Tuesday, November 20, 2007

നിര്‍ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്‍*

ഇറാന്‍ ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര്‍ 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ്‌ ചെയ്തത്‌. ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഒരുക്കമെങ്കില്‍ അമേരിക്ക കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്, ഡിക്ക്‌ ചെനിയും ഒക്ടോബറില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍ എന്നിവിടങ്ങളിലെ യുദ്ധം ഇറാനിലേക്കുകൂടി വ്യാപിച്ചാല്‍, ആ മൂന്നാം ലോകമഹായുദ്ധം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക സന്നാഹങ്ങള്‍ നടത്തുന്നു എന്നതിന്‌ കുറച്ചുകാലങ്ങളായി നമുക്കു മുന്‍പില്‍ നിരവധി സാഹചര്യത്തെളിവുകളുണ്ട്‌. അതെന്തൊക്കെയാണെന്നു നോക്കാം. (1) ഇറാന്‍ ആണവായുധപരിപാടിയുമായി മുന്നോട്ട്‌ പോവുകയാണെന്നും (ഇതിനെ, അന്താരാഷ്ട്ര ആണോവോര്‍ജ്ജ കമ്മീഷന്റെ തലവന്‍, അല്‍ ബറാദി തള്ളിക്കളഞ്ഞതാണ്‌), ആയുധങ്ങളും സൈന്യത്തെയും ഇറാഖിലേക്ക്‌ കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ (ഇത്‌ ഇറാഖും നിഷേധിച്ചിട്ടുണ്ട്‌)(2) ഇറാനെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ (3) ഇറാനിലെ ഇസ്ലാമിക റെവല്യൂഷണറി സേനയെ തീവ്രവാദികളായി മുദ്രകുത്തല്‍ ((4)ഉപരോധം ഏര്‍പ്പെടുത്തല്‍, ഇതൊക്കെയാണ്‌ ആ തെളിവുകള്‍. പക്ഷേ ഇന്ന്, മറ്റു ചില വസ്തുതകള്‍കൂടി പുറത്തുവന്നിരിക്കുന്നു. ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തയ്യറെടുപ്പുകള്‍ ഇന്നോ ഇന്നലെയോ അല്ല, കുറേക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെച്ചാല്‍പ്പോലും യുദ്ധമൊഴിവാക്കാന്‍ ഇറാനു സാധ്യമല്ലെന്നും, അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സിലിലെ രണ്ടു മുതിര്‍ന്ന മുന്‍കാല നയവിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇറാനെ സൈനികമായി നേരിടാനുള്ള അമേരിക്കയുടെ നീക്കത്തെ തടയാന്‍, അമേരിക്കന്‍ ജനതയല്ലാതെ, മറ്റേതെങ്കിലും ശക്തി ഇന്ന് ഭൂമുഖത്തുണ്ടോ? അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ അടിസ്ഥാനം അതിന്റെ സൈനികശക്തിയാണെന്നും, ആ സൈനികശക്തിയാകട്ടെ, അമേരിക്കയുടെ ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടിയാണെന്നുമുള്ള വാദത്തിലേക്കാണ്‌ ഇനി നമ്മള്‍ ചെന്നെത്തുന്നത്‌. ഡോളറിന്റെ ബലത്തിലാണ്‌ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൈനികസന്നാഹങ്ങള്‍ നിലനിര്‍ത്താനുള്ള അതിന്റെ അപരിമേയമായ ധനശേഷിയും നിലനില്‍ക്കുന്നത്‌. അമേരിക്കന്‍ ഡോളറിന്റെ ആ അപ്രമാദിത്വത്തെ തകര്‍ത്തുനോക്കൂ, അപ്പോള്‍ ആ സാമ്രാജ്യം നിലംപൊത്തുന്നതു കാണാം.

ഡേവിഡ്‌ ലുഡന്റെ "അമേരിക്കയുടെ അദൃശ്യമായ സാമ്രാജ്യം" (America's Invisible Empire)എന്ന ലേഖനം, ആധുനികലോകത്തെ ഈ പുതിയ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ ശ്രദ്ധേയമായ ഉള്‍ക്കാഴ്ച്ചയോടെ സമീപിക്കുന്ന ഒന്നാണ്‌. പഴയ സാമ്രാജ്യങ്ങള്‍ അസ്തമിക്കുകയും, കോളണികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിലേക്ക്‌ കുതിക്കുകയും ചെയ്ത സമീപ ചരിത്രഘട്ടത്തില്‍മാത്രം പ്രബലമായി വന്ന ആ രാജ്യത്തിന്‌, ആദ്യകാലങ്ങളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കമ്മ്യൂണിസത്തിനെ തകര്‍ക്കാനായി ഭൂമിയില്‍ അവതരിച്ച ജനാധിപത്യത്തിന്റെ വേഷമായിരുന്നു അമേരിക്ക ആദ്യകാലങ്ങളില്‍ അണിഞ്ഞത്‌. പിന്നീട്‌, സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായപ്പോള്‍, 'ഭീകരതക്കെതിരായ യുദ്ധ'മായി വേഷപ്പകര്‍ച്ച വന്നു. ആഗോള അധിനിവേശത്തിന്റെ യുക്തിയായി ഉയര്‍ത്തിക്കാട്ടിയത്‌, ദേശീയ സുരക്ഷയെയും, ദേശീയ താത്‌പ്പര്യങ്ങളെയുമായിരുന്നു.

സ്റ്റേറ്റിനാല്‍ വഞ്ചിക്കപ്പെട്ടും, പുറത്തുള്ളവര്‍ക്ക്‌ വളരെ വ്യക്തമായി കാണുവാന്‍ കഴിയുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ സ്വയം തിരിച്ചറിയാനാകാതെ, മാധ്യമങ്ങള്‍ നല്‍കുന്ന മായാവലയത്തിന്റെ കുമിളകള്‍ക്കകത്ത്‌ സുഷുപ്തിയിലാണ്ടും കിടക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'ട്രൂമാന്‍ ഷോ'യിലെന്നവണ്ണം ജീവിക്കുന്ന ഒരു ജനതയായിട്ടാണ്‌ അമേരിക്കന്‍ പൗരന്‍മാരെ ലുഡന്‍ അവതരിപ്പിക്കുന്നത്‌. "സാമ്രാജ്യത്വത്തിന്റെ യഥാര്‍ത്ഥചിത്രവും, അതിനുകൊടുക്കേണ്ടിവരുന്ന വിലയും മനസ്സിലാക്കാന്‍ അമേരിക്കന്‍ ജനതക്കു കഴിയാത്തിടത്തോളം കാലം, ആ സാമ്രാജ്യം നശിക്കാന്‍ പോകുന്നില്ല' എന്ന ലുഡന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമായ ഒന്നാണ്‌. പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത്‌, അമേരിക്കയിലെ സമ്മതിദായകരും, നികുതിദായകരുമാണെന്ന' ലുഡന്റെ വിലയിരുത്തല്‍ ശരിയല്ലെന്നുവേണം പറയാന്‍. അതങ്ങിനെയായിരുന്നുവെങ്കില്‍, കൂടുതല്‍ അമേരിക്കക്കാര്‍ അത്‌ തിരിച്ചറിയുകയും, എതിര്‍ക്കുകയും ചെയ്യുമായിരുന്നു; ഇറാഖ്‌ അധിനിവേശത്തിനെതിരെയും, ഇറാനു നേരെയുള്ള യുദ്ധശ്രമങ്ങള്‍ക്കെതിരെയും ഡെമോക്രാറ്റുകള്‍ ഒന്നിക്കുമായിരുന്നു; അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകര്‍ ഡെമോക്രാറ്റുകളെ പിന്തുണക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നടക്കുന്നത്‌ മറ്റൊന്നാണ്‌. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചിലവു വഹിക്കുന്നത്‌, അമേരിക്കക്കാരല്ല, പുറത്തുള്ള ലോകമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അമേരിക്കകത്ത്‌ ആ സാമ്രാജ്യം അദൃശ്യമായി നിലകൊള്ളുന്നു അന്നു പറയേണ്ടിവരുന്നതും.

ഡോളറിന്റെ അധീശത്വം-അല്‍പ്പം ചരിത്രം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെയും, അവരുടെ സാമ്പത്തിക മേധാവിത്വത്തിന്റെയും പ്രധാന ബലം, അവരുടെ നാണയം വഹിക്കുന്ന പങ്കിനെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര-ധന കമ്മികളില്‍നിന്ന് അവരെ ഇത്രയുകാലം രക്ഷിച്ചുപോന്നത്‌, ദശാബ്ദങ്ങളായി ലോകത്തിന്റെ കരുതല്‍ ശേഖരമായി നിലനില്‍ക്കുന്ന അവരുടെ സ്വന്തം നാണയമായ ഡോളറാണ്‌. തങ്ങളുടെ ചിലവുകള്‍ നേരിടാന്‍, ഓരോ ദിവസവും അമേരിക്കക്ക്‌ 4 ബില്ല്യണ്‍ ഡോളറിന്റെ മൂലധന ഒഴുക്ക്‌ അവശ്യമാണ്‌. സൈനികപരമായ മേല്‍ക്കോയ്മയുള്ളതുകൊണ്ട്‌ അവര്‍ക്കൊരിക്കലും ഒരു ഉപരോധത്തെ ഭയപ്പെടേണ്ടിവരുന്നില്ല. എങ്കിലും, അമേരിക്കന്‍ ഡോളറിന്റെ ഹെഗിമണിയുടെ സഹായത്താലാണ്‌, വിഭവദാരിദ്ര്യത്തെ അതിജീവിക്കാന്‍ അമേരിക്കക്ക്‌ ഇന്ന് കഴിയുന്നത്‌.

ഡോളറിന്റെ പ്രവര്‍ത്തന മെക്കാനിസം വളരെ വിശദമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ ഈ പുസ്തകത്തില്‍ പലയിടത്തും. ഇവിടെ അതിന്റെ ഒരു രത്നച്ചുരുക്കം മാത്രം നല്‍കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി, അമേരിക്കന്‍ ഡോളറിനെ, സ്വര്‍ണ്ണത്തിന്റെ സഹായത്തോടെ, ലോകത്തിലെ, പ്രബലമായ ഒരേയൊരു കരുതല്‍ ശേഖരമാക്കി മാറ്റി. 1971-ല്‍ അമേരിക്ക സ്വര്‍ണ്ണസൂചിക എടുത്തുമാറ്റിയപ്പോള്‍, ഡോളര്‍ മേധാവിത്വം നിലനിര്‍ത്തി. പിന്നീട്‌, 1974-ല്‍ സൗദി സര്‍ക്കാരുമായുള്ള ഉടമ്പടിപ്രകാരം എണ്ണവ്യാപാരം ഡോളറിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഡോളര്‍ പിന്നെയും ശക്തമായി. മിക്കരാജ്യങ്ങളും എണ്ണ ഇറക്കുമതിചെയ്യുന്നതുകൊണ്ട്‌, ഭാവിയില്‍ ഒരുപക്ഷേ എണ്ണയുടെ ലഭ്യതയില്‍ കുറവു വന്നാല്‍ അതിനെ നേരിടുന്നതിനുവേണ്ടി, ഡോളര്‍ കരുതിവെക്കുന്നത്‌ ബുദ്ധിയായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. മൂന്നാം ലോകരാജ്യങ്ങള്‍ക്കാകട്ടെ, തങ്ങളുടെ ദുര്‍ബ്ബലമായ സമ്പദ്‌വ്യവസ്ഥക്കും, എപ്പോള്‍വേണമെങ്കില്‍ തകര്‍ന്നേക്കാവുന്ന നാണയമൂല്യത്തിനെയും സംരക്ഷിക്കാന്‍, ഡോളര്‍ശേഖരം വര്‍ദ്ധിപ്പിക്കേണ്ടത്‌ ആവശ്യവുമായിരുന്നു. അങ്ങിനെ, എല്ലാവര്‍ക്കും ഡോളര്‍ പ്രിയങ്കരമായപ്പോള്‍, അമേരിക്കക്ക്‌, കൂടുതല്‍ പച്ചനോട്ടുകള്‍ അടിച്ചിറക്കേണ്ട ബാധ്യതമാത്രമ ഉണ്ടായുള്ളു. തങ്ങളുടെ കയറ്റുമതിക്കുള്ള പ്രതിഫലമായി മറ്റു രാജ്യങ്ങള്‍ സന്തോഷപൂര്‍വ്വം ഡോളര്‍ സ്വീകരിക്കുകയും ചെയ്യും. ഈ പച്ചനോട്ടുകള്‍ പിന്നീട്‌, ട്രഷറി ബോണ്ടായും മറ്റു രീതിയിലും അമേരിക്കയുടെ ആഭ്യന്തര വിപണിയിലേക്ക്‌ തിരിച്ചുവന്ന്, ഡോളറിന്റെ പുറത്തേക്കൊഴുക്കിനെ ഫലപ്രദമായ രീതിയില്‍ സമതുലിതമാക്കുന്നു. ഇതോടൊപ്പം തന്നെ, വാഷിംഗടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര നാണയ നിധിയും (IMF) ലോകബാങ്കും (WB), ഡോളറിന്റെ മേല്‍ക്കോയ്മയെ ബലപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്‌.

കരുതല്‍ നാണയം, ഒരേസമയം, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ആഭ്യന്തര ചുമതലകളും നിര്‍വ്വഹിക്കുകയും, സവിശേഷപരിഗണന ലഭിക്കുന്ന രാജ്യത്തിന്റെ(favoured nation) ഋണബാദ്ധ്യത നിശ്ചിതകാലത്തേക്കു വളര്‍ത്തിവലുതാക്കി, മറ്റു രാജ്യങ്ങളുടെ നാണയത്തെ തകര്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഒരുതരത്തില്‍ ഇരുതല മൂര്‍ച്ചയുള്ള ഖഡ്ഗമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, വര്‍ദ്ധിച്ചുവരുന്ന ധന-വ്യാപാര കമ്മിയിലൂടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്‌ ഇത്‌ ഇടയാക്കി. 2006-ഓടെ 763.6 ബില്ല്യണ്‍ ഡോളര്‍ വ്യാപാര കമ്മിയിലാണ്‌ അതെത്തിനില്‍ക്കുന്നത്‌. മൊത്തം കമ്മിയാകട്ടെ, 850 ബില്ല്യണ്‍ ഡോളറും. രാജ്യത്തിന്റെ മൊത്തം ഋണബദ്ധ്യത 9 ട്രില്ല്യണ്‍ ഡോളര്‍ ആണ്‌. ഉത്‌പ്പാദന രാജ്യമെന്ന പദവിയെ ആഗോളവത്ക്കരണം പാടെ തകര്‍ത്തിരിക്കുന്നു. സേവനമേഖലയാകട്ടെ, ഔട്ട്‌സോഴ്സിംഗിലൂടെ അതിവേഗം ഇല്ലാതായിരിക്കുന്നു. അമേരിക്കയില്‍ ബാക്കി നില്‍ക്കുന്നത്‌, ആഗോളതലത്തിലുള്ള സാമ്പത്തിക സേവന മേഖല മാത്രമാണ്‌. ഇതിനു ശക്തി പകരുകയാണ്‌ അമേരിക്കന്‍ ഡോളര്‍ ചെയ്യുന്നത്‌.

അമേരിക്കന്‍ സമ്രാജ്യത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്‌ മറ്റു രാജ്യങ്ങളാണ്‌. ആ ചിലവുകളെ അമേരിക്കന്‍ പൗരന്‍മാരില്‍നിന്ന് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ അമേരിക്കന്‍ ഡോളറിന്റെ അധീശത്വം സഹായിക്കുന്നു. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്‌, ഡോളര്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നുള്ളത്‌. ലോകത്തിലെ ഒരേയൊരു കരുതല്‍ നാണയമാണ്‌ ആ പച്ചനോട്ടുകള്‍.

(തുടരും)



*Averting World War III, Ending Dollar Hegemony and US Imperialism -എന്ന പേരില്‍, www.countercurrents.org.യില്‍ 17/11/2007-ന് പ്രസിദ്ധീകരിച്ച, രോഹിണി ഹെന്‍സ്മാന്‍ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

4 comments:

Rajeeve Chelanat said...

ഇറാന്‍ ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര്‍ 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ്‌ ചെയ്തത്‌. ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഒരുക്കമെങ്കില്‍ അമേരിക്ക കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്, ഡിക്ക്‌ ചെനിയും ഒക്ടോബറില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു.

Countercurrents said...

സമീപകാലത്ത് ബ്ളോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റുകളില്‍ ഒന്നാണിത്. അമേരിക്കന്‍ സാമ്രാജ്യത്വം നമ്മളെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണെങ്കിലും അതിനെ എങ്ങിനെ നേരിടാമെന്ന് വളരെ ലളിതമായി വിശദീകരിക്കുന്ന ലേഖനം. ഇറാനെതിരെ അമേരിക്ക മറ്റൊരു യുദ്ധത്തിന് തയാറെടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും മൂന്നാം ലോകയുദ്ധത്തെക്കുറിച്ച് ജോര്‍ജ് ബുഷ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍.

കടംകേറി മുടിഞ്ഞ തറവാട്ടിലെ കാരണവര്‍ ചെക്കെഴുതി ജീവിക്കുന്നതുപോലെയാണ് ഇന്നത്തെ അമേരിക്കയുടെ അവസ്ഥ. കാരണവരിലുള്ള വിശ്വാസം മൂലം ആരും ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കുന്നില്ല. ഈ ചെക്കുകൊടുത്താല്‍ സാധനങ്ങളും സേവനങ്ങളും ലഭിക്കുകയും ചെയ്യും. ആരെങ്കിലും ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചാല്‍ കാരണവരുടെ യഥാര്‍ഥ അവസ്ഥ പുറത്താവും. ഇതുതന്നെയാണ് കഴിഞ്ഞ ദിവസം അഹമ്മദി നെജാദ് പറഞ്ഞതും, ഡോളറിന് കടലാസിന്റെ വിലമാത്രമേ ഉള്ളു എന്ന്.

യാതൊരു സെക്യൂരിറ്റിയുമില്ലാതെ അവര്‍ ഡോളറുകള്‍ അടിച്ചിറക്കുകയാണ്. അമേരിക്ക വലിയ മാര്‍ക്കറ്റായതിനാല്‍ അമേരിക്കയുമായി കയറ്റുമതിലാഭകരമാക്കാന്‍ സ്വന്തം കറന്‍സിയുടെ വിലകുറച്ചുനിര്‍ത്താന്‍ ചൈനയും ഇന്ത്യയും കൊറിയയുമൊക്കെ അമേരിക്കന്‍ ഡോളറും അവര്‍ പുറത്തിറക്കുന്ന ട്രഷറി ബോണ്ടുകളും വാങ്ങിക്കൂട്ടുന്നു. ഏകദേശം 800 ബില്യന്‍ ഡോളറാണ് ചൈനയുടെ കൈവശമുള്ളത്. അതായത് അമേരിക്ക വെറുതെ അടിച്ചിറക്കുന്ന ഡോളറിന് വിലയുണ്ടാക്കുന്നത് ചൈനയും ഇന്ത്യയും കൊറിയയുമൊക്കെയാണ്. ഈ ഡോളറുകൊണ്ടാണ് അമേരിക്ക ലോകം മുഴുവന്‍ യുദ്ധം ചെയ്യുന്നത്. ഡോളറിനെ ലോകം കൈവിട്ടാല്‍ അമേരിക്കയുടെ ‘ചെക്കുകള്‍’ മടങ്ങിത്തുടങ്ങും കാരണവരുടെ കള്ളിവെളിച്ചത്താവുകയും ചെയ്യും.

മറ്റൊന്ന് ഈ ലേഖനത്തില്‍ പറയുന്നതുപോലെ എണ്ണയുടെ കച്ചവടം ഡോളറില്‍ നടക്കുന്നതുമൂലമാണ്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ ചാവേര്‍. സദ്ദാം എണ്ണവ്യാപാരം യൂറോയിലേക്ക് മാറ്റാന്‍ ആലോചിച്ചപ്പോഴാണ് ഇറഖിനെ അമേരിക്ക ആക്രമിച്ചത്. ഇപ്പോള്‍ ഇറാനും പുതിയ എണ്ണ എക്സ്ചേഞ്ച് (oil bourse) തുടങ്ങാന്‍ തയാറെടുക്കുകയാണ്.

http://www.countercurrents.org/iran-whitney260106.htm

http://www.countercurrents.org/us-petrov200106.htm

http://www.countercurrents.org/iran-akleh240305.htm

http://www.countercurrents.org/rutledge161105.htm

ഇപ്പോള്‍ അമേരിക്ക ഇറാനില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിന് ഇതും ഒരു കാരണമാണ്. ഡോളറിന്‍റെ ഹെഗമണി നിലനിര്‍ത്തുക.

പക്ഷെ ഇത് എത്രകാലം തുടരുമെന്ന് കാണേണ്ടകാര്യമാണ്.

ഡോളറിന്റെ വിലയിടിവിനെത്തുടര്‍ന്ന് സ്വന്തം സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ ഡോളറിനെ കൈവിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

Seven Countries Considering Abandoning The US Dollar
By Jessica Hupp

http://www.countercurrents.org/hupp081107.htm

ഇത്രയും പറഞ്ഞത് അമേരിക്കയുടെ സാമ്രാജ്യത്വം തകര്‍ക്കപ്പെടാനാവാത്തതല്ലെന്നു വ്യക്തമാക്കാനാണ്.
ലോകസമാധാനത്തിന് അത് തകര്‍ക്കപ്പെടണമെന്നതുമാണ്. മൂന്നാം ലോകയുദ്ധത്തെക്കുറിച്ച് ഭീഷണി മുഴക്കുന്ന ഒരു ഭ്രാന്തന്‍ പ്രസിഡന്‍റ് ഭരിക്കുന്ന അമേരിക്കയെ ലോകം ഭയക്കണം. അതിനെതിരെ ലോകമനസാക്ഷി ഉണരുകയും ഒന്നിച്ചു നീങ്ങുകയും വേണം. ഡോളറാകട്ടെ ലോകത്തിന്‍റെ ആദ്യലക്ഷം. KILL THE DOLLAR AND THE EMPIRE WILL COLLAPSE!

അഭയാര്‍ത്ഥി said...

Intellectual, statistical and beautifully written article.
As usual it is lenient towards left view.
As a country USA is self motivated in its foreign affairs.
Naturally it is based on their benefits.

As though:-
No other country blemish them for this because many of them are self centered and further more their international decisions are taken by a few people or a family (on favour of them personally). In some cases it may be by a dictator himself. The main force directing the international decisions are, to continnue in power on their domicile.
No country takes decisions for the general good and will of humanity or even for their own people.
It is stupendous to me why the left always tarnish America.
They made drastic decisions in favour of democracy, they spend their wealth for protecting humanity against terrorists. Kashmir is comparatively peaceful now.
Binladen hiding. Americans provide great opportunities for the world. They spend for the space research, they recruit talents and give ambience to grow. They spend for charity.

They make decisions democratically. All the congress men and senate approves and disproves bills. They are open and explain why they want to attack some country.
They allows public to protest against their deeds.

Does communist party Kerala have all these qualities?. Are the party men daring to question the leadership?. Did the leaders always take decision for the poor multitude?. Do you admire the public works condition now?. Have you traveled thru Kerala roads recently?.
Sewages ,wastes, scatter all around. Stinking Bus stands further stinks.

No congress, no NCP, No communist are for the people. Selfish Machiavellian leaders.
Their Amercian hate is hypocrisy and deceiteful.

Exceptions are there (Achuthanandan, Nayanar, Achutha Menon and Antony are not corrupted as do I believe).

Rajeeve Chelanat said...

പ്രിയപ്പെട്ട അഭയാര്‍ത്ഥീ,

അഭിപ്രായങ്ങള്‍ക്ക് നന്ദി. വിഷയത്തെ സ്പര്‍ശിച്ചുകണ്ടില്ല. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ തര്‍ജ്ജമയിലെ ആശയങ്ങളുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടതല്ല.

ഇനി, അമേരിക്കയെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ബാലിശമാണെന്നു പറയാതിരിക്കാനാവില്ല. മനുഷ്യാവകാശങ്ങളെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യാനും, വിരുദ്ധാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനും അവകാശമുണ്ട് എന്നിടത്തോളം മാത്രമേ താങ്കളുമായി എനിക്ക് യോജിക്കാനാവൂ. അതാകട്ടെ, അമേരിക്കന്‍ ജനതയുടെ ജനാധിപത്യ-മനുഷ്യാവകാശ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. അവിടത്തെ ഭരണകൂടത്തിന്റെ സൃഷ്ടിയല്ല എന്ന് ചുരുക്കം.

താങ്കളുടെ താഴെ കൊടുത്തിരിക്കുന്ന വാദമുഖങ്ങള്‍

They made drastic decisions in favour of democracy, they spend their wealth for protecting humanity against terrorists. Kashmir is comparatively peaceful now.
Binladen hiding. Americans provide great opportunities for the world. They spend for the space research, they recruit talents and give ambience to grow. They spend for charity.

.....As a country USA is self motivated in its foreign affairs.

They make decisions democratically. All the congress men and senate approves and disproves bills. They are open and explain why they want to attack some country.
They allows public to protest against their deeds

ഒന്നുകില്‍, കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്നതിലെ താങ്കളുടെ കഴിവുകേടിന്റെ ഫലമായി വന്നതാകാം, അല്ലെങ്കില്‍, അജ്ഞത. അതുമല്ലെങ്കില്‍ രണ്ടും സമാസമം ചേര്‍ത്തരച്ചത്.

പിന്നെ, as usual, it is lenient towards left view..എന്ന് താങ്കള്‍ എഴുതിയതും മുഴുവന്‍ ശരിയല്ല. കഴിയുന്നതും ഇടത് ആയിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് എന്നേ പറയാനാകൂ.

സ്നേഹപൂര്‍വ്വം