Saturday, January 10, 2015

ആര്‍ത്തവം



ആർത്തവത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെയും അച്ഛന്റെയും കഥ ഓർമ്മവരും.  അമ്മയുടെയും അച്ഛന്റെയും കഥയാണെങ്കിലും, കഥ കേട്ടത് നല്ല പകുതിയിൽനിന്നാണ്. അവരോട് അമ്മ തന്നെ പറഞ്ഞ കഥയാണ്. പത്തുവർഷം മുൻപ് തന്നെ വിട്ടുപോയ ആളെക്കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ഓരോരോ ഓർമ്മകൾ വരുന്നുണ്ടാവണം.അതൊക്കെ ആരോടെങ്കിലും പറയണമെന്നും തോന്നിയിരിക്കും. മകനോട് പറയാനുമാവില്ല. മകനേക്കാൾ സ്വാതന്ത്ര്യം മരുമകളോടാണ്.

കല്ല്യാണം കഴിഞ്ഞ് അധികനാളാവുന്നതിനുമുൻപുതന്നെ ‘പുറത്ത്’ ആയ അമ്മ, അമ്മവീട്ടിൽ വടക്കിനിയിലെ ജനലരികിലിരിക്കാറുണ്ടായിരുന്നുവത്രെ. അപ്പോൾ ആരും കാണാതെ അച്ഛൻ വന്ന് അമ്മയെ തൊടുന്നതുപോലെ അഭിനയിക്കാറുണ്ടായിരുന്നുവെന്ന്. ആ നാലഞ്ചു ദിവസം ഇടയ്ക്കിടയ്ക്ക് ഈ നാടകം നടക്കാറുണ്ടായിരുന്നുവെന്നും.

പിന്നീട് എറണാകുളത്തും ഏലൂരിലുമുള്ള വാടകവീട്ടിലേക്ക് മാറിയപ്പോഴൊന്നും ആ നാടകം കാണേണ്ടിവന്നിട്ടില്ല. അന്നും മാസത്തിൽ നാലഞ്ചുദിവസം അമ്മ ‘പുറത്ത്’ആയിരുന്നിട്ടുണ്ടാകും. എന്നിട്ടും പുറത്തായിരിക്കുമ്പോഴും ഒരുമിച്ച് ഒരേ കട്ടിലിൽ പുറത്താവാതെ അവരിരുവരും കിടന്നിട്ടുണ്ടാകും. ഇന്ന് ഞാനും നിങ്ങളും നമ്മുടെ അവരുമൊക്കെ കഴിയുന്നതുപോലെ.

നല്ല പകുതി ആ കഥ പറഞ്ഞുതന്നതിനുശേഷം അമ്മയുടെ കണ്ണിലെ നരച്ച കൃഷ്ണമണിയിലേക്ക് നോക്കുമ്പോഴൊക്കെ എനിക്ക് ആ രംഗം ഓർമ്മവരും. പുറത്തായ ഒരു സ്ത്രീയെ പുറത്തുനിന്ന് തൊടാൻ ഓങ്ങുന്ന ഒരു ചെറുപ്പക്കാരനും, മനസ്സില്ലാമനസ്സോടെയാണെങ്കിലും ശങ്കിച്ച് പിന്മാറുന്ന, ഉള്ളിലിരിക്കുന്ന പുറത്തായ ആ സ്ത്രീയും.

പക്ഷേ, ഒരമ്മയെയും മകളെയും വണ്ടിയിൽനിന്ന് ആർത്തവത്തിന്റെ പേരിൽ രാത്രിയിൽ പെരുവഴിയിൽ ഇറക്കിവിടുന്ന ഇന്നത്തെ ഈ കെട്ട കാലത്തിന്റെ അശുദ്ധിയൊന്നും അവരുടെ ആ പഴയ കാലത്തിനുണ്ടായിരുന്നില്ല എന്നു തോന്നുന്നു.

18 December 2014

No comments: