നമ്മുടെ പുതിയ പ്രധാനമന്ത്രി (ഈ സ്ഥാനം അലങ്കരിക്കുന്ന ഇരുപത്തഞ്ചാമത്തെ വ്യക്തി) യൂസഫ് റാസ ഗിലാനി നല്ല ആത്മവിശ്വാസമുള്ള ഒരാളാണ്. നല്ലൊരു തുടക്കമാണ് അദ്ദേഹത്തിന്റേത്. (പത്രങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‍ പല വിധത്തിലാണ് അച്ചടിച്ചു വരുന്നത്. ഏതാണ് ശരിയെന്ന് അദ്ദേഹം തന്നെ ഒന്ന് സൂചിപ്പിച്ചാല്‍ നന്നായിരുന്നു).
നല്ലൊരു കാര്യം ചെയ്തു അദ്ദേഹം. പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, എന്നാല്‍ അധികാരമേറുന്നതിനും തൊട്ടുമുന്‍പ് അദ്ദേഹം പുറത്തിറക്കിയ ആദ്യത്തെ ഉത്തരവ്, പിരിച്ചുവിടപ്പെട്ട ജഡ്ജിമാരെ പുനസ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു. അഭിഭാഷകരുടെ പ്രക്ഷോഭംകൊണ്ട് നട്ടം തിരിഞ്ഞിരുന്ന ഇസ്ലാമബാദിലെ ഭരണകൂടം, ആ ഉത്തരവ് പുറത്തുവന്നയുടനെ, അത് ഉടനടി നടപ്പില്‍ വരുത്തുകയും ചെയ്തു. അത് നടപ്പാക്കിയതിന്റെ വേഗത മാത്രം മതിയാകും, ആ ഉത്തരവിന്റെ പൊതുജനസമ്മിതി മനസ്സിലാക്കാന്‍.
ബഹുമാന്യമായ അധോസഭയില്‍ അന്നുണ്ടായ മുദ്രാവാക്യം വിളിയും, ഒച്ചപ്പാടും മാത്രമാണ് ആ ദിവസത്തെ ഒരേയൊരു നിര്‍ഭാഗ്യകരമായ സംഭവം. പക്ഷേ, നമ്മുടെ പി.പി.പി. മഹാനുഭാവന്‍മാരും, രാഷ്ട്രീയ പ്രവര്‍ത്തകരും, ആ ഒരു കാര്യത്തില്‍ മാത്രം കേമന്മാരാണല്ലോ.സ്ഥാനാരോഹണ ചടങ്ങിന്റെ സമയത്ത്, രണ്ടു പ്രധാന നടന്മാരും തങ്ങള്‍ക്കിടയിലുള്ള ശത്രുത മൂടിവെക്കാന്‍ തീവ്രശ്രമം നടത്തിയപോലെ തോന്നി. എന്നിട്ടും, ചടങ്ങുകഴിഞ്ഞുപോകുമ്പോള്‍, അവര്‍ പരസ്പരം എന്തോ പറയുകയും ചെയ്തു.
പൊതുവെ പറഞ്ഞാല്‍, മാര്‍ച്ച് 25-ലെ പ്രഭാതം അത്ര നന്നായില്ല എന്നുവേണം പറയാന്‍. നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം വന്നെത്തിയ മുഖഭാവത്തോടെ വിശിഷ്ടാതിഥികളും അന്നവിടെ സന്നിഹിതരായിരുന്നു. കുറച്ചുനേരത്തേക്കാണെങ്കില്‍പ്പോലും, രാഷ്ട്രപതിഭവനത്തിന്റെ തീരെ ഇടുങ്ങിയ സ്ഥലത്ത്, രാഷ്ട്രീയ ഗുണ്ടകള്‍ ആവശ്യത്തിന് വിളഞ്ഞാടുകയും ചെയ്തു.
പ്രധാനമന്ത്രിമാര്‍ക്ക് ചൊല്ലിക്കൊടുക്കുന്ന സത്യവാചകത്തെക്കുറിച്ചാണ് ഇനി ചിലത് കാര്യങ്ങള്‍ പറയാനുള്ളത്.വലിയ ത്യാഗങ്ങളൊന്നും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത നമ്മുടെ രാഷ്ട്രപിതാവ്, മുഹമ്മദലി ജിന്ന, 1947 ആഗസ്റ്റ് 11-ന്, താന്‍ സ്ഥാപിച്ച രാജ്യം എങ്ങിനെയുള്ളതായിരിക്കണമെന്നതിനെക്കുറിച്ച്, ഭാവിയിലെ സാമാജികരെ വളരെ വ്യക്തമായിതന്നെ ഉദ്‌ബോധിപ്പിച്ചിരുന്നു. അത് അതേപടി ഇവിടെ പകര്‍ത്തട്ടെ.
'നിങ്ങള്‍ പരിപൂര്‍ണ്ണ സ്വതന്ത്രരാണ്. ഈ പാക്കിസ്ഥാനില്‍,നിങ്ങള്‍ക്കിഷ്ടപ്പെട്ട ആരാധനാലയങ്ങളിലേക്ക്-അമ്പലങ്ങളിലേക്കായാലും, പള്ളികളിലേക്കായാലും-പോകാന്‍ നിങ്ങള്‍ക്ക് എന്നും സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്കൊരുപക്ഷെ നിങ്ങളുടെ മതമോ, ജാതിയോ, വിശ്വാസമോ ഒക്കെ കണ്ടുവെന്നുവരാം. അതൊന്നും, ഈ രാജ്യത്തിനെ സംബന്ധിച്ചിടത്തോളം തീരെ പ്രസക്തമല്ല. നമ്മളെല്ലാവരും പൗരന്മാരാണെന്നും, ഒരേ രാജ്യത്തിലെ തുല്യാവകാശമുള്ള പൗരന്മാരാനെന്നുമുള്ള മൗലികാവകാശങ്ങളില്‍നിന്നാണ് ഇന്ന് നമ്മള്‍ ആരംഭിക്കാന്‍ പോകുന്നത്".
എന്തായാലും, ഈ 'തുല്യാവകാശമുള്ള പൗര' പദവി അല്‍പ്പായുസ്സായിരുന്നു. ജിന്ന മരിച്ച് ആറു മാസം കഴിയുന്നതിനുമുന്‍പ്, 1949 മാര്‍ച്ചില്‍, അന്നത്തെ പ്രധാനമന്ത്രി ലിയാക്കത്ത് അലി ഖാന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശ പ്രമാണം (Objectives Resolution) തുല്ല്യതയെക്കുറിച്ചുള്ള എല്ലാ ചിന്തകള്‍ക്കും വിരാമമിട്ടു. ഈ റെസല്യൂഷന്‍ നടപ്പില്‍വന്നതോടെ, അത്, ഒരേസമയം, 1973-ലെ ഭരണഘടനയുടെ ആമുഖവും, അനുബന്ധവും ആയിത്തീരുകയും ചെയ്തു.. അതിന്‍പ്രകാരം, ജനപ്രതിനിധിസഭയിലെ അംഗമായിരിക്കാനുള്ള യോഗ്യതയുടെ മാനദണ്ഡം "ഇസ്ലാമിക വിഷയങ്ങളില്‍ അറിവും, ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ഉത്തരവാദിത്തങ്ങള്‍ മുടങ്ങാതെ അനുവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കണം' എന്ന് ആര്‍ട്ടിക്കിള്‍ 62 (e) അനുശാസിക്കുന്നു. ഇത്, ന്യൂനപക്ഷങ്ങളെ എവിടെയാണ് കൊണ്ടുചെന്നെത്തിക്കുക?
പ്രധാനമന്ത്രിക്ക് ചൊല്ലിക്കൊടുക്കുന്ന സത്യവാചകത്തിലും ഈ 'തുല്യത' അസ്ഥാനത്താകുന്നുവെന്ന് കാണാം. ന്യൂനപക്ഷത്തിന് ഒരിക്കലും പ്രതിനിധിസഭയുടെ തലവനായിരിക്കാന്‍ കഴിയാത്ത വിധമാണ് ആ പദവിയിലേക്ക് നിയുക്തരാകുന്നവര്‍ക്കുള്ള സത്യവാചകങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്." ഞാന്‍...ഒരു മുസ്ലിം" എന്നും, "പാക്കിസ്ഥാന്റെ അടിസ്ഥാനപ്രമാണമായ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രം സംരക്ഷിക്കാന്‍ ഞാന്‍ പരിശ്രമിക്കും" എന്നൊക്കെയാണ് അതിലുള്ളത്. പക്ഷേ വിചിത്രമെന്നു പറയട്ടെ, ആഡിറ്റര്‍ ജനറല്‍, ഉപരികോടതികളിലെ ജഡ്ജിമാര്‍, മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍, സൈന്യത്തിലെ അംഗങ്ങള്‍, എന്നിവര്‍, "പാക്കിസ്ഥാന്റെ അടിസ്ഥാന പ്രമാണമായ ഇസ്ലാം പ്രത്യയശാസ്ത്രം സംരക്ഷിക്കണം' എന്ന്, അവര്‍ക്കായുള്ള സത്യവാചകത്തില്‍ ഒരിടത്തും അനുശാസിക്കുന്നുമില്ല.
ഭരണപരമായ ഉത്തരവുകളുടെ കാര്യം എടുത്താല്‍, ഗിലാനി അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം, 1975-ല്‍ പി.പി.പി.യുടെ സ്ഥാപകനായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കലാണ്. ജനാധിപത്യപരവും, സുതാര്യവും, നീതിപൂര്‍വ്വകവും ആകും അത്തരമൊരു നടപടി. 1996-ല്‍, സുപ്രീംകോര്‍ട്ടില്‍, അന്നത്തെ എയര്‍ മാര്‍ഷല്‍ അസ്ഗര്‍ ഖാന്റെ മനുഷ്യാവകാശ കേസിന്റെ വിചാരണക്കിടയില്‍ (കേസ് നമ്പര്‍ 19/1996) മുന്‍ സൈനികമേധാവി ജനറല്‍ അസ്ലം ബേഗ് വെളിപ്പെടുത്തിയത്, തിരഞ്ഞെടുപ്പ് /രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി, ഐ.എസ്.ഐ യുടെ ഉള്ളില്‍ ഒരു 'പൊളിറ്റിക്കല്‍ സെല്‍' രൂപീകരിക്കാനുള്ള ഭരണപരമായ അനുവാദം 1975-ല്‍ ഭൂട്ടോ പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു. 1990-ലെ തിരഞ്ഞെടുപ്പുകാലത്ത്, പി.പി.പി.വിരുദ്ധ രാഷ്ട്രീയക്കാരെ വിലക്കെടുക്കാനും, സ്വാധീനിക്കാനും, ഈ പൊളിറ്റിക്കല്‍ സെല്‍, പൊതുമുതല്‍ വിതരണം ചെയ്തു എന്നതായിരുന്നു എയര്‍ മാര്‍ഷലിന്റെ പേരിലുള്ള മനുഷ്യാവകാശ കേസ്.
ഐ.എസ്.ഐ.യും അതിന്റെ രാഷ്ട്രീയ ഉപജാപകവൃന്ദവും ഒത്തുചേര്‍ന്ന്, 1990-കളില്‍, രണ്ടുതവണ, ഗിലാനിയുടെ രാഷ്ട്രീയകക്ഷി നയിച്ചിരുന്ന സര്‍ക്കാരുകളെ സ്ഥാനഭ്രഷ്ടമാക്കിയിട്ടുണ്ട്. ഈ ഉപജാപകസംഘത്തെ എത്രയും വേഗം ഇല്ലാതാക്കുകയും, ഐ.എസ്.ഐ-യെ രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കാതെ, അതിനനുവദിച്ച സ്ഥാനത്ത് തളച്ചിടുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു.
