Monday, August 20, 2007

ഡോ.ബിശ്വാസിന്‌ പാലാമോ ഗ്രാമത്തിന്റെ വക ഒരു ചികിത്സ

ഭാഗം 1 -മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം
അദ്ധ്യായം 2 - ഡോ.ബിശ്വാസിന്‌ പാലാമോ ഗ്രാമത്തിന്റെ വക ഒരു ചികിത്സ.


ബര്‍ഹമനി, പാലാമോ (ബീഹാര്‍) - പോച്ച്രയിലെ ആളുകള്‍ ഡോക്ടര്‍ ബിശ്വാസിനെ നന്നായി തല്ലിച്ചതച്ചു, തുണിയുരിഞ്ഞ്‌, ഗ്രാമത്തില്‍ നിന്നു വിരട്ടി വിട്ടു.അതിനവര്‍ക്ക്‌ എല്ലാ ന്യായവുമുണ്ടായിരുന്നു. ഒരു വ്യാജഡോക്ടറായിരുന്നു ഡോ.ബിശ്വാസ്‌.ച്ഛോട്ടന്‍ പര്‍ഹായി എന്ന ഗ്രാമീണന്റെ ഗര്‍ഭിണിയായ ഭാര്യക്ക്‌, പ്രസവമടുത്ത്‌, അല്‍പം ഗുരുതരമായ ഒരു സന്ദര്‍ഭത്തില്‍ അയാള്‍ നല്‍കിയത്‌ ഗ്ലൂക്കോസ്‌ വെള്ളമായിരുന്നു. അമ്മയും കുട്ടിയും മരിച്ചു. പക്ഷേ, കുറേ മാറി, മറ്റൊരു ഗ്രാമത്തില്‍, ബിശ്വാസിനു തഴച്ചു വളരുന്ന സ്വകാര്യ പ്രാക്ടീസ്‌ ഉണ്ടായിരുന്നു.

ഇക്ബാല്‍ കാസ്സിമിനെ പരിചയപ്പെടൂ."ഡോക്ടറും ശസ്ത്രക്രിയാകാരനും' ആണ്‌ അയാള്‍. ദേവന്തിലെ വിശദമായ പഠനത്തിനു ശേഷം, അല്‍പകാലം അയാള്‍ 'ശസ്ത്രക്രിയ' അഭ്യസിച്ചിട്ടുമുണ്ടായിരുന്നു. അവിടെവെച്ച്‌, അയാള്‍ക്ക്‌, 'സസ്യ-ജീവ-ജന്തു-സ്ത്രീരോഗ-യുനാനി' സംയുക്ത ബിരുദവും, ആധുനിക അലോപ്പതി മരുന്നില്‍ പ്രത്യേക പരിശീലനവും കിട്ടിയിട്ടുണ്ടത്രെ. ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കുറെ ദൂരെയുള്ള അയാളുടെ വീട്ടിലാണത്രെ. ഒരു നേരിയ പ്രകോപനമുണ്ടായാല്‍പ്പോലും, അയാള്‍ തന്റെ രോഗികള്‍ക്ക്‌ ആമ്പിസില്ലിന്‍-ടെറ്റ്രാസൈക്ലീന്‍ കുത്തിവെപ്പുകള്‍ കൊടുത്തുകളയും. ഗൃഹസന്ദര്‍ശനങ്ങളും പതിവുണ്ടത്രെ.

ബിശ്വാസിന്റെ സഹോദരനും ഒരു ഡോക്ടറാണ്‌. ഹോമിയോപ്പതിയില്‍ അയാള്‍ക്ക്‌ ഡിപ്ലോമയുണ്ട്‌. പക്ഷേ ഡിപ്ലോമ നല്‍കിയ സ്ഥാപനത്തിന്റെ പേര്‍ നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക്‌ ഓര്‍മ്മ വരുന്നില്ല. അതേ ഗ്രാമത്തില്‍ അയാളും 'പരിശോധന' നടത്തുന്നുണ്ട്‌. താന്‍ 'ആര്‍.എം.പി. ആണെന്നയാള്‍ അവകാശപ്പെടുന്നു. ആര്‍.എം.പി എന്നാല്‍, രജിസ്റ്റേഡ്‌ മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നല്ലെന്നു മാത്രം. റൂറല്‍ മെഡിക്കല്‍ പ്രാക്ടീഷനര്‍ എന്നാണത്രെ. ഈ വഴിയിലൂടെ, പാറ്റ്‌നയില്‍പ്പോലും, 765 രൂപക്ക്‌ നിങ്ങള്‍ക്ക്‌ ഒരു ഡോക്ടറാവാം. ഗ്രാമ മുഖ്യന്റേയും ഒരു ഡോക്ടറുടേയും ഒപ്പ്‌ മാത്രം മതി. അതിനെന്തെങ്കിലും ചില്ലറ കൊടുത്താല്‍ മതിയാകും.

പാലാമുവിലും, ബീഹാറിലാകെയും വ്യാപിച്ചു കിടക്കുന്ന 'വ്യാജന്‍'മാരില്‍ ഭൂരിപക്ഷത്തിനും ഇതൊന്നും ഒരു പ്രശ്നമേയല്ല. ഒരു 'കമ്പൗണ്ടര്‍' ആയി പരിശീലനമുണ്ടായാല്‍ മതി. 'ഡോക്ടര്‍' എന്ന ബോര്‍ഡാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തിലുള്ള പതിനഞ്ചോളം 'വ്യാജന്‍'മാരുമായി സംസാരിച്ചപ്പോള്‍, ഈ മട്ടിലുള്ള ധാരാളം 'യോഗ്യത'കളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ സാധിച്ചു. തന്നെക്കുറിച്ചുതന്നെ, മൂന്ന് വ്യഖ്യാനങ്ങള്‍ അയാള്‍ എനിക്കു തന്നു. ഒടുവിലത്തേതു പ്രകാരം, ഒറീസ്സയിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നാണത്രെ അയാള്‍ക്ക്‌, ഡോക്ടര്‍ ബിരുദം കറസ്പോണ്ടന്‍സ്‌ പഠനം വഴി കിട്ടിയത്‌. സര്‍വ്വകലാശാലയുടെ പേര്‌ അയാള്‍ക്ക്‌ പെട്ടെന്ന് നാവില്‍ വരുന്നില്ലെന്നു പറഞ്ഞു. അയാളുടെ ലറ്റര്‍പാഡില്‍ 'ബി.എ.എം.എസ്‌' (ആയുര്‍വ്വേദ വൈദ്യത്തില്‍ ബിരുദം) എന്നാണ്‌ എഴുതിയിരുന്നത്‌. ഇവിടെ ചെയ്യുന്നത്‌, അലോപ്പതിയും.

മറ്റു വഴിയൊന്നുമില്ല. പാലാമുവിലും, ബീഹാറിന്റെ മറ്റു ഉള്‍നാടുകളിലും അലോപ്പതിക്ക്‌ നല്ല ആവശ്യക്കാര്‍ ഉണ്ടത്രെ. ഇന്ത്യന്‍ നഗരങ്ങള്‍ യോഗയിലേക്കും പാരമ്പര്യ ചികിത്സയിലേക്കും നീങ്ങുമ്പോള്‍, ഇവിടെ, ഹക്കീമുകളും, യൂനാനിക്കാരും, ആയുര്‍വേദക്കാരും,ഹോമിയോപ്പതിക്കാരും അലോപ്പതിയിലേക്കു കൂറു മാറുകയാണ്‌. "ചിലര്‍ രണ്ടോ മൂന്നോ വര്‍ഷം കമ്പൗണ്ടരായോ, ഡോക്ടര്‍മാരുടെ ശിങ്കിടികളായോ പ്രവര്‍ത്തിച്ചു മാത്രം പരിചയമുള്ളവരാണ്‌. അവര്‍ കുത്തിവെയ്പ്പുകള്‍ വരെ നടത്തും" ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. "അവര്‍ക്ക്‌ ആരോടും സമാധാനം പറയേണ്ടതില്ല, ഏതു മരുന്നും അവര്‍ നിര്‍ദ്ദേശിക്കും, തടിതപ്പുകയും ചെയ്യും" മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

ക്ഷയം, മലമ്പനി, വയറിളക്കം, അതിസാരം അങ്ങിനെ, നിരവധി രോഗങ്ങളുടെ ഇരകളാണ്‌ പാലാമുവിലെ ആളുകള്‍. ഈ രോഗങ്ങള്‍ക്കൊക്കെയുള്ള ഒരേയൊരു മരുന്ന്, ഉപ്പുരസമുള്ള കഷായമാണ്‌. ഈ മരുന്നുകൊണ്ട്‌, വ്യാജന്‍മാര്‍ ആളുകളെ കീഴടക്കുന്നു. മലമ്പനി ബാധിച്ചവരെപ്പോലും ഇതുകൊണ്ട്‌ ചികിത്സിക്കുന്നു ഇത്തരക്കാര്‍. 'വെള്ളമൂത്ത്‌' ഒരു നല്ല ചികില്‍സയാണെന്നു വിശ്വസിക്കുന്നവരാണ്‌ ഗ്രാമത്തിലെ ഒട്ടുമിക്കവരും. ഡോക്ടര്‍ക്ക്‌ കൊടുക്കാന്‍ അവര്‍ പണം കടം മേടിക്കുന്നു. ഇനി മറ്റൊന്നുണ്ട്‌.ടെറ്റ്രാസൈക്ലീന്‍ കുത്തിവെപ്പുകള്‍.

ഒരു കുപ്പി ഗ്ലൂക്കോസ്‌ വെള്ളത്തിന്‌ 28 രൂപയാണ്‌, ചില്ലറ വില്‍പ്പനയില്‍. മൊത്തമായി എടുക്കുമ്പോള്‍ 12 രൂപക്കും കിട്ടും. ട്യൂബിനും സൂചിക്കും കൂടി മറ്റൊരു 12 രൂപ. ഈ ട്യൂബും സൂചിയും, വ്യാജന്മാര്‍ കുറേക്കാലത്തേക്ക്‌ ഉപയോഗിക്കും. ഒരു കുപ്പി ഗ്ലൂക്കോസ്‌ ഡ്രിപ്പിന്‌ ഈ വ്യാജന്മാര്‍ മേടിക്കുന്നത്‌, 100 രൂപ മുതല്‍ 150-രൂപ വരെയാണ്‌. "തീരെ പഠിപ്പില്ലാത്തവരില്‍ നിന്നാണ്‌ പൈസ കിട്ടാന്‍ കൂടുതല്‍ എളുപ്പം" ഒരു അറുവഷളന്‍ ചിരിയുടെ അകമ്പടിയോടെ ബിശ്വാസ്‌ പറയുന്നു.

30 മില്ലി ലിറ്ററിന്റെ ടെറ്റ്രാസൈക്ലീന്‌ 8 മുതല്‍ 10 രൂപവരെ ചിലവുണ്ട്‌, ചില്ലറ വില്‍പ്പനയില്‍. 2 മില്ലി ലിറ്റര്‍ വീതം പതിനഞ്ചോളം കുത്തിവെയ്പ്പുകള്‍ സാധിക്കുന്നു ഇതുകൊണ്ട്‌. ഓരോ കുത്തിവെയ്പ്പിനും 10 രൂപയോ 15 രൂപയോ വരെ മേടിക്കാം. അങ്ങിനെ, ചെറിയ മുതല്‍ മുടക്കുകൊണ്ട്‌, 150-225 രൂപവരെ ഉണ്ടാക്കുന്നു ഇക്കൂട്ടര്‍. ഒരേ സൂചി തന്നെ നിരവധി തവണ ഉപയോഗിക്കുന്നു. ഫലമോ? അപകടസാദ്ധ്യതകള്‍ ഏറുന്നു. ഈ കളിക്കു നിവൃത്തിയില്ലാത്ത ധാരാളം ആളുകളുമുണ്ട്‌ ഈ ഗ്രാമത്തില്‍.രണ്ടോ മൂന്നൊ കോഴി മുട്ടകള്‍ മാത്രം കൊടുത്ത്‌ ഗ്രാമത്തിലെ മന്ത്രവാദി വൈദ്യനില്‍ നിന്ന് ആരോഗ്യം വാങ്ങുന്നവര്‍.

എങ്ങിനെയാാണ്‌ ഈ വ്യാജന്‍മാര്‍ ഇങ്ങിനെ ശക്തിയാര്‍ജ്ജിച്ചത്‌? എന്തുകൊണ്ടാണ്‌ ധാരാളം ആളുകള്‍ ഇത്തരക്കാരെ സമീപിക്കുന്നത്‌?

"നമ്മുടെ പൊതുജനാരോഗ്യ സംവിധാനമൊന്നു നോക്കൂ", ഡാല്‍ട്ടണ്‍ഗഞ്ചിലെ ഒരു ബഹുമാന്യനായ ഡോക്ടര്‍ എന്‍.സി.അഗര്‍വാള്‍ പറയുന്നു. 'ചില വ്യാജന്മാരെങ്കിലും മലമ്പനിക്കുള്ള മരുന്നുകള്‍ കൊടുക്കുന്നുണ്ട്‌".

പൊതുജനാരോഗ്യ സംവിധാനം ആകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. ലതെഹാറില്‍ ഒരു പ്രമുഖ പ്രാഥമികാരോഗ്യ കേന്ദ്രവും, അതിന്റെ കീഴില്‍ പതിനെട്ട്‌ ഉപകേന്ദ്രങ്ങളുമുണ്ട്‌. ഞാന്‍ സന്ദര്‍ശിച്ച നാലു ഉപകേന്ദ്രങ്ങളില്‍ ഒന്നുപോലും പ്രവൃത്തിക്കുന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്ക്‌ ഒരു ഉപകാരവും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മൂന്നെണ്ണത്തിന്റെ വാതിലും വാതില്‍-ജനല്‍പ്പടികളും എല്ലാം ആളുകള്‍ ഇളക്കിമാറ്റി കൊണ്ടുപോയിരുന്നു. ഇച്ചാക്ക്‌ എന്ന സ്ഥലത്തുണ്ടായിരുന്ന ബാക്കിയുള്ള ഒന്നില്‍, അറുപതുകളിലെ പ്രേമഗാനങ്ങള്‍ പാടാന്‍ ഇഷ്ടപ്പെട്ടിരുന്ന മുഴുക്കുടിയനായ ഒരു പ്രധാനാധ്യാപകന്‍ താമസിച്ചിരുന്നു.

പ്രധാന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച്‌, ഒരു ഡോക്ടര്‍, നിര്‍ബന്ധ മലമ്പനി പരിശോധനക്കു വന്ന ഒരു രോഗിയില്‍ നിന്ന് പൈസ വാങ്ങുന്നത്‌ കണ്ടു. നിയമവിരുദ്ധമായ പ്രവൃത്തിയായിരുന്നു അത്‌. അതും, പത്രപ്രവര്‍ത്തകനാണെന്നു സ്വയം പരിചയപ്പെടുത്തി ഞാന്‍ മുന്‍പില്‍ ഇരിക്കുമ്പോള്‍. ഒരു ഉപ കേന്ദ്രത്തിലും ആവശ്യമുള്ള ഒരു മരുന്നുപോലും ഉണ്ടായിരുന്നില്ല. അത്യാവശ്യ മരുന്നുകളൊക്കെ മോഷ്ടിക്കപ്പെട്ടിരുന്നു.

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ ലതെഹാര്‍ സബ്‌ഡിവിഷണ്‍ ആശുപത്രിയില്‍, പതിനെട്ടു ജോലിക്കാരും, എട്ട്‌ ഡോക്ടര്‍മാരും, ഇരുപത്താറു കിടക്കകളും ഉണ്ടായിരുന്നു, ഒരേ ഒരു രോഗിയും. ഒഴിഞ്ഞ കിടക്കകള്‍ ദുര്‍ഗന്ധം വമിക്കുന്നവയായിരുന്നു. പല തവണ പോയിട്ടും, ഒരു ആരോഗ്യ പ്രവര്‍ത്തക ഒഴിച്ച്‌, മറ്റൊരു ജോലിക്കാരനെയും ആ ആശുപത്രിയില്‍ കാണാന്‍ കഴിഞ്ഞില്ല. പ്രധാന ഡോക്ടര്‍ അവധിയിലായിരുന്നു. മറ്റുള്ളവര്‍ സ്വകാര്യ പ്രാക്ടീസ്‌ നടത്തുന്നതിന്റെ തിരക്കിലും, ആശുപത്രിയോട്‌ ചേര്‍ന്നുതന്നെ. അതും,ജോലിസമയത്ത്‌.

ആരോഗ്യപ്രവര്‍ത്തക ഒരു ഡോക്ടരെ വിളിച്ചുകൊണ്ടുവരാന്‍ പോയി. അല്‍പം നീരസത്തോടെയാണ്‌ വനിതാ ഡോക്ടര്‍ വന്നത്‌. തന്റെ വിലപ്പെട്ട സ്വകാര്യ പ്രാക്ടീസ്‌ സമയമാണ്‌ അവര്‍ക്ക്‌ നഷ്ടമാകുന്നത്‌. പക്ഷേ, ആശുപത്രിയില്‍ രോഗപ്രതിരോധ, ജീവന്‍ രക്ഷാ മരുന്നുകളൊന്നും സ്റ്റോക്കില്ലെന്ന് അവര്‍ സമ്മതിച്ചു. അതുപോലെ, സര്‍പ്പവിഷത്തിനോ, ആ പ്രദേശത്ത്‌ ഏറ്റവും ആവശ്യമായി വരാറുള്ള പേപ്പട്ടി വിഷ ചികില്‍സക്കോ ഉള്ള മരുന്നു പോലും അവിടെ തീരെ ഇല്ലെന്നും അവര്‍ പറഞ്ഞു. അഭിമുഖം തീര്‍ന്നതും, അവര്‍ സ്ഥലം വിട്ടു, സ്വന്തം പ്രാക്ടീസ്‌ സ്ഥലത്തേക്ക്‌. പക്ഷേ ഡോക്ടര്‍മാര്‍ ദിവസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കാരുണ്ടെന്ന്, പ്രദേശത്തെ ഒരു സന്നദ്ധ സേവകന്‍ പറഞ്ഞു. നിശ്ചിത എണ്ണം രോഗികളെ ദിവസേന ഒപ്പിച്ചെടുക്കാന്‍.

സമീപത്തുള്ള ദളിത്‌ കോളണിയിലെ ദില്‍ബസിയ ദേവിയും കൂട്ടരും പറഞ്ഞത്‌, തങ്ങള്‍ക്കൊരിക്കലും ഈ ആശുപത്രിയില്‍ നിന്നു ഒരു മരുന്നുപോലും ലഭിച്ചിട്ടില്ലെന്നാണ്‌. എല്ലാം പുറത്തു നിന്നോ, ഡോക്ടര്‍മാര്‍ നടത്തുന്നതോ, അവരുമായി ബന്ധപ്പെട്ടതോ ആയ കടകളില്‍നിന്നു മാത്രമാണ്‌ കിട്ടിയിരുന്നത്‌. ഇത്‌ സംസ്ഥാനത്തിന്റെ പൊതുവായ അവസ്ഥയാണെന്നു ഒരു മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. "മുഖ്യമന്ത്രി ലാലു യാദവിനു പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത രണ്ടു സംഘങ്ങളാണ്‌ ഡോക്ടര്‍മാരും, സ്കൂള്‍ അദ്ധ്യാപകരും".

പൊതുജനാരോഗ്യ സംവിധാനത്തിന്‍ കീഴിലുള്ള ഇത്തരം സ്വകാര്യ ചികില്‍സാ വ്യവസായത്തെ നിയന്ത്രിക്കാന്‍, തുടര്‍ച്ചയായി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നിനും കഴിഞ്ഞിട്ടില്ല. വേണ്ടിവന്നാല്‍ ഏറ്റുമുട്ടാനും ഡോക്ടര്‍മാര്‍ക്കറിയാം. ഒരിക്കല്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ കയറി പരിശോധന നടത്തി അളവറ്റ മരുന്നുകള്‍ കണ്ടെടുത്തപ്പോള്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാല്‍സംഗത്തിന്‌ കള്ളക്കേസ്സുകൊടുത്തു തിരിച്ചടിച്ചു അവര്‍.

"ആളുകള്‍ ഈ ഡോക്ടര്‍മാര്‍ക്കും, വ്യാജന്മാര്‍ക്കും ഇടയില്‍പ്പെട്ടിരിക്കുകയാണ്‌", ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. അയാള്‍ തുടര്‍ന്നു " സ്വകാര്യ പ്രാക്ടീസ്‌ നിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കുക എന്നതു മാത്രമാണ്‌ സര്‍ക്കാരിന്റെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം. എങ്ങിനെയാണ്‌ ഇപ്പോഴുള്ളതിനെ, പൊതുജനാരോഗ്യ സംവിധാനമെന്നു വിളിക്കാന്‍ കഴിയുക? മുഴുവനും സ്വകാര്യ വ്യവസായങ്ങളാണ്‌. പിന്നെയെന്തു പ്രസക്തിയാണുള്ളത്‌? രാജ്യത്തെ മറ്റിടങ്ങളിലെപ്പോലെ, ബീഹാറിലും നേഴ്സുമാരേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരാണുള്ളത്‌ (25,689 ഡോക്റ്റര്‍മാര്‍ക്ക്‌, 8,883 നേഴ്സുമാര്‍). ഇതിന്റെ കൂടെ ആയിരക്കണക്കിനു വ്യാജന്മാരും കൂടി ചേര്‍ന്നാല്‍ എന്തായിരിക്കും ഫലമെന്നു ആലോചിക്കൂ. അതേസമയത്തുതന്നെ, ഇവിടെ നമ്മള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (ബീഹാറില്‍ ആകെ എണ്ണം, പതിനയ്യായിരത്തിനു മുകളില്‍ വരും). ഇവയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍പമെങ്കിലും ഉറപ്പുവരുത്തിയാല്‍ കാര്യങ്ങള്‍ മെച്ചപ്പെടും. പക്ഷേ നമ്മുടെ ആരോഗ്യ സംവിധാനം ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്‌, രോഗികളെയല്ല, കരാറുകാര്‍ക്കും, ഫാര്‍മസിസ്റ്റുകള്‍ക്കും വേണ്ടിയുള്ളതാണ്‌ പൊതുജനത്തിനു വേണ്ടിയല്ല. ആരോഗ്യരംഗത്ത്‌ ഞങ്ങളുടെ സംസ്ഥാനം ഇത്ര പരിതാപകരമായ നിലവാരത്തിലെത്തിയത്‌ ഇതുകൊണ്ടൊക്കെയാണ്‌".

അതേസമയം, വ്യാജന്മാര്‍ക്ക്‌ ഒരു പരാതിയുമില്ല, ഒന്നിനെക്കുറിച്ചും. അവരുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌.

7 comments:

Rajeeve Chelanat said...

