ഇന്നലെ (2008ഏപ്രില്‍ നാല്) ദുബായില്‍ നടന്ന ‘ദല‘യുടെ സാഹിത്യ ക്യാമ്പില്‍ നാലുകെട്ടും മലയാള നോവല്‍ സാഹിത്യവും എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച നടന്നു. വിഷയം അവതരിപ്പിച്ചത് ആലങ്കോട് ലീലാകൃഷ്ണന്‍. അനുബന്ധമായി സംസാരിച്ചത്, ജ്യോതികുമാറും റാംമോഹന്‍ പാലിയത്തും.
അനുബന്ധമായി സംസാരിച്ച ജ്യോതികുമാര്‍ സാഹിത്യത്തിലെ പ്രീണനസംസ്കാരത്തിന്റെ അസംബന്ധത്തിലേക്കാണ് വിരല്‍ചൂണ്ടിയത്. എങ്ങിനെയൊക്കെയാണ് സാഹിത്യത്തിലും സൂപ്പര്‍സ്റ്റാറുകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും, പത്രാധിപരെന്ന പദവി ഉപയോഗിച്ച് എങ്ങിനെയാണ് തന്നേക്കാള്‍ പലതുകൊണ്ടും പ്രതിഭാധനരായ എഴുത്തുകാരുടെ ഒരു വലിയ നിരയെ എം.ടി. ഇല്ലാതാക്കിയതെന്നും ജ്യോതി സൂചിപ്പിച്ചു. വള്ളുവനാടിന്റെ ഫ്യൂഡല്‍ സാംസ്കാരികമേല്‍ക്കോയ്മ സാഹിത്യ പക്ഷപാതങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും, ഇനിയും ഒരു അമ്പതു വര്‍ഷത്തിനുശേഷം വന്നേക്കാവുന്ന ഇത്തരം സാഹിത്യ ആഘോഷങ്ങളില്‍ എം.ടി.ക്കോ, നാലുകെട്ടിനോ സ്ഥാനമുണ്ടാകില്ലെന്ന പ്രവചനസ്വരച്ഛായയുള്ള നിലപാടാണ് ജ്യോതി ഉയര്‍ത്തിയത്. അതേസമയം, ഷെര്‍ലക്ക് പോലുള്ള എഴുത്തിന്റെ മൂന്നാം വരവിലാണ് എം.ടിക്ക് കൂടുതല്‍ പ്രസക്തിയുണ്ടാവുക എന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.
ലീലാകൃഷ്ണനും ജ്യോതിയും ഉയര്‍ത്തിയ ആശയങ്ങള്‍, നാലുകെട്ടു വിവാദവുമായി ബന്ധപ്പെട്ട്, ഇതിനകംതന്നെ വളരെയധികം പറഞ്ഞുപഴകിയ കാര്യങ്ങളാണ്.എം.ടി.യുടെതന്നെ രണ്ടാമൂഴമടക്കം, നാലുകെട്ട് എന്ന നോവലിനേക്കാള്‍ എത്രയോ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എം.ടി.യേക്കാള്‍ പ്രതിഭാധനരായവരും മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. എം.ടി.ക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടിയിട്ടുണ്ടെങ്കില്‍, അതിനുത്തരവാദി, എം.ടി.യല്ല. ശരാശരി മലയാളിയുടെ വായനാസംസ്കാരത്തിന്റെ ഭാവുകത്വത്തിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. എം.ടി.യെ ഒരു റിഫൈന്‍ഡ് മുട്ടത്തുവര്‍ക്കിയെന്ന് എവിടെയോ ആരോ നിര്‍വ്വചിച്ചതും ഓര്‍മ്മയില്‍ വരുന്നു. കൃത്യമായ ഒരു നിര്‍വ്വചനം തന്നെയാണത്. തന്റെ മാതൃഭൂമി പത്രാധിപത്യസ്ഥാനത്തിന്റെ ബലമുപയോഗിച്ച്, എം.ടി. മറ്റുള്ളവരെ തന്നോളം വളരാന്‍ അനുവദിച്ചില്ല എന്ന ബാലിശമായ വാദത്തിനും ഒരു കേവലമായ അഭ്യൂഹത്തിന്റെ അപ്പുറമുള്ള സ്ഥാനമൊന്നും നല്‍കാനാവില്ല. ചില കൃതികളെയും ചില രചയിതാക്കളെയും തമസ്കരിക്കലും, മറ്റു ചിലരെയും അവരുടെ എഴുത്തിനെയും പത്മപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുകയുമൊക്കെ ചെയ്യുന്നത്, നമ്മളുടെ കപടഭാവുകത്വത്തിന്റെ (അ)സാംസ്കാരികപ്രവൃത്തികളാണ്. അതേ കപട ഭാവുകത്വമാണ് ബഷീറിനെയും, എം.സുകുമാരനെയും മറ്റുപലരെയുമൊക്കെ ഇല്ലാതാക്കാന്‍ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതും.
നാലുകെട്ടിനെ ആഘോഷമാക്കിയതിന് ഉത്തരവാദി എം.ടി.യല്ല. എഴുത്തിനെ തിരിച്ചറിയാതെപോവുകയും, എഴുത്തുകാരനെയും കൃതിയെയും വിഗ്രഹവത്ക്കരിക്കുകയും ചെയ്യുന്ന ആധുനിക മലയാളി മനസ്സിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. ആനന്ദിനെപ്പോലുള്ളവരെ തിരിച്ചറിഞ്ഞ എം.ഗോവിന്ദനെപ്പോലുള്ള, മുന്‍പേ പറക്കുന്ന പക്ഷികളുടെ അഭാവവും മറ്റൊരു കാരണമാണ്. ജനകീയമായ (popular) വായനാസംസ്കാരത്തെ കൗശലത്തോടെയും തരാതരംപോലെയും വിപണനം ചെയ്യുന്ന പുസ്തകപ്രസാധന വ്യവസായവും ഇത്തരം ആഘോഷങ്ങളുടെ പ്രധാന പ്രായോജകരാണ്.
ഇനി, വായനയുടെ വഴികളെക്കുറിച്ചാണെങ്കില്‍, ആലങ്കോട് എം.ടി.യെ വായിച്ച രീതിയിലും ഒരു എം.ടി.വായന സാദ്ധ്യമല്ലേ? കാരൂരിന്റെയോ, ബഷീറിന്റെയോ, സുകുമാരന്റെയോ കഥകളില്‍ വെളിപ്പെടുന്ന ലോകത്തേക്കാള്‍ തീരെ പരിമിതമായ ഒരു അനുഭവലോകമാണ് എം.ടി.യുടേത് എന്ന് സമ്മതിക്കുമ്പോള്‍തന്നെ.
എഴുത്തിന്റെ മൂന്നാം വരവ് നടത്തിയ എം.ടി.ക്കാണ് കൂടുതല്‍ പ്രസക്തിയെന്ന ജ്യോതിയുടെ നിരീക്ഷണം ശരിയാണ്. ഇനി വരുന്ന ഇത്തരം ആഘോഷങ്ങളില്‍, ജോക്കറും, പിന്നെ രണ്ടാമൂഴവും, ഷെര്‍ളക്കും ഒക്കെ എഴുതിയ എം.ടി.യെയായിരിക്കും മലയാളം ഒരുപക്ഷേ ഓര്‍ക്കുക. വിവാദങ്ങളിലൊന്നും ഒരുകാലത്തും പെടാതെ, തനിക്കറിയാവുന്ന നിളയിലും കൂടല്ലൂരിലും ഒതുങ്ങിക്കൂടി, വൈയക്തികമായ പ്രണയ-ഗൃഹാതുരത്വ അനുഭവങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും എഴുതുകയും, ആ ക്രാഫ്റ്റിനെ ദൃശ്യവിഷ്ക്കാരത്തിലും അതേപടി സമര്‍ത്ഥമായി ഉപയോഗിച്ച, എന്നും ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനായിരുന്ന, വിഷാദജീവിയായ ഒരു എഴുത്തുകാരനെന്ന നിലക്കായിരിക്കും എം.ടി.യെ മലയാളം വിലയിരുത്തുക.
അപ്പോഴും, ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞപോലെ, എം.ടി.കൃതികള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ഹൃദയത്തില്‍, ആ ഒരു അവസരത്തില്‍ മാത്രമാണെങ്കില്‍പ്പോലും ഒരു ഘനാനുഭവമായി എം.ടി.ഉണ്ടാവുകയും ചെയ്യും.
അതെ. അരിക്കൊണ്ടാട്ടം പോലെ, വിശപ്പൊന്നും മാറ്റില്ലെങ്കിലും, വെറുതെ കൊറിച്ചുകൊണ്ടിരിക്കാന്‍.
28 comments:
വായനയുടെ നാലുകെട്ട്
സക്കറിയയും പുനത്തിലുമെല്ലാം എം.ടി ആഴ്ചപതിപ്പിന്റെ എഡിറ്ററായിരുന്ന കാലത്തെ പ്രോത്സാഹനത്തെ കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. എം.ടി. മറ്റുള്ളവരെ തന്നോളം വളരാന്‍ അനുവദിച്ചില്ല എന്ന ബാലിശമായ വാദം (പത്രാധിപസ്ഥാനം ഉപയോഗിച്ച്) പതിവു കേള്‍വിയായിരിക്കുന്നു, അക്കാലത്ത് മലയാളി മാതൃഭൂമി മാത്രമാണോ വായിച്ചിരുന്നതെന്ന് അത്ഭുതപ്പെട്ടുപോകും ഈ വകതിരിവില്ലാത്ത ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍.
ദലയുടെ ഈ പരിപാടി നടക്കുന്നതറിഞ്ഞില്ല.
എം. ടി. പത്രാധിപരായിരുന്ന കാലത്ത് കൈപിടിച്ചുയര്‍ത്തിയ കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ബാലപംക്തിയിലേക്കയച്ച കഥ എം. ടി. മാതൃഭൂമിയുടെ പ്രധാനതാളുകളില്‍ തന്നെ പ്രസിദ്ധീകരിച്ചു.സക്കറിയയുടേയും എം. പി. നാരായണപിള്ളയുടേയും ധാരാളം കഥകള്‍ എം. ടി യുടെ കാലത്ത് മാതൃഭൂമിയില്‍ വന്നിട്ടുണ്ട്.
“എം.ടി. പക്ഷം” എം. ടി. യല്ലാ പക്ഷം” എന്നിങ്ങനെ ഗ്രൂപ്പുകള്‍ ഈയിടെ വന്നതാണ്. എന്താണിതിന്റെ പിന്നിലെ മനച്ചാത്രം?
രാജീവ്,
എം.ടി. വായിക്കപ്പെടുന്നത്, ചര്‍ച്ച ചെയ്യപ്പെടുന്നത് പലപ്പോഴും തെറ്റായ ദിശയിലാണെന്ന് തോന്നിയിട്ടുണ്ട്. രാജീവ് പറഞ്ഞപോലെ, ഷെര്‍ലക്ക്, അതല്ലെങ്കില്‍ ആദ്യകാലങ്ങളിലെതന്നെ ചില കഥകള്‍ എന്നിവയൊക്കെ തമസ്ക്കരിക്കപ്പെടുകയും കുട്ട്യേടത്തി, ഇ.ആത്മാവ് തുടങ്ങിയവ ഘോഷിക്കപ്പെടുകയും ചെയ്യുന്നു. ബിംബവത്കരണം എഴുത്തുകാരന്‍ അറിയാതെ സംഭവിച്ചു പോവുന്നതാണ്. സൂഫിയെപ്പോലെ നടന്ന ബഷീര്‍ സുല്‍ത്താനാവുകയും ശബ്ദങ്ങള്‍ പോലുള്ള കൃതികളെ മറന്ന് ബാല്യകാലസഖി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
എം.ടിയെപ്പറ്റി മേതില്‍ പറഞ്ഞതാണ് ശരി. മലയാളി സെന്‍സിബിലിറ്റിയുടെ പള്‍സ് കൃത്യമായി അറിഞ്ഞ് എഴുതിയ ആളാണ് എംടി. നോ മോര്‍, നോ ലെസ്സ്. സുഹൃത്തുക്കളുമായുള്ള സംസാരങ്ങളില്‍ പലപ്പോഴും വെളിവായതും സ്വയം തോന്നിയതുമായ രു കാര്യത്തെ ഈ വാക്കുകള്‍ ഉറപ്പിക്കുന്നു: എം.ടിയ്ക്ക് ഇതില്‍ കൂടുതല്‍ പലതും ചെയ്യാനാവുമായിരുനു. ഷെര്‍ലക്ക് അതിനു മികച്ച ഉദാഹരണമാണ്.
സക്കറിയ, പുനത്തില്‍, സേതു, നിര്‍മ്മല്‍ കുമാര്‍, മുകുന്ദന്‍, എം സുകുമാരന്‍... ഒരുപടു പേര് പത്രാധിപരായ എംടിയെ പ്രശംസിച്ചപ്പോള്‍ വിജയനുവേണ്ടി, പദ്മനാഭനു വേണ്ടി പലരും എംടിയെ ചീത്ത വിളിച്ചത് ബാലിശമായേ തോന്നുന്നുള്ളു.
ഒരു തലമുറയെ മുഴുവന്‍ വശീകരിച്ച സി രാധാകൃഷ്ണന്റെ മുന്‍പെ പറക്കുന്ന പക്ഷി, ജനകീയനായിരുന്ന എഴുത്തുകാരനായിരുന്ന ബഷീറ്, മലയാറ്റുറ്, ഒ വി വിജയന്‍ മുതലായ എഴുത്തുകാര്‍ക്കില്ല എന്തു പ്രത്യേകതയാണ് എം ടിക്കുള്ളത്. ഇന്നും എന്നും ബഷീറിന്റെ ഏഴയലത്തു പോലും വരാനായി എം ടിക്കുകഴിയില്ല. അനുഭവങ്ങളെ വാക്കുകളായി കുറിച്ച് അതിനെ വായനക്കാരന് എല്ലാ അനുഭൂതിയോടും കൂടി നല്‍കിയിരുന്ന ബഷീറിന്റെ അത്രയും വരുമോ എം ടിയുടെ രചനകള്‍...
എംടിക്കെന്തു ജീവിതാനുഭവം. നായര്‍ ഫ്യൂഡലിസം ഇന്നും നിലനില്‍ക്കുവെന്നതിന്റെ തെളിവല്ലെ എംടീയെ ഇപ്പോഴും തോളിലേറ്റി നടക്കുന്നത്. എല്ലാക്കാലത്തും മുഖ്യധാരാ എഴുത്തുകാര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വളര്‍ന്നു വരുന്ന എഴുത്തുകാരെ തളര്‍ത്തിയിട്ടെയുള്ളൂ. സി രാധാകൃഷണന്റെ മുന്‍പെ പറക്കുന്ന പക്ഷികള്‍ക്കില്ലാത്ത എന്തു സ്വാധീനമാണ്‍ നാലുകെട്ട് ഈ സമുഹത്തില്‍ ചെലുത്തിയിട്ടുള്ളത്. സാധാരണ ഒരു നായറ് തറവാടില്‍ നടക്കുന്ന കാര്യങ്ങള്‍ പകറ്ത്തിയതൊ? അതു വഴി എന്തു രാഷ്ടീയ സാമുഹ്യമാറ്റങ്ങളാന്‍ ഈ കേരളീയ സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്? മുകുന്ദന്റെ മയ്യഴിപ്പുഴയുടെ അത്രയുമുണ്ടൊ എംടിയുടെ നാലുകെട്ട്? ബഷീറിന്റെ രചനക്കില്ലാത്തെ എന്തു മഹത്വമാണ് എം ടിയുടെ രചനകള്‍ക്കുള്ളത്. മുകുന്ദന്റെ തന്നെ കേശവന്റെ വിലാപങ്ങള്‍ക്കില്ലാത്തെ എന്തു മഹനീയതയാണ്‍ ഈ കൃതിക്കുള്ളത്..!!!
ഇന്ന്‍ ചെറുപ്പകാരെ ഏതെങ്കിലും നിലക്ക് സ്വാധീനിക്കാന്‍ എം ടിയുടെ ഈ വിഗ്രഹവല്‍ക്കരിക്കപെട്ട കൃതിക്കുകഴിയുമൊ.കഴിയില്ല തന്നെ , പകരം പ്രചരണങ്ങള്‍ വഴി എപ്പോഴും മലയാളത്തിലെ എറ്റവും വായിക്കപ്പെട്ട കൃതി എന്ന് ഒരു പട്ടം ഈ എഴുത്തിനു നല്‍കപ്പെടുന്നു ( എഴുത്തുകാരനേക്കാള്‍ മുകളില്‍ നിര്‍ത്തുക വഴി ഈ കൃതിക്കു അനാവശ്യമായ ഒരു ഒരു പ്രചരണമാണ് ഫ്യൂഡല്‍ എഴുത്തുകാര്‍ നല്‍കിയത്..) ഇന്നും അതു തന്നെയല്ലെ നടന്നു വരുന്നത്.. മലയാളത്തിന്റെ സുല്‍ത്താന്റെ രചനകള് തമസക്കരിച്ച് കൊണ്ട് നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ മാത്രം എന്തു മഹത്തരമായ ഒന്നാണ് നാലുകെട്ടു.
ഒരു സാഹിത്യകാരനെ എങ്ങനെ സ്ഥാപനവല്‍ക്കരിക്കാമെന്നു എംടിയിലുടെ കാണിച്ചു കൊടുത്തു..മറ്റുള്ള എഴുത്തുകാരെ എങ്ങനെ ലബ്ധപ്രതിഷ്ടരെന്നവകാശപ്പെടുന്ന സാഹിത്യകാരന്മാരുടെ ഉമ്മറപ്പടിക്കല്‍ തോര്‍ത്തുമുണ്ട് അരയില്‍ കെട്ടി വായും പൊത്തി നിര്‍ത്താമെന്നുള്ള ചിന്തയിലാണ് ഒരു സംഘം കടല്‍കിഴവന്മാര്‍
തീര്‍ച്ചയായുര്‍ം രാജീവ് മാഷ് പറയുന്നത്പൊലെ അരിക്കൊണ്ടാട്ടം പോലെ, വിശപ്പൊന്നും മാറ്റില്ലെങ്കിലും, വെറുതെ കൊറിച്ചുകൊണ്ടിരിക്കാന് മാത്രമെ എംടിയുടെ രചനക്ക് കഴിയു.. മറ്റുള്ളവ പാല്പായസം കുടിച്ച ഒരുനുഭവും..
എം ടിയുടെ രചനകളെ തമസ്ക്കരിക്കാനൊ? അദ്ധേഹത്തിന്റെ രചനകള്‍ മോശമെന്നു പറയാനൊ അല്ല ഇങ്ങനെയൊരു കുറിപ്പിട്ടത്. സമകാലീന സമൂഹത്തിനെ സ്വാധീനിക്കാന്‍ അദ്ധേഹത്തിന്റെ രചനകള്‍ക്കാവില്ല എന്നെ പറയുന്നുള്ളു..:)
നായര്‍ ഫ്യൂഡലിസത്തിനു പുറത്തേയ്ക്ക് വ്യക്തികളിലേയ്ക്ക് കുടുംബത്തിനെ മാറ്റിമറിയ്ക്കുന്ന നാലുകെട്ടും അസുരവിത്തും എങ്ങനെ ഫ്യൂഡല്‍ എഴുത്തടയാളങ്ങളായെന്ന് തീര്‍പ്പില്ല. നായര്‍ ഹിപ്പോക്രസിയുടെ സകല നാട്യങ്ങളും കാപട്യങ്ങളും എംടിയ്ക്ക് തുറന്നുകാട്ടുവാനായിട്ടുണ്ട്, ഇത് നായര്‍ സമൂഹത്തിനെ മാത്രം സംബന്ധിക്കുന്ന ഒരു ഗിമ്മിക്ക് അല്ലേയെന്ന് ചുരുക്കിപ്പറയുന്നവരുമുണ്ട്, ഒരു പക്ഷെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന മട്ടിലാകും.
ഇഗ്നൈറ്റഡ് വേര്‍ഡ്സ് ക്വോട് ചെയ്യുന്ന കൃതികള്‍ സമകാലീന സമൂഹത്തില്‍ എന്തു സ്വാധീനമാണ് ഉണ്ടാക്കുന്നത്? നാലുകെട്ട് വായിച്ച സമയത്താണ് മുമ്പേ പറക്കുന്ന പക്ഷികള്‍ വായിച്ചത്, വായന വളരുമ്പോഴും രണ്ടിലേയ്ക്കും തിരികെ പോകുവാന്‍ തോന്നിയിട്ടില്ല. ബഷീറിനെ ബാലസാഹിത്യകാരനെപ്പോലെ ലഘൂകരീച്ചവരാണ് (പ്രശാന്ത് മുമ്പിലെ കമന്റില്‍ എഴുതിയ ബിംബവത്കരണം) ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരസ്കരണത്തെ പറ്റി വിലപിക്കുന്നത്.
കേശവന്റെ വിലാപങ്ങള്‍ = പാല്പായസം [ഒന്ന് ചിരിക്കുന്നതില്‍ വിരോധമുണ്ടോ ;)]
Ignited Words:
ഓപ്പോളും കുട്ട്യേടത്തിയും ചെറിയ ചെറിയ ഭൂകമ്പങ്ങളും ഇരുട്ടിന്റെ ആത്മാവും ഒക്കെ നായര്‍ ഫ്യൂഡല്‍ കെട്ടുകഥകളല്ല.
കേശവന്റെ വിലാപങ്ങള്‍? ഒന്നും പറയണ്ട. ഈ എം. മുകുന്ദന്റെ ഒരു കാര്യമേ.
എഴുത്തുകാരന്‍ അവന്റെ സൌകര്യം പോലെ തന്റെ നിലപാടുകള്‍ മാറ്റി മറിച്ചു കൊണ്ടെയിരിക്കും. എന്നാല്‍ വായനക്കാരന്‍ അതല്ല്ല ചെയ്യുന്നതു. അവന്‍ വ്യക്തമായി വായിക്കുന്നതെന്തെന്നു ധാരണയുണ്ടാകും.
ഓപ്പോളും കുട്ട്യേടത്തിയുമൊക്കെ വായനക്കാരനു നല്‍കുന്ന അനുഭവം എന്താണ്‍ എതിരന്‍. പഴ്യ നായര്‍ തറവാടുകളിലെ അടിച്ചമര്‍ത്തപ്പെട്ട സ്തീകളുടെ വിങ്ങലുകളൊ? നായറ് തറവാടുകളിലെ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മാത്രം അതെങ്ങനെ ഒരു ക്ലാസ് നോവലും മറ്റു സമുദായങ്ങളില്‍ അതല്ലാതെയുമാകും.!!
അങ്ങനെയാണെങ്കില്‍ അതിനെക്കാളും നന്നായി ബഷീര്‍ തന്റെ കൃതികളില്‍ അതു ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലൊ? ബാല്യകാല സഖി വായികുന്നതിന്റെ അത്രയും ദുഖകരമായ ഒരവസ്ഥ ഈ രണ്ടു കൃതികളും വായിക്കുമ്പോല്‍ ലഭികുന്നുണ്ടൊ?
