Monday, January 7, 2008

സോഷ്യലിസമോ? അതെന്താണ്‌?

അങ്ങിനെ സോഷ്യലിസമെന്ന 'പൊട്ടി' പുറത്തായി. മുതലാളിത്തത്തിന്റെ 'ശീവോതി' അകത്തും. കൂജയിലെ അവസാനതുള്ളിയും കുടിച്ച്‌ വറ്റിച്ച്‌*, വിപ്ലവബാബുമാര്‍ പ്ലീനമാടി നടന്നുപോകുന്നു. നടന്നുശീലിച്ച വരമ്പുകള്‍ ഇനി വേണ്ട. വേണ്ടത്‌, സംസ്ഥാനത്തിന്റെ വികസനമാണ്‌. വികസനം വ്യവസായത്തിലൂടെ മാത്രമേ വരൂ. വ്യവസായത്തിനാകട്ടെ വേണ്ടത്‌ പണമാണ്‌. പണമുണ്ടാക്കാന്‍ പറ്റിയ ഒറ്റമൂലി സോഷ്യലിസമല്ല. അതിന്‌ മുതലാളിത്തം വേണം. പുതിയ വരമ്പ്‌. ബംഗാളി ഭദ്രലോകത്തിന്റെ പുതിയ മാനിഫെസ്റ്റൊ.

ഏതു വരമ്പിലൂടെയാണ്‌ ബാബുമാര്‍ നടക്കുന്നത്‌? ഇത്രകാലവും നടന്നതും, മറ്റുള്ളവരെ നടത്തിക്കാന്‍ ശ്രമിച്ചതും? സംസ്ഥാനത്തിന്റെ വികസനത്തെ സോഷ്യലിസത്തിന്റെ നിരാസവുമായി ബന്ധപ്പെടുത്തിയതിന്റെ അശ്ലീലത തിരിച്ചറിയാതിരിക്കാന്‍ പാകത്തില്‍, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നൊഴിയാതെ മന്ദബുദ്ധികളാണെന്ന് കരുതിയോ ബാബുമാര്‍? ഏത്‌ മാനിഫെസ്റ്റോയില്‍നിന്നാണ്‌ ഇവര്‍ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്‌?

കടുത്ത കമ്മ്യൂണിസ്റ്റു വിരോധികള്‍പോലും സോഷ്യലിസമെന്ന ആശയത്തെ കാണുന്നത്‌, ഇന്നല്ലെങ്കില്‍ നാളെ സമൂഹം എത്തിച്ചേരേണ്ട ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയ്ക്കാണ്‌. എളുപ്പത്തിലൊന്നും നേടാവുന്ന ഒരു അവസ്ഥയല്ല അത്‌ എന്ന് നമുക്ക്‌ ബോദ്ധ്യവുമുണ്ട്‌. ഓരോരൊ ചുവടുകളായി നടന്നടുക്കേണ്ടുന്ന ഒരു ലക്ഷ്യം. മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പു തന്നെ ആത്യന്തികമായി ആ ഒരു ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ഉട്ടോപ്പ്യന്‍ സംഹിതയൊന്നുമല്ല അത്‌. അസമത്വങ്ങളില്‍നിന്നുള്ള ഒരു മോചനമെന്നത്‌, ഏതൊരു മനുഷ്യജീവിയുടെയും സഹജമായ സ്വപ്നം തന്നെയാണ്‌. പുതിയ കാലത്തില്‍ ആ സ്വപ്നത്തിന്റെ പ്രസക്തി ഏറുകതന്നെയാണ്‌ ചെയ്യുന്നത്‌. കേവലം ഒരു പാത മാത്രമേ ആ ലക്ഷ്യത്തിലേക്കുള്ളു എന്നിടത്തുമാത്രമാണ്‌ ഇതുവരെ അഭിപ്രായങ്ങള്‍ ഏറ്റുമുട്ടിയിരുന്നത്‌. ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ സമ്പത്തും, അതുവഴി, അധീശത്വവും കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചുള്ള ആധുനിക മനുഷ്യസമൂഹത്തിന്റെ ഭയാശങ്കകളില്‍നിന്നാണ്‌ സോഷ്യലിസമെന്ന ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും പിറവി. സമ്പത്തും, അധികാരവും തീരെ ചെറിയ ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്ന ആ അവസ്ഥയും അതിനെക്കുറിച്ചുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ക്കണ്ഠകളും ഇന്ന് കൂടുതല്‍ക്കൂടുതല്‍ രൂക്ഷമാവൂമ്പോള്‍, ലക്ഷ്യത്തിലെത്താനുള്ള സുഗമമായ വരമ്പുകള്‍ അന്വേഷിക്കുകയാണ്‌ ചെയ്യേണ്ടത്‌.

