Saturday, January 10, 2015

ഇസ്രായേലില്‍ ഒരു ബസ്രക്കാരി



ഇസ്രായേലിൽനിന്ന് കൂട്ടുകാരി വിളിച്ചിരുന്നു. അവരുടെ പരിചരണത്തിലുള്ള പ്രായം ചെന്ന ഒരു അമ്മയോട് സംസാരിക്കാൻ പറ്റുമോ എന്നു ചോദിച്ച്. ബസ്രയിൽനിന്ന് അറുപത്തഞ്ചുകൊല്ലം മുൻപ് പതിമൂന്നാമത്തെ വയസ്സിൽ ഇസ്രായേലിലേക്ക് പോയ, ഇന്ന്, ജീവിതസായാഹ്നത്തിൽ ഓർമ്മകളൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഇറാഖി ജൂതസ്ത്രീ.. ബസ്രയിലെ സുഹൃത്തിനെക്കുറിച്ച് എന്റെ സുഹൃത്ത് അവരോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങിയത്രെ. ആ അമ്മയെ ഇന്നു വിളിച്ചു.
അവർ അറബിയിലും മുറി ഇംഗ്ലീഷിലും ഞാൻ ഇംഗ്ലീഷിലും മുറി അറബിയിലും. ദ്വിഭാഷിയായി കൂട്ടുകാരിയും.
ബസ്രയിൽ ഒരു പുഴയില്ലേ, അതിനടുത്തായിരുന്നു താൻ ജീവിച്ചിരുന്നതെന്ന് പറഞ്ഞു അവർ. അതിനടുത്ത്, ധാരാളം വെളിച്ചമുള്ള ഒരു സ്ഥലമില്ലേ, വീടിനടുത്തായിരുന്നു ആ സ്ഥലം. ഞാനെന്തു പറയാനാണമ്മേ? ബസ്രയിൽ ഒന്നല്ല രണ്ടു പുഴകൾ സംഗമിക്കുന്നുണ്ട്. യൂഫ്രട്ടീസും ടൈഗ്രീസും. ബസ്രയ്ക്കടുത്താണ് ആ സംഗമം. അല്ല. എനിക്ക് തെറ്റിയതാണ്. അവ സംഗമിച്ച് ഒന്നാ‍യതായിരിക്കും അമ്മ ഓർമ്മിക്കുന്നത്. അപ്പോൾ ശരിയാണ് ഒരു പുഴയേയുള്ളു. അതെ, അതിനടുത്താണ് ബസ്ര നഗരം. നഗരം നിറയെ വെളിച്ചമുണ്ടാവണം. അവിടെ അമ്മയെപ്പോലെ നിരവധി അമ്മമാരും ഉണ്ടായിരിക്കണം. അറിയില്ല.
അമ്മ അവിടെനിന്നു പോയതിന്‍ശേഷം അവിടെ പലതും നടന്നു.പട്ടാള വിപ്ലവങ്ങളും തിരഞ്ഞെടുത്ത സർക്കാരുകളുമുണ്ടായി. വീരനെന്നും ദുഷ്ടനെന്നും ഒരുപോലെ പേരുകേട്ട ഒരാൾ വന്നു. അയാൾ വഴി യുദ്ധങ്ങളുണ്ടായി. ആ യുദ്ധങ്ങളെ പരാജയപ്പെടുത്താനായി മറ്റുചിലർ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിൽനിന്നും വന്നു. അവർ വന്നത് അമ്മയുടെ ബസ്രവഴിയായിരുന്നു. ലക്ഷക്കണക്കിനാളുകൾ ചത്തൊടുങ്ങി. മരുന്നും ഭക്ഷണവും കിട്ടാതെയും ആണവവികിരണമേറ്റും പതിനായിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങൾ അകാലത്തിൽ പൊലിഞ്ഞു. എണ്ണിയാലൊടുങ്ങാത്തെ സ്ത്രീകൾ വിധവകളായി. മക്കൾ മരിച്ച അച്ഛനമ്മമാരും അച്ഛനമ്മമാർ മരിച്ച കുട്ടികളും വേരോടെ കുടുംബങ്ങൾ കയ്യൊഴിഞ്ഞുപോയ വീടുകളും ഒരുപോലെ അനാഥരായി. കുട്ടികളെയും സ്ത്രീകളെയും വീടുകളിൽ കയറി വെടിവെച്ചും ബലാത്ക്കാരം ചെയ്തും പച്ചയ്ക്ക് കൊന്നു. ബസ്രയും മറ്റു നഗരങ്ങളും ശവപ്പറമ്പുകളായി. ഷിയകളും സുന്നികളും കുർദുകളും ഒരുപോലെ യുദ്ധത്തിൽ പെട്ടു. ചതുപ്പുനിലങ്ങൾ പാടെ വറ്റിച്ച് കൃഷി മുഴുവൻ തകർത്ത് നൂറുകണക്കിനു ഗ്രാമങ്ങളെ പട്ടിണിദുരിതമരണങ്ങളുടെ വേനലിലേക്ക് അധിനിവേശസേനക്കാർ പറഞ്ഞയച്ചു. ഭാഗ്യം തുണച്ച ലക്ഷക്കണക്കിനാളുകൾ പലപല നാടുകളിലേക്ക് പലായനം ചെയ്തു ഛിന്നഭിന്നമായി.
അമ്മയുടെ ഓർമ്മ പോയത് എത്ര നന്നായി. പഴയ ഇറാഖിനെയും പഴയ ബസ്രയെയും ഇസ്രായേലിലിരുന്ന് അമ്മയ്ക്ക് സ്വപ്നം കാണാനും അയവിറക്കാനും കഴിയുന്നു. അവിടെ വെളിച്ചമുള്ള ഒരു സ്ഥലവും, പുഴയൊഴുകുന്ന ഒരു നാടും അമ്മയ്ക്ക് ദൂരെയിരുന്നു കാണാൻ കഴിയുന്നു.
അമ്മ ഒന്നും അറിയണ്ട.

5 January 2014

No comments: