Sunday, October 28, 2007

വ്യഭിചാരത്തിന്റെ വഴിയില്‍ ഇറാഖി അഭയാര്‍ത്ഥികള്‍

ഒമര്‍ സിനാന്‍
അസ്സോസ്സിയേറ്റഡ് പ്രസ്സ്


മുഖത്ത്‌ കടുത്ത ചായം തേച്ച്‌, നീളമുള്ള കറുത്ത തലമുടി ചുഴറ്റി,ഇറാഖി പെണ്‍കിടാങ്ങള്‍ അല്‍ റവാബി നിശാക്ലബ്ബിലെ സ്റ്റേജിലേക്ക്‌ ചാടിക്കയറി. പ്രഭ ചൊരിയുന്ന വിളക്കുകള്‍ക്കു കീഴെ അവര്‍ ആടുകയും കുഴയുകയും ചെയ്തു. ഇറാഖി പോപ്പ്‌ സംഗീതം പശ്ചാത്തലത്തില്‍ ഉയര്‍ന്നൊഴുകി.

അല്‍പ്പം മാറി, അതൂത എന്ന വിളിപ്പേരുള്ള ഒരുവള്‍ തന്റെ പങ്കാളികളുടെ അടുത്തേക്ക്‌ മെല്ലെ നടന്നുചെന്നു. ഒരു രാത്രിയിലെ വിഭവ സമൃദ്ധമായ ആനന്ദത്തിനു പകരമായി അവര്‍ അവള്‍ക്ക്‌ 90 ഡോളര്‍ നല്‍കി.

വടക്കു പടിഞ്ഞാറന്‍ ഡമാസ്കസ്സിലെ ഈ ക്ലബ്ബ്‌ ഇറാഖി അഭയാര്‍ത്ഥി പ്രശ്നത്തിന്റെ ഒരു രൂക്ഷമുഖമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഇതുപോലുള്ള സ്ഥലങ്ങളിലാണ്‌ ഇറാഖി പെണ്‍കുട്ടികളും സ്ത്രീകളും ജീവിക്കാനായി ഈ കാണുന്ന വേഷമൊക്കെ കെട്ടിയാടുന്നത്‌. അവരെ പ്രവേശിപ്പിക്കാന്‍ മഹാമനസ്കത കാട്ടിയ രാജ്യങ്ങളൊന്നും, അവര്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റൊരു തൊഴിലിനും അവസരം കൊടുക്കുന്നുമില്ല.

വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ഇറാഖി സ്ത്രീകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പക്ഷേ, ഡമാസ്കസ്സിലെയും, അമ്മാനിലെയും തെരുവുകളിലും, നിശാക്ലബ്ബുകളിലും കഴിഞ്ഞ കുറേ മാസങ്ങളായി വര്‍ദ്ധമാനമായ രീതിയില്‍ കണ്ടുവരുന്ന ഈ ഇറാഖി സ്ത്രീകളുടെ എണ്ണം സൂചിപ്പിക്കുന്നത്‌, പ്രശ്നം കൂടുതല്‍ വഷളാവുന്നു എന്നു തന്നെയാണ്‌.

അല്‍ റവാബി ക്ലബ്ബിലെ ഇറാഖി പെണ്‍കുട്ടികളിലധികവും കൗമാരപ്രായക്കാരാണ്‌. പ്രായപൂര്‍ത്തിയെത്തിയ സ്ത്രീകളുമുണ്ട്‌ കൂട്ടത്തില്‍. ചിലര്‍ സ്റ്റേജില്‍ കയറി നൃത്തം വെക്കുന്നു. മറ്റുചിലര്‍ കൊഞ്ചിക്കുഴഞ്ഞും, രാത്രിയിലേക്കു ക്ഷണിക്കപ്പെടാനും കാത്ത്‌, ആളുകളുടെയിടയിലൂടെ മെല്ലെ നടന്നുനീങ്ങുന്നുണ്ടായിരുന്നു.

അയ്മന്‍ അല്‍ ഹലാഖി എന്ന ക്ലബ്ബ്‌ മനേജര്‍ പറയുന്നത്‌, സിറിയന്‍ പെണ്‍കുട്ടികളേക്കാളും കുറഞ്ഞ വിലക്ക്‌ ഈ ഇറാഖി പെണ്‍കുട്ടികളെ വാടകക്കെടുക്കാമെന്നാണ്‌. അവരുടെ സ്വന്തം രാജ്യത്ത്‌, ഇങ്ങനെ നൃത്തം ചെയ്യുന്നതും മറ്റും തീര്‍ത്തും ലജ്ജാകരമായ ഒരു ഏര്‍പ്പാടായി കണക്കാക്കപ്പെട്ടിരുന്നു. ഇവിടെ അതൊന്നും നോക്കേണ്ടതില്ല. അല്‍പ്പം കൂടി സഹിക്കാന്‍ തയ്യാറാവുന്നവര്‍ക്കാണെങ്കില്‍, വീട്ടുജോലിക്കാരിയാവുന്നതിനേക്കാള്‍ പത്തിരട്ടി പൈസ അധികം സമ്പാദിക്കാനുമായേക്കും. അതും വളരെക്കുറച്ചു സമയത്തിനുള്ളില്‍തന്നെ. ഉദാരമതിയായ ഏതെങ്കിലുമൊരു നല്ല ആളെക്കിട്ടിയാല്‍ മാത്രം മതിയാകും.

അല്‍ റവാബി ക്ലബ്ബിലെ പതിവു വിരുന്നുകാര്‍ ഇറാഖി, സിറിയന്‍ പുരുഷന്‍മാരായിരുന്നു. വേനല്‍ക്കാല്‍മായാല്‍, പക്ഷേ, സൗദി അറേബ്യയില്‍നിന്നും, മറ്റു പേര്‍ഷ്യന്‍ നഗരങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകരെത്തിത്തുടങ്ങും.

ഡമാസ്കസ്സില്‍ തരക്കേടില്ലാത്ത ഒരു ബിസിനസ്സ്‌ നടത്തുന്ന 27 വയസ്സുള്ള ബസ്സാം അബ്ദുള്‍ വാഹിദ്‌, തന്റെ മൂന്നു സുഹൃത്തുക്കളുമായി ക്ലബ്ബില്‍ ഒരു സായാഹ്നം പങ്കിടുകയായിരുന്നു. മൂന്നു വിരലുകളില്‍ സ്വര്‍ണ്ണമോതിരവും, തിളങ്ങുന്ന കൈച്ചങ്ങലയുമണിഞ്ഞ അയാള്‍ വീണ്ടും മദ്യം കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു നിര്‍ദ്ദേശം നല്‍കി. ഇറുകിയ ജീന്‍സണിഞ്ഞ രണ്ടു മെലിഞ്ഞ ഇറാഖി ചെറുപ്പക്കാരികള്‍ വന്ന്, അവരുടെയിടയിലുള്ള കസേരകളില്‍ ഇരിപ്പുറപ്പിച്ചു. കളിയും ചിരിയും തുടങ്ങി.

തന്റെ മേശ 'ഇറാഖി മഹാമനസ്കതയുടെ' തെളിവാണെന്ന പുളിച്ച ഫലിതവും പറഞ്ഞ്‌, അബ്ദുള്‍ വാഹിദും സംഘവും, മദ്യത്തില്‍ മുങ്ങിപ്പൊങ്ങി. സ്ത്രീകള്‍ ഫലിതമാസ്വദിച്ച്‌ പൊട്ടിച്ചിരിക്കുകയും, ചെറുപ്പക്കാരുമായി 'സ്വകാര്യ നിമിഷങ്ങള്‍' പങ്കുവെക്കുകയും ചെയ്തു. റിപ്പോര്‍ട്ടറോട്‌ സംസാരിക്കാന്‍ പക്ഷേ ആ ഇറാഖി പെണ്‍കുട്ടികള്‍ കൂട്ടാക്കിയില്ല.

മുപ്പത്‌ വയസ്സു പിന്നിട്ട സ്ത്രീയായിരുന്നു അതൂത (അതൂത എന്നാല്‍, അറബിയില്‍, കോഴിക്കുഞ്ഞ്‌ എന്നാണര്‍ത്ഥം). തന്റെ കഥ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായി. പക്ഷേ, കുട്ടികളോ, അവരുടെ സുഹൃത്തുക്കളോ അറിഞ്ഞാലോ എന്നു ഭയന്ന്, അവര്‍ അവരുടെ ശരിക്കുള്ള പേര്‍ പറയാന്‍ വിസമ്മതിച്ചു.

കൗമാരപ്രായക്കാരായ, മകന്റെയും, രണ്ടു പെണ്‍മക്കളുടെയുമൊപ്പം, കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ ഇറാഖില്‍നിന്ന് പലായനം ചെയ്ത്‌ ഇവിടെയെത്തിയത്‌. ബാഗ്ദാദിലെ പ്രശ്നബാധിത പ്രദേശമായ ഗസാലിയയില്‍വെച്ച്‌ അവരുടെ ഭര്‍ത്താവ്‌ മിലിഷ്യകളുടെ തോക്കിനിരയാവുകയായിരുന്നു.

സിറിയയില്‍ വന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും, ഭര്‍ത്താവുണ്ടാക്കിയ സമ്പാദ്യമൊക്കെ തീര്‍ന്നുതുടങ്ങി. തുന്നല്‍പ്പണിയും, വീട്ടുജോലികളുമൊക്കെ ചെയ്തിട്ടും, രണ്ടറ്റമെത്തിക്കാന്‍ അവര്‍ നന്നെ ബുദ്ധിമുട്ടി. 250 ഡോളര്‍ കടബാധ്യതയിലും ചെന്നുപെട്ടു. അപ്പോഴാണ്‌ ഒരാള്‍ ഈ ബുദ്ധിയുപദേശിച്ചത്‌. പിന്നെ അതൊരു സ്ഥിരം തൊഴിലായി മാറി. ഇന്ന്, ഈ തൊഴിലാണ്‌ അവരുടെ ഏക ഉപജീവന മാര്‍ഗ്ഗം.

2003-നു ശേഷം, 2 ദശലക്ഷം ഇറാഖികള്‍ അഭയാര്‍ത്ഥികളായി അയല്‍രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്തിരിക്കുന്നുവെന്ന്, അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യ രാഷ്ട്രസഭയുടെ ഹൈക്കമ്മീഷണര്‍ കണക്കാക്കിയിട്ടുണ്ട്‌.

ജീവിക്കാനായി നരകിക്കുകയാണ്‌, ജോര്‍ദ്ദാനിലും, സിറിയയിലും ഇക്കൂട്ടര്‍.

"ആണ്‍കുട്ടികളെയും പുരുഷന്മാരേയും രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഇടയുള്ളതിനാല്‍, സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിയമവിരുദ്ധമായ തൊഴിലുകളിലേര്‍പ്പെടേണ്ടിവരുന്നു. പക്ഷേ തൊഴിലുടമകളില്‍നിന്നും പലേ വിധത്തിലുള്ള ഉപദ്രവങ്ങളും അവര്‍ക്ക്‌ സഹിക്കേണ്ടിവരാറുണ്ട്‌. അവര്‍ക്കാവശ്യമായ സംരക്ഷണം കൊടുക്കാനും അധികമൊന്നും ആകാറില്ല", അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ഒരു കമ്മീഷണ്‍ അടുത്ത കാലത്ത്‌ പ്രസിദ്ധീകരിച്ച അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെളിവെടുപ്പിനുവേണ്ടി ജോര്‍ദ്ദാനിലേക്ക്‌ പോയ അവരുടെ ഒരു സംഘം വ്യഭിചാരത്തിലേക്കു നിര്‍ബന്ധിതമായി വലിച്ചിഴക്കെപ്പെട്ട ഇത്തരത്ത്തിലുള്ള നിരവധി സ്ത്രീകളില്‍നിന്നും, പെണ്‍കുട്ടികളില്‍നിന്നും മൊഴിയെടുത്തു. പക്ഷേ റിപ്പോര്‍ട്ടില്‍, അധികം വിശദാംശങ്ങളൊന്നും പുറത്തുവന്നതുമില്ല.

പല ഇറാഖി പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങള്‍തന്നെ, ഈ പ്രവൃത്തിയിലേക്ക്‌ തള്ളിവിടുന്നുവെന്ന്, സിറിയയില്‍ തങ്ങളുടെ പ്രതിനിധികള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായി, ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിക്കുന്നു. കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്ന വ്യാപാരം ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ അവര്‍ നല്‍കുന്ന സൂചന.

സിറിയന്‍ അധികാരികള്‍ ഇതേക്കുറിച്ച്‌ നിശ്ശബ്ദത പാലിച്ചുവെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ ഈ ആശങ്ക പങ്കുവെച്ചതായി ആംനസ്റ്റി പറഞ്ഞു.

കുറച്ചുമാസങ്ങള്‍ക്കുമുന്‍പ്‌, ഡമാസ്കസ്സിലെ പ്രൊഫഷണല്‍ കലാകാരന്‍മാരുടെ ഒരു സംഘടന, ഇത്തരത്തിലുള്ള മുപ്പതോളം നിശാക്ലബ്ബുകള്‍ പൂട്ടിക്കുകയുണ്ടായി. അതിലെ ഗായകരും,നര്‍ത്തകികളും ലൈസന്‍സില്ലാത്തവരാണെന്ന പേരില്‍. ആ നിശാക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകളില്‍ ഭൂരിഭാഗവും ഇറാഖി സ്ത്രീകളായിരുന്നു.

ജറമാന, സിത്‌ സെയ്നാബ്‌ തുടങ്ങിയ സിറിയന്‍ പ്രദേശങ്ങളില്‍ ധാരാളം ഇറാഖി സ്ത്രീകളെ കാണാന്‍ കഴിയും. പുരുഷന്‍മാരോട്‌ 'സ്വകാര്യ ഇടങ്ങള്‍' അന്വേഷിച്ചും, അവരെ 'നേരമ്പോക്കിനു' ക്ഷണിച്ചും അവര്‍ തെരുവുകളില്‍ ചുറ്റിനടക്കുന്നു. ജോര്‍ദ്ദാനിലെ അമ്മാനിലുള്ള ഷെമിസാനി, റബായ്‌ ഭാഗങ്ങളിലേക്ക്‌ ധാരാളം ഇറാഖി അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നുണ്ട്‌. അവരിലെ സ്ത്രീകള്‍, അവിടെയുള്ള നിശാക്ലബ്ബുകളിലും മറ്റും നര്‍ത്തകികളായും, ആതിഥേയരുമായി ജോലി ചെയ്യുന്നു. ക്ലബ്ബിലെ പുരുഷ സന്ദര്‍ശകര്‍ക്കുള്ള വിനോദോപാധികളാണ്‌ ഇവരില്‍ ഏറെപ്പേരും.

വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍, ചില ഇറാഖി സ്ത്രീകളെ സിറിയയില്‍ നിന്നു നാടു കടത്തിയെന്ന്, സിറിയന്‍ വനിതാ നിരീക്ഷക സംഘടനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭര്‍ത്താവും, അച്ഛനും കൊല്ലപ്പെടുകയോ, മുറിവേറ്റുകഴിയുകയോ ചെയ്യുന്ന വീടുകളിലെ സ്ത്രീകളാണ്‌ ദുരിതമനുഭവിക്കുന്നവരില്‍ ഏറെയും.

"സഹായത്തിന്‌ ആരുമില്ലാതെ, നിരാലംബരായ ഈ സ്ത്രീകള്‍, സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെട്ട്‌, ദുരിതമയമായ അവസ്ഥകളില്‍, കുടുംബത്തെ പോറ്റാന്‍ ഇത്തരം ചുറ്റുപാടുകളില്‍ ചെന്നുപെടുന്നു".

ഇതല്ലെങ്കില്‍ അവര്‍ക്ക്‌ അശ്രയിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍, വരുമാനം തീരെ കുറഞ്ഞ വീട്ടുപണിയോ, അല്ലറ ചില്ലറ സാധനങ്ങള്‍ കച്ചവടം ചെയ്യലോ ഒക്കെയാണ്‌.

വിദേശത്തുള്ള ഒരു ബന്ധുവിന്റെ സഹായത്തോടെയാണ്‌ 250 ഡോളര്‍ വീട്ടുവാടകയും കൊടുത്ത്‌ താന്‍ ഇവിടെ കഴിഞ്ഞുകൂടുന്നതെന്നാണ്‌ അതൂത മറ്റുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്‌. രണ്ടു പെണ്മക്കളും അവരും ഒരു മുറിയിലും, ഒരു മകന്‍ ഉമ്മറത്ത്‌ സോഫയിലുമായി കഴിഞ്ഞുകൂടുന്നു.

ഇറാഖിലേക്ക്‌ തനിക്കൊരിക്കലും തിരിച്ചുപോകാനാവില്ലെന്നും, പടിഞ്ഞാറുള്ള ഏതെങ്കിലുമൊരു രാജ്യത്ത്‌ ചെന്നെത്തിപ്പെടണമെന്നുമാണ്‌ ആഗ്രഹമെന്ന് അതൂത പറഞ്ഞു. അത്‌ പറയുമ്പോള്‍ അവര്‍ കരയുന്നുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ലത്രെ.

ഈ വര്‍ഷാവസാനത്തോടെ, ഏറ്റവും ദുരിതമനുഭവിക്കുന്ന 20,000 അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണമെന്നാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്, ഡമാസ്കസ്സിലെ, അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യ രാഷ്ട്രസഭാ കേന്ദ്രത്തിലെ ലാറന്‍സ്‌ ജോള്‍സ്‌ പറഞ്ഞു. 7,000 ഇറാഖികള്‍ക്ക്‌ തങ്ങള്‍ പ്രവേശനാനുമതി കൊടുക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. 20006 നു ശേഷം ഇതുവരെയായി 18,000 ഇറാഖികള്‍ക്ക്‌ അഭയം നല്‍കിയ സ്വീഡനാണ്‌ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്‌. പക്ഷേ ഈയിടെയായി, അവരും നിയമത്തില്‍ അല്‍പ്പം നിയന്ത്രണം വരുത്തിയിട്ടുണ്ട്‌.

സിറിയയിലുള്ള ഒന്നര ദശലക്ഷം ഇറാഖി അഭയാര്‍ത്ഥികളില്‍ കേവലം ഒരുവള്‍ മാത്രമാണ്‌ അതൂത.

"ഈ ജിവിതത്തില്‍ നിന്ന് എന്താണ്‌ എനിക്കു കിട്ടുന്നതെന്നു ദിവസവും ഞാന്‍ എന്നോടുതന്നെ ചോദിക്കും. വീടും, കുടുംബവും, അഭിമാനവും ഒന്നും ഇല്ല. കുറ്റബോധമാണെങ്കില്‍ എന്റെ ശരീരത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു".



കടപ്പാട് - countercurrents.org.
തര്‍ജ്ജമ - രാജീവ് ചേലനാട്ട്

8 comments:

Rajeeve Chelanat said...

ഇറാഖില്‍നിന്ന് വീണ്ടും..

"ഈ ജിവിതത്തില്‍ നിന്ന് എന്താണ്‌ എനിക്കു കിട്ടുന്നതെന്നു ദിവസവും ഞാന്‍ എന്നോടുതന്നെ ചോദിക്കും. വീടും, കുടുംബവും, അഭിമാനവും ഒന്നും ഇല്ല. കുറ്റബോധമാണെങ്കില്‍ എന്റെ ശരീരത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു"...

ഗുപ്തന്‍ said...

തകരുന്ന രാഷ്ട്രങ്ങള്‍ എല്ലാം ഇങ്ങനെ ഒരു കൂട്ടത്തെ അവശേഷിപ്പിക്കുന്നു എന്നതാണ് സത്യം. ഇവിടെ യൂറോപ്പിലും നമ്മുടെ ദില്ലിയിലും വരെ സോവിയറ്റ് നാടുകളില്‍ നിന്ന് സ്ത്രീകള്‍ ഇങ്ങനെ എത്തുന്നുണ്ടായിരുന്നു. ഇവിടെ ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ള സ്ത്രികളാണ് ഒളിഞ്ഞും തെളിഞ്ഞും ലൈംഗികകമ്പോളത്തില്‍ വില്‍ക്കപ്പെടുന്നത്.

ഒരു രാജ്യത്തെ കീഴ്പ്പെടുത്തുന്നതിന് ഏത് കാലം മുതലാണ് ബലാല്‍ക്കാരം എന്ന ഇമേജ് ഉപയോഗിച്ചു തുടങ്ങിയത്?

കുറുമാന്‍ said...

ഇന്ന് ഇറാഖ്, നാളെ ഇറാന്‍, പിന്നെ തുര്‍ക്കി......എങ്ങോട്ടാണ് ഈ യാത്ര?

നിവൃത്തിയില്ലാതെ, ഒരു നേരത്തെ ഭക്ഷണത്തിനായോ, താമസസ്ഥലത്തെ വാടക നല്‍കാനോ, വേശ്യാവൃത്തിയിലേക്ക് വഴുതിവീഴുന്നവരെ കുറ്റപെടുത്താന്‍ വയ്യ. പക്ഷെ ഈ സാഹചര്യം ഒരിക്കിയവരെ, ഒരുക്കുന്നവരെ...

Anonymous said...

ഇവിടെ വായിക്കേണ്ട ഒന്നുണ്ട്, സൌദി അറെബിഅ പോലുളള്‍ രാജ്യങ്ങള്, സമ്പന്ന അറബ് രാജ്യങ്ങള്, ജനസമ്ഖ്യ കുറഞ്ഞ ഈ സമ്പന്ന രാജ്യങ്ങള്‍ സമ്പത്തികമായി പിന്നൊക്കം നില്ക്കുന്ന അല്ലെങ്കില്‍ യുദ്ധം മൂലവും മറ്റും ദുരിതമനുഭവിക്കുന്ന എത്ര രാജ്യങ്ങളിലെ ജനങ്ങള്ക്ക് തൊഴില്‍ നല്കി?മതതീവ്രവാദം വളര്ത്താന്‍ സഹായം നല്കുന്നുവെന്നല്ലാതെ ഒരു രാജ്യത്തെയും സഹായിച്ചിട്ടില്ല. ന്യായീകരിക്കുന്നവര്‍ക്ക് ന്യായങ്ങള്‍ പലതുണ്ടാവാം. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഇവര്‍ മതത്തിന്റെ പേരില്‍ എത്രപെര്ക്ക് ജീവിതം നല്കി? ഉത്തരം പൂജ്യം. സൌദിയില്‍ തൊഴില്‍ വിസയില്‍ വന്നവനു തന്നെ തൊഴിലെടുത്ത് ജീവിക്കാഅന്‍ കടന്പകളെറെയാണ്.

അനംഗാരി said...

പ്രിയ അനോണീ രാജകുമാരാ..സൌദിയോ,അല്ലെങ്കില്‍ കുവൈറ്റോ,മറ്റേതെങ്കിലും ആറബ് രാജ്യമല്ലല്ലോ‍ ഇറാഖിനുമേല്‍ ഈ നാശങ്ങള്‍ വിതച്ചത്?അവര്‍ക്ക് ഇറാ‍ഖിയുടെ രക്ഷയെക്കാള്‍ സ്വന്തം രാജ്യത്തിന്റെ രക്ഷയാണ് വലുത് എന്നോര്‍ക്കുക.ഒരു രാജ്യത്തിന്റെ പരമാധികാരം കവര്‍ന്നെടുത്ത് ആ രാജ്യത്തെ ജനതയെ നാശത്തിലേക്കും,അരാജകത്വത്തിലേക്കും തള്ളിവിടുമ്പോള്‍ ലോകപോലീസ്കാരന്‍ ഓര്‍ക്കണമായിരുന്നു ഒരു യുദ്ധത്തിന്റെ കെടുതികള്‍..
ഇറാഖിലെ പെണ്‍കുട്ടികള്‍ നഗ്നരായി നൃത്തം ചെയ്യുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ നിരവധിയാണ്.അത് ഈ മെയിലില്‍ കിട്ടിക്കൊണ്ടിരിക്കുന്നു.വിമര്‍ശനം നല്ലതാണ്.
വിമര്‍ശിക്കാനുള്ള നിന്റെ സ്വാതന്ത്ര്യം എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു എന്നോര്‍ക്കുക.

സാല്‍ജോҐsaljo said...

നന്നായിരിക്കുന്നു.

തീവ്രവാദം പുഷ്ടിപെടുത്തുന്നത് ഇവരൊക്കെത്തന്നെയാണ്.

chithrakaran ചിത്രകാരന്‍ said...

സത്യത്തിന്റെ നേര്‍ക്കാഴ്ച്ച വളരെ വേദനയുണ്ടാക്കുന്നതാണ്.
രാജ്യത്തിന്റെ പരമാധികാരത്തിലും,വ്യക്തി സ്വാതന്ത്ര്യത്തിന്റെ ധൂര്‍ത്തിലും കഴിഞ്ഞുകൂടുന്ന നമുക്ക് അതു നഷ്ടപ്പെട്ടാല്‍ ലഭിക്കാനിടയുള്ള ഭാവിയായി ഇറാക്കിലെ ജനങ്ങളനുഭവിക്കുന്ന ദുര്യോഗത്തെ ഇപ്പഴേ നന്നായി കണ്ടുമനസ്സിലാക്കാം.
അത് നമ്മുടെ വിധിയാകാതിരിക്കാന്‍ ലോക മാനവികതയുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളാം.
ഇറാക്കിലെ അഭയാര്‍ത്ഥികളുടെ ദുര്യോഗങ്ങള്‍ അറിയിച്ചുതന്ന രാജീവ് ചേലനാട്ടിനു നന്ദി.

വിശാഖ് ശങ്കര്‍ said...

കഥയ്ക്കൊ, കവിതയ്ക്കൊ ഒരു കുറിപ്പ് ഇടുന്നത് എത്ര എളുപ്പം..!ഇതു വായിച്ചിട്ട് മിണ്ടാതെ പോകാനും വയ്യ.

എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്.
എന്താണ് ചെയ്യേണ്ടതെന്ന് തീരെയും.