Tuesday, November 20, 2007

ഒരു ചെസ്റ്റ്‌നട്ട്‌ മരവും ചില ഓര്‍മ്മകളും

അവസാനത്തെ ഇല എന്ന് പേരില്‍ ഒ.ഹെന്ററിയുടെ പ്രശസ്തമായ ഒരു കഥയുണ്ട്‌. ഹോസ്പിറ്റലിന്റെ ജനലിലൂടെ കാണുന്ന മരത്തിന്റെ അവസാന ഇലയും കൊഴിയുന്ന നാള്‍ തന്റെ ജീവിതവും അവസാനിക്കുമെന്ന് വിശ്വസിച്ച്‌ കാത്തിരിക്കുന്ന ഒരു രോഗി. ശൈത്യകാലത്തിന്റെ അവസാന പോരാട്ടത്തെയും അതിജീവിച്ച്‌ ഒരു ഇല മാത്രം ബാക്കി വരുന്നു. കൊഴിയാതെ. അയാള്‍ ജീവിതത്തിലേക്കു തിരിച്ചു വരുകയും ചെയ്തു. ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്ന ആ ഇല പക്ഷേ, ഒരു ചെറിയ ചിത്രം മാത്രമായിരുന്നുവെന്ന് അയാള്‍ ഒടുവില്‍ അറിയുന്നു. എന്നെങ്കിലും ഒരിക്കല്‍ ഒരു 'മാസ്റ്റര്‍പീസ്‌' വരക്കണമെന്ന മോഹം ബാക്കിവെച്ച്‌ അകാലത്തില്‍ പൊലിഞ്ഞുപോയ, തന്റെ സുഹൃത്തും, ആശുപത്രിയിലെ അന്തേവാസിയുമായിരുന്ന ഒരു ചിത്രകാരന്‍ വരച്ച ചിത്രമായിരുന്നു ആ അവസാനത്തെ ഇല.

പ്രിന്‍സെന്‍ ഗ്രാഫ്റ്റിലെ വീട്ടിലിരുന്ന് ആനി ഫ്രാങ്കും അത്തരത്തില്‍ ഒരു മരം നിത്യവും കണ്ടിരുന്നു. ഒരു ചെസ്റ്റ്‌നട്ട്‌ മരം. അവള്‍ മാത്രമല്ല, അനിയത്തി മാര്‍ഗരറ്റും, ആനിയുടെ പ്രിയപ്പെട്ട പീറ്ററും. അച്ഛന്റെ പഴയ ഗോഡൗണില്‍ അവര്‍ കഴിച്ചുകൂട്ടിയ രണ്ടു കൊല്ലത്തെ അജ്ഞാതവാസത്തിനിടക്ക്‌ പുറംലോകത്തെ അവര്‍ കണ്ടിട്ടുണ്ടാവുക, ആ ചെസ്റ്റ്‌നട്ട്‌ മരത്തിന്റെ ശാഖകള്‍ക്കുള്ളിലൂടെ കാണുന്ന ആകാശത്തിലൂടെയായിരുന്നിരിക്കാം. അതില്‍ വന്നിരിക്കാറുള്ള പക്ഷികളുടെ അനന്തമായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌, ആ ചെറിയ മനസ്സുകളില്‍ അസൂയയും തോന്നിയിരിക്കാം അപ്പോള്‍.

എന്നിട്ടും അവള്‍ തന്റെ ഡയറിയില്‍ 1944 ജൂലൈ 15-ന്‌ ചെറിയ അക്ഷരങ്ങളില്‍ കുറിച്ചിട്ടു. "ഒന്നിനും, ഒരു യുക്തിയുമില്ല, അര്‍ത്ഥവുമില്ല, എന്നിട്ടും ഞാന്‍ ആശ കൈവിടുന്നില്ല. കാരണം, ഞാനിന്നും വിശ്വസിക്കുന്നു, മനുഷ്യന്‍ ഉള്ളില്‍ നല്ലവനാണെന്ന്".

ഗസ്റ്റപ്പോകള്‍ അവളെയും കുടുംബത്തെയും പീഡനത്താവളങ്ങളിലേക്കു കൊണ്ടുപോകുന്നതിനും പത്തൊന്‍പത്‌ ദിവസം മാത്രം മുന്‍പാണ്‌ അവള്‍ ആ കുറിപ്പ്‌ എഴുതിയത്‌.

"നമ്മളെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ വരുന്ന ഭയാനകമായ ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ആയിരക്കണക്കിനു മനുഷ്യരുടെ അവര്‍ണ്ണനീയമായ ദു:ഖം അനിവാര്യമാണെന്ന് എനിക്കറിയാം. എന്നാലും, ആകാശത്തിന്റെ നീലിമയിലേക്കു നോക്കി ഞാന്‍ ആശ്വസിക്കുന്നു. അവസാനം എല്ലാം നന്നായി വരും. വിശ്വശാന്തിയുടെ പ്രത്യാഗമനം സംഭവിക്കുകതന്നെ ചെയ്യും".

ആനി കണ്ട ആ ആകാശത്തില്‍ ആ ചെസ്റ്റ്‌നട്ട്‌ മരവും ഉണ്ടായിരുന്നിരിക്കണം. അതിന്റെ കായകള്‍ ലേലത്തിനു വെച്ചിരിക്കുന്നു ഒരു ആംസ്റ്റര്‍ഡാമുകാരന്‍. മിക്കവാറും ഈ ആഴ്ച്ചതന്നെ, ആ മരംതന്നെ മുറിച്ചുമാറ്റപ്പെടുമെന്നും വാര്‍ത്തയില്‍ പറയുന്നു. (ഹാരെറ്റ്‌സ്‌ എന്ന ഇസ്രായേലി പത്രത്തില്‍). തീരെ ദുര്‍ബ്ബലമായിരിക്കുന്ന ആ വൃക്ഷം ഏതുനിമിഷവും നിലംപതിക്കാമത്രെ. "നിങ്ങളുടെ ആനി ഫ്രാങ്ക്‌ മരം നടൂ, ഒരു ചെസ്റ്റ്‌നട്ടില്‍നിന്ന്" എന്നാണ്‌ ലേലക്കാരന്റെ പരസ്യവാചകം.

ഒരു മരം നടുന്നത്‌ എത്ര എളുപ്പമാണ്‌. ദുരിതാനുഭവങ്ങള്‍ക്കിടക്കും, പ്രത്യാശയുടെ നിറഞ്ഞ ആകാശം കാണലാണ്‌ ഏറെ പ്രധാനം. ദുഷ്ക്കരം. ഓരോ മരവും, അതിന്റെ ശാഖകളിലൂടെ കാണുന്ന ഓരോ ആകാശത്തുണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലൂടെ എന്നെങ്കിലും പറന്നിറങ്ങിയേക്കാവുന്ന പുതിയ ലോകത്തിന്റെ, ഒരു നല്ല നാളെയുടെ, പിടികിട്ടാപ്പക്ഷികളെയാണ്.

ആനി ഫ്രാങ്ക്‌ മ്യൂസിയത്തില്‍വെച്ചുണ്ടായ ചെറിയ രണ്ട്‌ അനുഭവങ്ങള്‍ വിക്രമന്‍ നായര്‍* വിവരിക്കുന്നുണ്ട്‌.

വീടിന്റെ പുറത്ത്‌ സന്ദര്‍ശനം കഴിഞ്ഞ്‌ പുറത്തുവന്ന കുട്ടികള്‍ക്ക്‌ ഒരു അദ്ധ്യാപിക ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. ഡച്ചു ഭാഷയില്‍. അവര്‍ കുട്ടികളോട്‌ ചോദിച്ചു: "ആനി ഫ്രാങ്ക്‌..അവരെ ഇവിടെ നിന്ന് പിടിച്ചു കൊണ്ടുപോയ ഹിറ്റ്‌ലറുടെ ആളുകള്‍ നല്ലവരായിരുന്നോ""

"അല്ല..അല്ല" കുട്ടികള്‍ മറുപടി പറഞ്ഞു.

"നിങ്ങള്‍ ആരെങ്കിലും ജാതിയുടെയും നിറത്തിന്റെയും പേരില്‍ വേറെ ഒരു കുട്ടിയെ വെറുക്കുമോ", ടീച്ചര്‍ തുടര്‍ന്നു ചോദിച്ചു.

ഉത്തരം. "ഇല്ല, ഇല്ല".

വീടിന്റെ അകത്ത്‌, ആനിക്കും, മര്‍ഗരറ്റിനും, പീറ്ററിനും, ആനിയുടെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക്‌ ദിവസവും ക്ലാസ്സെടുത്തിരുന്ന കുടുസ്സുമുറിയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന സാധനങ്ങള്‍ നോക്കിക്കാണുന്നതിനിടക്ക്‌ ഒരു വൃദ്ധ പെട്ടെന്ന് ഉറക്കെ കരഞ്ഞു. കാരണമാരായുന്നവരോട്‌, കൂടെയുള്ള ഒരാള്‍ പതുക്കെ പറഞ്ഞു. 'എല്‍സേസുവിയാ' (അവര്‍ ഓര്‍ക്കുകയാണ്‌).

ഓര്‍മ്മപ്പെടുത്തലുകളിലേക്കും, പ്രത്യാശയുടെ വെളിച്ചത്തിലേക്കും, ഇനി വരുന്ന തലമുറയെ കൂട്ടിക്കൊണ്ടുപോകാന്‍വേണ്ടിയെങ്കിലും ഇത്തരത്തിലുള്ള ഒരു ചെസ്റ്റ്‌നട്ട്‌ മരമോ, ഒരു മണ്‍പാത്രമോ, ഒരു പട്ടുറുമാലോ, എന്തുമാകട്ടെ, ചരിത്രത്തില്‍ അവശേഷിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍..




*വിക്രമന്‍ നായര്‍ - പത്രപ്രവര്‍ത്തകനും, ബംഗാളി ഗദ്യസാഹിത്യത്തില്‍ തന്റേതായ പാത വെട്ടിത്തുറന്ന ഒരു മലയാളിയുമാണ്‌ വിക്രമന്‍ നായര്‍. ആനന്ദബസാര്‍ പത്രികയിലായിരുന്നു ഏറെക്കാലം പ്രവര്‍ത്തിച്ചത്‌. 2004-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ "പശ്ചിം ദിഗന്തേ പ്രദോഷ്‌ കാലേ' (പശ്ചിമ ചക്രവാളത്തില്‍, സന്ധ്യാനേരത്ത്‌) എന്ന യാത്രാ വിവരണ പുസ്തകത്തില്‍ നിന്ന്.

8 comments:

Rajeeve Chelanat said...

എന്നിട്ടും അവള്‍ തന്റെ ഡയറിയില്‍ 1944 ജൂലൈ 15-ന്‌ ചെറിയ അക്ഷരങ്ങളില്‍ കുറിച്ചിട്ടു. "ഒന്നിനും, ഒരു യുക്തിയുമില്ല, അര്‍ത്ഥവുമില്ല, എന്നിട്ടും ഞാന്‍ ആശ കൈവിടുന്നില്ല. കാരണം, ഞാനിന്നും വിശ്വസിക്കുന്നു, മനുഷ്യന്‍ ഉള്ളില്‍ നല്ലവനാണെന്ന്".

Anonymous said...

ഈ പീഡിതരുടെ പിന്‍ തലമുറക്കാര്‍ ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്നല്ലേ നമ്മള്‍ ഫലസ്തീനില്‍ കാണുന്നതു?
കഥാപാത്രങ്ങള്‍ക്കെ മാറ്റമുള്ളൂ..കഥ തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ഭൂമിപുത്രി said...

ചരിത്രമായിത്തീര്‍ന്നെങ്കിലും ആനിഫ്രാങ്കീനെ പാഠപൂസ്തകങ്ങളിലൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നു തോന്നുന്നു.അതോഉണ്ടോ?

മൂര്‍ത്തി said...

നന്ദി രാജീവ്...

ദിലീപ് വിശ്വനാഥ് said...

ആനി ഫ്രാങ്കിനെക്കുറിച്ച് നേരത്തേ വായിച്ചിട്ടുണ്ട്. നല്ല ലേഖനം. നന്ദി രാജീവ്.

vimathan said...

നന്ദി രാജീവ്. പക്ഷെ താങ്കളുടെ ഈ ശുഭാപ്തി വിശ്വാസം എന്നെ അത്ഭുതപ്പെടുത്തുന്നു.

Rajeeve Chelanat said...

പ്രിയപ്പെട്ട വിമതന്‍,

ശുഭാപ്തിവിശ്വാസമുണ്ടെന്നത് സത്യം. പക്ഷേ, സര്‍വ്വഗുണസമ്പന്നനായ നായകന്റെ അന്തിമവിജയത്തിലുള്ള ആ അമിതമായ പ്രതീക്ഷയുണ്ടല്ലോ, അതല്ല, ഇത്. തിന്മയുടെ താത്ക്കാലികവിജയങ്ങള്‍ കാണുന്ന ഒരു തലമുറയുമാണല്ലോ നമ്മുടേത്.

എങ്കിലും പ്രതീക്ഷ വിടാതിരിക്കുക. അതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കഴിയും‌മട്ടില്‍ പങ്കുചേരുക. സമാനഹൃദയര്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തില്‍, എപ്പോഴും കരുതിയിരിക്കുക (മൂഢസ്വര്‍ഗ്ഗമായിരുന്നു അതെന്ന് ഒരുപക്ഷേ തിരിച്ചറിയേണ്ടിവരുന്നുവെങ്കില്‍പ്പോലും).

പ്രവാസീ, ശരിയാണ്.

ഭൂമിപുത്രീ..(ഞാന്‍ അറിഞ്ഞിടത്തോളം)നമ്മുടെ പാഠ്യവിഷയങ്ങളില്‍ ആനി ഫ്രാങ്ക് വന്നിട്ടില്ല. ആനിഫ്രാങ്ക് എന്നൊരു പെണ്‍കുട്ടിയേ ജീവിച്ചിരുന്നിട്ടില്ല എന്നുപോലും കണ്ടുപിടിച്ച വിദ്വാന്മാരാകട്ടെ, യൂറോപ്പില്‍ ഉണ്ടായിട്ടുമുണ്ട്.

വാത്മീകീ, മൂര്‍ത്തീ,

നന്ദി നിങ്ങള്‍ക്കുള്ളത്.

ശാലിനി said...

ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്. മനോഹരമായി എഴുതിയിരിക്കുന്നു.

ചിലപ്പോഴൊക്കെ ഞാനും വിശ്വസിക്കാന്‍ ശ്രമിക്കാറുണ്ട്, മനുഷ്യന്‍ ഉള്ളില്‍ നല്ലവനാണെന്ന്. അതെനിക്ക് തരുന്ന ആശ്വാസം വലുതാണ്. ഒരുതരം ശുപാപ്തിവിശ്വാസമാവണം അതല്ലേ.