Thursday, January 17, 2013

മോഡിയുടെ വിജയം എന്ത്, എന്തുകൊണ്ട്?എന്റെ പ്രിയ സുഹൃത്ത് Stanly Johny-യുടെ നിരീക്ഷണങ്ങളോട് വലിയൊരു പരിധിവരെ വിയോജിക്കേണ്ടി വരും.

മോഡിയുടെയും ബിജെപിയുടെയും വിജയം ഏതാണ്ട് എല്ലാവരും പ്രവചിച്ചതുതന്നെയാണ്. 2002-ലെ ഗോധ്രാ കലാപത്തിനൊന്നും അവിടെ ഒരു ചെറിയ തിരയിളക്കം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം, ഹിന്ദുത്വം അവിടെ കൂടുതല്‍ പിടിമുറുക്കുകയുമാണ്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു പ്രതിഭാസമല്ല. ഇന്ത്യയില്‍ ഏറ്റവുമധികം സാമുദായികമായി ധ്രുവീകരിക്കപ്പെട്ട, സാമുദായികമായി മാത്രം ചിന്തിക്കുന്ന, സംസ്ഥാനവും ജനതയുമാണ് ഗുജറാത്തും ഗുജറാത്തിയും.

അവിടെ ഒരേയൊരു സാധനത്തിനുമാത്രമേ വേരോട്ടമുണ്ടായിരുന്നിട്ടുള്ളു. വ്യാപാര-വാണിജ്യ പ്രത്യയശാസ്ത്രത്തിന്. ഭൂമിശാസ്ത്രപരമായ ഒരു മേല്‍‌ക്കൈകൂടി ഉണ്ടായിരുന്നു ചരിത്രത്തില്‍ അതിന്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥരും ഗുണഭോക്താക്കളും ഹിന്ദുക്കളുമായിരുന്നു. ഗുജറാത്തിന്റെയും ഗുജറാത്തിയുടെയും ഹിന്ദുത്വത്തിന്റെ വേര് അവിടെയാണ്.

അതിനെ കൂടുതല്‍ കോര്‍പ്പറേറ്റ്‌വത്ക്കരിച്ചു കോണ്‍ഗ്രസ്സും ബിജെപിയും. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് എന്നത്, ബിജെപിയുടെ മറ്റൊരു പേരാണ്. മറിച്ചും. ഘടനയിലും സ്വഭാവത്തിലും ഇവ രണ്ടും രണ്ടല്ല ഒന്നുതന്നെയാണ്. ഒരേ സമുദായവും രാഷ്ട്രീയവും തന്നെയാണ് രണ്ടു വ്യത്യസ്ത പേരുകളില്‍ അവിടെ കളിക്കുന്നത്.

'സാബ്, മുസല്‍മാന്മാരും ഭയങ്കര പ്രശ്നക്കാരാണ്...ബാക്കിയൊക്കെ പ്രശ്നക്കാരാണ്. അതുകൊണ്ടാണ് 2002ല്‍ ഇവിടെ കലാപമുണ്ടായത്" എന്നും, “പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ മുഖഛായ മാറി, അതിന്റെ ക്രെഡിറ്റ് മോഡിക്കാണ്“ എന്നും തട്ടിമൂളിക്കുന്നതൊക്കെ സ്റ്റാന്‍ലി കരുതുന്നതുപോലെ സാധാരണക്കാരല്ല. വ്യത്യസ്ത രാഷ്ട്രീയ പേരുകളില്‍ നിലനില്‍ക്കുമ്പോഴും ഹിന്ദുത്വത്തിന്റെ വ്യാപാര-വാണിജ്യ തത്ത്വശാസ്ത്രം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഗുജറാത്തി തന്നെയാണ്.

ഗുജറാത്തിനെ, ഗുജറാത്തിയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അറിയാം. ഹിന്ദുത്വവും കച്ചവടവുമാണ് അവന്റെ രാഷ്ട്രീയവും മതവുമെന്ന്. അതിനെ ഇല്ലാതാക്കാന്‍ അടുത്തൊന്നും ഇന്ത്യന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന് കഴിയുകയുമില്ല. മോഡിയെയോ ബിജെപിയെയോ അധികാരഭ്രഷ്ടമാക്കാന്‍ സാധിച്ചേക്കും. പക്ഷേ ഗുജറാത്തിയുടെ കോര്‍പ്പറേറ്റഡ് മതരാഷ്ട്രീയത്തെ ഇല്ലാതാക്കുക ക്ഷിപ്രസാധ്യമല്ല.

കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. കേന്ദ്രത്തിലേക്ക് ഈ രാഷ്ട്രീയം വീണ്ടുമൊരിക്കല്‍ക്കൂടി എത്താതിരികാന്‍ ശ്രമിക്കുക, ശ്രദ്ധിക്കുക.
Stanly Johny
ഏതാണ്ട് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഗാന്ധിനഗര്‍ വരെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. ദില്ലിയില്‍ നിന്നും രാവിലെ പിടിച്ച തീവണ്ടി അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് അഹമ്മദാബാദിലെത്തുന്നത്. അവിടെ നിന്നും ഗാന്ധിനഗറിലേക്ക് ഓട്ടോയിലാണെങ്കില്‍ ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്. തീവണ്ടിയാപ്പീസിന്റെ പുറത്തു നിന്നും ഓട്ടോ കിട്ടി. ആ രാത്രിയിലും, ഉറക്കച്ചടവിലും ഏറെ ഉല്ലാസവാനായിരുന്നു മധ്യവയസ്കനായഡ്രൈവന്‍. യാത്രാമധ്യേ സംസാരം നേരേ നരേന്ദ്ര മോഡിയിലേക്കെത്തി. നീണ്ടുനിവര്‍ന്നു കിടക്കുന്ന വിശാലമായ റോഡിലേക്കു കൈ നീട്ടി കാണിച്ചുകൊണ്ടാണ് 'നരേന്ദ്രഭായുടെ' വികസനത്തെ ഡ്രൈവന്‍ പുകഴ്ത്തി തുടങ്ങിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ മുഖഛായ മാറിയെന്നും അതിന്റെ ക്രെഡിറ്റ് മോഡിക്കാണെന്നും പറഞ്ഞു. ഇവിടെ ഹിന്ദു-മുസല്‍മാന്‍ പ്രശ്നം ഉണ്ടായിരുന്നില്ലെ എന്ന ചോദ്യത്തിന് 'തോഡാ സാ പ്രോബ്ലം ഥാ, ലേകിന്‍ വോ സബ് നരേന്ദ്രഭായ് നെ ഠീക് കര്‍ദിയ' എന്നായിരുന്നു മറുപടി. പിന്നെ അല്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം, 'മുസല്‍മാന്‍ലോഗ് ഭയങ്കര പ്രശ്നക്കാരാണ് സാബ്. അവരാണ് ഗുജറാത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. പക്ഷേ 2002നു ശേഷം അവരുടെ വലിയ ശല്യമുണ്ടായിട്ടില്ല,' എന്നു കൂടി ചേര്‍ത്തു. ഗാന്ധിനഗറിലെ ശാന്തികുഞ്ജ് സൊസൈറ്റിയിലെ എന്റെ മറാഠി സുഹൃത്ത് ശിവദത്ത വാള്‍ക്കര്‍ താമസിക്കുന്ന വീടിന്റെ മുന്നില്‍ ഇറക്കി മീറ്ററില്‍ പറഞ്ഞ കാശും വാങ്ങി, ഒരു സലാമും വച്ചിട്ടാണ് അയാള്‍ പോയത്. ആ ഭാഗത്ത് മുസ്ലിങ്ങള്‍ക്ക് വീടു വാടകയ്ക്കു കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, അവന്‍ താമസിക്കുന്ന വീട്ടില്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ പോലും പറ്റില്ലെന്നും അന്നു കിടക്കുന്നതിനു മുന്‍പ് ശിവനും പറഞ്ഞു. ഗാന്ധിനഗറില്‍ താമസിക്കുന്ന മറ്റൊരു മലയാളി സുഹൃത്തും--കിഷോര്‍ ജോസ്--രാവിലെ അതു തന്നെ പറയുകയുണ്ടായി. പിറ്റേന്ന് ഗാന്ധിനഗറില്‍ നിന്നും അഹമ്മദാബാദിലേക്ക് ശിവന്റെ ഒരു പരിചയക്കാരന്റെ ഓട്ടോയിലായിരുന്നു യാത്ര. ഒരു നട്ടു സിംഗ്. അത്യാവശ്യം മുറി ഇംഗ്ലിഷൊക്കെ പറയുന്ന ഡ്രൈവന്‍ തുടര്‍ച്ചയായി ബീഡി വലിച്ചുകൊണ്ട് സംസാരിച്ചു കൊണ്ടിരുന്നു. ഗുജറാത്ത് സര്‍ക്കാരിനെ പറ്റി ചോദിച്ചപ്പോ മോഡി തട്ടിപ്പാണെന്നായിരുന്നു നട്ടുസിംഗിന്റെ പെട്ടെന്നുള്ള മറുപടി. ഇവിടെ ധനികര്‍ക്കു മാത്രമേ മോഡി സര്‍ക്കാരിനെ കൊണ്ട് ഉപകാരമുള്ളു, പാവങ്ങളുടെ ജീവിതം അമ്പേ ദുരിതത്തിലാണ്, എല്ലാ സാധനങ്ങളുടേയും വില ഉയരുന്നു, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, പൊലീസാകട്ടെ പാവങ്ങളെ പീഡിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്... എന്നിങ്ങനെ പോയി വിമര്‍ശനം. 2002ലെ കലാപത്തേയും പറ്റി ചോദിച്ചു. 'സബ് ബാജ്പാ കാ കാം ഥാ' എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പറഞ്ഞു, 'സാബ്, മുസല്‍മാന്മാരും ഭയങ്കര പ്രശ്നക്കാരാണ്. സത്യത്തില്‍ ഇസ്ലാം വളരെ നല്ല മതമാണ്. പാവങ്ങളെ സഹായിക്കണം എന്നൊക്കെ പറയുന്ന മതം. എന്നാല്‍ അങ്ങിനെയുള്ള മുസ്ലിങ്ങള്‍ ഇന്നില്ല. നൂറു മുസ്ലിങ്ങളെ എടുത്താല്‍ അഞ്ചു പേരെ കാണാം നല്ലവരായിട്ട്. ബാക്കിയൊക്കെ പ്രശ്നക്കാരാണ്. അതുകൊണ്ടാണ് 2002ല്‍ ഇവിടെ കലാപമുണ്ടായത്.'

പറഞ്ഞു വന്നത്, ഗുജറാത്തില്‍ നരേന്ദ്ര മോഡിയെന്ന ഫാഷിസ്റ്റ് വീണ്ടും വീണ്ടും ജയിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.


20/12/2012- സ്റ്റാന്‍ലി ജോണിയുടെ എഫ്.ബി.കുറിപ്പിനുള്ള പ്രതികരണം

No comments: