ലോകാവസാനമായിരിക്കുന്നുവെന്നും തങ്ങളും സുഹൃത്തുക്കളും മാത്രം സുരക്ഷിതരായിരിക്കുമെന്നും പ്രത്യാശിക്കുന്ന ചില തീവ്രവാദികളുടെ പിടിയിലകപ്പെട്ടിരിക്കുന്നു അമേരിക്ക എന്നാണ് ഇത്രയും കാലം ഞാന്‍ ആശങ്കപ്പെട്ടിരുന്നത്. അത് അസ്ഥാനത്തായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷിക്കുകയും, ഭൂരിപക്ഷത്തിനെ ചുട്ടെരിക്കുകയും ചെയ്ത് ബൈബിളിന്റെ ലോകാവസാന സങ്കല്‍പ്പത്തെ പുനരാവിഷ്ക്കരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചില ഭീകരരുടെ കൈപ്പിടിയിലാണ് ഇന്ന് രാജ്യം. അതും, ഒരു ദൈവികമായ ഇടപെടലും കൂടാതെതന്നെ. സ്വര്‍ഗ്ഗം കാത്തു നില്‍ക്കട്ടെ. സ്വകാര്യവത്ക്കരിക്കപ്പെട്ട ദുരന്തനിവാരണ ഏജന്‍സി സര്‍വീസുകള്‍ നാടെങ്ങും പുഷ്ക്കലമാകുമ്പോള്‍, സ്വര്‍ഗ്ഗമെന്തിന്? പരമാനന്ദം, ഇവിടെ ഈ ഭൂമിയില്‍വെച്ചുതന്നെ, നമുക്കു കൈവരുന്നു.
തെക്കന്‍ കാലിഫോര്‍ണിയയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ. ഒരു വലിയ പ്രദേശത്തെയാകെ കാട്ടുതീ വിഴുങ്ങുമ്പോള്‍, ചില വീടുകള്‍ മാത്രം, ദൈവകാരുണ്യത്താലെന്നപോലെ, രക്ഷപ്പെടുന്നു. പക്ഷേ ഇതില്‍ ദൈവത്തിന് യാതൊരു പങ്കുമില്ല. അഗ്നിശമന സ്പ്രേ സംവിധാനത്തിന്റെ (Firebreak Spray Systems)കരവിരുതാണിത്. അഗ്നിശമന സ്പ്രേ സംവിധാനമെന്നത്, അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്(American International Group) എന്ന ഭീമന്‍ ഇന്‍ഷുറന്‍സ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സംവിധാനമാണ്. അതായത്, രാജ്യത്തെ സമ്പന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന (ZIP-Zonal Information Plan)ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള ഒരു ഏര്‍പ്പാട്. കമ്പനിയുടെ സ്വകാര്യ ഉപഭോക്ത ഗ്രൂപ്പിലെ അംഗങ്ങളുടെ വീടുകള്‍ക്ക് അവര്‍ അഗ്നി-പ്രതിരോധ രാസകവചം (Fire-retardents)തീര്‍ത്തുകൊടുക്കുന്നു. ശരാശരി 19,000 ഡോളര്‍ കൊടുത്താല്‍ മതിയാകും. കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍പ്പോലും, കമ്പനിയുടെ ചുവന്ന നിറമുള്ള മൊബൈല്‍ യൂണിറ്റുകള്‍ ഉപഭോക്താക്കളെ 'രക്ഷിക്കുന്ന' തിരക്കിലായിരുന്നു പലയിടത്തും.
ആധുനിക 'വെളിപാട്' പുസ്തകത്തിലെ ഈ രംഗം ഒരാള്‍ വിവരിച്ചത് ഇപ്രകാരമാണ്. "സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ ആ കാട്ടുതീയുടെ നടുക്കാണ്. എവിടെയും പുക മാത്രം. ഉയരുന്ന തീനാളങ്ങളും. കുന്നുകളില്‍നിന്ന് പുകയുടെ കനത്ത മേഘങ്ങള്‍ ഇറങ്ങിവരുന്നു. അപ്പോഴാണ്, ഫയര്‍ എഞ്ചിന്‍ പോലെയുള്ള ഒരു വാഹനത്തില്‍, രണ്ടുപേര്‍ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അവര്‍ നിങ്ങളുടെ വീടിനെ രക്ഷിക്കാന്‍ മാത്രമായി വന്നവരാണ്". ലോസ് ഏഞ്ചല്‍സ് റ്റൈംസിനോട് അയാള്‍ പറഞ്ഞു.
നിങ്ങളുടെ വീടു മാത്രം. "ഒരു വീട് രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, തൊട്ടടുത്തുള്ള വീട് കത്തിച്ചാമ്പലായ സംഭവംവരെ ഉണ്ടായിട്ടുണ്ട്", ഒരു സ്വകാര്യ അഗ്നിശമനപ്രവര്‍ത്തകന്‍ ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു. പൊതു അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലാതായാതോടെ, എല്ലാവര്‍ക്കും തുല്ല്യ പരിരക്ഷ കിട്ടിക്കൊണ്ടിരുന്ന പഴയ കാലം പാടെ അവസാനിക്കുകയായിരുന്നു. അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പുതിയ ഒരു തരം മാതൃകയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അതിനെ വിളിക്കുന്നത് അത്യാനന്ദകരമായ സഹായമെന്നാണ്. (Rapture Response).
കഴിഞ്ഞ വര്‍ഷത്തെ ചുഴലിക്കൊടുങ്കാറ്റിന്റെ സമയത്ത് ഫ്ലോറിഡയിലെ വീട്ടുടമസ്ഥര്‍ക്ക് ഇതേമട്ടില്‍ വിലപിടിപ്പുള്ള സായൂജ്യം ഒരുക്കിയിരുന്നു, ഹെല്‍പ്പ്ജെറ്റ് (HelpJet)എന്ന ട്രാവല്‍ ഏജന്‍സി. "ചുഴലി കൊടുങ്കാറ്റില്‍നിന്നുള്ള പലായനം അമിതവേഗതയിലുള്ള ഒരു അവധിക്കാല യാത്രയാക്കുക' എന്ന മുദ്രാവാക്യമായിരുന്നു ആ ട്രാവല്‍ ഏജന്‍സി തങ്ങളുടെ അംഗങ്ങള്‍ക്ക് നല്‍കിയത്. ഒരു നിശ്ചിത വാര്‍ഷിക വരിസംഖ്യക്ക് കൊടുത്താല്‍ പിന്നെ എല്ലാം അവര്‍ നോക്കിക്കൊള്ളും. വിമാനത്താവളത്തിലേക്കെത്തിക്കല്‍, ആര്‍ഭാടപൂര്‍ണ്ണമായ യാത്ര, പഞ്ചനക്ഷത്ര കേന്ദ്രങ്ങളില്‍ സുഖതാമസം. എല്ലാം. കത്രീനയുടെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീരെ അപര്യാപ്തതമാണെന്ന് തെളിഞ്ഞു. ഭാവിയില്‍ അത്തരമൊരു നിര്‍ണ്ണായകഘട്ടം വീണ്ടും വന്നാല്‍ അതിനുള്ള മറുമരുന്ന് എന്ന നിലയ്ക്കായിരുന്നു ഹെല്‍പ്ജെറ്റിന്റെ ഈ ദിവ്യസഹായം. " ക്യൂവില്‍ നില്‍ക്കണ്ട, തിരക്കില്‍ ചെന്നുപെടേണ്ട, ഒന്നാന്തരമൊരു അനുഭവം". അതായിരുന്നു അവരുടെ മുദ്രാവാക്യം.
കുറേക്കൂടി വലിയ കളിക്കാരില്‍നിന്ന്, കഴുത്തറപ്പന്‍ മത്സരമാണ് ഹെല്‍പ്പ്‌ജെറ്റ് നേരിടുന്നത്. കാലിഫോര്‍ണിയന്‍ കാട്ടുതീ പടരുമ്പോള്‍തന്നെ, വടക്കന്‍ മിച്ചിഗണിലെ പെല്‍സ്റ്റണ്‍ ഗ്രാമത്തില്‍, അതേ ആഴ്ച്ച ഒരു പൊതുസംവാദവും നടക്കുന്നുണ്ടായിരുന്നു. സ്വകാര്യമേഖലയിലുള്ള, രാജ്യത്തെ പ്രഥമ ദേശീയ ദുരന്ത-നിവാരണ പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമാകാന്‍ തയ്യാറെടുക്കുകയായിരുന്നു ആ ഗ്രാമം. ട്രിപ്പിള്‍ കാനോപി (Triple Canopy) എന്ന കൊലയാളിസംഘവുമായി അടുത്ത ബന്ധമുള്ള സോവറിന്‍ ഡീഡ് (Sovereign Deed) എന്ന അധികമൊന്നും അറിയപ്പെടാത്ത ഒരു സ്ഥാപനത്തിന്റെ ആശയമായിരുന്നു ആ ദുരന്ത-നിവാരണ കേന്ദ്രം. ഹെല്‍പ്പ്ജെറ്റിനെപ്പോലെത്തന്നെ, സോവറിന്‍ ഡീഡും 'അംഗത്വ ഫീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന" ഒരു പ്രവിശ്യ ക്ലബ്ബ് ആണെന്ന്, ആ കമ്പനിയുടെ വൈസ് പ്രസിഡന്റ് (റിട്ടയേര്‍ഡ്)ബ്രിഗേഡിയര്‍ ജനറല്‍ റിച്ചാര്‍ഡ് മില്‍സ് അവകാശപ്പെടുന്നു. ഒറ്റ ആദ്യഗഡുവായി 50,000 ഡോളറും, വര്‍ഷാവര്‍ഷം 15,000 ഡോളറും കൊടുക്കുന്നതിനുപകരമായി, കമ്പനി അതിലെ അംഗങ്ങള്‍ക്കു നല്‍കുന്നത് "വിപുലമായ ദുരന്ത-നിവാരണ സേവനങ്ങള്‍"ആണ്. "വ്യക്തികള്‍മൂലം പൊതുജനാരോഗ്യത്തിനോ/അവരുടെ സൗഖ്യത്തിനോ ഉണ്ടാകാന്‍ ഇടയുള്ള ദുരന്തങ്ങള്‍ക്കും (ഉദാ. തീവ്രവാദികളുടെ ആക്രമണം), മഹാമാരി, പ്രകൃതിദുരന്തം എന്നിവക്കും" അത് പരിരക്ഷ നല്‍കുന്നു. ഏറ്റവും ചുരുങ്ങിയ നിരക്കിലുള്ള ഫീസില്‍ ഉള്‍പ്പെടുന്നത്, ചികിത്സ, വെള്ളം, ഭക്ഷണം എന്നിവയാണ്. പക്ഷേ, 'പ്രീമിയം' നിരക്ക് കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്ക്, കമ്പനി വി.ഐ.പി. നിലവാരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്.
രാജ്യത്തിനകത്തെ പ്രവര്‍ത്തനംകൊണ്ട് നേടിയെടുത്ത സ്വാധീനവും ശക്തിയും ഉപയോഗിച്ച്, അതേ രാജ്യത്തിന്റെ സുരക്ഷയെയും നിയമങ്ങളെയും മറികടക്കുന്ന ജാലവിദ്യയാണ്, മറ്റു പല സ്വകാര്യ ദുരന്ത-നിവാരണ സ്ഥപനങ്ങളെപ്പോലെ, സോവറിന്‍ ഡീഡും വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നത്. പെല്‍സ്റ്റണില്‍വെച്ച് ഈയടുത്തകാലത്ത് സംസാരിച്ചപ്പോള്‍, മില്‍സ് ഇതിനെ ഇങ്ങനെയാണ് വിശദീകരിച്ചത്. " ഫെമയുടെ (FEMA-Federal Emergency Management Agency-അടിയന്തിര ഘട്ടങ്ങളില്‍ സഹായ, സേവന, പുനരധിവാസ കാര്യങ്ങള്‍ക്കായുള്ള അമേരിക്കയുടെ വകുപ്പ്) കാര്യം പറയുകയാണെങ്കില്‍, അവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. നമ്മുടെ നാഷണല്‍ ഗാര്‍ഡുകള്‍ മറ്റെവിടെയൊക്കെയോ ആണ്". അതേ സമയം, സോവറിന്‍ ഡീഡിന് "ദേശീയവും അന്തര്‍ദ്ദേശീയവുമായ വിവിധ വിവര-കേന്ദ്രങ്ങളുമായി പ്രത്യക്ഷമായ സ്വാധീനവും, അതിനായുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ട്" എന്നും മില്‍സ് അവകാശപ്പെട്ടു. "ഞങ്ങളുടെ അംഗങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ സഹായം നല്‍കുന്നതിന്, ഈ സംവിധാനങ്ങള്‍ ഞങ്ങളുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെ പ്രാപ്തമാക്കുന്നു." ഇവിടെ ദൈവത്തിന്റെ കൈ ആവശ്യമില്ല. പ്രത്യേകിച്ചും, തിരഞ്ഞെടുക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍, റിട്ടയര്‍ ചെയ്ത മുന്‍കാല സി.ഐ.എ ഏജന്റുകളും, മുന്‍കാല പ്രത്യേക സേനാംഗങ്ങളും നിലവിലുള്ളപ്പോള്‍. പ്രാര്‍ത്ഥിക്കേണ്ട ആവശ്യമേ വരുന്നില്ല. പണം കൊടുത്താല്‍ മതിയാകും. മെയ്‌വഴക്കമുള്ള പ്രാദേശികതല രാഷ്ട്രീയക്കാരും, അതിശയകരവും ആധുനികവുമായ പ്രാദേശിക വിമാനത്താവളവുമുള്ള പെല്‍സ്റ്റണുമുള്ളപ്പോള്‍, എന്തിനു വെറൊരു പുത്തന്‍ ജറുസലേം?
ദുരന്തങ്ങളുണ്ടാവുമ്പോള്‍ 'അതിവിശാലമായ' ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കം വിവിധ സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ തങ്ങള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് ബ്ലാക്ക്‍വാട്ടര്‍ യു.എസ്.എ എന്ന കമ്പനിയുടെ മേധാവി എറിക് പ്രിന്‍സ് പ്രഖ്യാപിച്ചിരിക്കുന്നു. അവരുമായും, ഏറെത്താമസിയാതെതന്നെ, കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടിവരും സോവറിന്‍ ഡീഡിന്. ബ്ലാക്ക്‍വാട്ടറിന്റെ പടിഞ്ഞാറന്‍ ആസ്ഥാന കേന്ദ്രമാകാന്‍ ഇടയുള്ള സാന്‍ ഡിയാഗോ പ്രവിശ്യയില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ബ്ലാക്‍വാട്ടര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ബ്രയാന്‍ ബോണ്‍ഫിഗ്ലിയൊ പറഞ്ഞ ന്യായം "ഞങ്ങള്‍ അവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കില്‍ ഈയവസരത്തില്‍ അതെത്രമാത്രം ഗുണകരമായിരുന്നേനെ" എന്നാണ്. കാലിഫോര്‍ണിയയിലെ പൊട്രെരോയിലുള്ള ജനങ്ങള്‍ക്ക് അവശ്യംവേണ്ട ഭക്ഷണവും കമ്പിളിപ്പുതപ്പുകളും വിതരണം ചെയ്ത് തങ്ങളുടെ കഴിവു തെളിയിക്കാനുള്ള ഒരു പരിശ്രമവും കൂട്ടത്തില്‍ അവര്‍ നടത്തി. "ഇതാണ് ഞങ്ങള്‍ എന്നും ചെയ്തുകൊണ്ടിരുന്നത്". ബ്രയാന്‍ അവകാശപ്പെട്ടു. "ഇതാണ് ഞങ്ങള്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നതും". ബ്ലാക്ക്‍വാട്ടര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന്, ഇറാഖികള്‍ വേദനയോടെ മനസ്സിലാക്കിയിട്ടുണ്ട്. സമൂഹത്തെയും, രാജ്യങ്ങളെയും സംരക്ഷിക്കുകയല്ല, മറിച്ച്, തങ്ങള്‍ക്ക് തോക്കും വെടിക്കോപ്പുകളും നല്‍കുന്ന 'യജമാനനെ' സേവിക്കുക മാത്രമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പൈസ കൊടുത്ത് രക്ഷപ്പെടുക എന്ന ഇതേ യുക്തിതന്നെയാണ്, ഇന്ന്, നമ്മുടെ രാജ്യത്തെ ഡിസാസ്റ്റര്‍ മാനേജ്‌മന്റ് ക്ലബ്ബുകളെ ഭരിക്കുന്നത്. ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ഒരു രാജ്യത്ത് നമ്മെ നയിക്കേണ്ട മറ്റൊരു സാമാന്യ യുക്തിയുണ്ട്. എല്ലാ ജീവനും തുല്യവിലയുള്ളതാണ് എന്ന സാമാന്യ ബോധമാണത്.
ആ ആശയത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഇവിടെയെവിടെയെങ്കിലും ഉണ്ടെങ്കില്‍, അതിനെ രക്ഷിക്കാനുള്ള സമയം ആഗതമായിരിക്കുന്നു.
നവോമി ക്ലേന്‍ (Naomi Klein) - കാനേഡിയന്‍ പത്ര പ്രവര്‍ത്തക. അമേരിക്കന്‍ സാമൂഹ്യ-സാമ്പത്തിക മേഖലയെക്കുറിച്ചും, ആഗോളവത്ക്കരണത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചുമൊക്കെ വിപുലവും, ശ്രദ്ധേയവുമായ നിരീക്ഷണങ്ങള്‍ നടത്തിവരുന്ന ഒരു എഴുത്തുകാരിയും, ആക്റ്റിവിസ്റ്റുമാണ് നവോമി.
Subscribe to:
Post Comments (Atom)
8 comments:
ലോകാവസാനമായിരിക്കുന്നുവെന്നും തങ്ങളും സുഹൃത്തുക്കളും മാത്രം സുരക്ഷിതരായിരിക്കുമെന്നും പ്രത്യാശിക്കുന്ന ചില തീവ്രവാദികളുടെ പിടിയിലകപ്പെട്ടിരിക്കുന്നു അമേരിക്ക എന്നാണ് ഇത്രയും കാലം ഞാന്‍ ആശങ്കപ്പെട്ടിരുന്നത്. അത് അസ്ഥാനത്തായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷിക്കുകയും, ഭൂരിപക്ഷത്തിനെ ചുട്ടെരിക്കുകയും ചെയ്ത് ബൈബിളിന്റെ ലോകാവസാന സങ്കല്‍പ്പത്തെ പുനരാവിഷ്ക്കരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചില ഭീകരരുടെ കൈപ്പിടിയിലാണ് ഇന്ന് രാജ്യം. അതും, ഒരു ദൈവികമായ ഇടപെടലും കൂടാതെതന്നെ. സ്വര്‍ഗ്ഗം കാത്തു നില്‍ക്കട്ടെ. സ്വകാര്യവത്ക്കരിക്കപ്പെട്ട ദുരന്തനിവാരണ ഏജന്‍സി സര്‍വീസുകള്‍ നാടെങ്ങും പുഷ്ക്കലമാകുമ്പോള്‍, സ്വര്‍ഗ്ഗമെന്തിന്? പരമാനന്ദം, ഇവിടെ ഈ ഭൂമിയില്‍വെച്ചുതന്നെ, നമുക്കു കൈവരുന്നു.
ഗവണ്മെന്‍റ് സംരക്ഷണവും (911) AIG പോലുള്ള പ്രൈവറ്റ് ഇന്‍ഷുറന്‍സുകാര്‍ക്ക് വന്‍ തുകകൊടുത്ത് എടുക്കുന്ന പ്രൈവറ്റ് സംരക്ഷണവും താരതമ്യപ്പെടുത്തുന്നതെങ്ങനെ?
FEMA-യെ ഫീമ എന്നാണ് ഉച്ചരിച്ചു കേട്ടിട്ടുള്ളത്.
സ്വകാര്യവത്കരണത്തിന്റെ മറ്റൊരു ദുരന്തം.
രാജീവ്‌ജീ, ഈ ലേഖനം ഇന്റര്‍നെറ്റിനു പുറത്തുള്ളവരും വായിക്കട്ടെ.
"ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ഒരു രാജ്യത്ത് നമ്മെ നയിക്കേണ്ട മറ്റൊരു സാമാന്യ യുക്തിയുണ്ട്. എല്ലാ ജീവനും തുല്യവിലയുള്ളതാണ് എന്ന സാമാന്യ ബോധമാണത്. ആ ആശയത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഇവിടെയെവിടെയെങ്കിലും ഉണ്ടെങ്കില്‍, അതിനെ രക്ഷിക്കാനുള്ള സമയം ആഗതമായിരിക്കുന്നു."
ഇതുതന്നെ വേറൊരു രീതിയില്‍ എല്ലാരാജ്യങ്ങളിലും നടക്കുന്നില്ലേ? നമ്മുടെ കൊച്ചുകേരളത്തില്‍ പോലും എല്ലാ ദുരന്തങ്ങളും ഹര്‍ത്താലും കലാപങ്ങളും- എല്ലാം ബാധിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയല്ലെ?
"ചുഴലി കൊടുങ്കാറ്റില്‍നിന്നുള്ള പലായനം അമിതവേഗതയിലുള്ള ഒരു അവധിക്കാല യാത്രയാക്കുക“ ഹ ഹ, ഇത് ശരിക്കും ഇഷ്ടപ്പെട്ടു. ആ പരസ്യവാചകം എഴുതിയ ആള്‍ കൊള്ളാം.
രാജീവ്, ഇതുപോലെയുള്ള ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തിയെഴുതുന്നതിന് നന്ദി.
ദുരന്തങ്ങള്‍ക്കു സാധ്യതയുള്ള ഒരു രാജ്യത്തു നമ്മെ നയിക്കേണ്ട ഒരു സാമാന്യയുക്തിയുണ്ട്..എല്ലാ ജീവനും തുല്യവിലയുള്ളതാണ് എന്ന സാമാന്യ ബോധം...നമ്മുടെ ഭരണകര്‍ത്താക്കളെ നയിക്കുന്നതും ഈ ബോധമായിരുന്നെങ്കില്‍...
ഇതിന്റെ പേരോ സ്വകാര്യ വല്‍ക്കരണം?
“പണത്തിനു മീതെ പരുന്തും പറക്കില്ല”എന്ന അറുപഴഞ്ചന്‍ പഴഞ്ചൊല്ലൊന്നു തിരുത്തിപ്പറഞ്ഞാലോ?
“പണത്തിനു മീതെ കാട്ടുതീയും,ചുഴലിക്കാറ്റും....”
ഇതൊരു ഒഴിച്ചുകൂടാന്‍ കഴിയാത്ത സത്യമാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും ഇതില്‍ നിന്നും ഒരു തിരിച്ചുവരവില്ല. വരണം എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരളാണു ങാനും. can we expect that we can have reasonable strength of people who would first of all listen to what we say and then think over it. i doubt. feel so bad when something serious happens and we become helpless as always....
കച്ചവടത്തിന്റെ ലോകത്തു ദുരന്തങ്ങളും ചരക്കാകുന്നു....മനുഷ്യത്വം...ധാര്‍മ്മികത തുടങ്ങിയവക്കു പോലും പുതിയ അര്‍ഥങ്ങള്‍....നവൊമിയെ പരിചയപ്പെടുത്തുന്നതിനു നന്ദി...തുടരണം
ഇതൊക്കെ വായിക്കുമ്പോളാണു ഇങ്ങിനെ പലതും നടക്കുന്നുണ്ടെന്നു തന്നെ അറിയുന്നതു.
രാജീവ് ഇവിടെ കൊണ്ടുവരുന്ന പല കഥകളും അങ്ങിനെ തന്നെ.
തുടരുമല്ലൊ..
Post a Comment