക്കും) എതിരെയുള്ള മനശ്ശാസ്ത്രപരമായ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.
എങ്കിലും, കുറേയധികം ചോദ്യങ്ങള്‍ അപ്പോഴും ബാക്കിവരുന്നുണ്ട്. ഈ പറയുന്ന നക്സല്‍-മാവോയിസ്റ്റുകള്‍ പൊട്ടിമുളക്കുന്നത് ഏതു പശ്ചാത്തലത്തിലാണ്? ആദിവാസി-ദളിത്-ഗോത്രമേഖലകളെന്ന അതിവിശാലമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന ഈ മത്സ്യങ്ങളെ ഈ വിധം വേട്ടയാടിയതുകൊണ്ട് അതിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന് സര്‍ക്കാരുകള്‍ കരുതുന്നുണ്ടോ? എങ്കില്‍, ബംഗാളില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കാലം മുതല്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളെ അതിജീവിച്ച് ഇപ്പോഴും ഇത് നിലനില്‍ക്കുന്നത് എങ്ങിനെയാണ്? സ്വസ്ഥമായ ജീവിതം കയ്യൊഴിഞ്ഞ്, പകരം അറസ്റ്റും, ലോക്കപ്പ് മര്‍ദ്ദനവും, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, അശാന്തമായ ജീവിതവും തിരഞ്ഞെടുക്കാന്‍, ഒരു സമൂഹത്തെ നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍ എന്തെല്ലാം?
പ്രസക്തമായ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് നക്സലൈറ്റുകളോ മാവോയിസ്റ്റുകളോ മാത്രമല്ല. ഗാന്ധിയന്‍മാരും, ന്യായാധിപന്‍മാരും, ഉയര്‍ന്ന ക്രമസമാധാനപാലകരും, ഡൂണ്‍ സ്കൂള്‍ സന്തതികളുമൊക്കെയാണ്
മുത്തങ്ങ, നന്ദിഗ്രാം, ലാല്‍ഗഢ്, ഝാര്‍ഘണ്ട്, ചത്തീസ്ഗഢ് അദ്ധ്യായങ്ങള്‍ കടന്ന്, ദളിത് തീവ്രവാദത്തിന്റെ പുതിയ സെന്‍സേഷനിലസത്തിലെത്തിനില്‍ക്കുന്ന നമുക്കു നേരെ ഉയരുന്ന ചോദ്യങ്ങളാണ് ഇവയൊക്കെയും.
തെഹല്‍ക്കയിലെ ഈ ലേഖനം വായിക്കുക.
Thursday, September 24, 2009
പട്ടേലരിലെ വിധേയന്‍
പറയുമ്പോള്‍ ചെറിയ ഒരു അസൌകര്യമാണ്. പക്ഷേ അത് നമുക്ക്. മറ്റു ചിലര്‍ക്ക് അങ്ങിനെയല്ല. സ്വന്തം നാടിനോടും നാട്ടുകാരോടും ലോകത്തോടുമുള്ള കാഴ്ചപ്പാടുതന്നെ മാറിപ്പോകാന്‍ അതൊക്കെ ധാരാളം.
അടിസ്ഥാന സൌകര്യങ്ങളില്‍ ഇന്ത്യാരാജ്യം കാര്യമായൊന്നും സംഭാവന ചെയ്തില്ലെന്ന മഹത്തായ കണ്ടെത്തലില്‍ നിന്നാണ് പട്ടേലരുടെ വിലാപവും രോഷവും തുടങ്ങുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത് വളരെ നേരത്തെയായിപ്പോയി എന്നതുവരെ ചെന്നെത്തിനില്‍ക്കുന്നുണ്ട് ആ വിലാപവും രോഷവും.
പട്ടേലിന്റെ ലേഖനം ആദ്യന്തം അന്ത:സ്സാരശൂന്യവും മറുപടിപോലും അര്‍ഹിക്കാത്തവിധം ബാലിശവുമാണ്. എന്നാലും, ചിലതിനെങ്കിലും മറുപടി പറയാതിരുന്നാല്‍ ശരിയാവില്ല എന്നതുകൊണ്ടാണ് ഇവ്വിധമൊരു പ്രതികരണത്തിന് മുതിരുന്നത്. ദേശാഭിമാനത്താല്‍ അന്തരംഗം അഭിമാനപൂരിതമായതുകൊണ്ടോ, ഞരമ്പുകളില്‍ ചോര തിളക്കുന്നതുകൊണ്ടോ ഒന്നുമല്ലെന്ന് ചുരുക്കം.
പട്ടേലരുടെ വിലാപം ഇങ്ങനെയാണ്. ഗതാഗതം പോലും കൈകാര്യം ചെയ്യാനറിയാത്ത കന്നുകാലികള്‍ നമ്മള്‍. ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ഇന്ത്യയും, മുംബൈയും, ദില്ലിയും ഇന്ന് എവിടെയെത്തുമായിരുന്നു. സൂറത്തും അഹമ്മദാബാദും ഹൈദരാബാദും ഇന്‍ഡോറും ഇന്നത്തേക്കാളൊക്കെ എത്രയേറെ പരിഷ്ക്കൃതമായേനേ!
നിയമവ്യവസ്ഥയോ? എന്തുകൊണ്ടാണ് ഗാന്ധിയും നെഹ്രുവുമൊക്കെ സ്വമനസ്സാലെ പലപ്പോഴും ബ്രിട്ടീഷ് അധികാരികള്‍ക്ക് കീഴടങ്ങിക്കൊടുത്തിരുന്നത്? അവര്‍ക്ക് ബ്രിട്ടീഷുകാരുടെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു.
വിദ്യാഭ്യാസമോ? മെക്കാളെയുടെ ക്രാന്തദര്‍ശിത്വത്തെ കടത്തിവെട്ടുന്ന എന്തെങ്കിലും തേങ്ങാപ്പിണ്ണാക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? കുറേ നാട്ടുഭാഷകള്‍ പറഞ്ഞും എഴുതിയും നടക്കാമെന്നല്ലാതെ?
നമ്മള്‍ ആരാണെന്ന് നമ്മളെ ആദ്യം പഠിപ്പിച്ചവര്‍ ഈ തൊലിവെളുപ്പന്‍മാരല്ലാതെ മറ്റാരായിരുന്നു? സിന്ധുനദീതടസംസ്ക്കാരത്തെക്കുറിച്ചും, അശോകചക്രത്തെക്കുറിച്ചും, നമ്മുടെ ആര്യന്‍ പൈതൃകത്തെക്കുറിച്ചുമൊക്കെ നമ്മെ പഠിപ്പിച്ചത് ആരായിരുന്നു? മാക്സ് മുള്ളര്‍ വേദോപനിഷത്തുക്കള്‍ പരിഭാഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു വിവേകാനന്ദന്‍മാരെ നമ്മള്‍ എങ്ങിനെ പ്രസവിക്കുമായിരുന്നെന്ന്. ഇന്‍ഡോളജിയുടെ ജര്‍മ്മന്‍ പൈതൃകമൊക്കെ ഇപ്പോഴും ചിലരിലൂടെ തുടരുന്നുണ്ടെങ്കിലും, കൊളോണിയല്‍ ഭരണകൂടവുമായുള്ള സംവാദത്തിന് തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇപ്പോഴും അതേ യജമാനന്‍മാരുടെ കീഴില്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്) ഇന്ത്യന്‍ പഠനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. അതിനുപകരം എന്താണുണ്ടായത്? വെള്ളക്കാരില്‍ നിന്ന് എല്ലാ നല്ല കാര്യങ്ങളും പഠിച്ചുപഠിച്ച്, ഒടുവില്‍ ഗോത്രത്തനിമയുടെ പ്രാകൃത വാസനകളിലേക്ക് നമ്മള്‍ പോയി.
ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ഈ ദക്ഷിണേഷ്യക്കാരുടെ കാര്യം മൊത്തം ഇങ്ങനെയാണ്. ആദ്യം നിരക്ഷരരായി കഴിയും. പിന്നെ ഏതെങ്കിലും യൂറോപ്പ്യന്‍മാര്‍ വന്ന് നല്ല കാര്യങ്ങള്‍ പഠിപ്പിക്കും. എന്നിട്ടൊടുവിലോ? സ്വന്തം മേന്‍മകളിലുള്ള വിശ്വാസങ്ങളിലേക്ക് നമ്മള്‍ തിരിച്ചുനടക്കും.
പട്ടേലരിലെ വിധേയന്‍ പിന്നെ വാചാലനായി വിലപിക്കുന്നത്, അഭിപ്രായസ്വാതന്ത്ര്യത്തിനെക്കുറിച്ചൊക്കെയാണ്. ഒടുവില്‍ ദൂരദര്‍ശനലിലെ പരസ്യത്തിലേക്കും. സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ തനിക്കു കഴിയുമെന്ന് മറ്റാരെങ്കിലും പറഞ്ഞിട്ടുമാത്രം അറിയാന്‍ ഇടവരുന്ന ഇന്ത്യന്‍ ഗ്രാമീണന്റെ ദുരവസ്ഥ.
അവനവനും മറ്റുള്ളവര്‍ക്കും വിഘാതമായി നില്‍ക്കുന്ന ഒരു ജനതക്ക് എപ്പോഴും ഒരു രക്ഷകര്‍ത്താവു വേണമെന്ന ഭരതവാക്യത്തോടെയാണ് ഈ പട്ടേലരിലെ വിധേയന്‍ തന്റെ വിരേചനം അവസാനിപ്പിക്കുന്നത്.
ഈ വെള്ളക്കാര്‍ ഇന്ത്യയിലും അവരുടെ സൂര്യനസ്തമിക്കാത്ത മറ്റു പുറമ്പോക്കുകളിലും എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് അറിയാന്‍ അഗാധമായ ചരിത്രപാണ്ഡിത്യമൊന്നും വേണ്ട പട്ടേലരേ. കുട്ടികളുടെ ചരിത്ര-സാമൂഹ്യപാഠങ്ങളില്‍ പോലും അതൊക്കെയുണ്ട്.
പ്രതീക്ഷയുടെ മുനമ്പുകളും കടലുകളും താണ്ടി, കച്ചവടത്തിന്റെ പേരും പറഞ്ഞുവന്ന്, സാമ്രാജ്യത്വങ്ങള്‍ സ്ഥാപിച്ചതും, അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി നാടുകളെയും നാട്ടാരെയും വിഭജിച്ചതും, കൊള്ളയും കൊലയും നടത്തി അന്നത്തെ പത്തുമുപ്പതു കോടി ജനങ്ങളെ അധീനതയിലാക്കിയതുമൊക്കെ ശിലായുഗചരിത്രമൊന്നുമല്ല. കഴിഞ്ഞ പത്തിരുന്നൂറുകൊല്ലത്തിനിപ്പുറത്തെ കാര്യങ്ങളാണ്.
ജാലിയന്‍വാലബാഗും, വാഗണ്‍ ട്രാജഡിയും ഒന്നും പട്ടേലരുടെ ചരിത്രപുസ്തകത്തിലില്ല. കൃത്രിമമായി സൃഷ്ടിച്ച രണ്ടു ഭക്ഷ്യക്ഷാമത്തിലൂടെ 20 ദശലക്ഷത്തിലധികം ആളുകളെ ബംഗാളിലും (ഒരു ദശലക്ഷത്തോളം ആളുകളെ അയര്‍ലണ്ടിലും) കൊന്നൊടുക്കിയ യജമാനന്റെ വീരചെയ്തികളെക്കുറിച്ചും അദ്ദേഹം കേട്ടതായി തോന്നുന്നില്ല. ഒളിവിലും തെളിവിലുമുള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജീവനൊടുക്കേണ്ടിവന്ന പതിനായിരക്കണക്കിനാളുകളും, ഭഗത്‌സിംഗിനെപ്പോലുള്ള രക്തസാക്ഷികളുമൊന്നും വിധേയന്‍മാരുടെ കണ്ണില്‍ പെടില്ല. പഴയ ബോംബെയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും കല്‍ക്കത്തയിലെയും മണിഹര്‍മ്മ്യങ്ങളും, രാജവീഥികളും, ബലമുള്ള പാലങ്ങളും, നീണ്ടുനിവര്‍ന്നുകിടക്കുന്ന റയില്‍പ്പാളങ്ങളും, തിരുശേഷിപ്പുകളായ സര്‍ക്കാര്‍ മന്ദിരങ്ങളും മാത്രമേ അവരുടെ കണ്ണില്‍ പെടുന്നുള്ളുവെങ്കില്‍ അതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. വിധേയന്‍മാരുടെ ചോരക്ക് നമ്മുടെ ചോരയുടെ നിറവും മണവും ചൂടും പ്രതീക്ഷിക്കരുത്.
സുരേഷ് ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍, അവരിങ്ങനെ മക്കാളെയുടെ ഉച്ഛിഷ്ടമൊക്കെ മൃഷ്ടാന്നം ഭോജിച്ച് കാലക്ഷേപം ചെയ്യും. ഈ മെക്കാളെ പ്രഭുവിനെക്കുറിച്ചും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പത്തെക്കുറിച്ചൊന്നും ഇവിടെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും, ഈ പ്രഭുവിന്റെ ചില നിരീക്ഷണങ്ങളിലൂടെ ഒന്ന് ഓട്ടപ്രദക്ഷിണം നടത്തുന്നത് അസ്ഥാനത്താകില്ല എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിന്റെ ഒരു ഭാഗം ഇങ്ങനെ.
“ഇന്ത്യയുടെയും അറേബ്യയുടെയും മൊത്തം സ്വദേശി സാഹിത്യങ്ങളേക്കാളൊക്കെ അമൂല്യമാണ് ഏതൊരു യൂറോപ്പ്യന്‍ ഗ്രന്ഥപ്പുരയിലെയും കേവലം ഒരു പുസ്തക അലമാരപോലും എന്ന വസ്തുത നിഷേധിക്കുന്ന ഒരുവനെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല". പട്ടേലരുടെ സ്വന്തം മെക്കാളെ പ്രഭുവിന്റെ വാക്കുകളാണ്.
തീര്‍ന്നില്ല. അല്‍പ്പംകൂടി. "സ്വന്തം മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കാന്‍ ഒരിക്കലും സാധിക്കാത്ത ഒരു ജനതയെയാണ് നമ്മള്‍ ഇന്ന് വിദ്യാഭ്യാസം ചെയ്യിക്കേണ്ടത്. നമ്മുടെ ഭാഷയുടെ അവകാശങ്ങളെക്കുറിച്ച് ഒന്നും സന്ദേഹിക്കാനില്ല. പാശ്ചാത്യ ഭാഷകളില്‍ വെച്ച് ഏറ്റവും പ്രമുഖമായ ഭാഷയാണ് നമ്മുടേത്. ഭാവനയുടെ കാര്യത്തില്‍, മറ്റേത് ഉത്ക്കൃഷ്ടമായ ഭാഷയേക്കാളും ഒട്ടും പിന്നിലല്ല നമ്മള്‍“.
ഇതാണ് സാധനം. 1834-ല്‍ ഇന്ത്യയിലേക്ക് വരുന്നതിനുമുന്‍പ് സഹോദരിക്ക് എഴുതിയ കത്തില്‍നിന്ന് ഒരു ഭാഗം കൂടി വായിച്ച് രസിക്കുക: "നമ്മുടെ കിഴക്കന്‍ സാമ്രാജ്യം ഭരിക്കുന്ന സുപ്രീം കൌണ്‍സിലിലെ ഒരു അംഗം (ഈസ്റ്റ് ഇന്ത്യാ)കമ്പനിയുടെ സേവകനായിരിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട് പുതിയ ഇന്ത്യാ ബില്‍. അതിനാല്‍, മിക്കവാറും-മിക്കവാറുമെന്നല്ല, ഏതാണ്ട് നിശ്ചയമായും - ആ പദവി എനിക്കു ലഭിക്കും. നല്ല മെച്ചമുള്ള ഉദ്യോഗമാണ് അത്. വലിയ അന്തസ്സും മാന്യതയുമുള്ള ഒരു ജോലി. വര്‍ഷത്തില്‍ പതിനായിരം പൌണ്ടാണ് ശമ്പളം. കല്‍ക്കത്തയുമായി നല്ല പരിചയമുള്ളവരും, അവിടെ ഉയര്‍ന്ന ഉദ്യോഗം കൈയാളുന്നവരുമായ ആളുകള്‍ നല്‍കിയ വിവരമനുസരിച്ച്, എനിക്ക് വര്‍ഷത്തില്‍ അയ്യായിരം പൌണ്ടു കൊണ്ട് രാജകീയമായി ജീവിക്കാം. ബാക്കി വരുന്ന തുകയും അതിന്റെ പലിശയും എനിക്ക് മിച്ചം വെക്കാനുമാകും. അങ്ങിനെ പോയാല്‍, 1839-ല്‍ തിരിച്ചുവരുമ്പോഴേക്കും, 30,000 പൌണ്ടിന്റെ സമ്പാദ്യവുമായിട്ടാകും ഞാന്‍ വരിക. ഞാന്‍ ആഗ്രഹിച്ചതിലുമൊക്കെ എത്രയോ അധികം".
ഇനി പട്ടേലര്‍ വാചാലനാകുന്ന വിദേശ ഇന്‍ഡോളജിസ്റ്റുകളെക്കുറിച്ചാണെങ്കില്‍ സര്‍ വില്ല്യം ജോണ്‍സിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചൊക്കെ ധാരാളം സംശയങ്ങള്‍ അക്കാദമികരംഗങ്ങളില്‍ വന്നിട്ടുണ്ട്. വിദേശ ഇന്‍ഡോളജിസ്റ്റുകളുടെ സംഭാവനയെ കുറച്ചുകാണുകയല്ല. ഇന്ത്യാ പഠനത്തില്‍ വിവിധ ഇന്‍ഡോളജിസ്റ്റുകള്‍ വിവിധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഷോപ്പനോവറെപ്പോലുള്ളവര്‍ നിഷ്പക്ഷവും അനുഭാവപൂര്‍ണ്ണവുമായ നിലപാടോടെ ഇന്ത്യാപഠനം നടത്തിയപ്പോള്‍, സര്‍ മോണിയര്‍ മോണിയര്‍ വില്ല്യംസിനെപ്പോലുള്ളവര്‍ കൃത്യമായ മത-ദേശീയപക്ഷപാതിത്വത്തോടെയാണ് ഇന്‍ഡോളജിയില്‍ ഏര്‍പ്പെട്ടിരുന്നത്.
മാക്സ് മുള്ളര്‍ പോലും അത്തരം ആരോപണങ്ങളില്‍നിന്ന് പൂര്‍ണ്ണമായി മുക്തനല്ല. "എന്റെ ഈ വേദ പരിഭാഷ ഇന്ത്യയുടെ വിധിയെക്കുറിച്ചും, ആ രാജ്യത്തിലെ ലക്ഷോപലക്ഷം ആത്മാക്കളുടെ വികാസത്തെക്കുറിച്ചും സംസാരിക്കും. അവരുടെ മതത്തിന്റെ വേരാണ് ഇത്(ഋഗ്‌വേദം). ആ വേരിനെ അവര്‍ക്കു കാണിച്ചുകൊടുക്കുക വഴി മാത്രമേ, കഴിഞ്ഞ മൂവ്വായിരം കൊല്ലമായി അതില്‍നിന്ന് ഉത്ഭവിച്ച എല്ലാതിനെയും കടപുഴക്കാന്‍ നമുക്ക് സാധിക്കൂ". 1873-ല്‍ വെസ്റ്റ് മിനിസ്റ്റര്‍ അബിയിലെ ക്രിസ്ത്യന്‍ മിഷനില്‍ വെച്ച് മാക്സ്‌മുള്ളര്‍ നടത്തിയ പ്രസംഗത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്.
എങ്കിലും, മാക്സ്‌മുള്ളറിനെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ വിവേകാനന്ദനെപ്പോലുള്ളവര്‍ ഉണ്ടാകുമായിരുന്നില്ല എന്നൊക്കെ എഴുതിവിടണമെങ്കില്‍ അസാമാന്യ വിവരദോഷം തന്നെ വേണം.
പട്ടേലരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വിലയറിയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നുകയെങ്കിലും വേണം.
പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നണമെങ്കില്‍ മറ്റൊരു ഗുണം വേണമെന്നും ആശാന്‍ എഴുതിയിട്ടുണ്ട്. അതില്ലെങ്കില്‍, ഇതുപോലുള്ള പട്ടേലരെയൊക്കെ നമ്മള്‍ സഹിക്കേണ്ടിവരും.
Thursday, August 27, 2009
വിശുദ്ധപശുക്കള്‍
എങ്കിലും, അവര്‍ ഉയര്‍ത്തിയ ചോദ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ പൊതുജനത്തിനാവില്ല. കാരണം, പൊതുജനത്തെ കഴിഞ്ഞേയുള്ളു, ഏതു ജൂഡീഷ്യറിയും, എക്സിക്യൂട്ടീവും, ലെജിസ്ളേച്ചറും. അവനുവേണ്ടിയാണ് ഈ മൂന്നു ഗോവിന്ദന്‍മാരെയും നമ്മള്‍ വിശുദ്ധപശുക്കളായി വീട്ടുമുറ്റത്ത് വളര്‍ത്തുന്നത്.
ന്യായാധിപന്‍മാരുടെ സ്വത്തുവിവരം പരസ്യമാക്കാമോ എന്നതാണ് വിഷയം. ജഡ്ജിമാര്‍ക്ക് വ്യക്തിപരമായ രീതിയില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ നിയമവിലക്കുകളൊന്നുമില്ലെങ്കിലും, ആ സമ്പ്രദായം അത്ര സുഖകരമല്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പരോക്ഷമായിട്ടാണെങ്കില്‍ത്തന്നെയും സൂചിപ്പിച്ചത്. എന്നാല്‍ ജസ്റ്റീസുമാര്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നാണ് കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റീസ് ശൈലേന്ദ്രകുമാറിന്റെ മതം. രാജ്യത്തെ ന്യായാധിപന്‍മാര്‍ ഏതാണ്ട് രണ്ടുതട്ടിലായി നിന്നു തര്‍ക്കം തുടരുകയാണ്. ജസ്റ്റീസ് ശൈലേന്ദ്രയുടെ അഭിപ്രായ പ്രകടനം പബ്ളിസിറ്റി സ്റ്റണ്ടാണെന്നു പറഞ്ഞ്, ജസ്റ്റീസ് ബാലകൃഷ്ണന്‍ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്.
ഒരു മാസത്തിനുമുന്‍പ് മറ്റൊരു സംഭവമുണ്ടായി. ഒരു തട്ടിപ്പുകേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ വേണ്ടി ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ടു വിളിച്ചിരുന്നുവെന്ന ചെന്നൈ ഹൈക്കോടതിയിലെ ജസ്റ്റീസ് രഘുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അത്. അന്ന് മന്ത്രിമാരുടെ ഇത്തരം ക്രമവിരുദ്ധമായ ഇടപെടലിനെ ശക്തിയായ ഭാഷയില്‍ അപലപിച്ച ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ പക്ഷേ, മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊതുവായ ഒരു നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമുണ്ടായി. മന്ത്രിമാര്‍ ജൂഡീഷ്യറിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതായി തനിക്ക് അറിവില്ലെന്നും, രാജ്യത്തിന്റെ നിയമസംവിധാനത്തെക്കുറിച്ച് അവര്‍ക്ക് നല്ല ധാരണയുണ്ടെന്നുമായിരുന്നു ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ അന്നു അഭിപ്രായപ്പെട്ടത്. "രാഷ്ട്രീയത്തില്‍ അവര്‍ക്ക് അവരുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ ജൂഡീഷ്യറിയെ അവര്‍ വെറുതെ വിടണം' എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിലപാട്.
രാഷ്ട്രീയത്തിലെ ശരിതെറ്റുകളെപ്പോലും ചിലപ്പോള്‍ ജൂഡീഷ്യറിയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതമാവുന്ന ചരിത്രമുഹൂര്‍ത്തങ്ങളുണ്ടാകാമെന്നത് അദ്ദേഹം മറന്നുപോയതായിരിക്കുമോ? തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഇതുപോലെ ഉദ്യോഗസ്ഥരും, നിയമസാമാജികരുമൊക്കെ നിര്‍ബന്ധം പിടിച്ചാല്‍, ഫലത്തില്‍ ആ മൂന്നു സ്ഥാപനങ്ങളും ജനവിരുദ്ധമാവുകയായിരിക്കും ഫലം. ജസ്റ്റീസ് രാമസ്വാമിയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തില്‍ രാഷ്ട്രീയം ഏതുവിധത്തിലാണ് ഇടപെട്ടത് എന്നും, വേണ്ടുംവണ്ണമുള്ള പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം ജുഡീഷ്യറിക്ക് അതുണ്ടാക്കിയ കളങ്കം എന്തായിരുന്നുവെന്നും ഈയവസരത്തില്‍ ഓര്‍ക്കുന്നതും പ്രയോജനപ്രദമായിരിക്കും.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റീസ് കണ്ണന്റെ ന്യായം രസാവഹമാണ്. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ അവിഹിതസ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള കേസ്സ് കോടതിയില്‍ നടക്കുന്നതിനിടയില്‍, വാദം കേള്‍ക്കുന്ന ജഡ്ജിമാരുടെ സ്വത്തിനെക്കുറിച്ച് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്താലുണ്ടായേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ജസ്റ്റീസ് കണ്ണന്‍ ആശങ്കപ്പെട്ടത്. ശരിയാണ്. അത്തരമൊരു സന്ദര്‍ഭം വന്നുകൂടായ്കയൊന്നുമില്ല. പക്ഷേ, തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നീതിബോധം ഈ ജഡ്ജിമാര്‍ക്കും ബാധകമാകേണ്ടതല്ലേ? അവിഹിതമായി ഒന്നും ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍ കഴിയുന്നത് ഒരു അന്തസ്സായിട്ടല്ലേ കണക്കാക്കണ്ടത് ജഡ്ജിമാര്‍? ജസ്റ്റീസ് കണ്ണന്‍ അത് ചെയ്തുവെന്നതും ശ്രദ്ധേയമാണ്. നിയമപരിഷ്ക്കാര കമ്മിറ്റിയുടെ തലവന്‍ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണിനു അദ്ദേഹം തന്റെ സ്വത്തുവിവരം അയച്ചുകൊടുത്തു മാതൃക കാണിച്ചു. അത്രയും നന്ന്.
ജുഡീഷ്യറിയിലെ ചിലരുടെ വിശ്വാസയോഗ്യതയെക്കുറിച്ചും, ജുഡീഷ്യറിയെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള പരിഷ്ക്കാരങ്ങളെക്കുറിച്ചും ഈയടുത്ത കാലത്താണ് ജസ്റ്റീസ് എസ്.പി.ബറൂച്ച ചില ആശങ്കകള്‍ വ്യക്തമാക്കിയത്.
ചുരുക്കത്തില്‍ ഇത്തരമോരു വിവാദമേ ഉയര്‍ന്നുവരാന്‍ പാടില്ലായിരുന്നു. ബഹുമാന്യനായ ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണനും ഈ വിഷയത്തില്‍ ഒരു വിവാദം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതായിരുന്നു. അക്കൌണ്ടബിലിറ്റിയെന്നത് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ബാധകമായ ഒന്നല്ലെന്നും, ജൂഡീഷ്യറിയും അത്തരം അഗ്നിവിശുദ്ധി തെളിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഓര്‍ക്കണം.
എന്തായാലും ഇന്നലെയോടെ ഈ വിവാദം അവസാനിക്കുകയും സ്വത്തുവിവരം പ്രഖ്യാപിക്കാന്‍ തീരുമാനമാവുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. എങ്കിലും, ജൂഡീഷ്യറിയെ കൂടുതല്‍ ജനാധിപത്യപരവും, പൊതുജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമായ സ്ഥാപനമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടാന്‍, ഇനിയും ഏറെ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്.
Thursday, August 20, 2009
പാലം

Thursday, August 13, 2009
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!
ഭാര്യമാരെ ശരിപ്പെടുത്തിയെടുക്കണം എന്നു പറയുന്നതെന്തുകൊണ്ടാണ്? കാരണം, അവറ്റക്ക് അറിവും കഴിവുമില്ല. സ്വതവേ നല്ല പുരുഷന്‍മരെപ്പോലും ദു:ശ്ശീലക്കാരാക്കുന്നത് സ്ത്രീകളുടെ ഈ കഴിവുകേടും അജ്ഞതയുമാണ്. എങ്ങിനെയൊക്കെയാണ് ഇവറ്റകളെ ഒന്നു ശരിയാക്കിയെടുത്ത്, പുരുഷന്‍മാരെ രക്ഷിക്കുക?
വിഷമിക്കണ്ട, വഴിയുണ്ട്. ഭര്‍ത്തവിന്റെ ആഹാരം, ലൈംഗികത തുടങ്ങിയ എല്ലാ ആവശ്യങ്ങളും തരമറിഞ്ഞ്, സാമര്‍ത്ഥ്യത്തോടെ ചെയ്തുകൊടുക്കുക. ഭര്‍ത്താവ് ജോലിക്കു പോകുമ്പോള്‍ പുഞ്ചിരിയോടെ യാത്രയയയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. പുഞ്ചിരിമാത്രമായാലും ചിലപ്പോള്‍ പാവം പുരുഷന്‍മാര്‍ നശിക്കാന്‍ ഇടയുണ്ട്. ശുചിയായും, വൃത്തിയായും കണ്ണെഴുതി പൊട്ടുതൊട്ട്, കല്ലുമാല ചാര്‍ത്തി, മുന്നില്‍ നിന്ന് സ്വീകരിക്കുന്നതും ഭര്‍ത്താവിന് ഏറെ കോള്‍മയിര്‍ ഉണ്ടാകാനും, അവനെ നന്നാക്കാനും സഹായിക്കും.
ഇനി, ഭര്‍ത്താവു തിരിച്ചുവരുമ്പോഴോ> ഒരു നല്ല കപ്പു കാപ്പിയുമയി (ചായ പാടില്ല, പുരുഷന്‍മാര്‍ നശിച്ചുപോകും) സന്തോഷവദനയായി സ്വീകരിക്കണം. ചില ഭാര്യമാരുണ്ട്, ഒരു കപ്പു പാനീയം കിട്ടണമെങ്കില്‍ പോലും അവരോടു കെഞ്ചണം. അതുകൊണ്ടല്ലേ ഈ തങ്കപ്പെട്ട പുരുഷന്‍മാരൊക്കെ ഓരോ ഭാഗത്തു പോയിരുന്നു പുകവലിക്കുന്നതും, മദ്യപാനം കുടിക്കുന്നതും.
ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടതും സ്ത്രീ ധര്‍മ്മമാണ്. അതല്ലാതെ, ലോകകാര്യങ്ങളോ, മറ്റേതെങ്കിലും ധര്‍മ്മമോ, അവള്‍ക്കു പറഞ്ഞിട്ടുള്ളതല്ല. (അതുകൊണ്ടാണ്, അഫ്ഘാനികള്‍ നിയമം കൊണ്ടുവന്നതുപോലും. വേണ്ടിവന്നാല്‍, സ്വന്തം ഭാര്യമാരെ ബലാത്‌സംഗം ചെയ്യാനുള്ള അധികാരം പോലും പുരുഷഭര്‍ത്താക്കന്‍മാര്‍ക്കുണ്ടെന്ന്. ഇല്ലെങ്കിലത്തെ കാര്യങ്ങള്‍ ഒന്നു ആലോചിച്ചുനോക്കൂ ഭാര്യമാരെ? ഈ പുരുഷ കേസരികള്‍ വല്ല സ്ത്രീകളെയും പോയി ബലാത്‌സംഗം ചെയ്യില്ലേ? അതിനേക്കാള്‍ നല്ലത്, സ്വന്തം ഭാര്യയുടെ ദേഹത്തുതന്നെയാവുന്നതല്ലേ നല്ലത്?).
ഇതൊക്കെ ഏതോ ഒരു പ്രാകൃതയുഗത്തിലെ കാടന്‍ കാന്തപുരത്തിന്റെ പ്രസ്താവനയോ, കണ്ടുപിടുത്തമാണെന്നോ തോന്നുന്നുണ്ടോ? എങ്കില്‍ അല്ലേ അല്ല. ഇരുപതാം നൂറ്റാണ്ടില്‍, ആധുനിക വിദ്യഭ്യാസം സിദ്ധിച്ച പ്രശസ്തനായ ഒരു മലയാളി അപ്പോത്തിക്കിരിയുടെ കണ്ടുപിടുത്തങ്ങളാണ്. എന്നാലും ഭാര്യമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നൊക്കെ എഴുതിവിടുന്നുമുണ്ട്. എന്തുചെയ്യാം, വീട്ടിലെങ്കിലും ഒരു പൊറുതി വേണ്ടെ? എങ്കിലും ആ വിളക്കുകള്‍ക്ക് പൊതുവെ ലൈംഗികാസക്തി കുറവാണെന്നും, പലരിലും അതില്ലെന്നും, കുളിക്കാതെയും വൃത്തിഹീനമായും വന്നു ശയനമുറിയില്‍ കയറുന്ന വിളക്കുകളുമുണ്ടെന്നും കണ്ടുപിടിക്കുന്നുണ്ട് ഈ സാമൂഹ്യവിരുദ്ധത.
ചുരുക്കത്തില്‍, തന്നെപ്പോലുള്ളലവരോടു ഇടപെടുന്നതുതന്നെ, സ്ത്രീകളും, പ്രത്യേകിച്ച് ഭാര്യമാരും ശ്രദ്ധിച്ചുവേണമെന്നു പറയാതെ പറയുകയാണ് ഈ മനുഷ്യന്‍.
മനോവൈകൃതമെന്നാണോ ഇത്തരം ജീവികളെ വിളിക്കേണ്ടത്?
Wednesday, August 12, 2009
അശാന്തിയുടെ അന്തര്‍വാഹിനികള്‍
ഇന്ത്യ ഇതാദ്യമായി, സ്വന്തം നിലക്ക് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഇക്കഴിഞ്ഞ ജൂലായ് 26-ന് പുറത്തിറങ്ങിയപ്പോള്‍, ഹര്‍ഷോന്മാദരായ മാധ്യമങ്ങളുടെ സഹായത്തോടെ, ദേശീയാഭിമാനം വിജൃംഭിച്ചതിന് നമ്മള്‍ സാക്ഷിയായി. അന്വര്‍ത്ഥമായ പേരാണ് ഈ അന്തര്‍വാഹിനിക്ക് നല്‍കിയിരിക്കുന്നത്. ഐ.എന്‍.എസ്സ് അരിഹന്ത്. അരിഹന്ത് എന്നാല്‍, ശത്രുസംഹാരി. ആണവമുനകള്‍ ഘടിപ്പിച്ച ബാല്ലിസ്റ്റിക് മിസ്സൈലുകളായിരിക്കും ഈ അന്തര്‍വാഹിനി ചുമക്കുക. ഈ അന്തര്‍വാഹിനിയുടെ വരവോടെ, സ്വന്തമായി രൂപകല്‍പ്പന ചെയ്ത്, ആണവവാഹിനികള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ആറു ശക്തികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ എന്ന്, മാധ്യമങ്ങള്‍ കുരവയിട്ടുതുടങ്ങിയിരിക്കുന്നു. വിശിഷ്ടമായ ഒരു ആണവ ക്ളബ്ബില്‍ ഇന്ത്യ അംഗമാകുന്നതും കാത്തുകാത്തിരിക്കുകയായിരുന്നു അവര്‍ ഇതുവരെ (മറ്റൊരു വിശിഷ്ട സ്ഥാനം ദശകങ്ങളായി ഇന്ത്യ അലങ്കരിക്കുന്നുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറന്നേ പോയിരുന്നു. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഏറ്റവുമധികം ആളുകളുടെ ജന്‍മഗൃഹമെന്ന സ്ഥനം. )
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒളിവിലും, 1998-മുതല്‍ക്ക് പരസ്യമായും ഇന്ത്യയും പാക്കിസ്ഥാനും നടത്തിവരുന്ന ആയുധപന്തയത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കാന്‍ മാത്രമേ ഐ.എന്‍.എസ്സ്.അരിഹന്തിന്റെ പ്രവേശനം സഹായിക്കൂ. ആണവമുനകളോടു കൂടിയതും 750 കിലോമീറ്റര്‍ സഞ്ചാരശേഷിയുമുള്ള സാഗരിക/കെ-7 എന്ന അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിച്ച ഐ.എന്‍.എസ്സ്.അരിഹന്തിനു പൂരകമായി, അതേ തരത്തിലുള്ള മറ്റൊരു മൂന്നു ആണവ അന്തര്‍വാഹിനികളും, കുറേക്കൂടി ദൂരത്തേക്ക് പ്രഹരിക്കാന്‍ ശേഷിയുള്ള നിരവധി SLBMS-കളും വികസിപ്പിച്ചതോടെ ത്രിതല സൈന്യത്തിനുവേണ്ടിയുള്ള ആയുധവിതരണ സംവിധാനങ്ങള്‍ ഇന്ത്യ സഫലീകരിച്ചു എന്നു പറയാം. ഡോക്ടര്‍ സ്ട്രേഞ്ച് ലൌവിന്റെ മുഖച്ഛായയുള്ള നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍മാരുടെ ചിരകാലാഭിലാഷമായിരുന്ന ഈ പദ്ധതി, 1999-ലെ ഇന്ത്യന്‍ ആണവ രേഖയുടെ പകര്‍പ്പില്‍ (Draft Indian Nuclear Doctrine അഥവാ DIND)ഔദ്യോഗികമായി ഉള്‍ക്കൊള്ളിച്ച ഒന്നായിരുന്നു.
എന്നാല്‍, 'ആധുനിക സാങ്കേതിക വാഹനം' അഥവാ, Advanced Technology Vehicle (ATV) എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നതും, ഇപ്പോള്‍ ഐ.എന്‍.എസ്സ് അരിഹന്ത് എന്ന പേരില്‍ അറിയപ്പെടുന്നതുമായ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് 1984-കളുടെ തുടക്കത്തിലാണ്. കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും, പതിനായിരക്കണക്കിനു കോടികളാണ് ഇതിനുവേണ്ടി ചിലവഴിച്ചിട്ടുള്ളത് എന്ന് എല്ലാവരും സമ്മതിക്കുന്നു. അന്തര്‍വാഹിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദശകങ്ങളായി നിഷേധിച്ചിരുന്ന ഇന്ത്യ, ഏകദേശം ഒരു വര്‍ഷം മുന്‍പുമാത്രമാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. നിരവധി പരാജയങ്ങളും, സര്‍ക്കാരുകളുടെ നടപടി നൂലാമാലകളും വേട്ടയാടിയിരുന്ന ഈ പദ്ധതിയെ, ആണവറിയാക്ടറിന്റെ ലഘുരൂപം നിര്‍മ്മിച്ചുനല്‍കുക വഴി ഒടുവില്‍ രക്ഷിച്ചത് റഷ്യയായിരുന്നു. ആണവവാഹിനികള്‍ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പദ്ധതിയുടെ പരാജയം അതില്‍ പ്രധാനപ്പെട്ട ഒരു ഘടകവുമല്ല (എങ്കിലും, ഇവിടെ പഴയ ഒരു കേസിന്റെ ചരിത്രം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്. ATVകള്‍ നിര്‍മ്മിക്കുന്നതിലുള്ള ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെയും, ആണവോര്‍ജ്ജ വകുപ്പിന്റെയും പരിചയക്കുറവിനെ തെളിവു സഹിതം പുറത്തുകൊണ്ടുവന്ന ബി.സുബ്ബറാവു എന്ന നാവിക ശാസ്ത്രജ്ഞനെ 1980-കളുടെ അവസാനം ചാരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റു ചെയ്തു. കേസ്സ് സുപ്രീം കോടതി വരെ പോയി. സുബ്ബറാവുവിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആണവസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്). അനുബന്ധമായി വരുന്ന മൂന്നു ആണവ അന്തര്‍വാഹിനികള്‍ കൂടി തയ്യാറാവുമ്പോഴേക്കും, മിനിമം ആണവ പ്രതിരോധത്തിനുവേണ്ടിയെന്ന പേരില്‍ (എന്നാല്‍ കൂട്ടനശീകരണ ആയുധങ്ങളുടെ സംഭരണം എന്ന യഥാര്‍ത്ഥ ആവശ്യത്തിനുവേണ്ടി) ഇന്ത്യ ചിലവഴിക്കുന്ന സംഖ്യ ചുരുങ്ങിയത് ഇരുപതിനായിരം കോടിക്കും മുപ്പതിനായിരം കോടിക്കും ഇടയിലായിരികുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
അപ്രതീക്ഷിതമായി തിരിച്ചടിക്കാനോ, കരുതലായി വെക്കാനോ ഉദ്ദേശിക്കപ്പെട്ട് ഏറെക്കാലം വെള്ളത്തിനടിയില്‍ മറഞ്ഞുകിടക്കാന്‍ ഇത്തരം അന്തര്‍വാഹിനികള്‍ക്ക് കഴിയുന്നതുകൊണ്ട്, എല്ലാ ആണവരാജ്യങ്ങളുടെയും ത്രിതല സേനാ വിഭാഗത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം കണ്ണായിരിക്കാന്‍ ഇവക്കു കഴിയുന്നുണ്ട്. പക്ഷേ, യുദ്ധതന്ത്ര രംഗവും, മിനിമം ആണവ പ്രതിരോധം എന്ന സംവിധാനവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വലിയൊരു വഞ്ചനയുടെ മുകളിലാണ്. ഈ 'ത്രിതല സേനാ സംവിധാന'ത്തിനുവേണ്ടി നല്‍കിയിട്ടുള്ള വിശദീകരണത്തേക്കാള്‍ വലിയൊരു വഞ്ചനയുമില്ല. മൂന്നു സൈന്യവിഭാഗങ്ങള്‍ക്കുമിടയില്‍ ആണവ ആയുധങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി സജ്ജീകരിച്ച 'ബുദ്ധിപരമായ ഒരു വഞ്ചന'യായി അമേരിക്ക തന്നെ ഈ ത്രിതല സേനാ സംവിധാനത്തെ നിരീക്ഷിച്ചിട്ടുമുണ്ട്. 1974-ല്‍ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ തെളിവെടുപ്പില്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ജെയിംസ് ഷ്ളീസ്‌നിഗര്‍ പറഞ്ഞത് "വ്യോമ-നാവിക സേനകള്‍ക്ക് ബഡ്ജറ്റിന്റെയും, യുദ്ധപ്രവര്‍ത്തനത്തിന്റെയും ഒരു ഭാഗം കിട്ടുന്നതിനുവേണ്ടിയാണ്, അതല്ലാതെ, ഒരു രൂപകല്‍പ്പന എന്ന നിലക്ക് വന്നതല്ല ഈ ത്രിതല സേനാ സംവിധാനം" എന്നാണ്. "ത്രിതല സേനാ വിഭാഗത്തിന്റെ പിന്നിലുള്ള യുക്തി അതിനെ യുക്തിപരമാക്കുക എന്നതാണ്" എന്നു കൂടി ജെയിംസ് ഷ്ളീസ്‌നിഗര്‍ കൂട്ടിച്ചേര്‍ത്തു.
ആണവായുധ വിതരണത്തിന്റെ ത്രിതല സംവിധാനം എന്ന ആശയം ഇന്ത്യ ആവേശത്തോടെ ദത്തെടുത്തു. മൂന്നു സേനാ സംവിധാനത്തില്‍വെച്ച് ഏറ്റവും പണച്ചിലവേറിയ ആണവ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തിന്റെ പിന്നിലുള്ള നിര്‍ണ്ണായകമായ ലക്ഷ്യം, ഇതേ ത്രിതല സംവിധാനമുള്ള ചൈനയുമായി കിടപിടിക്കുക എന്നതായിരുന്നു. ആണവപരമാകുന്നതിന്റെ പിന്നില്‍, ചൈനയുമായി 'തന്ത്രപരമായ സന്തുലനം' നിലനിര്‍ത്തുക എന്ന, അപ്രഖ്യാപിതമെങ്കിലും, പരക്കെ തിരിച്ചറിയപ്പെട്ടിട്ടുള്ള ലക്ഷ്യമാണെങ്കിലും, ഇത്, ദക്ഷിണേഷ്യയെ ഭാവിയില്‍ ഒരു വലിയ ആണവവിപത്തിന്റെ ഭൂമികയാക്കി മാറ്റാനുള്ള സാധ്യതയുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികള്‍ ഒരുപോലെ നേരിടേണ്ടിവരുന്ന ഇന്ത്യയും പാക്കിസ്ഥാനും, 1998-നു ശേഷം ഇന്നോളം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്, ആണവ ബോംബുകള്‍ സ്വരുക്കൂട്ടുന്നതിലും, നിര്‍മ്മിക്കുന്നതിലും, അതിന്റെ വിതരണത്തിലും, ഈ കൂട്ടനശീകരണ ആയുധങ്ങളിന്‍മേലുള്ള അവകാശവും അധികാരവും നിലനിര്‍ത്തുന്നതിലുമാണ്. 1999-ലും, 2001-ലും, 2002-ലും ഈ രണ്ടു രാജ്യങ്ങളിലെയും ഉന്നത രാഷ്ട്രീയ-സൈനിക അധികാര കേന്ദ്രങ്ങള്‍, ഒരു ആണവയുദ്ധം നടത്തുന്നതിനെക്കുറിച്ച് അപകടകരമായ സ്വരം മുഴക്കിയിരുന്നുവെന്നും നമുക്ക് ഓര്‍മ്മിക്കാം.
1998-നു ശേഷം, ആണവ വിഘടനത്തിനുവേണ്ടിയുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതമായിരിക്കുകയാണ് ഇന്ത്യ. അഗ്നിയുടെയും എസ്സ്.എല്‍.ബി.എം സാഗരികയുടെയും മൂന്നു വ്യത്യസ്ത വകഭേദങ്ങളും, അഗ്നിയുടെ ഭൂഖണ്ഡാന്തര മോഡലും ഇന്ത്യ വികസിപ്പിച്ചു കഴിഞ്ഞു. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും (Early Warning System), തന്ത്രപ്രധാനമായ നിര്‍മ്മിതികളെയും നഗരങ്ങളെയും സംരക്ഷിക്കാനുള്ള മിസ്സൈല്‍ പരിചകളും (Missile Shields) എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം, പൂര്‍ണ്ണമായും ആണവ അടിസ്ഥാന സൌകര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ലെങ്കിലും, ഒരു ആണവ അക്രമണമുണ്ടായാല്‍, DINDക്ക് അനുസൃതമായി, തിരിച്ചടിക്കാനുള്ള ശേഷിയുടെ സുപ്രധന ഘടകങ്ങള്‍ തന്നെയാണ്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, അവരുടെ സാമ്പത്തികസ്ഥിതി താരതമ്യേന മോശമാണെന്നേയുള്ളു. ദക്ഷിണേഷ്യന്‍ ആയുധ പന്തയത്തില്‍ അവരുടെ മോഹങ്ങളും മറ്റുള്ളവരില്‍നിന്നും ഒട്ടും പിന്നിലോ, മോശമോ അല്ല. ഇന്ത്യയുടെ ഏതു ആണവ പരിപാടിയെയും തങ്ങള്‍ വേണ്ടവിധത്തില്‍ നേരിടുമെന്നായിരുന്നു, ഐ.എന്‍.എസ്സ്.അരിഹന്തിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം. അതായത്, തങ്ങളുടെ ആയുധശേഖരവും ഇന്ത്യയുടേതിനു തുല്യമാക്കുമെന്ന്.
ഇന്ത്യയിലെ മത-മതേതരത്വ പൌരസമൂഹം ഒന്നടങ്കം, രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, സര്‍ക്കാരേതര സംഘടനകളും എല്ലാം ഐ.എന്‍.എസ്സ്. അരിഹന്തിന്റെ വരവിനെ, ഉന്മാദത്തോളം വളര്‍ന്ന ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത് എന്നതാണ് ദുരന്തം. സര്‍വ്വനാശത്തിന്റെ പടുകുഴിയിലേക്കുള്ള ഔപചാരികമായ അടുത്ത ചുവടായിട്ടു വേണം, പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത വിശാഖപട്ടണത്തിലെ ആ ചടങ്ങിനെ കാണേണ്ടത്.
Tuesday, August 4, 2009
തകരുന്ന വിളക്കുകാലുകള്‍

Tuesday, July 28, 2009
ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം
ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് ജൊയക്കറിയാം. താലിബാന്‍ മാത്രമല്ല, അവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നത്. അമേരിക്കയുടെ മുന്നില്‍ അഫ്ഘാനിസ്ഥാന്റെ അഭിമാനം പണയപ്പെടുത്തിയ ഹമീദ് കര്‍സായിയും, മയക്കുമരുന്നിന്റെ ചെറുകിട-പ്രാദേശികസാമ്രാജ്യങ്ങളുടെ അധികാരം കൈയ്യാളുന്ന യുദ്ധപ്രഭുക്കന്‍മാരും, പഴയ സോവിയറ്റ് അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ചിരുന്ന മുജാഹിദിനുകളും എല്ലാം, ഇന്ന് ജൊയയുടെ രക്തത്തിനുവേണ്ടി ഒരുമിച്ച്, പദ്ധതികളാവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, "പൂക്കള്‍ നുള്ളിക്കളഞ്ഞാലും, വസന്തങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്" തിരിച്ചറിയുന്ന ഈ പെണ്‍കുട്ടിക്ക് പലായനത്തിന്റെ നീണ്ട കഥ പറയാനുണ്ട്. സോവിയറ്റുകള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിപ്പുറപ്പെട്ട അച്ഛന്‍ അപ്രത്യക്ഷമായതിനുശേഷം, അമ്മയോടും പത്ത് സഹോദരിമാരോടുമൊപ്പം ആദ്യം ഇറാനിലേക്കും പിന്നീട് അവിടെനിന്ന് പാക്കിസ്ഥാനിലേക്കും പലായനം ചെയ്ത ജൊയ, താലിബാന്റെ അഫ്ഘാനിസ്ഥാനിലേക്ക് നുഴഞ്ഞു കടന്ന്, സ്ത്രീകള്‍ക്കുവേണ്ടി രഹസ്യമായി സ്കൂളുകളും ക്ളിനിക്കുകളും ആരംഭിച്ചു. ഓരോ ദിവസവും മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം. തങ്ങളിലൊരാളായ ജൊയയെ, താലിബാന്റെ കരങ്ങളില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുത്തിയത്, അഫ്ഘാനിസ്ഥാനിലെ പാവപ്പെട്ട സ്ത്രീകള്‍തന്നെയായിരുന്നു.
താലിബാനുശേഷം അധികാരത്തില്‍ വന്ന മുജാഹിദിനുകളുടെ ഗോത്രസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസം ജൊയ സഭയില്‍ കണ്ടത്, അതേ പഴയ യുദ്ധപ്രഭുക്കന്‍മാരെയും, മയക്കുമരുന്നുരാജാക്കന്‍മാരെയുമായിരുന്നു. അവരില്‍ ചിലരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി "അഫ്ഘാനിസ്ഥാനെ നശിപ്പിച്ച ഈ ക്രിമിനലുകള്‍ ഈ സഭയിലും വരാന്‍ ഇടയായത് എങ്ങിനെയാണ്' എന്ന് തുറന്നടിച്ചു ഈ പെണ്‍കുട്ടി.
അന്നു മുതല്‍ ജൊയയുടെ നാളുകള്‍ എണ്ണപ്പെടാന്‍ തുടങ്ങിയിരിക്കണം. രണ്ടുതരം ക്രിമിനലുകളെയാണ് ഇന്ന് അഫ്ഘാനിസ്ഥാന്‍ ജനതക്കു നേരിടേണ്ടിവരുന്നതെന്ന് ജൊയ തിരിച്ചറിയുന്നു. അമേരിക്കന്‍ വിരുദ്ധ പക്ഷത്തുള്ള ‘തീവ്രവാദി‘കളെയും, അമേരിക്കന്‍ സൈന്യത്തിന്‍ കീഴിലുള്ള ‘ഹീറോ’ പരിവേഷമുള്ള തീവ്രവാദികളെയും.
ശാര്‍ങ്ങ്ഗപക്ഷികളുടെ ഗതിയാണ് ഇന്ന് അഫ്ഘാനികള്‍ അഭിമുഖീകരിക്കുന്നത്.
മലലായ് ജൊയയെക്കുറിച്ചും, അവരിന്ന് ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തെക്കുറിച്ചും, ഇവിടെ വായിക്കാം.
അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലെ സ്വാതിലും അമേരിക്കയുടെയും നാറ്റോ-സഖ്യശക്തികളുടെയും കാര്‍മ്മികത്വത്തില്‍ നിത്യേനയെന്നോണം നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ലോകമനസ്സാക്ഷി കുറ്റകരമായ മൌനം പാലിക്കുകയാണ് ഇന്ന്. നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അമേരിക്കയും സഖ്യശക്തികളും.
നാളെ ഈ ഡ്രോണ്‍ വിമാനങ്ങള്‍ നമുക്കുനേരെയും വന്നേക്കാം. വിദൂരമെങ്കിലും, അതൊരു സാദ്ധ്യതയല്ലാതാകുന്നില്ല. ജോര്‍ജ്ജ് ബുഷിനേക്കാളും സമര്‍ത്ഥനും, കുടിലതന്ത്രക്കാരനുമായ ഒരാളാണ് ഇന്ന് ലോകത്തിന്റെ അമരത്തുള്ളത്. മാറ്റത്തിന്റെ പ്രവാചകപരിവേഷം കയ്യൊഴിഞ്ഞ്, കാര്യസാധ്യത്തിനായി, ആയുധത്തിന്റെയും വെറുപ്പിന്റെയും മൂന്നാംകിട വില്‍പ്പനക്കാരികളെയും വില്‍പ്പനക്കാരെയും ഒബാമ ലോകപ്രദക്ഷിണത്തിന് അയച്ചുകഴിഞ്ഞു.
നമ്മുടെ ഇന്ത്യന്‍ ഹമീദ് കര്‍സായിമാരും, മുഷറഫുമാരും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, മലാലായ് ജൊയമാരെപ്പോലുള്ള വസന്തങ്ങളുടെ ഇടിമുഴക്കത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം.
Thursday, July 23, 2009
കരിനിയമങ്ങളുടെ ആഡംബരം
നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല. നാട്ടുകാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മിനക്കേടിനൊന്നും അവര്‍ക്കു വയ്യ. ഒരിക്കലും ഒഴിയാത്ത ഗതാഗതക്കുരുക്കുകള്‍, ഒരൊറ്റ നല്ല മഴ പെയ്താല്‍ പോലും തോടുകളായി മാറുന്ന പ്രധാനനിരത്തുകള്‍, വെള്ളവും വൈദ്യുതിയും ഇടക്കിടക്ക് ദിവസങ്ങളോളം അപ്രത്യക്ഷമാകുന്ന ആള്‍ത്താമസകെട്ടിടങ്ങള്‍, വര്‍ഷാവര്‍ഷം തോന്നുംപടി വാടക വര്‍ദ്ധിപ്പിച്ച് ജനങ്ങളെ പിഴിയുന്ന റിയല്‍ എസ്റ്റേറ്റുകാരുടെ അരങ്ങുവാഴ്ച, നിസ്സാരമായ സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ് ജനങ്ങളെ വലക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും, തങ്ങളുടെതന്നെ കൈക്കുറ്റം കൊണ്ട് അബോധാവസ്ഥയിലായവരെ ഭീഷണിപ്പെടുത്തി കുടിയിറക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, സാധാരണക്കാരായ കൂലിത്തൊഴിലാളികളെയും, കുടുംബത്തെ കൂടെപ്പാര്‍പ്പിക്കാന്‍ കഴിയാതെ, ഇവിടെ ഒറ്റയാന്‍മാരായി കഴിയുന്നവരെയും പാര്‍പ്പിടങ്ങളില്‍നിന്ന് വേട്ടയാടി ഓടിക്കുന്ന നഗരപാലകര്‍ - ഷാര്‍ജ എന്ന സാംസ്കാരികതലസ്ഥാനത്തിന്റെ കഥകള്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല.
ഇടക്കിടക്ക് സ്വത്വബോധം കലശലായി ഉണരും. പേരുവിവരങ്ങള്‍ അറബിയില്‍ രേഖപ്പെടുത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെ ശിവസേനാ സിന്‍ഡ്രോം സടകുടഞ്ഞെണീക്കും. നഗ്നത വെളിപ്പെടുത്തുന്ന നിര്‍ജ്ജീവമായ മാനിക്വിനുകള്‍ക്കുനേരെ, നമ്മുടെ നാട്ടിലെ ശ്രീരാമസേന-ഇടവക-കാന്തപുരം മോഡല്‍ കപടസദാചാരപത്തികള്‍ ഉയരും.
പുതിയ നിയമവും അത്തരത്തിലൊന്നാണ്. ഓരോ സെക്കന്‍ഡിലും കാതങ്ങള്‍ പിന്നിട്ട് മുന്നോട്ടു കുതിക്കുന്ന പുതിയ ലോകത്ത്, ഒറ്റദിവസം കൊണ്ട്, എട്ടുവര്‍ഷം പിന്നിലേക്കു നടക്കുന്നു ഷാര്‍ജ എന്ന പ്രതിഭാസം. എന്തൊക്കെയാണ് ആഡംബരവസ്തുക്കള്‍ എന്നതിനെക്കുറിച്ച് ഒരു തീര്‍ച്ചയുമില്ല, ഈ നിയമമുണ്ടാക്കുന്നവര്‍ക്ക്. സ്വര്‍ണ്ണം ആഡംബരമാണെന്നും അല്ലെന്നും തര്‍ക്കമുണ്ട്. സില്‍ക്ക് ആഡംബരമാണോ? ഇസ്ളാമിക നിയമത്തിനു അനുസൃതമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന് പറയപ്പെടുന്നുണ്ട്. അപ്പോള്‍, പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രമുള്ളതാണോ, ആഡംബരവസ്തുക്കളെക്കുറിച്ചുള്ള ഈ ഇസ്ലാമിക നിയമങ്ങള്‍? സ്ത്രീകള്‍ക്ക് ഈ ആഡംബരങ്ങള്‍ അനുവദനീയമാണോ? ആണെങ്കില്‍, സ്ത്രീകള്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ ബാധകമല്ല എന്നാണോ?
ഇതൊക്കെ വിഷയത്തിന്റെ തൊലിപ്പുറത്തുള്ള ചോദ്യങ്ങളാണ്. ഇന്നത്തെ സമൂഹത്തില്‍ ഇമ്മാതിരിയുള്ള കടുത്ത യാഥാസ്ഥിതികത്വം എത്രത്തോളം അഭിലഷണീയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സൌദിയോടുള്ള ഷാര്‍ജയുടെ വിധേയത്വം അങ്ങാടിപ്പാട്ടാണ്. വാക്കിനെയും, വരയെയും, സിനിമയെയും സംഗീതത്തെയും ഭയപ്പെടുകയും, അവക്കുമേല്‍ ഇത്രനാളും സദാചാരപൌരോഹിത്യത്തിന്റെ സര്‍വ്വവ്യാപിയും സുശക്തവുമായ കടിഞ്ഞാണ്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന അവിടുത്തെ മന്ദബുദ്ധികളായ ഭരണവര്‍ഗ്ഗങ്ങള്‍ക്കുപോലും, ഇപ്പോള്‍ കാല്‍ക്കീഴിലെ മണ്ണൊലിപ്പ് കാണാതിരിക്കാനോ, തടയാനോ കഴിയുന്നില്ല. ആളുകള്‍ ഉറക്കമെഴുന്നേറ്റുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. കാലം മാറുകയാണെന്ന് ഭരണത്തിലെ മിഴുങ്ങസ്യകള്‍ക്കുപോലും സൂര്യനുദിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ്, പാണ്ഡിത്യവും, ലോകപരിചയവും, സഹൃദയത്വവും, പൊതുവെ എല്ലാവര്‍ക്കുമിടയില്‍ സുസമ്മതനുമായ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളുടെ തിരനോട്ടം.
ഒരു രാജ്യത്തിന്റെ മത-സാമൂഹിക നിയമങ്ങളെക്കുറിച്ച് അവിടെയിരുന്നുകൊണ്ട്, മറ്റൊരു രാജ്യക്കാരനു പറയാന്‍ അധികാരവും അവകാശവുമില്ലെന്ന് വേണമെങ്കില്‍ ന്യായം പറയാം. ബ്രഹ്മാസ്ത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകാണെന്ന് അറിയാതെയുമല്ല. എങ്കിലും പറയേണ്ടത് പറയാതിരിക്കുന്നതെങ്ങിനെ?
Monday, July 13, 2009
നിയോഗം
വികസനത്തിനെക്കുറിച്ചുള്ള മറുസാദ്ധ്യതകള്‍ അന്വേഷിച്ച ചി
ന്തകനായിരുന്നു, പ്രഥമമായും, ശങ്കര്‍ ഗുഹാ നിയോഗി. എങ്കിലും തന്റെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി തൊഴിലാളി സംഘടനാ പ്രവര്‍ത്തിലേക്കാണ് അദ്ദേഹം ഒടുവില്‍ എത്തിപ്പെട്ടത്. വിഘടന-ശിഥില ശക്തികള്‍ രാജ്യത്ത് തലയുയര്‍ത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍, ചൂഷിത-പിന്നാക്ക പ്രദേശങ്ങളിലെ ദരിദ്രരായ ആളുകളെ, വിഘടന വാദത്തിന്റെയും ശിഥിലശക്തികളുടെയും സഹായമില്ലാതെതന്നെ, കാലാനുസൃതമായി എങ്ങിനെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ക്കായി സംഘടിപ്പിക്കാം എന്നതിന്റെ മാതൃകയായിരുന്നു നിയോഗിയുടെ പ്രസ്ഥാനം. പ്രാദേശിക സ്നേഹാഭിമാനങ്ങളും രാജ്യത്തിന്റെ താത്പര്യങ്ങളും തമ്മില്‍ ഒട്ടും വൈരുദ്ധ്യമില്ലാത്ത ഒന്നായിരുന്നു അത്“.“വിപ്ളവകരമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു വന്‍പ്രസ്ഥാനത്തിനും ഇന്നത്തെ സാഹചര്യത്തില്‍, അപചയങ്ങളില്‍നിന്ന് മുക്തമാകാന്‍ സാധിക്കില്ല എന്ന് അശുഭാപ്തിവിശ്വാസികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുമ്പോഴും, അത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തെ 14 വര്‍ഷത്തോളം വിജയകരമായി കൊണ്ടുനടക്കാന്‍ നിയോഗിക്കു സാധിച്ചു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തകരാതിരിക്കാനും, ഇരുട്ടിനെ അകറ്റാന്‍, ആ ആശയത്തിന്റെ വെളിച്ചത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനും ഇനി നമ്മളാണ് ശ്രദ്ധിക്കേണ്ടത്".
ശങ്കര്‍ ഗുഹ നിയോഗിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഭരത് ഡോഗ്ര എഴുതിയ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്.
ഭിലായിലെ സി.എം.എസ്സ്.എസ്സ് (ചത്തീസ്‌ഗഢ് മൈന്‍സ് ശ്രമിക് സംഘ്)ഓഫീസിന്റെ തുറന്നിട്ട ജനലിലൂടെ അകത്തുകയറിയ അക്രമിയുടെ വെടിയേറ്റ് ശങ്കര്‍ ഗുഹാ നിയോഗി മരിച്ചത്, 1991 സെപ്തംബര്‍ 28-നായിരുന്നു. ആറു തിരകളാണ് നിയോഗിയുടെ നെഞ്ചു തുളച്ച് അകത്തുകയറിയത്. മണിക്കൂറുകള്‍ക്കകം, ആയിരക്കണക്കിനാളുകള്‍ ആശുപത്രിയിലെത്തി. ചത്തീസ്‌ഗഢ് മുക്തി മോര്‍ച്ചയുടെ ശോണ-ഹരിത പതാകയില്‍ പൊതിഞ്ഞ് ആ മൃതദേഹത്തെ അന്ത്യവിശ്രമസ്ഥാനത്തേക്ക് അനുഗമിക്കാന്‍ ഒരു വലിയ ജനാവലിതന്നെ ഉണ്ടായിരുന്നു.
ചത്തീസ്‌ഗഢ് പ്രദേശത്ത്, ആ ദിവസം രണ്ടുലക്ഷം തൊഴിലാളികള്‍ പണിമുടക്കി. 150 ഓളം വ്യവസായ യൂണിറ്റുകള്‍ നിശ്ചലമായി. വിലാപയാത്രയില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമായി ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. മരിക്കുമ്പോള്‍ 48 വയസ്സുണ്ടായിരുന്നു നിയോഗിക്ക്. അതിനും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്, ജോലിയന്വേഷിച്ചെത്തിയ നിരവധിയാളുകളിലൊരുവനായി, സ്വദേശമായ ബംഗാളില്‍നിന്ന് ഭിലായില്‍ നിയോഗി എത്തുന്നത്.
ബി.എസ്സ്.ആറില്‍ വിദഗ്ദ്ധതൊഴിലാളിയായി പണിയെടുക്കുമ്പോള്‍ത്തന്നെ, നിയോഗി ബി.എസ്സ്.സി ബിരുദം നേടി. 1964-65 ആകുമ്പോഴേക്കും യൂണിയന്‍ സംഘാടകനും ബ്ളാസ്റ്റ് ഫര്‍ണസ് ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ആ മനുഷ്യന്‍. തൊട്ടടുത്ത വര്‍ഷങ്ങളില്‍, സി.പി.ഐ.(എം-എല്‍)ന്റെ പൂര്‍വ്വസൂരിയായ കമ്മ്യൂണിസ്റ്റ് റവല്യൂഷണറിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാനും നിയോഗിക്ക് ഇടവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ കയ്യിലെ ജോലി പോയി. ഭിലായിയെ പിന്നിലുപേക്ഷിച്ച്, ബസ്തറും, ദുര്‍ഗ്ഗും, റായ്‌ഗഢും, റായ്‌പൂരും, രാജ്‌നന്ദഗാവോനും, സര്‍ജുഗയും ഉള്‍പ്പെടുന്ന ചത്തീസ്‌ഗഢിലെ വിദൂരമായ സാംസ്കാരികമേഖലയിലേക്ക് നിയോഗി കുടിയേറുന്നത് അങ്ങിനെയാണ്.
ഹ്രസ്വകാലം സി.പി.ഐ.(എം.എല്‍) ഒളിത്താവളത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷം നിയോഗി അതും വിട്ട്, സ്വന്തം വഴി തിരഞ്ഞെടുത്തു. പിന്നീടുള്ള വര്‍ഷങ്ങളിലാണ്, അതായത്, 1960-കളുടെ അവസാനത്തിനും 1970-കളുടെ ആരംഭത്തിനുമിടയിലാണ് നിയോഗി എന്ന ഇതിഹാസം രൂപപ്പെടാന്‍ തുടങ്ങുന്നത്.
"അടുത്ത നാലോ അഞ്ചോ കൊല്ലം, പല തൊഴിലുകളും ചെയ്ത്, പല സമരങ്ങളും ഏറ്റെടുത്ത്, ഒരു നായാടിയെപ്പോലെ നിയോഗി അലഞ്ഞുതിരിഞ്ഞു. ബസ്തറില്‍ വനമേഖലയില്‍ ജോലിചെയ്തും, ദുര്‍ഗ്ഗില്‍ മീന്‍ പിടിച്ചും വിറ്റും, കേരിജുംഗാതയില്‍ കൃഷിപ്പണി ചെയ്തും, രാജ്‌നന്ദഗാവോണില്‍ ആട്ടിടയനായും തൊഴിലെടുത്തു.
എവിടെയായാലും പ്രാദേശികസമരങ്ങളില്‍ സജീവമായിരുന്നു നിയോഗി. ബസ്തറിലെ ആദിവാസികളുടെ സമരം, രാജ്‌നന്ദഗാവോണിലെ മോംഗ്ര ജലസംഭരണിക്കെതിരായ പ്രക്ഷോഭം, ദായ്‌ഹന്തിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള സമരം - നിയോഗി ഏറ്റെടുത്ത പ്രക്ഷോഭങ്ങളില്‍ ചിലതു മാത്രമായിരുന്നു ഇവയൊക്കെ. ജനകീയ സംഘടനകളെക്കുറിച്ചുള്ള പാഠം നിയോഗി പഠിക്കുന്നത് ഇത്തരം സമരങ്ങളില്‍നിന്നായിരുന്നു. ഒടുവില്‍ അദ്ദേഹം ധാനി തോലയില്‍ താമസമുറപ്പിച്ച്, വെള്ളാരംകല്‍ ഖനികളില്‍ (quartzite) വീണ്ടും തന്റെ തൊഴിലാളിജീവിതം ആരംഭിച്ചു. ഖനിയും ഖനി തൊഴിലാളികളുമായുള്ള നിയോഗിയുടെ നീണ്ട ബന്ധത്തിന്റെആരംഭമായിരുന്നു അത്.
ധാനി തോലയില്‍ വെച്ചാണ്, മറ്റൊരു ഖനി തൊഴിലാളിയായ ആശയെ നിയോഗി കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഖനി തൊഴിലാളികളെ സംഘടിപ്പിക്കുന്ന നിയോഗിയുടെ പ്രവര്‍ത്തനം ഭരണകൂടത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്, അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. മിസ പ്രകാരം 13 മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജയിലില്‍നിന്നു തിരിച്ചുവന്നതിനുശേഷം അദ്ദേഹം ദല്ലി രാജ്‌ഹാരയിലേക്ക് താമസം മാറ്റുകയും, ചത്തീസ്‌ഗഢ് മൈന്‍സ് ശ്രമിക് സംഘം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കൂടുതല്‍ കൂലിക്കും മെച്ചപ്പെട്ട തൊഴിലന്തരീക്ഷത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ സി.എസ്.എസ്സ്.എസ്സ് ആരംഭിക്കുന്നത് അങ്ങിനെയാണ്. 2 രൂപ ദിവസക്കൂലിയില്‍നിന്ന് ദിവസം ഇരുപതു രൂപ എന്ന നിരക്കിലേക്ക് അത് ഉയര്‍ന്നു. ഖനി തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും കൂടുതല്‍ മെച്ചപ്പെട്ടതും സര്‍വ്വതോമുഖവുമായ ജീവിതനിലവാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് നാം കാണുന്നത്. സ്ത്രീകളെ കൂടുതല്‍ പങ്കാളികളാക്കിക്കൊണ്ടും, സി.എം.എസ്സ്.എസ്സിന്റെ പ്രവര്‍ത്തനത്തില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ടും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു ചെറിയ ഡിസ്പെന്‍സറി, ഒരു ഗാരേജ് എന്നിവ നിലവില്‍ വന്നു. 1983-ഓടെ 15 കിടക്കകളുള്ള, ആധുനിക സൌകര്യങ്ങളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തനസജ്ജമായി. യൂണിയന്‍ അംഗങ്ങളുടെ തുച്ഛമായ ശമ്പളവും അവരുടെ അദ്ധ്വാനവും ഉപയോഗിച്ചാണ് ഇതെല്ലാം സാധ്യമായത്. സ്കൂളുകള്‍ക്കുവേണ്ടിയുള്ള കെട്ടിടങ്ങല്‍ നിര്‍മ്മിച്ച് സര്‍ക്കാരിനു കൊടുത്തു.
ഖനിതൊഴിലാളികള്‍ താമസിക്കുന്ന ബസ്തികളിലെ മാലിന്യം നീക്കാനൊന്നും അധികാരികള്‍ മിനക്കെട്ടിരുന്നില്ല അക്കാലത്ത്. യൂണിയന്റെ ഈ ആവശ്യം തുടര്‍ച്ചയായി അവര്‍ നിരാകരിച്ചപ്പോള്‍, ഖനിതൊഴിലാളികള്‍ മാലിന്യം ശേഖരിച്ച്, ട്രക്കുകളില്‍ കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. തങ്ങളുടെ ബസ്തികളിലെ മാലിന്യം നീക്കുന്നതുവരെ ഈ പരിപാടി തുടര്‍ന്നുപോകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
ചത്തീസ്‌ഗഢിന്റെ കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍, പ്രത്യേകിച്ചും ആദിവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് ചത്തീസ്‌ഗഢ് മുക്തി മോര്‍ച്ച (സി.എം.എം) രൂപീകരിച്ചത്. ആ പ്രദേശത്തെ അടിമതൊഴിലാളികളെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് ചത്തീസ്‌ഗഢ് ഗ്രാമീണ്‍ ശ്രമിക് സംഘമായി മാറിയത്. സി.എം.എസ്സ്.എസ്സും, സി.എം.എമ്മും, സി.ജി.എസ്സ്.എസ്സും ഒരുമിച്ച് കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. സംസ്ഥാന ഭരണകൂടം അതിനെ ഭീകരമായി അടിച്ചൊതുക്കാനും അതിന്റെ നേതാക്കളെ ഉപദ്രവിക്കാനും തുടങ്ങി. രണ്ടു പതിറ്റാണ്ടിനിടയില്‍ 25 തവണ നിയോഗിക്ക് ജയിലില്‍ കഴിയേണ്ടിവന്നു. നീതിന്യായ വിചാരണ പോയിട്ട്, പ്രാഥമികകുറ്റം പോലും ചുമത്തപ്പെടാതെയായിരുന്നു ആ ജയില്‍വാസങ്ങളില്‍ മിക്കതും. അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട ചില പെറ്റികേസുകളിലാകട്ടെ, നിയോഗിക്കെതിരായി ഒന്നും തെളിയിക്കാനും കോടതികള്‍ക്കായില്ല.
1991 മുതല്‍ നിയോഗിയുടെ പ്രവര്‍ത്തനം, ഭിലായിലെ വ്യവസായതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു. ആരംഭകാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഉള്‍പ്രദേശങ്ങളിലായിരുന്നു. ഇപ്പോള്‍ അത്, പ്രദേശത്തെ ഏറ്റവും ധനികരും, ഏറ്റവുമധികം അധികാരം കൈയ്യാളുന്നവരുമായ വ്യവസായികളുമായി മുഖാമുഖം വന്നു. സംഘര്‍ഷം വര്‍ദ്ധിക്കുകയും, യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തപ്പോള്‍ നിയോഗി തന്റെ സ്വന്തം മരണം മുന്‍കൂട്ടി കണ്ടു.
തന്നെ വധിക്കുന്നതിലൂടെ പ്രസ്ഥാനത്തെ തീര്‍ത്തും നാമാവശേഷമാക്കാന്‍ ഭിലായ് പ്രദേശത്തെ വ്യവസായികള്‍ ഗൂഢപദ്ധതിയിടുന്നതിനെക്കുറിച്ച്, മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് റിക്കാര്‍ഡു ചെയ്ത ഒരു സന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. "ഈ ലോകം മനോഹരമാണ്. ഈ മനോഹരമായ ലോകത്തെ ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നു. എന്നാലും, എന്റെ തൊഴിലും എന്റെ ഉത്തരവാദിത്ത്വങ്ങളുമാണ് എനിക്കേറെ പ്രധാനം. ഏറ്റെടുത്ത ചുമതലകള്‍ എനിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇവര്‍ എന്നെ കൊല്ലും. പക്ഷേ എന്നെ കൊന്നതുകൊണ്ട് നമ്മുടെ പ്രസ്ഥാനത്തെ അവര്‍ക്ക് ഇല്ലാതാക്കാനാവില്ല“.
നിയോഗിയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും പ്രസക്തിയും അര്‍ത്ഥവും മനസ്സിലാക്കേണ്ടത്, അദ്ദേഹം എന്നും പൊരുതിയ കൊളോണിയല്‍ കാലഘട്ടാനന്തര 'വികസന'ത്തിന്റെ പശ്ചാത്തലത്തിലാണ്. പി.യു.ഡി.ആറിന്റെ (Peoples Union for Democratic Rights)റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. "ഏതു വികസന പദ്ധതികള്‍ വന്നാലും, ചത്തീസ്‌ഗഢ് പോലുള്ള പ്രദേശങ്ങളെ അവികസിതമായി നിലനിര്‍ത്തുന്നു എന്നതാണ് കൊളോണിയല്‍ കാലഘട്ടാനന്തര വികസനത്തിന്റെ ആത്യന്തിക ഫലം. ജനങ്ങളെ അവരുടെ പരമ്പരാഗത തൊഴിലില്‍നിന്നും തുടര്‍ച്ചയായി പുറത്താക്കുകയാണ് ഈ പ്രക്രിയ. അങ്ങിനെ അവര്‍ കരാര്‍ തൊഴിലാളികളോ ദിവസവേതനക്കാരോ ആയിത്തീര്‍ന്ന്, വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള അസംസ്ക്കൃതപദാര്‍ത്ഥങ്ങളായി മാറുന്നു. അതിനി, പൊതുമേഖലയുടെയായാലും, സ്വകാര്യമേഖലയുടെയായാലും. ആസൂത്രിത സമ്പദ്‌വ്യവസ്ഥയുടെയായാലും, കമ്പോളവ്യവസ്ഥയുടെയായാലും ശരി. പിന്നീട് ഈ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങുമ്പോള്‍, ഈ വികസനത്തിന്റെ ഫലം ഭക്ഷിച്ച് വളര്‍ന്ന രാഷ്ട്രീയ-സാമ്പത്തിക പരാന്നഭോജികള്‍, ഭരണകൂടത്തിന്റെ സഹായത്തോടെ ഈ ജനങ്ങളെ അടിച്ചൊതുക്കുന്നു. ഈ ചിരപരിചിതമായ പ്രക്രിയക്ക് ചത്തീസ്‌ഗഢില്‍ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നു. ട്രേഡ്‌യൂണിയനുകളുടെ പരമ്പരാഗതമായ അതിര്‍ത്തികളെ അതിജീവിച്ചുകൊണ്ട് പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലാളികള്‍ക്കു സാധിച്ചു. തൊഴിലും തൊഴിലന്തരീക്ഷവും, തൊഴില്‍ വൈദഗ്ദ്ധ്യവും, യന്ത്രവത്ക്കരണവും, വിദ്യാഭ്യാസവും, ആരോഗ്യവും, പരിസ്ഥിതിയും എല്ലാം ഇന്ന് ഈ തൊഴിലാളികളുടെ അജണ്ടയിലുള്‍പ്പെടുന്നു. ഈ സായുധമായ ജനകീയപ്രസ്ഥാനത്തിന്റെ പരിഷ്ക്കരണോന്മുഖതയെ ഉത്തേജിപ്പിക്കുന്നത്, വികസനപ്രക്രിയയെക്കുറിച്ചുള്ള ഇതരവീക്ഷണങ്ങളാണ്. പക്ഷേ, ആര്‍ക്കെതിരെയാണോ ഇവര്‍ പൊരുതുന്നത്, ആ ഉന്നതരായ ഭരണവര്‍ഗ്ഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഭരണഘടനാ അതിര്‍ത്തികള്‍ക്കുള്ളില്‍ ഈ സമരത്തെ പരിമിതിപ്പെടുത്തേണ്ടിയുംവരുന്നു. ഭരണഘടനയിലെ, സുതാര്യവും, പ്രാഥമികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശതത്ത്വങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെയും നാഴികക്കല്ല്. തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലാണ് പ്രക്ഷോഭങ്ങള്‍ അധികവും നടക്കുന്നത്. എന്നിട്ടും, ഭരണകൂടത്തിനു മനസ്സിലാകുന്ന ഒരേയൊരു ഭാഷ അക്രമത്തിന്റേതായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും, ഈ പ്രസ്ഥാനം അത്യന്തം ക്ഷമയോടെ സമാധാനമാര്‍ഗ്ഗത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യ ഇടം തിരിച്ചറിയുകയും പിടിച്ചടക്കുകയും ചെയ്യുക എന്നതാണ് ചത്തീസ്‌ഗഢ് പ്രസ്ഥാനത്തിന്റെ അന്ത:സ്സത്ത. കഴിഞ്ഞ മൂന്നു ദശകങ്ങളായി നീണ്ടുകിടക്കുന്ന ഈ പ്രക്രിയയയാണ്, ഈ പ്രദേശത്തെ ആളുകളുടെ ജീവിതത്തെയും നിലനില്‍പ്പിനെയും മാറ്റിമറിച്ചത്.
നിയോഗി കൊല്ലപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു പൌരസമിതി രൂപീകരിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും, പിന്നീട് കല്‍ക്കത്ത ഹൈക്കോടതിയുടെയും മുന്‍ ചീഫ് ജസ്റ്റിസ് ഡി.എസ്സ്.തേവാതിയ, കുല്‍ദീപ് നയ്യാര്‍, വിജയ് തെണ്ടുല്‍ക്കര്‍, അനില്‍ സദ്ഗോപാല്‍ രാകേഷ് ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഒരു പൌരസമിതി. "വ്യാവസായിക പുകമറക്കു പിന്നില്‍" (Behind the Industrial Smokescreen) എന്നു പേരിട്ട ആ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത് ഇതായിരുന്നു: "തൊഴിലാളികള്‍ക്ക് അടിസ്ഥാനസൌകര്യവും, മിനിമം വേതനവും നിഷേധിച്ചുകൊണ്ടിരുന്ന വ്യവസായികളുടെ ശൃംഖലയെ, ഇതിനുമുന്‍പ് ആ പ്രദേശങ്ങളില്‍ മറ്റൊരാളും ചെയ്യാന്‍ ധൈര്യപ്പെടാത്ത തരത്തില്‍ വെല്ലുവിളിച്ചു എന്നതാണ് നിയോഗി കൊല്ലപ്പെട്ടാനുള്ള കാരണം. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും സഹായത്തോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വ്യാവസായിക ഭൂമികയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ നിയോഗിയുടെ കൊലപാതകത്തിന്റെ ആസുരികമാനം വളരെ വലുതാണ്. തൊഴില്‍-വ്യവസായ നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും, അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കാനുതകുന്ന തൊഴിലുറപ്പിനും മിനിമം വേതനത്തിനുംവേണ്ടി പൊരുതാനുള്ള ജനാധിപത്യ ഇടം കാല്‍ക്കീഴില്‍നിന്ന് ഒലിച്ചുപോകുന്നതിന്റെ പ്രതിഫലനംകൂടിയാണ് ഈയവസ്ഥ. വിദേശബാങ്കുകളും ബഹുരാഷ്ട്രകുത്തകകളും നിലനില്‍ക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് ഉറപ്പുവരുത്താന്‍, ഭരണകൂടം ഈ അവസ്ഥയെ മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്യും.
സ്വാശ്രയത്തെക്കുറിച്ചും, ഇന്ത്യന്‍ സമൂഹത്തിന്റെ ഇതരവികസന സാധ്യതകളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന നിയോഗിയുടെ അസാന്നിദ്ധ്യം നമുക്ക് കൂടുതല്‍ അനുഭവപ്പെടാനിരിക്കുന്നതേയുള്ളു, വരുംനാളുകളില്‍. "നിയോഗിയുടെയും, സി.എസ്.എസ്സ്.എസ്സിന്റെയും രാഷ്ട്രീയം, പ്രക്ഷോഭത്തിന്റെയും, സര്‍ഗ്ഗാത്മകതയുടെയും രാഷ്ട്രീയമാണ്. സൃഷ്ടിക്കുവേണ്ടിയുള്ള സമരം. സമരത്തിനുവേണ്ടിയുള്ള സൃഷ്ടി-ഇതാണ് നമ്മുടെ മുദ്രാവാക്യം". 'നമ്മുടെ പരിസ്ഥിതി - സി.എം.എസ്സ്.എസ്സിന്റെ കാഴ്ചപ്പാടില്‍' എന്ന പേരില്‍ നിയോഗി ഏറ്റവുമൊടുവില്‍ എഴുതിയ ലഘുലേഖയുടെ അവതാരികയില്‍ എഴുതിയിരിക്കുന്നു.
പിന്‍കുറിപ്പ്: അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചവരെക്കുറിച്ചുള്ള വായനക്കിടയില്‍ ഇടക്കിടക്ക് പ്രത്യക്ഷമാകാറുള്ള ഒരു ഇന്ത്യന്‍ പേരാണ് ശങ്കര്‍ ഗുഹാ നിയൊഗിയുടേത്. മെയ്യനങ്ങാതെയുള്ള വിലപേശലിലൂടെ കച്ചവടമുറപ്പിക്കുന്ന ഇന്നത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളെക്കുറിച്ച് ആലോചിക്കുമ്പോഴും, ഈ മനുഷ്യന്‍ ഇടക്കിടക്ക് കടന്നുവരും. ആ ജീവിതത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം. ജനവികാസ് ആന്ദോളന്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയുടെ പരിഭാഷയാണ് ഇത്. കൂടുതല്‍ അറിയാന്‍, ഇതും നോക്കാം. പട്‌വര്‍ദ്ധന്റെ ലേഖനവും, ഈ പരിഭാഷയും (രണ്ടുവര്‍ഷത്തിന്റെ വിടവുണ്ടെങ്കിലും) ഒരു ദിവസത്തിന്റെ ഏറ്റക്കുറച്ചിലോടെ ഇവിടെ പോസ്റ്റു ചെയ്യാനിടവന്നതും തികച്ചും യാദൃച്ഛികമായിട്ടാണ്.
Tuesday, June 30, 2009
നിങ്ങള്‍ ഏതു ചേരിയില്‍?
റയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.
യായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന് ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന് അവര്‍ കഷ്ടിച്ചാണ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ് അധികൃതരും ചേര്‍ന്ന് അവര്‍ക്ക് വീട് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന് ആശ്വസിക്കാന്‍ തുടങ്ങിയതാണ്.
ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക് ആകാശം മാത്രമാണ് മേല്‍ക്കൂര. തെരുവുതന്നെയാണ് വീട്. നിത്യജീവിതം തന്നെയാണ് വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും
ഇനി ഇതാ കോമണ്‍വെല്‍ത്ത് കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ് ഒരു ഏകദേശ കണക്ക്. അതിനേക്കാള്‍ പ്രധാനമാണ് സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ് അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്. Tuesday, June 23, 2009
വീണ്ടും അനാശാസ്യം
അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.
ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.
ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?
വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.
ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീരാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?
Tuesday, June 9, 2009
ഒന്നങ്ങനെ, ഒന്നിങ്ങനെ
ഏതു സിലബസ്സ്?
കേരളയോ, സീബീയെസ്സിയോ?
എത്ര ജോടി യൂണിഫോമുകളുണ്ട് വീട്ടില്‍?
ഒഴിവുസമയത്ത് എന്താണ് ചെയ്യാറ്?
മിക്കിമൌസ് കാണുമോ?
അതോ ടോം ആന്റ് ജെറിയോ?
കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?
പ്ളേ സ്റ്റേഷനോ ഗെയിം ബോയോ
ഏതാണ് അച്ഛന്‍ വാങ്ങിത്തന്നത്?
ടാട്ടൂസ് ഇഷ്ടാണോ?
ലേയ്സിന്റെ ചിപ്സ് ഇഷ്ടാണോ?
ഐസ്ക്രീമോ?
കിറ്റ്‌കാറ്റോ കാഡ്‌ബറീസോ
ഏതാണ് കൂടുതലിഷ്ടം
വീഗാലാന്റ് കണ്ടിട്ടുണ്ടോ?
സ്കൂളില്‍നിന്ന് എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?
സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?
പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്?
ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?
നീയെന്താ ഒന്നു മിണ്ടാത്തത്?

കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.
ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.
Tuesday, June 2, 2009
ഇപ്പൊഴോ?
ഒരു പഴയ ഇ-മെയില്‍ പ്രബോധനം കൂടി ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.
ആസ്ത്രേലിയയിലെ മുസ്ലിം പള്ളികളെ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിന്‍ കീഴിലാക്കാനുള്ള മുന്‍പ്രധാനമന്ത്രി ജോണ്‍ ഹൌവാര്‍ഡിന്റെ “ധീരമായ’ തീരുമാനത്തില്‍ രോമാഞ്ചംകൊണ്ട്, ഇന്ത്യക്കും ഈ മട്ടിലുള്ള ധീരനായ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ദീര്‍ഘനിശ്വാസം പൊഴിച്ച്, പ്രചരിച്ചിരുന്ന ഒരു ഇ-മെയില്‍. ജോണ്‍ ഹൌവാര്‍ഡിന്റെ പ്രസംഗഭാഗമായിരുന്നു മെയിലിലെ ഉള്ളടക്കം. അത് ഇപ്രകാരം:
'IMMIGRANTS, NOT AUSTRALIANS, MUST ADAPT.'
Take It Or Leave It. I am tired of this nation worrying about whether we are offending some individual or their culture. Since the terrorist attacks on Bali , we have experienced a surge in patriotism by the majority of Australians.
''This culture has been developed over two centuries of struggles, trials and victories by millions of men and women who have sought freedom''
We speak mainly ENGLISH, not Spanish, Lebanese, Arabic, Chinese, Japanese, Russian, or any other language. Therefore, if you wish to become part of our society . Learn the language!''
Most Australians believe in God. This is not some Christian, right wing, political push, but a fact, because Christian men and women, on Christian principles, founded this nation, and this is clearly documented. It is certainly appropriate to display it on the walls of our schools. If God offends you, then I suggest you consider another part of the world as your new home, because God is part of our culture.''
"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".
''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''
If you aren't happy here then LEAVE. We didn't force you to come here. You asked to be here. So accept the country YOU accepted.'
Maybe if we circulate this amongst ourselves, we will find the backbone to start speaking and voicing the same truths.
If you agree ... please SEND THIS ON TO EVERY INDIAN...
വിഷയത്തിന്റെ തലക്കെട്ടിലും, രാജ്യത്തെ സൂചിപ്പിക്കുന്ന ഭാഗത്തും മാത്രം എഡിറ്റിംഗ് നടത്തി, ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയും ചെയ്തു.
ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.
സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.
വംശവെറിയുടെ പുളിച്ച ഏമ്പക്കമായി, ഇന്ന് അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.