ഐ.എസ്.ഐ-യെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ആദ്യമായി ഉപയോഗിച്ചത് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍ പ്രസിഡന്റായിരിക്കുമ്പോളായിരുന്നുവെങ്കിലും, അതിനെ ഔദ്യോഗികമായി അംഗീകരിച്ചതും, അതിന്റെ പ്രവര്‍ത്തനത്തിന് സാധുത നല്‍കി, തന്റെ ചിറകിനടിയില്‍ അതിനെ സംരക്ഷിച്ചതും ഭൂട്ടോയുടെ കാലത്തായിരുന്നു.
പരാമര്‍ശിതമായ ഈ എക്സിക്യൂട്ടീവ് ഉത്തരവ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപകന്റെ മസ്തിഷ്കശിശുവാണെങ്കിലും, ചുരുങ്ങിയത്, രണ്ടുതവണയെങ്കിലും, പി.പി.പി.ക്ക് എതിരായിതന്നെ ഇതിനെ ഉപയോഗിച്ചിട്ടുമുണ്ട്. അതുകൊണ്ട്, ഇതേ ഐ.എസ്.ഐ.യും, അതിന്റെ ഉപജാപകവൃന്ദവും തന്നെയും വേട്ടയാടി പുറത്താക്കാന്‍ ഇടവരുന്നതിനുമുന്‍പുതന്നെ, ഈ ഉത്തരവിനെ അസാധുവാക്കാനും, രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് ഐ.എസ്.ഐ-യെ വിടുവിക്കാനും, പൊളിറ്റിക്കല്‍ സെല്ലിനെ പിരിച്ചുവിടാനും പ്രധാനമന്ത്രി ഗിലാനിക്ക് കഴിയുകയാണെങ്കില്‍ അത് ഏറെ ഗുണം ചെയ്യും.
സൈന്യത്തെ അതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥാനത്തേക്ക് പതുക്കെ പിന്‍വലിച്ചുകൊണ്ടിരിക്കുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍, പ്രധാനമന്ത്രി മറ്റു ചില ഉത്തരവുകള്‍കൂടി പുറത്തിറക്കേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധവും, ജനപ്രതിനിധിസഭയുടെ അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങള്‍, സൈനിക സെക്രട്ടറിമാര്‍, സൈന്യം പ്രധാനമന്ത്രിക്കുവേണ്ടി നിയോഗിക്കുന്ന പട്ടാള ഉദ്യോഗസ്ഥര്‍ എന്നിവരെ ഒഴിവാക്കാന്‍ വേണ്ടിയാവണം ആ ഉത്തരവുകള്‍. ധീരരും, ജനാധിപത്യവാദികളുമായവര്‍ ഇത്തരം സംവിധാനങ്ങളെ നികൃഷ്ടമായാണ് കാണുന്നത്. സൈനികവേഷധാരികളുടെ നിരന്തരമായ അകമ്പടിയോടെ പ്രത്യക്ഷപ്പെടുക എന്നത്, ഒരു ജനാധിപത്യ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു പ്രധാനമന്ത്രിക്കും ലജ്ജയുളവാക്കേണ്ടതുമാണ്.
ഗിലാനിക്ക് ഞങ്ങള്‍ ഭാവുകങ്ങള്‍ നേരുന്നു.
*ഡോണ്‍ എന്ന പത്രത്തില്‍, മാര്‍ച്ച് 30-ന് പ്രസിദ്ധീകരിച്ച അര്‍ദേഷിര്‍ കവാസ്‌ജി (Ardeshir Cowasjee)എഴുതിയ ലേഖനത്തിന്റെ പരിഭാഷ.
Subscribe to:
Post Comments (Atom)
7 comments:
ഡോണ്‍ എന്ന പത്രത്തില്‍, മാര്‍ച്ച് 27-ന് പ്രസിദ്ധീകരിച്ച, അര്‍ദേഷിര്‍ കവാസ്‌ജി എഴുതിയ ലേഖനത്തിന്റെ പരിഭാഷ.
വായിച്ചു. പരിഭാഷപ്പെടുത്തി പൊസ്റ്റിയതു നന്നായി.
ആഡിറ്റര്‍ ജനറല്‍, ഉപരികോടതികളിലെ ജഡ്ജിമാര്‍, മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍, സൈന്യത്തിലെ അംഗങ്ങള്‍, എന്നിവര്‍, "പാക്കിസ്ഥാന്റെ അടിസ്ഥാന പ്രമാണമായ ഇസ്ലാം പ്രത്യയശാസ്ത്രം സംരക്ഷിക്കണം' എന്ന്, അവര്‍ക്കായുള്ള സത്യവാചകത്തില്‍ ഒരിടത്തും അനുശാസിക്കുന്നുമില്ല.
ജ.ചൌധരിയെ പുറത്താക്കിയതിനുശേഷം ചുമതലയേറ്റ,ജ.റാണാ ഭഗവന്‍ ദാസ് ഖുര്‍-ആനില്‍ തൊട്ട് സത്യപതിജ്ഞ ചെയ്തതും,മേലേപ്പറഞ്ഞ വാചകങ്ങളും തമ്മില്‍ പൊരുത്തക്കേടില്ലേ എന്നൊരു സംശയം.......
പ്രശാന്ത്,
ദൈവനാമത്തിലോ, ഭരണഘടനയുടെ പേരിലോ സത്യപ്രതിജ്ഞചെയ്യാന്‍ വിലക്കുകളൊന്നുമില്ല, ഇവിടുത്തെപ്പോലെ അവിടെയും. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ ഖുര്‍ ആനിന്റെ പേരില്‍ പ്രതിജ്ഞ എടുക്കണമെന്നു മാത്രം. മറ്റുള്ളവര്‍ക്ക് ആ നിബന്ധന അത്യാവശ്യമല്ലെന്നു മാത്രമേ അര്‍ത്ഥമുള്ളു.
ഏതായാലും കവാസ്‌ജിയോട് ചോദിച്ച് ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി അന്വേഷിക്കാം.
അഭിവാദ്യങ്ങളോടെ
ഈ ലേഖനത്തിന്റെ പ്രസക്തി ???
ലേഖനത്തിന്റെ പ്രസക്തി വളരെ വ്യക്തമല്ലേ വടവോസ്കി? ജനാധിപത്യവും, മതേതരത്വവും മിനിമം രീതിയിലെങ്കിലും എങ്ങിനെ ആ രാജ്യത്ത് നിലനിര്‍ത്താമെന്നതിനെക്കുറിച്ചല്ലേ ലേഖനം?
രാജ്യം ഉണ്ടായതുമുതല്‍ ഇന്നു വരെ ജനാധിപത്യത്തിന്റെയും പട്ടാളഭരണത്തിന്റേയും കുഴമറിയലുകളിലൂടെ കടന്നുപോയ ചരിത്രമുള്ള , ലോകത്തെ എറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനില്‍ പട്ടാളത്തിന്റെ മേല്‍ക്കോയ്മക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടാവുമെന്ന് തോന്നുന്നില്ല.അത് വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവാണെങ്കില്‍ പോലും. ഈ ലേഖനത്തിന് ഒരു വ്യക്തമായ ഒരു angle പോലുമില്ല. പാകിസ്ഥാന്റെ കുടിലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടാകണം അത്.ലേഖകന്റെ pious wish മാത്രമാണിത്. അതുകൊണ്ട് പ്രസക്തി ഉണ്ടെന്ന് തോന്നിയില്ല.
Post a Comment