Thursday, August 27, 2009

വിശുദ്ധപശുക്കള്‍

ജസ്റ്റീസ്‌ ബാലകൃഷ്ണനും ജസ്റ്റീസ്‌ ശൈലേന്ദ്രയും, ജസ്റ്റീസ്‌ കണ്ണനും, അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണും ഒക്കെ ഉയര്‍ത്തുന്ന ചോദ്യം സുപ്രധാനമായ ഒന്നാണ്‌. ന്യായാധിപന്മാര്‍ തമ്മിലുള്ള അടിയില്‍ സാധാരണക്കാരന്‍ പങ്കുചേരുന്നത്‌ സൂക്ഷിച്ചുവേണം. ചോരയും ചോരയും പോലെ നാളെ അവര്‍ ഒന്നായാല്‍, നമ്മള്‍ സാധാരണക്കാരനാണ്‌ ബുദ്ധിമുട്ടുക. കോടതി കയറിയിറങ്ങലിന്റെ പീഡനവും, സമയനഷ്ടവും, മാനഹാനിയും എല്ലാം ഒന്നിച്ചനുഭവിക്കേണ്ടിവരും. തരപ്പെട്ടാല്‍ സര്‍ക്കാര്‍ അതിഥിമന്ദിരം പോലും കാണേണ്ടിയും വരും.

എങ്കിലും, അവര്‍ ഉയര്‍ത്തിയ ചോദ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ പൊതുജനത്തിനാവില്ല. കാരണം, പൊതുജനത്തെ കഴിഞ്ഞേയുള്ളു, ഏതു ജൂഡീഷ്യറിയും, എക്സിക്യൂട്ടീവും, ലെജിസ്ളേച്ചറും. അവനുവേണ്ടിയാണ്‌ ഈ മൂന്നു ഗോവിന്ദന്‍മാരെയും നമ്മള്‍ വിശുദ്ധപശുക്കളായി വീട്ടുമുറ്റത്ത്‌ വളര്‍ത്തുന്നത്‌.

ന്യായാധിപന്‍മാരുടെ സ്വത്തുവിവരം പരസ്യമാക്കാമോ എന്നതാണ്‌ വിഷയം. ജഡ്ജിമാര്‍ക്ക്‌ വ്യക്തിപരമായ രീതിയില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ നിയമവിലക്കുകളൊന്നുമില്ലെങ്കിലും, ആ സമ്പ്രദായം അത്ര സുഖകരമല്ലെന്നാണ്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ പരോക്ഷമായിട്ടാണെങ്കില്‍ത്തന്നെയും സൂചിപ്പിച്ചത്. എന്നാല്‍ ജസ്റ്റീസുമാര്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നാണ്‌ കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റീസ്‌ ശൈലേന്ദ്രകുമാറിന്റെ മതം. രാജ്യത്തെ ന്യായാധിപന്‍മാര്‍ ഏതാണ്ട്‌ രണ്ടുതട്ടിലായി നിന്നു തര്‍ക്കം തുടരുകയാണ്‌. ജസ്റ്റീസ്‌ ശൈലേന്ദ്രയുടെ അഭിപ്രായ പ്രകടനം പബ്ളിസിറ്റി സ്റ്റണ്ടാണെന്നു പറഞ്ഞ്‌, ജസ്റ്റീസ്‌ ബാലകൃഷ്ണന്‍ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്‌.

ഒരു മാസത്തിനുമുന്‍പ്‌ മറ്റൊരു സംഭവമുണ്ടായി. ഒരു തട്ടിപ്പുകേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ വേണ്ടി ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ടു വിളിച്ചിരുന്നുവെന്ന ചെന്നൈ ഹൈക്കോടതിയിലെ ജസ്റ്റീസ്‌ രഘുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അത്‌. അന്ന്‌ മന്ത്രിമാരുടെ ഇത്തരം ക്രമവിരുദ്ധമായ ഇടപെടലിനെ ശക്തിയായ ഭാഷയില്‍ അപലപിച്ച ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ പക്ഷേ, മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊതുവായ ഒരു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയുമുണ്ടായി. മന്ത്രിമാര്‍ ജൂഡീഷ്യറിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതായി തനിക്ക്‌ അറിവില്ലെന്നും, രാജ്യത്തിന്റെ നിയമസംവിധാനത്തെക്കുറിച്ച്‌ അവര്‍ക്ക്‌ നല്ല ധാരണയുണ്ടെന്നുമായിരുന്നു ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ അന്നു അഭിപ്രായപ്പെട്ടത്‌. "രാഷ്ട്രീയത്തില്‍ അവര്‍ക്ക്‌ അവരുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ ജൂഡീഷ്യറിയെ അവര്‍ വെറുതെ വിടണം' എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിലപാട്‌.

രാഷ്ട്രീയത്തിലെ ശരിതെറ്റുകളെപ്പോലും ചിലപ്പോള്‍ ജൂഡീഷ്യറിയുടെ പരിഗണനയിലേക്ക്‌ കൊണ്ടുവരാന്‍ നിര്‍ബന്ധിതമാവുന്ന ചരിത്രമുഹൂര്‍ത്തങ്ങളുണ്ടാകാമെന്നത്‌ അദ്ദേഹം മറന്നുപോയതായിരിക്കുമോ? തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന്‌ ഇതുപോലെ ഉദ്യോഗസ്ഥരും, നിയമസാമാജികരുമൊക്കെ നിര്‍ബന്ധം പിടിച്ചാല്‍, ഫലത്തില്‍ ആ മൂന്നു സ്ഥാപനങ്ങളും ജനവിരുദ്ധമാവുകയായിരിക്കും ഫലം. ജസ്റ്റീസ്‌ രാമസ്വാമിയെ ഇംപീച്ച്‌ ചെയ്യാനുള്ള ശ്രമത്തില്‍ രാഷ്ട്രീയം ഏതുവിധത്തിലാണ്‌ ഇടപെട്ടത്‌ എന്നും, വേണ്ടുംവണ്ണമുള്ള പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം ജുഡീഷ്യറിക്ക്‌ അതുണ്ടാക്കിയ കളങ്കം എന്തായിരുന്നുവെന്നും ഈയവസരത്തില്‍ ഓര്‍ക്കുന്നതും പ്രയോജനപ്രദമായിരിക്കും.

പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റീസ്‌ കണ്ണന്റെ ന്യായം രസാവഹമാണ്‌. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ അവിഹിതസ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള കേസ്സ്‌ കോടതിയില്‍ നടക്കുന്നതിനിടയില്‍, വാദം കേള്‍ക്കുന്ന ജഡ്ജിമാരുടെ സ്വത്തിനെക്കുറിച്ച്‌ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്താലുണ്ടായേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചാണ്‌ ജസ്റ്റീസ്‌ കണ്ണന്‍ ആശങ്കപ്പെട്ടത്‌. ശരിയാണ്‌. അത്തരമൊരു സന്ദര്‍ഭം വന്നുകൂടായ്കയൊന്നുമില്ല. പക്ഷേ, തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നീതിബോധം ഈ ജഡ്ജിമാര്‍ക്കും ബാധകമാകേണ്ടതല്ലേ? അവിഹിതമായി ഒന്നും ചെയ്തിട്ടില്ല എന്ന്‌ തെളിയിക്കാന്‍ കഴിയുന്നത്‌ ഒരു അന്തസ്സായിട്ടല്ലേ കണക്കാക്കണ്ടത്‌ ജഡ്ജിമാര്‍? ജസ്റ്റീസ്‌ കണ്ണന്‍ അത്‌ ചെയ്തുവെന്നതും ശ്രദ്ധേയമാണ്‌. നിയമപരിഷ്ക്കാര കമ്മിറ്റിയുടെ തലവന്‍ അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണിനു അദ്ദേഹം തന്റെ സ്വത്തുവിവരം അയച്ചുകൊടുത്തു മാതൃക കാണിച്ചു. അത്രയും നന്ന്‌.

ജുഡീഷ്യറിയിലെ ചിലരുടെ വിശ്വാസയോഗ്യതയെക്കുറിച്ചും, ജുഡീഷ്യറിയെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള പരിഷ്ക്കാരങ്ങളെക്കുറിച്ചും ഈയടുത്ത കാലത്താണ്‌ ജസ്റ്റീസ്‌ എസ്‌.പി.ബറൂച്ച ചില ആശങ്കകള്‍ വ്യക്തമാക്കിയത്‌.

ചുരുക്കത്തില്‍ ഇത്തരമോരു വിവാദമേ ഉയര്‍ന്നുവരാന്‍ പാടില്ലായിരുന്നു. ബഹുമാന്യനായ ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണനും ഈ വിഷയത്തില്‍ ഒരു വിവാദം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതായിരുന്നു. അക്കൌണ്ടബിലിറ്റിയെന്നത്‌ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ബാധകമായ ഒന്നല്ലെന്നും, ജൂഡീഷ്യറിയും അത്തരം അഗ്നിവിശുദ്ധി തെളിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഓര്‍ക്കണം.

എന്തായാലും ഇന്നലെയോടെ ഈ വിവാദം അവസാനിക്കുകയും സ്വത്തുവിവരം പ്രഖ്യാപിക്കാന്‍ തീരുമാനമാവുകയും ചെയ്തുവെന്നത്‌ ആശ്വാസകരമാണ്‌. എങ്കിലും, ജൂഡീഷ്യറിയെ കൂടുതല്‍ ജനാധിപത്യപരവും, പൊതുജനങ്ങളോട്‌ ഉത്തരം പറയാന്‍ ബാധ്യസ്ഥമായ സ്ഥാപനമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടാന്‍, ഇനിയും ഏറെ ദൂരം നമുക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌.

Thursday, August 20, 2009

പാലം


ഒരു പാലമിട്ടാല്‍
അങ്ങോട്ടുമിങ്ങോട്ടുമൊരേ
ദൂരമെന്ന തിരിച്ചറിവുകള്‍
തീര്‍ത്ത പാലങ്ങളുണ്ടായിരുന്നു പണ്ട്‌

അക്കരെയിക്കരകളെ
കൂട്ടിയിണക്കിയ സാധുക്കള്‍
ആരാലും നിര്‍മ്മിക്കപ്പെടാതെ
ആവേഗമാര്‍ന്ന കാലടികളെ പിന്തുടര്‍ന്ന്‌
പാലങ്ങള്‍ സ്വയം ജനിക്കുകയായിരുന്നു
സ്വയംഭൂക്കള്‍
ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍
ഭ്രഷ്ടില്‍നിന്ന്‌ കരകടത്തിയ ജന്മങ്ങള്‍
വറുതിയില്‍നിന്ന്‌ മറുവഴി കാണിച്ച
കൈചൂണ്ടികള്‍
സമയനദികളെ നാട്ടനൂഴിച്ച
ദിഗ്‌വിജയികള്‍
ജന്‍മോദ്ദേശ്യം ഒരിക്കലും തീരാതെ
നീണ്ടുനിവര്‍ന്നു കിടന്നിരുന്നു
ഞങ്ങളുടെ ആ പാലങ്ങള്‍.
വെറുതെ നടന്നെത്താവുന്ന
അക്കരകളും
വന്നും പോയും
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളും
വെറുതെ കിട്ടില്ലെന്ന്‌ മുരണ്ട്‌
ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്‌
പണിതു, നടത്തി, കൈമാറാവുന്ന
ആ പാലത്തിലിന്ന്‌
പുതിയ ചുങ്കക്കാരന്‍
താഴെ, പുഴയിലേക്കു നോക്കി
ഒരക്ഷരം പറയാനാകാതെ വിങ്ങുന്നുണ്ട്‌
ഞങ്ങളുടെ ആ പഴയ പാലങ്ങള്‍

Thursday, August 13, 2009

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!

ഭാര്യമാരെ എങ്ങിനെയൊക്കെ ശരിപ്പെടുത്തി എടുക്കണം എന്നറിയണമെങ്കില്‍ ഈ ഡോക്ടരെ ഒന്നു വായിച്ചാല്‍ മതി.

ഭാര്യമാരെ ശരിപ്പെടുത്തിയെടുക്കണം എന്നു പറയുന്നതെന്തുകൊണ്ടാണ്‌? കാരണം, അവറ്റക്ക്‌ അറിവും കഴിവുമില്ല. സ്വതവേ നല്ല പുരുഷന്‍മരെപ്പോലും ദു:ശ്ശീലക്കാരാക്കുന്നത്‌ സ്ത്രീകളുടെ ഈ കഴിവുകേടും അജ്ഞതയുമാണ്‌. എങ്ങിനെയൊക്കെയാണ്‌ ഇവറ്റകളെ ഒന്നു ശരിയാക്കിയെടുത്ത്‌, പുരുഷന്‍മാരെ രക്ഷിക്കുക?

വിഷമിക്കണ്ട, വഴിയുണ്ട്‌. ഭര്‍ത്തവിന്റെ ആഹാരം, ലൈംഗികത തുടങ്ങിയ എല്ലാ ആവശ്യങ്ങളും തരമറിഞ്ഞ്‌, സാമര്‍ത്ഥ്യത്തോടെ ചെയ്തുകൊടുക്കുക. ഭര്‍ത്താവ്‌ ജോലിക്കു പോകുമ്പോള്‍ പുഞ്ചിരിയോടെ യാത്രയയയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. പുഞ്ചിരിമാത്രമായാലും ചിലപ്പോള്‍ പാവം പുരുഷന്‍മാര്‍ നശിക്കാന്‍ ഇടയുണ്ട്‌. ശുചിയായും, വൃത്തിയായും കണ്ണെഴുതി പൊട്ടുതൊട്ട്‌, കല്ലുമാല ചാര്‍ത്തി, മുന്നില്‍ നിന്ന്‌ സ്വീകരിക്കുന്നതും ഭര്‍ത്താവിന് ഏറെ കോള്‍മയിര്‍ ഉണ്ടാകാനും, അവനെ നന്നാക്കാനും സഹായിക്കും.

ഇനി, ഭര്‍ത്താവു തിരിച്ചുവരുമ്പോഴോ> ഒരു നല്ല കപ്പു കാപ്പിയുമയി (ചായ പാടില്ല, പുരുഷന്‍മാര്‍ നശിച്ചുപോകും) സന്തോഷവദനയായി സ്വീകരിക്കണം. ചില ഭാര്യമാരുണ്ട്‌, ഒരു കപ്പു പാനീയം കിട്ടണമെങ്കില്‍ പോലും അവരോടു കെഞ്ചണം. അതുകൊണ്ടല്ലേ ഈ തങ്കപ്പെട്ട പുരുഷന്‍മാരൊക്കെ ഓരോ ഭാഗത്തു പോയിരുന്നു പുകവലിക്കുന്നതും, മദ്യപാനം കുടിക്കുന്നതും.

ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടതും സ്ത്രീ ധര്‍മ്മമാണ്‌. അതല്ലാതെ, ലോകകാര്യങ്ങളോ, മറ്റേതെങ്കിലും ധര്‍മ്മമോ, അവള്‍ക്കു പറഞ്ഞിട്ടുള്ളതല്ല. (അതുകൊണ്ടാണ്‌, അഫ്ഘാനികള്‍ നിയമം കൊണ്ടുവന്നതുപോലും. വേണ്ടിവന്നാല്‍, സ്വന്തം ഭാര്യമാരെ ബലാത്‌സംഗം ചെയ്യാനുള്ള അധികാരം പോലും പുരുഷഭര്‍ത്താക്കന്‍മാര്‍ക്കുണ്ടെന്ന്‌. ഇല്ലെങ്കിലത്തെ കാര്യങ്ങള്‍ ഒന്നു ആലോചിച്ചുനോക്കൂ ഭാര്യമാരെ? ഈ പുരുഷ കേസരികള്‍ വല്ല സ്ത്രീകളെയും പോയി ബലാത്‌സംഗം ചെയ്യില്ലേ? അതിനേക്കാള്‍ നല്ലത്‌, സ്വന്തം ഭാര്യയുടെ ദേഹത്തുതന്നെയാവുന്നതല്ലേ നല്ലത്‌?).

ഇതൊക്കെ ഏതോ ഒരു പ്രാകൃതയുഗത്തിലെ കാടന്‍ കാന്തപുരത്തിന്റെ പ്രസ്താവനയോ, കണ്ടുപിടുത്തമാണെന്നോ തോന്നുന്നുണ്ടോ? എങ്കില്‍ അല്ലേ അല്ല. ഇരുപതാം നൂറ്റാണ്ടില്‍, ആധുനിക വിദ്യഭ്യാസം സിദ്ധിച്ച പ്രശസ്തനായ ഒരു മലയാളി അപ്പോത്തിക്കിരിയുടെ കണ്ടുപിടുത്തങ്ങളാണ്‌. എന്നാലും ഭാര്യമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നൊക്കെ എഴുതിവിടുന്നുമുണ്ട്. എന്തുചെയ്യാം, വീട്ടിലെങ്കിലും ഒരു പൊറുതി വേണ്ടെ? എങ്കിലും ആ വിളക്കുകള്‍ക്ക്‌ പൊതുവെ ലൈംഗികാസക്തി കുറവാണെന്നും, പലരിലും അതില്ലെന്നും, കുളിക്കാതെയും വൃത്തിഹീനമായും വന്നു ശയനമുറിയില്‍ കയറുന്ന വിളക്കുകളുമുണ്ടെന്നും കണ്ടുപിടിക്കുന്നുണ്ട്‌ ഈ സാമൂഹ്യവിരുദ്ധത.

ചുരുക്കത്തില്‍, തന്നെപ്പോലുള്ളലവരോടു ഇടപെടുന്നതുതന്നെ, സ്ത്രീകളും, പ്രത്യേകിച്ച്‌ ഭാര്യമാരും ശ്രദ്ധിച്ചുവേണമെന്നു പറയാതെ പറയുകയാണ്‌ ഈ മനുഷ്യന്‍.

മനോവൈകൃതമെന്നാണോ ഇത്തരം ജീവികളെ വിളിക്കേണ്ടത്‌?

Wednesday, August 12, 2009

അശാന്തിയുടെ അന്തര്‍വാഹിനികള്‍

2009, ആഗസ്റ്റ് 8 ലെ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുഖപ്രസംഗത്തിന്റെ പരിഭാഷ, ശീര്‍ഷകത്തില്‍ ചില മാറ്റങ്ങളോടെ.


ഇന്ത്യ ഇതാദ്യമായി, സ്വന്തം നിലക്ക്‌ രൂപകല്‍പ്പന ചെയ്ത്‌ നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഇക്കഴിഞ്ഞ ജൂലായ്‌ 26-ന്‌ പുറത്തിറങ്ങിയപ്പോള്‍, ഹര്‍ഷോന്മാദരായ മാധ്യമങ്ങളുടെ സഹായത്തോടെ, ദേശീയാഭിമാനം വിജൃംഭിച്ചതിന്‌ നമ്മള്‍ സാക്ഷിയായി. അന്വര്‍ത്ഥമായ പേരാണ്‌ ഈ അന്തര്‍വാഹിനിക്ക്‌ നല്‍കിയിരിക്കുന്നത്‌. ഐ.എന്‍.എസ്സ്‌ അരിഹന്ത്‌. അരിഹന്ത്‌ എന്നാല്‍, ശത്രുസംഹാരി. ആണവമുനകള്‍ ഘടിപ്പിച്ച ബാല്ലിസ്റ്റിക്‌ മിസ്സൈലുകളായിരിക്കും ഈ അന്തര്‍വാഹിനി ചുമക്കുക. ഈ അന്തര്‍വാഹിനിയുടെ വരവോടെ, സ്വന്തമായി രൂപകല്‍പ്പന ചെയ്ത്‌, ആണവവാഹിനികള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ആറു ശക്തികളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌ ഇന്ത്യ എന്ന്‌, മാധ്യമങ്ങള്‍ കുരവയിട്ടുതുടങ്ങിയിരിക്കുന്നു. വിശിഷ്ടമായ ഒരു ആണവ ക്ളബ്ബില്‍ ഇന്ത്യ അംഗമാകുന്നതും കാത്തുകാത്തിരിക്കുകയായിരുന്നു അവര്‍ ഇതുവരെ (മറ്റൊരു വിശിഷ്ട സ്ഥാനം ദശകങ്ങളായി ഇന്ത്യ അലങ്കരിക്കുന്നുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറന്നേ പോയിരുന്നു. പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന ഏറ്റവുമധികം ആളുകളുടെ ജന്‍മഗൃഹമെന്ന സ്ഥനം. )

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒളിവിലും, 1998-മുതല്‍ക്ക്‌ പരസ്യമായും ഇന്ത്യയും പാക്കിസ്ഥാനും നടത്തിവരുന്ന ആയുധപന്തയത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌ എത്തിക്കാന്‍ മാത്രമേ ഐ.എന്‍.എസ്സ്‌.അരിഹന്തിന്റെ പ്രവേശനം സഹായിക്കൂ. ആണവമുനകളോടു കൂടിയതും 750 കിലോമീറ്റര്‍ സഞ്ചാരശേഷിയുമുള്ള സാഗരിക/കെ-7 എന്ന അന്തര്‍വാഹിനി ബാലിസ്റ്റിക്‌ മിസൈലുകള്‍ ഘടിപ്പിച്ച ഐ.എന്‍.എസ്സ്‌.അരിഹന്തിനു പൂരകമായി, അതേ തരത്തിലുള്ള മറ്റൊരു മൂന്നു ആണവ അന്തര്‍വാഹിനികളും, കുറേക്കൂടി ദൂരത്തേക്ക്‌ പ്രഹരിക്കാന്‍ ശേഷിയുള്ള നിരവധി SLBMS-കളും വികസിപ്പിച്ചതോടെ ത്രിതല സൈന്യത്തിനുവേണ്ടിയുള്ള ആയുധവിതരണ സംവിധാനങ്ങള്‍ ഇന്ത്യ സഫലീകരിച്ചു എന്നു പറയാം. ഡോക്ടര്‍ സ്ട്രേഞ്ച്‌ ലൌവിന്റെ മുഖച്ഛായയുള്ള നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍മാരുടെ ചിരകാലാഭിലാഷമായിരുന്ന ഈ പദ്ധതി, 1999-ലെ ഇന്ത്യന്‍ ആണവ രേഖയുടെ പകര്‍പ്പില്‍ (Draft Indian Nuclear Doctrine അഥവാ DIND)ഔദ്യോഗികമായി ഉള്‍ക്കൊള്ളിച്ച ഒന്നായിരുന്നു.

എന്നാല്‍, 'ആധുനിക സാങ്കേതിക വാഹനം' അഥവാ, Advanced Technology Vehicle (ATV) എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നതും, ഇപ്പോള്‍ ഐ.എന്‍.എസ്സ്‌ അരിഹന്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നതുമായ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്‌ 1984-കളുടെ തുടക്കത്തിലാണ്‌. കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും, പതിനായിരക്കണക്കിനു കോടികളാണ്‌ ഇതിനുവേണ്ടി ചിലവഴിച്ചിട്ടുള്ളത്‌ എന്ന്‌ എല്ലാവരും സമ്മതിക്കുന്നു. അന്തര്‍വാഹിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദശകങ്ങളായി നിഷേധിച്ചിരുന്ന ഇന്ത്യ, ഏകദേശം ഒരു വര്‍ഷം മുന്‍പുമാത്രമാണ്‌ ഇക്കാര്യം തുറന്നുസമ്മതിച്ചത്‌. നിരവധി പരാജയങ്ങളും, സര്‍ക്കാരുകളുടെ നടപടി നൂലാമാലകളും വേട്ടയാടിയിരുന്ന ഈ പദ്ധതിയെ, ആണവറിയാക്ടറിന്റെ ലഘുരൂപം നിര്‍മ്മിച്ചുനല്‍കുക വഴി ഒടുവില്‍ രക്ഷിച്ചത്‌ റഷ്യയായിരുന്നു. ആണവവാഹിനികള്‍ നിര്‍മ്മിക്കുക എന്നത്‌ അത്ര എളുപ്പമുള്ള ഒന്നല്ല. പദ്ധതിയുടെ പരാജയം അതില്‍ പ്രധാനപ്പെട്ട ഒരു ഘടകവുമല്ല (എങ്കിലും, ഇവിടെ പഴയ ഒരു കേസിന്റെ ചരിത്രം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. ATVകള്‍ നിര്‍മ്മിക്കുന്നതിലുള്ള ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെയും, ആണവോര്‍ജ്ജ വകുപ്പിന്റെയും പരിചയക്കുറവിനെ തെളിവു സഹിതം പുറത്തുകൊണ്ടുവന്ന ബി.സുബ്ബറാവു എന്ന നാവിക ശാസ്ത്രജ്ഞനെ 1980-കളുടെ അവസാനം ചാരപ്രവര്‍ത്തനം ആരോപിച്ച്‌ അറസ്റ്റു ചെയ്തു. കേസ്സ്‌ സുപ്രീം കോടതി വരെ പോയി. സുബ്ബറാവുവിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആണവസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടുകയാണുണ്ടായത്‌). അനുബന്ധമായി വരുന്ന മൂന്നു ആണവ അന്തര്‍വാഹിനികള്‍ കൂടി തയ്യാറാവുമ്പോഴേക്കും, മിനിമം ആണവ പ്രതിരോധത്തിനുവേണ്ടിയെന്ന പേരില്‍ (എന്നാല്‍ കൂട്ടനശീകരണ ആയുധങ്ങളുടെ സംഭരണം എന്ന യഥാര്‍ത്ഥ ആവശ്യത്തിനുവേണ്ടി) ഇന്ത്യ ചിലവഴിക്കുന്ന സംഖ്യ ചുരുങ്ങിയത്‌ ഇരുപതിനായിരം കോടിക്കും മുപ്പതിനായിരം കോടിക്കും ഇടയിലായിരികുമെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

അപ്രതീക്ഷിതമായി തിരിച്ചടിക്കാനോ, കരുതലായി വെക്കാനോ ഉദ്ദേശിക്കപ്പെട്ട്‌ ഏറെക്കാലം വെള്ളത്തിനടിയില്‍ മറഞ്ഞുകിടക്കാന്‍ ഇത്തരം അന്തര്‍വാഹിനികള്‍ക്ക്‌ കഴിയുന്നതുകൊണ്ട്‌, എല്ലാ ആണവരാജ്യങ്ങളുടെയും ത്രിതല സേനാ വിഭാഗത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം കണ്ണായിരിക്കാന്‍ ഇവക്കു കഴിയുന്നുണ്ട്‌. പക്ഷേ, യുദ്ധതന്ത്ര രംഗവും, മിനിമം ആണവ പ്രതിരോധം എന്ന സംവിധാനവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ വലിയൊരു വഞ്ചനയുടെ മുകളിലാണ്‌. ഈ 'ത്രിതല സേനാ സംവിധാന'ത്തിനുവേണ്ടി നല്‍കിയിട്ടുള്ള വിശദീകരണത്തേക്കാള്‍ വലിയൊരു വഞ്ചനയുമില്ല. മൂന്നു സൈന്യവിഭാഗങ്ങള്‍ക്കുമിടയില്‍ ആണവ ആയുധങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി സജ്ജീകരിച്ച 'ബുദ്ധിപരമായ ഒരു വഞ്ചന'യായി അമേരിക്ക തന്നെ ഈ ത്രിതല സേനാ സംവിധാനത്തെ നിരീക്ഷിച്ചിട്ടുമുണ്ട്‌. 1974-ല്‍ ഫോറിന്‍ റിലേഷന്‍സ്‌ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ തെളിവെടുപ്പില്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ പറഞ്ഞത്‌ "വ്യോമ-നാവിക സേനകള്‍ക്ക്‌ ബഡ്ജറ്റിന്റെയും, യുദ്ധപ്രവര്‍ത്തനത്തിന്റെയും ഒരു ഭാഗം കിട്ടുന്നതിനുവേണ്ടിയാണ്‌, അതല്ലാതെ, ഒരു രൂപകല്‍പ്പന എന്ന നിലക്ക്‌ വന്നതല്ല ഈ ത്രിതല സേനാ സംവിധാനം" എന്നാണ്‌. "ത്രിതല സേനാ വിഭാഗത്തിന്റെ പിന്നിലുള്ള യുക്തി അതിനെ യുക്തിപരമാക്കുക എന്നതാണ്‌" എന്നു കൂടി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ കൂട്ടിച്ചേര്‍ത്തു.

ആണവായുധ വിതരണത്തിന്റെ ത്രിതല സംവിധാനം എന്ന ആശയം ഇന്ത്യ ആവേശത്തോടെ ദത്തെടുത്തു. മൂന്നു സേനാ സംവിധാനത്തില്‍വെച്ച്‌ ഏറ്റവും പണച്ചിലവേറിയ ആണവ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തിന്റെ പിന്നിലുള്ള നിര്‍ണ്ണായകമായ ലക്ഷ്യം, ഇതേ ത്രിതല സംവിധാനമുള്ള ചൈനയുമായി കിടപിടിക്കുക എന്നതായിരുന്നു. ആണവപരമാകുന്നതിന്റെ പിന്നില്‍, ചൈനയുമായി 'തന്ത്രപരമായ സന്തുലനം' നിലനിര്‍ത്തുക എന്ന, അപ്രഖ്യാപിതമെങ്കിലും, പരക്കെ തിരിച്ചറിയപ്പെട്ടിട്ടുള്ള ലക്ഷ്യമാണെങ്കിലും, ഇത്‌, ദക്ഷിണേഷ്യയെ ഭാവിയില്‍ ഒരു വലിയ ആണവവിപത്തിന്റെ ഭൂമികയാക്കി മാറ്റാനുള്ള സാധ്യതയുണ്ട്‌. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികള്‍ ഒരുപോലെ നേരിടേണ്ടിവരുന്ന ഇന്ത്യയും പാക്കിസ്ഥാനും, 1998-നു ശേഷം ഇന്നോളം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്‌, ആണവ ബോംബുകള്‍ സ്വരുക്കൂട്ടുന്നതിലും, നിര്‍മ്മിക്കുന്നതിലും, അതിന്റെ വിതരണത്തിലും, ഈ കൂട്ടനശീകരണ ആയുധങ്ങളിന്‍മേലുള്ള അവകാശവും അധികാരവും നിലനിര്‍ത്തുന്നതിലുമാണ്‌. 1999-ലും, 2001-ലും, 2002-ലും ഈ രണ്ടു രാജ്യങ്ങളിലെയും ഉന്നത രാഷ്ട്രീയ-സൈനിക അധികാര കേന്ദ്രങ്ങള്‍, ഒരു ആണവയുദ്ധം നടത്തുന്നതിനെക്കുറിച്ച്‌ അപകടകരമായ സ്വരം മുഴക്കിയിരുന്നുവെന്നും നമുക്ക്‌ ഓര്‍മ്മിക്കാം.

1998-നു ശേഷം, ആണവ വിഘടനത്തിനുവേണ്ടിയുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതമായിരിക്കുകയാണ്‌ ഇന്ത്യ. അഗ്നിയുടെയും എസ്സ്‌.എല്‍.ബി.എം സാഗരികയുടെയും മൂന്നു വ്യത്യസ്ത വകഭേദങ്ങളും, അഗ്നിയുടെ ഭൂഖണ്ഡാന്തര മോഡലും ഇന്ത്യ വികസിപ്പിച്ചു കഴിഞ്ഞു. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും (Early Warning System), തന്ത്രപ്രധാനമായ നിര്‍മ്മിതികളെയും നഗരങ്ങളെയും സംരക്ഷിക്കാനുള്ള മിസ്സൈല്‍ പരിചകളും (Missile Shields) എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം, പൂര്‍ണ്ണമായും ആണവ അടിസ്ഥാന സൌകര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ലെങ്കിലും, ഒരു ആണവ അക്രമണമുണ്ടായാല്‍, DINDക്ക്‌ അനുസൃതമായി, തിരിച്ചടിക്കാനുള്ള ശേഷിയുടെ സുപ്രധന ഘടകങ്ങള്‍ തന്നെയാണ്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, അവരുടെ സാമ്പത്തികസ്ഥിതി താരതമ്യേന മോശമാണെന്നേയുള്ളു. ദക്ഷിണേഷ്യന്‍ ആയുധ പന്തയത്തില്‍ അവരുടെ മോഹങ്ങളും മറ്റുള്ളവരില്‍നിന്നും ഒട്ടും പിന്നിലോ, മോശമോ അല്ല. ഇന്ത്യയുടെ ഏതു ആണവ പരിപാടിയെയും തങ്ങള്‍ വേണ്ടവിധത്തില്‍ നേരിടുമെന്നായിരുന്നു, ഐ.എന്‍.എസ്സ്‌.അരിഹന്തിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം. അതായത്‌, തങ്ങളുടെ ആയുധശേഖരവും ഇന്ത്യയുടേതിനു തുല്യമാക്കുമെന്ന്‌.

ഇന്ത്യയിലെ മത-മതേതരത്വ പൌരസമൂഹം ഒന്നടങ്കം, രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, സര്‍ക്കാരേതര സംഘടനകളും എല്ലാം ഐ.എന്‍.എസ്സ്‌. അരിഹന്തിന്റെ വരവിനെ, ഉന്മാദത്തോളം വളര്‍ന്ന ഹര്‍ഷാരവങ്ങളോടെയാണ്‌ എതിരേറ്റത്‌ എന്നതാണ്‌ ദുരന്തം. സര്‍വ്വനാശത്തിന്റെ പടുകുഴിയിലേക്കുള്ള ഔപചാരികമായ അടുത്ത ചുവടായിട്ടു വേണം, പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത വിശാഖപട്ടണത്തിലെ ആ ചടങ്ങിനെ കാണേണ്ടത്‌.

Tuesday, August 4, 2009

തകരുന്ന വിളക്കുകാലുകള്‍


നീതി നിഷേധിക്കപ്പെടുന്ന കഥകള്‍ നമ്മെ വേട്ടയാടുകതന്നെയാണ്‌.

രണ്ടുമാസം മുന്‍പ്‌ ദുബായില്‍ ഒരു കാറപകടം നടന്നു. അപകടത്തെത്തുടര്‍ന്ന്‌, കാര്‍ ഓടിച്ചിരുന്ന ജോസഫ് എന്ന ഫിലിപ്പിനൊ യുവാവിനെ പോലീസ്‌ അറസ്റ്റു ചെയ്യുകയും, ഗുരുതരമായി പരിക്കുപറ്റിയ ഭാര്യ ഇമല്‍ഡയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഭാര്യയെ ഒരു നോക്കു കാണുവാന്‍ പോലും അധികാരികള്‍ ആ മനുഷ്യനെ സമ്മതിച്ചില്ല. എന്തായാലും, ദയവുതോന്നിയ ആശുപത്രി ജീവനക്കാര്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാന്‍ ആ സ്ത്രീയെ സഹായിച്ചുവെന്ന്‌ അന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരെ അവശനിലയിലായിരുന്ന ആ സ്ത്രീക്ക്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും. രണ്ടുദിവസങ്ങള്‍ക്കുശേഷം, ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ ഇമല്‍ഡ മരിച്ചു. ഭാര്യയുടെ മരണം കഴിഞ്ഞ്‌, രണ്ടു ദിവസത്തിനുശേഷമാണ്‌ ജോസഫിനു ജാമ്യം കിട്ടിയത്. എങ്കിലും കോടതി കേസ്സെടുത്തിരുന്നു.

കാറപകടത്തിനെക്കുറിച്ചുള്ള കോടതി തീര്‍പ്പില്‍, ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌, മക്കള്‍ക്കും (ഇമല്‍ഡയുടെ കുടുംബത്തിനും!!) ബ്ളഡ്‌ മണി കൊടുക്കാന്‍ ദുബായിലെ ബഹുമാനപ്പെട്ട കോടതി ഇന്നലെ ആ നിര്‍ഭാഗ്യവാനോട്‌ ഉത്തരവിട്ടതോടെ ആ മനുഷ്യന്റെ ദുരിതചക്രം ഇനിയും നീളുമെന്ന്‌ ഉറപ്പായിരിക്കുന്നു.

അവിശ്വസനീയമായി തോന്നിയേക്കാം നമുക്ക്‌ ഈ കഥ. ഒരു മനുഷ്യനെ പീഡിപ്പിക്കുന്നതിന്‌ ഒരതിരില്ലേ?

സാധാരണഗതിയില്‍, ഭീമമായ തുക ഉള്‍പ്പെടുന്ന ഈ ബ്ളഡ്‌ മണി സമ്പ്രദായം ഇസ്ളാമിക അടിത്തറയുള്ളതും, ഗള്‍ഫ്‌ നാടുകളിലെ ശിക്ഷാവിധികളില്‍ പ്രധാനവും, സാധാരണവുമാണ്‌. മിക്കവാറും കേസ്സുകളില്‍ ന്യായീകരിക്കാവുന്ന ഒരു ശിക്ഷാമുറയാണത്‌. മറ്റൊരാളുടെ മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ നാം കാരണമായിട്ടുണ്ടെങ്കില്‍, അതിനു വിലകൊടുത്തേ മതിയാകൂ. ഒരു ജീവന്റെ വില ലോകത്തിലെ മൊത്തം പണത്തിനില്ലെന്ന സത്യം അപ്പോഴും എവിടെയൊക്കെയോ ബാക്കിയാകുന്നുണ്ടെങ്കിലും.

എങ്കിലും ഇവിടെ ഈ കേസ്‌ മറ്റു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അപകടം നടന്നയുടന്‍ കേസ്സ്‌ രജിസ്റ്റര്‍ ചെയ്ത്‌, ആ മനുഷ്യനെ തത്ക്കാലത്തേക്ക്‌ വിട്ടയക്കാന്‍ എന്തായിരുന്നു ഇത്ര വലിയ നിയമതടസ്സം? പരിക്കുപറ്റിയ ഭാര്യയുടെ അടുത്തുണ്ടാകാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷേ ആ സ്ത്രീ ഇന്ന്‌ ജീവനോടെയുണ്ടാകുമായിരുന്നുപോലും അനുമാനിക്കുന്നതിലും തെറ്റുണ്ടോ?

മനപ്പൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന ജീവഹാനികളെ മുഴുവന്‍ ഒരേ വിധത്തിലാണോ നിയമം കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും? യു.എ.ഇ.യില്‍ നിലവിലുള്ള സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്ക്‌ പൊതുവെ മനുഷ്യത്വപരമായ ഒരു മുഖച്ഛായയുണ്ട്‌. സൌദിയെയും കുവൈത്തിനെയുമൊക്കെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെയധികം പരിഷ്ക്കൃതവുമാണ്‌ അത്‌. നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്ല്യരാണെന്ന അടിസ്ഥാനശിലാബലവും അതിനുണ്ട്‌. പക്ഷേ ഈ കേസ്സും അതില്‍ വന്ന വിധിയും നമ്മെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ ഭയപ്പെടണം.

ഏറെ ആഗ്രഹിച്ച്‌, ഭാര്യയെ മൂന്നേമൂന്നു മാസത്തേക്ക് ഇവിടെ കൊണ്ടുവന്ന, ഒരു മുന്‍‌കാല ക്രിമിനല്‍ റെക്കോര്‍ഡുകളുമില്ലാത്ത, ഒരു സാധാരണക്കാരനാണ്, ഒരൊറ്റ ദിവസഫലം കൊണ്ട്, ഇന്ന്‌ ഇതൊക്കെ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. അപകടത്തിനു കാരണക്കാരന്‍ അയാളാണോ എന്നൊന്നും വാര്‍ത്തയില്‍നിന്ന്‌ ലഭ്യവുമല്ല. സംഭവത്തിന്റെ തലേദിവസം മദ്യപിച്ചിരുന്നതായി ജോസഫ് സമ്മതിച്ചിട്ടുമുണ്ട്‌. ഇനി അഥവാ, ആണെങ്കില്‍ത്തന്നെ, ഈ വിധമായിരുന്നുവോ ഈ കേസ്സിനെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌? നിയമത്തെ സാങ്കേതികമായി മാത്രം വ്യാഖ്യാനിക്കാന്‍ അമിതാവേശം കാണിച്ച ഉദ്യോഗസ്ഥരുടെ സമീപനമല്ലേ ഈയൊരു സംഭവത്തെ ഇത്രമാത്രം ദുരന്തപര്യവസായിയാക്കിയത്‌? നാട്ടിലുള്ള അയാളുടെ മൂന്നു കുട്ടികളുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ ഇവരാരെങ്കിലും അന്വേഷിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ? അമ്മയുടെ മരണത്തിന്‌, മനപ്പൂര്‍വ്വമല്ലാതെയെങ്കിലും കാരണക്കാരനായ അച്ഛന്‌ മക്കളുടെ മേല്‍ ഇനി യാതൊരുവിധ രക്ഷകര്‍ത്താവകാശമില്ലെന്നുപോലും ഇവര്‍ വിധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഭാര്യയെ പരിചരിക്കാനും അവരുടെ അവസാനനിമിഷത്തില്‍ അരികില്‍ ഉണ്ടാകാനും കഴിഞ്ഞിരുന്നെങ്കില്‍ക്കൂടി, ഒരുപക്ഷേ, ഭാര്യയുടെ മരണം, അയാളെ ജീവിതാവസാനം വരെ വേട്ടയാടുമായിരുന്നില്ലേ? ആ മനുഷ്യന്റെ അവസ്ഥയും, അയാളുടെ വേദനയും ലഘൂകരിക്കാനായിരുന്നില്ലേ ഈ നീതിന്യായപാലകര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്‌? ആസന്നമരണയായ ഭാര്യയെ കാണുന്നതില്‍നിന്ന് ജോസഫിനെ വിലക്കിയ ക്രൂരമായ നിയമത്തിന് ആ വിധത്തില്‍ ഒരു പ്രായശ്ചിത്തം ചെയ്യാമായിരുന്നില്ലേ?

പരിഹരിക്കാന്‍ കഴിയാത്ത തെറ്റാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ തകര്‍ത്തുതരിപ്പണമാക്കിയ തെറ്റ്‌. എന്തൊക്കെ ന്യായം പറഞ്ഞാലും, ചുരുങ്ങിയത്, ക്രൂരമായ മനുഷ്യാവകാശലംഘനമെങ്കിലും ആരോപിക്കാവുന്ന ഗുരുതരമായ തെറ്റ്. ആ രംഗത്താകട്ടെ, യുഎ.ഇ. ഇതിനകം തന്നെ ആവോളം ദുഷ്‌പേര് സമ്പാദിച്ചുകൂട്ടിയിട്ടുമുണ്ട്‌.

നീതിയുടെ വിളക്കുകാലുകളെ കൂടുതല്‍ കാലികവും മാനവികവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.