Saturday, January 17, 2015

മെയ്ഡ് ഫോര്‍ അസ്



കുറച്ചു ദിവസം മുന്‍പ്, വളരെ അടുത്തൊരു ബന്ധു ഒരു പഴയ കുടുംബ ചിത്രം ഇട്ടിരുന്നു ഫേസ്‌ബുക്കില്‍. മുത്തശ്ശന്റെ താവഴിയിലെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രം. ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ്. അതിലെ അന്നത്തെ തരുണീമണികളൊക്കെ ഇന്ന് എഴുപതു കഴിഞ്ഞ മുത്തശ്ശിമാരാണ്. ആണ്‍കുട്ടികള്‍ മുത്തശ്ശന്മാരും.
വീട്ടുകാരുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ട് ആ ചിത്രത്തില്‍. അവരെക്കുറിച്ചു മാത്രമാണ്‌ ഇന്നിതെഴുതുന്നതുവരെ ഞാന്‍ ഇടയ്ക്കിടയ്ക്ക് ആ ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറുപ്പില്‍ എഴുതിയിരുന്നതുപോലെ അവരുടെ ആ 'മെയ്ഡ്". എന്തോ ഭാഗ്യവശാല്‍ ആ മെയ്ഡിനു പേരുണ്ടായിരുന്നു ആ ഫോട്ടോയില്‍.
എവിടെയായിരിക്കും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇന്ന് മുത്തശ്ശിയോ മുതുമുത്തശ്ശിയോ ആയിരിക്കാവുന്ന ആ 'മെയ്ഡ്'? ജീവിച്ചിരിക്കുന്നുണ്ടാവുമോ ? ആ വീട്ടുകാരിലാരെങ്കിലുമൊരാള്‍ അവരെ ആ ചിത്രത്തിലൂടെയല്ലാതെ ഓര്‍ക്കുന്നുണ്ടാവുമോ? ആ വീട്ടുകാരുടെ കൂടെയുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നിരിക്കണം?
അവിടെനിന്ന് പോയതിനുശേഷമുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നു? അവര്‍ കല്ല്യാണം കഴിച്ചോ? സന്തോഷമായിരുന്നോ ജീവിതം? കുട്ടികള്‍? അവരുടെ വീട്ടിലെ ഏതെങ്കിലുമൊരു പെട്ടിയില്‍ ആ ഫോട്ടോയുടെ കോപ്പി ഉണ്ടായിരിക്കുമോ? നിറം മങ്ങി, ചിതല്‍ പിടിച്ച, മുഖങ്ങള്‍ അവ്യക്തമായ ആ പഴയ ഫോട്ടോ?
ആര്‍ക്കറിയാം?
ഒരിക്കല്‍ ഒരു വീട്ടില്‍ അങ്ങിനെ ഒരു സ്ത്രീയുണ്ടായിരുന്നു. അടുക്കളയിലും വീടിന്റെ പിന്നാമ്പുറത്തും മാത്രം ജീവിച്ചൊടുങ്ങിയ ഒരു സ്ത്രീ. അങ്ങിനെയുള്ള നിരവധി നിരവധി ജന്മങ്ങളില്‍ ഒരുവള്‍. ചിലര്‍ ഫോട്ടോയില്‍ പോലും പെടാതെ അങ്ങിനെയങ്ങു പോകുന്നു. പടിയിറങ്ങിയും പടിയിറക്കപ്പെട്ടും.
നമുക്ക് വേണ്ടി ജനിച്ചവര്‍. മേയ്ഡ് ഫോര്‍ അസ്.

29 August 2014

No comments: