Thursday, January 31, 2013

ഹ്യൂസ്‌കയില്‍, ആദരാഞ്ജലികളോടെ

പോകാന്‍ ഉദ്ദേശിച്ച സ്ഥലത്തെക്കുറിച്ച് കൂട്ടുകാരോട് ഞാനും എന്റെ ആദ്യ ഭാര്യയും സൂചിപ്പിച്ചപ്പോള്‍ അവരാദ്യം ചോദിച്ചത്, “എന്തുകൊണ്ട് ഹ്യൂസ്‌ക” (Huesca) എന്നായിരുന്നു. 1980-ലാണത്. നാലു പതിറ്റാണ്ട് ദീര്‍ഘിച്ച ഫ്രാങ്കോയുടെ കിരാത ഭരണത്തിനുശേഷം ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ച സ്പെയിനിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ ഹ്യൂസ്‌ക ഒരു വിനോദസഞ്ചാരകേന്ദ്രമല്ല. എവിടേക്കോ പോകുന്ന ഒരു വഴിയിലെ തീരെ അപ്രധാനമായ ഒരു ചെറുപട്ടണം മാത്രമായിരുന്നു അത്. അവിടേക്കെത്തിക്കിട്ടാന്‍, പ്രവചിക്കാനാവാത്തവിധം ദുര്‍ഘടമായ വഴികളിലൂടെ പോകേണ്ടിയിരുന്നു. തിരിച്ചുള്ള യാത്രയും സുഗമമല്ല.

“വിട്ടുകള”, കൂട്ടുകാര്‍ ഉപദേശിച്ചു.

ഞങ്ങള്‍ക്ക് പക്ഷേ അത് വിട്ടുകളയാന്‍ ആവുമായിരുന്നില്ല. ഹ്യൂസ്‌കയില്‍ എത്തിയിട്ട് ഞങ്ങള്‍ക്കൊരു കാര്യമുണ്ടായിരുന്നു.

അതുകൊണ്ട് സീറാ ദ് ലാ പിനയിലെ (Sierra de la Pena) ദുര്‍ഗ്ഗമമായ കുന്നുകളിലൂടെ യാത്രചെയ്ത്, കുറ്റിച്ചെടികളും ചെറിയ മരങ്ങളും നിറഞ്ഞ വിജനമായ സ്ഥലത്തേക്ക് റോഡ് ചെന്നെത്തിച്ചേരുന്ന സ്ഥലത്ത്, ‘ഹ്യൂസ്‌ക’ എന്നെഴുതിയ പഴക്കം ചെന്ന ഒരു സൈന്‍‌ബോര്‍ഫിനു മുന്നില്‍ ഒടുവില്‍ ഞങ്ങളെത്തി.

കൂട്ടുകാര്‍ സൂചിപ്പിച്ചപോലെത്തന്നെ ഒരു പ്രത്യേകതയുമില്ലാത്ത ഒരു നാടന്‍ പട്ടണം മാത്രമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മിഷലിന്റെ ഗൈഡ്‌ബുക്കില്‍ ഒറ്റ നക്ഷത്രം കൊണ്ട് സൂചിപ്പിച്ച കത്തീഡ്രലോ, തന്റെ എഴുത്തില്‍ ഒന്നുരണ്ടിടങ്ങളില്‍ മാത്രം ഹെമിംഗ്‌വേ പരാമര്‍ശിച്ച്  അനശ്വരമാക്കിയ തിരക്കുള്ള പരമ്പരാഗതരീതിയിലുള്ള അങ്ങാടിയോ ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ആണയിട്ട് പറഞ്ഞിട്ടും, ഞങ്ങളുടെ കൂട്ടുകാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ആ ഒരു ചെറിയ കാര്യത്തിനായിരുന്നു ഞങ്ങള്‍ ഹ്യൂസ്‌കയിലേക്ക് പോയത്.

ഒരു കപ്പ് കാപ്പി കുടിക്കുക എന്ന ആ ഒരു തീരെ ചെറിയ കാര്യത്തിന്.

അപരിചിതമായ വഴികളിലൂടെ ഞാന്‍ വണ്ടിയോടിക്കുമ്പോള്‍ എന്റെ (ആദ്യ) ഭാര്യ, അരികത്തിരുന്ന്, കടകളിലേക്ക് കണ്ണയക്കുന്നുണ്ടായിരുന്നു. രണ്ടുതവണ ഞാന്‍ ഏതാണ്ട് കാര്‍ നിര്‍ത്തി എന്നുതന്നെ പറയാം. പക്ഷേ മീനുവിന് അവിടമൊന്നും തൃപ്തിയായില്ല. “ഇതല്ല”, “ഇവിടെ പറ്റില്ല” എന്നൊക്കെ അവള്‍ പറയുന്നുണ്ടായിരുന്നു.

ഒരു വസന്തകാലത്താണ് ഞങ്ങള്‍ ഹ്യൂസ്‌കയില്‍ എത്തിയത്.  പതിറ്റാണ്ടുകള്‍ക്കുമുന്‍പ്, 1937-ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ഫ്രാങ്കോയുടെ സൈന്യം ഹ്യൂസ്‌കയെ ഒരു സൈനിക കേന്ദ്രമാക്കിയതും മറ്റൊരു വസന്തകാലത്തായിരുന്നു. ഫ്രാങ്കോയെ ചെറുത്തുനിന്ന് അവശനിലയിലായ റിപ്പബ്ലിക്കന്‍ സൈന്യം 1937-ലാണ് ഹ്യൂസ്‌ക പട്ടണം വളഞ്ഞത്. വിവിധ രാജ്യങ്ങളില്‍നിന്ന് ഒറ്റക്കും കൂട്ടായും എത്തിയ പലതരക്കാരായ ആളുകള്‍ ഒത്തുചേര്‍ന്ന ഒരു  ചെറുത്തുനില്‍പ്പ് സംഘമായിരുന്നു അത്. ആദര്‍ശവാദികള്‍, അവസരവാദികള്‍, അരാജകവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, ആര്‍ജ്ജവമുള്ള ജനാധിപത്യവാദികള്‍, അങ്ങിനെയങ്ങിനെ പലരും. അവരില്‍ മെലിഞ്ഞ, രോഗിയായ ഒരു ഇംഗ്ലീഷ് സാഹിത്യകാരനുമുണ്ടായിരുന്നു. ജോര്‍ജ്ജ് ഓര്‍വല്‍ എന്നായിരുന്നു അയാളുടെ പേര്‍.

പറയത്തക്ക ആയുധങ്ങളില്ലാതെ, വേണ്ടവിധം നയിക്കപ്പെടുകയോ സംഘടിക്കപ്പെടുകയോ ചെയ്യാതെ, ഉള്ളില്‍നിന്ന് കാര്‍ന്നുതിന്നുന്ന ചതിയും അഭിപ്രായവ്യത്യാസങ്ങളാലും ഭിന്നിക്കപ്പെട്ട റിപ്പബ്ലിക്കന്‍ സേന മാസങ്ങളോളം ഹ്യൂ‌സ്‌കയെ വളഞ്ഞുവെച്ചു. ചോരയിലും ചെളിയിലും പുതഞ്ഞ യുദ്ധപ്രചരണത്തിനിടയില്ദും, ആവേശം കൊള്ളിക്കുന്ന ഒരു മുദ്രാവാക്യം മുന്നണിയില്‍ മെല്ലെമെല്ലെ പരക്കുന്നുണ്ടായിരുന്നു. 

“നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും” എന്നായിരുന്നു ആ പ്രതീക്ഷാമന്ത്രം.

ആ മന്ത്രത്തില്‍നിന്ന് ഓര്‍വെല്‍ ജീവശ്വാസമെടുത്തു. എല്ലാ യുദ്ധങ്ങള്‍ക്കിടയിലും കേള്‍ക്കാന്‍ കഴിയുന്ന “ക്രിസ്തുമസ്സിനു നമ്മള്‍ വീട്ടിലെത്തും’ എന്നതുപോലെ പൊള്ളയായ മറ്റൊരു വാഗ്ദാനം മാത്രമായിരുന്നു “നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും’ എന്ന ആ പ്രതീക്ഷയും. അവസാനിക്കാത്ത മട്ടില്‍  ചെറുത്തുനില്‍പ്പ് നീണ്ടുനീണ്ടു പോയി. ആ മന്ത്രത്തിന്റെ ശുഭപ്രതീക്ഷയും പൊള്ളയാണെന്ന് നാള്‍ക്കുനാള്‍ ബോദ്ധ്യപ്പെട്ടു. തുടരാക്രമണങ്ങളില്‍പ്പെട്ട്, പ്രതീക്ഷയും, തന്ത്രപ്രധാന ലക്ഷ്യങ്ങളും, ജീവിതങ്ങളും, പൊലിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന്റെ നിരര്‍ത്ഥകതയെ പ്രതിനിധാനം ചെയ്യുന്ന മട്ടില്‍ ഹ്യൂ‌സ്‌ക ഫാസിസ്റ്റുകളുടെ കയ്യില്‍ അവശേഷിച്ചു.           

സ്വാതന്ത്ര്യത്തിന്റെ വലിയൊരു ശബ്ദമാകേണ്ടിയിരുന്ന ജോര്‍ജ്ജ് ഓര്‍വലിന് ഹ്യൂ‌സ്‌കയ്ക്ക് കുറച്ചപ്പുറത്തുവെച്ച് പരുക്കേറ്റ്, സ്‌റ്റ്‌റെറ്റ്ച്ചറില്‍ കിടന്ന്, നിരാശാഭരിതനായി, നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു.   “എന്നെങ്കിലുമൊരിക്കല്‍ സ്പെയിനിലേക്ക് തിരിച്ചുപോകാനായാല്‍ ഹ്യൂസ്‌കയില്‍ പോയി ഒരു കപ്പ് കാപ്പി ഞാന്‍ കുടിക്കും” എന്ന് ‘ഹോമേജ് റ്റു കാറ്റലോണിയയില്‍‘ പിന്നീട് ഓര്‍വല്‍ എഴുതിവെച്ചു.

ഹ്യൂസ്‌ക വീണില്ല. ഫ്രങ്കോയും ഫാസിസവും സ്പെയിനില്‍ ജയിച്ചു. ഓര്‍വലിനു വീണ്ടും ഹ്യൂ‌സ്‌ക കാണാന്‍ ആയതുമില്ല.

ഒരു ചെറിയ കാപ്പിക്കടയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. മിനു ആദ്യം നിരസിച്ച കാപ്പിക്കടകളില്‍നിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത ഒന്ന്. റോഡിന്റെ മറുവശത്ത്, വെയിലില്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു, പേരെഴുതിയ ഒരു വലിയ കെട്ടിടം. നാല്‍പ്പത് വര്‍ഷങ്ങള്‍, ഫ്രാങ്കോയുടെ ഭരണത്തിന്‍ കീഴില്‍, നിയമത്തിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിപോലെ നിന്നിരുന്ന ഒരു കുപ്രസിദ്ധ സ്ഥാപനം. സിവില്‍ ഗാര്‍ഡിയയുടെ പ്രധാന കെട്ടിടം.

“എന്താണ് കഴിക്കുന്നത് സര്‍? ഭക്ഷണമോ, ഐസ്‌ക്രീമോ?” വെയ്‌റ്റര്‍ ചോദിച്ചു.

അയാളുടെ ചുമലുകള്‍ക്കപ്പുറത്ത്, റോഡില്‍, സിവില്‍ ഗാര്‍ഡിയയുടെ കെട്ടിടത്തിന്റെ വാതില്‍ക്കല്‍ യൂണിഫോമിട്ട്   പുതിയതായി കിട്ടിയ ജനാധിപത്യത്തിനു അറ്റന്‍‌ഷനായി കാവല്‍നില്‍ക്കുന്ന രണ്ട് ഗാര്‍ഡുമാരെ ഞാന്‍ നോക്കി.

“ഒന്നും വേണ്ട, നന്ദി. രണ്ട് കപ്പ് കാപ്പി മാത്രം”


(ശശി തരൂരിന്റെ Bookless in Baghdad എന്ന പുസ്തകത്തിലെ Homage in Huesca എന്ന ലേഖനത്തിന്റെ പരിഭാഷയാണിത്. ഒറ്റപ്പെട്ട ചില ലേഖനങ്ങളൊഴിച്ചാല്‍, ഇതുവരെ ശശി തരൂരിന്റെ ഒരു പുസ്തകവും -Great Indian Novel അടക്കം-വായിച്ചിട്ടില്ലായിരുന്നു. ശശി തരൂര്‍ എന്ന ഗാന്ധികുടുംബ സുഹൃത്തായ രാഷ്ട്രീയക്കാരനോടുള്ള വിപ്രതിപത്തിയായിരുന്നു അതിനുള്ള പ്രധാന കാരണം. പക്ഷേ യാദൃച്ഛികമായി വാങ്ങിക്കാന്‍ ഇടവന്ന ഈ പുസ്തകം, ശശി തരൂര്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള എന്റെ ചില മുന്‍‌വിധികള്‍ മാറ്റി എന്നുതന്നെ പറയാം. സുഖമുള്ള ഒരു വായനയ്ക്ക് ഈ പുസ്തകം പറ്റും. എഴുത്ത്, എഴുത്തുകാര്‍, പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചില ലേഖനങ്ങളുടെ സമാഹാരമാണിത്. രാഷ്ട്രീയമായി വിയോജിക്കേണ്ടിവരുന്ന ചില ഭാഗങ്ങള്‍ ഒന്നുരണ്ടു ലേഖനങ്ങളില്‍ കാണാമെന്നിരിക്കിലും - ഉദാഹരണത്തിന് നയ്‌പാളിനെക്കുറിച്ചുള്ളതും, സല്‍‌മാന്‍ റു‌ഷ്‌ദിയെക്കുറിച്ചുള്ള ലേഖനത്തിലെ ഹൈന്ദവതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളിലും - ആകെമൊത്തം ടോട്ടല്‍ പുസ്തകം വലിയ കുഴപ്പമില്ല എന്ന് പറയാം)

1 comment:

Rajeeve Chelanat said...

ഹ്യൂസ്‌കയില്‍ ആദരാഞ്ജലികളോടെ