Thursday, January 17, 2013

ദ്വിഭാഷികള്‍



പരസ്പരം മനസ്സിലാകാത്ത ഭാഷയില്‍ 
സംസാരിക്കേണ്ടി വരുന്ന അപരിചിതരെപ്പോലെ
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ 
നമുക്കിടയില്‍ ദ്വിഭാഷികളുണ്ടാവരുത്.

നമ്മള്‍ കരുതിയതാവില്ല 
അവരേറ്റു പറയുക

ബിനാക്കാ ഗീത് മാലയെക്കുറിച്ച് 
ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കുമ്പോഴോ, 
പണ്ടത്തെ ഒരു മഴവെയില്‍ ദിനത്തെക്കുറിച്ച് 
നീ എന്നെ ഓര്‍മ്മിപ്പിക്കുമ്പോഴോ, 
ടൂത്ത് പേസ്റ്റുകളെക്കുറിച്ചും 
ആഗോള താപനത്തെക്കുറിച്ചുമായിരിക്കും 
അവരൊരു പക്ഷേ സംസാരിക്കുക.

നമ്മുടെയിരുവരുടെയും ഭാഷകള്‍ 
നമ്മളേക്കാള്‍ നന്നായറിയുന്നവര്‍ 
നമുക്കിടയിലുണ്ടാകുന്നത് 
ഒന്നുമല്ലെങ്കില്‍ ചിലപ്പോള്‍
ഒരു സ്വൈര്യക്കേടെങ്കിലുമാവാനിടയുണ്ട്.

ബാബേലിന്റെ നിഴലിലിരുന്ന്
രണ്ടു വിദൂര ദേശങ്ങള്‍ തമ്മില്‍
സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലുണ്ടാകും
അവരിലൂടെ നമ്മള്‍ സംസാരിക്കുമ്പോള്‍

അവര്‍ക്കിടയില്‍‌പ്പെട്ട്  ഒന്നും പറയാനാകാതെ 
പറയാന്‍ വന്നതുപോലും മറ്റൊന്നായ് കേള്‍ക്കപെട്ട് 
വീണ്ടുമൊരിക്കല്‍ക്കൂടി,  
പണ്ടുപണ്ട് നമുക്കിടയില്‍ ഒരിക്കല്‍ തോറ്റ 
നമ്മുടെ ഭാഷയെ നമ്മള്‍ സങ്കടപ്പെടുത്തരുത്

അതുകൊണ്ടാണ് എനിക്ക് തോന്നുന്നത്
പരസ്പരം മനസ്സിലാകാത്ത ഭാഷയില്‍ 
സംസാരിക്കേണ്ടി വരുന്ന അപരിചിതരെപ്പോലെ
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ 
നമുക്കിടയില്‍ ദ്വിഭാഷികളുണ്ടാവരുത് എന്ന്.

_______-ലെ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത.

No comments: