'തിബത്തില്‍ നിന്ന് കയ്യെടുക്കൂ' എന്ന് ചൈനയോട് അന്താരാഷ്ട്രസമൂഹം ഏകകണ്ഠമായി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചെച്‌നിയയില്‍നിന്നോ, ബാസ്ക് പ്രവിശ്യയില്‍നിന്നോ കയ്യെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പാലസ്തീനില്‍നിന്ന് കയ്യെടുക്കേണ്ട ആവശ്യമേയില്ലല്ലോ.
തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും, ചുരുങ്ങിയത്, സ്വയം ഭരണാവകാശത്തിനുംവേണ്ടി മറ്റുള്ളവരെപ്പോലെ ഞാനും ശബ്ദമുയര്‍ത്തും. ചൈനീസ് സര്‍ക്കാരിന്റെ നടപടികളെ ഞാനും അപലപിക്കും. പക്ഷേ, അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എനിക്ക് മനസ്സില്ല.എന്തുകൊണ്ടാണെന്നോ? ആരൊക്കെയോ ചേര്‍ന്ന്, എന്റെ മസ്തിഷ്ക്കത്തെ കഴുകാന്‍ ശ്രമിക്കുന്നപോലെ ഒരു തോന്നല്‍. ഈ നടക്കുന്നത് ഒരു പ്രഹസനമാണെന്ന സുഖകരമല്ലാത്ത ചിന്ത എനിക്കുണ്ടാവുന്നു.
അല്‍പം കണക്കുകൂട്ടലുകളൊക്കെ ക്ഷമിക്കാവുന്നതേയുള്ളു. ബീജിംഗ് ഒളിമ്പിക്സിനു തൊട്ടുമുന്‍പുതന്നെ ഈ ലഹള ആരംഭിച്ചു എന്നത് യാദൃശ്ചികമല്ല. അങ്ങിനെയൊക്കെ സംഭവിക്കും. തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഒരു ജനത കയ്യില്‍കിട്ടുന്ന ഏതു അവസരവും, ആ ഒരു ലക്ഷ്യത്തിന്റെ സാക്ഷാത്ക്കരത്തിനായി ഉപയോഗിക്കുകയും ചെയ്യും.
അമേരിക്ക സ്വാര്‍ത്ഥലാഭത്തിനുവേണ്ടി തിബത്തുകാരെ ഉപയോഗിക്കുകയാണെന്ന് അറിയാമെങ്കിലും, ഞാന്‍ തിബത്തു ജനതയെ പിന്തുണക്കുന്നു. ലഹളകള്‍ക്കുപിന്നില്‍ സി.ഐ.എ.യുടെ കരങ്ങളാണെന്നും, ആഗോള പ്രചരണങ്ങള്‍ അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും എനിക്കറിയാം. നിലവിലെ ലോകശക്തിയായ അമേരിക്കയും, വളര്‍ന്നുവരുന്ന സാമ്പത്തികഭീമനായ ചൈനയും തമ്മിലുള്ള ഒരു ഒളിയുദ്ധമാണ് അവിടെ നടക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യയും കളിച്ച കളിയുടെ മറ്റൊരു പതിപ്പ്. തിബത്ത് ഒരു ഉപകരണം മാത്രമാണ്.
പുരുഷന്മാരും കുട്ടികളുമടക്കം, നിരപരാധികളായ അസംഖ്യം ചൈനീസ് പൗരന്മാരെ സംഘടിതമായി കൊന്നൊടുക്കുകയും, അവരുടെ വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഒരു അജണ്ടയിലേര്‍പ്പെട്ടിരിക്കുകയാണ് തിബത്തുകള്‍ എന്നുള്ള പരമാര്‍ത്ഥവും ഞാന്‍ മറക്കാന്‍ തയ്യാറാണ്. ഒരു വിമോചനപ്പോരാട്ടത്തിനിടയില്‍ അത്തരം അതിക്രമങ്ങളൊക്കെ സംഭവിക്കുകതന്നെ ചെയ്യും.
അല്ല, എന്നെ അലോരസപ്പെടുത്തുന്നത്, അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്. തിബത്തിനെക്കുറിച്ച് അവര്‍ ഒച്ചവെക്കുകയും അലറുകയും ചെയ്യുന്നു. ആയിരക്കണക്കിന് മുഖപ്രസംഗങ്ങളിലൂടെയും, ചര്‍ച്ചകളിലൂടെയും അവര്‍ ചൈനക്കുമേല്‍ ശാപവചനങ്ങള്‍ ചൊരിയുന്നു. ഇതൊക്കെ കണ്ടാല്‍ തോന്നുക, തിബത്തില്‍ മാത്രമേ സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ മൃഗീയ ബലത്തോടെ അടിച്ചമര്‍ത്തപ്പെടുന്നുള്ളുവെന്നും, കാവിയുടുപ്പിട്ട ബുദ്ധഭിക്ഷുക്കളുടെ ദേഹത്തുനിന്നും ചൈന കയ്യെടുത്താല്‍ ലോകത്ത് ഉടനടി സമാധാനം കൈവരുമെന്നാണ്.
ഒരു സംശയവുമില്ല. തിബത്തന്‍ ജനതക്കു സ്വയംഭരണാവകാശം കൊടുക്കേണ്ടതുതന്നെയാണ്. സ്വന്തം നാട് ഭരിക്കാനും, തനതു സംസ്കാരവും വിശ്വാസവും പുലര്‍ത്താനും, വിദേശകുടിയേറ്റക്കാര്‍ തങ്ങളെ കീഴ്‌പ്പെടുത്തുന്നത് തടയാനും, അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷേ ആ അവകാശങ്ങളൊക്കെ തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദ്ദുകള്‍ക്കുമില്ലേ? മൊറോക്കൊയുടെ ഭരണത്തിലുള്ള പടിഞ്ഞാറന്‍ സഹാറയിലെ തദ്ദേശീയര്‍ക്കും ആ അവകാശമില്ലേ? സ്പെയിനിലെ ബാസ്ക്കുകള്‍ക്കും? ഫ്രാന്‍സിന്റെ തീരങ്ങളില്‍നിന്നുമകലെയുള്ള കോര്‍സിക്കന്‍ ജനതക്കും? പറഞ്ഞുവരുമ്പോള്‍ ലിസ്റ്റ് ഇനിയും നീളും.
എന്തുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏതെങ്കിലുമൊരു സ്വാതന്ത്ര്യപ്രക്ഷോഭത്തെ പിന്തുണക്കുകയും, മറ്റുള്ളവയെ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നത്? കിഴക്കന്‍ കോംഗോയിലെ ആയിരക്കണക്കിന് ആഫ്രിക്കന്‍ ജനതയുടെ ചോരയേക്കാള്‍ ചുമപ്പ് തിബത്തിലെ ബുദ്ധഭിക്ഷുവിന്റെ ചോരക്കുണ്ടാകുന്നതെങ്ങിനെ? ഈ കടംകഥക്ക് ഒരു ഉത്തരം തേടുകയാണ് ഞാന്‍. ഫലമൊന്നും ഉണ്ടായിട്ടില്ലെങ്കിലും.
നിങ്ങളുടെ പ്രവൃത്തി പ്രകൃതിയുടെ സാര്‍വ്വത്രിക നിയമമായി തീരാന്‍ പോകുന്നു എന്ന മട്ടിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് പറഞ്ഞത് ഇമ്മാനുവല്‍ കാന്റാണ്. തിബത്തന്‍ പ്രശ്നത്തോടുള്ള സമീപനം ഇത്തരത്തിലുള്ള ഒന്നാണോ? അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ജനതയുടെയും സ്വാതന്ത്ര്യാഭിലാഷങ്ങളെ അത് പ്രതിഫലിപ്പിക്കുന്നുണ്ടോ? ഇല്ല.അപ്പോള്‍ എന്തുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമസമൂഹം, വിമോചനപ്പോരാട്ടങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നത്?
ഇത്തരം പോരാട്ടങ്ങളുടെ കാര്യം വരുമ്പോള്‍ മാധ്യമങ്ങള്‍ പ്രധാനമായും കണക്കിലെടുക്കുന്ന മാനദണ്ഡങ്ങള്‍ ഇനി പറയുന്നവയാണെന്നു കാണാം.
- സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ആളുകള്‍ അസാധാരണമായ ഏതെങ്കിലും സംസ്കാരത്തിന്റെ പ്രതിനിധികളാണോ?
- മാധ്യമത്തിന്റെ കണ്ണില്‍ അവര്‍ സുന്ദരന്‍മാരാണോ?
- മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായ, ഗ്ലാമറുള്ള ഒരാളാണോ നേതൃത്വം കൊടുക്കുന്നത്?
- അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണോ?
- അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ അമേരിക്കന്‍ അനുകൂല സഖ്യത്തില്‍ പെടുന്നുണ്ടോ? ഇത് വളരെ പ്രധാനമാണ്. കാരണം, അന്താരാഷ്ട്ര മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവരുടെ അജണ്ട തീരുമാനിക്കുന്നതും, അമേരിക്കയും, അവരുടെ കീഴിലുള്ള വാര്‍ത്താ ഏജന്‍സികളും ടെലിവിഷന്‍ ചാനലുകളുമാണ്.
- ഇതില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടോ?
- മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും അവരെ പാട്ടിലാക്കാനും കഴിവുള്ള ഔദ്യോഗിക വക്താക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുണ്ടോ?
മുകളില്‍പ്പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍, തിബത്തിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ലെന്ന് തീര്‍ച്ചയാകും. എല്ലാ ചുറ്റുപാടുകളും അവര്‍ക്കനുകൂലമാണ്.
ഹിമാലയത്താല്‍ അലങ്കൃതമായ മനോഹരമായ ഒരു ഭൂഭാഗം. അവിടേക്ക് എത്തിപ്പെടുക എന്നതുതന്നെ, നൂറ്റാണ്ടുകളോളം ഒരു സാഹസിക അനുഭവമായിരുന്നു. അവരുടെ തനതു മതം ജിജ്ഞാസയും അനുകമ്പയുമാണ് ആരിലും ഉളവാക്കുക. അവരുടെ അഹിംസ സിദ്ധാന്തത്തിന്, ഈയടുത്തകാലത്ത് ചൈനക്കാര്‍ക്കെതിരെ അവര്‍ നടത്തിയ കൂട്ടക്കൊലകളെപ്പോലും മൂടിവെക്കാന്‍ തക്കവണ്ണം അയവുമുണ്ട്. അവരുടെ പ്രവാസിയായ ആദ്ധ്യാത്മിക നേതാവ് ദലൈലാമക്കാകട്ടെ, ഒരു കാല്‍പ്പനിക പരിവേഷമാണുള്ളത്. മാധ്യമങ്ങളുടെ ഇഷ്ടതോഴന്‍. കമ്മ്യൂണിസ്റ്റു ഭരണകൂടമായതുകൊണ്ടും, മുതലാളിത്തപാത പിന്തുടരുന്നതുകൊണ്ടും, രണ്ടുനിലക്കും, ചൈനയിലെ സര്‍ക്കാരിനെ വെറുക്കുന്നവരാകട്ടെ, വളരെയധികമുണ്ട്. പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും ജീവിതം കഴിക്കുന്ന ബുദ്ധഭിക്ഷുക്കളില്‍നിന്ന് വ്യത്യസ്തമായി, ചൈനക്കാര്‍ ഭൗതികവാദത്തിന്റെ പ്രചാരകരാണ്.
ദുഷ്ക്കരമായ ഭൂപ്രകൃതിയെ മറികടന്ന്, തിബത്തന്‍ തലസ്ഥാനത്തേക്ക് ചൈന റെയില്‍പ്പാളങ്ങള്‍ കൊണ്ടുവരുമ്പോള്‍, പാശ്ചാത്യരാജ്യങ്ങള്‍ അതിനെ കണ്ടത് സാങ്കേതികവളര്‍ച്ചയുടെ വിജയമായിട്ടല്ല, മറിച്ച്, അധിനിവേശപ്രദേശത്തേക്ക് ഹാന്‍-ചൈനീസ് വംശജരെ കുടിയിരുത്തുന്ന ചൈനയുടെ ഉരുക്കുമുഷ്ടിയായാണ്. അത് ശരിയുമാണ്.
തീര്‍ച്ചയായും, ചൈന ഒരു വളരുന്ന ശക്തിതന്നെയാണ്. അവരുടെ സാമ്പത്തികമായ വളര്‍ച്ച അമേരിക്കയുടെ അധീശത്വത്തിനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ശോഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ചൈനയോട് ഏറെക്കുറെ പ്രത്യക്ഷമായോ പരോക്ഷമായോ കടപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യം വലിയ കടക്കെണിയിലാണ് ഇന്ന് അകപ്പെട്ടിട്ടുള്ളത്. ഏറ്റവുമധികം കടം കൊടുക്കുന്ന രാജ്യമെന്ന പദവി സമീപകാലത്തുതന്നെ ചൈനക്ക് സ്വന്തമാവുകയും ചെയ്യും. ധാരാളം തൊഴിലവസരങ്ങളുമേന്തിക്കൊണ്ട് അമേരിക്കന്‍ ഉത്‌പാദന രംഗം ചൈനയിലേക്ക് പറിച്ചുനടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, ബാസ്കുകള്‍ക്കെന്തുണ്ട് എടുത്തുപറയാന്‍തക്കവണ്ണം? തിബത്തിനെപ്പോലെ, അവരുടേതും ഒരു തുടര്‍ച്ചയുള്ള ഭൂപ്രദേശമാണ്. കൂടുതലും സ്പെയിനിലും, ചില പ്രദേശങ്ങള്‍ ഫ്രാന്‍സിലുമായിട്ടാണ് അതിന്റെ കിടപ്പ്. അത്ര വലിയ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഒരു പുരാതന ജനതയാണ് അവരും. പ്രാര്‍ത്ഥനാചക്രങ്ങളും കാഷായവേഷങ്ങളൊന്നുമില്ലെന്നു മാത്രം.
നെല്‍സണ്‍ മണ്ടേലയെപ്പോലെയോ, ദലൈലാമയെപ്പോലെയോ ഉള്ള ഒരു വലിയ നേതാവ് അവര്‍ക്കില്ലാതെ പോയി. വെറുക്കപ്പെട്ട ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ ബാക്കിപത്രമായ സ്പെയിന്‍ എന്ന രാഷ്ട്രം ലോകമൊട്ടുക്ക് ജനസമ്മിതിയുള്ള ഒന്നാണ്. ഏറിയും കുറഞ്ഞും അമേരിക്കന്‍ പക്ഷപാതം പുലര്‍ത്തുന്ന യൂറോപ്പ്യന്‍ യൂണിയനിലെ അംഗവുമാണ് ആ രാജ്യം. ബാസ്കുകള്‍ക്ക് സ്പെയിന്‍ സ്വയംഭരണാവകാശം ഒട്ടൊക്കെ അനുവദിച്ചിട്ടുള്ളതിനാല്‍, ബാസ്കില്‍ ഇപ്പോഴും നടക്കുന്ന ഒളിവിലുള്ള സായുധപോരാട്ടത്തെ മറ്റു രാജ്യങ്ങള്‍ ഭീകരപ്രവര്‍ത്തനമായാണ് കാണുന്നത്. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബാസ്ക് പ്രവിശ്യയുടെ പോരാട്ടത്തിന് ആഗോള പിന്തുണ കിട്ടാനുള്ള സാദ്ധ്യതകളും അതുകൊണ്ടുതന്നെ വളരെ കുറവാണ്.
ചെച്‌നിയക്ക് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. അവരും ഒരു പ്രത്യേക ജനതയാണ്. സാര്‍ ചക്രവര്‍ത്തിമാരുടെയും, പിന്നീട് സ്റ്റാലിന്റെയും പുടിന്റെയും കീഴില്‍ വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ടവരാണ് അവര്‍. പക്ഷേ കഷ്ടം. അവര്‍ മുസ്ലിമുകളായിപ്പോയി. നൂറ്റാണ്ടുകളായി സെമിറ്റിക് വിരോധവും മനസ്സിലേന്തി നടന്നിരുന്ന പാശ്ചാത്യരെ ഇപ്പോള്‍ വേട്ടയാടുന്നത് ഇസ്ലാം ഭയമാണ്. ഇസ്ലാമെന്നുള്ളത് ഭീകരവാദത്തിന്റെ പര്യായമായിരിക്കുന്നു അവരെ സംബന്ധിച്ചിടത്തോളം. രക്തത്തിന്റെയും കൊലപാതകത്തിന്റെയും മതമാണ് അവര്‍ക്ക് ഇസ്ലാം. ക്രിസ്ത്യന്‍ കുട്ടികളുടെ ചോര വേവിച്ചെടുത്ത് അന്നം കഴിക്കുന്നവരാണ് മുസ്ലിമുകളെന്നുപോലും ഇനി വ്യാഖ്യാനങ്ങള്‍ വന്നേക്കാം. ഇന്‍ഡോനേഷ്യ മുതല്‍ മൊറോക്കൊ വരെയും, കൊസോവ മുതല്‍ സാന്‍സിബാര്‍ വരെയുമുള്ള വളരെ വ്യത്യസ്തമായ ജനതതികളുടെ മതമാണ് ഇസ്ലാമെന്നത് സൗകര്യപൂര്‍വ്വം തമസ്കരിക്കപ്പെടും.
ബീജിംഗിനോടുള്ള പേടി, എന്തായാലും, അമേരിക്കക്ക് മോസ്കോയുടെ നേര്‍ക്കില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ഭരിക്കാന്‍ പോകുന്ന രാജ്യം റഷ്യയായിരിക്കില്ലെന്നും, ചൈനയായിരിക്കുമെന്നും അവര്‍ക്കറിയാം. പഴയ ശീതസമരം പുനരുജ്ജീവിപ്പിക്കുന്നതിലല്ല, ഇസ്ലാമിനെതിരെയുള്ള കുരിശുയുദ്ധത്തെ ജീവന്‍വെപ്പിക്കുന്നതിലാണ് ഇന്ന് പാശ്ചാത്യശക്തികളുടെ ശ്രദ്ധമുഴുവന്‍. പ്രഭാകാന്തിയുള്ള നേതാക്കന്മാരോ വക്താക്കളോ ഇല്ലാത്ത പാവം ചെച്‌നിയക്കാര്‍ക്ക് ലോകത്തിന്റെ ശ്രദ്ധ കിട്ടുന്നില്ല. ലോകം എന്തുപറഞ്ഞാലും, പുടിനോ അയാള്‍ നിയന്ത്രിക്കുന്ന പാവസര്‍ക്കാരിനോ, ചെച്‌നിയക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കാനോ, മുഴുവന്‍ നഗരത്തെയുംവരെ ചുട്ടുചാമ്പലാക്കാനോ ഒരു തടസ്സവുമുണ്ടാവുകയുമില്ല.
അതേ സമയം, തങ്ങള്‍ക്ക് തീരാശല്യമായിരിക്കുന്ന ജോര്‍ജ്ജിയയില്‍നിന്ന് അബ്‌കാസിയക്കാരും പടിഞ്ഞാറന്‍ ഒസ്സേഷ്യക്കാരും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനെ പിന്തുണക്കാനും പുടിനും കൂട്ടര്‍ക്കും കഴിയുന്നു.
കൊസോവയില്‍ നടക്കുന്നത് എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഇമ്മാനുവല്‍ കാന്റ് തലചൊറിയുമായിരുന്നു. സെര്‍ബിയയില്‍നിന്ന് അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഞാന്‍ അതിനെ ഹൃദയംകൊണ്ട് പൂര്‍ണ്ണമായും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായൊരു സംസ്കാരവും (ആല്‍ബേനിയന്‍) സ്വന്തമായി ഒരു മതവുമുള്ള (ഇസ്ലാം) പ്രത്യേക ജനവിഭാഗമാണ് അവര്‍. സെര്‍ബിയന്‍ നേതാവ് സ്ലോബോഡന്‍ മിലോസവിച്ച് അവരെ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമിച്ചപ്പോള്‍, ലോകം ഒന്നടങ്കം അതിനെതിരെ ശബ്ദിക്കുകയും, കൊസോവയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ധാര്‍മ്മികവും, ഭൗതികവുമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. രണ്ടു ദശലക്ഷം ജനസഖ്യയുള്ള പുതിയ രാജ്യത്ത് ആല്‍ബേനിയന്‍ കൊസോവക്കാര്‍ തൊണ്ണൂറു ശതമാനം വരും. ബാക്കി വരുന്ന പത്ത് ശതമാനം സെര്‍ബ് വംശജര്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സെര്‍ബിയയുമായി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കാന്റിന്റെ പ്രമാണമനുസരിച്ച്, അവര്‍ക്കതിന് അവകാശമുണ്ടോ?
കൂടുതല്‍ പ്രായോഗികമായ ഒരു തത്ത്വം നിര്‍ദ്ദേശിക്കാമെന്നു തോന്നുന്നു. നിശ്ചിതമായ ഭൂപരിധിക്കുള്ളില്‍ താമസിക്കുകയും, തനതു ദേശീയ സ്വഭാവമുള്ളവരുമായ ഏതു ജനതക്കും സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ്. അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഒരു രാജ്യം, അവരുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും വേണം. പൂര്‍ണ്ണമായ അവകാശങ്ങളും, തുല്യതയും, സ്വയംഭരണാവകാശങ്ങളും തങ്ങള്‍ക്ക് കിട്ടുന്നുവെന്ന് അവര്‍ക്ക് ബോദ്ധ്യം വരണം. വിഘടനവാദം ആഗ്രഹിക്കാനുള്ള ഒരു കാരണവും അവര്‍ക്ക് ലഭിക്കരുതെന്ന് ചുരുക്കം.
കാനഡയിലെ ഫ്രഞ്ചുകാര്‍ക്കും, ബ്രിട്ടനിലെ സ്കോട്ടുകാര്‍ക്കും, തുര്‍ക്കിയിലെയും മറ്റിടങ്ങളിലെയും കുര്‍ദ്ദുകള്‍ക്കും, ആഫ്രിക്കയിലെ വിവിധ വംശങ്ങള്‍ക്കും, ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയര്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, ഒക്കെ ഈ പറഞ്ഞത് ബാധകമാണ് (1). സ്വയംഭരണമാണോ, സ്വാതന്ത്ര്യമാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്.
ഇത്, നമ്മെ, നിര്‍ബന്ധമായും പാലസ്തീനിയന്‍ പ്രശ്നത്തിലേക്ക് കൊണ്ടുവരും.
ലോകമാധ്യമങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള മത്സരത്തില്‍ ഏറ്റവും പരാജയപ്പെട്ടവര്‍ പാലസ്തീനികളാണ്. വസ്തുനിഷ്ഠമായ ഏതു മാനദണ്ഡങ്ങള്‍വെച്ചു നോക്കിയാലും, തിബത്തുകാരെപ്പോലെ, പൂര്‍ണ്ണസ്വാതന്ത്ര്യത്തിന് അവര്‍ക്കും തികഞ്ഞ അര്‍ഹതയുണ്ട്. ഒരു പ്രത്യേക പ്രദേശത്തു താമസിക്കുന്ന, ഇസ്രായേലുമായി കൃത്യമായ അതിര്‍ത്തികളുള്ള ഒരു രാജ്യമാണത്. കൂടിയ അളവിലുള്ള കപടതയുള്ളവര്‍ക്കുമാത്രമേ ആ ചരിത്രവസ്തുതകളെ നിഷേധിക്കാനാവൂ. പക്ഷേ വിധിയുടെ ക്രൂരമായ വിളയാട്ടം അനുഭവിക്കുന്നവരാണ് പാലസ്തീനികള്‍. അവരെ അടിച്ചമര്‍ത്തുന്നവര്‍ തങ്ങളാണ് ഇരകളെന്ന് അവകാശപ്പെടുന്നു. പാശ്ചാത്യലോകത്തിന്റെ നിര്‍ദ്ദയമായ ചെയ്തികളുടെ ഇരകളായിരുന്നു ജൂതര്‍ എന്ന ഒരേയൊരു കാരണം പറഞ്ഞ് ലോകം ഒന്നടങ്കം ഇസ്രായേലിനോട് സഹതാപം പ്രകടിപ്പിക്കുന്നു. മര്‍ദ്ദിതനേക്കാളും സഹതാപം മര്‍ദ്ദകനു ലഭിക്കാന്‍ ഇടവരുന്നു എന്ന പ്രത്യേക സ്ഥിതിവിശേഷമാണ് ഇതുകൊണ്ടുണ്ടാകുന്നത്. പാലസ്തീനെ പിന്തുണക്കുന്നവന്‍ സ്വാഭാവികമായും സെമിറ്റിക് വിരോധിയും, ഹോളോകാസ്റ്റിനെ നിഷേധിക്കുന്നവനുമായിത്തീരുന്നു.
