റോബര്‍ട്ട് ഫിസ്ക്
അനാഥ ശിശുക്കളെ ഉണ്ടാക്കുക എന്നത്, ഇറാഖില്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങളൊരു ചെറുത്തുനില്‍പ്പുകാരനാണെങ്കില്‍, നേരെ തിരക്കുള്ള ഏതെങ്കിലും അങ്ങാടിയില്‍ ചെന്ന്, സ്വയം പൊട്ടിച്ചിതറിയാല്‍ മതിയാകും. ഇനി അതല്ല, അമേരിക്കന്‍ വ്യോമസേനയിലെ പൈലറ്റാണ് നിങ്ങളെങ്കില്‍, ഏതെങ്കിലും ഗ്രാമത്തിലെ ഏതെങ്കിലും വീടിന്റെ മുകളില്‍ 'അബദ്ധത്തില്‍' ബോംബ് വര്‍ഷിച്ചാല്‍ മതി. ഇനി നിങ്ങളൊരു അമേരിക്കന്‍ കൂലിപ്പടയാളിയാണെങ്കിലോ, വളരെ എളുപ്പമാണ്. 20 വയസ്സും, 14 വയസ്സും, കേവലം ഒരു മാസം പ്രായവുമുള്ള മൂന്നു പെണ്‍മക്കളുളുടെ, വിധവയായ ഒരു അമ്മയുടെ ശരീരത്തില്‍ 40 വെടിയുണ്ടകള്‍ പായിച്ചും നിങ്ങള്‍ക്കത് സാധിക്കും. അമ്മയുടെ ദുര്‍മ്മരണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍നിന്ന് രക്ഷപ്പെടാനാണ് ആ മൂന്നു കുട്ടികളും, ബാഗ്ദാദില്‍നിന്നും രക്ഷപ്പെട്ട്, വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള തങ്ങളുടെ യാത്രാമദ്ധ്യേ ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍ എത്തിപ്പെട്ടത്.
കൂട്ടനശീകരണ ആയുധങ്ങളുടെയും, പിന്നെ, അതു മാറ്റി, മനുഷ്യത്വത്തിന്റെയും വ്യാജകാരണങ്ങളും പറഞ്ഞ്, നമ്മള്‍ ആക്രമിച്ച് കീഴടക്കിയ ആ ഇറാഖിലെ അനേകായിരം അനാഥശിശുക്കള്‍ക്ക്, പക്ഷേ, പലപ്പോഴും കാരുണ്യത്തിന്റെ മുലപ്പാല്‍ കിട്ടാറേയില്ല. ആ മൂന്നു കുട്ടികളെയും കാത്ത്, ക്വീന്‍ ആലിയ എയര്‍പ്പോര്‍ട്ടില്‍ കാത്തിരുന്ന അവരുടെ അമ്മാവനോട് സംസാരിക്കാന്‍ പോലും അവരെ അനുവദിക്കാതെ, ജോര്‍ദ്ദാനിലെ സെക്യൂര്‍റ്റിക്കാര്‍ ആ മൂന്നു സഹോദരിമാരേയും അടുത്ത വിമാനത്തില്‍തന്നെ ഇറാഖിലേക്ക് തിരിച്ചയച്ചു.
"എങ്ങിനെയാണ് അവര്‍ക്കത് ചെയ്യാന്‍ കഴിഞ്ഞത്?" അവരുടെ അമ്മാവന്‍ പോള്‍ മനൂക് ചോദിക്കുന്നു. "അവരുടെ അമ്മ കൊല്ലപ്പെട്ടു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ അച്ഛനും മരിച്ചുപോയിരുന്നു. ഞാന്‍ അവരെ കാത്തിരിക്കുകയായിരുന്നു. ജോര്‍ദ്ദാനിലേക്ക് എത്താന്‍ കഴിഞ്ഞാല്‍, അവര്‍ക്ക് വിസ നല്‍കിയേക്കുമെന്ന് ജോര്‍ദ്ദാനിലെ ബ്രിട്ടീഷ് എംബസ്സിയും പറഞ്ഞതാണ്". ബ്രിട്ടീഷ് പൗരത്വമുള്ള മനൂക് വടക്കന്‍ അയര്‍ലണ്ടിലാണ് താമസം. ഇതൊന്നും, ജോര്‍ദ്ദാനിലെ ആ സെക്യൂരിറ്റിക്കാരോട് പറഞ്ഞിട്ടും കാര്യമൊന്നുമില്ല.
ബാഗ്ദാദില്‍ ടാക്സി ഓടിക്കുമ്പോഴായിരുന്നു 48 വയസ്സുള്ള ഇറാഖി-അര്‍മേനിയന്‍ വംശജ മരോ അവാനിസിനെയും അവരുടെ കൂടെ കാറില്‍ യാത്രചെയ്തിരുന്ന സുഹൃത്തിനെയും പടിഞ്ഞാറന്‍ കൂലിപ്പടയാളികള്‍ 40 വെടിയുണ്ടകള്‍ ഉതിര്‍ത്ത് കൊന്നുകളഞ്ഞത്. പക്ഷേ ദുരന്തം അവരുടെ കുടുംബത്തെ പിന്തുടരാന്‍ തുടങ്ങിയിട്ട്, ഒരു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ട്. 1915-ലെ അര്‍മീനിയന്‍ വംശഹത്യയുടെ കാലത്ത്, മരോ അവാനിസിന്റെ മുത്തശ്ശിക്ക് തന്റെ രണ്ടു മക്കളെ തെരുവില്‍ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്. മരോ അവാനിസിന്റെ കൂടെ സീറ്റില്‍ തൊട്ടടുത്തിരുന്നിരുന്ന, അവരുടെ സുഹൃത്ത് ജനീവ ജലാലും കൂലിപ്പടയാളികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.
ഈ കൂലിപ്പടയാളികളെ ജോലിക്കെടുത്തിരുന്ന ആസ്ത്രേലിയന്‍ 'സുരക്ഷ' കമ്പനി, സംഭവത്തില്‍ അവര്‍ക്കുള്ള ഖേദം രേഖപ്പെടുത്തി. ബാഗ്ദാദിലെ ആയുധധാരികളായ പടിഞ്ഞാറന്‍ സേനയുടെ സമീപത്തിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും ഇത്തരത്തിലൊരു വിധി എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. അവാനിസ് യാത്ര ചെയ്തിരുന്ന കാര്‍ അതിവേഗതയിലാണ് വന്നതെന്നും, അതുകൊണ്ട് അവര്‍ ഒരു ചാവേറാണെന്ന് തെറ്റിദ്ധരിച്ചുവെന്നുമാണ് യൂണിറ്റി റിസോഴ്സ് ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ വിശദീകരണം. കൊലപാതകികളെക്കുറിച്ചുള്ള വിവരം കമ്പനി പുറത്തുവിട്ട്ടിട്ടില്ല. ഖേദപ്രകടനം നടത്തുന്നതില്‍ മിടുക്കരാണ് ബാഗ്ദാദിലെ പാശ്ചാത്യര്‍. പക്ഷേ, തങ്ങള്‍ അനാഥരാക്കിത്തീര്‍ത്തവരെ പരിരക്ഷിക്കാനൊന്നും ഏതായാലും അവര്‍ മിനക്കെടാറില്ല.
മരോ അവാനിസിന്റെ 20 വയസ്സായ മൂത്ത മകള്‍ കറൂണ്‍ രോഗബാധിതയായിരുന്നു. ജോര്‍ദ്ദാനിലേക്ക് പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു അവള്‍ക്ക്. കൂടെയുള്ള ചെറിയ സഹോദരിമാരെയും കൂടെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കുടുംബം പ്രത്യാശിച്ചു. അവരുടെ അമ്മാവന്‍ Co Down എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ജോര്‍ദ്ദാനിലെ ഐക്യരാഷ്ട്രസഭയുടെ കമ്മീഷണറെ അയാള്‍ ചെന്നു കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞത്, ആദ്യം സഹോദരിമാര്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നുവത്രെ.
"അവര്‍ക്കുവേണ്ടി ജോര്‍ദ്ദാനിലെ ബ്രിട്ടീഷ് എംബസ്സിയില്‍ ഞാന്‍ വിസക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. അവരും പറഞ്ഞത്, ആദ്യം കുട്ടികള്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നു. കറൂണിന് ജോര്‍ദ്ദാനില്‍ തങ്ങാന്‍ അനുമതി കൊടുത്തു അധികാരികള്‍. പക്ഷേ, 14-ഉം, ഒരു മാസവും പ്രായമുള്ള മറ്റു രണ്ടു സഹോദരിമാരെ പ്രവേശിപ്പിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിയത്തിമാരെ ഉപേക്ഷിക്കാന്‍ കാറൂണും കൂട്ടാക്കിയില്ല. അങ്ങിനെ, വന്നെത്തിയ ദിവസം തന്നെ, അവര്‍ക്ക് തിരിച്ചുപോകേണ്ടി വന്നു"
"എനിക്കിത് തീരെ വിശ്വസിക്കാനാവുന്നില്ല. എന്റെ മരുമക്കളുടെ കൂടെ വെറും അഞ്ചുമിനുട്ടെങ്കിലും കഴിയാനനുവദിക്കണമെന്ന് ഞാന്‍ അവരോടെ താണുകേണപേക്ഷിച്ചു. അതിനുപോലും അവര്‍ എന്നെ സമ്മതിച്ചില്ല".
മരോ അവാനിസിന് ഇറാഖില്‍ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഹെലനും, അന്നയും. വടക്കന്‍ അയര്‍ലണ്ടിലേക്ക് കുട്ടികളെ രക്ഷപ്പെടുത്താന്‍ അമ്മാവന്‍ വഴി കണ്ടെത്തുന്നതുവരെ, കുട്ടികളെ സംരക്ഷിച്ചിരുന്നത് അവര്‍ രണ്ടുപേരുമായിരുന്നു.
"ജോര്‍ദ്ദാനിലെ എന്റെ ഒരു സുഹൃത്തുവഴി മൂത്ത രണ്ടു കുട്ടികളെയും ജോര്‍ദ്ദാനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പേരു ചേര്‍ത്തിരുന്നു. പക്ഷേ, എയര്‍പോര്‍ട്ടില്‍ വല്ലാത്തൊരു അനുഭവമാണ് നേരിടേണ്ടിവന്നത്. അബ്ദുള്ള രാജാവിന് ഞാന്‍ കത്തെഴുതാന്‍ പോവുകയാണ്. എന്റെ സഹോദരിയെ വെടിവെച്ചു കൊന്ന ആസ്ത്രേലിയന്‍ കമ്പനിയില്‍നിന്ന്, ഈ കുട്ടികള്‍ക്ക് നഷ്ടപരിഹാരം കിട്ടിയേ തീരൂ. പക്ഷേ ഇറാഖിലെ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ലെന്നാണ് അവര്‍ പറയുന്നത്. ന്യായമായ ഒരു പുനരധിവാസത്തിനാണ് ഞാന്‍ വക്കീലന്‍മാര്‍ വഴി ശ്രമിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ അമേരിക്കക്കാര്‍ സാധാരണയായി വെച്ചുനീട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ചയല്ല അവര്‍ക്ക് വേണ്ടത്".
പല അര്‍മേനിയന്‍ കുടുംബത്തെയുംപോലെ, മനൂക്കിന്റേതും, ഒരു വംശഹത്യയുടെ ഭീകരമായ ചരിത്രത്തിന്റെ കരിനിഴല്‍ പുരണ്ടതാണ്. 1915-ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയുടെ കാലത്ത്, അദ്ദേഹത്തിന്റെ മുത്തച്ഛനെ തുര്‍ക്കികള്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി. പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്ന് ആറുവയസ്സു മാത്രമുണ്ടായിരുന്ന മനൂക്കിന്റെ അച്ഛനും അച്ഛന്റെ അമ്മയും എങ്ങിനെയോ രക്ഷപ്പെട്ടു, "പക്ഷേ അച്ഛന്റെ സഹോദരിയെ ഒരു കുര്‍ദ്ദുകാരന്‍ ഭാര്യയായി കൂടെ കൊണ്ടുപോയി", മനൂക് പറഞ്ഞു.
വേറെയും രണ്ടു സഹോദരിമാരുണ്ടായിരുന്നു മനൂക്കിന്റെ മുത്തച്ഛന്. അവര്‍ക്ക് നേരിടേണ്ടിവന്ന ദുര്‍വ്വിധി വളരെ കടുത്തതായിരുന്നു. മര്‍സ എന്ന സ്ഥലത്തിനടുത്ത ബെസ്നിയിലുള്ള അവരുടെ വീട്ടില്‍നിന്നും വടക്കോട്ടുള്ള നീണ്ട പലായനത്തിനിടയില്‍, കാലുകളില്‍ നീരു വന്ന് നടക്കാനാകാതെ അവര്‍ അവശരായപ്പോള്‍, മനൂക്കിന്റെ മുത്തശ്ശി, അവരെ വഴിയില്‍ ഉപേക്ഷിച്ച്, വംശം നിലനിര്‍ത്താന്‍ ആകെയുള്ള ഒരേയൊരു മകനെയും കൊണ്ട് രക്ഷപ്പെട്ടു. ആ രണ്ടു പെണ്‍കുട്ടികളെയും പിന്നെയൊരിക്കലും തിരിച്ചുകിട്ടിയില്ല.
അന്നത്തെ ഓട്ടോമാന്‍ പ്രവിശ്യയായ മെസോപൊട്ടാമിയയില്‍ എത്തിയപ്പോഴേക്കും കുടുംബത്തില്‍ അവശേഷിച്ചിരുന്നവര്‍ അധികമുണ്ടായിരുന്നില്ല. പട്ടിണിയും, തളര്‍ച്ചയുംമൂലം പതിനായിരക്കണക്കിനു അര്‍മേനിയന്‍ വംശജര്‍, ആ ഭീകരമായ വംശശുദ്ധീകരണപ്രക്രിയയില്‍ ചത്തൊടുങ്ങിയിരുന്നു. അര്‍മേനിയന്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം സംഖ്യ ഒന്നര ദശകത്തോളമാണ്.
1917-ല്‍ ബ്രിട്ടീഷുകാര്‍ ഇറാഖ് കയ്യടക്കിയതിനുശേഷം, മനൂക്കിന്റെ കുടുംബത്തിലെ ബാക്കി വന്നവരെ ബ്രിട്ടീഷ് സൈന്യം ബസ്രയില്‍ കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചു. മരോ അവാനിസിനെയും സഹോദരിമാരായ ഹെലനെയും അന്നയേയും വളര്‍ത്തി വലുതാക്കിയ അവരുടെ ഒരു വല്യമ്മായി ഇപ്പോഴും ബസ്രയില്‍ താമസിക്കുന്നുണ്ട്.
മരോ അവാനിസിന്റെ ഭര്‍ത്താവ് ആസാദ് അവാനിസ്, 2004-ല്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചു. അതില്‍പിന്നെ ബാഗ്ദാദിന്റെ അപകടകരമായ തെരുവിലൂടെ തന്റെ പഴയ ഓള്‍ഡ്‌സ്‌മൊബെയില്‍ ടാക്സി ഓടിച്ചിട്ടായിരുന്നു, മരോ അവാനിസ് കുടുംബം പുലര്‍ത്തിയിരുന്നത്. തന്റെ തൊഴിലും, ഒരു കൂട്ടം ചോരവെറിപൂണ്ട കൂലിപ്പടയാളികളും ചേര്‍ന്ന്, തന്റെ കുട്ടികളെ അനാഥമാക്കുമെന്ന് അവര്‍ തീരെ കരുതിയിട്ടുണ്ടാവില്ല.
1974-ല്‍ എഡിന്‍ബറോവില്‍വെച്ച്, മെഡിസിനില്‍ ഡോക്ടറേറ്റ് എടുക്കുന്ന അവസരത്തിലാണ് ഒരു ബ്രിട്ടീഷുകാരിയെ പോള്‍ മനൂക് പരിചയപ്പെടുന്നതും, വിവാഹം കഴിക്കുന്നതും. പൊതുവെ ശാന്തശീലനായ അയാള്‍ തന്റെ ഇളയ സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ്, ആകെ തകര്‍ന്ന മട്ടിലായിരുന്നു.
"മരിക്കുന്ന സമയത്ത് അവളുടെ മുഖം എങ്ങിനെയിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. അത്ര വലിയ അപകടമൊന്നുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. കാറിന്റെ പിറകില്‍ ഇരുന്നിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്". 15 വയസ്സ് പ്രായമുള്ള ഒരു ആണ്‍കുട്ടി മാത്രമാണ് ഈ സംഭവത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍. "അവളുടെ അരക്ക് മേല്‍പ്പോട്ടുള്ള ഭാഗം മുഴുവനും വെടികൊണ്ട് അരിപ്പപോലെയായി' എന്ന് മനൂക്കിന് അറിയാന്‍ കഴിഞ്ഞു. മരോ അവാനിസിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്, അവരുടെ മറ്റൊരു സഹോദരനായിരുന്ന ആല്‍ബര്‍ട്ട് ആയിരുന്നുവെന്നത്, ഈ കഥയിലെ മറ്റൊരു വിരോധാഭാസമാണ്. ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പില്‍നിന്നും രക്ഷപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട്.
കൌണ്ടര്‍കറന്റ്‌സില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ.
Subscribe to:
Post Comments (Atom)
4 comments:
അനാഥ ശിശുക്കളെ ഉണ്ടാക്കേണ്ടത് എങ്ങിനെ? -ഒരു ഇറാഖി പാഠം
യുദ്ധം-യുദ്ധം-യുദ്ധം------ വെറി കൊണ്ടു നടക്കുന്ന ആയുധവ്യാപരികള്‍ - അവര്‍ കൊലക്കുള്ള ആയുധവും, കൂടെ കൊല്ലാനുള്ള ഇരകളേയും വില്‍ക്കുന്നു.
സമാധാനം ഉണ്ടാകാന്‍ യുദ്ധം ചെയ്യിക്കുന്നു. വിപ്ലവമില്ലാത്തിടത്തു എങ്ങനെ സമാധാനം വരും? അതുകൊണ്ടു ആദ്യം വിപ്ലവം! പിന്നെ സമാധാനം!
എന്റെ കൂടെ ഒരു ഇറാക്കി ജോലി ചെയ്യുന്നുണ്ട്. അനാഥശിശുക്കളെ കുറിച്ച് അദ്ദേഹം പറഞ്ഞറിയാം. വായിച്ചറിയുന്നതിലും കൂടുതലാണ് അവിടെ നടക്കുന്നത്.
ആളുകള്‍ വിപ്ലവകാരികള്‍ ആകുന്നതില്‍ എങ്ങനെ കുറ്റം പറയും. എന്നിലെ വിപ്ലവകാരിയും ഉണരുന്നോ എന്നൊരു സംശയം.
വായനകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി. തന്റെ നാടിന്റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് ശക്തമായ ഭാഷയില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുണ്ട്. ലയ്‌ല അന്‍വര്‍. അധിനിവേശശക്തികളോടും അതിന്റെ പിമ്പുകളോടുമുള്ള ലയ്‌ലയുടെ വെറുപ്പും, വിദ്വേഷവും, ചുറ്റുമുള്ള എല്ലാതിനെയും തികഞ്ഞ അസഹിഷ്ണുതയോടെ നോക്കിക്കാണാനും, എല്ലാവരേയും സംശയത്തോടെ കാണാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും, ഇറാഖിനുനേരെയുള്ള നഗ്നമായ അധിനിവേശത്തിനെ ന്യായീകരിക്കാന്‍ ഒരു യുക്തിക്കും ആകാത്തതുകൊണ്ട്, ലയ്‌ലയെ നമ്മള്‍ സഹിച്ചേ പറ്റൂ. അവരുടെ വേദനയും, രോഷവും, കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. അവരുടെ ഭാഷ ഇനിയും കൂടുതല്‍ക്കൂടുതല്‍ നിര്‍ദ്ദയമാകട്ടെ. അവരുടെ എഴുത്തിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
http://www.arabwomanblues.blogspot.com
http://uncensoredarabwomanblues.blogspot.com
അഭിവാദ്യങ്ങളോടെ
Post a Comment