അദ്ധ്യായം 1 - ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസം
"വിദ്യാഭ്യാസത്തിനെക്കുറിച്ച് മൂന്നു കഥകള്‍ മാത്രം? അത്രയേയുള്ളോ?" സുഹൃത്ത് ചോദിക്കുന്നു.
അതെ.അത്രയേ ഉള്ളു. ഞാന്‍ പോയ സ്ഥലങ്ങളില്‍ അല്‍പം കൂടി വിദ്യാഭ്യാസം കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ,വിദ്യാഭ്യാസത്തിനെക്കുറിച്ച് അല്‍പം കൂടി എഴുതാന്‍ എനിക്കു സാധിക്കുമായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയില്‍ ഞാന്‍ ഇതുവരെ പ്രസിദ്ധീകരിച്ച മുപ്പതോളം റിപ്പോര്‍ട്ടുകള്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലെ സ്കൂളുകളെക്കുറിച്ചുള്ളവയായിരുന്നു. അധികവും, അദ്ധ്യാപകരില്ലാത്ത സ്കൂളുകള്‍, അല്ലെങ്കില്‍, പഠനം നടക്കാത്ത സ്കൂളുകള്‍. അതുമല്ലെങ്കില്‍ കുട്ടികളില്ലാത്ത സ്കൂളുകള്‍. ഇതൊന്നുമല്ലെങ്കില്‍, സ്കൂളുകളേ ഇല്ലാതിരുന്നതിനെക്കുറിച്ച്. അവയെക്കുറിച്ചുള്ള സൂചനകള്‍ ഈ പുസ്തകത്തിലുണ്ട്. തന്റെ ആളുകള്‍ക്ക് ഇന്ത്യ കൊടുക്കുന്ന വിദ്യാഭ്യാസത്തിന്റെ ഒരു ഏകദേശ ചിത്രം നല്‍കാന്‍ സഹായിക്കുന്ന മൂന്നെണ്ണത്തില്‍ മാത്രം കേന്ദ്രീകരിക്കുകയാവും കൂടുതല്‍ ഉചിതമെന്ന് എനിക്കു തോന്നി.
സ്കൂളില്‍ പോകുന്ന പ്രായക്കാരായ ഓരോ നൂറു കുട്ടികളിലും എഴുപതു പേര്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നു. പ്രൈമറി തലത്തില്‍ എത്തുന്നതിനുമുന്‍പു തന്നെ, അതില്‍ പകുതിപേരും പഠനം നിര്‍ത്തുന്നു. ബാക്കി വരുന്ന 35 പേരില്‍ പത്തിനും താഴെയാണ് എട്ടാം ക്ലാസ്സിലെത്തുന്നത്. ഏറി വന്നാല്‍, അഞ്ചുപേര്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നു. ഏകലവ്യ എന്ന ഭോപാല്‍ ആസ്ഥാനമായ ഒരു അനൗദ്യോഗിക സംഘടനയിലെ ഡോ.അനിത രാംപാല്‍ പറഞ്ഞ പോലെ, 'ഇത് കാണിക്കുന്നത്, നമ്മുടെ പൊതുവായ വിദ്യാഭ്യാസത്തിന്റെ ശരാശരി 'പ്രാപ്തി' 5 ശതമാനത്തില്‍ താഴെയാണ് എന്നാണ്".
ഇതിലും കുറവാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സ്കൂള്‍ പ്രവേശനത്തിന്റെ കണക്കുകളെ നിരര്‍ത്ഥകമാക്കുന്നു. സെന്‍സസ് സൂചിപ്പിക്കുന്നത്,179 ദശലക്ഷം കുട്ടികളില്‍, 6-നും 14-നും ഇടയിലുള്ള കുട്ടികളില്‍ പകുതിയില്‍ കുറവുപേര്‍ മാത്രമാണ് സ്കൂളില്‍ പോകുന്നത് എന്നാണ്. ഈ 179 പേരില്‍ 130 ദശലക്ഷം കുട്ടികള്‍ ഗ്രാമങ്ങളില്‍ നിന്നാണ്. അതില്‍ 57 ശതമാനം സ്കൂളിലല്ല ഉള്ളത്. 6-11 ഗ്രൂപ്പിലെ, മൂന്നിലൊന്നു ഭാഗം പെണ്‍കുട്ടികളാണ് സ്കൂളില്‍ പോവുന്നത്.
ഗ്രാമങ്ങളിലെ കുട്ടികളില്‍ ചിലര്‍ക്ക് സ്കൂളുകളില്‍ എത്താന്‍ തന്നെ ബുദ്ധിമുട്ടാണ്. നിലവിലുള്ള കണക്കുകള്‍ ഈ യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കുന്നതേയില്ല. ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗണ്‍സിലിന്റെ അഞ്ചാമത് അഖില ഭാരതീയ വിദ്യാഭ്യാസ സര്‍വ്വെ (1989) എടുക്കുക. ഗ്രാമങ്ങളിലെ 94 ശതമാനം കുട്ടികളെ 'സേവിക്കാന്‍' വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പ്രൈമറിസ്കൂളുണ്ടെന്നും, 85 ശതമാനം പേര്‍ക്കും മൂന്നു കിലോമീറ്ററിനുള്ളില്‍ ഒരു മദ്ധ്യ-തല സ്കൂളെങ്കിലും ഉണ്ടെന്നും ആ സര്‍വ്വെ കണ്ടെത്തുന്നു.
കേള്‍ക്കാന്‍ സുഖമുണ്ട്. ആ സ്ഥലങ്ങളും, സ്കൂളുകളും, അവിടേക്കെത്തിച്ചേരാനുള്ള ദുരിതങ്ങളും കാണാനാന്‍ കഴിയുന്നതു വരെ മാത്രം. 'നടന്നെത്താനുള്ള ദൂരം' എന്ന് വിദഗ്ദ്ധര്‍ പറയുമ്പോള്‍ ഈ ഘടകമൊന്നും പരിഗണനയില്‍ വരുന്നില്ല.
ഇന്ത്യയിലെ പ്രൈമറി സ്കൂളുകളില്‍ 60 ശതമാനത്തിലും ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപകന്‍ മാത്രമേയുള്ളു. കൂടിവന്നാല്‍ രണ്ട്. ഇതില്‍ മിക്കവയും ഗ്രാമങ്ങളിലാണ്. ഒരു സ്കൂളിനാവശ്യമായ മിനിമം സൗകര്യങ്ങള്‍പോലുമില്ല ഇവയില്‍. NCERT യുടെ അഞ്ചാമത്തെ സര്‍വ്വെ പ്രകാരം 5.29 ലക്ഷം പ്രൈമറി സ്കൂളുകളില്‍ പകുതിയിലധികവും കുടിവെള്ളമില്ലാത്തവയാണ്. 85 ശതമാനത്തിലും കക്കൂസുകളില്ല. 71,000 എണ്ണത്തിന് കെട്ടിടങ്ങളേയില്ല. ചില കെട്ടിടങ്ങളുടെ സ്ഥിതി ദയനീയമാണ്.
ബീഹാറിലെ പാലാമു, ഗൊഡ്ഡ ഭാഗങ്ങളില്‍ ധന്യപ്പുരകളായോ, തൊഴുത്തുകളായോ ഉപയോഗിക്കുന്ന സ്കൂളുകളുണ്ട്. വര്‍ഷങ്ങളായി അദ്ധ്യാപകരെ കണ്ടിട്ടില്ലാത്ത വിദ്യാലയങ്ങളുണ്ട്. അദ്ധ്യാപകരില്ലാത്ത 2,628 പ്രൈമറി സ്കൂളുകള്‍ നിലവിലുള്ളതായി അഞ്ചാം സര്‍വ്വെ കണ്ടെത്തുന്നു.
ഭരണഘടനയിലെ അദ്ധ്യായം 45 '14 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നലകണമെന്ന്" അനുശാസിക്കുന്നു.ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള 10 വര്‍ഷത്തിനകം ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നും വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, നമ്മുടെ കുട്ടികളോടുള്ള ഈ ഉത്തരവാദിത്ത്വത്തില്‍ നിന്നും നമ്മുടെ രാജ്യം നിരന്തരം ഒഴിഞ്ഞുമാറുകയാണ്.
പഞ്ചവത്സര പദ്ധതികളില്‍ വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവര്‍ക്ക് തികച്ചും വ്യതസ്തമായ ഒരു വീക്ഷണമാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. പദ്ധതിയുടെ പത്തില്‍ കുറയാത്ത ഒരു ഭാഗം വിദ്യാഭ്യാസത്തിനു വേണ്ടി സ്വതന്ത്ര ഇന്ത്യ നീക്കിവെക്കണമെന്ന് അവര്‍ ആശിച്ചു. ആ സ്വപ്നത്തെ ഇന്ത്യ സാക്ഷാത്‌ക്കരിച്ചത്, അതിനെ ലംഘിച്ചുകൊണ്ടായിരുന്നു.
ആദ്യത്തെ പഞ്ചവത്സര പദ്ധതി വിദ്യാഭ്യാസത്തിന് 7.86 ശതമാനം വകയിരുത്തിയപ്പോള്‍, തുടര്‍ന്നു വന്ന പദ്ധതിയില്‍ അത് 5.83 ആയി കുറഞ്ഞു. അഞ്ചാമത്തെ പദ്ധതിയോടെ അത് 3.27 ആയി പിന്നെയും താഴ്‌ന്നു. ഏഴാം പദ്ധതിയില്‍ അത് 3.5 ശതമാനമായി.തന്റെ മക്കളുടെ പഠിപ്പിന്റെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്തോറും അതിനു വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ നിരന്തരമായി ഇന്ത്യ കുറവു വരുത്തിക്കൊണ്ടിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം ധന വിനിയോഗം കണക്കാക്കിയാലും കാര്യങ്ങള്‍ തൃപ്തികരമല്ല. വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യ ഇപ്പോള്‍ ചിലവഴിക്കുന്ന പൈസ മൊത്തം ദേശീയോത്‌പാദനത്തിന്റെ 3.5 ശതമാനം പോലും വരില്ല. ഏറ്റവും ചുരുങ്ങിയത്, 6 ശതമാനമെങ്കിലും ആയിരിക്കണമെന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നു. ടാന്‍സാനിയ തങ്ങളുടെ ദേശീയോത്‌പാദനത്തിന്റെ 4.3-ഉം, കെനിയ 6.7-ഉം, മലേഷ്യ 7.8-ഉം, വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമ്പോഴാണ് നമ്മുടെ ഈ കണക്ക്.
ധനസഹായത്തില്‍ വരുത്തുന്ന കുറവും, കരുതിക്കൂട്ടിയുള്ള അശ്രദ്ധയും ഏറ്റവും ദരിദ്രരായവര്‍ക്കും, ദുര്‍ബ്ബലരായവര്‍ക്കും കനത്ത ആഘാതമാണ് നല്‍കുന്നത്. പഠനത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ, താഴേക്കിടയിലുള്ളവര്‍ പുറത്താക്കപ്പെടുന്നു. ഒരു കണക്കുപ്രകാരം, കൊഴിഞ്ഞുപോകുന്നവരില്‍ 40 ശതമാനവും സാമ്പത്തിക കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. കൂടുതല്‍ ഭാഗ്യം കെട്ടവരില്‍ നിരവധി കാരണങ്ങളും.
ആണ്‍കുട്ടികളേക്കാളധികം പെണ്‍കുട്ടികളാണ് കൊഴിഞ്ഞുപോകുന്നത്. പെണ്‍കുട്ടികളേക്കാള്‍ ഒന്നര ഇരട്ടി ആണ്‍കുട്ടികളാണ് സ്കൂളുകളില്‍ പഠിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍, വ്യത്യാസം ഇതിലും കൂടുതലാണ്. ഒരു എന്‍.ജി.ഓ പ്രവര്‍ത്തകനായ ഡോ.അനില്‍ സത്ഗോപാല്‍ ചൂണ്ടിക്കാണിച്ചതുപോലെ, സ്ത്രീ സാക്ഷരത 10 ശതമാനത്തിലും താഴെയുള്ള 123 ജില്ലകള്‍ ഇന്ത്യയിലുണ്ട്. ദേശീയ സ്ത്രീ സാക്ഷരതാ ശതമാനം കഷ്ടിച്ച് 40 മാത്രമാണ്.
പട്ടിക ജാതി/വര്‍ഗ്ഗക്കാരും അല്ലാത്തവരുമായ വിദ്യഭ്യാസപരമായ അന്തരം 1961-നും 1981-നുമിടക്ക് വളരെയധികം വര്‍ദ്ധിച്ചു. ദളിത് സ്ത്രീകളുടെ സാക്ഷരത, ദേശീയ തലത്തില്‍ 10.9 ശതമാനമാണ്. ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ അത് 8 ശതമാനം മാത്രം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരുടെയിടയില്‍ നിന്നുള്ള അദ്ധ്യാപകര്‍ വളരെക്കുറവാണ്. പല ജില്ലകളിലും ഇവര്‍ ഒരു ഭൂരിപക്ഷമാണെങ്കിലും, അതൊരിക്കലും സ്കൂള്‍ അദ്ധ്യാപന രംഗത്ത് പ്രതിഫലിക്കുന്നില്ല.
ശരിയാണ്, പല ദരിദ്ര ഗ്രാമീണരും മിക്കയ്പ്പോഴും തങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച സ്കൂളുകളുടെ സമീപത്തുപോലും പോവാറില്ല. സമ്മതിച്ചു. പക്ഷേ ഇത്, അവര്‍ക്കൊരിക്കലും ഇത്തരം സൗകര്യങ്ങള്‍ ആവശ്യമില്ല എന്ന മട്ടിലുള്ള ഒരു വിധിപ്രസ്താവത്തിലേക്ക് നമ്മെ നയിച്ചുകൂടാ. സമ്പന്നര്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതിനു വിരുദ്ധമായി, പാവങ്ങള്‍ക്കും അവരുടെ മക്കളെ പാഠശാലകളിലേക്കയക്കാന്‍ ആഗ്രഹമുണ്ട്. സ്കൂളുകളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ഉപരിവിദ്യാഭ്യാസത്തിനുള്ള എന്തെങ്കിലും ഒരു സ്ഥാപനം,അത് ഒരു ഫലിതം പോലുമല്ല പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍.
പാവപ്പെട്ടവര്‍ക്ക് വിദ്യ നിഷേധിക്കല്‍ വളരെ പണ്ടേ തുടങ്ങിവെച്ചതാണ്. മനുസ്മൃതിയുടെ നിയമ-രാഷ്ട്രീയ സംവിധാനം, ശൂദ്രനു വിദ്യ നിഷേധിച്ചിരുന്നു. വിദ്യ എന്നാല്‍ അന്ന്, വേദമെന്നായിരുന്നു അര്‍ത്ഥം. വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് മനുസ്മൃതി ശാസിച്ചു. വേദമുച്ചരിക്കാന്‍ ധൈര്യപ്പെട്ടാല്‍ അവന്റെ ശരീരം വെട്ടിനുറുക്കണമെന്നും. ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് അറിയാനുള്ള അവകാശത്തെ പ്രാചീനര്‍ നിര്‍വചിച്ചിരുന്നത്.
ആധുനിക രാഷ്ട്രത്തില്‍, 'താണ ജാതിക്കാരനും' വോട്ടവകാശം ലഭിച്ചപ്പോള്‍, സമ്പന്നര്‍ സ്ഥിതിയില്‍ അല്‍പ്പം മാറ്റം വരുത്തി. പറയുമ്പോള്‍ ശരികള്‍ പറയുക. എന്നാല്‍ പ്രവേശനം നിഷേധിക്കുക. വലിയ സമ്മര്‍ദ്ദങ്ങള്‍ വരുമ്പോള്‍ സൗജന്യങ്ങള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. അല്‍പം വളയുന്നു. വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുന്നു. ഒരെഴുത്തുകാരന്‍ പറഞ്ഞപോലെ, പാവങ്ങള്‍ക്ക് അക്ഷരജ്ഞാനവും വിദ്യാഭ്യാസവും ലഭിക്കുമ്പോള്‍, പണക്കാര്‍ക്ക് അവരുടെ അമാലന്മാരെ നഷ്ടപ്പെടുന്നു.
അതുകൊണ്ട് ഏറ്റവും അധികം അനുഭവിക്കേണ്ടിവരുന്നത് ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമാണ്. ചുരുക്കം പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളാണ് വിദ്യാലയങ്ങളില്‍ ചേരുന്നതുതന്നെ. അവരിലെ കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്.പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാരല്ലാത്തവരില്‍ നൂറുപേരില്‍ അറുപതുപേര്‍ മാത്രമാണ് ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളില്‍ വെച്ച് കൊഴിഞ്ഞുപോകുന്നത്. ദളിതുകളില്‍ ഇത് നൂറില്‍ എഴുപതും, ഗോത്രവര്‍ഗ്ഗങ്ങളില്‍ എന്‍പതുമാണ്. അങ്ങിനെ, എട്ടാം ക്ലാസ്സിലേക്ക് എത്തുമ്പോഴേക്ക്, വിദ്യാഭ്യാസം ഏറ്റവും ആവശ്യമായ ഒരു കൂട്ടര്‍ അതില്‍ നിന്നും പുറംതള്ളപ്പെടുന്നു.
കേള്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. സമീപകാലത്ത്, സര്‍ക്കാരുകള്‍ സാക്ഷരത വളര്‍ത്തുന്നതിനെക്കുറിച്ച് ആവേശത്തോടെ സംസരിക്കുന്നുണ്ട്. ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു ദേശീയ സാക്ഷരതാ മിഷനും ഉണ്ട്. അതിന്റെ ചില ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങങ്ങളും പിന്തുണ അര്‍ഹിക്കുമ്പോള്‍തന്നെ, ഇതിനൊരു മറുവശമുണ്ട്. കുട്ടികളോടുള്ള ഉത്തരവാദിത്ത്വം കയ്യൊഴിയുന്ന ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാക്ഷരത എന്നതിന് മറ്റൊരു അര്‍ത്ഥതലമുണ്ട്. കാലക്രമത്തില്‍, സാക്ഷരതയെ, വിദ്യഭ്യാസത്തിനു പകരം വെക്കാന്‍ അതിനു സാധിക്കുന്നു എന്ന നിലക്കാണത്.
സാക്ഷരതയെ ധര്‍മ്മമായി കണക്കാക്കുന്നത് ഒരു മാര്‍ഗ്ഗമാണ്. വിദ്യാഭ്യാസത്തിലുള്ള സര്‍ക്കാരിന്റെ പങ്കു കുറക്കാനുള്ള ഒരു ഉപകരണമായി അതു മാറുമ്പോള്‍ അത് മറ്റൊരു മാര്‍ഗ്ഗമാവുന്നു. ജനങ്ങളെ സാക്ഷരരാക്കുമ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ഒരു വിശേഷ ഔദാര്യം ചെയ്യുകയൊന്നുമല്ല. കുട്ടികളെ സ്കൂളുകളിലേക്കയക്കുമ്പോഴും സര്‍ക്കാര്‍ നിറവേറ്റുന്നത് ഔദാര്യമല്ല. അതൊരു കടമയാണ്. പക്ഷേ, ഏറ്റവും മോശമായ വിധത്തില്‍ ചെയ്യുന്ന ഒരു കടമ. സാക്ഷരത എന്നത് ഒരു സുപ്രധാന സാമൂഹിക ഉപകരണം മാത്രമാണ്. അതൊരിക്കലും, വിദ്യാഭ്യാസത്തിനു പകരമാവില്ല.
സാക്ഷരതാ പ്രസ്ഥാനം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. പലപ്പോഴും, ഔദ്യോഗിക തടസ്സങ്ങളെ നേരിട്ടുകൊണ്ടാണ് അതിനായിട്ടുള്ളതും. ഏതേതു പ്രദേശങ്ങളെ ഉദ്ദേശിച്ചാണോ അത് നടപ്പാക്കിയത്, ആ പ്രദേശങ്ങളിലെ ആളുകള്‍, തങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായും, ദൈനം-ദിന ആവശ്യങ്ങളുമായും ബന്ധപ്പെടുത്തി അതിനെ പ്രയോഗിച്ചപ്പോഴാണ് അത് തിളക്കമാര്‍ന്നത്. ഇത്, പൊതുവെ സര്‍ക്കാരുകളെ ഭയപ്പെടുത്താറുണ്ട്. സ്ത്രീകളെ സാക്ഷരരാക്കൂ, അവര്‍ കള്ളു ഷാപ്പുകള്‍ ഉപരോധിക്കും. പെണ്‍കുട്ടികള്‍ക്ക് എഴുതാനും വായിക്കാനുമൊക്കെ കഴിയുന്നത് നല്ലതു തന്നെയാണ്. പക്ഷേ, ഉദാഹരണത്തിന്, തമിഴ് നാടിന്റെ രാഷ്ട്രീയാടിത്തറ ഇളക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു വന്നാല്‍, അപ്പോള്‍ സംഗതി മാറി.
എവിടെയൊക്കെ സാക്ഷരത ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ടോ, അവിടെയൊക്കെ സ്കൂളുകളിലെ ഹാജര്‍ നില ഭേദപ്പെട്ടിട്ടുണ്ട്. തമിഴ് നാട്ടിലെ പുതുക്കോട്ട ഒരു നല്ല ഉദാഹരണമാണ്. അങ്ങിനെ, സാക്ഷരത വിദ്യാഭ്യാസ പ്രക്രിയക്ക് മുതല്‍ക്കൂട്ടാവുന്നു. പക്ഷേ അതൊരിക്കലും വിദ്യാഭ്യാസത്തിനു പകരമാവില്ല. എത്രയൊക്കെ വിജയങ്ങള്‍ ചില സ്ഥലങ്ങളില്‍ അവക്ക് അവകാശപ്പെടാന്‍ കഴിഞ്ഞാലും, നിങ്ങള്‍ക്ക് അവസാന കണക്കെടുപ്പ് നടത്താതിരിക്കാന്‍ കഴിയില്ല. അതത്ര സുഖമുള്ള കണക്കുമല്ല. കഷ്ടിച്ച്, 52 ശതമാനം ഇന്ത്യക്കാര്‍ മാത്രമേ സാക്ഷരരായിട്ടുള്ളു.
അമര്‍ത്യ സെന്നും ജീന്‍ ഡ്രെയും* സൂചിപ്പിച്ചപോലെ " ഇന്ത്യയിലെ സാക്ഷരതാ നിലവാരം ചൈനയിലേതിനേക്കാളും താഴെയാണ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, സാമ്പത്തിക വികാസം നേടുന്ന സമയത്തുതന്നെ, പല പൂര്‍വ്വ, ദക്ഷിണ-പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളും കൈവരിച്ചിരുന്ന സാക്ഷരതാ നിലവാരത്തേക്കാള്‍ പിന്നിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. ചൈനയും ഇന്ത്യയുമൊഴിച്ചുള്ള മറ്റു താഴ്‌ന്ന വരുമാന രാജ്യങ്ങളുടെ ശരാശരി നിലവാരത്തേക്കാള്‍ പിന്നിലാണ് നമ്മുടേത്. സബ്-സഹാറന്‍ ആഫ്രിക്കയുടെ സാക്ഷരതാ നിലവാരംപോലും നമ്മുടെതിനേക്കാള്‍ ഭേദമാണ്".
പക്ഷേ ഇന്ത്യാ രാജ്യത്തിന് കുറച്ചുകാലമായി മറ്റു ചില ആലോചനകളാണ് ഉള്ളില്‍. ഉദാഹരണത്തിന്, എങ്ങിനെയാണ് വിദ്യാഭ്യാസത്തില്‍ നിന്ന് തലയൂരേണ്ടതെന്ന്. ആ കടമ എങ്ങിനെയാണ് കയ്യൊഴിയേണ്ടതെന്ന്. നമ്മുടെ വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ ഒരു അവിഹിത ധനാഗമ മാര്‍ഗ്ഗത്തെയാണ് ഇത് സൃഷ്ടിച്ചത്. മാന്യന്മാരുടെ സഭകളില്‍ അനൗദ്യോഗിക വിദ്യാഭ്യാസമെന്നാണ് (NFE)ഇതിന്റെ പേര്‍. ഓരോ കാലത്തും, ഓരോരോ വേഷങ്ങളില്‍ വന്ന്, 1985-ലെ പുത്തന്‍ വിദ്യാഭ്യാസ നയത്തോടെ(NEP) അത് ശക്തി പ്രാപിച്ചു. ആ സമയത്ത് സര്‍ക്കാര്‍ പറഞ്ഞത്, ഏതാണ്ട് ഇരുപത്തഞ്ചു ദശലക്ഷം കുട്ടികള്‍ ഈ പുതിയ വിദ്യാഭ്യാസ നയത്തിന്‍ കീഴില്‍ വരുമെന്നാണ്.
ഈ പുതിയ സിദ്ധാന്തപ്രകാരം, മുഴുവന്‍ സമയ അദ്ധ്യാപകരെ പാടെ വിടുതലാക്കാന്‍ കഴിയും. തന്മൂലം, 95 ശതമാനം ചിലവുകള്‍ ലാഭിക്കാം. പരിശീലനം ലഭിക്കാത്ത 'ഇന്‍സ്ട്രക്റ്റര്‍'മാര്‍ പകരം വരും. പാഠശാലകളും ഇനി ആവശ്യമില്ല. അസൗകര്യങ്ങള്‍ നിറഞ്ഞ 'കേന്ദ്രങ്ങള്‍' മതിയാകും. പ്രവൃത്തിസമയം പൂജ്യം മുതല്‍ രണ്ടു മണിക്കൂര്‍ വരെ എത്രയുമാവാം. ഇന്ത്യയില്‍ 2.5 ലക്ഷം അനൗദ്യോഗിക വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ട്. ഡോ.അനിത രാംപാല്‍ പറയുന്നു "ഗ്രാമപ്രദേശങ്ങളിലെ പ്രൈമറിസ്കൂളുകളേക്കാള്‍ മോശമായ, ഒരു രണ്ടാംതരം സാധ്യതയാണ് ആളുകള്‍ക്ക് ഇതു നല്‍കിയത്".
അനിത ചൂണ്ടിക്കാണിച്ചപോലെ, മദ്ധ്യപ്രദേശില്‍ ഇത്തരം 35,000 'കേന്ദ്രങ്ങള്‍'ഉണ്ട്.. ഇവിടെ പ്രവേശനം നേടിയ ഏഴു ലക്ഷം കുട്ടികളില്‍, അഞ്ചാം ക്ലാസ്സ് പാസ്സായത്, വെറും 5 ശതമാനം ആണ്‍കുട്ടികളും, 3 ശതമാനം പെണ്‍കുട്ടികളുമാണ്.
ആളുകളുടെ അവകാശത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് എങ്ങിനെ ഈ അവസ്ഥയെ മാറ്റിമറിക്കാം എന്നതിനെക്കുറിച്ച്, സമ്പന്ന വര്‍ഗ്ഗം നിശ്ശബ്ദത പാലിക്കുന്നു. ക്ലാസ്സുമുറികള്‍ക്കകത്തെ പഠനത്തിന് ജനലക്ഷങ്ങളുടെ ജീവിതവുമായി പ്രത്യക്ഷ ബന്ധമൊന്നുമില്ലെങ്കില്‍, അതുണ്ടാക്കുകയല്ലേ വേണ്ടത്? പകരം ക്ലാസ്സുമുറികളെത്തന്നെ ഇല്ലാതാക്കുകയാണോ ചെയ്യുക? അനൗദ്യോഗിക വിദ്യാഭ്യാസത്തിന്റെ (NFE)മുദ്രാവാക്യം അന്നും ഇന്നും ഇതാണ്: സാര്‍വ്വത്രിക വിദ്യാഭ്യാസം ഇനി ഒരു ലക്ഷ്യമേയല്ല. മാന്യമായ വിദ്യാഭ്യാസത്തിന് എല്ലാ കുട്ടികള്‍ക്കും തുല്യ അവകാശമില്ല. പൊതുവായി പറഞ്ഞാല്‍, വ്യക്തമായും ഇന്ത്യന്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ നിലപാട് ഇതാണ്.
ഒരുപക്ഷേ പേരിനുമാത്രം ഒന്നോ രണ്ടോ 'മാതൃകാ' അനൗദ്യോഗിക കേന്ദ്രങ്ങള്‍ കണ്ടെന്നു വരാം. എല്ലാവര്‍ക്കും ഏതെങ്കിലുമൊന്നിനെക്കുറിച്ച് അറിവുണ്ടെന്നും വരാം. എന്നിരിക്കിലും കാര്യമായ പുരോഗതി കാണിക്കുന്ന വളരെയധികമൊന്നും നമുക്കില്ല. പാവപ്പെട്ടവര്‍ക്ക് ഒരു തരം പഠനം, പണക്കാര്‍ക്ക് മറ്റൊന്ന് എന്ന രീതിയില്‍, അനൗദ്യോഗിക വിദ്യാഭ്യാസം, വിദ്യാഭ്യാസ രംഗത്ത് ഒരു വ്യക്തമായ ജാതി വേര്‍തിരിവു കൂടി സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊന്നുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അനൗദ്യോഗിക വിദ്യാഭ്യാസം കണ്ടെത്തുകയും, ആസൂത്രണം ചെയ്യുകയും, അതു നടത്തി പൈസ കൊയ്യുകയും ചെയ്യുന്നവരും എല്ലാം ഔപചാരിക സമ്പ്രദായത്തിലൂടെ പഠനം ലഭിച്ചവര്‍ തന്നെയാണ്. അവരുടെ മക്കളും വളരെ വളരെ സാമ്പ്രദായികമായ വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കുന്നതും.
ഇതൊരു ലാഭകരമായ പരിപാടിയാണ്. പാവപ്പെട്ടവരിലേക്ക് വിദ്യാഭ്യാസമെത്തിക്കുക എന്ന ഈ മാമാങ്കത്തില്‍ കോടികളാണ് കൈമറിയുന്നത്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസമോ? പൂജ്യം. ഈ അനൗപചാരിക വിദ്യാഭ്യാസം ഈ പറഞ്ഞപോലെ ഇത്ര മഹത്തരമാണെങ്കില്‍, എന്തുകൊണ്ട് രാജ്യത്തിലെ എല്ലാ സ്കൂളുകളും അടപ്പിക്കുന്നില്ല? എല്ലാ കുട്ടികളേയും എന്തുകൊണ്ട് ഇതിനു കീഴില്‍ കൊണ്ടുവരുന്നില്ല? സുന്ദരന്മാരെ അത് നല്ലവണ്ണം വേദനിപ്പിക്കുമെന്നതുകൊണ്ടുതന്നെ.
ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു വകയിരുത്തിയിട്ടുള്ള പൈസക്ക് എന്താണ് സംഭവിക്കുന്നത്? മുംബൈ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിഭാഗത്തിലെ ഡോ.സീത പ്രഭു ഒരു കൗതുകകരമായ കാര്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യയിലെ ധാരാളം സ്കൂളുകള്‍ സ്വകാര്യ മാനേജ്‌മെന്റിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ അവക്കാവശ്യമായ ധനം വരുന്നതോ, പൊതുജനങ്ങളില്‍ നിന്നും. ഈ സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിലേക്കാണ്, സ്കൂളുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്ന തുകയുടെ 60 ശതമാനവും പോകുന്നത്. പ്രധാനപ്പെട്ട 14 സംസ്ഥാനങ്ങളില്‍, സാമൂഹ്യ സേവനത്തിനുവേണ്ടിയുള്ള സബ്‌സിഡികളുടെ 32 ശതമാനവും പോകുന്നത് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു വേണ്ടിയാണ്. ഇതിന്റെ പകുതി മാത്രമേ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി ചിലവിടുന്നുള്ളൂ. സമ്പന്നര്‍ നടത്തുന്ന, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക് ഒരിക്കലും സാമ്പത്തിക ദാരിദ്ര്യം അനുഭവപ്പെടുന്നതേയില്ല.
വിദ്യാഭ്യാസം പോലെ, ഇത്രയധികം വൃത്തികെട്ട പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുള്ള മറ്റധികം പൊതുസ്ഥലികളില്ല. സത്യം എല്ലാവര്‍ക്കും ബോധ്യമുണ്ടെങ്കിലും, ഇപ്പോഴും അത് നടന്നുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിനു തീര്‍ച്ചയായും അതറിയുകയും ചെയ്യാം. ചില അടിസ്ഥാന വസ്തുതകള്‍ ബാക്കി നില്‍ക്കുന്നുണ്ട്, അതില്ലെങ്കില്‍പിന്നെ മറ്റൊന്നുകൊണ്ടും വലിയ കാര്യവുമില്ലെന്നു കാണാം. അതിലൊന്നാണ്, ഒരു എളിയ തുടക്കം എന്ന നിലക്കെങ്കിലും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്നത്. ഗ്രാമത്തിലേയൊ, നഗരത്തിലേയോ, ഏതു കുട്ടികളുമാകട്ടെ, എല്ലാവര്‍ക്കും അതിന് അവകാശമുണ്ട്.
ഇതുകൊണ്ട് മറ്റൊരു ഗുണവുമുണ്ട്. വിദ്യാഭ്യാസം സൗജന്യം മാത്രമല്ല, നിര്‍ബന്ധവുമാക്കേണ്ടതുണ്ട്, സെക്കന്‍ഡറി തലം വരെയെങ്കിലും. ബാലവേല എന്ന സമ്പ്രദായത്തെ അത് തരിപ്പണമാക്കും. ഈ സമ്പ്രദായമാണ് ഇന്ത്യയെ പലേ വിധത്തിലും ദോഷകരമായി ബാധിക്കുന്നത്. പല പ്രധാന ദേശീയ പ്രശ്നങ്ങളെയും നേരിടണമെങ്കില്‍, ആദ്യം നിങ്ങള്‍ ഈ സമ്പ്രദായത്തെ പിഴുതുമാറ്റേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രായപൂര്‍ത്തിയായവര്‍ക്ക് മിനിമം കൂലി എന്നിവയാണ് നമ്മുടെ പ്രധാന പ്രശ്നങ്ങളില്‍ ചിലത്.
വിദ്യാഭ്യാസത്തിനുവേണ്ടി നമ്മളിന്നു ചിലവഴിക്കുന്ന പൈസയുടെ തോത് തീര്‍ത്തും നിരാശാജനകമാണ്. മൊത്തം ദേശീയോത്‌പാദനത്തിന്റെ 6 ശതമാനമെങ്കിലും ഇതിലേക്കു മാറ്റിവയ്ക്കാതെ കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ല. ഈ ദക്ഷിണ-പൂര്‍വ്വേഷ്യന്‍ സാമ്പത്തിക 'കടുവകള്‍' എന്ന മട്ടിലൊക്കെയുള്ള മേനി പറച്ചിലുകളില്‍ വലിയൊരു കപടനാട്യം ഒളിഞ്ഞിരിപ്പുണ്ട്. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ഒരു രാജ്യമാവുമ്പോള്‍ വിശേഷിച്ചും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാവട്ടെ സ്ഥിതി ഇനിയും പരിതാപകരമാണ്. ഈ രാജ്യങ്ങള്‍ വിദ്യാഭ്യാസത്തിനുവേണ്ടി ചിലവഴിച്ച പൈസ പോലും ഇന്ത്യ ഇക്കാര്യത്തില്‍ ചിലവിടുന്നില്ല.
പൊതുവായ നിരക്ഷരതയും വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും ഇനിയും മറ്റു പല രീതിയിലും നമ്മെ ബാധിക്കും. ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാനപരമായ കഴിവുകളെ ഇത് മുരടിപ്പിക്കും. തന്മൂലം, സമ്പദ്‌വളര്‍ച്ചയും തകരും. ഈ രംഗത്ത് മൗലികമായ മാറ്റം നടപ്പാക്കിയില്ലെങ്കില്‍ ഒരു കാര്യമായ സാമ്പത്തിക പരിഷ്ക്കാരങ്ങളും ദീര്‍ഘകാലം നിലനില്‍ക്കാന്‍ പോവുന്നില്ല.
അപ്പോള്‍ എന്താണ് ഇന്ത്യയുടെ മുന്നിലുള്ള മാര്‍ഗ്ഗം? ജോണ്‍ ഗാല്‍ബ്രിത്ത്** ഒരിക്കല്‍ പറഞ്ഞപോലെ, " സാക്ഷരരായ ഒരു ജനതയും ദരിദ്രരല്ല. ദരിദ്രരല്ലാത്ത ഒരു നിരക്ഷര ജനതയുമില്ല".
* Jean Dreze - ബെല്‍ജിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഇന്ത്യയുടെ ദേശീയ ഉപദേശക കൗണ്‍സില്‍ അംഗംവും, ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ പ്രൊഫസ്സറും ആയിരുന്നു. ഇറാഖ് യുദ്ധത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും വളരെ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സമാധാന പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
** John Galbraith - കനേഡിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. വിജ്ഞാന്‍പ്രദങ്ങളായ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്. കെന്നഡിയുടെ കാലത്ത്, ഇന്ത്യന്‍ അംബാസ്സഡറായി സേവനം അനുഷ്ഠിച്ചിരുന്നു.
Subscribe to:
Post Comments (Atom)
8 comments:
ഭാഗം -3 ഈ വഴിയാണ് ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്.
ഇന്ത്യന്‍ വിദ്യാഭാസത്തിന്റെ രോഗഗ്രസ്തമായ ക്ലാസ്സുമുറികളിലൂടെ ഒരു സഞ്ചാരം. ആധുനിക വിദ്യാഭ്യാസം സ്ര്‌ഷ്ടിക്കുന്ന പുതിയ തരം ജാതി-വ്യവസ്ഥയെക്കുറിച്ചും മറ്റും.
വിജ്ഞാനപ്രദമായ ഈ വിവറ്ത്തനം വള്രെ ശ്ലാഘനീയം:)
ബ്ലോഗ് സാഹിത്യത്തില്‍ ഇതൊരു പുത്തന്‍ ഉണര്‍വ്വും.:)
നന്ദി രാജീവ്,
സാക്ഷരതയെ ധര്‍മ്മമായി കണക്കാക്കുന്നത് ഒരു മാര്‍ഗ്ഗമാണ്. വിദ്യാഭ്യാസത്തിലുള്ള സര്‍ക്കാരിന്റെ പങ്കു കുറക്കാനുള്ള ഒരു ഉപകരണമായി അതു മാറുമ്പോള്‍ അത് മറ്റൊരു മാര്‍ഗ്ഗമാവുന്നു. ജനങ്ങളെ സാക്ഷരരാക്കുമ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ഒരു വിശേഷ ഔദാര്യം ചെയ്യുകയൊന്നുമല്ല. കുട്ടികളെ സ്കൂളുകളിലേക്കയക്കുമ്പോഴും സര്‍ക്കാര്‍ നിറവേറ്റുന്നത് ഔദാര്യമല്ല. അതൊരു കടമയാണ്. പക്ഷേ, ഏറ്റവും മോശമായ വിധത്തില്‍ ചെയ്യുന്ന ഒരു കടമ. സാക്ഷരത എന്നത് ഒരു സുപ്രധാന സാമൂഹിക ഉപകരണം മാത്രമാണ്. അതൊരിക്കലും, വിദ്യാഭ്യാസത്തിനു പകരമാവില്ല.
ഈ വരികള്‍ quote ചെയ്യാതിരിക്കുന്നതെങ്ങനെ?
National University of Educational Planning and Administration()
പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ ഈ ഈ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡ് .
നന്നായിരിക്കുന്നു , ഇന്ത്യന്‍ വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധികളുടെ വേരു തേടിയുള്ള സായിനാഥിന്റെ ഈ അന്വേഷണം.
1. ആദ്യത്തെ പഞ്ചവത്സര പദ്ധതി വിദ്യാഭ്യാസത്തിന് 7.86 ശതമാനം വകയിരുത്തിയപ്പോള്‍, തുടര്‍ന്നു വന്ന പദ്ധതിയില്‍ അത് 5.83 ആയും ഏഴാം പദ്ധതിയില്‍ അത് 3.5 ശതമാനവും ആയില്ലേ? ക്രമാനുഗതമായ ഈ കുറവ് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ലേ?
2. ക്ലാസ്സുമുറികള്‍ക്കകത്തെ പഠനത്തിന് ജനലക്ഷങ്ങളുടെ ജീവിതവുമായി പ്രത്യക്ഷ ബന്ധമൊന്നുമില്ലെങ്കില്‍, അതുണ്ടാക്കുകയല്ലേ വേണ്ടത്? പകരം ക്ലാസ്സുമുറികളെത്തന്നെ ഇല്ലാതാക്കുകയാണോ വേണ്ടത്?
3.അനൗപചാരിക വിദ്യാഭ്യാസം ഇത്ര മഹത്തരമാണെങ്കില്‍, എന്തുകൊണ്ട് രാജ്യത്തിലെ എല്ലാ സ്കൂളുകളും അടപ്പിക്കുന്നില്ല? എല്ലാ കുട്ടികളേയും എന്തുകൊണ്ട് ഇതിനു കീഴില്‍ കൊണ്ടുവരുന്നില്ല?
4.സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിലേക്കല്ലേ സ്കൂളുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്ന തുകയുടെ 60 ശതമാനവും പോകുന്നത്?
5.വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്നത് ഗ്രാമത്തിലേയൊ, നഗരത്തിലേയോ ആകട്ടെ, എല്ലാവരുടേയും അവകാശമല്ലേ?
6.വിദ്യാഭ്യാസം സെക്കന്‍ഡറി തലം വരെയെങ്കിലും സൗജന്യവും നിര്‍ബന്ധിതവുമാക്കുന്നതു മൂലം ബാലവേല എന്ന സമ്പ്രദായത്തെ ഇല്ലാതാക്കാനും പല ദേശീയ പ്രശ്നങ്ങളെയും നേരിടാനും കഴിയില്ലേ? എന്നീ ചോദ്യങ്ങള്‍ സമര്‍ത്ഥമായി ഉന്നയിച്ചിരിക്കുന്നു.
വര്‍ക്കേഴ് സ് ഫോറം ഈ ആശങ്കകള്‍ പങ്കു വക്കുന്നു.
ഗൌരവപൂര്‍വം ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് എല്ലാവിധ ഭാവുകങ്ങളും...തുടരുക ഈ സപര്യ
P.S .ഭരണഘടനയിലെ അദ്ധ്യായം 45 '14 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നലകണമെന്ന്" അനുശാസിക്കുന്നു എന്നത് ഭരണഘടനയിലെ അദ്ധ്യായം 45 അനുശാസിക്കുന്നത് 14 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നലകണമെന്നാണ് എന്നോ മറ്റോ എഴുതാമായിരുന്നില്ലേ?
ഒരു പാട് നന്ദി രാജീവ് മാഷേ. മുടങ്ങാതെ വായിക്കുന്നുണ്ട്.
രാജീവേട്ടാ ഇന്നു വായിച്ചു തുടങ്ങി. വളരെ നല്ല ഉദ്യമം. എല്ലാ ഭാവുകങ്ങളും.
ലേഖനങ്ങള്‍ തുടര്‍ച്ചയായി വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന മൂര്‍ത്തി, പ്രമോദ്, വര്‍ക്കേഴ്സു ഫോറം, ദില്‍ബു, കണ്ണൂസ്, ചിത്രകാരന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി.
ഈ പരിഭാഷയുടെ ഉദ്ദേശ്യം, ഒരു രാജ്യത്തിന്റെ പ്രശ്നങ്ങളെ എങ്ങിനെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ സമീപിക്കേണ്ടതെന്നും അവയെ നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ത്തന്നെ രാഷ്ട്രീയമായ പ്രതിബദ്ധത നിലനിര്‍ത്താന്‍ അയാള്‍ എങ്ങിനെയാണ് പ്രതിജ്ഞാബദ്ധനാവുന്നത് എന്നും സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. പ്രത്യേകിച്ചും, മാധ്യമ സിന്‍ഡിക്കേറ്റിന്റേയും, ‘എംബഡ്ഡഡ് പത്രപ്രവര്‍ത്തന‘ത്തിന്റേയും ഷെഹനായ് കുഴലൂത്തുകളുടേയും അശ്ലീല വര്‍ത്തമാന സാഹചര്യങ്ങളില്‍.
റോബര്‍ട്ട് ഫിസ്കിന്റെ GREAT WARS OF CIVILIZATION എന്ന പുസ്തകത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരു ഇറാനിയന്‍ യാത്രാ വിമാനം 1988-ല്‍ അമേരിക്ക വെടിവെച്ചിട്ട സംഭവം. ബന്ദര്‍ അബ്ബാസില്‍ നിന്നു 290 യാത്രക്കാരുമായി പറന്ന വിമാനത്തെ അമേരിക്ക വെടിവെച്ചിട്ടു. ആരും ജീവനോടെ അവശേഷിച്ചില്ല. ആ സംഭവത്തെപറ്റിയുള്ള ഫിസ്കിന്റെ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെതന്നെ പത്രം The Times തമസ്ക്കരിച്ചതിനെത്തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞ് ഫിസ്ക് The Independent എന്ന പത്രത്തിലേക്കു മാറി. വിമാനസംഭവം വിവരിക്കുന്നതിനിടക്കാണ് തന്റെ ജോലിസംബന്ധമായ ഈ കാര്യങ്ങളും ഫിസ്ക് എഴുതുന്നത്. എന്നിട്ടു അദ്ദേഹം സ്വയം ചോദിക്കുന്നുണ്ട്. “..290 ആളുകളുടെ മരണത്തിനിടക്ക് എന്തു കൊണ്ടാണ് ഞാന്‍ ‘ടൈംസ്’മായുള്ള എന്റെ ഈ പടലപ്പിണക്കം വിവരിക്കുന്നതെന്ന് അത്ഭുതപ്പെടുന്നവരെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്. ഉത്തരം ലളിതമാണ്.പത്രപ്രവര്‍ത്തകരെന്ന നിലക്ക്, വായനക്കാരിലേക്ക് സത്യസന്ധമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയാതിരുന്നാല്‍,റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം രക്തപങ്കിലമായ കഥകളില്‍ ഞങ്ങളും പങ്കു ചേരുകയായിരിക്കും ഫലം. ഒരു യാത്രാവിമാനത്തിനെ വെടിവെച്ചിട്ടതിനെക്കുറിച്ചുപോലും സത്യസന്ധമായി എഴുതാന്‍ കഴിയാതെ വന്നാല്‍-അത് യുദ്ധത്തില്‍ ഞങ്ങളുടെ രാജ്യത്തിന്റെ പങ്കിനെ വെളിപ്പെടുത്തുമെന്നതിനാലോ, ‘ദുഷ്ട’ രാജ്യങ്ങള്‍ എന്ന് ഞങ്ങള്‍ കരുതുന്ന ഒരു രാജ്യത്തിനെ ഈ സംഭവം ഒരു ‘ഇര’യായി ലോകശ്രദ്ധയില്‍ കാണിച്ചേക്കുമെന്നതിനാലോ, ഇനി അതുമല്ല, അത് ഞങ്ങളുടെ പത്രമുതലാളിയെ വിറളി പിടിപ്പിക്കുമെന്നതിനാലോ, എന്തുകൊണ്ടു തന്നെയായാലും-അപ്പോള്‍ ഞങ്ങളും ചെയ്യുന്നത്, ഇത്തരം യുദ്ധങ്ങളെ സ്ര്‌ഷ്ടിച്ച തരത്തിലുള്ള മുന്‍വിധികളെ നിര്‍മ്മിക്കുക എന്നതു തന്നെയായിരിക്കും.....ഒരു വിമാനത്തിനെ വെടിവെച്ചിടുമ്പോള്‍ അതിനെ അപലപിക്കാന്‍ സാധിക്കാതെ വന്നാല്‍, ഭാവിയിലും ഇതുപോലുള്ള കൂട്ടക്കൊലകളെ, ‘ സര്‍വ്വ സാധാരണം’ എന്നു പറഞ്ഞ് ഞങ്ങള്‍ക്ക് കൈ കഴുകേണ്ടിവരും...ഇനിയും ആകാശത്തുവെച്ച് ഇതുപോലെ നിരവധി വിമാനങ്ങളെ ഛിന്നഭിന്നമാക്കേണ്ടിവന്നേക്കും. വിനാശകാരിയാവാനും പത്രപ്രവര്‍ത്തനത്തിനു സാധിക്കും“.
ഇങ്ങനെയൊക്കെയാണ്, അല്ലെങ്കില്‍ ആവണം, പത്രഭാഷ, അതല്ലെങ്കില്‍ പത്രപ്രവര്‍ത്തകന്റെ പ്രതിബദ്ധത. അതല്ലാതെ “"ജന നേതാവിന്റെ കൂടെ ഒരു ദിവസം’ അല്ലെങ്കില്‍ “പ്രായം മറന്ന് പേട്ട തുള്ളി’ പോലുള്ള ഹ്യൂമന്‍ സ്റ്റോറികള്‍ എഴുതി സ്‌ഖലിക്കലല്ല.
Post a Comment