Thursday, January 17, 2013

കറുത്ത ചര്‍മ്മവും വെളുത്ത മുഖം‌മൂടികളും



“ഞങ്ങള്‍ക്കൊരു സെനിഗാലീസ് ചരിത്രാദ്ധ്യാപികയുണ്ട്. പക്ഷേ അവര്‍ ബുദ്ധിമതിയാണ്”

“ഞങ്ങളുടെ ഡോക്ടര്‍ കറുത്തവര്‍ഗ്ഗക്കാരനാണ്. പക്ഷേ മാന്യന്‍”

ഫ്രാന്‍സ് ഫാനണിന്റെ (Frantz Fannon) Black Skin, White Masks എന്ന പുസ്തകത്തിലാണ് ഈ വരികളുള്ളത്. ഈ പുസ്തകം 1952-ല്‍ പുറത്തുവന്ന്, അറുപതു വര്‍ഷം കഴിയുമ്പോള്‍ ഇന്നും പൊതുസൈക്കിയുടെ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നറിയുമ്പോളുണ്ടാകുന്ന നിരാശയും രോഷവും കനത്തതാണ്. “അവന്‍ മുസ്ലിമാണെങ്കിലും നല്ലവനാണെ’ന്നും, “അവന്‍ ഷെഡ്യൂള്‍ഡാണെങ്കിലും വിവരമുള്ളവനാണെ’ന്നും സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന നമ്മുടെ വംശീയതയുടെ ‘ജനാധിപത്യ ഔദാര്യം‘ നമുക്ക് അപരിചിതമല്ലല്ലോ.

കറുത്തവനും അവന്റെ ഭാഷയുമാണ് ഫാനണിന്റെ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം. ഒരു ഭാഷ സ്വായത്തമാക്കുമ്പോള്‍ ആ ഭാഷ കൊണ്ട് പ്രകാശിതമാകുന്ന ലോകത്തെയാണ് പരോക്ഷമായി ഒരുവന്‍ / ഒരുവള്‍ കൈവശപ്പെടുത്തുന്നത് എന്ന് ഫാനണ്‍ നിരീക്ഷിക്കുന്നു. കോളണികളിലെ ജനത ആദ്യം സ്വായത്തമാക്കാന്‍ നോക്കുന്നത് തങ്ങളുടെ കൊളോണിയല്‍ അധികാരികളുടെ ഭാഷയാണ്. അതുവഴി അവന്‍ അവന്റെ സ്വന്തം ജീവിത / ചരിത്ര പരിസരങ്ങളില്‍നിന്ന് മോചിതനാവുക കൂടി ചെയ്യുന്നു. ഫ്രാന്‍സിന്റെ കരീബിയന്‍ കോളണികളിലെ ജനങ്ങളുടെ ഭാഷാപരമായ അസ്തിത്വത്തെക്കുറിച്ചാണ് ആ അദ്ധ്യായം.

രണ്ടാമത്തെയും മൂന്നാമത്തെയും അദ്ധ്യായങ്ങളില്‍  കറുത്ത പെണ്ണും വെളുത്ത പുരുഷനും തമ്മിലും, വെളുത്ത പെണ്ണും കറുത്ത പുരുഷനും തമ്മിലുമുള്ള സാമൂഹ്യ ബന്ധങ്ങളുടെ (ലൈംഗികതയുടെയും) വിചിത്രമായ ഇടപാടുകളാണ് പുസ്തകം കൈകാര്യം ചെയ്യുന്നത്. കോളണികളുടെ പൊതുവായ ചരിത്ര പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തലുകളെങ്കിലും, ഇത്, ഫ്രാന്‍സിന്റെ കോളണികളില്‍ നിലനിന്നിരുന്ന സവിശേഷമായ പശ്ചാത്തലത്തിന്റെയും ആ കാലഘട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് വായിക്കപ്പെടേണ്ടത്. ഭാഷ പോലെ, വര്‍ണ്ണവും അതിന്റെ മേല്‍ക്കോയ്മ കോളണികളിലെങ്ങിനെ സ്ഥാപിച്ചെടുക്കുന്നു എന്ന്, അക്കാലത്തെ ചില പ്രധാനപ്പെട്ട കൃതികളുടെ ചുവടു പിടിച്ച് ഫാനണ്‍ വിവരിക്കുന്നു.

“കോളണിവത്ക്കരിക്കപ്പെട്ടവരുടെ ആശ്രിത മനോഭാവത്തെ”ക്കുറിച്ചും, “കറുത്തവന്‍ ജീവിച്ച അനുഭവ’ത്തെക്കുറിച്ചുമുള്ള നാലും അഞ്ചും അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിന്റെ കാതല്‍. അവിടെയാണ് കറുത്തവന്റെ അപകര്‍ഷതയെക്കുറിച്ച്, അന്ന് നിലനിന്നിരുന്ന കൊളോണിയല്‍ മിത്ഥ്യകളെ ഇഴകീറി പരിശോധിക്കുന്നത്. കോളണികളില്‍ അടിച്ചേല്‍പ്പിക്കുന്ന വംശീയത മറ്റു വംശീയതകളില്‍നിന്ന് വിഭിന്നമാണെന്ന മട്ടിലുള്ള ചില സിദ്ധാന്തങ്ങളെയും നിശിതമായി ഫാനണ്‍ ഈ ഭാഗത്ത് എതിരിടുന്നുണ്ട്.

കറുത്തവന്റെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള, ഹ്രസ്വവും എന്നാല്‍ സത്യസന്ധവുമായ ഒരു ചെറിയ പഠനമാണ് ആറാമത്തെ അദ്ധ്യായത്തിലുള്ളത്. വെളുത്തവനെ കാണുകയും ഇടപെഴകുകയും ചെയ്യുന്നതു മുതല്‍ക്ക് കറുത്തവരുടെ “കൂട്ടായ ബോധപ്രക്രിയ’ക്കുണ്ടാകുന്ന പരിണാമങ്ങളും, അതിനകത്തെ വൈയക്തികമായ ഉത്‌കണ്ഠകളും, സംഭ്രാന്തികളും ഫാനണ്‍ പരിശോധിക്കുന്നു.

കറുത്തവന്റെ സ്വയം തിരിച്ചറിയലിറിയലിനെ, ആല്‍‌ഫ്രഡ് ആഡ്‌ലര്‍, ഹെഗല്‍ എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്നതാണ് ആറാമത്തെ അദ്ധ്യായം. പുസ്തകം അവസാനിക്കുന്നത് കറുത്തവന്റെ ചരിത്രപരമായ ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചുള്ള ഏഴാമത്തെ അദ്ധ്യയത്തോടെയും.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വെച്ച് ഇന്നത്തെ കാലത്ത് വിലയിരുത്തുമ്പോഴും ഫാനണിന്റെ ഈ പുസ്തകം പ്രസക്തമാണെന്നു കാണാം. ദളിത് സ്വത്വരൂപീകരണവും ഇന്ത്യയിലെ മുഖ്യധാരാ ജാതി-സമുദായങ്ങള്‍ അവക്കെതിരെയെടുക്കുന്ന നിലപാടുകള്‍ വെച്ചും ഒരു പരിധിവരെ ഈ പുസ്തകം വായിക്കാവുന്നതാണ്.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെ ഫ്രാന്‍സിലെയും ആന്റിലിയയിലെയും കറുത്ത വര്‍ഗ്ഗക്കാരനും, ഇന്ത്യയിലെ ദളിതനും (വര്‍ണ്ണ-ജാതി വൈരുദ്ധ്യം മാറ്റിവെച്ചാല്‍), സമാനമായ ചില ചരിത്രാവസ്ഥകള്‍ പങ്കുവെക്കാനുണ്ട്. അവിടെ കോളണി ഭരണമാണ് കറുത്തവന്റെ സ്വത്വരൂപീകരണത്തെ സാരമായി സ്വാധീനിച്ചതെങ്കില്‍, ഇവിടെ ഇന്ത്യയില്‍, ജാതി വ്യവസ്ഥ എന്ന മറ്റൊരു കൊളോണിയലിസത്തിന്റെ ഇരകളാണ് ദളിതര്‍ എന്നും പറയാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ അത് തുടരുകയും ചെയ്യുന്നു.

ഫ്രാന്‍സ് ഫാനണിന്റെ ഭാഷയും എടുത്തുപറയത്തക്ക ഒന്നാണ്. വെടിയുണ്ടപോലെ ചിലപ്പോള്‍ അത് നമുക്കരികിലൂടെ മൂളിപ്പായും. ചിലപ്പോള്‍ കാവ്യാത്മകവും ചിലപ്പോള്‍ രോഷാകുലവുമാകും. താന്‍ സ്വായത്തമാക്കിയ വൈദ്യശാസ്ത്രത്തിന്റെയും, മനശാസ്ത്രത്തിന്റെയും പാഠങ്ങള്‍ക്കപ്പുറം താന്‍ കാണുകയും, കേള്‍ക്കുകയും, അതിലേറെ, അനുഭവിക്കുകയും ചെയ്ത ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ് ഫാനണ്‍ തന്റെ ഈ ചെറിയതെങ്കിലും ഗംഭീരമായ പഠനം അവതരിപ്പിക്കുന്നത്. വൈകാരികത ഇതില്‍ ഇല്ലാതില്ല. അത് പക്ഷേ അനിവാര്യമാണ്. എന്നിട്ടുപോലും ഫാനണ്‍ എത്തുന്ന നിഗമനങ്ങള്‍ ഒട്ടും വൈകാരികമല്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍,

"I, a man of colour, want but one thing.

May man never be instrumentalized. May the subjugation of man by man - that is to say, of me by another - cease. May I be allowed to discover and desire man wherever he may be.

The black man is not. No more than the white man.

Both have to move away from the inhuman voices of their respective ancestors so that a genuine communication can be born.

.....O my body, always make me a man who questions!!

എന്നു മാത്രമാണ്. കറുത്തവനും വെളുത്തവനുമില്ലാത്ത ഒരു ലോകത്തെപ്പറ്റിയുള്ള ആ സ്വപ്നം കാണലില്‍ പക്ഷേ, ചരിത്രത്തിന്റെ നിരാകരണമില്ല. തെറ്റുകളെ പ്രതിക്കൂട്ടിലാക്കാതിരിക്കലില്ല. സ്വത്വത്തിന്റെ അവകാശ-സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും ഇല്ലാതിരിക്കുന്നില്ല.


28/11/12-ലെ ഫേസ്‌ബുക്ക് പോസ്റ്റ്

No comments: