Thursday, August 23, 2007

അദ്ധ്യായം 4- രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും മലമ്പനി

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.

മല്‍കാങ്കിരി, നുവപാദ (ഒറീസ്സ)
1992-93-ല്‍ നുവപാദ ജില്ലയിലെ ബിരിഘട്ട്‌ ഗ്രാമത്തില്‍ ആളുകള്‍ മലമ്പനി പിടിപെട്ട്‌ മരിക്കാന്‍ തുടങ്ങുമ്പോള്‍, ഘനശ്യാമിനും സുഹൃത്തുക്കള്‍ക്കും, ആ മരണങ്ങളുടെ കണക്കെടുപ്പ്‌ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. അവര്‍ക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കുമത്‌ ചെയ്യാന്‍ ആവില്ല. ഖരിയാര്‍ ബ്ലോക്കില്‍ മാത്രം 17 മരണങ്ങള്‍ അവര്‍ രേഖപ്പെടുത്തി. 1994 ജനുവരിയില്‍ നാലുപേര്‍ കൂടി മരണസംഖ്യയില്‍ അംഗങ്ങളായി. ഈ മരണങ്ങളൊന്നും ഏതായാലും പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ രജിസ്റ്റ്രറില്‍ ഉണ്ടായിരുന്നില്ല.

സമീപത്തു തന്നെയുള്ള കുസ്മല്‍ ഗ്രാമത്തില്‍, 1993 ഡിസംബറിലും 1994 ജനുവരിയിലുമായി ആറുപേര്‍ കൂടി മരിച്ചു. തലേ വര്‍ഷത്തെ സംഖ്യ, ബിരിഘട്ടിന്റേതിനു തുല്ല്യമായിരുന്നു.ഖല്‍നയില്‍ വെച്ച്‌, ഇതുപോലെ മറ്റൊരു സര്‍വ്വെ നടത്തിയിരുന്ന ബീഹാറി ലാല്‍ സുനാനി പറഞ്ഞു. "ജനുവരിയിലും ഫെബ്രുവരിയിലുമായി ഈ ഗ്രാമത്തിലെ നാല്‍പ്പതു ശതമാനം ആളുകള്‍ക്കും മലമ്പനി പിടിപെട്ടിരുന്നു. കഴിഞ്ഞ കൊല്ലത്തെ മഴക്കാലത്തിനു ശേഷം കൂടുതല്‍ മോശമായിരിക്കുന്നു സ്ഥിതി". ഭൈസദാനിയിലെ ഗ്രാമമുഖ്യനായ ഘാസിറാം മാജി പറഞ്ഞതും ഇതു തന്നെയായിരുന്നു. മഴക്കാലത്തിനുശേഷം, ഒരു ഘട്ടത്തില്‍, ഓരോ വീട്ടിലും മലമ്പനി ബാധിച്ച്‌ നാലും അഞ്ചും ആളുകള്‍ ഉണ്ടായിരുന്നു."

ലോകത്തില്‍ ഇതു വരെ കണ്ടുപിടിക്കപ്പെട്ട നാലു വിവിധയിനം മലമ്പനി പരത്തുന്ന ഇത്തിള്‍ക്കണ്ണി വര്‍ഗ്ഗങ്ങള്‍ക്ക്‌ മല്‍കാങ്കിരി ആതിഥ്യം നല്‍കിയിരുന്നു. ഇതില്‍, മസ്തിഷ്ക മലമ്പനിക്ക്‌ കാരണമാകുന്ന plasmodium falciparum എന്ന വര്‍ഗ്ഗവും ഉള്‍പ്പെട്ടിരുന്നു.ആദ്യം കരുതിയിരുന്നത്‌, ഇന്ത്യയില്‍ ഇത്തരത്തിലുള്ള മൂന്നിനം രോഗണുക്കളേ ഉള്ളു എന്നാണ്‌. മലമ്പനി ശക്തമായ തിരിച്ചു വരവു നടത്തിയ പശ്ചിമ ഒറീസ്സയിലാണ്‌ മല്‍കാങ്കിരിയും നുവപാദയും സ്ഥിതി ചെയ്യുന്നത്‌.

ഏറ്റവും ദുരിതമനുഭവിക്കുന്നതും, രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്നതുമായ ജില്ലകളായിരുന്നു അവ. എന്തായാലും, സംഭവിക്കുന്നത്‌ എന്താണെന്നു അവര്‍ക്കൊരു ഏകദേശ ധാരണയുണ്ടായിരുന്നു.

"മൂന്നു നാലു വര്‍ഷങ്ങളായി ഒരു മരുന്നും തളിക്കുന്നില്ല ഞങ്ങളുടെ വീടുകളില്‍" പശ്ചിമ ഒറീസ്സ കൃഷിജീവി സംഘത്തിന്റെ തലവന്‍ ഘനശ്യാം ബിത്രിയ പറയുന്നു. "ഇനി, വല്ലപ്പോഴും മരുന്നുകള്‍ കിട്ടിയാല്‍ തന്നെ, അതൊട്ടും ഫലപ്രദമല്ല. കുടുംബാസൂത്രണ പരിപാടികള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഡോക്ടര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുള്ളു.ഇപ്പോള്‍ത്തന്നെ, ബിരിഘട്ടില്‍ മുപ്പതിലധികം മലമ്പനി രോഗികള്‍ ഉണ്ട്‌. അതിനെതിരെ ഒരു നയാ പൈസപോലും ഉപയോഗിക്കുന്നില്ല." ചില സ്ഥലങ്ങളില്‍, ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ മാസങ്ങളായി കിട്ടേണ്ട 50 രൂപ പോലും കിട്ടുന്നില്ല".

"ഞങ്ങളുടെ പഞ്ചായത്തിലെ ഒരേയൊരു മലമ്പനി പ്രതിരോധ പ്രവര്‍ത്തകനെ സ്ഥലം മാറ്റിയിട്ട്‌ ഇരുപത്‌ മാസമാവുന്നു" ഭൈസദാനിയിലെ സര്‍പാഞ്ച്‌ പറഞ്ഞു. "പകരം ആരും വന്നിട്ടില്ല. പൈസ കഷ്ടിയാണെന്നു തോന്നുന്നു". കഴിഞ്ഞ വര്‍ഷം മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൈസയില്‍ കാര്യമായ കുറവു വരുത്തിയിരുന്നുവെന്ന് സംശയിക്കുന്നതായി ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. "അത്യാവശ്യ ഘട്ടങ്ങളില്‍പ്പോലും, ക്ലോറോക്വിന്‍ ലഭ്യമായിരുന്നില്ല" മറ്റൊരു ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

അവര്‍ പറഞ്ഞത്‌ ഏറെക്കുറെ ശരിയായിരുന്നു. പുതിയ സാമ്പത്തിക നയങ്ങളുടെ ഫലമായി ഏര്‍പ്പെടുത്തിയ 'ചിലവു ചുരുക്കല്‍' പദ്ധതി പ്രകാരം, 1992-93-ലെ ബഡ്ജറ്റില്‍, ദേശീയ മലമ്പനി നിവാരണ പദ്ധതി'ക്കുള്ള പൈസയില്‍ 43 ശതമാനമാണ്‌ കുറവു വരുത്തിയിരുന്നത്‌. വലരെ വലിയ പ്രത്യാഘാതമാണ്‌ ഇതുളവാക്കിയത്‌.

കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ റിസര്‍ച്ച്‌ ഫൗണ്ടേഷനു വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍, ഡോ.സുജാത റാവു ഇതിനെ ക്രോഡീകരിച്ചിരുന്നു. അവര്‍ എഴുതിയപോലെ "കേന്ദ്ര ധന സഹായമില്ലാത്തതിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും പദ്ധതിക്ക്‌ തിരിച്ചടി നേരിട്ടുകൊണ്ടിരുന്നു. ഗ്രാമ തലത്തിലുള്ള നിരവധി ലംബമാനമായ രോഗപ്രതിരോധ പദ്ധതികളുടെയും മേല്‍നോട്ടം നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ പണം കണ്ടെത്തിയിരുന്നത്‌ ഈ മലമ്പനി നിവാരണ പദ്ധതിയില്‍ നിന്നാാണ്‌. അതുകൊണ്ടുതന്നെ, ഈ പദ്ധതി വിഹിതത്തില്‍ വരുന്ന കുറവ്‌ മറ്റു പദ്ധതികളേയും പ്രതികൂലമായി ബാധിക്കും". അത്‌ സംഭവിക്കുകയും ചെയ്തു. 1993-ല്‍ സിയാലോട്ട്‌ ഗ്രാമത്തില്‍ അതിസാരം പിടിപെട്ട്‌ എട്ടുപേര്‍ മരിച്ചു. ചുറ്റുവട്ടത്തൊന്നും ഒരു ആരോഗ്യ സേവകനും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തും, രാജ്യത്തില്‍ തന്നെയും, മലമ്പനി, പ്രത്യേകിച്ചും മസ്തിഷ്ക മലമ്പനി ഏറ്റവും കൂടുതലുള്ളത്‌, അവിടുത്തെ ഗോത്ര പ്രദേശങ്ങളിലാണ്‌.

പൊതുജനാരോഗ്യ സംവിധാനത്തില്‍നിന്നു പ്രത്യേക സഹായമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കടുത്ത പനി ബാധിച്ച്‌, ഘനശ്യാം ബിത്രിയയുടെ മകനെ 1993 ഒക്ടോബറില്‍ ഖരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. "നാലു ദിവസത്തോളം പനി ശമിച്ചതേയില്ല. എന്താണ്‌ അവന്‌ ചികിത്സയൊന്നും കൊടുക്കാത്തതെന്ന് ഡോക്ടറോട്‌ ചോദിച്ചപ്പോള്‍ അയാള്‍ എന്നോട്‌ കയര്‍ത്തു. 'നിന്റെ മകനല്ലേ. നിനക്കൊന്നും അറിയില്ല. ഞാനെന്തു പറയാനാണെന്ന്". മറ്റു രോഗികളോടു ചോദിച്ചപ്പോഴാണ്‌ പൈസ കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞത്‌. ഇരുപത്‌ രൂപ കൊടുത്തപ്പോള്‍ അവര്‍ അവന്‌ ഇഞ്ചക്‍ഷന്‍ കൊടുത്തു. അവന്റെ പനിയും മാറി" ഘനശ്യാം പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കു ചെന്നാല്‍ കിട്ടുന്ന ഉപദേശം, ഡോക്ടറുടെ വീട്ടില്‍ പോകാനാണത്രെ. ഡോക്ടറുടെ വീട്‌ മിക്കവാറും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍തന്നെ ആയിരിക്കുകയും ചെയ്യും. "അവിടെ അയാള്‍ സ്വകാര്യ പ്രാക്ടീസ്‌ ചെയ്യുകയും, പൈസ പിടുങ്ങുകയും ചെയ്യുന്നു" ഒരു സര്‍പാഞ്ച്‌ പറഞ്ഞു. "ഈ സ്വകാര്യ പ്രാക്ടീസ്‌ നടക്കുന്നതാകട്ടെ, സാധാരണ പ്രവൃത്തി സമയങ്ങളിലും". ഒറീസ്സ സംസ്ഥാനത്ത്‌, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിയമം മൂലം നിരോധിച്ചിട്ടില്ല. പകരം സര്‍ക്കാര്‍ ചെയ്തത്‌, അത്തരം സ്വകാര്യ പ്രാക്ടീസ്‌ 'ചെയ്യാതിരിക്കുന്നതിന്‌' ഒരു 'അലവന്‍സ്‌' ഏര്‍പ്പെടുത്തലാണ്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ തങ്ങളുടെ ജോലിയില്‍ ഉറച്ചുനില്‍ക്കുന്നതിന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ ഒരു 'പാരിതോഷികം'. "പക്ഷേ, ഇതുകൊണ്ടു അവര്‍ക്ക്‌ രണ്ടു പ്രയോജനമുണ്ട്‌. അലവന്‍സ്‌ വാങ്ങലും നടക്കുമി,സ്വകാര്യ പ്രാക്ടീസും നടക്കും; അതും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ തന്നെ". ജഗദീഷ്‌ പ്രധാന്‍ പറയുന്നു.

എണ്‍പതുകളുടെ മധ്യത്തില്‍, ഒറീസ്സയുടെ ജനസംഖ്യയുടെ 13.6 ശതമാനം ആളുകള്‍ക്ക്‌ മലമ്പനി ബാധിച്ചു. എന്നിട്ടും, ഈ രോഗങ്ങള്‍ക്കുള്ള ആളോഹരി വകയിരുത്തല്‍ 3.41 രൂപയായിരുന്നു. മഹാരഷ്ട്രയുടേതിനു പകുതി മാത്രം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒറീസ്സയുടെ പ്രശ്നം മഹാരാഷ്ട്രയുടേതിനേക്കാള്‍ ഇരട്ടിയായിരുന്നിട്ടും, അത്‌ ചിലവഴിച്ച തുക മഹാരാഷ്ട്രയുടേതിന്റെ പകുതി മാത്രമായിരുന്നു എന്നര്‍ത്ഥം. 1991-92-ല്‍ 'ചിലവു ചുരുക്കല്‍' നിലവില്‍ വന്നു. ഈ ചിലവു ചുരുക്കലും, ആരോഗ്യ സേവന ഗുണനിലവാരത്തില്‍ വന്ന തകര്‍ച്ചയും, അടുത്ത വര്‍ഷം കാര്യങ്ങളെ കൂടുതല്‍ മോശമാക്കി.

കുപ്രസിദ്ധമായ കാളഹന്ദിയില്‍ നിന്നു വേര്‍തിരിച്ച്‌ പ്രത്യേകമുണ്ടാക്കിയതും, കാളഹന്ദിയിലെത്തന്നെ ഏറ്റവും ദരിദ്രവുമായ നുവപാദ ജില്ലയില്‍ മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം, ഡോക്ടര്‍മാരുടെ അന്‍പത്തിനാലു ഒഴിവുകള്‍ ഉണ്ടായിരുന്നതില്‍, ഇരുപത്താറെണ്ണത്തിലും നിയമനങ്ങള്‍ നടന്നിരുന്നില്ല. നേഴ്സുമാരുടേയും, ഫാര്‍മസിസ്റ്റുകളുടേയും മറ്റൊരു പത്ത്‌ ഒഴിവുകളും ബാക്കി കിടന്നിരുന്നു.

1993-94-ല്‍ സഹായ ധനം അല്‍പ്പം മെച്ചപ്പെട്ടുവെങ്കിലും, ആവശ്യത്തിനു ദുരിതങ്ങള്‍ ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു. ചിലവു ചുരുക്കല്‍ ആദ്യം നിര്‍ദ്ദേശിച്ച ലോക ബാങ്ക്‌, സഹായ ധനം ഉയര്‍ത്തിയതിന്റെ അവകാശവാദവുമായി ഇത്തവണ മുന്നോട്ട്‌ വരുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, അപ്പോഴും കാര്യങ്ങള്‍ മന്ദഗതിയില്‍ തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്‌. പക്ഷേ, നാശനഷ്ടങ്ങള്‍ മുഴുവനായി അളക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല.

എന്തുകൊണ്ട്‌? ഔദ്യോഗിക കണക്കുകള്‍ വളരെക്കുറച്ചു മാത്രമേ നമ്മോട്‌ സംസാരിക്കാറുള്ളു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും, ഖരിയാറിലെ മിഷന്‍ ആശുപത്രിയിലേയും കണക്കുകള്‍ തീരെ യോജിക്കുന്നില്ല. മിഷന്‍ ആശുപത്രിയിലെ ഡോ.അജിത്‌ സിംഗ്‌ 1993-ലെ രജിസ്റ്റ്രറില്‍, കൊതുകുമൂലം സംഭവിച്ച ഇരുപതിലധികം മരണങ്ങള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചു തന്നു."1993-ല്‍ മാത്രം 52 മസ്തിഷ്ക മലമ്പനി കേസുകള്‍ ഉണ്ടായിട്ടുണ്ട്‌" അജിത്‌ സിംഗ്‌ പറഞ്ഞു. "ഓരു മസ്തിഷ്ക മലമ്പനി രോഗമെന്നാല്‍, ചുരുങ്ങിയത്‌ 10 സാധാരണ മലമ്പനി രോഗങ്ങളെന്നാണ്‌ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്‌. അതായത്‌, കഴിഞ്ഞ വര്‍ഷം 570 മലമ്പനി കേസുകളാണ്‌ നോക്കേണ്ടിവന്നത്‌ എന്നര്‍ത്ഥം". എന്നിട്ടും, നുവപാദയിലെ അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, 42 ഉപ കേന്ദ്രങ്ങളും ഈ കണക്കുകള്‍ കാണിക്കുന്നതേയില്ല.

ഖരിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രജിസ്റ്റ്രറില്‍, വെറും മൂന്ന് മരണങ്ങള്‍ മാത്രമേ മസ്തിഷ്ക മലമ്പനി മൂലം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളു, ആറു മാസത്തെ കാലയളവില്‍. എന്നിരിക്കിലും, 216 മരണങ്ങള്‍ "കാരണം അജ്ഞാതം' എന്ന പേരിലും, 87 എണ്ണം 'പ്രായാധിക്യം മൂലം' എന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 95 ശതമാനം മരണങ്ങള്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നില്ല. 90 ശതമാനത്തിലധികംപേര്‍ക്കും വൈദ്യസഹായം തന്നെ ലഭിച്ചിരുന്നില്ല. 'പ്രായാധിക്യം' മൂലം മരിച്ച ആളുകള്‍ മിക്കവരും അവരുടെ അന്‍പതുകളിലായിരുന്നു. മാത്രമല്ല, 'പ്രായാധിക്യം മൂലം' ഉള്ള മരണങ്ങളധികവും മിക്കവാറും ഒരേ മാസങ്ങളിലായിട്ടായിരുന്നു സംഭവിച്ചിട്ടുള്ളത്‌. 1993-ല്‍, മഴക്കു മുന്‍പ്‌, 'വാര്‍ദ്ധക്യസഹജമായി' ആരും മരിച്ചിരുന്നില്ല. ഡിസംബറിലാകട്ടെ 21 മരണങ്ങളും. ഉയര്‍ന്ന തോതില്‍ മലമ്പനി ബാധിച്ചുവെന്ന് ആളുകള്‍ പരാതിപ്പെട്ടിരുന്ന കുസ്‌മല്‍, ബിരിഘട്ട്‌ ഗ്രാമങ്ങളിലായിരുന്നു പല മരണങ്ങളും നടന്നിട്ടുള്ളത്‌. 'പ്രായാധിക്യം' മൂലമുള്ള മരണങ്ങളധികവും സംഭവിച്ചത്‌ മഴക്കു ശേഷമാണെന്ന വസ്തുത സൂചിപ്പിക്കുന്നത്‌, ഇതിലധികവും മലമ്പനി മൂലമാണെന്നതു തന്നെയാണ്‌.

എന്തുകൊണ്ടാണ്‌ നുവപാദയിലേയും മല്‍കാങ്കിരിയിലെയും ആളുകള്‍ 'പ്രായാധിക്യം' കൊണ്ടും 'അജ്ഞാത കാരണങ്ങളാലും' മരിച്ചുകൊണ്ടേയിരിക്കുന്നതെന്ന് കടുത്ത നൈരാശ്യത്തോടെ വ്യക്തമാക്കി പ്രദേശത്തെ ഒരു ഡോക്ടര്‍. "ഒരാള്‍ക്ക്‌ ആദ്യത്തെ ദിവസം രോഗം വന്നുവെന്ന് കരുതുക. സാധാരണ ഗതിയില്‍, അഞ്ചാമത്തെ ദിവസമായിരിക്കും പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകന്‍ ആ ഗ്രാമം സന്ദര്‍ശിക്കുക. ചില സ്ഥലങ്ങളിലേക്ക്‌ വളരെയധികം ദൂരം താണ്ടേണ്ടതുണ്ട്‌. ആറാമത്തെ ദിവസം ടെസ്റ്റുകള്‍ നടത്തുന്നു. ഭാഗ്യമുണ്ടെങ്കില്‍, ചിത്രങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക്‌ ഏഴാമത്തെ ദിവസം എത്തും. അധിക ജോലി ഭാരമുള്ള ലാബ്‌ ജീവനക്കാരന്‍ ഒരാഴ്ച്ചയെടുക്കും ചിത്രങ്ങള്‍ പഠിക്കാന്‍. അസുഖമുണ്ടെന്ന് തെളിഞ്ഞാല്‍, പതിനഞ്ചാമത്തെ ദിവസം റിപ്പോര്‍ട്ട്‌ ആരോഗ്യപ്രവര്‍ത്തകന്റെ കയ്യില്‍ തിരികെയെത്തുന്നു. രണ്ടു-മൂന്നു ദിവസം അങ്ങിനെയും പോയിക്കിട്ടും. ഇനി ആരോഗ്യപ്രവര്‍ത്തകന്‍ മരുന്നുകള്‍ ശേഖരിച്ച്‌ ഗ്രാമത്തിലെത്തിക്കാന്‍ വീണ്ടും ഒന്നോ രണ്ടോ ദിവസങ്ങള്‍. അതായത്‌, രോഗിക്ക്‌ മരുന്നു കിട്ടാന്‍ 21 ദിവസങ്ങളെങ്കിലും എടുക്കും എന്ന്. ഇത്‌ രോഗിയെ തകര്‍ത്തുകളയുമെന്നു മാത്രമല്ല, രോഗിയില്‍ നിന്ന് മറ്റാളുകളിലേക്ക്‌ കൊതുകുകളിലൂടെ രോഗം പകരാനും ഇടയാക്കും".

മലമ്പനി പ്രതിരോധത്തിനുള്ള ബഡ്ജറ്റില്‍ വരുത്തിയ കുറവുകള്‍, അരോഗ്യ സേവകര്‍ ഈ തൊഴില്‍ ഉപേക്ഷിച്ചു പോകുന്നതിലേക്കും നയിച്ചു. അവര്‍ക്കു ലഭിക്കേണ്ടിയിരുന്ന നിസ്സാരമായ 50 രൂപ പോലും അവര്‍ക്ക്‌ ലഭിച്ചില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍പോലും, അവരുടെ എണ്ണം കുറയുകയായിരുന്നു. അതുകൊണ്ട്‌, ഓരോ മലമ്പനി പ്രതിരോധ പ്രവര്‍ത്തകനും, തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അഞ്ചു ഗ്രാമങ്ങളെക്കാള്‍ അധികം ഗ്രാമങ്ങളെ നോക്കേണ്ടിവന്നു. ഇത്‌,രോഗിയുടെ ദുരിതം കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളു.

പ്രത്യാശകള്‍ നശിച്ച ആ ഡോക്ടര്‍ പറഞ്ഞപോലെ, "ഈ മരുന്നിന്റെ ക്ഷാമവും,പൈസയില്‍ വരുത്തിയ ഗണ്യമായ കുറവും, കാലതാമസവും എല്ലാം ഇതുപോലെ തുടര്‍ന്നാല്‍, രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും മലമ്പനി എന്നതാവും, ഫലം. ആരോഗ്യമായിരിക്കില്ല. തീര്‍ച്ച".

കുറിപ്പ്‌ - ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കരിച്ചതിനെത്തുടര്‍ന്ന് പുറത്തുവന്ന പ്രതികരണം പതിവുമട്ടിലുള്ളതു തന്നെയായിരുന്നു. പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നപ്പോള്‍, ബിരിഘട്ടിനെ കേന്ദ്രീകരിച്ച്‌, ഖരിയാര്‍ പ്രദേശത്തേക്ക്‌ രണ്ട്‌ സംഘങ്ങള്‍ യാത്ര തിരിച്ചു. ഒന്ന്, ഡെല്‍ഹിയില്‍ നിന്നുള്ള ഒരു വൈദ്യസംഘമായിരുന്നു. മറ്റൊന്ന് ഭുവനേശ്വറില്‍നിന്നും. ആദ്യം സംഭവിച്ചത്‌, അവിടെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി, എന്നോട്‌ സംസാരിച്ചതിനും, ഔദ്യോഗിക രേഖകള്‍ 'ചോര്‍ത്തിയതിനും' അവരെ ശാസിക്കുക എന്നതായിരുന്നു.

എന്തടിസ്ഥാനത്തിലാണ്‌ പൊതുവായ സ്ഥിതിവിവരങ്ങളില്‍നിന്നുള്ള കണക്കുകള്‍ എനിക്കു തരരുതെന്ന്‌ അവര്‍ക്ക്‌ വിലക്കാന്‍ കഴിയുക എന്ന് എനിക്കു മനസ്സിലാകുന്നേയില്ല. എന്നിരുന്നിട്ടും, മേലാളന്മാര്‍ അവരെ ശാസിച്ചു. ബിരിഘട്ടിലേക്കു പോയ സംഘത്തിന്റെ ഉദ്ദേശ്യവും എനിക്ക്‌ മനസ്സിലാവുന്നില്ല. അവര്‍ ആകെ സംസാരിച്ചത്‌, ഓടിക്കൂടിയ ആരോഗ്യ പ്രവര്‍ത്തകരോടാണെന്ന്, ഗ്രാമീണര്‍ പറഞ്ഞു. കാലങ്ങളായി കുടിശ്ശിക കിടക്കുന്ന 50 രൂപ ഒടുവില്‍ വന്നുചേര്‍ന്നുവെന്നോ മറ്റോ ധരിച്ചുവശായിട്ടായിരിക്കും, ആ പാവം ആരോഗ്യപ്രവര്‍ത്തകര്‍ ഓടിയെത്തിയിട്ടുണ്ടാവുക. സംഘം ഗ്രാമീണരെ പൂര്‍ണ്ണമായും ഒഴിവാക്കി. ഏതായാലും അവര്‍ രക്തത്തിന്റെ സാമ്പിള്‍ സ്ലൈഡുകള്‍ ചിലത്‌ എടുത്തു. എന്റെ കഥ തെറ്റാണെന്ന്‌ തെളിയിക്കാന്‍. പക്ഷേ, ഫലം മറിച്ചായിരുന്നുവെന്ന് കാളഹന്ദിയിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ രാഷ്ട്രീയ പ്രവര്‍ത്തകനായ, കപില്‍ നാരായണ്‍ തിവാരി പറഞ്ഞു. ഞാന്‍ അവിടെയുണ്ടായിരുന്നപ്പോഴേതിനേക്കാള്‍ മോശമാണ്‌ സ്ഥിതിഗതികള്‍ എന്ന് അവര്‍ക്ക്‌ ബോധ്യമായത്രെ.

കഥ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ബഹളംകൊണ്ട്‌ ഏതായാലും ഒരു ഗുണം ഉണ്ടായി. 1995 മെയ്‌ മാസത്തില്‍ നുവപാദയില്‍ വീണ്ടും ഞാന്‍ പോയപ്പോള്‍ ഖരിയാറിലെയും സമീപ പ്രദേശങ്ങളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ധാരാളം മരുന്നുകളെത്തിയതായി കാണാന്‍ കഴിഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ചിലത്‌ നികത്തുകയും ചെയ്തിരുന്നു.

എന്നിട്ടും, എനിക്കറിയാന്‍ കഴിഞ്ഞേടത്തോളം, ഇരു സംഘങ്ങളും ഒരു റിപ്പോര്‍ട്ടും ഇതുവരെ നല്‍കിയിട്ടില്ല. മറ്റു മാധ്യമങ്ങളും ഈ പ്രശ്നം ഏറ്റെടുത്തിരുന്നു. മാത്രമല്ല, ഇതുപോലുള്ള വാര്‍ത്തകള്‍ രാജസ്ഥാനില്‍ നിന്നും മറ്റു ചില സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുമുണ്ടായി. ഒരു ധനിക സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗോത്ര പ്രദേശങ്ങളില്‍ ഇതേ പ്രശ്നം ഭയാനകമായ രൂപമാര്‍ജ്ജിച്ചിരുന്നു. മലമ്പനി ശക്തമായ തിരിച്ചു വരവ്‌ നടത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ നാമമാത്രമായിട്ടാണെങ്കില്‍ത്തന്നെയും ലഭിക്കുന്ന ആരോഗ്യ രക്ഷയെ പാടെ തകര്‍ത്തെറിയുംവിധമുള്ള അപഹാസ്യവും ദയാരഹിതവുമായ നയങ്ങളാണ് അതിനെ തിരികെ ക്ഷണിച്ചുവരുത്തുന്നത്.

4 comments:

Rajeeve Chelanat said...

അദ്ധ്യായം-4 - രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും മലമ്പനി

മൂര്‍ത്തി said...

ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ നാമമാത്രമായിട്ടാണെങ്കില്‍ത്തന്നെയും ലഭിക്കുന്ന ആരോഗ്യ രക്ഷയെ പാടെ തകര്‍ത്തെറിയുംവിധമുള്ള അപഹാസ്യവും ദയാരഹിതവുമായ നയങ്ങളാണ് അതിനെ(മലമ്പനിയെ) തിരികെ ക്ഷണിച്ചുവരുത്തുന്നത്.

എല്ലാ രോഗങ്ങളുടേ കാര്യത്തിലും, ശരിയാവുന്ന നിരീക്ഷണം.

പുള്ളി said...

വായിക്കുന്നുണ്ട്.
qw_er_ty

chithrakaran ചിത്രകാരന്‍ said...

രാജീവ്,
താങ്കള്‍ ചെയ്യുന്ന മഹനീയമായ ദൌത്യത്തിന് വാക്കുകള്‍ക്കതീതമായ മാനുഷികമായ കൃതജ്ഞത അറിയിക്കുന്നു.
ചിത്രകാരന്റെ ഓണാശംസകള്‍...!!!