അദ്ധ്യായം-2 - ഡോ.ബിശ്വാസിനു പാലാമോ ഗ്രാമത്തിന്റെ വക ഒരു ചികിത്സ

Unknown said...

നന്ദി രാജീവേട്ടാ.

ഓടോ: ഇവിടെ ഒരു ബീഹാറുകാരന്‍ എന്റെ കൂടെ താമസിക്കുന്നുണ്ട്. അവന്റെ സംസ്ഥാനം ആനയാണ്, കുതിരയാണ്.. ഇന്ത്യ ഭരിക്കുന്നത് അവന്റെ സംസ്ഥാനമാണ്.. ഒക്കെ സഹിയ്ക്കാം. ബീഹാറിന്റെ കാര്യത്തെ പറ്റി സംസാരിക്കുമ്പോഴുള്ള അവന്റെ നിസംഗതയും പ്രശ്നങ്ങളോട് കണ്ണടയ്ക്കുന്ന സമീപനവും സഹിയ്ക്കാന്‍ വയ്യ. നമ്മളൊന്നും ചെയ്യണ്ട എന്ന നിലപാട്. ഇതൊക്കെ അവന്റെ മുഖത്തെറിഞ്ഞ് കൊടുക്കുന്നുണ്ട് ഇന്ന്.

(അടി കിട്ടുമോ?എന്നെ രണ്ട് ദിവസം കഴിഞ്ഞും ബ്ലോഗില്‍ കണ്ടില്ലെങ്കില്‍ ആരെങ്കിലും ഒന്ന് അന്വേഷിച്ച് വരണേ.) :-)

മൂര്‍ത്തി said...

കേരളം എത്ര ഭേദം..

വേണു venu said...

മൂര്‍ത്തിയെ കോപ്പി ചെയ്യാതിരിക്കാന്‍‍ എനിക്കും കഴിയുന്നില്ല. ഞാനും ബീഹാറിന്‍റെ അയല്‍‍ സംസ്ഥാനമായ യൂ.പീ ക്കാരനാണല്ലോ.
എന്‍റെ കേരളം എത്രയോ ഭേദമാണു്.:)

ദേവന്‍ said...

എല്ലാം വായിക്കുന്നുണ്ട് രാജീവ്.
ഇവിടെ ഒരു കമന്റ് ഇടാന്‍ മൂന്നു പോസ്റ്റ് എഴുതുന്ന ആയാസം വേണം എന്നതിനാലേ നാളെ നാളെ എന്ന് ആയി പോകുന്നതാണ്‌...

Unknown said...

രാജീവ് ... ബീഹാറിലെ ആരോഗ്യരംഗത്തെ പറ്റി ഒരു ധാരണ ലഭിക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു . കഷ്ഠം എന്നല്ലാതെ വേറെന്ത് പറയാന്‍ ....

കണ്ണൂസ്‌ said...

ഈ കഥ ബീഹാറില്‍ മാത്രം ഒതുങ്ങുന്നില്ല. തലസ്ഥാനമായ ഡെല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള റെയില്വേ സ്റ്റേഷനുകള്‍ നോക്കി നോക്കൂ. ചുമരുകള്‍ മുഴുവന്‍ പ്രാദേശിക ഡോക്ടര്‍മാരുടെ പരസ്യങ്ങള്‍ ആയിരിക്കും. മദ്രാസിലും കണ്ടിട്ടുണ്ട് കൃത്യമായി ക്ലിനിക്കുകള്‍ തന്നെ തുറന്ന് ചികിത്സ നടത്തുന്ന വ്യാജന്‍‌മാരെ.

ഡിഗ്രീ ശരിയായ രീതിയില്‍ കിട്ടിയിട്ടുണ്ടെങ്കിലും ടെട്റാസൈക്ക്ലിന്‍ കുത്തിവെപ്പ് കൊടുക്കുന്ന വൈദ്യന്മാര്‍ കേരളത്തിലും അത്ര കുറവല്ല.