Saturday, January 17, 2015

റെയ്ഹാന ജബ്ബാരിയും ബലാത്സംഗത്തിലെ ന്യായാന്യായങ്ങളും



ബല്‍സാക്കിന്റെ ഒരു കഥയില്‍, ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ കോടതി മുമ്പാകെ വരുന്നുണ്ട്. ബലാത്സംഗം നടന്നിട്ടില്ല എന്ന് ജഡ്ജിയുടെ വിധി. ഒരു പരീക്ഷണത്തിലൂടെ ജഡ്ജി അതു തെളിയിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീയുടെ കൈയ്യില്‍ ഒരു നൂലു കൊടുത്തിട്ട്, തന്റെ കയ്യിലുള്ള സൂചിക്കുഴിയില്‍ അത് കടത്താന്‍ ജഡ്ജി സ്ത്രീയോട് ആവശ്യപ്പെട്ടു. സ്ത്രീ അതിനു ശ്രമിക്കുമ്പോഴൊക്കെ ജഡ്ജി സൂചി ഇളക്കിക്കൊണ്ടിരുന്നു. ഒടുവില്‍ സ്ത്രീ പരാജയം സമ്മതിച്ചു. ജഡ്ജി തന്റെ കയ്യിലുള്ള സൂചിയും സ്ത്രീ നൂലും മേശപ്പുറത്തുവെച്ചു.
"കണ്ടോ, നിങ്ങള്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു" ഗൗരവഭാഗത്തില്‍ ജഡ്ജി സ്ത്രീയോട് പറഞ്ഞു.
സ്ത്രീ പെട്ടെന്ന് മേശപ്പുറത്തുള്ള നൂലെടുത്ത് സൂചിയില്‍ കയറ്റി. "ഇതാണ്‌ സര്‍ സംഭവിച്ചത്. കുറേനേരം ചെറുത്തുനിന്നപ്പോള്‍ ഞാന്‍ ക്ഷീണിച്ചു. ആ സമയത്താണ്‌ ഇങ്ങനെയുണ്ടായത്" ആ സ്ത്രീ കേസ് ജയിച്ചു (ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ജയിച്ചോ ഇല്ലേ എന്നതല്ല പ്രധാനം)
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയെ അച്ചേ ലാല്‍ എന്നൊരുത്തന്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ദില്ലി ഹൈക്കോടതിയിലെ ഏമാന്മാര്‍ നിരത്തിയ വിധിന്യായങ്ങള്‍ ബല്‍സാക്കിന്റെ ജഡ്ജിയെയും കടത്തിവെട്ടും. ഇരുവരും പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം പുലര്‍ത്തിയതെന്നും, ബന്ധപ്പെടലില്‍ 'ബലം പ്രയോഗിച്ചു' എന്നത് ശരിയാണെങ്കിലും ബലം പ്രയോഗിച്ചുള്ള എല്ലാ ലൈംഗികബന്ധങ്ങളും ബലാത്സംഗമാവില്ലെന്നും വിധിച്ച്, ട്രയല്‍ കോടതി അയാള്‍ക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷയെയാണ്‌ ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞത്.
അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് ആര്‍ത്തവം നിലച്ചിരിക്കാന്‍ ഇടയുണ്ടെന്ന ഒരു പരാമര്‍ശം കൂടി ദില്ലി ഹൈക്കോടതിയുടെ വിധിപ്രസ്താവനയിലുണ്ടായിരുന്നത് പല മാധ്യമങ്ങളിലും കഴിഞ്ഞ നാലഞ്ചുദിവസമായി ചൂടുള്ള ചര്‍ച്ചയായിരുന്നു. അച്ചേ ലാലിനെ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവാക്കിയത് ആ വസ്തുതയുടെ പേരിലല്ലെന്നും സാഹചര്യത്തെളിവുവെച്ചായിരുന്നുവെന്ന മറുവാദങ്ങളും ഫസ്റ്റ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളിലുണ്ട്.
സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവുമുള്ളതുകൊണ്ട് ബല്‍സാക്കിന്റെ കഥയിലെ പെണ്ണ് കേസില്‍ വിജയിച്ചു. പക്ഷേ ഇവിടെ നമ്മുടെ ഏമാന്മാര്‍ നൂലിഴ കീറി പരിശോധിക്കുന്നത്, ബലപ്രയോഗം ബലാത്സംഗമാണോ അല്ലേ എന്നാണ്‌.
വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് ലൈംഗികബന്ധത്തിന്റെ ഗുട്ടന്‍സ് മനസ്സിലായിട്ടില്ല എന്നാണോ ഇതില്‍നിന്ന് നമ്മള്‍ ഊഹിക്കേണ്ടത്? ? എല്ലാ ലൈംഗികബന്ധങ്ങളിലും പരസ്പരമുള്ള ചെറിയ രീതിയിലുള്ള നിരുപദ്രവമായ ബലപ്രയോഗങ്ങള്‍ ഇരുകക്ഷികളും ചെയ്യുന്നുണ്ടെന്നും, എന്നാല്‍ അതിലൊന്നും ബലം കുറഞ്ഞവര്‍ കൊല്ലപ്പെടുന്നില്ലെന്നും, കോടതിക്ക് അറിയില്ലെന്നുണ്ടോ?
റെയ്ഹാനാ ജബ്ബാരിയുടെ തൂക്കിക്കൊലയെ 'മാധ്യമ' കോടതികള്‍ ന്യായീകരിച്ചതുവെച്ച് നോക്കുമ്പോള്‍, ഇതുപോലുള്ള വിധികളൊക്കെ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. പുരുഷന്‍ നടത്തുന്ന ബലാത്സംഗം ബലപ്രയോഗമല്ലെന്നും അത് പുരുഷന്റെ കായികമായ മുന്‍‌തൂക്കത്തിന്റെ സ്വാഭാവികമായ ഫലവും, ദോഷവും മാത്രമാണെന്നുമൊക്കെയുള്ള വാദങ്ങളും വിധിന്യായങ്ങളും ഇനി വരുന്ന നാളുകളില്‍ വരുമായിരിക്കാം. കാത്തിരിക്കുക.

5 November 2014

No comments: