Sunday, April 20, 2008

ചെറിയ ലോകവും വലിയ കുട്ടികളും

1- ഒരു സാങ്കല്‍പ്പിക രംഗം

വിശ്വസമാധാനത്തിന്റെ അമേരിക്കന്‍ വെള്ളരിപ്രാവ്‌ ജോര്‍ജ്ജ്‌ ബുഷിന്റെ ഒരു സ്കൂള്‍ സന്ദര്‍ശനവേള.

കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു.

ആദ്യത്തെ കുട്ടി കൈപൊക്കുന്നു.

ബുഷ്‌: എന്താണ്‌ നിന്റെ പേര്‌?

കുട്ടി: ജോണ്‍

ബുഷ്‌: ശരി ജോണ്‍. എന്തൊക്കെയാണ്‌ നിനക്ക്‌ ചോദിക്കേണ്ടത്‌?

ജോണ്‍: സര്‍, എനിക്ക്‌ മൂന്നു ചോദ്യങ്ങളുണ്ട്‌.

1. ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെ എന്തുകൊണ്ട്‌ അമേരിക്ക ഇറാഖിനെ ആക്രമിച്ചു?
2. ഒസാമ ബിന്‍ ലാദന്‍ എവിടെയാണ്‌ ?
3. എന്തുകൊണ്ട്‌ അമേരിക്ക പാക്കിസ്ഥാനെ ഇത്രകണ്ട്‌ പിന്തുണക്കുന്നു?

ബുഷ്‌: ജോണ്‍, നീയൊരു സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്‌...(ഇടവേളക്കുള്ള മണി മുഴങ്ങുന്നു)..ഓ..ഇനി നമുക്ക്‌ ഇടവേളക്കുശേഷം ഈ സംവാദം തുടരാം.

ഇടവേളക്കുശേഷം വീണ്ടും ബുഷ്‌ കുട്ടികളെ നേരിടുന്നു.

ബുഷ്‌: അപ്പോള്‍ എവിടെയാണ്‌ നമ്മള്‍ നിര്‍ത്തിയത്‌? അതെ, നിങ്ങളുടെ ചോദ്യങ്ങള്‍..ചോദിച്ചോളൂ.

പീറ്റര്‍ എന്ന വിദ്യാര്‍ത്ഥി കൈപൊക്കുന്നു.

ബുഷ്‌: എന്താണ്‌ നിന്റെ പേര്‌?

കുട്ടി: പീറ്റര്‍.

‍ബുഷ്‌: ഒകെ, പീറ്റര്‍, എന്തൊക്കെയാണ്‌ നിന്റെ ചോദ്യങ്ങള്‍?

പീറ്റര്‍: സര്‍, എനിക്ക്‌ അഞ്ചു ചോദ്യങ്ങളുണ്ട്‌.

1. ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെ എന്തുകൊണ്ട്‌ അമേരിക്ക ഇറാഖിനെ ആക്രമിച്ചു.
2. ഒസാമ ബിന്‍ ലാദന്‍ എവിടെയാണ്‌ ?
3. എന്തുകൊണ്ട്‌ അമേരിക്ക പാക്കിസ്ഥാനെ ഇത്രകണ്ട്‌ പിന്തുണക്കുന്നു?
4. പതിവിലും ഇരുപതുമിനുട്ടു മുന്‍പ്‌, ഇടവേളക്കുള്ള മണി മുഴങ്ങിയത്‌ എന്തുകൊണ്ട്‌ ?
5. ജോണ്‍ എവിടെ?

************

2- ഒരു യഥാര്‍ത്ഥ രംഗം.

സിയാറ്റിലിലെ കീ അരീന എന്ന സ്ഥലത്ത്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 18-ന്‌ നടന്നത്‌. കഴിഞ്ഞയാഴ്ച, ദലൈലാമയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ലഭിച്ച അവിടുത്തെ ചില വിദ്യാര്‍ത്ഥികളുമായി ആമി ഗുഡ്‌മാന്‍ എന്ന അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തക സംസാരിച്ചു. സിയാറ്റിലിലെ കീ അരീന എന്ന സ്ഥലത്ത്‌, പതിനയ്യായിരത്തിലധികം കുട്ടികളെയാണ്‌ ദലൈലാമ അഭിസംബോധന ചെയ്തത്‌.

ആമി : ഹലോ, എന്താണ്‌ മോന്റെ പേര്‌?

കുട്ടി: ഫില്

‍ആമി: ഫില്ലിനു എത്ര വയസ്സായി?

ഫില്‍: പന്ത്രണ്ട്‌.

ആമി: ഇപ്പോള്‍ ആരെയാണ്‌ കണ്ടത്‌ എന്നറിയാമോ?

ഫില്‍: അറിയാം. ദലൈലാമ

ആമി: നിങ്ങള്‍ക്ക്‌ അദ്ദേഹം ആരാണ്‌?

ഫില്‍: ഞങ്ങള്‍ക്ക്‌ അദ്ദേഹം ഭാവിയാണ്‌. കാരണം, അദ്ദേഹം ഭാവിയെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരു നല്ല മാതൃക കാണിക്കുന്നവരെ കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക്‌- ഞങ്ങളുടെ സ്കൂളിലെ പലര്‍ക്കും- സന്തോഷമുണ്ട്‌. തിബത്തിന്റെ നേതാവും പ്രവാസിയുമായിരുന്നിട്ടും, ലോകം മുഴുവനും അദ്ദേഹം ചെയ്യുന്ന നന്മകള്‍ ചെയ്യുന്നതുകൊണ്ട്‌. അത്‌ വലിയൊരു കാര്യമാണ്‌. പ്രതീക്ഷയും സഹാനുഭൂതിയും നമുക്കുണ്ടാകണമെന്നും, അദ്ദേഹം കാണുന്നപോലെ നമ്മളും കാര്യങ്ങള്‍ നോക്കിക്കാണുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ആമി: ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഫില്‍: സിയാറ്റില്‍ കണ്‍ട്രി ഡേ സ്കൂള്‍.

ആമി: നിങ്ങളുടെ പേരെന്താണ്‌?

കുട്ടി: എല്ലിയനോര്‍.

‍ആമി: എത്ര വയസ്സായി.

എല്ലിയനോര്‍: പതിനൊന്ന്.

ആമി: നിങ്ങള്‍ എന്തു കരുതുന്നു?

എല്ലിയനോര്‍: ഇത്ര അറിവും അനുഭവവുമുള്ള ഒരാള്‍ സംസാരിക്കുന്നത്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌, ഞങ്ങളെസംബന്ധിച്ച്‌ ഒരു വലിയ അവസരമായിരുന്നു. അദ്ദേഹത്തിന്റെ അക്തമായ വാക്കുകളില്‍നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞു.

ആമി: എന്താണ്‌ പഠിക്കാന്‍ കഴിഞ്ഞത്‌?

എല്ലിയനോര്‍: എല്ലാവര്‍ക്കും സന്തോഷത്തോടെ കഴിയാനും, പരസ്പരം സഹായിക്കാനും കഴിയുന്ന ഒരു സ്ഥലം ഉണ്ടെന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ ഒരു ലോകം സൃഷ്ടിക്കാനുള്ള പ്രചോദനമാണ്‌ അദ്ദേഹം.

ആമി: ഏതാണ്‌ ആ ലോകം?

എല്ലിയനോര്‍: ഭാവിയില്‍ വരാന്‍ പോകുന്ന ഒന്നാണ്‌ ആ ലോകം.

ആമി: നിങ്ങളുടെ പേര്‌?

കുട്ടി: എന്റെ പേര്‌ ഷേ.

ആമി: എത്ര വയസ്സായി?

ഷേ: പതിനൊന്ന്.

ആമി: ഏതു സ്കളിലാണ്‌?

ഷേ: സിയാറ്റില്‍ കണ്‍ട്രി ഡേ സ്കൂള്‍.

‍ആമി: ദലൈലാമയെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു?

ഷേ: വലിയ അറിവുള്ള ആളാണ്‌ അദ്ദേഹം. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്‌ വലിയൊരു കാര്യമാണ്‌. ഏതു മതത്തില്‍പ്പെട്ടവരായാലും, ഇനിയതല്ല, യുക്തിവാദിയോ മറ്റെതുതന്നെയായാലും ശരി, എല്ലാവരും പരസ്പരം സ്നേഹിക്കണമെന്ന ഒരു സന്ദേശമാണ് അദ്ദേഹം നല്‍കിയത്‌.

ആമി: ഈയൊരു ദിവസം എന്നും ഓര്‍ക്കുമോ?

ഷേ: തീര്‍ച്ചയായും ഞാന്‍ ഓര്‍ക്കും.

**************

കൊച്ചുകുട്ടികളുമായിട്ടുള്ള സംവാദമായതുകൊണ്ട്, ഈ തിരക്കഥയുടെ രാഷ്ട്രീയത്തെ കണ്ടില്ലെന്നു നടിക്കാം. എന്നാല്‍, വാഷിംഗ്‌ടണ്‍ സര്‍വ്വകലാശാലയിലെ വിശിഷ്ട ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ദലൈലാമയുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടപെഴകാനുള്ള ഒരവസരം ഈയിടെ സര്‍വ്വകലാശാലാ അധികൃതര്‍ ഒരുക്കിയിരുന്നു. സ്നേഹം, സമാധാനം, കുടുംബബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ മാത്രമേ ചോദ്യങ്ങളാകാവൂ എന്നും, ചൈനയെക്കുറിച്ചും, തിബത്തിനെക്കുറിച്ചുമുള്ള ചോദ്യങ്ങളരുതെന്നും ഒരു മാസം മുന്‍പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ചോദിക്കാനുള്ള ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. അറുപതോളം കുട്ടികള്‍ മാത്രമാണ്‌ പ്രതികരിച്ചത്‌. അതില്‍, ചൈനയെക്കുറിച്ചും, തിബത്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ ഒഴിവാക്കി, കേവലം പതിന്നാലു പേരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തിരഞ്ഞെടുത്തു. ആ പതിന്നാലുപേരുടെ ചോദ്യങ്ങളില്‍നിന്ന് രാഷ്ട്രീയം ഒഴിവാക്കാനുള്ള ബുദ്ധിയും സര്‍വ്വകലാശാലക്കുണ്ടായി.

**********

ആനന്ദ്‌ പട്‌വര്‍ദ്ധന്റെ ‘വാര്‍ ആന്റ്‌ പീസ്‌ ‘ എന്ന ഡോക്യുമെന്ററിയിലെ ഒരു രംഗം. പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളുമായുള്ള ഒരു അനൌപചാരിക കൂടിക്കഴ്ച. രാജ്യത്തിന്റെ ആണവപരീക്ഷണങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ ആനന്ദ്‌ ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക്‌ ആണാവായുധങ്ങള്‍ ആവശ്യമാണെന്നും, ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകുന്നപക്ഷം, പാക്കിസ്ഥാന്‍ അതുപയോഗിക്കണമെന്നും, അതില്‍ തെറ്റില്ലെന്നും മറ്റും അവള്‍ ഒരു പ്രസംഗമത്സരാര്‍ത്ഥിയുടെ ആംഗ്യവിക്ഷേപത്തോടെ പറഞ്ഞുഫലിപ്പിക്കാന്‍ നോക്കുന്നു.

ആനന്ദ്: ആണവയുദ്ധമുണ്ടായാല്‍ ആര്‍ക്കായിരിക്കും ദോഷം? ഇന്ത്യക്കു മാത്രമായിരിക്കുമോ?

കുട്ടി: അല്ല. എല്ലാവര്‍ക്കും.

ആനന്ദ്‌: എന്താണ്‌ സംഭവിക്കുക?

കുട്ടി: ആളുകള്‍ മരിക്കും.

ആനന്ദ്‌: ഇന്ത്യക്കാര്‍ മാത്രമായിരിക്കുമോ മരിക്കുക?

കുട്ടി: അല്ല, എല്ലാവരും.

ആനന്ദ്‌: അപ്പോള്‍ ആണവായുധങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ? ഉപയോഗിക്കാന്‍ പാടുണ്ടോ?

കുട്ടി: ഇല്ല. ഉപയോഗിക്കാന്‍ പാടില്ല. തെറ്റാണ്‌.

ആനന്ദ്‌: പിന്നെ എന്തുകൊണ്ടാണ്‌ആദ്യം അങ്ങിനെ പറഞ്ഞത്‌?

കുട്ടി: എന്നോട്‌ ക്ഷമിക്കണം, തെറ്റുപറ്റിപ്പോയി. ഇനി അങ്ങിനെ പറയില്ല.

*********

വലിയവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും കയ്യൊഴിഞ്ഞ്‌, കുട്ടികള്‍ പുതിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. കഴമ്പുള്ള ചോദ്യങ്ങള്‍. അവക്കുള്ള ഉത്തരങ്ങളും സ്വയം കണ്ടെത്തുകയും, പഴയ ഉത്തരങ്ങളിലെ തെറ്റുകള്‍ തുറന്നുസമ്മതിക്കുകയും ചെയ്യും അവര്‍. നമ്മളോടായിരിക്കും അവരിനി ചോദ്യങ്ങള്‍ ചോദിക്കുക.

11 comments:

Rajeeve Chelanat said...

ചെറിയ ലോകവും വലിയ കുട്ടികളും

Jayasree Lakshmy Kumar said...

ജോണ്‍[മാര്‍] എവിടെ????????

ബാബുരാജ് ഭഗവതി said...

ശ്രീ രാജീവ്
ഇതു വായിച്ചപ്പോള്‍
ഇത്തരമൊരു അനുഭവം മനസ്സിലേക്കുവന്നു.
അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെ ഒരിക്കല്‍ കൊടുങ്ങല്ലൂരിലൂടെ കടന്നു പോയി.
ആ സമയത്തായിരുന്നു അവിടെ മൊബൈല്‍ ടവറുകള്‍ സ്കൂളുകള്‍ക്കരികെ സ്ഥാപിക്കുന്നതിനെതിരെ ഒരു സംഘടന രൂപംകൊണ്ടിരുന്നത്.
കുട്ടികളുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്നയാളെന്ന് ഖ്യാതിയുള്ള അദ്ദേഹം കുട്ടികളുമായി ഒരു സംവാദവും അനുവദിച്ചിരുന്നു.
മൊബൈല്‍ പ്രശ്നം കുട്ടികള്‍ ചോദ്യമായി എഴുതിക്കൊടുത്തു. പക്ഷേ ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ആദ്യമേ വെട്ടിമാറ്റി.
അവസാനം അനുവദിച്ച ചോദ്യങ്ങള്‍ ഇവയായിരുന്നു.
2050ആകുമ്പോളെക്കും ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും?
രാഷ്ട്രത്തോടുള്ള അങ്ങയുടെ സന്ദേശം?
അങ്ങയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
3000 മാണ്ടില്‍ ലോകത്തിന്റെ അവസ്ഥ?
...........

മൂര്‍ത്തി said...

രാജീവ്......

അനോണി ആന്റണിയുടെ ഈ പോസ്റ്റും മറ്റൊരു രീതിയില്‍ ഇവിടെ പ്രസക്തം എന്ന് തോന്നുന്നു.

Unknown said...

**** പതിവിലും ഇരുപതുമിനുട്ടു മുന്‍പ്‌,

ഇടവേളക്കുള്ള മണി മുഴങ്ങിയത്‌ എന്തുകൊണ്ട്‌ ?
**** ജോണ്‍ എവിടെ?
----------------------------------------------------------------------
ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.തീര്‍ച്ച
----------------------------------------------------------------------

Unknown said...

ആ കുട്ടിക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരു ഉത്തരം ഞാനും തേടുകയാണു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ആരായാലും പതറും, ചെയ്യുന്നത് നന്മയ്ക്കെതിരാണെങ്കില്‍

തോന്ന്യാസി said...

കുട്ടികള്‍ ചോദിയ്ക്കട്ടെ......

അനൂപേട്ടനൊപ്പം നമുക്കും ഉത്തരങ്ങള്‍ തേടാനിറങ്ങാം....

Radheyan said...

രാജീവ്,

ചിന്തകളില്‍ അസ്വസ്ഥത വിതച്ച് കൊണ്ടേ ഇരിക്കുക;കാരണം സ്വസ്ഥത ഈ കാലങ്ങളില്‍ വിശുദ്ധപാപമാകുന്നു.
അറുത്തു മാറ്റപ്പെട്ട ചോദ്യങ്ങള്‍ അവ കടലാസില്‍ നിന്നേ പോകുന്നുള്ളൂ,
മഹാവിസ്ഫോടനത്തിന്റെ അലയൊലികള്‍ പോലെ
പ്രപഞ്ചസാരത്തില്‍ അത് പ്രതിദ്ധ്വനിച്ചേ ഇരിക്കുന്നൂ

അഭിവാദ്യങ്ങളോടേ

യാരിദ്‌|~|Yarid said...

ചോദ്യങ്ങള്‍ അവസാനിക്കുന്നേയില്ല.. ..:)

Dinkan-ഡിങ്കന്‍ said...

അസ്വസ്ഥതതകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുകതന്നെ ചെയ്യും. ഒന്നുകില്‍ അസ്വസ്ഥതകള്‍ അല്ലെങ്കില്‍ ചോദ്യകര്‍ത്താക്കള്‍ അതാണ് റിപ്പബ്ലിക്കിന്റെ ഒരു നയം. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുള്ളതാണ് ഹെം‌ലോക്ക് എന്ന റിപ്പബ്ലിക്കന്‍ നയത്തിന് ഹെയില്‍ വെച്ചുകൊണ്ട്
-അനുഭാവി