Thursday, August 30, 2007

അദ്ധ്യായം 3- വകുപ്പുമേധാവികള്‍

ഭാഗം 3-ഈ വഴിയാണ്‌ ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്‌.

അലിരാജ്‌പുര്‍, ഝബുവ(മദ്ധ്യപ്രദേശ്‌) - അലിരാജ്‌പുരിലെ സര്‍ക്കാര്‍ ബിരുദാനന്തരബിരുദ കോളേജിലെ പ്രിന്‍സിപ്പലാണ്‌ എസ്‌.സി.ജയിന്‍ 'സാബ്‌'. കോളേജിലെ യു.ജി.സി പദ്ധതികളുടെ മേല്‍നോട്ടക്കാരനുമാണ്‌ അദ്ദേഹം. കൂടാതെ, സസ്യശാസ്ത്രം, ഭൗതികശാസ്ത്രം, നിയമം എന്നീ വിഭാഗങ്ങളുടെയും മേധാവിയായും പ്രവര്‍ത്തിച്ചു വരുന്നു ജയിന്‍. പോയ വര്‍ഷങ്ങളില്‍, താത്‌കാലികമായിട്ടെങ്കില്‍തന്നെയും, അദ്ദേഹം മറ്റു നിരവധി വിഭാഗങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇനി ഇതൊക്കെക്കൂടാതെ, കോളേജിലെ സ്പോര്‍ട്സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥനുമാണ്‌. ഇനി, ഒഴിവുസമയങ്ങളില്‍-ഇത്തരമൊരു ബഹുമുഖപ്രതിഭക്ക്‌ ഒഴിവുസമയമെന്നത്‌ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സാധനമാണ്‌-അദ്ദേഹം ആയുര്‍വ്വേദവും ഹോമിയോപ്പതിയും അഭ്യസിക്കുന്നുണ്ട്‌. ശരിക്കും ഒരു സവ്യസാചിതന്നെ.

ജയിന്‍ സാബിന്റെ ബഹുമുഖമായ കഴിവിന്‌ പല കാരണങ്ങളുമുണ്ട്‌. ബിരുദാനന്തര തലത്തില്‍ വളരെ കുറച്ച്‌ ലക്ചറര്‍മാരും വിദ്യാര്‍ത്ഥികളുമേയുള്ളു. പല ഡിപ്പാര്‍ട്ടുമെന്റിലും അഞ്ചില്‍ കൂടുതല്‍ കുട്ടികളില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തു. എം.എ(ഇക്കണോമിക്സ്‌) ക്ലാസ്സില്‍ ഒരേ ഒരു ലക്ചററാണ്‌ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ്‌ ഝാബുവ. ജനസംഖ്യയിലെ 85 ശതമാനവും ഗോത്രവര്‍ഗ്ഗക്കാരാണ്‌. ദാരിദ്ര്യരേഖക്കു വളരെ താഴെയുമാണ്‌. കോളേജിലേക്ക്‌ എത്തിച്ചേരുന്ന ആദിവാസികളാകട്ടെ, അവിടെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു.

"ഇവിടെ ചില അദ്ധ്യാപകര്‍ കയ്യില്‍ നിന്ന് കാശെടുത്ത്‌ കുട്ടികള്‍ക്കുള്ള ഫീസടക്കുകയും അവരുടെ മറ്റു പ്രവേശനച്ചിലവുകള്‍ വഹിക്കുകയും ചെയ്യുന്നു." അല്‍പം പ്രായമുള്ള ഒരു അദ്ധ്യാപകന്‍ പറഞ്ഞു. എന്തൊരു ദയാവായ്പ്‌!! പക്ഷേ ഇത്‌, പൂര്‍ണ്ണമായും സഹാനുഭൂതികൊണ്ടൊന്നുമല്ല. പി.ജി. വിഭാഗത്തിലെ അദ്ധ്യാപകര്‍ യു.ജി.സി.സ്കെയിലാണ്‌ ശമ്പളമായി വാങ്ങുന്നത്‌. ഈ ജില്ലയില്‍ അത്‌ ഒരു വലിയ സംഖ്യയുമാണ്‌. ഏതെങ്കിലും ഡിപ്പാര്‍ട്ടുമെന്റില്‍ അഞ്ചില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ എന്നു വന്നാല്‍, ആ ഡിപ്പാര്‍ട്ടുമന്റ്‌ അടക്കേണ്ടിവരും. അതിനര്‍ത്ഥം, ജോലി നഷ്ടപ്പെടലോ, പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങളിലേക്ക്‌ ഒരു സ്ഥലം മാറ്റമോ ഒക്കെയാണ്‌.

അതിനേക്കാളും കൂടുതലായി,ഈ പി.ജി. ഡിപ്പാര്‍ട്ടുമെന്റുകള്‍ തുറന്നിരിക്കേണ്ടത്‌, അവരെ സംബന്ധിച്ചിടത്തോളം, വളരെ ആവശ്യവുമാണ്‌.സ്ഥാനകയറ്റം വരുമ്പോള്‍, പി.ജി തലത്തിലെ എട്ടുവര്‍ഷത്തെ പരിചയം, അതിനു താഴെയുള്ള തലത്തിലെ പന്ത്രണ്ടു വര്‍ഷത്തെ ജോലി പരിചയത്തിനു തുല്യമാണ്‌. 'അതുകൊണ്ട്‌, പൂര്‍വ്വ ബിരുദ (UG) ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന ഒരാള്‍ക്ക്‌, അടുത്ത സ്ഥലം മാറ്റത്തിന്‌ ഇനിയുമൊരു നാലു വര്‍ഷം കൂടി കാത്തിരിക്കണം", ഒരു വകുപ്പു മേധാവി പറയുന്നു.

പി.ജി ക്ലാസ്സുകളില്‍ പത്തു വര്‍ഷം അദ്ധ്യാപനം പൂര്‍ത്തിയാക്കിയാല്‍ പ്രൊഫസ്സറാകാനുള്ള യോഗ്യതയായി. യു.ജി. തലത്തിലാണെങ്കില്‍ അതിന്‌ പതിനഞ്ചു വര്‍ഷം കഴിയണം. മാത്രമല്ല, ഉയര്‍ന്ന പദവിയില്‍ മറ്റു ചില 'ചില്ലറ' ഗുണങ്ങളുമുണ്ട്‌. ഉത്തരക്കടലാസ്സുകള്‍ നോക്കുന്ന വകയിലും, ചോദ്യക്കടലാസ്സു തയ്യാറാക്കുന്ന വകയിലുമൊക്കെയായി പലേവിധ വരുമാനങ്ങള്‍.

"കുട്ടികളെ പി.ജി ക്ലാസ്സുകളിലേക്ക്‌ വിളിക്കാനായി ചില അദ്ധ്യാപകര്‍ മിനക്കെട്ടിറങ്ങിത്തിരിക്കാറുണ്ട്‌. അവരുടെ ഫീസും മറ്റു ചിലവുകളും തങ്ങള്‍ കൊടുത്തുകൊള്ളാമെന്ന് അവര്‍ രക്ഷിതാക്കള്‍ക്ക്‌ വാഗ്ദാനവും നല്‍കുന്നു. അതല്ലെങ്കില്‍ ഈ അദ്ധ്യാപകര്‍ക്ക്‌, ജോലി നഷ്ടപ്പെടലോ, സ്ഥലം മാറ്റമോ ഒക്കെയാവും ഫലം" ഒരു അദ്ധ്യാപകന്‍ പറഞ്ഞു. പക്ഷെ, ഡിപ്പാര്‍ട്ടുമന്റ്‌ തുറന്നുവെക്കാന്‍ ആവുന്നതോടെ അവസാനിക്കുന്നു അദ്ധ്യാപകരുടെ ദീനാനുകമ്പ. ട്യൂഷന്‍ ആവശ്യമുള്ള കുട്ടികള്‍ക്ക്‌ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ അദ്ധ്യാപകരെത്തന്നെ ആശ്രയിക്കണമെന്ന സ്ഥിതിയാണ്‌. കാരണം, 'പരമാവധി കിട്ടാന്‍ ഇടയുള്ള 50 രൂപ ട്യൂഷന്‍ ഫീസ്‌' വളരെക്കുറവായിട്ടാണ്‌ മിക്ക കോളേജദ്ധ്യാപകരും കാണുന്നത്‌.

കോളേജിലെ അടിസ്ഥാന സൗകര്യങ്ങളാകട്ടെ വളരെ പരിമിതവും. നിലവിലുള്ള ലൈബ്രറി തീരെ അപര്യാപ്തമാണ്‌. അതിന്റെ രേഖകള്‍ കാണിക്കുന്നത്‌, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബിരുദാനന്തര വിദ്യാര്‍ത്ഥിക്കുപോലും അഞ്ചു പുസ്തകങ്ങളില്‍ക്കൂടുതല്‍ കൊടുത്തിട്ടില്ല എന്നായിരുന്നു.

ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങുന്നതിനു സര്‍ക്കാര്‍ നല്‍കുന്നത്‌ ഒരു വിഷയത്തിനു 200 രൂപ വെച്ച്‌ മാത്രമാണ്‌. ഒരു സീനിയര്‍ ലക്ചറര്‍ ഈ തുകയെ വിശേഷിപ്പിച്ചത്‌ 'അസംബന്ധം" എന്നാണ്‌. അന്‍പത്‌ വിഷയങ്ങള്‍ ഉണ്ടെന്നു കണക്കാക്കിയാല്‍, മൊത്തം 10,000 രൂപ മാത്രമേ ആവൂ. യു.ജി.സി. ചില ആയിരങ്ങള്‍ കൊടുക്കുന്നുണ്ട്‌ വര്‍ഷത്തില്‍. "എന്തായാലും, 75 ശതമാനം പുസ്തകങ്ങളും കാലഹരണപ്പെട്ടതാണ്‌" ആ അദ്ധ്യാപകന്‍ പറഞ്ഞു. "പുറത്തെ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന പി.ജി തലത്തിലുള്ള പുസ്തകങ്ങളോ?" ഒരു വിദ്യാര്‍ത്ഥിയോട്‌ ചോദിച്ചു. "അത്‌ കിട്ടാന്‍ ഇന്‍ഡോര്‍ വരെ പോവണം. ഒരു പുസ്തകത്തിന്‌ ശരാശരി 100 രൂപയോളം വില വരും. പുസ്തകം വാങ്ങുന്നതിനേക്കാള്‍ ചിലവു വരും ഇന്‍ഡോര്‍ വരെ പോയിവരാന്‍" അയാള്‍ പറഞ്ഞു.

പക്ഷേ, ഝബുവയിലെ വിദ്യാഭ്യാസ രംഗം ഇത്രയേറെ അലങ്കോലമായത്‌, ഈ പുസ്തകങ്ങളുടെ ലഭ്യതയോ, അദ്ധ്യാപകരുടെ പ്രവൃത്തി കൊണ്ടോ ഒന്നുമല്ല. ഈ ജില്ലയില്‍ സമര്‍ത്ഥനായ ഒരു ഭരണാധികാരി പോലും ഉണ്ടായിട്ടുണ്ട്‌. ഗിരിജനക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചതുപോലെ " തകര്‍ച്ച തുടങ്ങുന്നത്‌, പ്രൈമറി സ്കൂള്‍ തലം മുതലാണ്‌. ആദിവാസി വിദ്യാര്‍ത്ഥികളെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പരാജയപ്പെടുന്നതില്‍ നിന്നും തുടങ്ങുന്നു അത്‌". ഗോത്ര ജില്ലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു പൊതുവായ സ്ഥിതിവിശേഷമാണ്‌ ഇപ്പറഞ്ഞത്‌.

കുട്ടികളുടെ വര്‍ദ്ധമാനമായ കൊഴിഞ്ഞുപോക്കില്‍ ഒരു വൈരുദ്ധ്യം ഏതായാലും നിലനില്‍ക്കുന്നുണ്ട്‌. ഒരു മുതിര്‍ന്ന ഐ.എ.എസ്‌.ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. പല മേഖലകളിലും മുന്‍തൂക്കമുള്ള, ഗിരിവര്‍ഗ്ഗക്കാരല്ലാത്തവരുടെ പഠനച്ചിലവു പോലും, ഈ ജില്ലയില്‍, ഗിരിവര്‍ഗ്ഗക്കാരുടെ ചിലവിലാണ്‌ നടക്കുന്നത്‌. ആദിവാസികള്‍ക്കു ഭൂരിപക്ഷമുള്ള ജില്ലയായതിനാല്‍, ഇവിടുത്തെ മിക്ക സ്കൂളുകളും ഗിരിജന ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌. പക്ഷേ, പൊതുവെ അതിന്റെ ഗുണങ്ങള്‍ കൊയ്യുന്നതോ, ആദിവാസികളല്ലാത്തവരും.

പ്രൈമറി തലത്തില്‍, ഔദ്യോഗിക രേഖകള്‍ പ്രകാരം സ്കൂളുകളില്‍ പ്രവേശനം നേടുന്നവരില്‍ 81 ശതമാനവും ഗിരിവര്‍ഗ്ഗക്കാരാണ്‌. മദ്ധ്യ-തല സ്കൂളുകളിലേക്കെത്തുമ്പോഴേക്കും അവരുടെ എണ്ണം 59 ശതമാനമാവുകയും, ഗിരിജന വിഭാഗക്കാരല്ലാത്തവരുടെ ശതമാനം 41 ആവുകയും ചെയ്യുന്നു.ഹൈസ്കൂള്‍ തലത്തിലാകട്ടെ, ഗിരിവര്‍ഗ്ഗക്കാര്‍ 31-ഉം, ജനസഖ്യയില്‍ 15 ശതമാനം മാത്രമുള്ള മറ്റുള്ളവര്‍ 51 ശതമാനമാവുന്നതുമാണ്‌ കാണാന്‍ കഴിയുക. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എത്തുമ്പോഴേക്ക്‌, ആദിവാസികള്‍ 31 ശതമാനമായി പിന്നെയും ചുരുങ്ങുന്നു.

കോളേജിലാവട്ടെ, ജനസംഖ്യയിലെ എണ്ണത്തിനു കടകവിരുദ്ധമാണ്‌ ഈ അനുപാതം. ഇവിടെ, ഗിരിവര്‍ഗ്ഗക്കാരല്ലാത്തവര്‍ 80 ശതമാനമായി ഉയരുന്നു. സ്ത്രീ സാക്ഷരത വെറും 8.79 മാത്രമുള്ള ജില്ലയില്‍, ഗിരിവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളുടെ സ്ഥിതി തീര്‍ത്തും ഒരു ദുരന്തമാണ്‌. പ്രൈമറി തലത്തില്‍ 30 ശതമാനം വരുന്ന അവര്‍ മദ്ധ്യ-തല സ്കൂളുകളില്‍ എത്തുമ്പോഴേക്ക്‌ 9.9 ശതമാനമായി കുറയുന്നു. ഹൈസ്കൂളില്‍ ഇത്‌ 8-ഉം, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 2.8 ശതമാനവുമാകുന്ന ഇക്കൂട്ടര്‍, കോളേജിലെത്തുമ്പോഴേക്ക്‌ രംഗത്തു നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെടുന്നു.

പെട്‌ലാവാഡയിലെ ഒരു ഗിരിജന പ്രവര്‍ത്തകന്‍ ഇതിനെ വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌."ആദിവാസികള്‍ക്കും, അല്ലാത്തവര്‍ക്കും ഈ ഗിരിജന ഫണ്ടുകൊണ്ട്‌ വിദ്യാഭ്യാസം കിട്ടുമെങ്കില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. പക്ഷെ ഇവിടെ സ്ഥിതി അതല്ല. ആദിവാസി കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കിട്ടുന്നില്ല. എന്നിട്ടും, സ്കൂളുകളൊക്കെ നടക്കുന്നത്‌ ഗിരിവര്‍ഗ്ഗക്കാര്‍ക്കു വേണ്ടിയുള്ള പൈസകൊണ്ടാണുതാനും. ചുരുക്കത്തില്‍, തങ്ങളുടെ ചൂഷകരുടെ വിദ്യാഭ്യാസത്തിന്‌ ആദിവാസികള്‍ സ്വന്തം പൈസ ചിലവഴിക്കണമെന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി".

ഝബുവയിലെ കുട്ടികള്‍ കോളേജിലെത്തുമ്പോഴേക്കും വ്യത്യാസം രൂക്ഷമായി വരുന്നത്‌ കാണാം. ഒരു ഇന്റര്‍മീഡിയറ്റ്‌ കോളേജിലെ സ്ഥിതി ഇതായിരുന്നു. ബി.കോം ആദ്യ വര്‍ഷത്തിന്‌ ഇരുപത്തിരണ്ട്‌ ആദിവാസി കുട്ടികള്‍ ഉണ്ടായിരുന്നത്‌, മൂന്നാം വര്‍ഷമായപ്പോഴേക്കും വെറും മൂന്നായി ചുരുങ്ങി. ബി.എ.ഡിഗ്രി ക്ലാസ്സില്‍ ആദ്യവര്‍ഷം 58 ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുണ്ടായിരുന്ന സ്ഥാനത്ത്‌, മൂന്നാം വര്‍ഷം ഇരുപത്തിരണ്ടായി താഴ്‌ന്നു.

ജയിന്‍ സാബിന്റെ ബിരുദാനന്തരപഠന കോളേജില്‍, ഹിന്ദിയില്‍ ഉപരിപഠനം നടത്താന്‍, ഒന്നും രണ്ടും വര്‍ഷങ്ങളിലേക്ക്‌ ഓരോ കുട്ടികള്‍ വീതം മാത്രമേ ഉണ്ടായിരുന്നുള്ളു. സാമ്പത്തിക ശാസ്ത്രത്തിലാവട്ടെ, ആദ്യ വര്‍ഷത്തിന്‌ ഒരാള്‍ ഉണ്ടായിരുനു. രണ്ടാം വര്‍ഷ ക്ലാസ്സില്‍ ആരുമില്ല. സോഷ്യോളജിക്ക്‌ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളായി രണ്ടു ആദിവാസികളും, രണ്ടാം വര്‍ഷം പൂജ്യവും. എം.കോമിന്‌ പഠിക്കാന്‍ ഒരു ആദിവാസിപോലും ഉണ്ടായിരുന്നില്ല.

"നമ്മുടെ സംവിധാനത്തിനകത്ത്‌ ആദിവാസി വിദ്യാര്‍ത്ഥിക്കെതിരായ ജന്മസിദ്ധമായ ഒരു വിവേചനം ശക്തമായി നിലനില്‍ക്കുന്നു." ഒരു ഗിരിജനക്ഷേമ വകുപ്പ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.'അത്‌ വിദ്യാഭ്യാസത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നുമില്ല. ഗിരിജനങ്ങളുടെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും മാറ്റാനുള്ള ഒരു പരിശ്രമവും നടക്കാത്തിടത്തോളം കാലം ഈ അഭ്യാസമൊക്കെ വൃഥാവിലാവുകതന്നെ ചെയ്യും.എന്നിട്ട്‌ അതിന്‌ നിങ്ങള്‍ക്ക്‌ ഈ സാധുക്കളെത്തന്നെ പഴിക്കുകയും ചെയ്യാം. നിരവധി അബദ്ധജടിലമായ പരീക്ഷണങ്ങള്‍ക്കു ശേഷവും, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ ഈ ഗിരിജന വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ പിടിച്ചുനിര്‍ത്താന്‍ ആയിട്ടില്ല. അതിനും പുറമെ, പഠിക്കാന്‍ അവര്‍ക്ക്‌ ആഗ്രഹമുണ്ടായിട്ടുകൂടി സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ അവരെ ഇതില്‍നിന്ന്‌ കൂടുതല്‍ക്കൂടുതല്‍ അകറ്റുകയും ചെയ്യുന്നു. പൈസയല്ല പ്രധാന പ്രശ്നം. പ്രതിബദ്ധതയില്ലായ്മയാണ്‌.

സാര്‍വ്വത്രികവും, നിര്‍ബന്ധിതവും, ചിലവ്‌ ചുരുങ്ങിയതുമായ ഒരു പ്രൈമറി സ്കൂള്‍ സംവിധാനം വന്നാല്‍, ഗിരിവര്‍ഗ്ഗക്കാരുടെ കാര്യങ്ങള്‍ ഭേദപ്പെടുമെന്ന് മിക്ക അദ്ധ്യാപകരും വിശ്വസിക്കുന്നു. ദീര്‍ഘ-കാല പരിഷ്കാരങ്ങള്‍ ഝബുവയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ തറപ്പിച്ചു പറയുന്നു.ശരിയായ സാഹചര്യങ്ങള്‍ കൊടുത്താല്‍, ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും മറ്റു കുട്ടികളുടെ നിലവാരത്തിലേക്കെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.

എന്തൊക്കെയാണ്‌ അവര്‍ക്ക്‌ നേടാനാവുക എന്നതിന്‌ ഒരു നല്ല ഉദാഹരണമാണ്‌ ക്ലമന്‍സി ദോധിയാര്‍. ഭില്‍ ഗോത്രവര്‍ഗ്ഗക്കാരിയും, പരിശീലനം കിട്ടിയ അദ്ധ്യാപികയുമായ ക്ലമന്‍സി, നിരക്ഷരനായ ഒരു ഭില്‍ കൃഷിക്കാരന്റെ മകളാണ്‌. 1979-ല്‍ ബി.എ പാസ്സായ ക്ലെമെന്‍സി ജില്ലയില്‍ ആദ്യമായി ഫസ്റ്റ്‌ ക്ലാസ്സ്‌ വാങ്ങി ഡിഗ്രി പൂര്‍ത്തിയാക്കിയ ആദിവാസി പെണ്‍കുട്ടിയാണ്‌. ഝബുവയിലെ അല്‍പം ഭേദപ്പെട്ട ടണ്ട്ല മിഷന്‍ സ്കൂളില്‍ ചേരാന്‍ കഴിഞ്ഞതാണ്‌ തന്റെ വിജയത്തിന്റെ കാരണമെന്ന് അവള്‍ കരുതുന്നു. വിദ്യാഭ്യാസത്തിനെ ആദരവോടെ കാണാന്‍, ആ സ്കൂളില്‍ ചിലവിട്ട അഞ്ചു വര്‍ഷങ്ങള്‍ അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌.

"അതിനു ശേഷം എനിക്ക്‌ പഠിക്കണമെന്നു തോന്നി. ഞാന്‍ നന്നായിട്ട്‌ അദ്ധ്വാനിച്ചു" അവള്‍ പറഞ്ഞു. മിഷന്‍ വക സ്കൂളുകളില്‍ പഠിക്കാനായി ക്ലെമെന്‍സി, രാജസ്ഥാനിലെ അജ്‌മീറിലും, മദ്ധ്യ പ്രദേശിലെ മൗവിലും, ബീഹാറിലെ റാഞ്ചിയിലും, ബാങ്ക്ലൂരില്‍പ്പോലും പോയി. ഇപ്പോള്‍ ഝബുവയിലേക്ക്‌ തിരിച്ചു വന്നിരിക്കുന്നു ക്ലമെന്‍സി.തന്റെ തൊഴിലില്‍ ഏര്‍പ്പെടുമ്പോഴും, ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ അവരെ സഹായിക്കുന്നു അവള്‍.'അവര്‍ക്കൊരു അവസരം കൊടുക്കൂ. അപ്പോള്‍ കാണാം". ക്ലമെന്‍സി പറഞ്ഞു.

