Saturday, August 18, 2007

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.

അദ്ധ്യായം 1-ആരോഗ്യം, ദശലക്ഷങ്ങള്‍ക്ക്‌

മറ്റു രോഗങ്ങളെ അപേക്ഷിച്ച്‌, 1994-ലെ പ്ലേഗിനുണ്ടായിരുന്ന ഒരു കുഴപ്പം, അതു "അങ്ങ്‌ ദൂരെ" ഗ്രാമപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ വിസമ്മതിച്ചു എന്നതാണ്‌. നഗരങ്ങളിലെ ചേരിപ്രദേശത്തും അത്‌ ഒതുങ്ങി നിന്നില്ല. വര്‍ഗ്ഗ പക്ഷപാതം തീരെ ഇല്ലാത്തവരെന്ന നിലക്ക്‌, പ്ലേഗാണുക്കള്‍ കുപ്രശസ്തരുമാണ്‌. ദക്ഷിണ മുംബൈയിലേയും, ദക്ഷിണ ദില്ലിയിലേയും സമ്പന്നവര്‍ഗ്ഗ പ്രദേശങ്ങളിലേക്ക്‌ അവ കടക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്‌. ഏറ്റവും കഷ്ടം, അവക്ക്‌, വിമാനങ്ങളില്‍പ്പോലും കയറാനും, വേണമെങ്ങില്‍ ന്യൂയോര്‍ക്കിലേക്കുള്ള ക്ലബ്ബ്‌ ക്ലാസ്സില്‍ പറക്കാനും കൂടി എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ്‌. ധാരാളം സുന്ദരന്മാരും, സുന്ദരികളും ഇപ്പോള്‍തന്നെ, ഭീഷണിയുടെ നിഴലിലാണ്‌.

കേവലമൊരു ഭയാശങ്കയേക്കാള്‍ ഭീഷണമായ ഈയൊരു അവസ്ഥ മാധ്യമങ്ങളെ വാര്‍ത്ത കൈക്കലാക്കാനുള്ള ഭ്രാന്തുപിടിച്ച പരക്കം പാച്ചിലിലേക്ക്‌ കൊണ്ടുചെന്നെത്തിച്ചു. ഇതാകട്ടെ, ഇന്ത്യയിലെ ദശലക്ഷങ്ങള്‍ കറുത്ത മരണത്തിന്റെ വായിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന മട്ടിലുള്ള ഒരു 'ലോകാവസാന' മുറവിളിയിലേക്ക്‌ ലോകത്തെ നയിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, ഈ പ്ലേഗ്‌-അതിനെ മറ്റെന്തു പേരു വിളിച്ചാലും കുഴപ്പമില്ല (ഓരോരുത്തര്‍ക്കും ഓരോ രോഗമായിരുന്നു)- അന്‍പത്തഞ്ചു ജീവനാണ്‌ കവര്‍ന്നത്‌. ക്ഷയരോഗമാകട്ടെ, വര്‍ഷത്തില്‍ 450,000 ജീവനുകളാണ്‌(എണ്ണായിരം ഇരട്ടി) കവര്‍ന്നുകൊണ്ടിരിക്കുന്നത്‌, ഇന്ത്യയില്‍. എന്നിട്ടും, കഷ്ടി ഒരു രണ്ടു കോളം വരുന്ന വാര്‍ത്ത മാത്രമേ വര്‍ഷത്തില്‍ അതിനു കിട്ടാനുള്ള ഭാഗ്യമുണ്ടാവാറുള്ളു. അതും, രാജ്യത്തിലെ നെഞ്ചുരോഗവിദഗ്ദ്ധര്‍ (ഇവരില്‍ ചിലരാണ്‌ പത്രമുടമകളെ പതിവായി ചികില്‍സിച്ചു ഭേദമാക്കുന്നവര്‍)അവരുടെ വാര്‍ഷിക കോണ്‍ഗ്രസ്സു കൂടുമ്പോള്‍ മാത്രം.

അതിസാരംകൊണ്ട്‌ രാജ്യത്തില്‍, മൂന്നു മിനുട്ടില്‍ ഒരു ശിശു എന്ന നിരക്കില്‍, ഒന്നര ദശലക്ഷം കുട്ടികളാണ്‌ വര്‍ഷത്തില്‍ പൊലിഞ്ഞുപോകുന്നത്‌. അതായത്‌, പ്ലേഗിന്റെ ഇരകളുടേതിനേക്കാള്‍ മുപ്പതിനായിരം ഇരട്ടി. പക്ഷേ, അതിനു കിട്ടുന്ന 'പത്രമിടം', യൂണിസെഫിന്റെ (UNICEF) വര്‍ഷം തോറുമുള്ള റിപ്പോര്‍ട്ട്‌ വരുമ്പോള്‍ മാത്രമാണ്‌. 'ലോകത്തിലെ ശിശുക്കളുടെ അവസ്ഥയെക്കുറിച്ചുള്ള യൂണിസെഫിന്റെ റിപ്പോര്‍ട്ട്‌' വരുമ്പോള്‍ മാത്രം, അതിസാരം നമ്മുടെ പത്രങ്ങളുടെ നടുവിലത്തെ താളില്‍ പ്രത്യക്ഷപ്പെടുന്നു. അതല്ലെങ്കില്‍, ഓഹരിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ പ്രതീക്ഷിച്ച സമയത്തു വരാതിരുന്നതിനാല്‍, 'എവിടെയാണ്‌ നമുക്കു തെറ്റു പറ്റിയത്‌"? എന്ന പേരിലോ മറ്റോ ധൃതിപിടിച്ചെഴുതിയ ഏതെങ്കിലുമൊരു എഡിറ്റോറിയല്‍ വിലാപത്തില്‍. അതിനുശേഷം ഈ എഡിറ്റോറിയല്‍ അതേ രീതിയില്‍ അടുത്ത വര്‍ഷവും ഉപയോഗിക്കാനായി ഭദ്രമായി മാറ്റിവെക്കുന്നു. ഒരു ഇന്ത്യന്‍ സുന്ദരിക്ക്‌ സൗന്‌ദര്യ മത്സര്യത്തില്‍ സമ്മാനം കിട്ടാത്ത പക്ഷം, ഇത്‌, പത്രത്തിലെ മുന്‍പേജില്‍തന്നെ ഇടം കണ്ടെത്തിയെന്നും വരാം. അങ്ങിനെ വന്നാല്‍ മനസ്സിലാക്കാം, ആ പത്രത്തിന്റെ തലപ്പത്ത്‌ സഹാനുഭൂതിയുള്ള ഒരു പത്രാധിപരുണ്ടെന്ന്. 'നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും' എന്ന വിഷയത്തില്‍ ഏതെങ്കിലുമൊരു റോട്ടറി ക്ലബ്ബിനെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ കാണാന്‍ നമുക്ക്‌ ഭാഗ്യമുണ്ടായെന്നും വരാം.

ഓരോ പതിന്നാലു ദിവസത്തിലും, അഞ്ചു വയസ്സിനു താഴെയുള്ള 7.5 ദശലക്ഷം കുട്ടികള്‍ക്ക്‌ അതിസാരം ബാധിക്കുന്നു. ഈ 336 മണിക്കൂറിനുള്ളില്‍ത്തന്നെ, 19 ദശലക്ഷത്തോളം കുട്ടികള്‍ക്ക്‌, ഗുരുതരമായ ശ്വാസകോശ അണുബാധയോ, ന്യൂമോണിയപോലുമോ ഉണ്ടാകുന്നു. ഇവര്‍ക്കു വേണ്ടി പലതും ചെയ്യാന്‍ കഴിയും. പക്ഷേ ഒന്നും ചെയ്യുന്നില്ല. കൂടുതല്‍ കോപ്പി ചിലവഴിക്കാന്‍ പ്ലേഗാണ്‌ ഏതായാലും നല്ലത്‌.

നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്ന മട്ടിലുള്ള നിസ്സഹായതയുടേതായ ഒരു സ്ഥിരം സങ്കല്‍പ്പം രൂഢമൂലമാക്കുന്നതില്‍, പ്ലേഗ്‌, പടിഞ്ഞാറന്‍ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്‌. മൂഷികവാഹനനായ ഗണപതിയെ ആരാധിക്കുന്ന ഒരു രാജ്യത്തിലായതുകൊണ്ടാണ്‌ പ്ലേഗ്‌ പടരുന്നതെന്നു പോലും പടച്ചു വിട്ടു ഒരു ലണ്ടന്‍ പത്രം. എലികളെ കൊല്ലുന്നതില്‍ നിന്നും നാട്ടുകാരെ വിലക്കി ഈ വാര്‍ത്ത. മാത്രമല്ല, ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യമായ ധൈര്യവും സാഹസികതയും ആര്‍ക്കും ഉണ്ടായതുമില്ല. പ്രത്യേകിച്ചും, പതിമൂന്നാം നൂറ്റാണ്ടില്‍ യൂറൊപ്പിലാകമാനം പടര്‍ന്നതും, ഇപ്പോള്‍ 'മൂന്നാം രാജ്യങ്ങളെപ്പോലെ പ്രാകൃതമായ പ്രദേശങ്ങളില്‍' മാത്രം കണ്ടുവരുന്നതുമായ രോഗമായിരുന്നു ഇതെന്നതുകൊണ്ട്‌. എല്ലാവര്‍ഷവും, വടക്കേ അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ഇതുണ്ടാകുന്നുണ്ട്‌. പ്രത്യേകിച്ചും, യാത്രാ സംഘങ്ങള്‍ക്കും, പദസഞ്ചാരികള്‍ക്കും യാത്രക്കിടയില്‍ എലിവര്‍ഗ്ഗങ്ങളില്‍നിന്നും ഇത്തരം രോഗങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍. ഈ വിവരം, ലോകാരോഗ്യ സംഘടന തന്നെ പുറത്തു വിട്ടിട്ടുമുണ്ട്‌. പക്ഷെ, ഇതൊന്നും നമ്മുടെ 'കഥകളു'മായി യോജിക്കാത്തതുകൊണ്ട്‌, ഉള്ളിലെ പേജുകളില്‍ തമസ്ക്കരിക്കപ്പെടുന്നു. പക്ഷേ, ഇന്ത്യയുടെ യഥാര്‍ത്ഥമായ ആരോഗ്യപ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിയുമ്പോഴാണ്‌, ഇതിന്റെ പിന്നാമ്പുറങ്ങള്‍ വെളിവാവുന്നത്‌. സ്ഥായിയായ ചില മാതൃകകള്‍ അവതരിപ്പിക്കാനും ഫണ്ടിംഗ്‌ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദം ഉപയോഗിച്ച്‌, വികസ്വര രാജ്യങ്ങളില്‍ അത്‌ അടിച്ചേല്‍പ്പിക്കാനുമുള്ള പടിഞ്ഞാറിന്റെ വ്യഗ്രതയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ ഇത്‌ ഉയര്‍ത്തുന്നുണ്ട്‌.

ഉത്തര്‍ പ്രദേശിലെ ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടി 1992-ല്‍, യുസെയ്‌ഡ്(United States Agency for International Aid -USAID) ഇന്ത്യക്ക്‌ 325 മില്ല്യണ്‍ യു.എസ്‌.ഡോളറാണ്‌ നല്‍കിയത്‌. ഈ പദ്ധതി ഗൗരവതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍പോന്നതായിരുന്നു. അവശ്യമായ ആരോഗ്യ പരിചരണം ഒട്ടും ലഭിക്കാതിരുന്ന, അല്ലെങ്കില്‍ പേരിനുമാത്രം ലഭിച്ചിരുന്ന ദരിദ്രരായ ഗ്രാമീണവനിതകളില്‍ 'നോര്‍പ്ലാന്റ്‌' പോലുള്ള ഗര്‍ഭനിരോധന സാമഗ്രികള്‍ പ്രവേശിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. ഈ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ ഏറെക്കുറെ കയ്യൊഴിഞ്ഞിരുന്നു.

നേരെമറിച്ച്‌, വര്‍ഷാവര്‍ഷം, ലക്ഷക്കണക്കിനാളുകളെ കൊല്ലുകയും, ഇന്ത്യയുടെ പൊതുജനാരോഗ്യത്തിന്റെ ഏറ്റവും വലിയ ഭീഷണികളിലൊന്നുമായ ജല-ജന്യ രോഗങ്ങള്‍ക്ക്‌, ഇത്തരം ഫണ്ടുകള്‍ കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതിസാരം, വയറിളക്കം, സന്നിപാത ജ്വരം, വിഷൂചിക, ഹെപ്പറ്റൈറ്റിസ്‌ എന്നിവയൊക്കെ പെടുന്നു, ഇപ്പറഞ്ഞ ജല ജന്യ രോഗങ്ങളില്‍. മലമ്പനി പോലുള്ള ജല ജന്യ രോഗങ്ങളാകട്ടെ, പതിനായിരക്കണക്കിനു ജീവനുകളെയാണ്‌ എല്ലാ വര്‍ഷവും കൊയ്തെടുക്കുന്നത്‌.

ലോകത്തിലെ ആളുകളില്‍, ശുദ്ധവും, സുഭിക്ഷവുമായ ജലം കിട്ടാത്തവരില്‍ ഓരോ മൂന്നാമത്തെയാളും ഇന്ത്യക്കാരനാണ്‌. അതിസാരം മൂലം മരിക്കുന്ന ലോകത്തിലെ ഓരോ നാലുപേരിലും ഒരാള്‍ ഈ രാജ്യക്കാരനാണ്‌. ലോകത്തിലെ മൂന്ന് കുഷ്ഠരോഗികളെയെടുത്താല്‍ അവസാനത്തെയാള്‍ ഇന്ത്യക്കാരനായിരിക്കും. ജല-ജന്യ രോഗങ്ങള്‍കൊണ്ട്‌ ഭൂമിയില്‍ മരിക്കുന്ന ഓരോ നാലാമത്തെ ആളും നമ്മുടെ രാജ്യക്കാരന്‍ തന്നെയാണ്‌. ലോകത്തില്‍ ഏതു സമയത്തും കാണാവുന്ന 16 ദശലക്ഷം ക്ഷയരോഗികളില്‍, 12.7 ദശലക്ഷവും ഇന്ത്യയിലാണ്‌. ദശലക്ഷക്കണക്കിനാളുകളാണ്‌ പോഷകാഹാരക്കുറവുകൊണ്ട്‌ ദുരിതമനുഭവിക്കുന്നത്‌. അതാകട്ടെ, മരണത്തിലേക്കുവരെ നയിക്കാവുന്ന മറ്റു നിരവധി രോഗങ്ങളുടെ ഇരകളാക്കിത്തീര്‍ക്കുന്നു അവരെ. എന്നിട്ടും, പോഷകാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ ഔദ്യോഗിക നീക്കിയിരിപ്പ്‌ മൊത്തം ദേശീയോത്‌പാദനത്തിന്റെ ഒന്നര ശതമാനത്തിനും താഴെ മാത്രമാണ്‌.

പക്ഷേ, പ്ലേഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാരണം ഭീഷണി നേരിടുന്ന 'വിദേശ നിക്ഷേപ'വുമായി തട്ടിച്ചു നോക്കുമ്പോള്‍, ഈ ദശലക്ഷങ്ങള്‍ ഒന്നുമല്ല. പോരാ, മറ്റുള്ളവര്‍ (എന്നു വെച്ചാല്‍, വെള്ളക്കാരായ വിദേശികള്‍)തങ്ങളെക്കുറിച്ച്‌ എന്ത്‌ വിചാരിക്കുമെന്ന, ഇന്ത്യന്‍ സമ്പന്നവര്‍ഗ്ഗത്തിന്റെ നിരന്തരമായ ആധിയും ഇതിനു പിന്നിലുണ്ട്‌. പ്ലേഗിനെക്കുറിച്ചുള്ള ഏറ്റവും വലിയ അത്ഭുതം, അതു വരാന്‍ എന്തുകൊണ്ടാണിത്ര വൈകിയത്‌ എന്നതു മാത്രമാണ്‌. ഇത്രമാത്രം അശ്രദ്ധയോടെയും, നിരുത്തരവാദത്തോടെയും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങളെ സമീപിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍, ഇന്ത്യയെപ്പോലെ അധികമൊന്നും ഉണ്ടാവില്ല.

ഇന്ത്യന്‍ സര്‍ക്കാരുകള്‍ ഒരിക്കലും തങ്ങളുടെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 1.8 ശതമാനത്തിലും മീതെ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിട്ടില്ല. ഇപ്പോഴത്തെ (1995-ലെ)ചിലവ്‌ 1.3 ശതമാനമാണ്‌. നിക്കരാഗ്വ 6.7ഉം, ബ്രസീല്‍ 2.8-ഉം, ചൈന 2.1 ചിലവഴിക്കുമ്പോളാണ്‌ നമ്മുടെ ഈ 1.8 ശതമാനം. സ്വീഡന്‍ 7.9-ഉം, അമേരിക്ക 5.6 ആണ്‌ ആരോഗ്യരംഗത്ത്‌ ചിലവിടുന്നത്‌. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ മൊത്തം 5 ശതമാനമാണ്‌ ആരോഗ്യത്തിനുവേണ്ടി നീക്കിവെക്കുമെന്ന് ഇന്ത്യ പ്രതിജ്ഞ ചെയ്തത്‌. ഒരു നൂറ്റാണ്ടു കാലത്തെ വിദേശഭരണം, ചൂഷണം, ക്ഷാമം, മഹാമാരികള്‍ എന്നിവയില്‍ നിന്നു പുറത്തുവന്ന ഒരു രാജ്യമെന്ന നിലക്ക്‌, ഈ സംഖ്യ ഒരു വലിയ കാല്‍വെയ്പ്പായിരുന്നു. പക്ഷേ, എട്ടാം പഞ്ചവത്സര പദ്ധതിയോടെ ഇതു 1.7 ആവുകയും പിന്നീടുള്ള ഓരോ പദ്ധതിയിലും വീണ്ടും വീണ്ടും ചുരുങ്ങുകയും ചെയ്തു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, ചൈനയും ശ്രീലങ്കയുമൊക്കെ ഇന്ത്യയേക്കാളും ബഹുദൂരം മുന്നിലാണ്‌.

ആളുകളുടെ ആരോഗ്യചിലവിന്റെ 80 ശതമാനവും അവര്‍ തന്നെയാണ്‌ വഹിക്കുന്നത്‌. ജനസംഖ്യയുടെ എണ്‍പതു ശതമാനവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍, രാജ്യത്തിലെ ആശുപത്രിക്കിടക്കളുടെ വെറും 20 ശതമാനം മാത്രമേയുള്ളു. കടലാസ്സില്‍ മാത്രം നിലനില്‍ക്കുന്ന ആയിരക്കണക്കിനു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ ആയി ഒരു ഡോക്ടര്‍പോലും നിലവിലില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണിവ.

എന്നിട്ടും, നേഴ്സുമാരെക്കാളും കൂടുതലാണ്‌ ഇന്ത്യ ഉത്‌പാദിപ്പിക്കുന്ന ഡോക്റ്റര്‍മാരുടെ എണ്ണം. 1990-ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണം 381,978 ആയിരുന്നു, നേഴ്സുമാര്‍ 111,235-ഉം. 'വര്‍ഷത്തില്‍ ഇന്ത്യ 14000 ഡോക്റ്റര്‍മാരെയും, 8000 നേഴ്സുമാരേയും സൃഷ്ടിക്കുന്നു' എന്ന് 1995ല്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു പറഞ്ഞു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗത്തിന്റെ ചിലവില്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി, വിദേശത്ത്‌ സ്ഥിരതാമസമാക്കിയ നമ്മുടെ ഡോക്ടര്‍മാരില്‍, ചെറുതല്ലാത്ത ഒരു വിഭാഗം, ഇന്നു ചികില്‍സിക്കുന്നത്‌, അമേരിക്കയിലെ സമ്പന്നരെയാണ്‌. അതിനര്‍ത്ഥം, ഏറ്റവും ദരിദ്രരായ ആളുകള്‍, ഏറ്റവും സമ്പന്നരായ ചിലവരുടെ ആരോഗ്യത്തിനു സബ്‌സിഡി നല്‍കുന്നു എന്നതാണ്‌.

'മന്‍മോഹണോമിക്സി'ന്റെയും, ക്രൂരമായ പില്‍ക്കാല നിയന്ത്രണങ്ങളുടേയും ഫലമായി, ആരോഗ്യരംഗത്തേക്ക്‌ എറിഞ്ഞുകൊടുത്തിരുന്ന അപ്പക്കഷണങ്ങള്‍ പിന്നെയും കുറഞ്ഞുവന്നു. തന്മൂലം, പാവങ്ങളുടെമേലുള്ള സമ്മര്‍ദ്ദം പിന്നെയും വര്‍ദ്ധിച്ചു. ആവശ്യത്തിനു വിഭവങ്ങള്‍ ഇല്ലാത്തതൊന്നുമായിരുന്നില്ല ഒരിക്കലും കാരണം. 'സാമ്പത്തിക പരിഷ്ക്കാരങ്ങള്‍'ക്കു പേരെടുത്ത സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും, ഗുജറാത്തും. 1991 ആഗസ്റ്റിനും 1994 ആഗസ്റ്റിനുമിടക്ക്‌, 114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍) വിദേശനിക്ഷേപമായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളും പിടിച്ചെടുത്തത്‌. എന്നിട്ടും ഇവിടങ്ങളില്‍തന്നെയാണ്‌ പ്ലേഗു പൊട്ടിപ്പുറപ്പെട്ടതും. പരിഷ്ക്കാരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ, ഗുജറാത്ത്‌ പ്രതിശീര്‍ഷ വരുമാനത്തില്‍നിന്ന് 49 രൂപ മാത്രമേ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിരുന്നുള്ളു (പരിഷ്ക്കരണങ്ങളുടെ കാലത്ത്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നു). ഗുജറാത്തിനേക്കാളും സാമ്പത്തികമായി എത്രയോ ദരിദ്രമായ കേരളം പോലും 71 രൂപ ആരോഗ്യരംഗത്ത്‌ ചിലവഴിച്ചിരുന്നു.

ആരോഗ്യരംഗത്ത്‌ ഫണ്ടുകള്‍ എങ്ങിനെ ചിലവഴിക്കപ്പെടുന്നു എന്നതും വളരെ പ്രധാനമാണ്‌. കേരളം ഇവിടെയും മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ ശിശു മരണ നിരക്ക്‌ വെറും 17 ശതമാനമാണ്‌. ഗുജറാത്തിന്റേയും, മഹാരാഷ്ട്രയുടേതും യഥാക്രമം 73-ഉം,69-ഉം. ശരാശരി കേരളീയന്റെ ആയുര്‍ദൈര്‍ഘ്യം 72 ആയിരിക്കുമ്പോള്‍, ഗുജറാത്തില്‍ അത്‌ 61-ലും, മഹാരാഷ്ട്രയില്‍ 63-ലും നില്‍ക്കുന്നു. വിഭവങ്ങളുടെ ലഭ്യതയെപ്പോലെത്തന്നെ പ്രധാനമാണ്‌ ആളുകളുടെ ആരോഗ്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും. കേരളത്തിന്റെ ശിശു മരണ നിരക്കും, ആയുര്‍ദൈര്‍ഘ്യവും അമേരിക്കയുടേതിനു തുല്ല്യമാണ്‌. ഡോക്ടര്‍മാരേക്കാള്‍ അധികം നേഴ്സുമാരുള്ള രാജ്യത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനുണ്ട്‌.

പക്ഷേ കേരളം ഇന്ത്യയല്ലല്ലോ. ആരോഗ്യരംഗത്ത്‌ കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണങ്ങള്‍ ഗവണ്മെണ്ട്‌ കൊണ്ടുവന്നതോടെ, നഗരങ്ങളിലെ പൊതുസേവനങ്ങള്‍കൂടി തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. അതേ സമയം, സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളാകട്ടെ കൂടുതല്‍ ചിലവേറിയതും, ജനങ്ങളോട്‌ മറുപടി പറയാന്‍ ബാധ്യതയില്ലാത്തവരുമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ആ സ്വകാര്യമേഖലയെ കൂട്ടുപിടിച്ചാല്‍, അതിന്റെ ഫലം, ദരിദ്രരായ ആളുകള്‍ കൂടുതല്‍ പാപ്പരാവുക എന്നതു മാത്രമായിരിക്കും. ഗവണ്മെന്റിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ത്തന്നെ, ആ ഒരു പ്രവണതയ്ക്ക്‌ വേഗം പകരുന്നുണ്ട്‌. 1992-93-ലെ ബഡ്ജറ്റില്‍, ദേശീയ മലമ്പനി നിവാരണ പദ്ധതിക്കുള്ള പണം, കേന്ദ്രസര്‍ക്കാര്‍ 43 ശതമാനമായി കുറച്ചു. അതേ ബഡ്ജറ്റില്‍ത്തന്നെ, പത്ത്‌ ശതമാനം ആളുകള്‍ക്ക്‌, 4800 കോടി രൂപയുടെ നികുതിയിളവുകള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ മറന്നില്ല. മറ്റു ആരോഗ്യ പദ്ധതികളെയും ഇത്‌ വിനാശകരമായി ബാധിച്ചു.'തുള്ളി തുള്ളി സിദ്ധാന്ത'ത്തിന്റെ(പാവപ്പെട്ടവരില്‍ നിന്ന് തട്ടിപ്പറിച്ച്‌ സമ്പന്നര്‍ക്ക്‌ കൊടുത്ത്‌, അതില്‍നിന്ന് പാവപ്പെട്ടവര്‍ക്ക്‌ എത്ര തുള്ളികള്‍ തിരികെ ലഭിക്കുന്നു എന്ന് ശ്വാസമടക്കിപ്പിടിച്ച്‌ നോക്കിയിരിക്കുക) ഒരു ചെറിയ ഉദാഹരണമായിരുന്നു ഇത്‌. മുകളിലേക്കു ചോര്‍ന്നത്‌ പൈസയും, താഴേക്ക്‌ ചോര്‍ന്നത്‌ മലമ്പനിയുമായിരുന്നു. പ്ലേഗ്‌ വന്നതില്‍ ഇനിയും നിങ്ങള്‍ അത്ഭുതപ്പെടുന്നുവോ?

ഇതേ സമയത്തു തന്നെ, മുംബൈയില്‍ അഞ്ചാമത്തെ പഞ്ച നക്ഷത്ര ആശുപത്രി ഉത്‌ഘാടനം ചെയ്യപ്പെട്ടിരുന്നു. ഗ്രാമീണ ഇന്ത്യയിലാകട്ടെ, അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം11,000 എന്ന ഘട്ടം പിന്നിടുമ്പോള്‍ അവര്‍ ദാരിദ്ര്യരേഖക്കു മുകളിലാവുകയും ചെയ്യുന്നു. മുംബൈയിലെ ഏതെങ്കിലും ഒരു പഞ്ച നക്ഷത്ര ആശുപത്രിയിലെ ഒരാഴ്ച്ചത്തെ ചിലവു ഇതിന്റെ എത്രയോ പതിന്മടങ്ങു വരും. അപ്പോള്‍ എങ്ങിനെയാണ്‌ ഒരു സാധാരണ ഇന്ത്യക്കാരന്‌ തന്റെ ചികില്‍സ താങ്ങാനാവുക? എങ്ങിനെയാണ്‌ അവര്‍ തങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കുക. ഗ്രാമങ്ങളില്‍, ചികില്‍സ തേടിയെത്തുന്ന നൂറുപേരില്‍ ഒന്‍പതു പേര്‍ക്കു മാത്രമ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള സേവനം ലഭ്യമാവുന്നുള്ളു. പൊതുജനാരോഗ്യ സംവിധാനം അവരെ എങ്ങിനെയാണ്‌ സഹായിക്കുക? പോരാ, ഏറ്റവും ദരിദ്രരായ പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗങ്ങളെ, സമൂഹത്തിന്റെ ഒരു മേഖലയിലും പ്രവേശനം ലഭിക്കാത്ത ആ ആളുകളെ എങ്ങിനെയാണത്‌ പരിപാലിക്കുന്നത്‌?

ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ചില ജില്ലകളില്‍ മാസങ്ങള്‍ ചിലവഴിച്ച്‌ ഞാന്‍ അന്വേഷിച്ചത്‌, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു. ഇനി പറയാന്‍ പോകുന്ന, ബീഹാറില്‍ നിന്നുള്ള ഒരു കഥയും, ഒറീസ്സയില്‍ നിന്നുള്ള രണ്ടു കഥകളും ആ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനുവേണ്ടി, സ്വകാര്യ വസതികളായും,കാലിത്തൊഴുത്തായിപ്പോലും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, നാമമാത്രമായ പ്രവര്‍ത്തനം മാത്രം നടക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടിവന്നിട്ടുണ്ട്‌. രോഗികളുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരേ സമയം ദരിദ്രനും,രോഗിയുമായിരിക്കുക എന്നത്‌ ഏന്തുതരം അവസ്ഥയാണെന്നു മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്‌.





പരിഭാഷകന്റെ കുറിപ്പ് - ഇതില്‍ ഉദ്ധരിച്ചിട്ടുള്ള കണക്കുകളില്‍ നിന്ന് ഭീമമായ വ്യതിയാനം വന്നിട്ടുണ്ട് സമീപകാലത്ത്. ഡോക്ടര്‍-നേഴ്സുമാരുടെ അനുപാതവും, കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വ്വഹണശേഷിയും, 1995 നു ശേഷം ആരോഗ്യരംഗത്ത് സംസ്ഥാനം ചിലവഴിക്കുന്ന സംഖ്യയുമെല്ലാം കാര്യമായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു.

11 comments:

Rajeeve Chelanat said...

1994-ലെ പ്ലേഗിന്റെ പശ്ചാത്തലത്തില്‍, ആരോഗ്യ രംഗത്തെ ഭീഷണമാ‍യ അവസ്ഥയെക്കുറിച്ച് സായ്‌നാഥ് നടത്തിയ അവലോകനം.

വര്‍ക്കേഴ്സ് ഫോറം said...

പരിഭാഷ നന്നായിട്ടുണ്ട്.ഭാഷയും.

ഉദാഹരണത്തിന് “ 'നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും' എന്ന വിഷയത്തില്‍ ഏതെങ്കിലുമൊരു റോട്ടറി ക്ലബ്ബിനെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ കാണാന്‍ നമുക്ക്‌ ഭാഗ്യമുണ്ടായെന്നും വരാം”എന്ന വാചകത്തിലെ കത്തുന്ന(കുത്തുന്ന) നര്‍മ്മം ശ്രദ്ധേയമായി.
നോക്കൂ ! കണ്ണും കാതും തുറന്നു വച്ചിരുന്ന ഒരു പത്ര പ്രവര്‍ത്തകന്‍ എത്ര ദീര്‍ഘദൃഷ്ടിയോടാണ് (1995 ല്‍ തന്നെ)കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത് എന്ന്; “ 'മന്‍മോഹണോമിക്സി'ന്റെയും, ക്രൂരമായ പില്‍ക്കാല നിയന്ത്രണങ്ങളുടേയും ഫലമായി, ആരോഗ്യരംഗത്തേക്ക്‌ എറിഞ്ഞുകൊടുത്തിരുന്ന അപ്പക്കഷണങ്ങള്‍ പിന്നെയും കുറഞ്ഞുവന്നു. തന്മൂലം, പാവങ്ങളുടെമേലുള്ള സമ്മര്‍ദ്ദം പിന്നെയും വര്‍ദ്ധിച്ചു. ആവശ്യത്തിനു വിഭവങ്ങള്‍ ഇല്ലാത്തതൊന്നുമായിരുന്നില്ല ഒരിക്കലും കാരണം. 'സാമ്പത്തിക പരിഷ്ക്കാരങ്ങള്‍'ക്കു പേരെടുത്ത സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും, ഗുജറാത്തും. 1991 ആഗസ്റ്റിനും 1994 ആഗസ്റ്റിനുമിടക്ക്‌, 114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍) വിദേശനിക്ഷേപമായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളും പിടിച്ചെടുത്തത്‌. എന്നിട്ടും ഇവിടങ്ങളില്‍തന്നെയാണ്‌ പ്ലേഗു പൊട്ടിപ്പുറപ്പെട്ടതും”.

ബ്ലോഗിനോടുള്ള ഗൌരവപൂര്‍ണ്ണമായ ഈ സമീപനം അഭിനന്ദനം അര്‍ഹിക്കുന്നു.
ആശംസകള്‍

കണ്ണൂസ്‌ said...

ആരോഗ്യ രംഗത്തെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരു പിന്‍‌കുറിപ്പിട്ടതു നന്നായി. അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടേനെ പാവം സായിനാഥ് സര്‍.

ശിശുമരണത്തിന്റെ സ്റ്റാറ്റി ശരിയല്ലെന്ന് തോന്നുന്നു. അറുപത്തി ഒന്‍പത് ശതമാനം ആവാന്‍ വഴിയില്ല അത്. ആയിരത്തിന്‌ അറുപത്തി ഒന്‍പത് ആയിരിക്കും.

തൊണ്ണൂറ്റി അഞ്ചിന്‌ ശേഷം ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് ആരോഗ്യ രംഗത്ത് എന്ന് സമ്മതിക്കേന്ടി വരും. പോളിയോ, ഹെപറ്റിറ്റിസ്, ടൈഫോയിഡ് ഒക്കെ ശരിക്കും കുറഞ്ഞിട്ടുണ്ട് എന്നാണ്‌ സര്‍ക്കാര്‍ കണക്കുകളെങ്കിലും പറയുന്നത്. അതിസാരത്തിന്റേയും മറ്റും കാര്യത്തില്‍ ഇനിയും പുരോഗതി നേടേണ്ടിയിരിക്കുന്നു. (മലമ്പനി ഒരു ജലജന്യ രോഗമാണോ?)

Rajeeve Chelanat said...

കണ്ണൂസ്

മലമ്പനിയുടെ (സാര്‍ഥ)വാഹകര്‍ കൊതുകുകള്‍ ആണെങ്കിലും, അതൊരു ജല-ജന്യ രോഗം തന്നെയാണ് എന്നാണ് വൈദ്യശാസ്ത്രം കല്‍പ്പിച്ചിരിക്കുന്നത്.

ശിശുമരണനിരക്ക് കേരളത്തില്‍ വളരെക്കുറവാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളില്‍ അത്ര നല്ലതല്ല.

കേരളത്തിലെ ആരോഗ്യരംഗം പൊതുവായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും, അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തിനാകുന്നത്, ആ രംഗത്ത് (വിദ്യഭ്യാസത്തിന്റെ കാര്യത്തിലെന്ന പോലെ)കേരളം നേടിയ പൊതുവായ മേല്‍ക്കയ്യിന്റെ ബലത്തില്‍ തന്നെയാണ്.

കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളില്‍ കേരളവും, (ഇന്ത്യ പൊതുവെയും)സമീപകാലത്തു തന്നെ വന്‍‌ പ്രതിസന്ധി നേരിടുമെന്നു തന്നെയാണ്, നമുക്കു കിട്ടുന്ന സമീപകാല സൂചനകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.

മൂര്‍ത്തി said...

രാജീവ്, കണ്ണൂസ് പറഞ്ഞ കണക്കിലെ സംശയം എനിക്കും ഉണ്ടായി. ശിശുമരണ നിരക്ക് 17% ആണോ 1000ല്‍ 17 ആണോ? ചെക്ക് ചെയ്യുമല്ലൊ. ഇവിടേയും എന്തോ കുഴപ്പം “114,000 രൂപയുടെ (38 ബില്ല്യണ്‍ ഡോളര്‍)“

സുനാമി വന്നപ്പോള്‍ ആ മുന്നറിയിപ്പ് വേണ്ടത്ര ജാഗ്രതയോടെ ഇവിടെക്കെത്താതിരുന്നതിനു കാരണം സുനാമി അവികസിത രാജ്യങ്ങളുടെ ഭാഗത്തേക്കാണ് എത്തുക എന്നും അതിനിത്ര പ്രാധാന്യം മതി എന്നും ആദ്യം ഇതിനെക്കുറിച്ചറിഞ്ഞ കേന്ദ്രങ്ങള്‍ക്ക് തോന്നി എന്നതുകൊണ്ട് കൂടിയാണെന്ന് വായിച്ചത് ഓര്‍ക്കുന്നു. ടെക്‍നോളജിയുടെ വര്‍ഗ പക്ഷപാതം ഇതില്‍ നിന്നറിയാം എന്നതായിരുന്നു ആ എഴുത്തിന്റെ കാതല്‍. വികസിത രാജ്യങ്ങളായിരുന്നു സുനാമി ഇരകളെങ്കില്‍ ഈ അലംഭാവം ഉണ്ടാവില്ലായിരുന്നു എന്നും.

ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നു തന്നെയാണ് സൂചനകള്‍. സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍‌വാങ്ങുന്നത് പ്രശ്നം ഗുരുതരമാക്കുകയേ ഉള്ളൂ..

Unknown said...

ശ്രദ്ധയോടെ വായിക്കുകയും പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന ബ്ലോഗാണ് ഇത്. അഭിനന്ദനങ്ങള്‍.

കണ്ണൂസ്‌ said...

ശിശുമരണ നിരക്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ ഇവിടെയുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും നില മെച്ചപ്പെടുത്തിയപ്പോള്‍ കേരളം മുപ്പത് ശതമാനം കൂട്ടി. ഇപ്പോഴും സാങ്കേതികമായി വളരെ മുന്നിലാണെങ്കിലും നമ്മുടെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥയുടെ ഒരു പ്രതിഫലനം തന്നെയാണ്‌ ഇത്.

അഴിമതി, കെടുകാര്യസ്ഥത, മെയിന്റനന്‍സ് ഇല്ലായ്മ എന്നിവതന്നെയാണ്‌ ഇതിന്‌ കാരണം.

രണ്ടായിരത്തി ഏഴിലെ കണക്കുകള്‍ ഇന്ത്യ വീണ്ടും വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളില്‍ ഒന്ന് നമ്മുടേതാണ്‌.

Rajeeve Chelanat said...

പ്രിയപ്പെട്ട മൂര്‍ത്തീ,

ശരിയാണ്. 114000 കോടി രൂപ എന്നായിരുന്നു വേണ്ടത്. സായ്‌നാഥ് എഴുതിയതും അതു തന്നെയായിരുന്നു. തെറ്റ് എന്റേതാണ്. ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയെ പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശത്തിനുപയോഗിക്കുന്ന രീതി അമേരിക്കയുടെയും (ഏഷന്‍ ഭീമന്മാരുടെപോലും) കാര്‍മ്മികത്വത്തില്‍ നടക്കുന്നത് നമ്മള്‍ കാണുന്നുമുണ്ടല്ലോ.

മൂര്‍ത്തീ, കണ്ണൂസ്,

72, 61, 69 (യഥാക്രമം കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര) എന്നീ കണക്കുകള്‍ ആയുര്‍ദൈര്‍ഘ്യത്തിനെക്കുറിച്ചുളളതാണ്.ശതമാനത്തിലല്ല.

കേരളത്തിലെ ശിശുമരണനിരക്ക് (17)1000-ല്‍ ആവാനേ വഴിയുള്ളു.

ഇനി വരുന്ന ഭാഗങ്ങളിലും, ഇത്തരത്തിലുള്ള വസ്തുതാപരമായോ അല്ലാത്തവയോ ആയ തെറ്റുകള്‍ വരുമ്പോള്‍ അവ ദയവുചെയ്ത് ചൂണ്ടിക്കാണിച്ചുതരാന്‍ അപേക്ഷ. നിങ്ങളെപ്പോലുള്ളവരുടെ സദാ ജാഗ്രത്തായ മനസ്സും, ഗൌരവപൂര്‍ണ്ണമായ വായനയും, എന്റെ പരിഭാഷാ ശ്രമത്തിനു കൂടുതല്‍ ശക്തി പകരുന്നു.

ശ്രദ്ധയോടെ ഈ ലേഖനങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഫോറത്തിലെ സഖാക്കള്‍ക്കും, മറ്റെല്ലാവര്‍ക്കും
നന്ദി.

സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്

Unknown said...

വായിച്ചു. അഭിനന്ദനങ്ങള്‍!

എതിരന്‍ കതിരവന്‍ said...

“ലോകത്തെ ആളുകളില്‍....” എന്ന ഖണ്ഡികയാണ് സത്യമായിട്ട് അധികാരികള്‍ വായിച്ചറിയേണ്ടത്. പാശ്ചാത്യരാജ്യങ്ങള്‍ സ്റ്റാറ്റിറ്റിക്സിലൂടെയാണ് പ്രശ്നങ്ങ്നളുടെ ഗൌരവം നിരീക്ഷിച്ച് പ്രതിവിധികള്‍ തേടുന്നത്. ഇന്‍ഡ്യയാകട്ടെ ഇത്തരം സത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ആണവ കരാര്‍ മുതലായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞും തിരിച്ചും വഴി മാറി നടക്കുന്നു.“കേരളാ മോഡല്‍” എങ്ങോട്ട് എന്ന് മലയാളികളും ചോദിക്കട്ടെ.

Mr. K# said...

പരിഭാഷപ്പെടുത്തിയതിനു നന്ദി. വായിച്ചിരിക്കേണ്ട ലേഖനം.