Tuesday, November 13, 2007

ഓര്‍മ്മയുണ്ടോ ഈ മുഖം?

ആ 'മാള്‍ബോറോ'ക്കാരനെ നിങ്ങളില്‍ച്ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഉറപ്പ്‌. ഇറാഖ്‌ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ നിരവധി പത്രങ്ങളിലെ മുന്‍പേജ്‌ ചിത്രമായിരുന്നു അയാളുടെ മുഖം. ചുണ്ടുകളില്‍ എരിയുന്ന സിഗരറ്റുമായി, ഹെല്‍മെറ്റ്‌ ധരിച്ച്‌, ഉണങ്ങിയ ചോരപ്പാടും കരിയും പുരണ്ട മുഖത്തോടെ, ക്ഷീണിച്ച്‌, എങ്ങോട്ടെക്കോ ദൃഷ്ടി പായിച്ച്‌ നില്‍ക്കുന്ന ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍. 'മാള്‍ബോറോ മനുഷ്യന്‍' എന്ന ഓമനപ്പേരും വീണു അയാള്‍ക്ക്‌. ലാന്‍സ്‌ കോര്‍പ്പറല്‍ ബ്ലേക്ക്‌ മില്ലറായിരുന്നു അത്‌. ഒറ്റച്ചിത്രത്തോടെ പ്രശസ്തിയിലേക്ക്‌.

പക്ഷേ അവിടംകൊണ്ടവസാനിച്ചില്ല മില്ലറുടെ കഥ. അയാള്‍ ഇറാഖില്‍ നിന്ന് ജീവനോടെ തിരിച്ചു വന്നു. അയാളുടെ മുഖം ക്യാമറയില്‍ പകര്‍ത്തിയ ലൂയീസ്‌ സിംകോ എന്ന ഫോട്ടോഗ്രാഫറുമായി, രണ്ടുവര്‍ഷം മുന്‍പ്‌, 2006 ജനുവരിയില്‍, Editor & Publisher എന്ന പത്രം അഭിമുഖം നടത്തുകയുണ്ടായി. ലോസ്‌ ഏഞ്ചല്‍സ്‌ പത്രത്തിലെ ഫോട്ടൊഗ്രാഫറാണ്‌ ലൂയീസ്‌. യുദ്ധാനന്തര-മാനസിക പീഡകളില്‍പ്പെട്ട്‌ (Post-traumatic stress disorder-PTSD) സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി വരാന്‍ വിഷമിച്ച്‌, കെന്റുക്കിയിലെ ജൊനാന്‍സിയിലുള്ള തന്റെ വീട്ടില്‍ കഴിയുന്ന മില്ലര്‍ എന്ന പാവം മനുഷ്യനെക്കുറിച്ചായിരുന്നു ലൂയീസിന്‌ പറയാനുണ്ടായിരുന്നത്‌.

തന്റെ ജീവിതത്തിന്റെതന്നെ ഒരു ഭാഗമായിത്തീര്‍ന്ന മില്ലറിന്റെ സമീപത്തേക്ക്‌ ലൂയീസ്‌ തിരിച്ചുപോയിരിക്കുകയാണ്.

ടൈംസിനുവേണ്ടി ലൂയീസ്‌ എഴുതിയ രണ്ടുഭാഗങ്ങളുള്ള ഒരു ലേഖനം, ഇക്കഴിഞ്ഞ ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയുമായി ടൈംസിന്റെ വെബ്‌സൈറ്റില്‍, വീഡിയോ ദൃശ്യങ്ങളുടെയും, ചിത്രങ്ങളുടെയും, സംഭാഷണങ്ങളുടെയും അകമ്പടിയോടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

മാനസികവിഭ്രാന്തികളില്‍നിന്ന് മില്ലറിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌ ലൂയീസ്‌. ആ ലേഖനത്തില്‍നിന്ന് ഒരു പ്രസക്ത ഭാഗം:

"അയാള്‍ വിവാഹമോചനം നേടാന്‍ ശ്രമിക്കുന്നു എന്ന കിംവദന്തിക്കുപിറകെ പരക്കം പായുകയായിരുന്നു നാട്ടിലെ മുഴുവന്‍ പത്രങ്ങളും. തന്നോട്‌ അല്‍പമെങ്കിലും അലിവു കാട്ടണമെന്നും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ അയാള്‍ക്ക്‌ ഒടുവില്‍ പ്രസ്താവന ഇറക്കേണ്ടിവന്നു.

പിറ്റേ ദിവസം, മില്ലറിനെ അയാളുടെ അമ്മാവന്റെ വീടിന്റെ പിന്‍വശത്തുള്ള ഒരു മുറിയില്‍ വെച്ച്‌ ഞാന്‍ കണ്ടു. തലേന്നു രാത്രി, താന്‍ ആത്മഹത്യയുടെ വക്കുവരെയെത്തിയതാണെന്ന് അയാള്‍ പറഞ്ഞു. ബൈക്കോടിച്ച്‌, ഒരു മലയുടെ ചെരുവില്‍ നിന്നും താഴേക്ക്‌ കുതിച്ച്‌ എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും അയാള്‍ ആലോച്ചിച്ചുവത്രെ.

അന്നത്തെ പ്രഭാത പത്രങ്ങള്‍ അയാള്‍ എനിക്കു കാണിച്ചു തന്നു. അയാളുടെ വിവാഹമോചനമായിരുന്നു അതിലെ പ്രധാനതലക്കെട്ട്‌.

എനിക്കു വല്ലാത്ത വിഷമം തോന്നി. എനിക്ക്‌ അതില്‍ ഇടപെടണമെന്നുണ്ടായിരുന്നില്ല. ഇറാഖിനെക്കുറിച്ചുള്ള പുസ്തകം എങ്ങിനെയെങ്കിലും തീര്‍ത്താല്‍ മതിയെന്നായിരുന്നു എനിക്ക്‌. പക്ഷേ, അന്ന്, ആ ചിത്രം ഞാന്‍ എടുത്തിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഈ പൊറാട്ടുനാടകങ്ങള്‍ എനിക്കു കാണേണ്ടിവരില്ലായിരുന്നു. ഞാനും ഇതിനൊക്കെ ഒരുവിധത്തില്‍ ഉത്തരവാദിയാണെന്ന് എനിക്കു തോന്നി.

ചില സമയങ്ങളില്‍, നേരിട്ടു ദൃക്‍സാക്ഷിയാവാന്‍ വിഷമം തോന്നുന്ന അവസരങ്ങളില്‍ ക്യാമറയെ ഒരു മറയാക്കി ഉപയോഗിക്കാറുണ്ട്‌ ഞാന്‍. പ്രവൃത്തിക്കാന്‍ ആവശ്യമായ ഒരു ഇടം അതെനിക്കു നല്‍കാറുണ്ട്‌. വികാരങ്ങളെ നിയന്ത്രിച്ച്‌, കണ്ണുകള്‍ തുറന്നു പിടിക്കാന്‍ അത്‌ എന്നെ സഹായിക്കുന്നു. പക്ഷേ മില്ലറിന്‌ ഇന്ന് ആവശ്യം ഒരു ഫോട്ടോ ജേര്‍ണ്ണലിസ്റ്റിനെയല്ല. ഒരു കൈത്താങ്ങാണ്‌.

ഫല്ലൂജയിലെ കലാപകലുഷിതമായ ആ കഴിഞ്ഞ കാലം എനിക്ക്‌ ഓര്‍മ്മ വന്നു. പൊട്ടിത്തെറികളുടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടക്ക്‌, ഞങ്ങള്‍ക്കും ലോകാവസാനത്തിനുമിടയില്‍ ദുര്‍ബ്ബലമായ ഒരു മണ്‍ചുമര്‍ മാത്രം അവശേഷിച്ച ഘട്ടങ്ങളില്‍, മരവിച്ച മനസ്സുമായി ഞങ്ങള്‍ കാത്തിരുന്നു. എല്ലാവരും സിഗരറ്റു ആഞ്ഞുവലിച്ചുകൊണ്ടിരുന്നു.

ആളുകള്‍ ചിന്തിക്കുന്നത്‌ എന്താണെന്ന്, ആ ബഹളത്തിലും എനിക്ക്‌ വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഇത്‌ അവസാനമാണ്‌.

ഇതിനുമുന്‍പൊരിക്കലും ഇത്ര ഒറ്റപ്പെട്ടപോലെ എനിക്കു തോന്നിയിട്ടുണ്ടായിരുന്നില്ല.

ഓര്‍മ്മകളില്‍നിന്നു ഞാന്‍ തിരിച്ചു പോന്നു. എങ്ങിനെയാണ്‌ ആ ചോദ്യം എന്റെ വായില്‍നിന്ന് പുറത്ത്‌ വന്നതെന്ന് എനിക്കുതന്നെ നിശ്ചയമില്ല.

"ബ്ലേക്ക്‌, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?, അന്ന്, ഫല്ലൂജയില്‍ വെച്ച്‌ എനിക്ക്‌ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ നീ എന്റെ സഹായത്തിനു വരുമായിരുന്നില്ലേ?"

"പൊക്കിയെടുത്തുകൊണ്ടുവരുമായിരുന്നു", മറുപടി പെട്ടെന്നായിരുന്നു.

"ശരി, എങ്കില്‍, ഇന്ന് നിനക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. എനിക്ക്‌ നിന്നെ സഹായിക്കണമെന്നുണ്ട്‌".

അയാള്‍ ഒരു നിമിഷം എന്നെ നോക്കി. "ആയ്ക്കോളൂ".




* Editor & Publisher എന്ന സമാന്തരമാധ്യമത്തില്‍, ഗ്രെഗ് മിഷേല്‍ എഴുതിയ ലേഖനം.

9 comments:

Rajeeve Chelanat said...

ആ 'മാള്‍ബോറോ'ക്കാരനെ നിങ്ങളില്‍ച്ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഉറപ്പ്‌.

ഫസല്‍ ബിനാലി.. said...

oarkkunnu.....

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം. ഇതിക്കുരിച്ചു വേറെ എവിടെയോ വായിച്ചതു ഓര്‍ക്കുന്നു.

Sherlock said...

ലേഖനത്തിനു നന്ദി :)

മയൂര said...

വളരെ നല്ല ലേഖനം, നന്ദി:)

NITHYAN said...

മനുഷ്യബന്ധങ്ങളുടെ ഇനിയും കാണാത്ത മേച്ചില്‍പ്പുറങ്ങളിലേക്കാവട്ടെ തുടര്‍ന്നങ്ങോട്ടുള്ള തീര്‍ത്ഥയാത്രകള്‍

ശാലിനി said...

സമയം കിട്ടുമ്പോള്‍ മുഴുവനും ഒന്ന് തര്‍ജ്ജിമ ചെയ്തിടാമോ?

രാജീവ് മൊഴിമാറ്റം നടത്തുമ്പോള്‍ വായിക്കാന്‍ ഒര്‍ജിനലീനേക്കാളും ഇഷ്ടം തോന്നും.

എപ്പോഴും നന്ദി പറയേണ്ടല്ലോ ഇതുപോലെയുള്ള ലേഖനങ്ങള്‍ക്കുവേണ്ടി.

Rajeeve Chelanat said...

ശാലിനി,

കുറച്ച് വലിയൊരു ലേഖനമാണത്. ചെയ്യണമെന്നുണ്ട്. ശ്രമിക്കാം. സമയദൌര്‍ല്ലഭ്യം ഒരു കാരണം.

വായിച്ച അഭിപ്രായം പറയാന്‍ സമയം കണ്ടെത്തുന്ന നിങ്ങളെപോലുള്ളവര്‍ക്കാണ് ഞാന്‍ നന്ദി പറയേണ്ടത്.

വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

സ്നേഹാശംസകളോടെ

വിശാഖ് ശങ്കര്‍ said...

രാജീവ്,

ശാലിനി പറഞ്ഞത് ആവര്‍ത്തിക്കുന്നു. സമയം കണ്ടെത്തി ഇതു മുഴുവന്‍‍ വിവര്‍ത്തനം ചെയ്യണം.