നെട്ടിയത്തെ, മുന്‍പേ പറക്കുന്ന പക്ഷികള്‍ ആ നോവലിറങ്ങുന്ന കാലഘട്ടത്തിലെ യുവാക്കളെ ഒന്നടങ്കം എന്നു ഞാന്‍ പറയുന്നില്ല എന്നാലും ഒട്ടേറെ യുവാക്കളേ വശികരിച്ച ഒരു നോവലാണ്‍. എന്നാല്‍ അന്‍പതു വര്‍ഷം മുന്‍പിറങ്ങിയ നാലുകെട്ടിന് ഓളങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ സാധിച്ചില്ലായെന്നു മാത്രമല്ല, ബിംബവല്‍ക്കരണത്തിലൂടെ മാത്രമാണ് അത്തരമൊരു കൃതി മഹനീയമാണെന്ന് പില്‍ക്കാലത്തു പുകഴ്ത്തപ്പെട്ടത്. ഒരു മുകുന്ദനു സാധിച്ചതു പോലും ഇപ്പറയുന വിഗ്രഹത്തിനു ഒരിക്കലും കഴിഞ്ഞിട്ടില്ല. സമൂഹത്തിന്റ് ചാലകശക്തികളായ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ ഒരു കൃതിക്കു കഴിയണം. അതു എംടിക്കിതു വരേ കഴിഞ്ഞിട്ടില്ല, നാലുകെട്ട് വായിച്ചിട്ടു ഇവിടെ എന്തു സാമൂഹികപ്രത്യാഘങ്ങളാണുണ്ടായത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഒരു സംഘം കടല്‍ക്കിഴവന്മാരുടെ ഒന്നിച്ച് നിന്നുള്ള പ്രവര്‍ത്തനം ഒട്ടനവധിപേരെ ഇതില്‍ നിന്നും തന്നെ നിഷ്കാസിതരാക്കി. ബഷീറിന്റെ വായനയുടെയൊ, അല്ലെങ്കില്‍ വിജയന്റെയൊ അത്ര ജീനിയസെന്നു വാഴ്ത്താന്‍ മാത്രം ഇവരുടെ മുന്നില്‍ ഒന്നുമല്ല ഏം ടിയെന്ന കെട്ടിച്ചമച്ച വിഗ്രഹം.
കേശവന്റെ വിലാപങ്ങള്‍ സാംഗത്യവശാല്‍ പറഞ്ഞുവെന്നെയുള്ളൂ. അത്രയും നിലവാരംഇല്ലാത്തതാണ് എം ടിയുടെ രചനകള്‍ എന്നു പറയാനായി. അപ്പോള്‍ എന്താണ് നിലവാരം ഉള്ളതെന്നു ചോദിക്കരുതു. വായനക്കാരന്റെ അവകാശമാണത്. അലാതെ ഒരു കൂട്ടം നിരൂപക ബുദ്ധിജീവികളുടെയല്ല.
പിന്നെ ബഷീറിന്റെ എഴുത്തിനെ ബാലസാഹിത്യമെന്നു പുച്ഛിച്ചവരോട് അതും ഒരു ബഷീറിയന്‍ ടൈപ്പ് ഫലിതമായി മാത്രം എടുക്കുന്നുവെന്ന് പറയുക, അവരത്രയെ അര്‍ഹിക്കുന്നുള്ളൂ.
പിന്നെ എംടിയല്ല പക്ഷവും എം ടി പക്ഷവും പണ്ടുമുതലെ കേരളത്തിലെ സാഹിത്യ രംഗത്തു നടക്കുന്ന ഒരുമാതിരി കൂട്ടികൊടുപ്പ്. വായനക്കാരന്‍ അവന്‍ വായിക്കേണ്ടതെന്തെന്നു തെരഞ്ഞെടുക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത അവസ്ഥ!! ഞാന്‍ വായിക്കേണ്ടതെന്താണെന്നു തിരുമാനിക്കേണ്ടതു ഞാനാണ്. അതുപോലെ രാജും, എതിരനുമാണ് അവര്‍ വായിക്കേണ്ടതെന്താണെന്ന് തീരുമാനിക്കേണ്ടതും..അല്ലാതെ ഈ കടല്‍ക്കിഴവന്മാരല്ല.
ബഷീറ് ഒരേ കഥതന്നെ പലയാവര്‍ത്തി എഴുതിയിട്ടും അതെല്ലാം പലതായി തോന്നി. എം.ടി പല കഥകള്‍ മാആറി മറിഞ്ഞ് എഴുതിയിട്ടും (മഞ്ഞ്,ഷെര്‍ലക് എന്നിവ മാറ്റി വെച്ചുകൊണ്ട്) എല്ലാമൊന്നായി തോന്നി
ബിംബവല്‍ക്കരണം ഒരു മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജികൂടെയല്ലേ? ബഷീറ് ബീഡിവലിച്ചു, കട്ടന്‍ ചായ കുടിച്ചു. ജോണ്‍ പൊതുസ്ഥലത്ത് അപ്പിയിട്ടു, വിദേശഫെസ്റ്റില്‍ ചെരുപ്പെറിഞ്ഞു... കൃതികള്‍ കാണാന്‍ ആര്‍ക്ക് നേരം ഇവരെ പറ്റി മറ്റുള്ളവര്‍ എഴുതുന്ന അനുഫവക്കുറിപ്പുകള്‍ തന്നെ വായിച്ചു തീര്‍ന്നിട്ടില്ല. പിന്ന്യാണ്
എം.ടി.യുടെ കഥാപാത്രങ്ങള്‍ പേറീനടക്കുന്ന നിഷേധാത്മകവികാരങ്ങളുമായി താദാത്മ്യം പ്രാപിച്ചവരായിരുന്നു
ഒട്ടുമിയ്ക്ക ശരാശരി മലയാളീ വായനക്കാരും.(ഇതൊരു കുറ്റമായിപ്പറഞ്ഞതല്ല)ഹൃദ്യയത്തിലെയ്ക്ക്
നേരെ വിരല്‍നീട്ടിത്തൊടുന്നതു
പോലെയുള്ള,കൃത്രിമത്വം തീരെയില്ലാത ഭാഷയുടെ വശീകരണശക്തി കുറച്ചുകാണാന്‍ പറ്റില്ല.
എംടിയൂടെ സ്ത്രീകഥാപാത്രങ്ങാളുടെ
ഉപരിപ്ലവതയെപ്പറ്റി ശാരദക്കൂട്ടി എഴുതിയിരുന്നു.പെണമന്‍സ്സാഴത്തിലറിഞ്ഞു എം.ടി സൃഷ്ട്ട്ടിച്ച ഒരേയൊരു കഥാപാത്രം,ഒരു പക്ഷെ,
‘പഞ്ചാഗ്ഗ്നി’യിലെ നായിക മാത്രമാകും.
“ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ വായനക്കാരോടാണ്. അവരാണ് നാലുകെട്ടിനെ ആദ്യം ആഘോഷിച്ചത്. കാലങ്ങളെ അതിജീവിക്കുന്ന കൃതികള്‍ ആഘോഷിക്കപ്പെടുന്നത് പുതിയ വായനകള്‍ക്ക് അവസരമൊരുക്കുമെങ്കില്‍ നല്ലകാര്യം. എന്റെ ഏറ്റവും മികച്ച കൃതിയോ ഇഷ്ടപ്പെട്ട കൃതിയോ നാലുകെട്ടാണെന്നു പറയാനാകില്ല. എന്നാല്‍, അച്ചടിച്ചുവന്ന ആദ്യ സാഹിത്യകൃതിയെന്ന മമത നാലുകെട്ടിനോടുണ്ട്. മാത്രമല്ല, നാലുകെട്ടിനു ലഭിച്ച കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡുതുകയായ 500 രൂപകൊണ്ടാണ് അച്ഛന്‍ പണയപ്പെടുത്തിയ വസ്തു തിരിച്ചുപിടിച്ചത്. ഇപ്പോഴും സജീവമായി നിലനില്‍ക്കുകയും കാലഭേദമില്ലാതെ നാലുകെട്ട് വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നതുതന്നെയാണ് അതിന്റെ വിജയം.
നാലുകെട്ടിലെ പല കഥാപാത്രങ്ങളും കൂടല്ലൂരിലും പരിസരത്തും ഞാന്‍ കാണുകയും പരിചയപ്പെടുകയും ചെയത്വരാണ്. എന്നാല്‍, അപ്പുണ്ണിക്ക് മാതൃകകളില്ല. അപ്പുണ്ണി സാങ്കല്‍പ്പിക കഥാപാത്രമാണ്്. നാലുകെട്ടിലെ പല സന്ദര്‍ഭങ്ങളും അനുബന്ധ കഥകളും അമ്മ ഗൃഹസദസ്സുകളില്‍ പറഞ്ഞവയാണ്. പത്രപ്രവര്‍ത്തകനായ കാലത്ത് കുറെ ആഴ്ചകള്‍തന്നെ ചെലവഴിച്ച് എഴുതിയതാണ് അത്. തൃശൂര്‍ കറന്റ് ബുക്സിലെ എം ജെ തോമസ് അത് അച്ചടിച്ച് അഞ്ചു രൂപയ്ക്ക് വില്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അതിശയമായിരുന്നു. 'രണ്ടിടങ്ങഴി' രണ്ടര രൂപയ്ക്കു വില്‍ക്കുമ്പോള്‍ നാലുകെട്ടിന്റെ അഞ്ചു രൂപ കടന്ന കൈയാണെന്നു തോന്നി. എന്നാല്‍, വില അവഗണിച്ച് കൃതി വായിക്കപ്പെട്ടു. ഇപ്പോള്‍ റീപ്രിന്റുകളുടെ കെട്ടുകള്‍ വരുമ്പോള്‍ എന്നിലെ എഴുത്തുകാരന്റെ മനസ്സ് സന്തോഷിക്കുകയാണ്.”
എം റ്റിക്കു പോലും വലിയ അവകാശവാദങ്ങളില്ല നാലുകെട്ടിനെക്കുറിച്ച് എന്നല്ലേ അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ സൂചിപ്പിക്കുന്നത്?
പാലിയത്തിന്റെ സംസാരം റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല
M.T ക്ക് പകരം വയ്ക്കാന്‍ മറ്റൊരു M.T ഉണ്ടാകാത്തിടത്തോളം കാലം ഈ ചര്‍ച്ചക്ക് എന്തു പ്രശസ്തിയാണുള്ളത്. തന്നെയുമല്ല സിനിമയാണെലും സാഹിത്യമാണെലും M.Tയെന്ന ആ രണ്ടു വാക്കിനോട് പകരം വയ്ക്കാന്‍ എന്താണിന്നുള്ളത് മലയാളത്തിന്
എം.ടിയ്ക്കുണ്ടെന്നു പറയപ്പെടുന്ന ജനസമ്മതിയെ ശരാശരി മലയാളിയുടെ വായനാശീലങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നു കരുതുന്നു.
ഇന്ന് 25-40 വയസ്സു പ്രായമുള്ളവരുടെ തലമുറ, സാഹിത്യവായന തുടങ്ങുന്നത് ശരാശരി 7-9 ക്ലാസുകളിലാണ്. സ്വഭാവികമായും കൈയില്‍ ആദ്യംകിട്ടുക ഏം.ടിയും മുകുന്ദനും സി. രാധാകൃഷ്ണനും തകഴിയുമൊക്കെ തന്നെ. (ബഷീറിനെ ബാലസാഹിത്യമായി മുദ്രയടിക്കപെട്ടതിനാല്‍ ഗൌരവമില്ലാതെ വായിക്കുന്നു ) വിജയനും എം.സുകുമാരനും ഉറൂബും വി.കെ.എന്‍ തുടങ്ങിയവരും അല്പം കട്ടിയാണ് ആ പ്രായത്തില്‍. വലിയൊരു ശതമാനം പത്താം ക്ലാസു കഴിയുമ്പോള്‍, സിനിമകണ്ടു തുടങ്ങുമ്പോള്‍ വായന കുറയുന്നു. ഇനി തുടരുന്നവര്‍ +2കഴിയുമ്പോളേക്കും വിജയനും സക്കറിയയും എത്തിയിരിക്കും. അവിടെ വീണ്ടും വലിയൊരു ശതമാനം വായന ‘നിര്‍ത്തുന്നു’.
അതായത് മേതിലിനെയോ ആനന്ദിനെയോ ഉറൂബിനെയോ പട്ടത്തുവിളയെയോ വായിക്കാന്‍ ആകൂന്നതിന് മുന്‍പ് ശരാശരി മലയാളി വായന അവസാനിപ്പിക്കുന്നു. അപ്പോള്‍ സ്വന്തം വായനാനുഭവം വെച്ച് കേമന്‍ എം.ടി തന്നെ. പോരാത്തതിന് മീഡിയ( പോപ്പുലര്‍-പൈങ്കിളി സിനിമയടക്കം) പ്രൊമോട്ടു ചെയ്യുന്ന ഇമേജും. (പഞ്ചാഗ്‌നിയും വടക്കന്‍ വീരഗാഥയുമടക്കമുള്ള പൈങ്കിളികള്‍ ശരാശരി മലയാളിയ്ക്ക് കലാമൂല്യമുള്ള ചിത്രങ്ങളാണല്ലോ)
ഇവിടെ നാലുകെട്ട് കേമമെന്നു പറഞ്ഞവരില്‍ മരുഭൂമിയോ സൂര്യവംശമോ സുന്ദരികളും സുന്ദരന്മാരുമോ ഗോവര്‍ദ്ധന്റ്റെ യാത്രകളോ വായിച്ചവരൊന്നു കൈ പൊക്കാമോ??
ഒരു തെരുവിന്റെയും ദേശത്തിന്റെയും കഥകള്‍?
നാലുകെട്ടിന്റെ പ്രസക്തി അതിന്റെ ഭാഷയാണ്. മലയാള സാംസ്കാരിക രംഗത്ത് വള്ളുവനാടന്‍ ഭാഷ്യ്ക്കുള്ള മേല്‍ക്കോയ്മ(?)യുടെ തുടക്കം നാലുകെട്ടിലായിരിക്കും. അന്നു വരെയുള്ള സാഹിത്യശീലങ്ങള്‍ക്ക് ആ ഭാഷ പുതുമയായിരുന്നു.
മലയാളി സമൂഹത്തില്‍ ചിലര്‍ ഇന്നും 60-കളില്‍ ജീവിക്കുന്നതിനാല്‍ അതിന് ഇന്നും(മേല്‍പറഞ്ഞ ചരിത്രപരമായതല്ലാത്ത) പ്രസക്തിയുണ്ടെന്ന് ചിലര്‍ക്ക് തോന്നുക സ്വഭാവികം.
അനൂപ് എസ് ‘നായര്‍’ പറഞ്ഞതു പോലെ എം.ടിയ്ക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല. പക്ഷെ അത് എം.ടിയ്ക്ക് മാത്രമല്ല ഒരാള്‍ക്കും പകരം വെയ്ക്കാന്‍ മറ്റൊരാളില്ല. അല്ലെങ്കില്‍ എന്തിനാണ് ഒരാള്‍ക്ക് പകരം മറ്റൊരാളെ ‘വെക്കുന്നത്‘?
ചര്‍ച്ച വഴി തിരിഞ്ഞു പോകുമോ എന്നു ഭയമെണ്ടെങ്കിലും എന്നെ എന്നും കുഴക്കിയിട്ടുള്ള ഒരു കാര്യം സൂചിപ്പിക്കട്ടെ.
അത് എം.ടിയുടെ പേരിലെ ആ നായര്‍ എന്ന വാലാണ്. കേരളത്തിലെ തകഴി-കാരൂര്‍-തലമുറയ്ക്കു ശേഷം വന്ന എഴുത്തുകാരാരും തങ്ങളുടെ ജാതി പേര് ഉപയോഗിച്ചിട്ടില്ല..എം.ടിയല്ലാതെ.
കെ.ടി മുഹമ്മദും എന്‍.പി മുഹമ്മദും ‘മുസ്ലിം കാര്‍ഡ്’ കളിയ്ക്കാതിരുന്നതാണ് മാധ്യമങ്ങള്‍ക്ക് അനഭിമതരായതിന് ഒരു കാരണമെന്ന് മെര്‍കുഷ്യോ നിരീക്ഷിക്കുന്നു .
ഇതേ ലോജിക് ഉപയോഗിച്ചാല്‍ എം.ടിയുടെ ജനപ്രീതിയ്ക്ക് ആ ജാതി പേര് എത്രകണ്ടു സഹായിച്ചിട്ടുണ്ട്. ജാതിപേര് ഉപയോഗിച്ചതിന് ഇ.എം.എസിനെയും പി.ജി യെയും നായനാരെയും വിമര്‍ശിച്ചവരാണ് മലയാളികള്‍. എന്തു കൊണ്ടാണ് എം.ടി ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടാതെ പോയത്?
ജാതി പോലെ, മറ്റൊരു മനുഷ്യന് സ്വപ്രയത്നത്താല്‍ ആര്‍ജ്ജിക്കാന്‍ കഴിയാത്ത എന്തെങ്കിലും ഐഡന്റിറ്റിയായി കൊണ്ടു നടക്കുന്നവരോട് എനിക്കുള്ള വിപ്രതിപത്തിയായിരിക്കാം ഈ ചിന്തയ്ക്കു കാരണം. ജാതി പേരില്‍ ഉപയോഗിക്കുന്നതിന് ഒരു ‘സര്‍നെയിം’ എന്നതില്‍ കവിഞ്ഞ് അര്‍ഥങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു.
ഈ കമന്റ് എഴുത്തിനേക്കാള്‍ വ്യക്തിയെ മുന്നില്‍ കാണുന്നതിനാല്‍ ‘നെഗറ്റീവ്’ ആയി ഞാന്‍ തന്നെ കാണുന്നു. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല.
എന്റെ മുന്‍കമന്റു കാരണം ഈ ചര്‍ച്ച വഴിതെറ്റരുത് എന്ന് ആഗ്രഹമുള്ളതില്‍ ജാതി പേരില്‍ ഉപയോഗിക്കുന്നതിനെ പറ്റി ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് . അതു സംബന്ധിച്ച ചര്‍ച്ചകള്‍ അവിടെയാകാം.
ഇവിടെ വായനയുടെ നാലുകെട്ടുകളെക്കുറിച്ച് മാത്രം സംസാരിക്കാം.
റോബി പറഞ്ഞതല്ലെ വാസ്തവം. നാലുകെട്ടിന്റെ പ്രസക്തി എന്നു പറയുന്നത് അതിന്റെ വള്ളുവനാടന്‍ ഭാഷക്കുള്ള മേല്‍ക്കോയ്മ തന്നെയാണ്. അല്ലെങ്കില്‍ അതു മാത്രമാണ്. സവര്‍ണ്ണ മേധാവിത്വത്തിന്റെ ഈ ഭാഷയെ മലയാളത്തിന്റെ പൊതുഭാഷയാക്കി അല്ലെങ്കില്‍ മാതൃകാഭാഷയാകി മാറ്റുവാനുള്ള ഏറെക്കുറെ ഗൂഡമായ ഒരു നീക്കം നടന്നിട്ടുണുവെന്ന് വളരെ സത്യമായ ഒരു കാര്യമാണ്. സാഹിത്യമായാലും സിനിമയായാലും സംസ്ക്കാരമെന്നാല്‍ വള്ളുവനാടന്‍ സംസ്ക്കാരമാണെന്ന് ബോധിപ്പിക്കുവാനുള്ള ശ്രമം. മറ്റു ഭാഷകള്‍ ഉദാഹരണമായി തിരോന്തരം ഭാഷ എന്നു കളിയാക്കി വിളീക്കുന്ന ഭാഷയില്‍ എന്തെങ്കിലും എഴുതിയാല്‍ അതു കോമഡിയാവുകയും, വള്ളുവനാടന്‍ ഭാഷയില്‍ എഴുതിയാല്‍ അതു ക്ലാസിക് ആകുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം. നാലുകെട്ടിന്റെ പ്രസക്തി നായറ് തറവാട്ടില്‍ അന്നത്തെ കാലഘത്തില്‍ സാധാരണയായി നടന്നു വന്നിരുന്ന ഒന്നിനെ എഴുത്തിന്റെ മേഖലയിലേക്ക് കൊണ്ട് വന്നു എന്നതു മാത്രമാണ്. അല്ലാതെ അതൊരു ക്ലാസിക് കള്‍ട്ട് സാഹിത്യമായി മാറുവാന്‍ മാത്രം മികച്ച ഒന്നുമല്ല തന്നെ.
വിജയന്റെ കൃതികള്‍ വായിക്കുമ്പോഴുണ്ടാകുന്ന ആ ഗൃഹാതുരത്വവും മറ്റും മറ്റേതു എഴുത്തുകാരനാണ് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ബഷീറിനൊഴിച്ച്. ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി കൂമന്‍ കാവില്‍ ചെന്നിറങ്ങുമ്പോഴുണ്ടാകുന്ന അനുഭവം വായിക്കുമ്പോള്‍ അനുവാചകനും അതേ ഒരു മാനസികല നിലയിലേക്കു എത്തിചേരുന്നു. അതുപോലെ ബഷീറിയന്‍ സാഹിത്യം വായിക്കുമ്പോഴുണ്ടാകുന്ന ആ ഒരനുഭൂതി എം ടിയുടെ നാലുകെട്ട് വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ടൊ?
ആനന്ദിന്റെ ഞാനാദ്യം വായിക്കുന്ന കൃതികളിലൊന്ന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന കൃതിയാണ്. ഭാഷയുടെ കട്ടികൊണ്ടാകാം മനസ്സില്‍ ഒരു നേരിയ ഓര്‍മ്മ മാത്രമെ അതിനെക്കുറിച്ചുള്ളൂ. അതുപോലെ ഗോവര്‍ദ്ധന്റെ യാത്രയും. പക്ഷെ ഇതെ ഗണത്തില്‍ ഒരിക്കലും പെടുത്താന്‍ കഴിയുന്ന കൃതികളല്ല ദേശത്തിന്റെ കഥയും, തെരുവിന്റെ കഥയും. അതില്‍ സാധാരണക്കാരന്റെ ഭാഷയാണ് പൊറ്റെക്കാട്ടുപയോഗിച്ചിരിക്കുന്നത്. എം ടിക്കു കഴിയാത്തതും അതു തന്നെ.
എന്നിട്ടൂം നാലുകെട്ടിനു ആരാധകരുണ്ടായി, വായനക്കാരുണ്ടായി, അത്ഭുതം തന്നെ...
വീണ്ടും ബഷീറിലേക്ക്, ബഷീറിനെ ഒരു ബാലസാഹിത്യകാരനായി മുദ്രകുത്തിയതാരാണ്. എന്നിട്ടൂം ഈ മുദ്രകുത്തലിനെയെല്ലാം അതിജീവിച്ച് ബേപ്പൂര്‍ സുല്‍ത്താന്‍ എങ്ങനെ മലയാളിയുടെ സുല്‍ത്താനായി. ബഷീറിനെ കാണുന്ന ഒരു മാനസിക നിലയൊടെ എന്തു കൊണ്ട് എം ടി യെ കാണുവാന്‍ സാധിക്കുന്നില്ല. അപ്പോഴും ഉത്തരം നേരത്തെ പറഞ്ഞതു തന്നെ..
സ്വന്തം അനുഭവം ബഷിറ് എഴുതിയപ്പോള്‍ അതു സാധാരണക്കാരന്റെ അനുഭവമായി വായനക്കാരന് തോന്നി. എന്നാല്‍ എം ടി ഭാവനയില്‍ നിന്നെഴുതിയത് അത്രത്തോളം വായനക്കാരെ പിടിച്ചു നിര്‍ത്തിയില്ല , പകരം ഒരു കൂട്ടം നിരുപണ ബുദ്ധിജീവികള്‍ ഒന്നിച്ചു കൂട്ടമായി നിന്നു ഇതിനെ ഒരു ക്ലാസിക് കള്‍ട്ട് സാഹിത്യമാക്കി മാറ്റി.
