ഭാഗം 3-ഈ വഴിയാണ് ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്.
ഗൊഢ(ബീഹാര്‍) -ദമ്രൂഹട്ടിലെ മദ്ധ്യ-തല സ്കൂളില്‍ അടുത്ത കാലം വരെ ഒരു സവിശേഷ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം നിലനിന്നിരുന്നു. ഈ സ്കൂളില്‍ എട്ടു ഡിവിഷനുകളും, ഏഴു അദ്ധ്യാപകരും, നാലു വിദ്യാര്‍ത്ഥികളും, രണ്ടു ക്ലാസ്സുമുറികളും, ഒരു പൊട്ടിപ്പൊളിഞ്ഞ കസേരയുമാണ് ഉണ്ടായിരുന്നത്.
കസേരയുടെ ഉടമസ്ഥനാവട്ടെ സസ്പെന്‍ഷനിലും. പൈസയുടെ തിരിമറിയുമായി ബന്ധപ്പെട്ട്. ഓരൊ നിശ്ചിത സ്ഥലങ്ങളിലെയും അദ്ധ്യാപകര്‍ക്കുള്ള ശമ്പള വിതരണം, അവിടങ്ങളിലുള്ള മദ്ധ്യതല സ്കൂളുകളിലെ പ്രധാനാദ്ധ്യാപകന്റെ ചുമതലയിലായിരുന്നു. നിലവിലില്ലാത്ത അദ്ധ്യാപകര്‍ക്ക് ഇവിടുത്തെ പ്രധാനാദ്ധ്യാപകന്‍ ശമ്പളം കൊടുത്തുവെന്ന് കണ്ടുപിടിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ അയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
രണ്ടു അദ്ധ്യാപകരെ സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ നാലു അദ്ധ്യാപകരും പരമാവധി പത്തോ പന്ത്രണ്ടോ കുട്ടികളും (രജിസ്റ്റ്രര്‍ ചെയ്ത എഴുപത്തഞ്ചു പേരില്‍ നിന്ന്)മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. വെറും രണ്ടു കുട്ടികള്‍ മാത്രം ഹാജരായ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. " സ്വകാര്യ ട്യൂഷനില്‍പ്പോലും ഇതു കാണാന്‍ കഴിയില്ല, ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടു അദ്ധ്യാപകര്‍!" ഗൊഢ കോളേജിലെ പ്രൊഫസ്സര്‍ സുമന്‍ ദരധിയാര്‍ പറയുന്നു.
ഗോത്ര മേഖലയില്‍ കാര്യങ്ങള്‍ ഇതിലും മോശമാണ്. ഗിരി പ്രദേശമായ ബോവരിജോര്‍ ബ്ലോക്കില്‍ അദ്രോ ഗ്രാമത്തിലെ ഹെഡ്‌മാസ്റ്റര്‍ ശ്യാം സുന്ദര്‍ മാല്‍ടൊ രണ്ടു വര്‍ഷമായി ഹാജരായിട്ടേയില്ല. ചോളവും തളിരിലകളും ശേഖരിച്ചുവെക്കാന്‍ ഉപയോഗിക്കുന്ന അവിടുത്തെ സ്കൂളിലേക്കെത്താന്‍ 14 കിലോമീറ്റര്‍ ദുര്‍ഗ്ഗമമായ പ്രദേശത്തിലൂടെ നടക്കേണ്ടിവന്നു ഞങ്ങള്‍ക്ക്.
മാല്‍ടൊ രണ്ടു വര്‍ഷം മുന്‍പ് ഹാജര്‍ പുസ്തകവുമായി സ്ഥലം വിട്ടതാണത്രെ. "രത്നപുരത്തിലെ അയാളുടെ വീട്ടിലിരുന്നു അയാള്‍ ദിവസവും ഹാജര്‍ രേഖപ്പെടുത്തി ശമ്പളം വാങ്ങുന്നു" തെത്രിഗോഢയിലെ പഹാരിയ ഗോത്രക്കാരനായ മധു സിംഹ് പറഞ്ഞു.രോഷാകുലരായ ഗ്രാമീണര്‍ മധു സിംഹിന്റെ നേതൃത്വത്തില്‍ വീട്ടില്‍ ചെന്ന് മാല്‍ടൊവിനെ നന്നായി ശകാരിച്ചു. അതിനു പകരമായി അയാള്‍ ചെയ്തത്, ഇവര്‍ക്കെതിരെ ഭവനഭേദനത്തിനും, വധശ്രമത്തിനും കള്ളക്കേസുകള്‍ കൊടുക്കുകയായിരുന്നു. കേസ് ഇപ്പോഴും നടക്കുകയാണ്.
ഗോഢ പട്ടണത്തിലെ നന്മതി ഗ്രാമത്തിലാണ്, ദരിദ്രരില്‍തന്നെ ഏറ്റവും ദരിദ്ര വര്‍ഗ്ഗമായ കഹാരുകളുടെ കോളണി. അവിടെയുള്ള പ്രൈമറി സ്കൂളില്‍ ഒരേയൊരു വിദ്യാര്‍ഥിയേ ഉണ്ടായിരുന്നുള്ളു. ഒരു ആട്. വേറെ രണ്ടെണ്ണം ജനല്‍പ്പടിയില്‍ ഇരുന്ന് എന്തോ ചവക്കുന്നുണ്ടായിരുന്നു. രജിസ്റ്റ്രര്‍ പ്രകാരം രണ്ടു കുട്ടികളുണ്ടായിരുന്നുവെങ്കിലും, ഒരു കുട്ടി മാത്രമേ അവിടെയെത്താറുണ്ടായിരുന്നുള്ളു.
സീതാപാദയില്‍ ഒരു സ്കൂളിനുവേണ്ടി 1989 സ്ഥാപിച്ച തറക്കല്ല് കാടും പടലും കൊണ്ടു മൂടിയിരുന്നു. ഒരു പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായ മോട്ടിലാല്‍ പറഞ്ഞതനുസരിച്ച്, സര്‍ക്കാര്‍ രേഖകളില്‍ ഇതൊരു 'പ്രവര്‍ത്തിക്കുന്ന' സ്കൂളാണത്രെ. ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ ഗൊഢയില്‍ 1063 പ്രൈമറി വിദ്യാലയങ്ങളും, 2887 അദ്ധ്യാപകരുമുണ്ട്. ഇതില്‍ ചിലത് പ്രവര്‍ത്തിക്കുന്നുമുണ്ട്. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പൊതുവായ സ്ഥിതി, അത്തരത്തിലുള്ള ഒരു സംവിധാനവും നിലവിലില്ല എന്നതു തന്നെയാണ്. അതായത്, പ്രവര്‍ത്തനക്ഷമമായ ഒരു സംവിധാനം.
പഹാരിയ ഗ്രാമങ്ങളില്‍ ഒരു കുട്ടിപോലും വിദ്യാലയങ്ങളില്‍ പോവുന്നില്ല. ചിലതില്‍ കുട്ടികളെ 'പ്രവേശിപ്പിച്ച'തായി രേഖകളില്‍ കാണിച്ചിട്ടുണ്ട്. സുന്ദര്‍പഹാരി ബ്ലൊക്കിലെ വിദൂരമായ ഡൊരിയോവില്‍, താരതമ്യേന ഭേദപ്പെട്ടതെന്ന് തോന്നിപ്പിച്ച 79 വീടുകളില്‍ ഞങ്ങള്‍ ഒരു സര്‍വ്വെ നടത്തി. 303 ആളുകളില്‍ പതിനൊന്നുപേര്‍ക്കു മാത്രമാണ് പേരെഴുതി ഒപ്പിടാനെങ്കിലും അറിവുണ്ടായിരുന്നത്. പത്താം തരം വരെ പഠിച്ച ഒരാള്‍ ഗ്രാമത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ പദവി കിട്ടിയ കാലം മുതല്‍ തൊഴില്‍രഹിതനായി കഴിയുന്ന ചന്ദു പഹാരിയ എന്നൊരാള്‍.
ഡൊരിയോവില്‍ ഒരു കുട്ടിക്ക് പ്രവേശനം കിട്ടിയിട്ടുണ്ട്, പക്ഷേ അവന്‍ ക്ലാസ്സില്‍ വരാറില്ല. ഞങ്ങള്‍ വന്നതറിഞ്ഞ്, പ്രധാനാദ്ധ്യാപകന്‍ അവനെ കൂട്ടിക്കൊണ്ടുവരാനായി ഗ്രാമത്തിലേക്കു പാഞ്ഞു."സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലെ തോന്നിക്കുന്ന ഒരാള്‍' വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ടാണത്രെ അയാള്‍ ബദ്ധപ്പെട്ടത്(കേള്‍ക്കാന്‍ തീരെ താത്‌പര്യമില്ലാത്ത ഒരു അഭിസംബോധനയാണ് എന്നെ സംബന്ധിച്ചിടത്തോളം അത്)
"എനിക്ക് ഈ പയ്യനെ നല്ല ഇഷ്ടമാണ്. അവനെ സ്കൂളിലേക്ക് കൊണ്ടുവരണമെന്നുമുണ്ട്. പക്ഷേ ഈ ആളുകള്‍ അവനെ പ്രോത്സാഹിപ്പിക്കുന്നില്ല" മുന്‍കൂര്‍ ജാമ്യമെടുക്കാനെന്നോണം ഹെഡ്‌മാസ്റ്റര്‍ പരശുറാം പറഞ്ഞു. ഞാന്‍ ഡെപ്യൂട്ടി കമ്മീഷണറൊന്നുമല്ലെന്നറിഞ്ഞപ്പോള്‍ അയാള്‍ ആശ്വാസത്തോടെ തിരിച്ചുപോയി. ഈ പ്രധാനാദ്ധ്യാപകനെ കണ്ടിട്ട് മാസങ്ങളായെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പഴയ തലമുറക്കു കിട്ടിയ അത്രയും വിദ്യാഭ്യാസം പോലും ഇവിടുത്തെ ഇളം തലമുറക്കു കിട്ടാന്‍ ഇടയില്ലെന്നു തോന്നി.
ഒരു ഉയര്‍ന്ന ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇതായിരുന്നു. 'ഇവിടുത്തെ പല അദ്ധ്യാപകരും എപ്പോഴും കാഷ്വല്‍ ലീവിനുള്ള ഒരു അപേക്ഷ തീയ്യതി എഴുതാതെ പോക്കറ്റിലിട്ടു നടക്കുകയാണ്. പരിശോധനയോ മറ്റോ വന്നാല്‍ ഹാജരാകാതെയിരുന്നതിനുള്ള കുറ്റത്തില്‍നിന്ന് തടി തപ്പാന്‍".
ഗോത്ര വിഭാഗങ്ങളുടെയിടയിലെ 5 ശതമാനത്തിനും താഴെയുള്ള സ്ത്രീ സാക്ഷരതയുള്‍പ്പെടെ, ഇവിടുത്തെ സ്ഥിതി പരിതാപകരമാണ്. പഹാരിയ ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളില്‍ അധികവും ആണ്‍കുട്ടികളാണ്. അദ്ധ്യാപകരെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഒട്ടുമിക്കതും ന്യായമാണെങ്കില്‍പ്പോലും, തകരുന്ന ഈ സംവിധാനത്തിന് അവര്‍ മാത്രമല്ല ഉത്തരവാദികള്‍. പിന്നെയോ? മുഴുത്ത പട്ടിണി നിശ്ചയമായും ഒരു പ്രധാന കാരണമാണ്. കൂടെ, സര്‍ക്കാരിന്റെ അനാസ്ഥ, കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും പുസ്തകങ്ങളും നല്‍കാന്‍ സഹായിക്കുന്ന നിര്‍ബന്ധിത പ്രൈമറി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവം. ഇതൊക്കെ കാരണങ്ങള്‍ തന്നെയാണ്. ദുര്‍ഗ്ഗമമായ സ്ഥലങ്ങളും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീണ്ണമാക്കുന്നു.
2500 രൂപയോളം ശമ്പളം പറ്റുന്ന ചില പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ - ഇവിടെ അത് ഒരു വലിയ സംഖ്യയാണ്- പൈസ പലിശക്കു കൊടുക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പക്ഷേ, ആത്മാര്‍ഥതയുള്ള അദ്ധ്യാപകരും കൂട്ടത്തില്‍ ഇല്ലാതില്ല. അവരുടെ പ്രയത്നം സഫലമാകാറില്ലെന്നു മാത്രം. ഗൊറാധി സ്കൂളിലെ രംധീര്‍ കുമാര്‍ പാണ്ഡെ എന്ന ഗാന്ധിയന്‍ അദ്ധ്യാപകന്‍ ഒരു ഉദാഹരണമാണ്. കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കാന്‍ അയാള്‍ രക്ഷിതാക്കളോട് നിരന്തരം അഭ്യര്‍ഥിക്കാറുണ്ട്. "ഞാന്‍ അവരോട് പറയാറുണ്ട്, ഈ തലമുറക്ക് വിദ്യാഭ്യാസം കിട്ടാതെ പോയാല്‍ നിങ്ങളുടെ കാര്യം അതോടെ കഴിയും'എന്ന്. പക്ഷേ, അവര്‍ക്ക് ഈ ചിലവ് താങ്ങാന്‍ സാധിക്കുന്നില്ല" പാണ്ഡെ നിസ്സഹായനാകുന്നു. കുട്ടികളെ സ്കൂളിലേക്കു ആകര്‍ഷിക്കാന്‍ അയാള്‍ കയ്യില്‍ നിന്നു പൈസയെടുത്ത് അവര്‍ക്കാവശ്യമായ പെന്‍സിലും, പുസ്തകങ്ങളും, സ്ലേറ്റുകളുമൊക്കെ മേടിച്ചുകൊടുക്കാറുണ്ട്.
ഈ വിദൂര പ്രദേശങ്ങളില്‍ അദ്ധ്യാപകര്‍ക്ക് മറ്റു പ്രശ്നങ്ങളുമുണ്ട്. രോഗങ്ങള്‍. 1991-ല്‍ മൂന്നു പേര്‍ കാല അസര്‍* എന്ന രോഗം വന്ന് മരിച്ചു. 'സ്വാധീനമുള്ളവര്‍ അവര്‍ക്കാവശ്യമായ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെടും. അതില്ലാത്തവര്‍ ഇരുപത്തഞ്ചും മുപ്പതും കൊല്ലം ഇവിടെത്തന്നെ കഴിയും. അച്ചടക്ക-ശുദ്ധീകരണ നടപടിയെന്ന നിലയില്‍ ചിലപ്പോള്‍ അവശ്യമായി വരുന്ന സ്ഥലം മാറ്റങ്ങളും ഇവിടെ സാധാരണ ഗതിയില്‍ സംഭവിക്കാറില്ല. ഇതിനൊരു കാരണമുണ്ട്. സംസ്ഥാന വ്യാപകമായി, അദ്ധ്യാപകരുടെ സംഘടന വളരെ ശക്തമാണ്. അതിനാല്‍, ന്യായമായ സ്ഥലം മാറ്റങ്ങളെപ്പോലും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ഒരു സര്‍ക്കാരും അവരുമായി ഏറ്റുമുട്ടാന്‍ ധൈര്യപ്പെട്ടിട്ടില്ല ഇതുവരെ. "തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണുന്നത് അദ്ധ്യാപകരായതുകൊണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരെ പേടിയാണ്" ചിരിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഹാജരുകൊണ്ടൊന്നും പ്രത്യേകിച്ച് ഫലമില്ലെന്ന് പാണ്ഡെ പറഞ്ഞു. "പല കുട്ടികളും വീട്ടുപണിയും, കന്നുകാലികളെ മേയ്ക്കലുമൊക്കെ കഴിഞ്ഞ്, 12 മണിക്കു ശേഷമേ സ്കൂളില്‍ വരാറുള്ളു. മാത്രമല്ല, ഇരുട്ടുന്നതിനു മുന്‍പ് വളരെ ദൂരെയുള്ള അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുകയും വേണം. അതുകൊണ്ട് അവര്‍ നേരത്തെ പോവുകയും ചെയ്യും".
ഈ സ്ഥിതിയില്‍ നിന്നും ഒരു മോചനവുമില്ലെന്നാണോ? പ്രത്യേകിച്ചും ഈ ദരിദ്രരായ പഹാരിയ ഗോത്രക്കാര്‍ക്ക്?
സത്യം പറഞ്ഞാല്‍ ഉണ്ട്. ഗിരിജന ക്ഷേമ വകുപ്പ് നടത്തുന്ന ഏഴ് 'റസിഡെന്‍ഷ്യല്‍ സ്കൂളുകള്‍'** ഈ പ്രദേശത്തുണ്ട്. മറ്റു സ്കൂളുകളില്‍ നിന്നും വ്യത്യസ്തമായി, ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും, വസ്ത്രങ്ങളും, പുസ്തകങ്ങളുമൊക്കെ സൗജന്യമായി കൊടുക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, ഹാജര്‍ നില ഭേദമാണ്. കുട്ടികളുടെ നിലവാരവും താരതമ്യേന മെച്ചപ്പെട്ടതാണ്.
ഗൊഢ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന പ്രമോദ് കുമാര്‍ പഹാരിയ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയാണ്. അയാള്‍ പോയിരുന്ന ഭാഞ്ചി റസിഡെന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വേറെയും പത്തൊന്‍പത് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു."ആറുപേര്‍ ഡിഗ്രി കോഴ്സുകളില്‍ ചേര്‍ന്നു. ഒരാള്‍ പാറ്റ്‌ന സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് ഓണേഴ്സ് അവസാന്‍ വര്‍ഷ വിദ്യാര്‍ത്ഥിയാണ്" പ്രമോദ് പറഞ്ഞു.
" വിദ്യഭ്യാസം വേണമെന്ന് പഹാരിയക്കാര്‍ക്ക് ആഗ്രഹമുണ്ട്. റസിഡെന്‍ഷ്യല്‍ സ്കൂളില്‍ ചേരാന്‍ ഭാഗ്യം സിദ്ധിച്ച ഞങ്ങള്‍ക്ക് അതൊരു വലിയ മാറ്റമായിരുന്നു" പ്രമോദ് വ്യക്തമാക്കി. എന്തുകൊണ്ട്? പ്രൊഫസ്സര്‍ സുമന്‍ ദരാധിയാര്‍ പറയുന്നു "ഇതിനു കാരണം, റസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്കു ലഭിക്കുന്ന സാമ്പത്തിക സഹായ സംവിധാനമാണ്. ഇതില്‍ ഉച്ച ഭക്ഷണവും മറ്റും ഉള്‍പ്പെടുന്നു". പതിന്നാലു വര്‍ഷം ഗോത്ര മേഖലയില്‍ പ്രവര്‍ത്തിച്ച, സന്താള്‍ പഹാരിയ സേവാ മണ്ഡലിലെ ഗിരിധര്‍ മാഥുര്‍ ഇതിനോട് യോജിക്കുന്നു. "സുന്ദര്‍പഹാരി ബ്ലോക്കില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ആവശ്യമുണ്ട്. ഇപ്പോഴുള്ള മൂന്നെണ്ണവും ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്". അയാള്‍ പറഞ്ഞു.
ഭക്ഷണവും, വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ സൗജന്യമായി കിട്ടുന്ന വിധത്തില്‍, രണ്ടും മൂന്നും പ്രൈമറി സ്കൂളുകളെ ഒറ്റ റസിഡന്‍ഷ്യല്‍ സ്കൂളായി സംയോജിപ്പിക്കണമെന്ന് രംധീര്‍ പാണ്ഡെ പറഞ്ഞു. ഞാന്‍ സന്ദര്‍ശിച്ച കുപ്രസിദ്ധമായ ആ ദമൃഹട്ടിലെ സ്കൂളിലെ ഒരേയൊരു അദ്ധ്യാപകനായ ബിമല്‍ കാന്ത് റാമും ആ അഭിപ്രായത്തിനോട് യോജിച്ചു. ഒരു നല്ല സാഹചര്യം കൊടുത്താല്‍, പഹാരിയക്കാരും മറ്റു കുട്ടികളെപ്പോലെ ശോഭിക്കുമെന്ന് എല്ലാ അദ്ധ്യാപകരും സമ്മതിച്ചു. 'ഭാഷയോട് അവര്‍ക്ക് ഒരു പ്രത്യേക അഭിരുചി കാണുന്നുണ്ട്", പാണ്ഡെ വ്യക്തമാക്കി.
ചില അദ്ധ്യാപകര്‍ തമിഴ്‌നാട്ടിലെ ഉച്ചഭക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ആ ഒരു സമ്പ്രദായവും, അതില്‍ കൂടുതലും ആവശ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഈ ഘടകങ്ങളൊക്കെ ഉള്‍ച്ചേര്‍ന്ന ഒരു റസിഡന്‍ഷ്യല്‍ സ്കൂള്‍ സമ്പ്രദായം പ്രസക്തമാണ്. പല പോരായ്മകളുമുണ്ടായിട്ടുപോലും, എന്തുകൊണ്ടാണ് ഈ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ വേറിട്ടു നില്‍ക്കുന്നതെന്ന് ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിക്കുന്നത്. എന്നിരിക്കിലും, അവ വേറിട്ടു നില്‍ക്കുന്നു എന്നത് ഒരു പരമാര്‍ത്ഥം തന്നെയാണ്.
മറ്റു ചില രസകരമായ സൂചനകളുമുണ്ട്. വര്‍ഷംതോറും 1700 കോടി ചിലവഴിച്ചിട്ടും ഒരു നല്ല ഫലവും തരാത്ത ഈ വിദ്യാഭ്യാസ സമ്പ്രദായംകൊണ്ട് (മുന്‍)മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സഹികെട്ടിരിക്കുന്നു. പ്രൈമറി സ്കൂള്‍ അദ്ധ്യാപകരെ തിരഞ്ഞെടുക്കാന്‍ മത്സര പരീക്ഷകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ബീഹാറിലെ*** സ്ഥിതിയെക്കുറിച്ച് ബോദ്ധ്യം വന്ന യൂണിസെഫ്, തങ്ങളുടെ പല പദ്ധതികളുടെയും 'മുഖ്യ പ്രവര്‍ത്തന കേന്ദ്ര'മായി അതിനെ തിരഞ്ഞെടുത്തിരിക്കുന്നു. റസിഡന്‍ഷ്യല്‍ സ്കൂളുകളും ഉച്ചഭക്ഷണവുമൊക്കെ അത്തരം പദ്ധതികളില്‍ ഉള്‍പ്പെടുമെന്ന് നമുക്ക് ആശിക്കാം.
അപ്പോള്‍ ഒരുപക്ഷേ ദമൃഹട്ടിലെ സ്കൂളില്‍ അദ്ധ്യാപകരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായെന്നും വരാം.
*കാലാ അസര്‍ എന്ന രോഗം എന്താണെന്ന് വ്യക്തമല്ല.
**റസിഡന്‍ഷ്യല്‍ സ്കൂളെന്നതുകൊണ്ട് സ്വാശ്രയ വിദ്യാലയമെന്ന് ധരിക്കരുതെന്ന് അപേക്ഷ.
***ബീഹാറുപോലുള്ള പിന്നോക്ക സംസ്ഥാനങ്ങളെ അന്താരാഷ്ട്ര സംഘടനകള്‍ ഉന്നം വെക്കുന്നതിനു പിന്നിലെ ആഗോള ഫൈനാന്‍സ് താത്‌പര്യങ്ങള്‍ പരസ്യമായ രഹസ്യമാണ്. ഇവിടെ അത്ര പ്രസക്തമല്ലാത്തതിനാലാണ് സായ്‌നാഥ് അതിനെക്കുറിച്ച് സൂചിപ്പിക്കാതിരുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
ദമ്രൂഹട്ടിലെ മദ്ധ്യ-തല സ്കൂളില്‍ അടുത്ത കാലം വരെ ഒരു സവിശേഷ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം നിലനിന്നിരുന്നു. ഈ സ്കൂളില്‍ എട്ടു ഡിവിഷനുകളും, ഏഴു അദ്ധ്യാപകരും, നാലു വിദ്യാര്‍ത്ഥികളും, രണ്ടു ക്ലാസ്സുമുറികളും, ഒരു പൊട്ടിപ്പൊളിഞ്ഞ കസേരയുമാണ് ഉണ്ടായിരുന്നത്.
Post a Comment