Tuesday, October 16, 2007

ആങ്ങ്‌ സാന്‍ സ്യൂചിയുമായി ഞാന്‍ ഒടുവില്‍ നടത്തിയ സംഭാഷണം.

ജോണ്‍ പില്‍ഗര്‍

ബര്‍മ്മയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ആങ്ങ്‌ സാന്‍ സ്യൂചിയെ ഒരിക്കല്‍ കണ്ട ഓര്‍മ്മ കണ്‍മുന്നില്‍ തെളിയുന്നു. റങ്കൂണിലെ തടാകക്കരയിലുള്ള തന്റെ വീടിന്റെ പിന്‍ഭാഗത്തെ ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവര്‍. അന്നും വീട്ടുതടങ്കലിലായിരുന്നു സ്യൂചി. അവര്‍ വല്ലാതെ മെലിഞ്ഞപോലെ തോന്നി എനിക്ക്.അവര്‍ തടങ്കലില്‍ കിടക്കുന്ന ആ വീടിന്റെ പരിസരത്ത്‌ വെറുതെയൊന്ന് വന്നുനില്‍ക്കാനും, അവര്‍ വായിക്കുന്ന പിയാനോ സംഗീതം കേട്ട്‌ സമാശ്വസിക്കാനുമായി, നിരവധി ആളുകള്‍ എല്ലാ മാര്‍ഗ്ഗ തടസ്സങ്ങളെയും ധീരമായി മറികടന്ന്, വര്‍ഷങ്ങളായി അവിടെ വരാറുണ്ടായിരുന്നു. സ്വന്തം നെഞ്ചിടിപ്പിനും, പുറം ലോകത്തെ ശബ്ദങ്ങള്‍ക്കും ചെവിയോര്‍ത്ത്‌ താന്‍ ഉണര്‍ന്നു കിടക്കാറുണ്ടായിരുന്നുവെന്ന് സ്യൂചി എന്നോട്‌ പറഞ്ഞു. "അസുഖമായതിനുശേഷം, മലര്‍ന്നു കിടക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്‌". അവര്‍ പറഞ്ഞു.

ഇത് നടന്നത് ഒരു പതിറ്റാണ്ടുമുന്‍പായിരുന്നു. അവരുടെ വീട്ടില്‍ ഒളിച്ചു കടക്കാന്‍ ബര്‍മ്മീസ്‌ അധോലോകത്തിന്റെ മുഴുവന്‍ കൗശലവും എനിക്കന്ന് ഉപയോഗിക്കേണ്ടിവന്നു. സ്യൂചിയുടെ സഹായി വിന്‍ ഹ്യെന്‍, എന്നെയും, സിനിമാ നിര്‍മ്മാണത്തിലെ എന്റെ പങ്കാളിയായ ഡേവിഡ്‌ മണ്‍റൊനെയും ഉള്ളിലേക്ക്‌ ക്ഷണിച്ചു. ആറുവര്‍ഷത്തെ ജയില്‍വാസത്തിനിടക്ക്‌ അഞ്ചു വര്‍ഷവും ഏകാന്ത തടവിലായിരുന്നു വിന്‍ ഹ്യെന്‍. എങ്കിലും അയാളുടെ മുഖത്ത്‌ തെളിച്ചവും, ഹസ്തദാനത്തില്‍ ഊഷ്മളതയും ഉണ്ടായിരുന്നു. ദുരിത കാലം ക്ഷയിപ്പിച്ചതെങ്കിലും രാജകീയമായ ആ വീടിനുള്ളിലേക്ക്‌ അയാള്‍ ഞങ്ങളെ നയിച്ചു. മോടിയില്‍ വസ്ത്രധാരണം ചെയ്ത ബര്‍മ്മീസ് പട്ടാള മേധാവികള്‍ ക്രൂരമായി അടിച്ചമര്‍ത്തിയ 1990-ലെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു വനിതയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വീടാണിതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, ഉദ്യാനത്തിലെ ഉണങ്ങിയ മരങ്ങള്‍ ഇന്യ തടാകത്തിലേക്കും, വളച്ചുകെട്ടിയ കമ്പിവേലിയിലേക്കും വീണുകിടന്നിരുന്നു.

സ്യൂചി സില്‍ക്ക്‌ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. മുടിയില്‍ ഓര്‍ക്കിഡ്‌ പുഷ്പങ്ങളും. തേജസ്സുറ്റ ആ മുഖം, ഉറങ്ങുമ്പോള്‍പ്പോലും, അവര്‍ നടത്തുന്ന ധീരമായ യാത്രയുടെ ഉള്‍ബലം വെളിവാക്കിയിരുന്നു.

താന്‍ ഒരിക്കലും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അച്ഛന്റെ -സ്വതന്ത്ര ബര്‍മ്മയുടെ ആ പ്രമുഖനായ വിമോചനപ്പോരാളി, വധിക്കപ്പെട്ട ആങ്ങ്‌ സാനിന്റെ- ചുമര്‍ നിറയും വിധത്തിലുള്ള വലിയ ചിത്രം പതിച്ച ഒരു മുറിയില്‍, സ്യൂചി, ഞങ്ങളോടൊപ്പമിരുന്നു.

"ഞാന്‍ എന്താണ്‌ നിങ്ങളെ വിളിക്കേണ്ടത്‌?", ഞാന്‍ ചോദിച്ചു. "മുഴുവന്‍ പേരും വിളിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നത്‌ സൂ എന്നാണ്‌", അവര്‍ മറുപടി തന്നു.

"ഭരണകൂടം പറയുന്നത്‌ നിങ്ങളുടെ കഥ കഴിഞ്ഞു എന്നാണ്‌. എന്നിട്ടും ഒന്നും സംഭവിക്കാതെ നിങ്ങളിവിടെയുണ്ട്‌. അതെങ്ങിനെയാണ്‌?".

"ബര്‍മ്മയില്‍ ജനാധിപത്യം അവസാനിച്ചിട്ടില്ലാത്തതുകൊണ്ടാണത്‌. തടവറകളില്‍ കഴിയുകയും, ഇപ്പോള്‍ തെരുവില്‍ ജനാധിപത്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഈ ആളുകളെ നോക്കൂ. ഏതുനിമിഷവും വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്നറിയാമായിരുന്നിട്ടും, അവര്‍ പിന്‍മാറാന്‍ ഒരുക്കമല്ല".

"പക്ഷേ, ഒരിക്കല്‍ ബാലറ്റിലൂടെ നിങ്ങള്‍ നേടിയെടുത്ത അധികാരത്തെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ തിരിച്ചുപിടിക്കാനാവുക? അതും ഈ ഉരുക്കു മുഷ്ടിയെ നേരിട്ടുകൊണ്ട്‌?"

"വിജയത്തിനു നാലു ചേരുവകളുണ്ടെന്നാണ്‌ ബുദ്ധ മതം ഞങ്ങളെ പഠിപ്പിക്കുന്നത്‌. എന്തെങ്കിലും നേടണമെന്ന ഇച്ഛാശക്തിയാണ്‌ ആദ്യം വേണ്ടത്‌. പിന്നെ അതിനാവശ്യമായ ശരിയായ മനോനില, പിന്നെ വേണ്ടത്‌ നിശ്ചയദാര്‍ഢ്യം, ഒടുവില്‍ അറിവും.."

"മറുവശത്തുള്ളത്‌ തോക്കുകളല്ലേ?"

"അതെ. പക്ഷേ പ്രശ്നങ്ങളെ സൈനികമായി നേരിടുക പ്രയാസമാണ്‌. അത്‌ സ്വീകാര്യമല്ല".

ബര്‍മ്മയിലേക്ക്‌ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച വിദേശ സ്ഥാപനങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചു. പ്രത്യേകിച്ചും ടൂര്‍ കമ്പനികളെക്കുറിച്ചും, പടിഞ്ഞാറുള്ള 'ചങ്ങാതിമാരുടെ' കപടനാട്യത്തെക്കുറിച്ചുമൊക്കെ. ബ്രിട്ടീഷ്‌ വിദേശ കാര്യാലയത്തിന്റെ പത്രക്കുറിപ്പില്‍ എഴുതിയിരുന്നത് ഞാന്‍ സ്യൂചിയെ വായിച്ചുകേള്‍പ്പിച്ചു." ബ്രിട്ടന്‍ പോലുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളിലൂടെ ജനാധിപത്യ തത്ത്വങ്ങളുമായി കൂടുതല്‍ ഇടപെഴകാന്‍ ബര്‍മ്മീസ്‌ ജനതക്കു സാധിക്കും".

"ഒരിക്കലുമില്ല", അവര്‍ തിരിച്ചടിച്ചു. "കാരണം, ഒരു ചെറിയ ധനികവര്‍ഗ്ഗത്തിനെ കൂടുതല്‍ സമ്പന്നമാക്കാന്‍ മാത്രമേ പുതിയ നിക്ഷേപങ്ങള്‍ ഉപകരിക്കൂ. രാജ്യത്ത്‌ മുഴുവന്‍ നിര്‍ബന്ധിത വേലയാണ്‌ നടക്കുന്നത്‌. വിനോദസഞ്ചാര മേഖലയെ ലക്ഷ്യം വെച്ചുള്ളതാണ്‌ മിക്ക പദ്ധതികളും. അതില്‍ ജോലിചെയ്യുന്നതാവട്ടെ, കൂടുതലും കുട്ടികളാണ്‌".

"ഞാന്‍ സംസാരിച്ച മിക്ക ആളുകളും നിങ്ങളെ ഒരു വിശുദ്ധയായോ, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളായോ ഒക്കെയാണ്‌ കാണുന്നത്‌".

"ഞാന്‍ വിശുദ്ധയൊന്നുമല്ല. നിങ്ങളത്‌ ലോകത്തെ അറിയിക്കുന്നത്‌ നന്നായിരിക്കും".

"എന്താണ്‌ പിന്നെ നിങ്ങളുടെ ദോഷവശങ്ങള്‍?"

"അത്‌...മുന്‍ശുണ്ഠി എന്റെ കൂടപ്പിറപ്പാണ്‌".

"പിയാനോക്ക്‌ എന്തു സംഭവിച്ചു?"

"ആ പൊട്ടിയ കമ്പിയോ? ഇവിടുത്തെ കാലാവസ്ഥയില്‍ പിയാനോ പെട്ടെന്ന് കേടുവരും. ചില കട്ടകള്‍ അമരുന്നില്ല. കുറച്ച്‌ അധികം ബലം ഞാന്‍ പ്രയോഗിച്ചപ്പോള്‍ അതിന്റെ തന്ത്രി പൊട്ടിയതാണ്‌".

"നിങ്ങളത്‌ കേടുവരുത്തി. പൊട്ടിച്ചതാണല്ലേ?"

"അതെ"

"വല്ലാത്ത ഒരു രംഗമാണത്. ഇവിടെ നിങ്ങള്‍ ഒറ്റക്ക്‌ കഴിയുന്നു. പെട്ടെന്നൊരിക്കല്‍ ദേഷ്യം വന്ന്, പിയാനോ കേടുവരുത്തുന്നു".

"ഞാന്‍ പറഞ്ഞില്ലേ, എനിക്ക്‌ മുന്‍ശുണ്ഠി കൂടുതലാണ്‌".

"ചുറ്റും ശത്രുക്കളാല്‍ വളയപ്പെട്ട്‌, കുടുംബത്തില്‍നിന്നും, സുഹൃത്തുക്കളില്‍നിന്നുമൊക്കെ അകന്ന് കഴിയുമ്പോള്‍, പേടിതോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറില്ലേ?".

"ഇല്ല, കാരണം, എന്നെ പൊതിഞ്ഞു നില്‍ക്കുന്ന ഈ കാവല്‍ക്കാരോട്‌ എനിക്ക്‌ വിദ്വേഷമില്ല. ഭയം ഉണ്ടാവുന്നത്‌, വിദ്വേഷത്തില്‍നിന്നാണ്‌. ഇവരോട്‌ എനിക്ക്‌ ദേഷ്യമൊന്നുമില്ല".

"പക്ഷേ ഒരു വല്ലാത്ത ഏകാന്തത ഉണ്ടാക്കുന്നില്ലേ അത്‌?"

"ഹൊ..എനിക്ക്‌ എന്റെ ധ്യാനവും, പിന്നെ റേഡിയോയും ഒക്കെയുണ്ട്‌..പിന്നെ, ഈ ഏകാന്തത എന്നത്‌, ഉള്ളില്‍നിന്നു വരുന്ന ഒന്നാണ്‌. സ്വതന്ത്രരായി വലിയ വലിയ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്‌ ഈ ഏകാന്തതയൊക്കെ അധികവും ഉണ്ടാവുക".

"നിങ്ങള്‍ ഉറ്റുനോക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍ എന്തൊക്കെയാണ്‌?"

"ബി.ബി.സി യിലെ "ഓഫ്‌ ഷെല്‍ഫ്‌" എന്ന പംക്തിയില്‍ പരാമര്‍ശിക്കപ്പെടുന്ന പുസ്തകങ്ങളും, പിന്നെ എന്റെ ധ്യാനവും. വ്യായാമത്തിലൊന്നും എനിക്കധികം താത്‌പ്പര്യമില്ല. ഞാന്‍ ആ പ്രകൃതക്കാരിയല്ല".

"എന്നെങ്കിലും ഒരിക്കല്‍ ഭയത്തെ കീഴ്‌പ്പ്പ്പെടുത്തേണ്ടതായിവന്നിട്ടുണ്ടോ?"

"ഉണ്ട്‌. ഈ വീട്ടില്‍ ചെറിയ കുട്ടിയായി കഴിഞ്ഞ നാളുകളില്‍. ഇരുട്ടത്ത്‌ ഞാന്‍ ഇവിടെയൊക്കെ അലഞ്ഞുനടക്കാറുണ്ടായിരുന്നു. പിശാചുക്കള്‍ എവിടെയാണെന്ന് മനസ്സിലാകുംവരെ...ഏതായാലും ഇവിടെ അവര്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല".

സ്യൂചിയുമായുള്ള ആ കൂടിക്കാഴ്ച്ചക്കുശേഷം പിന്നീട്‌ നിരവധി തവണ ഞാന്‍ അവര്‍ തന്ന ടെലിഫോണ്‍ നമ്പറില്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ അടിക്കും. പിന്നെ നിശ്ചലമാകും. അങ്ങിനെയിരിക്കെ പിന്നീടൊരിക്കല്‍ അവരെ ഫോണില്‍ കിട്ടി.

"ആ പുസ്തകങ്ങള്‍ അയച്ചതിനു നന്ദി" അവര്‍ പറഞ്ഞു. "വീണ്ടും ധാരാളം വായിക്കാന്‍ കഴിഞ്ഞപ്പോള്‍ നല്ല സന്തോഷം തോന്നി" (ഞാന്‍ അവര്‍ക്ക്‌ ടി.എസ്‌.എലിയട്ടിന്റെ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഒരു സമാഹാരവും, ജോനാഥന്‍ ക്യൂവിന്റെ* What a Carve Up!എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലും കൊടുത്തയച്ചിരുന്നു). പുറത്ത്‌ എന്തൊക്കെയാണ്‌ നടക്കുന്നതെന്ന് ഞാന്‍ അവരോട്‌ ചോദിച്ചു. "ഓ..റോഡ്‌ മുഴുവന്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. തെരുവില്‍ മുഴുവന്‍ പട്ടാളക്കാരാണ്‌".

"ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന പേടിയുണ്ടോ?"

"ആ പ്രയോഗം എനിക്ക്‌ അത്ര ഇഷ്ടമല്ല" അല്‍പ്പം തറപ്പിച്ച്‌ അവര്‍ പറഞ്ഞു."ആളുകള്‍ തെരുവിലാണ്‌. അതൊരു പ്രതിസന്ധിയല്ല. കാരണ്‍** പോലെയുള്ള ഗോത്രവര്‍ഗ്ഗക്കാരും തെരുവിലാണ്‌. അതും ഒരു പ്രതിസന്ധിയല്ല. ആളുകളുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഷേധം പ്രകടമാണ്‌. നിങ്ങള്‍ക്കറിയാമോ, പുറത്ത്‌ എല്ലാം ശാന്തമാണെന്നു തോന്നുമ്പോഴും അടിയില്‍ എപ്പോഴും ഒഴുക്കുണ്ട്‌. മഞ്ഞുറഞ്ഞ തടാകം പോലെയാണത്‌. ഞങ്ങളുടെ ഈ തടാകത്തിന്റെ അടിയില്‍, ഞങ്ങള്‍ പുരോഗമിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. അല്‍പ്പാല്‍പ്പമായിട്ടാണെങ്കില്‍ത്തന്നെയും".

"എന്താണ്‌ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്‌?"

"ഞാന്‍ ഉദ്ദേശിച്ചത്‌, ഭരണകൂടം എത്ര ബലം പ്രയോഗിച്ചാലും, അവര്‍ക്ക്‌ ആളുകളെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല, സ്വാതന്ത്ര്യത്തിനെ തടയാനും അവര്‍ക്കാവില്ല. ഞങ്ങളുടെ സമയം വരുക തന്നെ ചെയ്യും".




*ജോനാഥന്‍ ക്യൂ - ബ്രിട്ടീഷ്‌ നോവലിസ്റ്റ്‌. രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതികള്‍കൊണ്ട്‌ ശ്രദ്ധേയനാണ്‌.

**കാരണ്‍ - മ്യാന്‍മറിലെ കിഴക്കന്‍ മലനിരകളിലും, തായ്‌ലാന്‍ഡിലും കാണപ്പെടുന്ന ഒരു ഗോത്രവര്‍ഗ്ഗം. ബര്‍മ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു കൂട്ടര്‍.

8 comments:

Rajeeve Chelanat said...

ബര്‍മ്മയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ആങ്ങ്‌ സാന്‍ സ്യൂചിയെ ഒരിക്കല്‍ കണ്ട ഓര്‍മ്മ കണ്‍മുന്നില്‍ തെളിയുന്നു. റങ്കൂണിലെ തടാകക്കരയിലുള്ള തന്റെ വീടിന്റെ പിന്‍ഭാഗത്തെ ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവര്‍. അന്നും വീട്ടുതടങ്കലിലായിരുന്നു സ്യൂചി. അവര്‍ വല്ലാതെ മെലിഞ്ഞപോലെ തോന്നി എനിക്ക്.

മൂര്‍ത്തി said...

ബര്‍മ്മയിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിജയം വരിക്കട്ടെ...

Unknown said...

മ്യാന്‍‌മറിലെ ജനതയുടെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു !

ദിലീപ് വിശ്വനാഥ് said...

ബര്‍മ്മയില്‍ ഇതൊരു ഉയിര്‍ത്തെഴുന്നേല്പ്പിന്റെ കാലഘട്ടമാണ്. തീര്‍ച്ചയായും വിജയം ജനങ്ങളോടൊപ്പമായിരിക്കും.

ഗുപ്തന്‍ said...

Thanks Rajeevettaa for introducing this article.

കണ്ണൂരാന്‍ - KANNURAN said...

ഇന്നല്ലെങ്കില്‍ നാളെ ബര്‍മ്മയിലെ ജനങ്ങള്‍ പാവ/പട്ടാള ഭരണകൂടത്തെ തൂത്തെറിയും... സംശയമില്ല... സമയോചിതമായ പോസ്റ്റായി ഇത്... അഭിനന്ദനങ്ങള്‍..

ശാലിനി said...

ഈ പോസ്റ്റിട്ടതിന് നന്ദി.

sandoz said...

സ്യൂചി...
ഏകാന്തതടവറകളും വീട്ടുതടങ്കലുകളും അതിജീവിച്ച്‌ ഒരിക്കല്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും...
ഇത്‌ ഇവിടെ പരിചപ്പെടുത്തിയതിന്‌ ചേലനാട്ടിന്‌ നന്ദി...