പാലസ്തീനികളില്‍ ഭൂരിപക്ഷവും മുസ്ലിമുകളാണ്. അവിടുത്തെ ക്രിസ്ത്യാനികളെ ആരും കണക്കിലെടുക്കുന്നില്ല. ഇസ്ലാം എന്നത്, പാശ്ചാത്യരില്‍ ഭയവും വെറുപ്പും ഉളവാക്കുന്ന ഒന്നായതുകൊണ്ട്, പാലസ്തീനിയന്‍ പ്രക്ഷോഭം ‘ആഗോള ഭീകരത‘ എന്ന അവ്യക്തവും കുടിലവുമായ സങ്കല്‍പ്പത്തിന്റെ ഭാഗമായി മാറിമറിഞ്ഞു. യാസ്സര്‍ അറാഫത്തിന്റെയും ഷേക്ക് അഹമ്മദ് യാസ്സിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം (2) പാലസ്തീനികള്‍ക്ക് ഫത്തയിലോ ഹമാസിലോ, എടുത്തുപറയത്തക്ക നേതാക്കളെയും കിട്ടിയില്ല.
ചൈനീസ് കുടിയേറ്റക്കാര്‍ തട്ടിയെടുത്ത തിബത്തന്‍ ജനതയുടെ ഭൂമിക്കുവേണ്ടി ലോക മാധ്യമങ്ങള്‍ കണ്ണീരൊഴുക്കുകയാണിന്ന്. നമ്മുടെ കുടിയേറ്റക്കാര്‍ തട്ടിയെടുത്ത പാലസ്തീനികളുടെ ഭൂമിയെക്കുറിച്ച് ആരോര്‍ക്കാന്‍?
തിബത്തിനെ ചൊല്ലിയുള്ള ബഹളത്തില്‍, ഇസ്രായേലിന്റെ വക്താക്കള്‍ തങ്ങളെ സ്വയം താരതമ്യം ചെയ്യുന്നത് തിബത്തുകാരുമായിട്ടാണ്. ചൈനയുമായിട്ടല്ല. അതാണ് യുക്തിയെന്ന് പലരും കരുതുകയും ചെയ്യുന്നു.
നാളെ, കാന്റിനെ കുഴിമാന്തി പുറത്തെടുത്ത് പാലസ്തീനികളെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം മിക്കവാറും പറയുക "മറ്റുള്ളവര്‍ക്ക് എന്തു കൊടുക്കണമെന്ന് നിങ്ങള്‍ കരുതുന്നുവോ, അത് അവര്‍ക്കും കൊടുക്കുക, വെറുതെ വിഡ്‌ഢിത്തങ്ങള്‍ ചോദിച്ച് എന്റെ ഉറക്കം കെടുത്തരുത്' എന്നോ മറ്റോ ആയിരിക്കും.
കടപ്പാട്: ഏപ്രില്‍ 6-ന് MWC (Media with Conscience)-ല്‍ യൂറി ആവ്‌നറി എഴുതിയ
ലേഖനത്തിന്റെ പരിഭാഷ.
പരിഭാഷക്കുറിപ്പ്:തിബത്തിനെക്കുറിച്ച് എന്തുകൊണ്ട് ഇതുവരെ ഒന്നും എഴുതിയില്ല എന്ന് (അനോണികളും അല്ലാത്തവരുമായ) ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. സമയം, സാവകാശം, വിഷയത്തെക്കുറിച്ചുള്ള പിടിപാടില്ലായ്മ, എന്നിങ്ങനെ പല കാരണങ്ങളുണ്ട്. തിബത്താകട്ടെ, സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന വിഷയവുമാണ്. യൂറിയുടെ ഈ ലേഖനം വളരെ വസ്തുനിഷ്ഠമായും, എന്റെ കാഴ്ചപ്പാടിനോട് വളരെ അടുത്തുനില്‍ക്കുന്ന ഒന്നായും തോന്നി.
1) കാശ്മീരികളെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവരുടെ സ്വയംഭരണാവകാശ വാദത്തെയും, ഹിതപരിശോധനയിലൂടെയോ, മറ്റേതെങ്കിലും നിഷ്പക്ഷമായ നിയമാനുസൃതമാര്‍ഗ്ഗത്തിലൂടെയോ വിലയിരുത്തേണ്ടതാണെന്ന പക്ഷക്കാരനാണ് പരിഭാഷകന്‍.
2) യാസ്സര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണമായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. അതിനെക്കുറിച്ച് നടത്തിയ ചില ഔദ്യോഗിക അന്വേഷണങ്ങളും പാതിവഴിയില്‍ അവസാനിക്കുകയാണുണ്ടായത്.