Saturday, April 12, 2008

അന്താരാഷ്ട്ര ഭിക്ഷാടനം

യു.എ.ഇ.യില്‍ ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. പീറ്റര്‍ ഫോര്‍ഡിനെപ്പോലുള്ള അന്താരാഷ്ട്ര ഭിക്ഷക്കാര്‍ക്ക്‌ അത്‌ ബാധകമല്ല എന്നാണോ?

പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന കമ്മീഷണറുടെ പ്രതിനിധിയായ ഫോര്‍ഡ്‌ ദുബായില്‍ എത്തിയിരിക്കുന്നത്‌ 700 മില്ല്യണ്‍ ദിര്‍ഹം ഭിക്ഷ ചോദിക്കാനായിട്ടാണ്‌.

സ്വന്തം നാടും വീടും വിട്ട്‌, മൂന്നു തലമുറകളായി അന്യനാടുകളിലെ ക്യാമ്പുകളില്‍ ദുരിതപര്‍വ്വത്തിന്റെ നാള്‍വഴികളെണ്ണി കഴിയുന്ന പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ സഹായം ചെയ്തുകൊടുക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷേ ഈ ഭിക്ഷക്കാരന്റെ ന്യായങ്ങള്‍ എന്തൊക്കെയാണ്‌?

സാധാരണ നിലക്ക്‌, ഇത്തരം സാമ്പത്തിക സഹായങ്ങള്‍ക്ക്‌ പാശ്ചാത്യരാജ്യങ്ങളെയാണ്‌ തങ്ങള്‍ ആശ്രയിക്കാറുള്ളതെങ്കിലും, ലബനോണിലെ നഹര്‍ അല്‍ ബറേദ്‌ പാലസ്തീനി അഭയാര്‍ത്ഥി ക്യാമ്പ്‌ അറബികള്‍ക്കിടയിലെ പ്രശ്നമായതുകൊണ്ട്‌ സഹായിക്കണമെന്ന്. സാങ്കേതികമായി ശരിയായിരിക്കാം.

എന്നാലും എങ്ങിനെയാണ്‌ ഈ പറയുന്ന അഭയാര്‍ത്ഥികള്‍ ഉണ്ടായത്‌? ആ പ്രശ്നം പരിഹരിക്കാന്‍ ഈ ഐക്യരാഷ്ട്ര നിര്‍ഗ്ഗുണപരബ്രഹ്മങ്ങള്‍ എന്തൊക്കെ ചെയ്തു ഇതുവരെ? എത്ര പണം വെള്ളത്തിലൊഴുക്കി? ഈ പറയുന്ന 'വെസ്റ്റേണ്‍ ഡോണേഴ്സ്‌' ഈ പാലസ്തീനികള്‍ക്കുവേണ്ടി എന്തൊക്കെയാണ്‌ ചെയ്തത്‌? അവര്‍ എത്ര കുടിശ്ശിക വരുത്തിത്തീര്‍ത്തു. വല്ല നിശ്ചയവുമുണ്ടോ? അത്‌ തിരിച്ചുപിടിക്കാനുള്ള എന്തു നടപടിയെടുത്തു ഐക്യരാഷ്ട്രസഭയെന്ന ഈ നെറികെട്ട നാട്ടുകൂട്ടം? ഓരോ ദേശഗ്രൂപ്പുകളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതാതു രാജ്യങ്ങള്‍തന്നെ മുന്നോട്ടുവരണമെങ്കില്‍ പിന്നെ എന്തിനാണു ഹേ ഇങ്ങനെയൊരു സംഘടന? അഞ്ചു സ്ഥിരാംഗങ്ങളുടെ മുഷ്ക്കുകള്‍ക്കും തെമ്മാടിത്തരത്തിനും, അവരുടെ പിമ്പുകള്‍ക്കും വീതിച്ചെടുക്കാനുള്ളതോ ഈ ലോകം? ഈ അഭയാര്‍ത്ഥികള്‍? ഈ പാലസ്തീന്‍? ഈ ഇറാഖ്‌? ഈ അഫ്ഘാനിസ്ഥാന്‍?

ഗാസയാണത്രെ രണ്ടാമത്തെ പ്രധാന പരിഗണന. ആദ്യ പരിഗണന അപ്പോള്‍ ആര്‍ക്കാണ്‌ സായിപ്പേ? ഇസ്രായേലിനോ? അതോ അമേരിക്കക്കോ?

ഒരു പൂവുചോദിച്ചാല്‍ പൂങ്കാവനം തന്നെ ദാനംചെയ്യാന്‍ മടിക്കാത്ത, കണ്ടാലും കൊണ്ടാലുമറിയാത്തവര്‍ ഭരണത്തിലിരിക്കുമ്പോള്‍, ഇത്തരം ഭിക്ഷക്കാര്‍ വരാതിരുന്നാലല്ലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതുള്ളു?

3 comments:

Rajeeve Chelanat said...

അന്താരാഷ്ട്ര ഭിക്ഷാടനം

vadavosky said...

പൊള്ളുന്ന പ്രശ്നമാണ്‌ രാജീവ്‌. അമേരിക്കയുടെ കൂട്ടുകാര്‍ക്ക്‌. അതുകൊണ്ടുതന്നെ പാലസ്തീന്‍ പ്രശ്നം തീര്‍ക്കേണ്ടി വരുന്നില്ല. പകരം വളരെ നിസ്സാരമായി ഈ സഹായം ചോദിക്കലും ഉപകാരം ചെയ്യലിലൂടെയും ഒരു പ്രശ്നം sideline ചെയ്യാം.ദാനം കൊടുക്കുന്നവന്‌ അത്‌ കൊടുക്കുന്ന ബാധ്യതയേ ഉള്ളു.

മൂര്‍ത്തി said...

ഒരുതരം ജീവകാരുണ്യ രാഷ്ട്രീയം..