പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈസ്റ്റിന്ത്യാ കമ്പനി ബംഗാളിലെ നെയ്ത്തുകാരെ സഹായിച്ച കഥ ഓർമ്മയില്ലേ? ഒറ്റയ്ക്കും തെറ്റയ്ക്കും ഇരുന്നു തുണിനെയ്യുന്നവരുടെ പെരുവിരൽ മുറിച്ച് അവരുടെ അന്നം മുട്ടിച്ചു അന്നവർ. അവരിൽ പലരും നിവൃത്തിയില്ലാതെ നാടുവിട്ടോടി യു.പി.യിലേക്കും മറ്റും രക്ഷപ്പെട്ടു. അത് അന്ന്.
രണ്ടുനൂറ്റാണ്ടിനിപ്പുറം, ക്രാന്തദർശിയായ മറ്റൊരാൾ സ്വന്തം നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ തളർച്ചയില്ലാതെ നടന്നുനീങ്ങുന്നു. ഇന്ത്യയുടെ പട്ടിന്റെ പാരമ്പര്യം തേടിയുള്ള യാത്രയിലാണയാൾ. സ്വന്തം കുടിലുകളിലിരുന്ന് പട്ടു നെയ്യുന്നവരെ സ്നേഹപൂർവ്വം തലോടി, അവർ കൊടുത്ത കാപ്പി കുടിച്ച്, അവരോട് കുശലം പറഞ്ഞ് അയാൾ അവരെ സംഘടിപ്പിക്കുന്നു. അവർക്ക് എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്നു. അങ്ങിനെ ആ ഒറ്റപ്പെട്ട മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട പട്ടുതുണികൾ നിർമ്മിക്കുന്നു. ഇതിനേക്കാൾ നല്ല പട്ട് സ്വപ്നത്തിൽ മാത്രമെന്ന് നമ്മളോട് മറ്റു ചിലർ സാക്ഷ്യം പറയുന്നു. പട്ടിനെ വെല്ലുന്ന പട്ടുപോലത്തെ മനുഷ്യർ.
നഗരകാന്താരങ്ങളിലെ പ്രഭാപൂരമാർന്ന കാഴ്ചമുറികളിലേക്ക് പിന്നെ ആ പട്ട് വരുകയായി. ഒരുനേരം പോലും ഇരുന്നു നടുനിവർക്കാൻ കഴിയാതെ, ആ പട്ടിനെ സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന പെൺകുട്ടികൾ അത് നിങ്ങൾക്ക് വിൽക്കുന്നു. അതുവിറ്റുകിട്ടുന്ന പണം കൊണ്ട് നഗരങ്ങളിൽ സ്വർണ്ണാഭരണക്കടകളും പട്ടുകടകളും അതിന്റെ ചെറുതും വലുതുമായ ദല്ലാളുകളും തിന്നുകൊഴുക്കുന്നു. പെറ്റുപെരുകുന്നു. മാസാന്ത്യത്തിൽ എണ്ണിച്ചുട്ടപ്പം പോലെ അവർക്കു കിട്ടുന്ന കാശിൽനിന്ന് പട്ടുപോലുള്ള കല്ല്യാണരാമന്മാർ പിന്നെയും പിന്നെയും വെട്ടിമാറ്റുന്നു. അപ്പോഴും അവർ പകലന്തിയോളം നിൽക്കുകയും നിങ്ങളുടെ മുന്നിൽ ചിരിച്ച മുഖവുമായി കുശലാന്വേഷണങ്ങളോടെ വരുകയും നടന്നുനീങ്ങുകയും നിങ്ങൾക്ക് ശീതളപാനീയങ്ങൾ ഉപചാരപൂർവ്വം വെച്ചുനീട്ടുകയും ചെയ്യുന്നു.
സ്വന്തം പട്ടിണി മാറ്റാൻ അദ്ധ്വാനിക്കുന്ന അവരുടെ വിയർപ്പിന്റെ മുത്തുമണികൾ വീണ്ടും കവർന്നെടുത്ത് കല്ല്യാണരാമന്മാർ പിന്നെയും പട്ടുകൾ വിറ്റുകൊണ്ടേയിരിക്കുന്നു.
കല്ല്യാണരാമന്മാർക്ക് പട്ടുകൾ നിർമ്മിച്ചുകൊടുത്ത ആ ഗ്രാമഗ്രാമാന്തരങ്ങളിലെ നെയ്ത്തുകാരുടെ പെരുവിരലുകൾ ഇപ്പോഴും ബാക്കിയുണ്ടാവുമോ എന്തോ!
3 January 2014
No comments:
Post a Comment