Thursday, November 15, 2007

നന്ദിഗ്രാമിലെ ഭൂമിസമരം നല്‍കുന്ന പാഠം.

നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരിലെ നീറോ പ്രഭൃതികള്‍ ക്ഷമയോടെ അത്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ കുടിയൊഴിക്കല്‍ നടക്കുമ്പോള്‍ ആയുധമെടുക്കാന്‍ മുന്‍പന്തിയിലുണ്ടാകാറുള്ള ഇവര്‍, സ്വന്തം നാട്ടിലെ 'യുദ്ധഭൂമിയില്‍' ആളുകള്‍ അരുംകൊലചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായ ദൃക്‍സാക്ഷികളായി ഇരിക്കുകയാണ്‌. നന്ദിഗ്രാമിനെ 'യുദ്ധഭൂമി'യെന്ന് വിശേഷിപ്പിച്ച ഗവര്‍ണ്ണര്‍ ഗോപല കൃഷ്ണ ഗാന്ധിയുടെ പ്രവൃത്തിയെ 'ഭരണഘടനാവിരുദ്ധമെന്ന്' മുദ്രകുത്താനും സി.പി.എമ്മും അതിന്റെ നേതൃത്വവും ഉത്സാഹം കാണിച്ചു. ഗവര്‍ണ്ണറുടെ പരാമര്‍ശത്തെ ബംഗാള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്നു വിശേഷിപ്പിക്കുമ്പോള്‍, 'ഭൂമി തിരിച്ചുപിടിക്കാനുള്ള' സി.പി.എം നേതൃത്വത്തിന്റെ ആഹ്വാനത്തെ എങ്ങിനെയാണ്‌ ഒരാള്‍ക്ക്‌ നീതീകരിക്കാനാവുക?

അനിതരസാധാരണമായ ഈ പ്രതിസന്ധി ശക്തമായ ഒരു പ്രതികരണം അര്‍ഹിക്കുന്നു എന്നതാണ്‌ വസ്തുത. ഒരു ഗവര്‍ണ്ണര്‍, അതും, ഗോപാല്‍ കൃഷ്ണ ഗാന്ധിയെപ്പോലെയൊരാള്‍ സര്‍ക്കാറിനെതിരായി പരസ്യമായി പ്രതികരിക്കുക എന്നത്‌ അത്ര സാധാരണമല്ല. ആ പ്രതികരണം, നന്ദിഗ്രാമില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉത്‌കണ്ഠയും വേദനയുമാണ്‌ വെളിവാക്കുന്നത്‌. തന്റെ കീഴിലുള്ള ഒരു സംസ്ഥാനം, ഭരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പോലും നിരാകരിക്കുന്നത്‌ കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു ഗവര്‍ണ്ണര്‍ക്കും മൗനം പാലിക്കാന്‍ ആവുകയില്ല. മൗനം പാലിക്കുകയുമരുത്‌. സി.പി.എമ്മും മുഖ്യമന്ത്രിയും ഇപ്പോള്‍ ചെയ്യുന്നതുപോലെ, ചുമതലകളില്‍ നിന്ന് സ്വയം ഒഴിഞ്ഞുനിന്ന്, നിയമം കയ്യിലെടുക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല, അത്‌ ഗുജറാത്തായാലും ബംഗാളായാലും. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യാന്‍ സ്വന്തം അണികളെ ഒരു സര്‍ക്കാര്‍ ഉദ്‌ബോധിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ തെറ്റാണ്‌. എന്തുകൊണ്ടാണ്‌ സര്‍ക്കാര്‍ ഇത്രകാലവും നിശ്ശബ്ദത പാലിച്ചതും, കേന്ദ്രസേനകളെപ്പോലും പാര്‍ട്ടി അണികളുടെ ചൊല്‍പ്പടിക്ക്‌ നിര്‍ത്തിയതും? ഭരണത്തിന്റെ ചുമതല വഹിക്കാന്‍ ഒരു പാര്‍ട്ടിയെ ചുമതലപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രാജീവ്‌ ഗാന്ധിയും, ഗോധ്രകലാപത്തിനുശേഷം മോഡിയും സംസാരിച്ച അതേ ഭാഷ തന്നെയാണ്‌ ബംഗാള്‍ സര്‍ക്കാരും ഉപയോഗിക്കുന്നത്‌. വിയോജിക്കുന്നവരെയും തെറ്റു ചെയ്തവരെയും പാഠം പഠിപ്പിക്കുകയല്ല, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയാണ്‌ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്‌.

പശ്ചിമ ബംഗാള്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്‌. മാര്‍ക്സിസത്തിന്റെ പേരിലുള്ള ദുഷ്ഭരണത്തിന്റെയും, ബ്രാഹ്മണ മേധാവിത്വത്തിന്റെയും പ്രതീകമായി മാറിയ ഒരു സര്‍ക്കാരിനു നേരിടേണ്ടിവരുന്ന പരീക്ഷയാണ്‌ ഈ പ്രതിസന്ധി. ഈ മേല്‍ക്കോയ്മയെ ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്‌, മമത ബാനര്‍ജി എന്ന് ഒരു സ്ത്രീയാണ്‌. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നു എന്ന് അവകാശപ്പെടുന്ന അവരുടെ പൂര്‍വ്വകാല ചെയ്തികള്‍, പക്ഷെ, ഒട്ടും മഹത്തരമല്ല. ഡെല്‍ഹിയിലെ ഹിന്ദുത്വ ശക്തികളുമായുള്ള ബാന്ധവം എത്രകാലം അവര്‍ പുലര്‍ത്തുമെന്നും, ഭൂമിയുടെ പ്രശ്നങ്ങളില്‍ അവരുടെ നിലപാട്‌ എന്താണെന്നുമാണ്‌,മമതയെ പിന്തുണക്കുന്നവര്‍ അവരോട്‌ ആദ്യം ചോദിക്കേണ്ട ചോദ്യം. പക്ഷേ, എല്ലാ പ്രതിപക്ഷവും സി.പി.എം-നെ ഒന്നിച്ചെതിര്‍ക്കുന്ന പ്രത്യേക സ്ഥിതിവിശേഷമാണ്‌ ഇന്ന് നിലനില്‍ക്കുന്നത്‌. എങ്കിലും, അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊന്നാണ്‌. മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രദ്ധക്കും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല.

നല്ല ഭരണത്തിന്റെയും, പഞ്ചായത്ത്‌ രാജിന്റെയും, ഊതിപ്പെരുപ്പിച്ചുകാണിക്കുന്ന 'ഭൂപരിഷ്ക്കാരങ്ങളുടെയും' പ്രഭാപടലത്തിനുള്ളിലും, ഇടതുപക്ഷത്തിന്റെ ശരിക്കുള്ള മുഖം ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

നന്ദിഗ്രാമിലുള്ളത്‌, ഒരു വശത്ത്‌ പ്രതീക്ഷയുടെ രജതരേഖയും, മറുവശത്ത്‌ ബംഗാളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ (ഭദ്രലോഗ്‌) രാഷ്ട്രീയവുമാണ്‌. രജതരേഖയെക്കുറിച്ച്‌ ആദ്യം പറയാം. എന്തൊക്കെപ്പറഞ്ഞാലും, നന്ദിഗ്രാമിലെ ആളുകളുടെ ആവേശത്തെ നാം ഒരിക്കലും കാണാതിരുന്നുകൂടാ. എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങളെയും അത്‌ മറികടക്കുന്നു. ഇന്നത്തെ സര്‍ക്കാരുകള്‍, അത്‌ ബംഗാളിലായാലും, മറ്റു സംസ്ഥാനങ്ങളിലായാലും, ജനങ്ങളുടെ ഭൂമി കവര്‍ന്നെടുത്ത്‌, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അണക്കെട്ടുകള്‍ക്കും, വമ്പന്‍ ബിസിനസ്സ്‌ സാമ്രാജ്യങ്ങള്‍ക്കും, പങ്കിട്ട്‌ കൊടുക്കുന്ന തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ്‌. അതും, ഒഴിപ്പിച്ചവരെ ഒരു വിധത്തിലും പുനരധിവസിപ്പിക്കാതെതന്നെ. ജനങ്ങളുടെ പ്രതിരോധമൊക്കെ കുറച്ചു കഴിഞ്ഞാല്‍ തണുത്താറുമെന്ന് ഭരണത്തിലുള്ളവര്‍ക്ക്‌ നന്നായി അറിയുകയും ചെയ്യാം. ഭൂമി കയ്യേറല്‍ പോലുള്ള തങ്ങളുടെ അപകടകരമായ പദ്ധതികളുമായി മുന്നോട്ട്‌ പോകാന്‍ ഈ അറിവ്‌ അവരെ പ്രാപ്തരാക്കുന്നു. ഈ കാര്യത്തില്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കും, പ്രാദേശിക കക്ഷികള്‍ക്കും യോജിപ്പാണുള്ളത്‌. ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളില്‍നിന്ന് അവര്‍ ഒളിച്ചോടുകയും, തല്‍ഫലമായി, ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക്‌, ഒരുപക്ഷേ തീരെ ജനാധിപത്യപരമല്ലാത്ത മറ്റു മാര്‍ഗ്ഗങ്ങളെ അവലംബിക്കേണ്ടിവരുകയും ചെയ്യുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭൂപരിഷ്ക്കരണ പ്രശ്നത്തില്‍ പ്രതിബദ്ധത കാണിച്ച ഒരേയൊരു പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്‌. പക്ഷേ ബുദ്ധദേവിനുള്ളത്‌ മറ്റു ചില ഉദ്ദേശ്യങ്ങളാണ്‌. കഴിഞ്ഞ മുപ്പതു വര്‍ഷമായി യാതൊരു വ്യവസായവത്ക്കരണവും കാര്യമായി നടക്കാതിരുന്ന ബംഗാളില്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്ന മദ്ധ്യവര്‍ഗ്ഗ ബംഗാളികളെയാണ്‌ അദ്ദേഹം ഉന്നംവെക്കുന്നത്‌. 'വ്യവസായകേന്ദ്ര'മെന്ന ബഹുമതി നേടിയെടുക്കാനാവാതെ 'പ്രതിച്ഛായ നഷ്ടമായ' കൊല്‍ക്കൊത്തയുടെയും ബംഗാളിന്റെയും കാര്യത്തില്‍ മനംനൊന്ത്‌, 'നിക്ഷേപം' സ്വരൂപിക്കാന്‍ പ്രതിജ്ഞാബദ്ധമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌ ബുദ്ധദേവ്‌. ഇന്‍ഡോനേഷ്യയിലെ കമ്പനിയെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ ഉദ്ദേശ്യവും തിരിച്ചറിയേണ്ടതുണ്ട്‌. പൂര്‍വ്വകാല ചെയ്തികളില്‍നിന്നു വ്യത്യസ്തമായി, ഇന്‍ഡോനേഷ്യന്‍ കമ്പനിക്ക്‌ കരാര്‍ കൊടുത്തത്‌, ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ-വിരുദ്ധ, മതനിരപേക്ഷ നിലപാടിന്റെ തെളിവാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ സര്‍ക്കാര്‍. ബംഗാളിലാകട്ടെ, ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ദളിതുകളും, മുസ്ലിമുകളുമാണ്‌.നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി, അല്ലെങ്കില്‍, 19,000 ഏക്കര്‍ ഭൂമി എന്താവശ്യത്തിനാണെന്നതാണ്‌ ഏറ്റവും വിഷമം പിടിച്ച ചോദ്യം. പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്‌, ഹാള്‍ഡിയ പെട്രൊകെമിക്കലിന്റെ മേധാവികൂടിയായ പാര്‍ട്ടി എം.പി. ലക്ഷ്മണ്‍ സേഥിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത്‌ എന്നാണ്‌. ഇതൊക്കെ നടക്കുന്നത്‌, ബംഗാളിനെ വ്യവസായവത്‌ക്കരിക്കുക എന്ന പേരിലും. ആളുകളെ നിരാധാരമാക്കാനും, വ്യവസായികളെ ക്ഷണിച്ചുവരുത്താനും കൂട്ടുനില്‍ക്കുന്നതില്‍, എല്ലാ 'ദേശീയ മാധ്യമങ്ങളും' പൂര്‍ണ്ണപിന്തുണയാണ്‌ ബംഗാള്‍ സര്‍ക്കാരിനു നല്‍കുന്നത്‌. ജനങ്ങളുടെ താത്‌പര്യങ്ങളേക്കാള്‍, സ്വാര്‍ത്ഥമോഹങ്ങള്‍ക്ക്‌ വിലകല്‍പ്പിക്കുന്ന മാധ്യമങ്ങള്‍, മോഡിയുടെ അഴിമതി ഭരണത്തെയും, മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള അയാളുടെ പൂര്‍വ്വകാല കുറ്റകൃത്യങ്ങളെയും, ഭംഗിയായി തമസ്ക്കരിച്ച്‌ തങ്ങളുടെ കോര്‍പ്പറേറ്റ്‌ താത്‌പര്യങ്ങള്‍ എങ്ങിനെയാണോ സംരക്ഷിച്ചത്‌, അതേ വിധത്തില്‍തന്നെയാണ്‌, വികസനത്തിന്റെ പേരും പറഞ്ഞ്‌, ദേശീയ മാധ്യമങ്ങള്‍, ജനങ്ങളുടെ ചിലവില്‍, ബുദ്ധദേവ്‌ എന്ന മുഖ്യമന്ത്രിയെ താരപദവിയിലേക്ക്‌ ഉയര്‍ത്തിക്കാട്ടുന്നതും.

സി.പി.എം-ഉം സഖ്യകക്ഷികളും കോണ്‍ഗ്രസ്സിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളെ പലപ്പോഴും എതിര്‍ത്തുപോന്നിട്ടുണ്ട്‌. പക്ഷേ, അതേസമയം പല പദ്ധതികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. നരേന്ദ്ര മോഡിക്കെതിരെ സത്യസന്ധമായ നിലപാടെടുക്കുകയും, ലോകവ്യാപാര സംഘടനക്കെതിരായി ഗംഭീര റാലികള്‍ സംഘടിപ്പിക്കുകയും ചെയ്ത അതേ രാഷ്ട്രീയപാര്‍ട്ടി തന്നെ, സ്വന്തം സംസ്ഥാനത്തിന്റെ കാര്യം വരുമ്പോള്‍, കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നു. നന്ദിഗ്രാം സന്ദര്‍ശിക്കാന്‍ ആളുകളെ അനുവദിക്കുക എന്നതുപോയിട്ട്‌, ഒരു തുറന്ന ചര്‍ച്ചക്കുപോലും അവര്‍ തയ്യാറാവുന്നില്ല.

നിര്‍ദ്ദിഷ്ട പ്രത്യേക സാമ്പത്തികമേഖല ആയിരക്കണക്കിനാളുകളെ, പ്രത്യേകിച്ചും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ, കുടിയൊഴിപ്പിക്കുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. നന്ദിഗ്രാമിന്റെയും, സിംഗൂരിന്റെയും കാര്യത്തിലാണെങ്കില്‍, ഇവരില്‍ ഭൂരിഭാഗവും മുസ്ലിമുകളും ദളിതുകളുമാണ്‌. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഭാഗങ്ങള്‍, സി.പി.എം-ന്റെ വോട്ട്ബാങ്കില്‍ പെടുന്നവരുമല്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്വാനി നടത്തിയ പരാമര്‍ശങ്ങളുടെ അതേ ചുവടുപിടിച്ച്‌ മദ്രസ്സകളെയും, ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളെയുംകുറിച്ച്‌ സംസാരിക്കാന്‍ വൈമുഖ്യം കാണിക്കാതിരുന്ന മാര്‍ക്സിസ്റ്റ്‌ മുഖ്യമന്ത്രിക്ക്‌, ബംഗാളിലെ മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍ക്കോ, പാര്‍ട്ടി അനുഭാവികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍, സെസ്സ്‌ പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവരേണ്ടത്‌ നല്ല ഒരു കാര്യമായി തോന്നിയിരിക്കണം. ടാറ്റയുടെ ഒരു ലക്ഷം രൂപ വിലവരുന്ന കാര്‍ ഫാക്ടറിയിലോ, സലിമിന്റെ കെമിക്കല്‍ കമ്പനിയിലോ ജോലികിട്ടാന്‍ ഇടയുള്ള സ്വന്തം അണികളെ എന്തിനു മുഷിപ്പിക്കണമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. ഈ കമ്പനികളില്‍ ജോലി കിട്ടുന്നത്‌ മുസ്ലിമുകള്‍ക്കും, ദളിതുകള്‍ക്കുമൊന്നുമാവില്ല. അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്ക്‌ വഹിക്കുന്ന ഭദ്രലോക സമൂഹം, തങ്ങളുടെ പ്രശ്നങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന അലംഭാവത്തിനും വ്യവസായത്തിന്റെ കാര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്ന നിര്‍ജ്ജീവാവസ്ഥക്കും സര്‍ക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്‌, പലപ്പോഴും. ദളിതുകളുടെയും മുസ്ലിമുകളുടെയും പ്രശ്നങ്ങളില്‍ ഇടതു സര്‍ക്കാര്‍ ഇനിയും തങ്ങളുടെ നിലപാടുകള്‍ വ്യക്താമാക്കേണ്ടതായിട്ടാണിരിക്കുന്നത്‌. അവര്‍ക്കുവേണ്ടിയുള്ള ഭൂപരിഷ്ക്കരണങ്ങള്‍ എവിടെവരെയെത്തി? സര്‍ക്കാര്‍ ജോലികളിലും, പോലീസിലും, മറ്റു വിഭാഗങ്ങളിലും അവര്‍ക്ക്‌ കിട്ടേണ്ട മതിയായ പ്രാതിനിധ്യം അവര്‍ക്ക്‌ കിട്ടിയിട്ടുണ്ടോ? തങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട്‌ സംവരണത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ്‌ ബംഗാളിലെ മദ്ധ്യവഗ്ഗം നില്‍ക്കുന്നത്‌. മുസ്ലിമുകളെ മാറ്റിനിര്‍ത്തിയാല്‍, മദ്ധ്യവര്‍ഗ്ഗത്തിന്റെ ഈ കപടനാട്യംകൊണ്ട്‌ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്‌, ബംഗാളിലെ തോട്ടികളാണെന്നുള്ള പരമാര്‍ത്ഥം നിഷേധിക്കാനാവില്ല. വളരെ ആശങ്കയുളവാക്കുന്ന ഒന്നാണ്‌ ബംഗാളിലെ ദളിതുകളുടെ ജീവിതം. തോട്ടിസമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്‌ ബംഗാള്‍. ബംഗാളിന്റെ ഈ തീക്ഷ്ണ യാഥാര്‍ത്ഥ്യം പുറംലോകം അറിയുന്നതില്‍ തീരെ തത്‌പരരല്ല മാര്‍ക്സിസ്റ്റു പാര്‍ട്ടിയും, അവര്‍ക്ക്‌ പ്രാമുഖ്യമുള്ള ബുദ്ധിജീവിവര്‍ഗ്ഗങ്ങളും. എന്‍.റാമിനെപ്പോലുള്ള കറകളഞ്ഞ അനുഭാവികള്‍പോലും, ഈ തോട്ടിപ്പണിയുടെ പ്രശ്നത്തില്‍ ബംഗാള്‍ ഗവണ്മെണ്ടിന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുന്നതിനുമുന്‍പ്‌ ഇരുവട്ടം ആലോചിക്കാന്‍ മുതിര്‍ന്നില്ല. ഇപ്പോള്‍ നന്ദിഗ്രാമിന്റെ പ്രശ്നത്തിലും, ഇന്ത്യയിലെ ഏറ്റവും 'സെക്കുലര്‍'ആയ ഈ പത്രം പാദസേവ ചെയ്യുന്നത്‌ ബ്രാഹ്മണ്യത്തിനെയാണ്‌. ദക്ഷിണേന്ത്യയിലെ 'ഹിന്ദു'വിന്റെ വായനക്കാര്‍ക്ക്‌ നല്ലവണ്ണമറിയാം, സെക്കുലറിസത്തിന്റെ പേരുംപറഞ്ഞ്‌ ആ പത്രം ആരുടെ താത്‌പര്യങ്ങളെയാണ്‌ സംരക്ഷിക്കുന്നതെന്ന്. ബുദ്ധദേവിന്റെ മറ്റൊരു മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ ഗോയെങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ്സാണ്‌. സ്വകാര്യവത്ക്കരണത്തെ പിന്താങ്ങുന്ന, ഇന്ത്യയിലെ അഴിമതിഭരിതമായ മദ്ധ്യവര്‍ഗ്ഗത്തിന്റെ ശബ്ദമാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്. ജനങ്ങളെ കുടിയൊഴിപ്പിച്ച് വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ഏതു സര്‍ക്കാര്‍ ശ്രമിച്ചാലും അതിനെ എപ്പോഴും പിന്തുണച്ചിട്ടുള്ള പാരമ്പര്യമാണ് ആ പത്രത്തിനുള്ളത്.


(തുടരും)

countercurrents.org-ന്റെ, നവംബര്‍ 14-ലെ ലക്കത്തില്‍ വിദ്യാഭൂഷന്‍ റാവത്ത്‌ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

15 comments:

Rajeeve Chelanat said...

നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരിലെ നീറോ പ്രഭൃതികള്‍ ക്ഷമയോടെ അത്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ കുടിയൊഴിക്കല്‍ നടക്കുമ്പോള്‍ ആയുധമെടുക്കാന്‍ മുന്‍പന്തിയിലുണ്ടാകാറുള്ള ഇവര്‍, സ്വന്തം നാട്ടിലെ 'യുദ്ധഭൂമിയില്‍' ആളുകള്‍ അരുംകൊലചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായ ദൃക്‍സാക്ഷികളായി ഇരിക്കുകയാണ്‌. നന്ദിഗ്രാമിനെ 'യുദ്ധഭൂമി'യെന്ന് വിശേഷിപ്പിച്ച ഗവര്‍ണ്ണര്‍ ഗോപല കൃഷ്ണ ഗാന്ധിയുടെ പ്രവൃത്തിയെ 'ഭരണഘടനാവിരുദ്ധമെന്ന്' മുദ്രകുത്താനും സി.പി.എമ്മും അതിന്റെ നേതൃത്വവും ഉത്സാഹം കാണിച്ചു. ഗവര്‍ണ്ണറുടെ പരാമര്‍ശത്തെ ബംഗാള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്നു വിശേഷിപ്പിക്കുമ്പോള്‍, 'ഭൂമി തിരിച്ചുപിടിക്കാനുള്ള' സി.പി.എം നേതൃത്വത്തിന്റെ ആഹ്വാനത്തെ എങ്ങിനെയാണ്‌ ഒരാള്‍ക്ക്‌ നീതീകരിക്കാനാവുക?

ശാലിനി said...

നന്ദിഗ്രാമിനെ കുറിച്ച് പലയിടത്തും പല അഭിപ്രായങ്ങളാണല്ലോ? എല്ലാം വായിച്ചുകഴിഞ്ഞാലും പിന്നേയും കണ്ഫ്യൂഷനാണ്.

കിരണിന്‍റെ പോസ്റ്റ് കണ്ടുകാണുമല്ലോ.

Rajeeve Chelanat said...

ശാലിനി,

കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു പരിധിവരെ ശരിയാണ്‍്. എങ്കിലും, ബംഗാളിലെ മദ്ധ്യവര്‍ഗ്ഗ ഹിപ്പോക്രസിയും, അതിന്റെ രാഷ്ട്രീയവും ജ്യോതിബസുവിന്റെ കാലത്തും നിലനിന്നിരുന്ന ഒരു വസ്തുതയാണ്. ഇന്ന്, അത്, മറനീക്കി പുറത്തുവരുന്നു എന്നുമാത്രം. ആനന്ദ് പട്‌വര്‍ദ്ധനെയും, പ്രഫുല്‍ ബിദ്വായിയെയുമൊക്കെ, ഈ നന്ദിഗ്രാം സംഭവത്തില്‍ ബുദ്ധദേവ് സര്‍ക്കാ‍രിന്റെയും, പാര്‍ട്ടി മെഷിണറിയുടെ മറുപക്ഷത്തു കാണുമ്പോള്‍, അവിടുത്തെ സ്ഥിതിഗതികള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഔദ്യോഗികമാര്‍ക്സിസ്റ്റുകള്‍ക്ക് ഏറെക്കാലം സാധിക്കുമെന്നു തോന്നുന്നില്ല. ഇതെല്ലാം മാവോയിസ്റ്റുകളുടെ പണിയാണെന്നുള്ള മട്ടില്‍ കാരാട്ട് പുറപ്പെടുവിച്ച പ്രസ്താവനകളെയും, അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പല പ്രമുഖരും ചോദ്യം ചെയ്യുന്നുമുണ്ട്.

Anonymous said...

ഈ വിഷയത്തില്‍ കിരണ്‍ പറഞ്ഞത് ഇവിടെ

ഗുപ്തന്‍ said...

കിരണിന്റെ ലേഖനം -അല്ല കിരണ്‍ ബ്ലൊഗിലെത്തിച്ച കെ എം റോയിയുടെ ലേഖനം- പ്രസക്തമായ മറ്റുചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഏകപക്ഷീയമായ ഭരണം നിലനിന്ന സസ്ഥാനങ്ങളെല്ലാം ഭരണ-സാമൂഹ്യഘടനകളുടെ ഉള്ളില്‍നിന്നുള്ള അപചയം നേരിടേണ്ടിവരും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബഹുജന അടിത്തറ ഈ അനിവാര്യതയെ അല്പം കൂടുതല്‍ അതിജീവിച്ചേക്കാം. കോണ്‍ഗ്രസ്സിന്റെ പതനത്തിനുശേഷം ഏത് മായാവതിക്കും എടുത്തുവച്ച് വിലപേശാവുന്ന തരത്തില്‍ അധഃപതിച്ച ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയഗതി ബംഗാളിനുണ്ടായാല്‍ ദുരന്തം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത് മാത്രമായിരിക്കില്ല. ഉണ്ടാവില്ലെന്ന് നമുക്ക് വെറുതെ ആശിക്കാം അല്ലേ.

Unknown said...

നന്ദിഗ്രാം ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ഔദ്യോഗിക മാര്‍ക്സിസ്റ്റ്കാര്‍ എന്തെങ്കിലും പാഠം പഠിക്കുമെന്ന് കരുതാന്‍ ന്യായമില്ല . കാരണം ഒരു സംഘടന നടത്തിക്കൊണ്ട് പോകാനുള്ള എല്ലാ കോപ്പും അവരുടെ കൈവശമുണ്ട് . പിന്നെ വെറുതെ എന്തിന് റിസ്ക് എടുക്കണം . രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യേകിച്ച് നേട്ടം ഒന്നും ഉണ്ടാക്കാന്‍ ഉദ്ധേശ്യം ഇല്ലത്തവരാണ് ധാര്‍മ്മികതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നത് . രാഷ്ട്രീയക്കാരില്‍ നിന്ന് സ്വമേധയാ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നത് മൌഢ്യമാണ് . എല്ലാ പാര്‍ട്ടികള്‍ക്കും നിശ്ചിത അളവ് വോട്ട് ബാങ്ക് ഉണ്ട് . പിന്നെ ഇത്തരം പ്രശ്നങ്ങളും അവരുടെ ബിസിനസ്സിന്റെയോ തൊഴിലിന്റെയോ ഭാഗം മാത്രമാണ് താനും .

മുക്കുവന്‍ said...

I would agree with KPS.

prasanth kalathil said...

രാജീവ്,
കാതലായ ഒരു പ്രശ്നം ജനപക്ഷത്തു നില്‍ക്കുന്നു എന്നുപൊതുവെ കരുതപ്പെടുന്ന ഒരു സര്‍ക്കാറിനു പറ്റുന്ന വീഴ്ച്ചകളാണ്, ഇടതുപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തേ മതിയാവൂ എന്ന് വരുത്തിത്തീര്‍‍ക്കുന്ന സംഭവങ്ങള്‍.

ഇടതുപക്ഷത്തിന്റെ പോസിറ്റീവ് ആയ മാറ്റം ആവുമായിരുന്ന, സാമ്പത്തിക നയങ്ങളില്‍ ഒരു റീതിങ്കിങ് പ്രായോഗികമായി പരാജയപ്പെടുമ്പോള്‍ (നന്ദിഗ്രാം പ്രൊജക്റ്റിനെപ്പറ്റിയല്ല) വീണ്ടും പുറകോട്ടടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഒരുപക്ഷെ, രാജീവിന് അഭിപ്രായവ്യത്യാസം ഉണ്ടാവും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്ദിഗ്രാമും ബംഗാളും മാറ്റത്തിന്‌ തിരശ്ശീല കൊളുത്തുമെന്നാശിക്കാന്‍ കഴിയുന്നില്ല കാരണം ബിസിനസ്സിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള കാഹള ഭൂമിയാണത്‌.

മാറ്റങ്ങള്‍ പ്രതീക്ഷിക്കാം...

സുജനിക said...

പതിവുപോലെ...മുന്തിയ ശ്രമം...ജനം അറിയട്ടെ.ബംഗാള്‍ മാറുകയാണു..കെ.ജി.എസ് ന്റെ കവിത...ഓര്‍മ്മയില്‍....
ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയും വരുന്നില്ല....എന്ന് തുടങ്ങുന്ന കവിത.

കിരണ്‍ തോമസ് തോമ്പില്‍ said...

ബംഗാളില്‍ മാറ്റങ്ങള്‍ക്ക്‌ തിരി കൊളുത്തിക്കൊണ്ട്‌ വ്യവസായ വല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ്‌ ബുദ്ധദേവ്‌ ചെയ്തത്‌. അതിനായി അദ്ദേഹം കാര്യമായി പരിശ്രമിക്കുകയും ചെയ്തു. എന്തുകൊണ്ട്‌ ബുദ്ധദേവിന്‌ മാറി ചിന്തിക്കെണ്ടി വന്നത്‌ 22 വര്‍ഷം ബംഗാള്‍ ഭരിച്ചപ്പോള്‍ പിന്തുടര്‍ന്നു വന്ന നയങ്ങള്‍ ആ സംസ്ഥാനത്തിന്‌ സമ്മാനിച്ചത്‌ പട്ടിണി മരണവും തൊഴിലില്ലായ്മയും അസംത്രിപ്തിയും മാത്രമാണ്‌ എന്ന തിരിച്ചറിവായിരുന്നു. അതിന്‌ അതുവരെ CPM എതിര്‍ത്തിരുന്ന പലതിനോടും കോമ്പ്രിമൈസ്‌ ചെയ്യേണ്ടി വന്നു എന്നത്‌ സത്യം. ലോകത്തെല്ലായിടത്തും പുരോഗതി വ്യവസായങ്ങളിലൂടെയാണ്‌ വന്നത്‌. അത്‌ മനസിലാക്കാന്‍ ബംഗാള്‍ വൈകിപ്പോയി. അവസാന ലാപ്പില്‍ കുതിച്ചോടെണ്ട അവസ്ഥയിലാണ്‌ ബുദ്ധദേവ്‌.

കുടി ഒഴിപ്പിക്കലിന്റെ ഭാഗമായി ആരേയും സര്‍ക്കാര്‍ അടിച്ചിറക്കിയോ. പുനരധിവാസ പാക്കേജും സ്ഥലവിലയും ജോലി വാഗ്ദാനവും മറ്റും ലഭിച്ചിരുന്നില്ലെ. ജനങ്ങളില്‍ ഭൂരിപക്ഷവും പദ്ധതികളെ എതിര്‍ത്തു എന്ന് കരുതാന്‍ കഴിയുമോ? ടാറ്റയുടെ കാര്‍ നിര്‍മ്മാണ കമ്പനിക്ക്‌ വേണ്ടി വേണ്ട 1000 ഏക്കറില്‍ 960 ഏക്കറും സമാധാന പരമായി ഏറ്റെടുത്തു എന്നത്‌ നാം കാണാതെ പോകരുത്‌.

നന്ദിഗ്രാമില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ ആ പദ്ധതികളൊന്നും അവിടെ നടത്തില്ലാ എന്ന് ഉറപ്പുകൊടിത്തിട്ടും അത്‌ മുഖവിലക്കെടുക്കാതെ കലാപം നടത്തിയവരേയാണോ നാം മുഖവിലക്ക്‌ എടുക്കേണ്ടത്‌ ? അവിടെ നിന്നും ആട്ടിപ്പായിച്ച പദ്ധതി അനുഭാവികളേ (CPM കാരെ) 11 മാസങ്ങള്‍ക്ക്‌ ശേഷമെങ്കിലും അവരുടെ വീടുകളിലേക്ക്‌ തിരികേ പ്രവേശിപ്പിക്കുന്നതിനെ തടയുന്നവരെ ആണോ നാം വിശ്വസിക്കേണ്ടത്‌. അരാജകത്തവും ആള്‍ക്കൂട്ട ഭീകരതയും ചെറുത്തു നില്‍പ്പാണ്‌ എന്ന് പറഞ്ഞ്‌ ഉയര്‍ത്തിക്കാട്ടുന്നതും ജനാധിപത്യ വിരുദ്ധമാണ്‌.

K.M. റോയി പറഞ്ഞ പോലെ


ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം. നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.


മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

വേണാടന്‍ said...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അഭിപ്രായമാണു എനിക്കും. കാരണം മാര്‍ക്സിസ്റ്റ്പാര്‍ട്ടി മെഷിനറിയാണു, അതില്‍ ജനധിപത്യം, ധാര്‍മ്മികത മുതല്‍ കോപ്പുകള്‍ ഒന്നും ഇല്ല തന്നെ...

മൂര്‍ത്തി said...

എനിക്കെന്തോ ഈ ലേഖനത്തിലെ(ഒറിജിനലിന്റെ) ഭാഷയും പ്രയോഗങ്ങളും ഒക്കെ ഏകപക്ഷീയമായാണ് തോന്നുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള ആഹ്വാനം നടന്നോ എന്ന് അറിയുകയുമില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാന്‍ നോക്കുന്നതിനെ വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം എന്നു മാത്രം.

വിദ്യാഭൂഷന്‍ റാവത്തിന്റെ ബ്ലോഗ് . ഞാനത് മിക്കവാറും തപ്പിയിട്ടും കഴിഞ്ഞ 11 മാസമായി സ്വന്തം വീട്ടില്‍ നിന്ന് പുറത്തായവരെക്കുറിച്ചോ, നന്ദിഗ്രാമിലെ ദുഃഖകരമായ ആദ്യ സംഭവങ്ങളെക്കുറിച്ചോ, ആന്ധ്രയിലെ ഭൂസമരത്തെക്കുറിച്ചോ ഒരു പോസ്റ്റും പോലും കണ്ടില്ല. എല്ലാ വിഷയത്തിലും ഒരാള്‍ പോസ്റ്റിടണം എന്നല്ല. പറയുന്ന കാര്യങ്ങളില്‍ എന്ന പോലെ പറയാതെ വിടുന്ന കാര്യങ്ങളിലും ഒരാളുടെ രാഷ്ട്രീയം അറിയാം എന്നില്ലേ?

പ്രോജക്ടുകള്‍ വരുന്നതു മൂലം ബാധിക്കപ്പെടുന്നവരുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ National Policy on Rehabilitation and Resettlement (R&R) 2007ന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും പരസ്യപ്പെടുത്തിയിട്ടില്ല എന്നാണ്
ഇവിടെ കാണുന്നത്.
ഇന്ത്യടുഗതറിലെ പ്രസ്തുത ലേഖനത്തില്‍ നിന്ന്..
While the newly approved policy is still not public, the official announcement by the Press information Bureau (PIB) gives enough indications to show that even though there are some important improvements in the policy, it is the interests of the big industries and developers that have been given higher consideration than any issue of justice and rights of the affected people.

Rajeeve Chelanat said...

നന്ദിഗ്രാമില്‍ പോവുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത എന്റെ ചില സുഹ്ര്‌ത്തുക്കള്‍ (1979-മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടി അംഗത്വം ഉള്ള ചിലര്‍, അതില്‍ ഒന്നുരണ്ടുപേര്‍ പഞ്ചായത്ത് അംഗങ്ങളുമാണ്)പറയുന്നതും, നന്ദിഗ്രാമില്‍ പാര്‍ട്ടിക്ക് ഭീമമായ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ്. മമതയുടെയും, മറ്റു ചില സംഘടനകളുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടിവരുമ്പോള്‍തന്നെ, ബുദ്ധദേവിന്റെ വ്യാവസായിക നയത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന കാര്‍ഷികരംഗത്തെ അവര്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു. സ്വന്തം ഭൂമിയിലേക്കു തിരിച്ചുവരുന്നു എന്ന് പറയുന്നവരില്‍ പലരും,ജനുവരി മുതലുള്ള പല കേസുകളിലും‌പെട്ട് സ്ഥലം വിട്ടവരുമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെ ട്രിബ്യൂണ്‍ അടക്കം പല പത്രങ്ങളും നിഷേധിച്ചിട്ടുമുണ്ട്.

സി.പി.എമ്മിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു അവസരമായി ഇതിനെ മുതലെടുക്കുന്നവരും തീര്‍ച്ചയായും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വളരെ നല്ലൊരു ശതമാനം. ഏതായാലും, ബംഗാളില്‍നിന്നൊരു വാര്‍ത്തയുമില്ലല്ലോ എന്ന നമ്മുടെ ആശങ്ക അവസാനിക്കാന്‍ പോകുന്നു എന്നു തന്നെയാണ് സംഭവങ്ങള്‍ നല്‍കുന്ന സൂചന.

പ്രിയപ്പെട്ട കിരണ്‍,

വ്യവസായത്തിലൂടെ മാത്രമേ പുരോഗതി വരൂ എന്ന വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. മറ്റുള്ളവരെ അതേതായാലും രക്ഷിക്കില്ല. വ്യവസായവത്ക്കരണം ആവശ്യമാണ്. സംശയമില്ല. പക്ഷേ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിര്‍ണ്ണയിക്കുന്നത്, ഏതു തരത്തിലുള്ള വ്യവസായം വേണമെന്നതിനെ ആശ്രയിച്ചാണ്. കെമിക്കല്‍ പ്ലാന്റുകളും, കാര്‍ ഫാക്റ്ററികള്‍കൊണ്ടും, ഇവയൊക്കെ ‘സുഗമ‘മായും,‘സര്‍വ്വ തന്ത്രസ്വതന്ത്രമായി’ പ്രവര്‍ത്തിക്കുന്ന പ്രതേകസാമ്പത്തിക മേഖലകള്‍കൊണ്ടും രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്താമെന്നു കരുതുന്നത് മൌഢ്യമാണ്. കാര്‍ഷികവ്ര്‌ത്തിയില്‍ അധിഷ്ഠിതമായ രാജ്യത്ത് അതിനുതന്നെയാണ് ഊന്നല്‍ നല്‍കേണ്ടത്. അതും, അതിന്റെ അനുബന്ധവ്യവസായങ്ങളുമാകും, രാജ്യത്തിന്റെ പുരോഗതി നിര്‍ണ്ണയിക്കുക. ഖരവ്യവസായങ്ങള്‍ക്കും ഒരു വലിയ പങ്കുണ്ട്. അല്ലാതെ, ഇന്നത്തെ സ്മാര്‍ട്ട്സിറ്റികളും, ഫാഷന്‍ സിറ്റികളും, കെമിക്കല്‍ ഹബ്ബുകളും, കാര്‍ ഫാക്റ്ററികളുമാണ് വ്യവസായമെന്ന പരികല്‍പ്പനകൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അവയാണ് രാജ്യത്തിന്റെ പുരോഗതിയെ നിര്‍ണ്ണയിക്കുകന്നത് എന്നുമാണ് വാദമെങ്കില്‍, താങ്കള്‍ പറഞതുപോലെ, അതൊരു ലാസ്റ്റ് ലാപ്പ് ആയിരിക്കുകയും ചെയ്യും.

വിദ്യാഭൂഷണ്‍ ശരിയായി സൂചിപ്പിച്ചപോലെ, ബംഗാളി മദ്ധ്യവര്‍ഗ്ഗപ്രീണനം തന്നെയാണ് സര്‍ക്കാര്‍ നടത്താന്‍ നോക്കിയത്. പഴയ കുപ്പിയിലെ പുതിയ വീഞ്ഞുമായി, കേരളത്തിലെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.

Unknown said...

മറ്റു പല കാര്യങ്ങളിലും ഉള്ള കണ്‍ഫ്യൂഷന്‍ നഷ്ടം സംഭവിച്ചതാര്‍ക്കെന്ന കാര്യത്തില്‍ ഉണ്ടാവില്ല....എന്നും അതൊരുകൂട്ടര്‍ക്കുതന്നെ...തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു...നന്നായി രാജിവ്ജി..