Monday, April 21, 2008

വാരിക്കുഴികള്‍

ദേശാഭിമാനി പത്രത്തിന്റെ പ്രചരണതന്ത്രം ഗംഭീരമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഇന്നാണ്‌ കണ്ടത്‌. ഒരു ഇ-മെയില്‍ വഴി വന്നിരിക്കുന്നു. ആരൊക്കെയാണ്‌ പത്രത്തിന്റെ പബ്ലിക്ക്‌ റിലേഷന്‍സിനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്‌? വന്ദ്യവയോധികരായ ആത്മീയ നേതാക്കള്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയും മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപൊലീത്ത മാര്‍ ക്രിസോസ്റ്റവും.

ദേശാഭിമാനി വാങ്ങുന്നവരെയും അല്ലാത്തവരെയും രണ്ടായി തരം തിരിക്കുന്നുമുണ്ട്‌ പത്രത്തിന്റെ പരസ്യം.

ആരൊക്കെയാണ്‌ ദേശാഭിമാനി വായിക്കുന്നതും / വാങ്ങുന്നതും?

ഉത്തരം:

1. പത്രങ്ങളെ ഗൗരവമായി സമീപിക്കുന്നവര്‍.
2. ഇനി വരാന്‍ പോകുന്ന തങ്ങളുടെ തലമുറ വാര്‍ത്താവിശകലന ശേഷിയുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവര്‍.

ആരൊക്കെയാണ് ദേശാഭിമാനിയെ കുറ്റം പറയുന്നവര്‍?

1. ഒരിക്കലെങ്കിലും ദേശാഭിമാനി തുറന്നുനോക്കുകയോ വായിക്കുകയോ ചെയ്യാത്തവര്‍.
2. പത്രങ്ങള്‍ വായിക്കുവാന്‍ യാതൊരു താത്‌പര്യവുമില്ലാത്തവര്‍.
3. മലയാളം അറിയാത്തവര്‍.

തീര്‍ന്നില്ല, ഒടുവില്‍ ഇതാ വരുന്നു അറ്റകൈ പ്രയോഗം. ദേശാഭിമാനി വരിക്കാരനാകൂ, ഒരു പരിപൂര്‍ണ്ണ മനുഷ്യനാകാന്‍ അവനവനെയും, സുഹൃത്തുക്കളെയും, കുടുംബത്തെയും സഹായിക്കൂ. അതായത്, ഒരു കം‌പ്ലീറ്റ് മാന്‍. പരിപൂര്‍ണ്ണതയെ ക്ഷിപ്രസാദ്ധ്യമാക്കിയ ഈ റെയ്‌മണ്ട് ബുദ്ധിവൈഭവത്തെ എത്ര പ്രശംസിച്ചാ‍ലാണ് മതിയാവുക?

ആധുനിക വിപണനതന്ത്രത്തിന്റെ പ്രധാന ഘടകമാണ്‌ പരസ്യം. സൂക്ഷ്മവും സ്ഥൂലവുമായ ധ്വനി-ബിംബങ്ങളിലൂടെ ഉത്‌പന്നത്തെയോ ഒരു ആശയത്തെത്തന്നെയോ ആളുകളിലേക്കെത്തിക്കുക എന്നത്‌ ഒരു ശ്രമകരമായ ജോലിയാണ്‌. അതിന്റെ ശ്ലീലാശ്ലീല വരമ്പുകളും വ്യക്തമായി പാലിക്കപ്പെടേണ്ടതുണ്ട്‌. സമൂഹത്തിലെ വിവിധ അധീശത്വ-വിവേചന സങ്കല്‍പ്പങ്ങളെ വരികളുടെയും വരകളുടെയും ഉള്ളിലൊളിപ്പിക്കുന്ന പരസ്യകലയുടെ സാദ്ധ്യതകളും അപാരമാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.

ആധുനിക കമ്പോളത്തിലെ മറ്റേതൊരു ഉത്‌പന്നത്തെയുംപോലെ പത്രങ്ങള്‍ക്കും പരസ്യകലയെ ആശ്രയിക്കേണ്ടിവരും. അതിലൂടെ വരിക്കാരെ വര്‍ദ്ധിപ്പിക്കേണ്ടിവരും. അതിനുവേണ്ടി ശരിയും തെറ്റുമായ പല അവകാശവാദങ്ങളും ഉന്നയിക്കേണ്ടതായും വന്നേക്കാം. ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്നൊക്കെ പറയുമ്പോള്‍, കോടിക്കും വിശ്വസ്തതക്കുമൊന്നും ഒരു വിലയുമില്ലെന്നും സ്വര്‍ണ്ണത്തിനു മാത്രമേ അതുള്ളുവെന്നും നമുക്കറിയാം.

പക്ഷേ ഒരു പത്രം, മുകളില്‍പ്പറഞ്ഞ വിവരദോഷങ്ങള്‍ വിളമ്പുമ്പോള്‍ ചിലത്‌ ചോദിക്കാതെ വയ്യ.

മള്ളിയൂരിനെയും തിരുമേനിയെയും ഉള്‍പ്പെടുത്തിയ സ്ഥിതിക്ക്‌, മിനിമം ഒരു മൊല്ലാക്കയെയെങ്കിലും തിരുകിക്കയറ്റേണ്ടതായിരുന്നില്ലേ?

ദേശാഭിമാനി വായിക്കുന്നവര്‍ പത്രങ്ങളെ ഗൗരവമായി സമീപിക്കുന്നവരും, ഭാവിതലമുറക്ക്‌ വാര്‍ത്താവിശകലന ശേഷി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമാണെന്ന കണ്ടെത്തലില്‍ കുഴപ്പമൊന്നുമില്ല.പക്ഷേ, ആ പത്രത്തെ വിമര്‍ശിക്കുന്നവരൊക്കെ, ആ പത്രം വായിക്കാത്തവരും വാങ്ങാത്തവരുമാണെന്നും, അവര്‍ക്കൊന്നും മലയാളമറിയില്ലെന്നുമൊക്കെ എഴുന്നള്ളിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കാനാവില്ല സഖാവേ.

ഈ തരംതിരിവുകള്ള് ദേശാഭിമാനിയുടെ സ്വന്തം വാചകങ്ങളാണോ, അതോ, ആ മെയില്‍ പ്രചരിപ്പിച്ചവരുടെ സ്വന്തം കണ്ടെത്തലും കൂട്ടിച്ചേര്‍ക്കലുമാണോ എന്നറിയില്ല. രണ്ടായാലും തികഞ്ഞ അസംബന്ധമാണത്‌.

പത്രങ്ങളുടെയും അവയിലെ വാര്‍ത്തകളുടെയും സത്യസന്ധതയെക്കുറിച്ച്‌ ആര്‍ക്കും മുന്‍വിധികളില്ലാത്ത കാലത്തിലൂടെയാണ്‌ ഇന്ന് നമ്മള്‍ നീങ്ങുന്നത്‌. അവനവന്റെ മത-സാമുദായിക-രാഷ്ട്രീയ വിശ്വാസങ്ങളുടെ വാര്‍ത്താജിഹ്വകള്‍ വാങ്ങുന്നവരും, അതില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുന്നവരുമുണ്ടാകാം. എങ്കിലും, കാര്യങ്ങളുടെ നിജസ്ഥിതിയറിയാന്‍ കൂടുതല്‍ പേര്‍ സമാന്തര മാദ്ധ്യമങ്ങളെയും, ഒന്നില്‍ക്കൂടുതല്‍ പത്രങ്ങളെയും ആശ്രയിക്കുന്ന മാറിയ കാലഘട്ടമാണ്‌ നമ്മുടേത്‌. ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും സ്വന്തം പാര്‍ട്ടിയുടെ പത്രത്തിലെയോ, ചാനലിലെയോ വാര്‍ത്തയെ മാത്രം വിശ്വസിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുന്നുണ്ടാവില്ല. ചെയ്യുകയുമരുത്‌, സ്വബോധമുണ്ടെങ്കില്‍. അതില്ലെങ്കില്‍ പിന്നെ, എന്തും ഏതും ആകാം.

ദേശാഭിമാനിപോലുള്ള ഒരു കമ്മ്യൂണിസ്റ്റു പത്രമെങ്കിലും ഇത്തരത്തിലുള്ള വിലകുറഞ്ഞ പരസ്യതന്ത്രങ്ങളെയും പരസ്യവാചകങ്ങളെയും ഒഴിവാക്കേണ്ടതുണ്ട്‌. സാധാരണക്കാരായ ആളുകള്‍ വായിക്കുന്ന പത്രം എന്ന രീതിയില്‍ ദേശാഭിമാനിയെ അവതരിപ്പിക്കുന്നതില്‍ എന്തായിരുന്നു കുഴപ്പം? അന്തസ്സു പോരാ എന്നു തോന്നിയോ? ആത്മീയ നേതാക്കള്‍ വായിക്കുന്ന പത്രമെന്നൊക്കെ കൊട്ടിഘോഷിച്ചാല്‍ വരിക്കാരുടെ എണ്ണം കൂടുമെന്ന് കരുതിയോ? ഈ പ്രബലന്മാരായ തിരുമേനിമാര്‍ ദേശാഭിമാനിയെയും, അതിന്റെ രാഷ്ടീയത്തെയും അനുകൂലിക്കുന്നു എന്ന ധാരണ, ഈയൊരു കസര്‍ത്തുകൊണ്ട്‌ സൃഷ്ടിക്കാന്‍ കഴിയുമെന്നാണോ? "മുതലാളിത്തത്തിന്‌ ഒരു സ്ഥാനം സമൂഹത്തില്‍ ഉണ്ടെന്ന് സമ്മതിക്കാമെങ്കിലും, തൊഴിലാളി താത്‌പര്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു വ്യവസ്ഥിതിയും ശരിയല്ല' എന്ന അഭിപ്രായത്തിലൂടെ മര്‍ ക്രിസോസ്റ്റം തന്റെയും സഭയുടെയും, വിശ്വാസികളുടെയും നിലപാടുകള്‍ ഭംഗിയായി വെളിവാക്കുകയും ചെയ്തിരിക്കുന്നു എന്നും കാണണം. മള്ളിയൂരും ഒരു രസികന്‍ ഭാഗവതസൂത്രം പ്രയോഗിച്ചിട്ടുണ്ട്. “മാധ്യമങ്ങള്‍ നിഷ്പക്ഷമായിരിക്കണം, എന്നാല്‍ സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍, അത് തുറന്നു പറയുകയും വേണം”" എന്ന്.

വരിക്കാരെ ആകര്‍ഷിക്കുന്നതും, എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമൊക്കെ നല്ലതുതന്നെ. എങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകരുടെയും, അതിനെ സ്നേഹിക്കുന്നവരുടെയും, എല്ലാ പത്രങ്ങളെയും വിമര്‍ശനബുദ്ധിയോടെ വായിക്കുകയും, പുനര്‍വായിക്കുകയും ചെയ്യുന്നവരുടെയും വരിയുടച്ചുകൊണ്ടാവരുത്‌ അത് എന്നുമാത്രം.

16 comments:

Rajeeve Chelanat said...

വായിക്കുക..വരിക്കാരാവുക

മലമൂട്ടില്‍ മത്തായി said...

So long as the cat catches the mice ... Nothing else matters.

Radheyan said...

സോഫ്റ്റ് പോണ്‍ മതേതരത്വം മനോരമയുടെ സംഭാവനയാണ്.അച്ചായന്‍ ഗമിച്ച വഴിയില്‍ തന്നെ പാലോറ മാതയുടെ കിടാവും..

പാര്‍ട്ടി പത്രത്തിനു പരസ്യം വേണൊ എന്ന ചോദ്യം,അതിനെക്കാള്‍ പരസ്യം കൊടുത്താലും അതൊക്കെ ആരെങ്കിലും വായിക്കുമോ എന്ന ചോദ്യം.പലപ്പോഴും ഭീഷണീയിലൂടെ ആറുമാസം വരിക്കാരാക്കുന്ന പ്രചരണ തന്ത്രമാണ് വിജയിച്ച് കാണുന്നത്.മൈതീന്‍ എന്ന ഫ്രൂട്ട് വ്യാപാരിയുടെ കടയില്‍ 7.30നു ദേശാഭിമാനി വരും.10 മണിക്കകം മൈതീന്‍ അതില്‍ ആപ്പിളോ മുന്തിരിയോ പൊതിഞ്ഞിരിക്കും.ഇയാള്‍ ഇത്ര അക്ഷരവിരോധിയോ എന്ന് ദയനീയമായി നോക്കിയ എന്നെ പുള്ളീ വേറൊരു പത്രം പൊക്കി കാണിച്ച് പറഞ്ഞു,വായിക്കാന്‍ ഇതൊണ്ട്,അത് പിന്നെ ലോക്കല്‍ സെക്രട്ടറിയേം പഞ്ചായത്ത് മെംബറെയും പിണക്കണ്ട എന്ന് കരുതി 6 മാസത്തേക്ക് വാങ്ങുന്നതാണ്.ഒരു സ്ഥാപനം കൊണ്ട് പിഴക്കണ്ടേ

ദേശാഭിമാനിയുടെ കണ്ടന്റ് അത്ര ഹൃദ്യമായി തോന്നാറില്ല.പ്രത്യേകിച്ചും ശതമന്യു എന്ന പേരില്‍ വരുന്ന സാധനമൊക്കെ എന്തൊരു തറയാണ്.ആക്ഷേപഹാസ്യമൊക്കെ അപവാദഹാസ്യമായി മാറുന്ന പോലെ...

കെ said...

രാധേയന്‍ പറഞ്ഞത് നൂറിന് നൂറും ശരി. മാരീചന്റെ സ്നേഹിതന്‍ സ്വന്തം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് പൊതിയാനെടുക്കുന്നത് ജനയുഗമാണ് എന്നൊരു വ്യത്യാസം മാത്രം. സ്ഥലം എംഎല്‍എ നേരിട്ടു വന്നാണത്രേ ആറുമാസത്തെ വരിസംഖ്യ നല്‍കാന്‍ ആജ്ഞാപിച്ചത്.

മൈതീന് പഴം പൊതിയാന്‍ ദേശാഭിമാനി, മെഡിക്കല്‍ സ്റ്റോറുകാരന് മരുന്ന് പൊതിയാന്‍ ജനയുഗവും. മെഡിക്കല്‍ സ്റ്റോറുകാരന്‍ മനോരമയുടെ ആരാധകന്‍. മൈതീന്‍ ഏതിന്റെയാണോ ആവോ?

ശതമന്യുവിന്റെ തറ എഴുത്തിനെക്കുറിച്ചും കൂടി. വോ തന്നെ, തന്നെ........ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധി അഡ്വക്കേറ്റ് ജയശങ്കര്‍, മാധ്യമം വാരികയിലൂടെ സിപിഎം നേതാക്കളുടെ ജാതി തിരയുന്നതിനെക്കുറിച്ചല്ലായിരുന്നോ ഈ തിങ്കളാഴ്ചത്തെ തറ.......

കെ said...

വായിക്കാത്തവര്‍ക്കു വേണ്ടി ശതമന്യുവിന്റെ ഈയാഴ്ചത്തെ തറ ലേഖനത്തില്‍ നിന്നൊരു ഭാഗം


എറണാകുളത്തുനിന്ന് എസ് രാജന്‍ എഴുതുന്നു: "മാധ്യമത്തിലെഴുതുന്ന കെ രാജേശ്വരി ആണോ പെണ്ണോ എന്ന് വായനക്കാര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു....... സംശയം തീര്‍ന്നത് ഇന്ത്യാവിഷനില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്പോഴും കരുതിയത് ഒരു സ്വതന്ത്ര ബുദ്ധിജീവി; സര്‍വജ്ഞന്റെ അഹന്തയും സര്‍വപുച്ഛം കാഴ്ചപ്പാടുമാക്കിയ ഹാസ്യാത്മകമായി എഴുതാന്‍ കഴിവുള്ള ഒരു അഭിഭാഷകന്‍ എന്നായിരുന്നു. പിന്നെയാണറിഞ്ഞത് സിപിഐ നേതൃത്വം കൊടുക്കുന്ന അഭിഭാഷക സംഘടനയുടെ തലതൊട്ടപ്പനാണെന്ന്. മന്ത്രി ബിനോയ് വിശ്വം ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനുകീഴിലെ ഒരു സ്ഥാപനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റ് നിയോഗിച്ച നിയമ ഉപദേഷ്ടാവുമത്രേ മേപ്പടിയാന്‍. ഏറ്റവും അവസാനമല്ലേ അറിഞ്ഞത് ഇതിയാന്‍ സിപിഐയുടെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയുമായിരുന്നു. ആള് സിപിഐയില്‍ ഉന്നതന്‍തന്നെ എന്നിപ്പോള്‍ ബോധ്യമായി. "വെറുതെയല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താവലോകനത്തിലായാലും മാധ്യമം വിശകലനത്തിലായാലും ഒരു വരിപോലും സിപിഐക്കെതിരെ എഴുതില്ല; പറയില്ല. അഥവാ ഇനി എഴുതിയാലും പറഞ്ഞാലുംതന്നെ തൊലിപ്പുറം വിട്ട് ആഴത്തിലേക്കൊട്ട് ഇറങ്ങുകയുമില്ല. എന്നാലീ മാധ്യമശിങ്കത്തിന് സിപിഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്. എന്തു വൃത്തികേടും സിപിഐ എമ്മിനെതിരെ എഴുതിക്കൊള്ളും. "സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആര് വരണമെന്ന് പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയുമൊക്കെ തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണന്‍ വരണോ എം എ ബേബി വരണോ എന്നൊന്നും തീരുമാനിക്കുന്നത് രാജേശ്വരി എന്ന കള്ളപ്പേരിലെഴുതുന്ന സിപിഐക്കാരനോട് ചോദിച്ചിട്ടല്ല. സിപിഐയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി രാജ വേണോ റെഡ്ഡി വേണോ എന്ന് തീരുമാനിച്ചത് ജാതി നോക്കിയിട്ടല്ല. ജാതി നോക്കിയിട്ടാണെന്ന് ഒരു സിപിഐ എമ്മുകാരനും കള്ളപ്പേരുവച്ച് ഒരു മാധ്യമത്തിലുമെഴുതിയിട്ടുമില്ല. എന്നിട്ടും ബേബി ലത്തീന്‍ കത്തോലിക്കന്‍, തോമസ് ഐസക് ലത്തീന്‍ കത്തോലിക്കന്‍ എന്നൊക്കെ സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍മാത്രം വലുപ്പമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ പരസ്യമായി എഴുതുന്ന സ്ഥിതി വരുന്നത് സിപിഐക്ക് എന്തുമാത്രം ഗുണംചെയ്യുമെന്ന് അവര്‍തന്നെ പരിശോധിച്ചാല്‍ നന്നായിരിക്കും. അത് എഴുതിയവന്റെയൊക്കെ ഉള്ളില്‍ ജാതിവികാരം പഴുത്തുപൊട്ടി പുഴു തിളയ്ക്കുകയാണ്. 'തിരുമനസ്സ്' 'കാരണവരുടെ സ്വജാതിസ്നേഹം' ഇങ്ങനെ ജാതിഭ്രാന്ത് മൂത്തതിന്റെ ലക്ഷണങ്ങള്‍ മാധ്യമത്തിലൂടെ നുരഞ്ഞൊഴുകുകയാണ്. മാധ്യമത്തിന് ഇതൊക്കെ ചേരും. പക്ഷേ, സിപിഐക്ക് ചേരുമോ എന്നതാണ് പ്രശ്നം. ചേരുമെങ്കില്‍ ഇത്തരം ജാതിഭ്രാന്തന്മാരുള്ള പാര്‍ടിയാണ് സിപിഐ എന്ന് ജനം തീരുമാനിക്കും''. ശതമന്യു മാവിലായിക്കാരനല്ലെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരനാണ്. രാജനേക്കാള്‍ സ്നേഹം രാജേശ്വരിയോടുണ്ട്. അതുകൊണ്ട് നോ കമന്റ്സ്.

എന്തൊരു തറയെഴുത്ത് അല്ലേ രാധേയോ.............ഓയ്..........

Radheyan said...

മനോജ് എന്ന ശതമന്യു തന്നെയാണോ മാരീചന്‍?പണ്ടേ എനിക്ക് തോന്നിയ ഒരു സംശയമാണ്.

ജയശങ്കര്‍ സി.പി.ഐയുടെ സമ്മേളന പ്രതിനിധി ആണോ എന്ന് എനിക്കറിയില്ല.അയാളുടെ വിമോചനസമരത്തെ കുറിച്ചുള്ള പുസ്തകത്തില്‍ ധാരാളം വിമര്‍ശനമുള്ളതായി ഓര്‍ക്കുന്നു.തൊലിപ്പുറത്താണൊ തൊലി പൊളിച്ചാണോ എന്നത് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

സി.പി.ഐയോട് മാരീചനുള്ള സമീപനം എന്റെ ബ്ലോഗില്‍ പല തവണ വ്യക്തമാകിയതായത് കൊണ്ട് അതിനെ കുറിച്ച് വഴക്കിടാന്‍ ഞാന്‍ വരുന്നില്ല എന്റെ പൊന്നേ..

ആര് നിര്‍ബന്ധിച്ച് പത്രമിട്ടാലും അത് ശരിയല്ല.സി.പി.ഐക്കാര്‍ തടിമിടുക്ക് കാട്ടിയാല്‍ എവിടെ വരെ പോകും എന്ന് എനിക്കും മാരീചനും നന്നായി അറിയാം,ഏതായലും കരമന ഹരിയുടെ ഇന്നലത്തെ ഷോയുടെ അത്ര വരില്ല.

രാജീവ്: ഓഫിനു ക്ഷമ.

കെ said...

രാധേയാ........

വിമോചന സമരത്തെക്കുറിച്ചുളള തന്റെ പുസ്തകത്തില്‍ കാര്യങ്ങള്‍ സരസമായി എഴുതിയിട്ടുണ്ടെന്നല്ലാതെ ഒരു സിപിഐ വിമര്‍ശനമൊന്നും ജയശങ്കര്‍ നടത്തിയിട്ടില്ല. പുസ്തകം എന്റെ കൈയിലുണ്ട്.

ജനയുഗം പത്രം ഇറങ്ങുന്ന കാലത്ത് വെളിയം ഭാര്‍ഗവനെ കേരളത്തിലെ റൂപ്പര്‍ട്ട് മുര്‍ഡോക്കായി വിശേഷിപ്പിച്ച് മാധ്യമത്തിന്റെ അവസാന പേജില്‍ ഒരു ലേഖനം ജയശങ്കര്‍ എഴുതിയത് ഓര്‍ക്കുന്നു.

ഏതായാലും ശതമന്യുവിന്റെ എഴുത്തിനെക്കാള്‍ മാരീചന് പ്രിയം രാജേശ്വരിയുടെ ലേഖനങ്ങള്‍ തന്നെ. എന്നുവെച്ച്, സിപിഐയെ ശതമന്യു ഒന്ന് തോണ്ടിയാലുടനെ ആ എഴുത്ത് തറയാണെന്ന് വിധിയെഴുതാന്‍ മാരീചന്‍ സിപിഐയിലോ സിപിഎമ്മിലോ പ്രവര്‍ത്തിച്ചിട്ടില്ല. മൂലധനം വായിച്ചിട്ടുമില്ല.

കെ said...

മാരീചനാണോ ശതമന്യുവെന്നൊക്കെ സംശയിച്ച് പാവം മനോജിനെ ആക്ഷേപിക്കല്ലേ രാധേയാ........

Radheyan said...

ഇല്ല മാരീചന്‍, നിങ്ങള്‍ പറഞ്ഞ ശേഷമാണ് ഞാന്‍ ദേശാഭിമാനി സൈറ്റില്‍ പോയി ആ ലേഖനം നോക്കിയത്,സത്യം.

സി.പി.ഐയെ വിമര്‍ശിച്ചത് കൊണ്ടല്ല,മറിച്ച് എന്തോ ഇന്ദ്രന്‍,മനോരമയില്‍ എഴുതുന്ന ആള്‍ തുടങ്ങി സറ്റയര്‍ എഴുതുന്നവരില്‍ വെച്ച് ശതമന്യു ഒരു സുഖമില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ...

(നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ രാഷ്ട്രീയ അന്ധനല്ല.മാതാപിതാക്കള്‍ സിപിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് പാര്‍ട്ടിയെയും നേതാക്കളെയും അടുത്ത് പരിചയമുണ്ടെന്ന് മാത്രം,അത് പോലെ തന്നെ സി.പി.എംനെയും.പിന്നെ പ്രവാസത്തില്‍ നാട്ടുരാഷ്ട്രീയം ഒരു ഒബ്സെഷനാണ്.)

ഹരിശ്രീ said...

;D

chithrakaran ചിത്രകാരന്‍ said...

ഫാരിസിന്റെ മെട്രോ വാര്‍ത്ത വന്നാല്‍ ദേശാഭിമാനി പൂട്ടേണ്ടി വരുമോ ആവോ ?
കോണ്‍ഗ്രസ്സിനേക്കാള്‍ കമ്മീഷന്‍ ബിസിനസ്സ് നടത്തുന്നവര്‍ ഇപ്പോള്‍ സി.പി.എമ്മ്മിലാണെന്നു കേള്‍ക്കുന്നു. അനധിവിദൂരഭാവിയില്‍ കോണ്‍ഗ്രസ്സും , സിപി.എമ്മും ലയിച്ച് ഒരു സിപീ എം കോണ്‍ഗ്രസ്സ് ഉണ്ടാകുന്നതും സഖാവ് വദേരയുടേയും,പ്ര്യങ്കയുടേയും,സഖാവ് രാഹുലിന്റേയും മക്കള്‍ പൊളിറ്റ് ബ്യൂറോ മെംബര്‍മാരും,പാര്‍ട്ടി സെക്രട്ടറിയുമാകുന്നതും കാണാന്‍ ഭാഗ്യം ലഭിച്ചേക്കാം.
ദേശാഭിമാനിയുടെ തൊഴിലാളി വര്‍ഗ്ഗസ്നേഹം ഇപ്പോഴും എപ്പോഴും തുണയായ്യിരിക്കട്ടെ....ആമേന്‍.

തോന്ന്യാസി said...

വാര്‍ത്തകള്‍ സത്യസന്ധമാണെങ്കില്‍, വിശ്വാസയോഗ്യമാണെങ്കില്‍ ദേശാഭിമാനിക്കെന്നല്ല ഒരു പത്രത്തിനും ഇതു പോലെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...

സിനിമാ-സ്പോര്‍ട്സ് താരങ്ങളേക്കാള്‍ ആള്‍ക്കാരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മതനേതാക്കളാണ് നല്ലതെന്ന് കണ്ടെത്തി മാര്‍ക്കറ്റിംഗിന് പുതിയമാനങ്ങള്‍ സൃഷ്ടിച്ച ദേശാഭിമാനിക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍.

ഇനി കണ്ഠരര് മാര്‍ക്കും, പാളയം ഇമാമിനുമൊക്കെ ഡിമാന്‍ഡ് കൂടും,

നാളെ സോപ്പുമായി പുഴയില്‍ ചാടുന്ന കര്‍ദ്ദിനാളെയും കാണുമെന്ന് പ്രതീക്ഷിയ്ക്കാം.......

Anonymous said...

“പ്രത്യേകിച്ചും ശതമന്യു എന്ന പേരില്‍ വരുന്ന സാധനമൊക്കെ എന്തൊരു തറയാണ്.”

എന്തായാലും വായിക്കുന്നതിനു മുന്‍പേ ഇങ്ങനെയൊരഭിപ്രായം പറയുന്നതിലൂ‍ടെ തറയായതാരെന്നാണിപ്പോള്‍ എന്റെ സംശയം?

ഇനി ഞാനാണോ തറ?

Radheyan said...

അനോണി മോനെ,

ആ ഒരു ലേഖനം വായിച്ചില്ല എന്നേ പറഞ്ഞുള്ളൂ.....

Anonymous said...

യെന്റെ രാധേയോ....സി.പി.എമ്മിനെ കുത്താന്‍ കിട്ടിയ ഒരു ചാന്‍സും കളയരുത് കേട്ടാ ചെല്ല. ഒരു വിശാല ഇടത് ബോധമൊക്കെ പ്രകടിപ്പിക്കപ്പി വല്ലപ്പോഴും. ആരെങ്കിലും യെന്തരെങ്കിലും പോസ്റ്റിയാലുടനെ വന്ന് വാളുവെച്ചിട്ട് പോകല്ല്. സിപിഐ കുടുംബത്തില്‍പ്പെട്ട എല്ലാ ചെല്ലന്മാരുടേം പണി ഇതു തന്നപ്പീ...

പികെവിയെ തൊട്ടാലും ബിനോയിയെ തൊട്ടാലും പോസ്റ്റിടും. ചെമ്പു പട്ടയം ഉണ്ടേ ..ചെമ്പു പട്ടയം....ഹാ ഹാ ഹാ ..അപ്പോള്‍ മാത്രം..അല്ലെങ്കില്‍ സാര്‍വദേശീയമായി കമ്യൂണിസം പ്രതിസന്ധികള്‍ നേരിടണം, സട കുടഞ്ഞെഴുന്നേല്‍ക്കാന്‍...എന്തിനാ ചെല്ലാ അണ്ടിയാണോ മാങ്ങയാണോ മൂത്തതെന്നും തപ്പി നടക്കണത് ?

ഇതു പറയുമ്പോള്‍ അനോണി വിശാല ഇടതുബോധം കുറച്ചുനേരത്തേക്കങ്ങു മാറ്റി വയ്ക്കുകാ..ഈ ബോധോം വച്ചോണ്ട് മിണ്ടാണ്ടിരിക്കുമ്പോള്‍ വച്ചടി വച്ചടി കേറ്റമല്ലേ , ചെല്ലന്‍?

എന്റെ കാറല്‍ മാക്സ് പുണ്യാളാ..ഉദ്ദേശശുദ്ധിയോര്‍ത്ത് മാപ്പു തരണേ..

രാജീവാ, കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കണോ?

താങ്കള്‍ക്ക് ഈ മെയില്‍ അയച്ചതാരാണ്? ദേശാഭിമാനിയില്‍ നിന്നും തന്നെ കിട്ടിയത് ? ദേശാഭിമാനി ആണെങ്കില്‍ ഞാനും ഇത്തരം മാര്‍ക്കറ്റിങ്ങിനെ ശക്തിയായി അപലപിക്കുന്നു.
അതല്ല, താങ്കള്‍ തന്നെ സൂചിപ്പിക്കുന്നപോലെ “ഈ തരംതിരിവുകള്‍ ദേശാഭിമാനിയുടെ സ്വന്തം വാചകങ്ങളാണോ, അതോ, ആ മെയില്‍ പ്രചരിപ്പിച്ചവരുടെ സ്വന്തം കണ്ടെത്തലും കൂട്ടിച്ചേര്‍ക്കലുമാണോ എന്നറിയില്ല” എന്നതാണ് വസ്തുതയെങ്കില്‍ അങ്ങനെ മെയില്‍ അയച്ച മന്ദ ബുദ്ധികളെ അപലപിക്കുന്നതല്ലേ അതിന്റെ ഒരു ശരി. കാടടച്ചുള്ള വെടി ലക്ഷ്യം കാണില്ല എന്നു തോന്നുന്നു.

Rajeeve Chelanat said...

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ശതമന്യുവിനേക്കാള്‍ എനിക്കും പ്രിയം രാജേശ്വരിയുടെ നിരീക്ഷണങ്ങള്‍ തന്നെ.

അനോണീ, ദേശാഭിമാനി വായനക്കാരുടെ പരിച്ഛേദത്തില്‍, തിരുമേനിയേയും മള്ളിയൂരിനെയും ഉള്‍പ്പെടുത്തിയതിലും, ദേശാഭിമാനി വായിക്കുന്നവരെയും വായിക്കാത്തവരെയും ക്ലാസ്സിഫൈ ചെയ്ത രീതിയെയുമാണ് ഞാന്‍ വിമര്‍ശിച്ചത്. പരസ്യങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയല്ല. ആദ്ധ്യാത്മിക നേതാക്കള്‍ ഇത്തരം പത്രങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍,അതും തരക്കേടില്ലാത്ത ഒരു ലക്ഷണമാണ്. പക്ഷേ, ആ വായനക്കാരുടെ തിരഞ്ഞെടുപ്പിലെ സാമുദായിക പ്രീണനം കണ്ടില്ലെന്നു നടിക്കാനും എനിക്കാവില്ല.

അഭിവാദ്യങ്ങളോടെ