പതിന്നാലു കൊല്ലം മുന്‍പ് എന്നെ യാത്രയയക്കുമ്പോഴുള്ള അച്ഛന്റെ ആ മുഖം ഇപ്പോഴും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ചുളിവുകളും, ആശങ്കയും, വാത്സല്യവും നിറഞ്ഞ ആ മുഖം. പഴയൊരു ഉടുപ്പും, മഞ്ഞ പൈജാമയും ധരിച്ച്, ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഞങ്ങളുടെ വീടിന്റെ തുരുമ്പിച്ച ഉമ്മറവാതില്‍ക്കല്‍ അച്ഛന്‍ നിന്നു. ഒരു മണിക്കൂര്‍ യാത്രാദൂരമുള്ള ഇസ്രായേലി വിമാനത്താവളത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍ വന്ന ടാക്സിയിലേക്ക് ഞാനെന്റെ ചെറിയ പെട്ടി കയറ്റുമ്പോഴും നിശ്ചലനായി നില്‍ക്കുകയായിരുന്നു അച്ഛന്‍. അദ്ദേഹം അകത്തേക്ക് പോയാല്‍ നന്നായിരുന്നുവെന്ന് എനിക്ക് തോന്നി. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. ഏതുസമയവും പട്ടാളക്കാര്‍ പ്രത്യക്ഷപ്പെടാനും ഇടയുണ്ടായിരുന്നു. കാര്‍ മെല്ലെ മുന്നോട്ടുനീങ്ങി. ശ്മശാനവും, ക്യാമ്പും, അച്ഛനും കണ്ണില്‍നിന്നും മറഞ്ഞു. ഇനിയൊരിക്കലും അച്ഛനെ കാണാന്‍ കഴിയില്ലെന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.
എല്ലാം ഓര്‍മ്മയില്‍ വരുന്നു. അച്ഛന്റെ നിറഞ്ഞ കണ്ണുകളും ധൃതിയോടെ പറഞ്ഞ വാക്കുകളും. "പൈസയൊക്കെ എടുത്തിട്ടുണ്ടോ? പാസ്സ്‌പോര്‍ട്ടോ? കോട്ട് എടുത്തുവോ? അവിടെ എത്തിയാലുടനെ വിളിക്കണം. പാസ്സ്‌പോര്‍ട്ട് കയ്യിലുണ്ടെന്ന് ഉറപ്പാണോ? ഒന്നുകൂടി നോക്ക്".
ചുറ്റുപാടുകളുടെ സൃഷ്ടിയാണ് നമ്മളോരോരുത്തരും എന്ന പൊതുധാരണയെ എന്നും എതിര്‍ത്തിരുന്ന ആളായിരുന്നു അച്ഛന്‍. പത്താമത്തെ വയസ്സില്‍ അച്ഛനമ്മമാരുടെകൂടെ പിറന്ന ഗ്രാമത്തില്‍നിന്ന് ബഹിഷ്ക്കൃതനായി, അവരുടെ പിന്നാലെ നഗ്നപാദനായി അലയേണ്ടിവന്ന അച്ഛന്‍ നിമിഷനേരംകൊണ്ടാണ് ഒരു നിലമുടമയുടെ മകനില്‍നിന്ന് ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭ്യാര്‍ത്ഥിക്യാമ്പിലെ അന്തേവാസിയായി മാറിയത്. അവിടെനിന്ന് തുടങ്ങി, വിശപ്പിന്റെയും, വേദനയുടെയും, വീടില്ലാത്തതിന്റെയും, സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെയും, പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, നഷ്ടങ്ങളുടേതുമായ ആ വലിയ ജീവിതം.
പഠിപ്പുപേക്ഷിച്ച് കുടുംബം പോറ്റാന്‍ ഇറങ്ങിത്തിരിച്ച നാള്‍മുതല്‍, നിരന്തരം സംഘര്‍ഷഭരിതമായിരുന്നു അച്ഛന്റെ ജീവിതം. അപരിചിതമായ ആ അന്യനാട്ടില്‍ ജീവിച്ച്, അടുത്തും അകലെയുമുള്ള അയല്‍ഗ്രാമങ്ങളില്‍ പോയി പശയും ആസ്‌പിരിനും വിറ്റ് അദ്ദേഹം കുടുംബം പോറ്റി. അത്തരം യാത്രകളില്‍ കിട്ടിയ നായ്ക്കളുടെ കടിയുടെ പാടുകള്‍ അച്ഛന്റെ കാലുകളില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ചു.പോരാട്ടങ്ങള്‍ക്കിടയില്‍ സമ്മാനമായി കിട്ടിയ ഒട്ടനവധി മുറിവുകളും പില്‍ക്കാലത്ത് ശരീരത്തിലുണ്ടായിരുന്നു.
ഈജിപ്തിന്റെ സേനയുടെ കീഴിലുള്ള പാലസ്തീനിയന്‍ യൂണിറ്റിലെ പട്ടാളകാരനായി സിനായ് മരുഭൂമിയിലൂടെ ഏറെ നാള്‍ അദ്ദേഹം സഞ്ചരിച്ചു. 1967-ലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലികള്‍ ഗാസ പിടിച്ചടക്കിയപ്പോള്‍ വേണമെങ്കില്‍ ഇസ്രായേലികളുടെ കീഴില്‍ സൈനികസേവനം തുടരാമായിരുന്നു അദ്ദേഹത്തിന്. അതിനുള്ള അവസരവും കിട്ടിയതാണ്. അധിനിവേശ സേനയുടെ കീഴില്‍ കഴിയുന്നതിനേക്കാള്‍ അഭികാമ്യം പട്ടിണിയാണെന്ന് അഭിമാനത്തോടെ തിരിച്ചറിഞ്ഞു അച്ഛന്‍. അതിന് വലിയ വില കൊടുക്കേണ്ടതായും വന്നു അദ്ദേഹത്തിന്. രണ്ടു വയസ്സായ മകനെ എന്നന്നേക്കുമായി അദ്ദേഹത്തിനു നഷ്ടപ്പെട്ടു.
ക്യാമ്പിലെ ഞങ്ങളുടെ വീടിനോടു ചേര്‍ന്നുള്ള ശ്മശാനത്തിലായിരുന്നു എന്റെ സഹോദരനെ അടക്കം ചെയ്തിരുന്നത്. പല പ്രഭാതങ്ങളിലും ഞങ്ങളുണര്‍ന്നു നോക്കുമ്പോള്‍ അച്ഛനെ കാണില്ല. ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും. അതല്ലെങ്കില്‍, അതിനുചുറ്റും മെഴുകുതിരികളും മിഠായികളും നിരത്തിവെക്കുകയായിരിക്കും. തന്റെ ദാരിദ്ര്യമാണ് മകന്റെ മരണത്തിനു കാരണമെന്ന ചിന്ത അച്ഛനെ എപ്പോഴും വേട്ടയാടിയിരുന്നു.
ബുദ്ധിജീവി എന്ന പദവിയും, റഷ്യന്‍ സാഹിത്യത്തിനോടുള്ള പ്രതിപത്തിയും, തന്റെ സഹ അഭയാര്‍ത്ഥികള്‍ക്ക് എന്നും അച്ഛന്‍ നല്‍കിപ്പോന്ന പിന്തുണയും ഇസ്രായേലിലെ അധികാരികളില്‍നിന്ന് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. ഗാസ വിട്ടുപോകാന്‍ അവര്‍ അദ്ദേഹത്തെ അനുവദിച്ചില്ല.
കൗമാരകാലം മുതല്‍ നിരന്തര അലട്ടിയിരുന്ന ആസ്ത്‌മ, അത്യാവശ്യത്തിനുള്ള മരുന്നുകളുടെ ദൗര്‍ല്ലഭ്യം മൂലം പിന്നെപ്പിന്നെ വഷളായി. നിരന്തരം ശല്യം ചെയ്തിരുന്ന ചുമയും ശ്വാസംമുട്ടലും അവഗണിച്ച്, എന്നിട്ടും, അച്ഛന്‍ കുടുംബം പോറ്റാന്‍ അദ്ധ്വാനിച്ചു. ഇസ്രായേലില്‍ കൂലിപ്പണിക്ക് പോകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 'അവനവന്റെ അഭിമാനത്തോളംപോലും വിലയില്ല ഒരാളുടെ ജീവിതത്തിന്' എന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു. ഇസ്രായേലുമായുള്ളതൊഴിച്ച് മറ്റെല്ലാ അതിര്‍ത്തികളും അടച്ചപ്പോഴും, പഴയ വസ്ത്രങ്ങളും ചെരുപ്പുകളും, ഉപയോഗിച്ചു പഴകിയ ടി.വി.കളും, മറ്റു ചില്ലറ സാധനങ്ങളും പലയിടങ്ങളില്‍നിന്ന് വാങ്ങി ക്യാമ്പുകളില്‍ വിറ്റിട്ടും മറ്റും എങ്ങിനെയൊക്കെയോ അദ്ദേഹം കുടുംബം പുലര്‍ത്തി.
ഗാസപോലുള്ള ഒരു സ്ഥലത്ത് വിദ്യഭ്യാസം എന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെങ്കിലും, തന്റെ തുച്ഛമായ വരുമാനം മുഴുവന്‍ അദ്ദേഹം മക്കളുടെ പഠിപ്പിന്റെ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചു.പക്ഷേ 1987-ല്‍ പാലസ്തീനിയന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുയും, ഇസ്രായേല്‍ സേനയുടെയും അവര്‍ക്കുനേരെ കല്ലെറിയുന്നവരുടെയും യുദ്ധഭൂമിയായി ഞങ്ങളുടെ ക്യാമ്പ് മാറുകയും ചെയ്തപ്പോള്‍ അച്ഛന്റെ ശ്രദ്ധ മുഴുവന്‍, ഏതുവിധേനയും ഞങ്ങളെ സംരക്ഷിക്കുക എന്നതു മാത്രമായിത്തീര്‍ന്നു. രക്തസാക്ഷികളുടെ ശ്മശാനത്തിന്റെയും, റെഡ് സ്ക്വയറിന്റെയും അടുത്തായിരുന്നു ഞങ്ങളുടെ ക്യാമ്പ്. എങ്ങിനെയാണ് അത്തരമൊരു ചുറ്റുപാടില്‍ ഒരാള്‍ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാവുക? ഇസ്രായേലി പട്ടാളക്കാര്‍ നിത്യവും വീട്ടില്‍ കയറിയിറങ്ങും. അകത്തെ മുറിയിലെ ഇരുട്ടിലേക്ക് ഞങ്ങളെ മാറ്റിനിര്‍ത്തി, അച്ഛന്‍ അവരോട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിക്കും. ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ അച്ഛന്റെ കരണത്തടിച്ചപ്പോള്‍ അച്ഛന്‍ ഒരക്ഷരം മറുത്തുപറയാതിരുന്നതിന് എന്റെ ഒരു ജ്യേഷ്ഠന്‍ അച്ഛനോടു കയര്‍ത്തു. 'നിനക്ക് കുട്ടികളുണ്ടാവുമ്പോള്‍ മാത്രമേ നിനക്കത് മനസ്സിലാകൂ' എന്നു മാത്രമേ അച്ഛന്‍ മറുപടി പറഞ്ഞുള്ളു. സ്വന്തം അഭിമാനത്തേക്കാള്‍ വലുതാണ് മക്കളുടെ സുരക്ഷ എന്ന് ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിയതുപോലെ തോന്നി. ആ ദിവസം തൊട്ട്, അച്ഛന്‍ എന്റെ കണ്ണില്‍ കൂടുതല്‍ വലുതാവുകയായിരുന്നു.
അച്ഛനെ അവസാനമായി കണ്ടിട്ട് പതിന്നാലു വര്‍ഷമായിരുന്നു. ഗാസയിലേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ മക്കള്‍ക്ക് ഒരിക്കലും അനുവാദമില്ലാതിരുന്നതിനാല്‍, അദ്ദേഹം ഒറ്റപ്പെട്ടുപോയി. സഹായിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷേ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ പണംകൊണ്ട് എന്തു കാര്യം? എന്റെ കുട്ടികളെ കാണാന്‍ കഴിയുന്നതിനുമുന്‍പ് താന്‍ മരിച്ചുപോകുമോ എന്ന ആശങ്ക, ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പങ്കുവെച്ചു. എന്തെങ്കിലുമൊരു വഴി കാണാമെന്നു ഞാന്‍ വാക്കു കൊടുത്തു. എനിക്കതിനു കഴിഞ്ഞില്ല.
ഗാസയിന്മേലുള്ള ഉപരോധം ആരംഭിച്ചപ്പോള്‍ അച്ഛന്റെ ജീവിതം ദുസ്സഹമായി. അംഗഭംഗം വന്നവരെക്കൊണ്ട് നിറഞ്ഞ ആശുപത്രികള്‍ക്ക് അച്ഛന്റെ രോഗം അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. ഈയടുത്തകാലത്തെ ഇസ്രായേലി ആക്രമണത്തില്‍, മിക്കാവാറും എല്ലാ ആശുപത്രികളും ശസ്ത്രക്രിയാകേന്ദ്രങ്ങളായി മാറി. അവിടെ അച്ഛനെപ്പോലൊരാള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. കൂടുതല്‍ സൗകര്യങ്ങളുള്ള വെസ്റ്റ് ബാങ്കിലെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ ഞങ്ങള്‍ ശ്രമം നടത്തിയെങ്കിലും, ഇസ്രായേലി അധികാരികള്‍ അപേക്ഷകള്‍ നിരന്തരം നിഷേധിച്ചു.
"മോനേ എനിക്ക് തീരെ സുഖമില്ല, തീരെ വയ്യ", മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഫോണില്‍ അച്ഛന്‍ എന്നോട് പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ താമസിക്കുന്ന എന്റെ സഹോദരന്മാരുമായി ഒരു പുന:സ്സമാഗമം സാദ്ധ്യമാകുന്നതിനുംമുന്‍പേ, സഹായത്തിനാരും അടുത്തില്ലാതെ, ഒറ്റക്ക്, മാര്‍ച്ച് 18-ന് അച്ഛന്‍ മരിച്ചു. അഭയാര്‍ത്ഥിയായിട്ടാണെങ്കിലും, അഭിമാനിയായിട്ടുതന്നെ.
അച്ഛന്റെ സമരം തുടങ്ങിയിട്ട് 60 വര്‍ഷങ്ങളായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് അതവസാനിച്ചു. അദ്ദേഹത്തിന്റെ ദുരിതങ്ങളും, സംഘര്‍ഷങ്ങളും പ്രത്യാശകളും പങ്കുവെച്ച, അടിച്ചമര്‍ത്തപ്പെട്ട ആയിരക്കണക്കിനാളുകള്‍, ഗാസയുടെ നാനാഭാഗത്തുനിന്നുമായി ആ ശവസംസ്കാര ചടങ്ങില്‍ പങ്കുചേര്‍ന്ന്, അന്ത്യവിശ്രമസ്ഥലം വരെ അദ്ദേഹത്തെ അനുഗമിച്ചു. ഏതൊരു പ്രക്ഷോഭകാരിക്കും അല്‍പം വിശ്രമം ആവശ്യമാണല്ലോ.