ഇവിടെ ബംഗാളി ബാബുമാര്‍ അത്തരം അന്വേഷണങ്ങളിലേക്ക്‌ എത്തിയില്ലെന്നു മാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലക്ഷ്യവും മാര്‍ഗ്ഗവും അതീവ ലാഘവത്തോടെ തിരഞ്ഞെടുക്കുകകൂടി ചെയ്തിരിക്കുന്നു. കേരളത്തിലും ഇതേ ലാഘവബുദ്ധിതന്നെയാണ്‌ ഇടതുപക്ഷത്തെ പൊതുവായി ഭരിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വികസനത്തെയും വ്യവസായവത്ക്കരണത്തെയും എവിടെ ആരാണ്‌ എതിര്‍ത്തത്‌? വികസനത്തെക്കുറിച്ച്‌ പുത്തന്‍ ഉദാരവത്ക്കരണസിദ്ധാന്തികള്‍ പുലര്‍ത്തുന്ന നിലപാടിനോടും, ഒരേ സമയം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നാശോന്മുഖമാക്കുന്നതും, ദേശീയ വളര്‍ച്ചയുമായി പുലബന്ധംപോലുമില്ലാത്തതുമായ വ്യവസായവത്ക്കരണത്തോടുമാണ്‌ നമ്മുടെ ഇടതു-വലത്‌ രാഷ്ട്രീയ നിലപാടുകള്‍ കലഹിക്കേണ്ടത്‌. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയെതന്നെയാണ്‌ അത്തരം കലഹങ്ങള്‍ ബലപ്പെടുത്തുക.

അതിനു പകരം, വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും യാഥാസ്ഥിതിക വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്‌, തങ്ങളുടെ വര്‍ഗ്ഗാധിഷ്ഠിതമായ കാഴ്ചപ്പാടുകളിലും തദനുസൃതമായ നിലപാടുകളിലും പ്രതിലോമപരമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷങ്ങള്‍. ജ്യോതിബസുവും, ബുദ്ധദേവും ബംഗാളില്‍ പരസ്യമായി ഉദ്‌ഘോഷിക്കുന്നതും നടപ്പില്‍ വരുത്തുന്നതും, കേരളത്തിലെ ഇടതുപക്ഷം മെല്ലെമെല്ലെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നതും ഇതേ പ്രവൃത്തിതന്നെയാണ്‌. അതിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ്‌ സോഷ്യലിസത്തെക്കുറിച്ചുള്ള ബസുവിന്റെ വെളിപാടുകള്‍.

സോഷ്യലിസത്തെ പലരീതിയിലും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പല കാലങ്ങളിലായി നടന്നിട്ടുണ്ട്‌, പ്ലേറ്റോയുടെ ചിന്തകളില്‍പ്പോലും അതിന്റെ ആദ്യകിരണങ്ങള്‍ കാണാം. മൂറിന്റെയും, റൂസ്സോയുടെയും, റോബര്‍ട്ട്‌ ഓവന്റെയും, പ്രൂധോണിന്റെയും, മാര്‍ക്സ്‌-എംഗല്‍സിന്റെയും, റോസാ ലക്സംബര്‍ഗിന്റെയും, ഹെര്‍ബര്‍ട്ട്‌ മോറിസണിന്റെയും, ഗ്രാംഷിയുടെയുമൊക്കെ കയ്യൊപ്പുകള്‍ അവയില്‍ പലയിടത്തും കാണുകയും ചെയ്യാം. കടുത്ത വലതുപക്ഷം മുതല്‍, തീവ്രമായ ഇടതുവരെ, സോഷ്യലിസത്തെക്കുറിച്ചുള്ള നിരവധി ചിന്തകള്‍ ചരിത്രത്തില്‍ ചിതറിക്കിടപ്പുണ്ട്‌. സോഷ്യല്‍ ഡെമോക്രാറ്റുകളും, മിതവാദികളും, അരാജകവാദികളും, ഉട്ടോപ്പ്യന്‍ ചിന്തകരും ഒക്കെയായി നിരവധി ചിന്തകര്‍, അവരുടെ യുക്തിബോധങ്ങള്‍. ഇന്ത്യയിലായാലും, റാം മനോഹര്‍ ലോഹ്യ, എം.എന്‍. റോയി, അശോക്‌ മേത്ത, നെഹ്രു എന്നിവരൊക്കെ സോഷ്യലിസത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രതിനിധികളാണ്‌. അവരൊന്നും സോഷ്യലിസമെന്ന ആശയത്തെ തള്ളിപ്പറഞ്ഞിട്ടില്ല. കൂട്ടിച്ചേര്‍ക്കലിനോ, പുനരാവിഷ്ക്കരത്തിനോ, ഉള്ള ശ്രമങ്ങളാണ്‌ ആണ്‌ അവരൊക്കെ നടത്തിയത്‌. ഇവിടെയാകട്ടെ, മാര്‍ക്സിസ്റ്റെന്നു ചമഞ്ഞു നടന്നിരുന്ന നമ്മുടെ ആധുനിക ആചാര്യന്‍മാര്‍ ആ ആശയത്തെതന്നെയാണ്‌ ബലികഴിച്ചിരിക്കുന്നത്‌. എന്നിട്ട്‌ അതിനു പകരം വെക്കുന്നതോ, മാര്‍ക്സ്‌ ശരിയായ രീതിയില്‍ വിലയിരുത്തിയപോലെ, സ്വന്തം നാശം ഉദരത്തില്‍ ചുമക്കാന്‍ ചരിത്രപരമായി വിധിക്കപ്പെട്ട മുതലാളിത്തമെന്ന തത്ത്വസംഹിതയെയും. പല പാശ്ചാത്യരാജ്യങ്ങളും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണ്‌ നമ്മുടേത്‌. ഒരു മറുസാദ്ധ്യത തേടുകയാണവര്‍. സംഘടിതപ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും. വളര്‍ന്നുവരുന്ന ജനാധിപത്യ-സോഷ്യലിസ്റ്റ്‌ സാമൂഹ്യക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവാത്തവിധം ലോകം മാറിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ ആഗോളീകരണത്തിന്റെ പ്രച്ഛന്നവേഷത്തിലൂടെയും ജീര്‍ണ്ണിച്ച സാമ്രാജ്യത്വത്തിന്റെ ആ പഴകിത്തേഞ്ഞ പയറ്റുമുറകളിലൂടെയും മുതലാളിത്തം ജീവന്മരണ പോരാട്ടം നടത്തുന്ന കാഴ്ച്ച നാം കാണുന്നതും, അതിന്റെ വക്താക്കളായി, യാഥാസ്ഥിതികബ്രാഹ്മണ്യവും, ദേവതാസങ്കല്‍പ്പവും ഒരുകയ്യിലും, ഉപജീവന കമ്മ്യൂണിസം മറുകയ്യിലുമായി പുതിയ അപ്പോസ്തലന്‍മാര്‍ ഉണ്ടാകുന്നതും.

ഗീത മുഴുവന്‍ വായിച്ചതിനുശേഷം, അതില്‍നിന്നു കിട്ടിയ നീതിസാരം, സഹോദരന്‍മാരെ കൊല്ലാമെന്നാണെന്ന്** കണ്ടുപിടിച്ച ഒരു തിരുമേനിയോട്‌ ഉറൂബിന്റെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്‌ "തിരുമേനി ഗീത ചോട്ടില്‍നിന്നു മുകളിലേക്കാണോ വായിക്കാന്‍ പഠിച്ചത്‌' എന്ന്. അതേ ചോദ്യം തന്നെയാണ്‌ ബംഗാളി തിരുമേനിമാരോടും ചോദിക്കാനുള്ളത്‌.



* കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു കവിതയിലെ ഭാഗം

** ഗീത യുദ്ധത്തിന്റെ മാനിഫെസ്റ്റൊ ആണെന്നുതന്നെയാണ്‌ ലേഖകന്റെയും മതം.

16 comments:

Rajeeve Chelanat said...

ഏത്‌ മാനിഫെസ്റ്റോയില്‍നിന്നാണ്‌ ഇവര്‍ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്‌?

Unknown said...

സോഷ്യലിസമോ ? അതെന്താണെന്ന് ഇനി ഇന്‍ഡ്യയില്‍ നിന്നുകൊണ്ട് അന്വേഷിക്കണമെങ്കില്‍ തന്നെ ഇവിടത്തെ സി.പി.എമ്മും മറ്റിടത് പക്ഷങ്ങളും ഇല്ലാതാകണം . കാരണം സോഷ്യലിസത്തിലെക്കുള്ള ഒരു ബദല്‍ മാര്‍ഗ്ഗമാണിനി കണ്ടെത്താനുള്ളത് . അത്തരം ഒരു ശ്രമം ആര് നടത്തിയാലും സി.പി.എമ്മും കൂട്ടാളികളും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും . നക്സലൈറ്റുകള്‍ , മാവോയിസ്റ്റുകള്‍ എന്നിവര്‍ക്കും ഒന്നും ഒരു ബദല്‍ കണ്ടെത്താന്‍ കഴിയില്ല . അതിന് മാര്‍ക്സിസം തന്നെ പുനര്‍‌നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട് .
വെറുതെ ഒരഭിപ്രായം പറഞ്ഞു എന്നെയുള്ളൂ . ഇതൊക്കെ പറയാനുള്ള അവകാശം ഇടത് ബുദ്ധിജീവികള്‍ക്ക് മാത്രമാണെന്ന് അറിയാമേ ...

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ ഞാന്‍ ബസുവിനേയും ബുദ്ധദേവിനേയും അഭിനന്ദിക്കുകയാണ്‌. ഇടത്‌ മുഖമൂടിക്ക്‌ പുറത്തെക്ക്‌ അവര്‍ വളര്‍ന്നു കഴിഞ്ഞു. നടക്കാനാകാത്ത സ്വപ്നങ്ങള്‍ വെറുതെ എഴുന്നള്ളിച്ച്‌ എത്രകാലം ആളുകളെ മണ്ടനാക്കാന്‍ കഴിയും. മരുഭൂമിയില്‍ മഴപെയ്യുമെന്ന് പറയുന്നതുപോലെയാണ്‌ ഇന്ത്യയില്‍ സോഷിലിസം വരും വിപ്ലവം വരും എന്നൊക്കെപ്പറയുന്നത്‌. ഇപ്പോള്‍ മരുഭൂമിയില്‍ മഴ വരില്ലാ എന്ന് ഇവര്‍ സമ്മതിച്ചിരിക്കുന്നു. ഇനി ജലസേചനമോ കൃത്രിമ മഴയോ മറ്റോ ചെയ്യാം എന്ന ചിന്തയിലേക്ക്‌ ഇവര്‍ മാറുന്നത്‌ നല്ല സൂചനയാണ്‌. 25 വര്‍ഷത്തെ തങ്ങളുടെ ഭരണം ഒരു സംസ്ഥാനത്തെ എത്ര പിന്നോട്ടടിച്ചു എന്നതില്‍ നിന്നുള്ള കുറ്റബോധമാകാം ബംഗാളുകാരെക്കൊണ്ട്‌ ഇത്‌ പറയിക്കാന്‍ നിര്‍ബന്ധതിമാക്കിയത്‌. സോഷ്യല്‍ ഡെമോക്രാറ്റാകുക എന്നത്‌ അത്രക്ക്‌ വലിയ തെറ്റൊന്നുമല്ല.

ഇനി രാജീവിന്റെ ഈ പരാമര്‍ശം എന്നില്‍ ചിരി ഉണര്‍ത്തി . ഒരാള്‍ക്ക്‌ പണമില്ലാത്തപ്പോള്‍ അയാള്‍ക്ക്‌ സൊഷ്യലിസത്തോട്‌ വലിയ അഭിനിവേശമായിരിക്കും എന്നാല്‍ അയാള്‍ത്തന്നെ പണം ഉണ്ടായിക്കഴിയുമ്പോള്‍ മുതലാളിത്വ സ്വഭാവം കാണിക്കും എന്നതാണ്‌ പൊതു സ്വഭാവം.അവിടെയാണ്‌ സോഷ്യലിസ്റ്റ്‌ സുന്ദരം സ്വപ്നങ്ങള്‍ വരും എന്ന് പറയുന്നത്‌. ജനം സോഷ്യലിസത്തെ പുല്‍കാന്‍ സ്വമനസാലേ തീരുമാനിക്കുന്നത്‌ വരെ നടപ്പിലാക്കാന്‍ കഴിയാത്ത ഒന്നാണ്‌ ഈ സോഷ്യലിസം. അലെങ്കില്‍ പിന്നെ സെല്‍ ഭരണം ഉപയോഗിച്ച്‌ അടിച്ചേല്‍പ്പിക്കേണ്ടി വരും. അത്‌ നടന്നിടത്തൊക്കെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ അത്‌ തകര്‍ന്നു പോയിട്ടുമുണ്ട്‌. പിന്നെ സ്വപനം കാണാനുള്ള മൌലീക അവകാശം ഞാന്‍ ചോദ്യം ചെയ്യുന്നില്ല

സുജനിക said...

പ്രകാശ് കാരട്ട് ഇന്നു വിശദീകരണം നല്‍കിയിട്ടുണ്ടു..തൊഴിലാളി വര്‍ഗ്ഗ...ജനകീയ ജനാധിപത്യം എന്ന തത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു പാര്‍ട്ടി എന്നു...പിന്നെന്തിനാ പരിഭ്രമം.

അങ്കിള്‍ said...

:) ബാക്കി കമന്റുകള്‍ എന്തെന്നറിയാനാണേ, ഈ സ്മൈലി.

മൂര്‍ത്തി said...
This comment has been removed by the author.
മൂര്‍ത്തി said...

പ്രിയ രാജീവ്,

പോസ്റ്റ് കണ്ടു...

ബസുവോ ബുദ്ധദേബോ പറഞ്ഞതായി പത്രത്തില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.പി.എമോ അത് പോലുള്ള പാര്‍ട്ടികളോ തങ്ങളുടെ നയം മാറ്റി എന്നു വിശ്വസിക്കുന്നതും അതിനെതിരെ പ്രതികരിക്കുന്നതും എത്രത്തോളം കൃത്യമാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. മാര്‍ക്സിസ്റ്റ് പദാവലികള്‍ക്ക് ഓരോന്നിനും കൃത്യമായ അര്‍ത്ഥവും വ്യാഖ്യാനവും ഉണ്ടെന്നിരിക്കെ അതൊന്നും പഠിക്കുകയോ അറിയുകയോ ചെയ്യാത്ത പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് എത്രമാത്രം ശരിമ ഉണ്ടാവും എന്ന് രാജീവിനു തന്നെ ഊഹിക്കാവുന്നതല്ലേ? മാത്രവുമല്ല സെന്‍സേഷണല്‍ ആയി എന്തെങ്കിലും ഇടതിനെതിരെ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ കാത്തിരിക്കുകയുമല്ലേ? പാര്‍ട്ടി പരിപാടിക്കപ്പുറത്ത് എന്തെങ്കിലും ബസുവോ ബുദ്ധനോ പറഞ്ഞതായി തോന്നുന്നില്ല. പാര്‍ട്ടി പരിപാടികളുടെ ശരി തെറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെങ്കില്‍ ഈ രീതിയിലല്ല അതുയര്‍ത്തേണ്ടത് എന്നു തോന്നുന്നു.

എന്തായാലും http://www.hindu.com/2008/01/06/stories/2008010660000800.htm എന്ന ലിങ്ക് ശ്രദ്ധിക്കുമല്ലോ? ഇതിലൊരിടത്തും ബംഗാളി ഭദ്രലോകത്തിന്റെ പുതിയ മാനിഫെസ്റ്റൊ അവതരിപ്പിച്ച് കണ്ടില്ല. ബാസു പുതിയതായൊന്നും പറഞ്ഞിട്ടില്ല എന്നു തന്നെ തോന്നുന്നു. അല്ലെങ്കില്‍ പഴയ ഡോക്യുമെന്റുകളുമായി ഒരു താരതമ്യം ആവാമായിരുന്നു.

ശ്രീ എസ് രാമചന്ദ്രന്‍ പിള്ള ഇന്ന് വിശദീകരിച്ചത് പ്രസക്തമല്ലേ? “”സിപിഐ എം ഇന്നു അംഗീകരിച്ചിരിക്കുന്ന ജനകീയ ജനാധിപത്യ പരിപാടിയനുസരിച്ച് ജനകീയ ജനാധിപത്യഘട്ടത്തില്‍ സ്വകാര്യമേഖലകള്‍ക്കും വിദേശ മൂലധനത്തിനും പങ്കുണ്ടായിരിക്കുമെന്ന് 2000 ഒക്ടോബറില്‍ പുതുക്കിയ പാര്‍ടിപരിപാടി എടുത്തുകാട്ടുന്നുണ്ട്. പൊതുമേഖലയുടെ മേധാവിത്വം ഉറപ്പുവരുത്തിക്കൊണ്ട് ജനകീയ ജനാധിപത്യഭരണകൂടം പൊതുമേഖലയെ വികസിപ്പിക്കാനാണ് ശ്രമിക്കുക.”

അങ്ങനെയിരിക്കെ ബാസു എന്താണ് പുതിയതായി പറഞ്ഞത്?

Unknown said...

വിശ്വാസപ്രമാണങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയുമൊക്കെ പേരില്‍ എത്രയോ മനുഷ്യക്കുരുതികള്‍ നമ്മള്‍ ഇതുവരെ കണ്ടു, ഇന്നും കാണുന്നു! "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമുള്ള" തൊഴിലാളിവര്‍ഗ്ഗം മാര്‍ക്സിയന്‍ വിപ്ലവത്തിലൂടെ മുതലാളിവര്‍ഗ്ഗത്തെ നശിപ്പിക്കുന്നതുവഴി മൂലധനം "തൊഴിലാളികളിലെ" ഒരു ചെറിയ വിഭാഗത്തിലേക്കു് വികേന്ദ്രീകരിക്കപ്പെടും, അത്രതന്നെ! ‍റഷ്യയും കിഴക്കന്‍ യൂറോപ്പുമൊക്കെ അതാണു് കാണിച്ചുതന്നതു്. ഒരു സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു് തലച്ചോറും മനുഷ്യശക്തിയും ആവശ്യമാണു്. വ്യവസായികളും, തൊഴിലാളികളും, അദ്ധ്യാപകരും, ബുദ്ധിജീവികളും, സാഹിത്യകാരന്മാരും, കലാകാരന്മാരും എല്ലാം കൈകോര്‍ത്തു് പ്രവര്‍ത്തിച്ചാലേ അതു് സാദ്ധ്യമാവൂ. ചിന്തയ്ക്കു് കടിഞ്ഞാണിട്ടുകൊണ്ടു് രൂപമെടുക്കുന്ന സമൂഹം ഒരു "ഏകതാനസമൂഹം" മാത്രമേ ആവൂ. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ നിയമനിര്‍മ്മാണവും, അതു് കാര്യക്ഷമതയോടെ നടപ്പാക്കലുമാണു് മാര്‍ഗ്ഗം, വിപ്ലവമല്ല. വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുന്നതു് തൊഴിലാളിവിരോധമല്ല. തൊഴിലാളികള്‍ വളരണം - സാമൂഹികമായും, സാമ്പത്തികമായും! അതു് പക്ഷേ സാമൂഹികവളര്‍ച്ചയുടെ ഭാഗമായി സംഭവിക്കേണ്ടതാണെന്നു് എനിക്കു് തോന്നുന്നു.

Adam Smith-ന്റെ കാപ്പിറ്റലിസമോ, Karl Marx-ന്റെ കമ്മ്യൂണിസമോ അവ രൂപമെടുത്ത കാലത്തെ അര്‍ത്ഥത്തില്‍ ഇന്നു് ഏതെങ്കിലും സമൂഹത്തില്‍ നിലവിലുണ്ടെന്നു് തോന്നുന്നില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കു് അവ അര്‍ഹിക്കുന്നതിലേറെ ഊന്നല്‍ നമ്മള്‍ നല്‍കുന്നില്ലേ പലപ്പോഴും?

അങ്കിള്‍ said...

പൊതുമേഖലയുടെ മേധാവിത്വം ഉറപ്പുവരുത്തികൊണ്ടുള്ള ജനാദിപത്യ ജനകീയ ഭരണതെത പറ്റി സ്വപനം കാണുന്ന മൂര്‍ത്തി, ഇതാ ഈ ബ്ലോഗില്‍ പരഞ്ഞിരിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി ഒന്നു നോക്കിയിട്ട് സ്വപ്നം കാണാന്‍ തുടങ്ങൂ.

പത്രമാധ്യമങ്ങള്‍ മാത്രമല്ലല്ലോ നമുക്കിപ്പോള്‍ ഉള്ളത്‌. ദൃശ്യമാധ്യമങ്ങളും ഇല്ലേ. CNN IBN/ NDTV പോലുള്ളവര്‍ ബൂധദേവും, ബാസുവും പറഞ്ഞതൊക്കെ പൊതുജനങ്ങളെ കാണിച്ചു തരികയും ചെയ്തിട്ടൂണ്ട്‌. മുതലാളിത്തത്തെയും സൊഷ്യലിസത്തെയും എങ്ങനെ ബന്ധപ്പെടുത്തിയെന്ന്‌ നമ്മളെല്ലാം കേട്ടതല്ലേ.

കുറ്റിം പറിച്ചോണ്ടോടുമെന്നൊക്കെയുള്ള ആവേശപ്പറച്ചില്‍ അധികനാള്‍ നീണ്ടുനില്‍ക്കുമോ എന്തോ.

അങ്കിള്‍ said...

അയ്യോ ഞാന്‍ ലിങ്ക് തരാന്‍ വിട്ടുപോയി. ഇതാണ് പൊതുമേഖലാ സ്ഥാപനങ്ങളെ പറ്റിയുള്ള ലിങ്ക്. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഈ സ്ഥാപനങ്ങളെ പറ്റിയാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഈ വിഷയം ഇത്രക്ക് വൃത്തികേടാക്കി അവതരിപ്പിച്ചതില്‍ മലയാള മാധ്യയ്മങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. കപട കമ്യൂണിസ്റ്റ് കരച്ചില്‍ നടത്തി നാല് ചക്രം ഉണ്ടാക്കുക എന്നത് ലക്ഷ്യമിട്ടവര്‍ അത് നേടുന്നതാണ് കണ്ടത്.ഈ വിഷയത്തില്‍ മരീചന്‍ ഇട്ട പോസ്റ്റ് നോക്കുക. കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യക്തത വരും

പൊതുമേഖല വരും എന്നൊക്കെ ചുമ്മാ പറയുവല്ലെ നമ്മുടെ ബുദ്ധദേണ്വ്വ് തന്നെ പറഞിട്റ്റുണ്ട് ന്‍ഷ്ടത്തിലുള്ള പൊതുമേഖല സഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഭാരമാണ് എന്ന്. നമ്മുടെ വ്യവസായ മന്ത്രി കരീമിനും എതിരഭിപ്രായമൊന്നുമില്ല. എന്നാല്‍ ഇപ്പോഴും തീവ്ര ഇടതുപക്ഷം എന്ന് നടിക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ. അവര്‍ തങ്ങള്‍ എന്തോ വലിയ സംഭവമാണ് എന്ന് കാണിക്കാന്‍ ഓരോന്ന് പറയും. സത്യത്തില്‍ ബസുവും ബുദ്ധനും ഒക്കെപ്പറഞത് പാര്‍ട്ടി പരിപാടി തന്നെയാണ്. അതാണ് കുറെക്കാലമായി നടക്കുന്നതും. എന്നാല്‍ ഇവിടെ അച്ചുതാനന്ദന്‍ എന്ന ആള്‍ ദൈവം എന്തോ കൊണ്ടുവരും എന്ന രീതിയില്‍ പൊക്കിപ്പിടിച്ചിരിക്കുന്നതിനാല്‍ നാം അറിയാതെ പോയതാണ്. 25 കൊല്ലത്തെ ഭരണത്തിന്റെ തിരിച്ചറിവില്‍ നിന്നുണ്ടാകുന്നതാണ് ബംഗാളികള്‍ക്ക് ഇത്. എന്നാല്‍ ഇവിടെ നമ്മുടെ ഭാഗ്യ്ത്തിന് 5 കൊല്ലം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാകുന്നതിനാല്‍ നാം ഈ ഭീകരത് അറിയാതെ പോയതാണ്.

കൊച്ചുമുതലാളി said...

ബംഗാളിനെ 25 വര്‍ഷം പിന്നോട്ടടിച്ച് കുറ്റ ബോധം കൊണ്ടായിരിക്കുമോ അവര്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്?

ക്യാപ്പിറ്റലിസം വന്നാലേ ഇവിടെ വികസനവും അതുപോലെ തൊഴിലും ഉണ്ടാവുകയുള്ളൂ എന്ന സത്യം ഇപ്പോഴെങ്കിലും ഇടതു പക്ഷം മനസിലാക്കിയതില്‍ സന്തോഷിക്കാം.

Rajeeve Chelanat said...

കിരണിന്റെ കമന്റുകളില്‍, എപ്പോഴുമുള്ളതുപോലെ, ഇടതിനോടുള്ള വിരോധവും, ഒരു പണത്തൂക്കം മുന്നില്‍നില്‍ക്കുന്ന മുന്‍‌വിധിയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. ‘മരുഭൂമിയിലെ മഴയും‘ ‘ഒരാള്‍ക്ക്‌ പണമില്ലാത്തപ്പോള്‍ .....സുന്ദരം സ്വപ്നങ്ങള്‍ വരും എന്ന് പറയുന്നത്‌“ ആദിയായ വാചാടോപങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ അശക്തനാണ്. ക്ഷമിക്കുക

മൂര്‍ത്തീ, പത്രവാര്‍ത്തകളെമാത്രം അടിസ്ഥാനമാക്കിയല്ല എന്റെ നിഗമനങ്ങള്‍. പാര്‍ട്ടിയുടെ പൊതുവായ നിലപാടുകളെ കണക്കിലെടുത്താണ് എന്റെ അഭിപ്രായങ്ങള്‍. പത്രങ്ങള്‍ ഈ വാര്‍ത്ത കൊണ്ടാടുന്നതിന്റെ കാരണങ്ങളും ഊഹിക്കാവുന്നതേയുള്ളു. എങ്കിലും, പാര്‍ട്ടി ചില കാര്യങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകളോട് (ആണവക്കരാര്‍, വര്‍ഗ്ഗീയതക്കെതിരെയുള്ള നിലപാട്, തുടങ്ങിയവ) യോജിക്കാ‍ന്‍ എനിക്കാവും.

ബാബൂ, മൂലധനം തൊഴിലാളികളിലെ ഒരു ചെറിയ വിഭാഗത്തില്‍ കേന്ദ്രീകരിച്ചതുകൊണ്ടൊന്നുമല്ല റഷ്യയിലും മറ്റു കിഴക്കന്‍ യോറോപ്പ്യന്‍ രാജ്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഉദാരവത്ക്കരണത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങള്‍ക്കു മുന്നില്‍ പകച്ചു നിന്ന ഒരു സാമൂഹ്യ-സമ്പദ്ഘടനയും, അശ്ലീലമായിക്കൊണ്ടിരുന്ന ഒരു ടോട്ടാലിറ്റേറിയന്‍ ഭരണവുമൊക്കെയാണ് അതിനുപിന്നിലെ കാരണങ്ങള്‍. തീര്‍ന്നില്ല, കൃത്രിമമായ സോഷ്യലിസ്റ്റ് മാതൃകകള്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു ആ രാജ്യങ്ങളിലെ മാറ്റങ്ങള്‍ക്കു പിന്നില്‍.

ഇന്നത്തെ സാഹചര്യത്തില്‍ (ഇന്ത്യയില്‍) ഒരു വിപ്ലവത്തിനുള്ള സാഹചര്യങ്ങള്‍ വിദൂരമാണെന്നു പറയാം. എങ്കിലും, ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പാത അസാദ്ധ്യമായ ഒന്നാണെന്ന് എനിക്ക് അഭിപ്രായമില്ല. താങ്കള്‍ പറഞ്ഞ നിയമനിര്‍മ്മാണത്തിലൂടെയും, ‘പൌര’ ‘രാഷ്ട്രീയ’ സമൂഹങ്ങളുടെ സമഗ്രമായ സംയോജനത്തിലൂടെയും സാധിക്കാവുന്ന ലക്ഷ്യം തന്നെയാണ് സോഷ്യലിസ്റ്റ് സമൂഹം എന്നത്.

വിപ്ലവം പോലും ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ കാലത്തും സാധ്യതകള്‍ ഉള്ള ഒരു ആശയമാണ്. അടിച്ചമര്‍ത്തലുകളും, അസമത്വങ്ങളും, അധിനിവേശങ്ങളും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു സ്വാഭാവികമായ സാമൂഹ്യ മുന്നേറ്റത്തെയാണ് ആ ‘നിര്‍ദ്ദോഷ’മായ വാക്കുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. അത്തരം സാഹചര്യങ്ങള്‍ വേണ്ടുവോളം ഇന്നത്തെ ലോകത്തില്‍ ഉണ്ടുതാനും.

കെ.പി., സോഷ്യലിസത്തിലെത്താനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതുതന്നെ. സോഷ്യലിസത്തെ തന്നെ ബലികഴിക്കരുതെന്നു മാത്രം. സി.പി.എമ്മും മറ്റിടതുപക്ഷങ്ങളും ഇല്ലാതായാല്‍ പിന്നെ ആരാണ് ആ ഉത്തരവാദിത്തങ്ങള്‍ (ഇന്നത്തെ അവസ്ഥയില്‍) ഏറ്റെടുക്കുക എന്നും അറിഞ്ഞാല്‍ നന്ന്. അവസാനത്തെ വരിയില്‍ ഒരു ഒളിയമ്പു വെച്ചത് എന്തിനായിരുന്നു? അഭിപ്രായങ്ങള്‍ പറയാനുള്ള താങ്കളുടെ (ആരുടെയും)അവകാശത്തെ എന്നെങ്കിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. (കഴിഞ്ഞ ഒരു പോസ്റ്റിന്റെ കമന്റിലും ഏകദേശം ഈ മട്ടിലുള്ള ഒന്ന് താങ്കള്‍ എഴുതിയിരുന്നു).

പിന്നെ, സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തെയും, സോഷ്യലിസ്റ്റ് വിപ്ലവത്തെയും നമ്മള്‍ നമ്മുടെ ചര്‍ച്ചകളില്‍ പലപ്പോഴും അസംബന്ധമായ അളവില്‍ കൂട്ടിക്കുഴക്കുന്നില്ലേ എന്നും ‘വര്‍ണ്ണത്തില്‍ ആശങ്ക”.

Anonymous said...

"വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ - സങ്കല്‍പ്പ
വായുവിമാനത്തിലേറിയാലും"

എന്ന്‌ മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്‌.

നമ്മെയെല്ലാം ഫ്രീയായി സങ്കല്‍പ്പ വായുവിമാനമേറ്റി കമ്മ്യൂണിസവും സമരങ്ങളും ഒന്നുമില്ലാത്ത ഒരു സങ്കല്‍പ്പലോകത്തേക്ക്‌ പറക്കാന്‍ ശ്രമിക്കുകയാണ്‌ മാധ്യമ സിന്‍ഡിക്കേറ്റ്‌... അവരുടെ ഒരു നടക്കാത്ത സ്വപ്നമാണല്ലോ എന്നുമത്‌?

ജ്യോതിബാസുവിന്റെ പ്രസംഗത്തില്‍ എന്ത്‌ പറഞ്ഞുവെന്നാണ്‌ ഇവര്‍ ഹാലിളകി നിലവിളിക്കുന്നത്‌? രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി. അറിയാതെ മദാമ്മയുടെ സാരിത്തുമ്പിലും മന്മോഹന്റെ വാലിലും തലകീഴായി തൂങ്ങുന്ന നപുംസകങ്ങള്‍ എന്താണിത്ര ഗ്വാ ഗ്വാ വിളിക്കുന്നത്‌?

കേരളത്തിലെ ബഹുഭൂരിപക്ഷം പത്രങ്ങളും ചാനലുകളും അവരുടെ മനസ്സിലിരിപ്പാണ്‌ ജ്യോതിബാസുവിന്റെ പ്രസംഗത്തിലൂടെ വായിച്ചെടുക്കാന്‍ ശ്രമിച്ചത്‌.

ഏറ്റവും ഒടുവിലായി വി.എസ്‌. ന്റെ ഒരു പ്രസ്താവന്യെ എടുത്തുകൊണ്ട്‌ സി.പി.എം. നുള്ളില്‍ മുതലാളിത്തത്തെ അനുകൂലിക്കുന്ന ജ്യോതി ബാസുവിന്റേയും കാരട്ടിന്റെയും നേതൃത്വത്തിലുള്ള കാരാട്ട്‌ പക്ഷവും അതിനെ എതിര്‍ക്കുന്ന വി.എസ്‌. പക്ഷവും ഉണ്ടെന്ന്‌ എഴുതി പിടിപ്പിക്കാന്‍ പോലും മാധ്യമശിംഘങ്ങള്‍ക്ക്‌ മടിയില്ല.

ഏറ്റവും രസകരം ഇടതുപക്ഷത്തെ തന്നെ ഞാഞ്ഞൂലുകളുടെ പ്രതികരണമാണ്‌. തങ്ങളാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷമെന്ന്‌ സ്ഥാപിക്കാനുള്ള വ്യഗ്രത ആയി അതിനെ കണ്ടാല്‍ പ്രശ്നം തീരും.

ഏന്നാല്‍ തമാശ ഇവിടെയൊന്നുമല്ല. പുത്തന്‍ അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ വക്‍താവായ കാറല്‍ മാണി സാറും, കാക്കി ട്രൗസറിട്ട്‌ നാഗപ്പൂരില്‍ കവാത്തു നടത്തുന്ന സംഘികളും പിന്നെ ചെന്നിത്തലയിലെ രമേശനുമെല്ലം ചേര്‍ന്ന് ജ്യോതി ബാസുവിന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ സി.പി.എം. എന്ന പാര്‍ട്ടി പിരിച്ചുവിടണം എന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ജ്യോതി ബാസുവിന്റെ പ്രസ്താവന ബംഗാളില്‍ വിവാദമേ ആയില്ല എന്നു തോന്നുന്നു. രമേശനേയും കാറല്‍ മാണിയേയും ഊജേപ്പിയേയും പേടിച്ച്‌ കേരളത്തിലെ സി.പി.എം. നേതാക്കള്‍ എവിടെപ്പോയൊളിക്കും എന്നതാണ്‌ ഇന്നത്തെ ഏറ്റവും കുഴക്കുന്ന ചോദ്യം.

"സി.പി.എം. നെപ്പറ്റി നിങ്ങള്‍ക്ക്‌ ഒരു ചുക്കും അറിയില്ല" എന്ന്‌ പിണറായി വിജയന്‍ പലകുറി ഇതേ മാധ്യമക്കാരോട്‌ പറഞ്ഞത്‌ അന്വര്‍ത്ഥമാകുകയാണ്‌. ദൃശ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നയിക്കുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക്‌ മാര്‍ക്സിസത്തിന്റെ ബാലപാഠം അറിയില്ലെന്ന കാര്യം ഒന്നുകൂടി വെളിവാകുന്നതല്ലാതെ ഈ അപശബ്ദങ്ങള്‍ മറ്റ്‌എന്താണ്‌ തെളിയിക്കുന്നത്‌?

കാള പെറ്റു എന്നു കേട്ടപ്പോള്‍ തന്നെകയറെടുത്ത്‌ തലങ്ങും വിലങ്ങും ഓടുകയാണ്‌ കേരളത്തിലെ മാധ്യമക്കഴുതകള്‍.
പില്‍ക്കാലത്ത്‌ തന്നെ, ഇടതുപക്ഷ വീക്ഷണങ്ങള്‍ക്കും കമ്മ്യൂണിസത്തിനും എത്ര പ്രവശ്യം ഇവര്‍
ചരമക്കുറിപ്പെഴുതിയിരിക്കുന്നു? എന്നിട്ടും വീണ്ടും വീണ്ടും ലാറ്റിനമേരിക്കയും യൂറോപ്പുമെല്ലാം ഇടതുപക്ഷത്തെ തന്നെ ആശ്രയിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന കാഴ്ചയല്ലേ നാം കാണുന്നത്‌?
മാര്‍ക്സിസത്തിന്റെ ബാലപാഠം പോലും അറിയാതെ അതിനെ വകവരുത്തിക്കളയാം എന്ന്‌ അഹങ്കരിച്ചു നടക്കുന്ന വെറും മാമ്മന്‍ മാപ്പിളമാര്‍...!!! അല്ലാതെന്തു പറയാന്‍...

കടവന്‍ said...

കിരണ്‍ തോമസ് തോമ്പില്‍ ...I agree with you