ആദിവാസി കുട്ടികള്‍ക്ക്‌ അവരുടെ 'അവസരം' കിട്ടുന്നുവെന്ന് ഉറപ്പു വരുത്തലായിരിക്കും ഇനി വരുന്ന കുറേയേറെ വര്‍ഷങ്ങളില്‍ ഝബുവ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി.

6 comments:

Rajeeve Chelanat said...

“.....പക്ഷെ ഇവിടെ സ്ഥിതി അതല്ല. ആദിവാസി കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കിട്ടുന്നില്ല. സ്കൂളുകളൊക്കെ നടക്കുന്നത്‌ ഗിരിവര്‍ഗ്ഗക്കാര്‍ക്കു വേണ്ടിയുള്ള പൈസകൊണ്ടാണുതാനും. ചുരുക്കത്തില്‍, തങ്ങളുടെ ചൂഷകരുടെ വിദ്യാഭ്യാസത്തിന്‌ ആദിവാസികള്‍ സ്വന്തം പൈസ ചിലവഴിക്കണമെന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി".

Pramod.KM said...

നന്നായിട്ടുണ്ട് ഈ ഭാഗവും.:)
“സമര്‍ത്ഥനായ ഒരു ഭരണാധികാരി പോലും ഉണ്ടായിട്ടുണ്ട്” എന്നാണോ ‘ഉണ്ടായിട്ടില്ല’എന്നാണോ?

മൂര്‍ത്തി said...

നന്ദി രാജീവ്..എല്ലാം വായിക്കുന്നുണ്ട്...

ഹൈസ്കൂള്‍ തലത്തിലാകട്ടെ, ഗിരിവര്‍ഗ്ഗക്കാര്‍ 31-ഉം, ജനസഖ്യയില്‍ 15 ശതമാനം മാത്രമുള്ള മറ്റുള്ളവര്‍ 51 ശതമാനമാവുന്നതുമാണ്‌ കാണാന്‍ കഴിയുക. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എത്തുമ്പോഴേക്ക്‌, ആദിവാസികള്‍ 31 ശതമാനമായി പിന്നെയും ചുരുങ്ങുന്നു.
കണക്കില്‍ എന്തോ പിശകുണ്ടോ?

Unknown said...

വായിച്ചു

മയൂര said...

നന്ദി....നന്നായിട്ടുണ്ട് ...

Rajeeve Chelanat said...

മൂര്‍ത്തീ,

കണക്കിലെ തെറ്റല്ല. പതിവുപോലെ എന്റെ തെറ്റ്.

“ഗിരിവര്‍ഗ്ഗക്കാര്‍ 3-ഉം’ എന്ന വാക്യം എങ്ങിനെയോ കയറിക്കൂടിയതാണ്. ഗിരിവര്‍ഗ്ഗക്കാര്‍ 81-ല്‍ നിന്നും 59ഉം, പിന്നീടി 31 ഉം ആയി ചുരുങ്ങുന്നു. മറ്റുള്ളവര്‍ 19-ല്‍ നിന്നും 41-ഉം, പിന്നീട് 51-ഉം ആയി വര്‍ദ്ധിക്കുകയും ചെയുന്നു.

പ്രിയ പ്രമോദ്,

ഒരു സമര്‍ത്ഥനായ ഭരണാധികാരി ഉണ്ടായിരുന്നു എന്നു തന്നെയാണ്. എന്നിട്ടു പോലും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല എന്ന അര്‍ത്ഥത്തില്‍.

എല്ലാവര്‍ക്കും നന്ദി.