*കൌണ്ടര്‍ കറന്റ്സില്‍ ഏപ്രില്‍ 7-ന് പ്രസിദ്ധീകരിച്ച റാംസി ബാറൂദിന്റെ (Ramzy Baroud) ലേഖനത്തിന്റെ പരിഭാഷ. PalestineChronicle.com- ന്റെ എഡിറ്റര്‍-ഇന്‍-ചീഫായ റാംസി Curtin University of Technology-യില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍ അദ്ധ്യാപകനാണ്.
Subscribe to:
Post Comments (Atom)
18 comments:
സ്വര്‍ഗ്ഗത്തില്‍ കാവല്‍പ്പുരകളൊന്നുമില്ല
കമന്റ് ട്രാക്കിംഗിന്‍..:)
ഗംഭീരം.ഹൃദയസ്പൃക്കായ ലേഖനം.
പരിഭാഷക്ക് നന്ദി
നന്ദി രാജീവ്.
നന്ദി രാജീവ്
പണത്തിന്റെ പൊലിമകല്‍ക്ക് മുന്നില്‍ ആരും കാണാതെ പോകുന്ന കഥകള്‍.വെടിപറച്ചിലുകള്‍ക്കിടയില്‍ ആരും ഇഷ്ടപ്പെടാത്ത യാചനകള്‍.
വേറിട്ട ചിന്തകള്‍ക്ക് കൂട്ടു ചേരുന്നു
രാജീവ് വീണ്ടും വീണ്ടും നന്ദി.. ശരിക്കും ഹ്രദയത്തില്‍ തട്ടുന്നു.അവസാനം കണ്ണ് നിറഞ്ഞു എന്ന് പറയാന്‍ പേടി... അത് കൊണ്ട് ഹ്രദയത്തില്‍ തട്ടി എന്ന് മാത്രം. നന്ദി...
ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും. അതല്ലെങ്കില്‍, അതിനുചുറ്റും മെഴുകുതിരികളും മിഠായികളും നിരത്തിവെക്കുകയായിരിക്കും. തന്റെ ദാരിദ്ര്യമാണ് മകന്റെ മരണത്തിനു കാരണമെന്ന ചിന്ത അച്ഛനെ എപ്പോഴും വേട്ടയാടിയിരുന്നു.
...........വാക്കുകളില്ലാ രാജീവേ.
ആദ്യമായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു നിര്‍വ്വികാരത മനസില്‍ ബാക്കി... വെറോന്നും പറയാനൊക്കുന്നില്ല..
ആശംസകള്‍.. ഇനിയും വരാം...
ആ അച്ഛന്റെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. ഒപ്പം, അതു പോലെ ദുരിതമനുഭവിക്കുന്ന ഒത്തിരി ആളുകളെയും കാണാനാകുന്നുണ്ട്
രാജീവ്..
കാവല്‍പ്പുരകളില്ലാത്ത സ്വര്‍ഗത്തില്‍ ആ അഛ്ന്റെ ആത്മാവ് സുഖമായിരിക്കട്ടെ.
“ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും“ ശരിക്കും കണ്ണു നനഞ്ഞു...
എത്രമാത്രം വിഷമിച്ചിട്ടുണ്ടാവും ആ അഛന്‍..:(
ഇങ്ങനെ എത്രയെത്ര അഛന്മാര്‍.. അമ്മമാര്‍.. കുഞ്ഞുങ്ങള്‍.... ആരെങ്കിലും കാണുന്നുണ്ടോ ഇവരെ??
ബയാസ്ഡല്ലാത്ത ചുരുക്കം ചില ബ്ലോഗുകളിലൊന്നാണിത്.
:-(
കണ്ണ് ന്നനച്ചു.
പരിഭാഷക്ക് നന്ദി.
തുടക്കവൌം ഒടുക്കവും അച്ഛന്റെ യാത്രയായപ്പും അച്ഛനെ യാത്രയയച്ചതും മനസ്സില്‍ നെരിപ്പോടു ബാക്കിയാക്കി. ഇടക്കിടെ ഇത്തരം നൊമ്പരങ്ങള്‍ പങ്കു വെക്കുക. സ്വര്‍ഗ്ഗത്തില്‍ കാവല്പുരകളൊന്നുമില്ല - ഒരു വലിയ കഥപറഞ്ഞു തരുന്ന നല്ല തലക്കെട്ട്.
കണ്ണു നനയിച്ചു. ഇരകളെപ്പോഴും ആരുടെയെങ്കിലും അച്ഛനോ അമ്മയോ മക്കളോ ആയിരിക്കുമല്ലോ. വേദനക്കു മാത്രം മുഖമില്ല. ജാതിയും മതവും പക്ഷവും ഇല്ല.
ആപ്റ്റായ തലക്കെട്ട്. പതിവ്പോലെ ഉജ്ജ്വലമായ പരിഭാഷ. ലേഖനങ്ങളുടെ തിരഞ്ഞെടുപ്പും അത്യുഗ്രന്‍.
ഈ അഭിമാനിയായ, സ്നേഹമയിയായ അച്ഛന് അഭിവാദനങ്ങള്‍. മനസ്സില്‍ നിന്നു വന്ന വിങ്ങല്‍ ഒളിച്ചു വക്കുന്നില്ല. മക്കളോടുള്ള സ്നേഹത്തിനും തന്റെ വ്യക്തിത്വത്തോടുമുള്ള ആ അച്ഛന്റെ കാഴ്ചപ്പടിനും ഒരായിരം അഭിവാദനങ്ങള്‍. സ്വന്തം അസ്ത്വിത്വത്തിനായി മരിച്ചു വീഴുന്ന, പട പൊരുതുന്ന എല്ലാ "പടയാളികള്‍"ക്കും അഭിവാദനങ്ങള്‍.
സ്വര്‍ഗത്തിന്‍ കാവല്‍പ്പുരകള്‍ മാത്രമല്ല, അതിരുകളും ദേശങ്ങളും ഇല്ല.
ഇത്തരം ഒരു ലേഖനം കൂടി നല്‍കിയതിന് രാജീവിന് അഭിവാദനങ്ങള്‍, അഭിനന്ദനങ്ങള്‍.
വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ഉപരോധത്തിന്റെയും, യുദ്ധത്തിന്റെയും, അമിതദേശീയതയുടെയും ഫലമായി, ദുരിതങ്ങള്‍ അനുഭവിക്കുന്ന പതിനായിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ന്യൂനവത്ക്കരിക്കപ്പെടുന്ന മനുഷ്യര്‍. ഭൂമിയിലെ മഹാഭൂരിപക്ഷം. അവരുടെ, അറിയാത്ത, പറയപ്പെടാത്ത കഥകള്‍. അവര്‍ക്കും, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരസാദ്ധ്യതകള്‍ക്കും വേണ്ടിയാണ്, ഓരോ തവണയും എഴുതേണ്ടിവരുന്നത്. മറ്റൊന്നും ചെയ്യാന്‍ ആകാത്തതുകൊണ്ടുള്ള frustration-നെ തണുപ്പിക്കാന്‍, സമാശ്വസിപ്പിക്കാന്‍, എന്തെങ്കിലും ചെയ്യുന്നു എന്നൊരു മൂഢവിശ്വാസമെങ്കിലും ബാക്കി നിര്‍ത്താന്‍, എഴുതുന്നു എന്നു മാത്രം.
അഭിവാദ്യങ്ങളോടെ
A lifestory from everyday,everyplace,time.
True respects to the author,true respects to your exceptional translation.
True respects to that faceless and fearless father,too.
Post a Comment