റോബി പറഞ്ഞത്പോലെ അറുപതുകളിലും മറ്റും ജീവിക്കുന്നവര്‍ക്കു നാലുകെട്ട് ഇന്നും ക്ലാസിക് തന്നെ..!!!
പോസ്റ്റില്‍ പറഞ്ഞത് പോലെ തന്നെ സൂഫിയെ പോലെ ജീവിച്ച ബഷീറിനെ പിടിച്ചു സുല്‍ത്താനാക്കി, ബഷീറിന്റെ മുറ്റത്തെ ചാമ്പയ്ക്കയെ പോലും വെറുതെ വിട്ടില്ല, എന്റുപ്പുപ്പായ്ക്കൊരാണ്ടാര്‍ന്ന് എന്ന് തമാശവാചകമായി, നീലവെളിച്ചം എത്ര പേര്‍ വായിച്ചുവോ ആവോ? എന്നിട്ടിപ്പോള്‍ ചോദിക്കുന്നു ആരാണ് ബാലസാഹിത്യകാരനാക്കിയതെന്ന് :-) [എന്റുപ്പൂപ്പയ്ക്കൊരാനേണ്ടാര്‍ന്ന് എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ ആ കൃതിയെപ്പറ്റി ഒരു സഹൃദയന്‍ എഴുതിയ അഭിപ്രായം ഒന്ന് വായിച്ചു നോക്കണേ ഇഗ്നൈറ്റഡ്, ബഷീര്‍ എന്ന ബാലസാഹിത്യകാരന്‍ പിന്നെയും ഭേദമായിരുന്നെന്ന് തോന്നും]
എംടിയെ പ്രതി ചേര്‍ക്കുന്നവര്‍ തങ്ങളാണ് പ്രതികളെന്ന് തിരിച്ചറിയാതെ പോകുന്നത് കൊണ്ടാണ് ഈ കമന്റ്.
ഒരു അന്‍പത് വര്‍ഷം കൂടി കഴിഞ്ഞാല്‍ എം.ടി ഓര്‍മ്മിക്കപ്പെടുന്നത് ഭേദപ്പെട്ട ചില ചിത്രങ്ങളുടെ സംവിധായകനായും, നല്ല ഒരു തിരക്കഥാകാരനായും ആയിരിക്കും. മലയാള സാഹിത്യത്തില്‍ എം.ടി യുടെ സംഭാവന മറക്കപ്പെടാവുന്നതേ ഉള്ളൂ. (ഷെര്‍ലക്ക് എന്ന കഥയുള്‍പ്പടെ - രണ്ടാമൂഴം, നാലുകെട്ടിനേക്കാളും ട്രാഷ് ആണെന്നാണ് എന്റെ വിശ്വാസം.)
സി. രാധാകൃഷ്ണനും, പാവം, മുന്‍പേ പറക്കുന്ന പക്ഷികള്‍ സീരിസില്‍ വിഗ്രഹവത്‌കരിക്കപ്പെടുകയല്ലേ? അദ്ദേഹം ആദ്യകാലത്തെഴുതിയ പുള്ളീപ്പുലികളും വെള്ളിനക്ഷത്രങ്ങളും ആണ് ഇപ്പോഴും അങ്ങേരുടെ മാസ്റ്റര്‍പീസ് എന്നാണ് തോന്നുന്നത്.
കാലതിവര്‍ത്തിയാകുമെങ്കില്‍ അത് ക്ലാസിക്കാവും,അല്ലെങ്കില്‍ അത് കാലത്തിന്റെ ക്ലോസറ്റില്‍ പോകും.
ജനം വായിക്കുന്നു എന്നത് കൊണ്ട് ചില കൃതികള്‍ മോശമെന്നും പൈങ്കിളിയെന്നും ജനം വായിക്കാത്തത് കൊണ്ട് മറ്റ് ചിലത് മഹത്തരമെന്നും പറയുന്നതില്‍ എത്ര കാമ്പുണ്ടെന്ന് മനസ്സിലാകുന്നില്ല.അതാണ് ക്ലാസിക്കിന്റെ നിര്‍വചനമെങ്കില്‍ മാര്‍ക്കേസും സമരാഗോവും ഒന്നും ക്ലാസിക്കുകള്‍ എഴുതിയിട്ടില്ല എന്നു പറയേണ്ടിവരും.ഭേദപ്പെട്ട റീഡര്‍ഷിപ്പുള്ളവരാണ് ഇവരൊക്കെ.
വായന സൃഷ്ടിക്കുന്ന അനുഭൂതിയുടെ തലം വളരെ പ്രസക്തമാണ്.കുറെയൊക്കെ അത് വൈയക്തികവും വായനക്കരന്റെ കാലഘട്ടത്തോട് ബന്ധപ്പെട്ടതുമാണ്.പുതിയ തലമുറയിലെ ഒരു വായനക്കാരന് ഖസാക്കിലെ അഗമ്യഗമനങ്ങള്‍ വലിയ ഞെട്ടലുകള്‍ക്ക് തീ കൊടുക്കണമെന്നില്ല. അത് 18 വര്‍ഷം മുന്‍പ് ആസ്വദിച്ച എനിക്ക് ഇന്നങ്ങനെ തന്നെ ഒരു പുനര്‍വായന സാധ്യമാവണമെന്നുമില്ല.
വായനകള്‍ക്കു നന്ദി.
രാജിന്റെയും റോബിയുടെയും അഭിപ്രായങ്ങള്‍ പ്രസക്തമാണെന്നു തോന്നി. പ്രത്യേകിച്ചും, ഓരോ പ്രായത്തിലും ഉണ്ടാകുന്ന വായനാനുഭവത്തെക്കുറിച്ചുള്ള റോബിയുടെ ആ വിലയിരുത്തല്‍.
മേതിലിന്റെ അഭിപ്രായം കിറുകൃത്യമായ ഒന്നാണെന്നാണ് എന്റെയും പക്ഷം, പ്രശാന്ത്..
ഇഗ്നൈറ്റഡിന്റെ വിലയിരുത്തലില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കിലും വസ്തുനിഷ്ഠത ഉണ്ടെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. മുകുന്ദന്റെ മയ്യഴീയും, കേശവനുമൊക്കെ സാഹിത്യത്തില്‍ എന്തെങ്കിലുമൊരു പുതിയ സൌന്ദര്യാനുഭവം ഉണ്ടാക്കിയെന്നും അഭിപ്രായമില്ല. വള്ളുവനാടന്‍ ഭാഷക്ക് എന്തെങ്കിലും സവര്‍ണ്ണമേധാവിത്വമോ, അധീശത്വസംസ്കാരമോ ഉണ്ടെന്നും കരുതുന്നില്ല. മറിച്ച്, അതിനെ ഉപയോഗിച്ചത് (പ്രത്യേകിച്ചും സിനിമക്കാര്‍)ഒരു നാടിന്റെ ഗ്രാമവിശുദ്ധിയെ അടയാളപ്പെടുത്താന്‍ എന്ന നിലക്കായിരുന്നു. ഒരു പ്രദേശത്തെ നാട്ടുമൊഴിക്ക് (dialect) പ്രത്യേക സൌന്ദര്യവും, കേള്‍വിസുഖവും, ശാലീനതയും ഒക്കെ ഉണ്ടെന്ന് മുന്‍വിധിയെഴുതിയ ശരാശരി മലയാളിയുടെ വികലമായ പ്രാദേശിക രുചിബോധത്തെയാണ് ഞാന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുക. എം.ടി.ക്ക് പരിചയമുണ്ടായിരുന്നതും, അദ്ദേഹം തന്റെ കൃതികളില്‍ ഉപയോഗിച്ചതും, അതായിപ്പോയി എന്നു മാത്രം.
വിജയന്റെ ഭാഷ വായിക്കുമ്പോള്‍ ഗൃഹാതുരത്വമാണ് ഉണ്ടാകുന്നത് എന്ന നിരീക്ഷണവും ബഹുതമാശയായി തോന്നി ഇഗ്നൈറ്റഡ്. ധാരാളം അര്‍ത്ഥതലങ്ങള്‍ ദ്യോതിപ്പിക്കുന്ന ഒരു ദാര്‍ശനിക ഭാഷയാണ്, വിജയന്‍ ഉപയോഗിച്ചിരുന്നത്. വിജയന്റെ പാലക്കാടന്‍ ഭാഷാപ്രയോഗങ്ങളില്‍പ്പോലും, ആ ഒരു ദാര്‍ശനിക ഭാഷ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.
ഹാരോള്‍ഡ്
റാംമോഹനനും ഏകദേശം ജ്യോതിയുടെ ലൈന്‍ തന്നെയാണ് പിന്‍തുടര്‍ന്നത്. മലയാള നോവല്‍ സാഹിത്യം എത്ര ശുഷ്കമാണെന്നു മനസ്സിലാക്കാന്‍, പാശ്ചാത്യ നോവല്‍ സാഹിത്യങ്ങളിലേക്ക് കണ്ണയച്ചാല്‍ മതി എന്ന മട്ടിലൊക്കെയായിരുന്നു റാം മോഹന്റെ മറ്റു നിരീക്ഷണങ്ങള്‍. അത് മറ്റൊരു ന്യൂനോക്തിയായിട്ടേ തോന്നുന്നുള്ളു. മലയാള സാഹിത്യത്തെ ഒരു ഭാഗത്തും, ‘പാശ്ചാത്യ’ സാഹിത്യത്തെ (ഏതുമുതല്‍ ഏതുവരെയാണ് ആ പറഞ്ഞ സാഹിത്യം??)മറ്റൊരു ഭാഗത്തും വെച്ച്, തുലാഭാരം നടത്തുന്നതില്‍ അര്‍ത്ഥമില്ല്ല. അനര്‍ത്ഥം വേണ്ടുവോളം ഉണ്ടുതാനും.
എം.ടി യുടെ കൃതികള്‍ നല്ല വായനാനുഭവം ആണു.ബാക്കിയൊക്കെ വെറും ലഹളകള്‍.വ്യക്തി നമുക്കൊന്നും അല്ല.പുസ്തകം ആണു പ്രധാനം.നാലുകെട്ട് എം ടി യുടെ കീ തീം ആണു.അതു തുടര്‍ച്ചയായി എഴുതി.നല്ല ഭാഷ.50 വര്‍ഷം ആഘോഷിക്കുക തുടങിയവ കുറേ മൂടുതാങികള്‍ ചെയ്യുന്ന വിദ്യ.അതൊന്നും എം.ടി.കൃതികളെ ബാധിക്കുന്നില്ല.50 വര്‍ഷത്തെ ജീവിതമേ എം,ടി.കൃതികള്‍ക്കുള്ളൂ.തകഴിയും കാരൂരും ഒക്കെ പോയില്ലേ...എം.ടി റ്റുടെ കാലത്തെ വിജയനും ആനന്ദും ഇനിയും നിലനില്‍ക്കും...ഒരു 50 വര്‍ഷം കൂടി.
മറ്റൊന്നു കൂടി കൂട്ടി ചേര്‍ക്കാനുണ്ടെന്നു തോന്നുന്നു..അത് എം.ടിയുടെ രാഷ്ട്രീയ ഇടപെടലുകളാണ്.
അദ്ദേഹത്തിന്റെ എഴുത്തുകളില്‍ അരാഷ്ട്രീയവാദം ഏറെക്കുറെ പ്രകടമാണെങ്കിലും അടുത്തകാലത്തെ അദ്ദേഹത്തിന്റെ ചില സാമൂഹിക ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു. മുത്തങ്ങയില്‍ ആന്റ്റണി പോലീസ് നരഹത്യ നടത്തിയപ്പോള്‍ അവിടെ ചെന്നതും ആദിവാസിസഹോദരങ്ങളോടൊപ്പം ചേര്‍ന്നതും ഉദാഹരണം.
എം.ടി ഇനിയും എഴുതുകയാണെങ്കില്‍ അതില്‍ അദ്ദേഹത്തില്‍ ഇന്ന് പ്രത്യക്ഷമാകുന്ന രാഷ്ട്രീയബോധം പ്രതിഫലിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം
കറവവറ്റിയ മാടിനെ കത്തിവെക്കാന്‍ അറവുശാലയിലേക്കാണ് നയിക്കുക. ആ സ്ഥാനത്ത് സാഹിത്യകാരനാവുമ്പോള്‍ ആദരവിന്റെ കത്തിവെക്കാന്‍ വേദിയിലേക്കു നയിക്കുകയാണ് പതിവ്. ഈ വിഡ്ഡിത്തം മനസ്സിലാക്കിയ കുറച്ചാളുകള്‍ ഇതില്‍പെടാതെ മാറിനിന്നു. മാടില്‍നിന്നും വല്യവ്യത്യാസമില്ലാത്തവര്‍ ആദരവു തേടി നടക്കും. അവാര്‍ഡും. അപ്പോ ഓര്‍ക്കാട്ടേരി ചന്തയിലെ മാടിനെ വര്‍ണിക്കുമ്പോലെ വസുദേവാദികീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ കുറെ ശിഖണ്ഡികളും കാണും. സ്വന്തമായി നല്ലൊരകിടില്ലാത്തവര്‍ക്കു സാഹിത്യരംഗത്ത് പിടിച്ചുനില്‌ക്കാനുള്ള ഒരു വഴി ഉറവവറ്റിയവര് പണ്ടുചുരത്തിയ മഹത്വം വിവരിച്ച് ആളാവലാണ്. അതിനുനിന്നുകൊടുക്കേണ്ടത് വാസുദേവാദികളുടെ നിലനില്‌പിന്റെ പ്രശ്‌നവുമാണ്.
എം.ടി.യുടെ “മഞ്ഞാ”ണ് എനിക്ക് മികച്ച കൃതിയായി തോന്നിയിട്ടുള്ളത്. മറ്റു മലയാള നോവലുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ “രണ്ടാമൂഴവും” “അറബിപ്പൊന്നും” (എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ) വലിയ കുഴപ്പമില്ലാത്തവ തന്നെ.
പുഴ.കോമിലെ ‘മിറര്‍ സ്ക്കാനില്‍’ ഈ വിഷയവുമായി ബന്ധപ്പെട്ട്, എം.ടി-യെ തെറിവിളിച്ചുകൊണ്ട് ഒന്നു രണ്ടു ലേഖനങ്ങള്‍ വന്നിരുന്നു:
തന്റെ രചനാ രീതിയിലും സ്യഷ്ടിയിലും വളരെയധികം ആത്മസന്തോഷം കണ്ടെത്തിയ ഒരാളാണ് എം.ടി. എന്നാണ് എനിക്കു മനസിലക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
അതാണല്ലോ ആദ്യം വേണ്ടത് !
..പിന്നെ രചനകള്‍ ഇഷ്ടപ്പെടുന്നതും ഇല്ലാത്തതും വായനക്കാരന്റെ ഇഷ്ടം.അതിന് എപ്പോഴും രണ്ടഭിപ്രായം ഉണ്ടാകും;ഉണ്ടാകണം.
ചിത്രകാരന്റെ ബെല്ലും,ബ്രൈക്കുമില്ലാത്ത പ്രതികരണം ഇവിടെ ഇടുന്നില്ല. കമന്റു ഭരണിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം ഉപ്പിലിട്ടുവച്ചിരിക്കുന്നു.
ലിങ്ക്:പേരിന്റെ വാലായി നാറുന്ന ജാതിപ്പേര്
Post a Comment