Saturday, January 17, 2015

ബസ്രയിലെ നായ്ക്കള്‍


എവിടെനിന്നാണെന്ന് അറിയില്ല അവർ വരുന്നത്. സൈറ്റിൽനിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിൽ ചെറിയ ദൂരത്തിലുള്ള വെളിമ്പറമ്പുകളില അവറ്റകളെ കാണാം. സൈറ്റിന്റെയും ക്യാമ്പിന്റെയും പ്രവേശനകവാടത്തിലും അവർ കൂട്ടം കൂടി നിൽക്കുന്നുണ്ടാകും. നായ്ക്കൾ. ബസ്രയിലെ നായ്ക്കൾ.
ചുറ്റുവട്ടത്ത് അധികം വീടുകളൊന്നുമില്ല. ഉള്ളവ തന്നെ കുറേ അകലെയാണ്. വളരെ ചുരുക്കം. എണ്ണ കുഴിക്കാൻ വേണ്ടി സർക്കാർ കമ്പനി സ്ഥലം ഏറ്റെടുത്തപ്പോൾ ഒഴിഞ്ഞുപോയവരുടെ വളർത്തുനായ്ക്കളായിരിക്കണം. ഉടമസ്ഥർ മറ്റു സ്ഥലങ്ങൾ തേടി പോയപ്പോൾ അനാഥരായിപ്പോയ ജന്മങ്ങൾ.
രാവിലെ ഉണരുന്നതിനുമുന്നേ കേൾക്കാം വെളിമ്പറമ്പുകളിൽനിന്ന് അവയുടെ ഓരിയിടൽ. നാട്ടിലേതുപോലെ. ഒറ്റയ്ക്കും കൂട്ടമായും പിന്നെ സൈറ്റിന്റെയും ക്യാമ്പിന്റെയും ചുറ്റുവട്ടത്തെത്തിനിൽക്കും.
ശാന്തസ്വഭാവികളാണ്. കുരയ്ക്കില്ല. പേടിപ്പിക്കില്ല. ഒന്നു ചൂളം വിളിക്കുകയോ വിരൽ ഞൊടിക്കുകയോ ചെയ്താൽ മതി, വാലാട്ടി കൂടെ വരും. വലിയ പ്രതീക്ഷയോടെ ചുറ്റിപ്പറ്റി നിന്ന് മുഖത്തേക്ക് ദയനീയമായി നോക്കും. ലോകത്തിലെ മനുഷ്യരിൽ ഇറാഖികൾക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടും ഈ നായ്ക്കൾ ഇപ്പോഴും മനുഷ്യന്മാരെ വിശ്വസിക്കുന്നു എന്നു തോന്നും.
വാഹനപരിശോധനയ്ക്ക് കമ്പനി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ശുനകവീരന്മാരെ അകമ്പടിയോടെ സെക്യൂരിറ്റി വണ്ടിയിൽ സൈറ്റിലേക്കും ക്യാമ്പിലേക്കും കൊണ്ടുപോകുമ്പോൾ മാത്രമാണ് അവറ്റകൾ അക്രമാസക്തരാകുന്നത്. സെക്യൂരിറ്റി വണ്ടിയുടെ പിന്നാലെ കുരച്ചുകൊണ്ട് അവർ പായും. പിന്നെ, മടങ്ങിവന്ന് വീണ്ടും എവിടെയെങ്കിലും കൂടിനിന്ന് തങ്ങളിൽത്തങ്ങളിൽ സംസാരിച്ചുനിൽക്കും.
ഒന്നും മനസ്സിലാകുന്നുണ്ടാകില്ല അവർക്ക്. സ്വന്തം ആളുകൾ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷരാവുകയും തങ്ങളെ ഒറ്റക്കാക്കി വീടുകളൊഴിഞ്ഞ് പോയ്ക്കളയുകയും, പകരം മറ്റേതോ നാട്ടിൽനിന്ന് ഏതൊക്കെയോ ആളുകൾ കൂട്ടം കൂട്ടമായി ചുറ്റും വന്ന് നിറയുകയും ചെയ്യുന്നത് കാണുമ്പോൾ, സ്വന്തം നാടിന് എന്തു പറ്റി എന്ന് അവരും ആലോചിക്കുന്നുണ്ടായിരിക്കാം.
ഇറാഖികളെപ്പോലെ. തോൽപ്പിക്കപ്പെട്ടവർ. കുരയ്ക്കാൻ മറന്നവർ. കീഴടങ്ങിയവർ. ഉപേക്ഷിക്കപ്പെട്ടവർ. സ്വന്തം നാട്ടിൽ അന്യരായിത്തീർന്നവർ.

10 November 2014

No comments: