ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം അടുത്തകാലത്ത് കൈവരിച്ച ശ്രദ്ധേയമായ ഒരു നേട്ടം, ജാതിയെ പൊടിതട്ടിയെടുത്ത്, പുതിയ നിറക്കൂട്ടുകള്‍ നല്‍കി, തുല്ല്യതക്കു വേണ്ടിയുള്ള പോരാട്ടമായി പുനരവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ്. ഇതിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും (AIIMS)മറ്റു സ്ഥാപനങ്ങളിലും ഈയടുത്തകാലത്തായി ഉണ്ടായ പ്രക്ഷോഭങ്ങള്‍. "ജാതിയോ? അതൊക്കെ 50 വര്‍ഷം മുന്‍പത്തെ കാര്യമല്ലേ? ഇന്ന് അതൊന്നും നിലനില്‍ക്കുന്നില്ല" എന്ന മട്ടിലുള്ള പഴയ പ്രതിരോധാത്മകമായ നിഷേധമല്ല ജാതിവ്യവസ്ഥ ഇന്നു നടത്തുന്നത്. ജാതിയാണ് രാജ്യത്തെ കാര്‍ന്നു തിന്നുന്നതെന്നും, അതിന്റെ ഇന്നത്തെ ഇര സവര്‍ണ്ണരാണെന്നുമാണ് പുതിയ ഭാഷ്യം. ജനിതകപരമായി ഉയര്‍ന്ന യോഗ്യതയുള്ള ഉപരിവര്‍ഗ്ഗത്തെ അവരുടെ കസേരകളില്‍നിന്നും, തൊഴിലില്‍നിന്നും പുറത്താക്കുന്ന താഴ്‌ന്ന ജാതിക്കാരാണ് കഥയിലെ ഇന്നത്തെ വില്ലന്‍ എന്നാണ് ആ ഭാഷ്യത്തിന്റെ കാതല്‍.
ഇതൊരു ആനന്ദപ്രദമായ അവസ്ഥ സംജാതമാക്കുന്നു. കൂടുതല്‍ ദുഷിച്ച ഒരു ജാതിവ്യവസ്ഥയെ പരിശീലിക്കാനും, അതൊരു വലിയ കാര്യമായി കൊണ്ടുനടക്കാനും നിങ്ങള്‍ക്ക് കഴിയുന്നു. നിങ്ങള്‍ തുല്യാവകാശങ്ങള്‍ക്കു വേണ്ടിയാണ്, ജാതിരഹിത സമൂഹത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. സത്യവും ന്യായവും നിങ്ങളുടെ പക്ഷത്താണ്. എന്തിനേറെ? മാധ്യമങ്ങളും നിങ്ങളുടെ കൂടെയുണ്ട്. AIIMS-ലെ പ്രക്ഷോഭത്തെ അവര്‍ റിപ്പോര്‍ട്ട് ചെയ്തത് നമ്മള്‍ കണ്ടിരിക്കുമല്ലോ?
"വിരുദ്ധ ദിശയിലുള്ള വിവേചന(1)"ത്തെക്കുറിച്ചുള്ള ചിന്തകള്‍ (കഷ്ടതകള്‍ അനുഭവിക്കുന്നത് സവര്‍ണ്ണരാണ് എന്ന തലകീഴായ യുക്തി) ഈയിടെയായി ജനപ്രിയമാകുന്നുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള കൗതുകമാര്‍ന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകവഴി, വാള്‍സ്ട്രീറ്റ് ജേണല്‍ ഇത് തരംപോലെ മുതലാക്കുന്ന കാഴ്ച്ച നമുക്ക് കാണാന്‍ കഴിയും. വിരുദ്ധദിശയിലുള്ള വിവേചനം കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു ഉന്നതജാതനെക്കുറിച്ച് ജേണല്‍ വിവരിക്കുന്നുണ്ട്. (Reversal of Fortunes Isolates Indias Brahmins എന്ന റിപ്പോര്‍ട്ടില്‍).ജാതിയില്‍ മേലേക്കിടയിലുള്ളവര്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് അത് വിലപിക്കുന്നു. കഥാനായകനാകട്ടെ, അയാളുടെ പൂര്‍വ്വികരേക്കാള്‍ ഉദാരമനസ്കനുമാണത്രെ. കീഴ്ജാതിക്കാരായ അയല്‍ക്കാര്‍ തന്റെ മുന്‍പില്‍ വരുമ്പോള്‍ ചെരുപ്പഴിക്കുമെന്ന് അയാള്‍ വ്യാമോഹിക്കുന്നേയില്ല! ഹായ്, അത് തീര്‍ച്ചയായും വലിയ കാര്യമാണ്. അവര്‍ക്ക് അവരുടെ ചെരുപ്പുകള്‍ ധരിക്കാം. വിശേഷാധികാരം എന്നതുകൊണ്ട് എന്താണ് നമ്മള്‍ അര്‍ത്ഥമാക്കുന്നത്, വിവേചനമെന്ന വാക്കുകൊണ്ട് നമ്മള്‍ കാണുന്നത് എന്തിനെയാണ്, എന്നു തുടങ്ങി പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റു പലരേയുംപോലെ, വാള്‍സ്ട്രീറ്റ് ജേണലും രണ്ടിനെയും ഒന്നിലേക്ക് ചുരുക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും നിലനില്‍ക്കുന്ന സംവരണം. ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടില്‍ മറ്റൊന്നിനും ഒരു സ്ഥാനവുമില്ല. പക്ഷേ യഥാര്‍ത്ഥ ലോകത്ത് ഇതുകൂടാതെ മറ്റുചിലതുമുണ്ട്. ദളിത് വിദ്യാര്‍ത്ഥികള്‍ നിത്യേനയെന്നോണം സ്കൂളുകളില്‍ വെച്ച് അപമാനിക്കപ്പെടുകയും, പീഡിക്കപ്പെടുകയും ചെയ്യുന്നു. പലരും ഈയൊരു കാരണംകൊണ്ടുതന്നെ സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള നിരവധി സ്കൂളുകളില്‍ അവരെ വേര്‍തിരിച്ചിരുത്തുന്നുണ്ട്. ക്ലാസ്സുമുറികളിലായാലും ഉച്ചഭക്ഷണ സമയത്തുമൊക്കെ. വിശേഷ പരിഗണന നഷ്ടപ്പെടുന്നവര്‍ക്കാകട്ടെ, ഇതൊന്നും അനുഭവിക്കേണ്ടിവരുന്നില്ല.
പൊതുകിണറുകളില്‍നിന്ന് വെള്ളം കുടിച്ച തെറ്റിന് ഒരു സവര്‍ണ്ണവിദ്യാര്‍ത്ഥിക്കും അദ്ധ്യാപകരില്‍നിന്ന് തല്ലു കൊള്ളേണ്ടിവരുന്നില്ല. നന്നായി പഠിച്ചു എന്ന തെറ്റിന് ആരും അവരുടെ മുഖത്തെ ആസിഡ് ഒഴിക്കുന്നില്ല. ഹോസ്റ്റലിലും, ഭക്ഷണമുറികളിലും അവര്‍ക്ക് മാറിയിരിക്കേണ്ടിവരുന്നില്ല. ഓരോ തിരിവിലും, ഓരോ ഘട്ടത്തിലും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം അനുഭവിക്കേണ്ടിവരുന്നുണ്ട്. തൊഴിലിടങ്ങളില്‍ ദളിതുകള്‍ക്കും ഇതേ അനുഭവത്തെയാണ് നേരിടേണ്ടിവരുന്നത്.
സുബോധ് വര്‍മ്മ നിരീക്ഷിക്കുന്നപോലെ (ടൈംസ് ഓഫ് ഇന്ത്യ, 2006 ഡിസംബര്‍ 12-ന്റെ ലക്കം) ഈ എല്ലാ പ്രതികൂലാവസ്ഥകളുമുണ്ടായിട്ടുപോലും, ദളിതരുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. 1961-നും 2001-നുമിടക്ക് രാജ്യത്തിലെ മൊത്തം സാക്ഷരത ഇരട്ടിയായപ്പോള്‍, ദളിതര്‍ക്കിടയിലെ സാക്ഷരത നാലിരട്ടിയായിരുന്നു. പ്രത്യേകിച്ചും, അവരുടെ ദയനീയമായ സാമൂഹ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്. ദൈനംദിനം നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടുപോലും അത് സംഭവിക്കുക തന്നെ ചെയ്തു. എങ്കില്‍പ്പോലും, ഈ നേട്ടം കൊണ്ട് അവരുടെ യഥാര്‍ത്ഥ അവസ്ഥയില്‍ വലിയ മാറ്റമൊന്നും വന്നതുമില്ല.
വാള്‍സ്ട്രീറ്റിന്റെ കണക്കുപ്രകാരം, ഏകദേശം പകുതിയോളം ബ്രാഹ്മണ കുടുംബങ്ങളുടെ മാസ വരുമാനം നാലായിരം രൂപയാണ് (ദളിത് കുടുംബങ്ങളില്‍ 90 ശതമാനവും ഈ സ്ഥിതിയിലാണെന്ന് വാള്‍സ്ട്രീറ്റ് കൊടുത്തിട്ടുള്ള പട്ടികപ്രകാരംതന്നെ കാണുവാനും കഴിയും) പക്ഷേ, അസംഘടിതമേഖലയിലെ തൊഴിലുകളെക്കുറിച്ചുള്ള ദേശീയ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച്, (National Commission for Enterprises in the Unorganised Sector ) നമ്മുടെ പത്രപ്രവര്‍ത്തകന്‍ ബോധവാനല്ല. ആ കണക്കുപ്രകാരം, 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണ്. അതായത്, മാസത്തില്‍ 600 രൂപ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരിലെ (കൂടാതെ മറ്റു പിന്നോക്ക വിഭാഗങ്ങളിലും, മുസ്ലീമുകളിലും) 88 ശതമാനവും ഈ ഗ്രൂപ്പില്‍ പെടുന്നവരാണ്. ദാരിദ്ര്യം അനുഭവിക്കുന്ന ബ്രഹ്മണന്‍മാരും, മറ്റു സവര്‍ണ്ണവിഭാഗക്കാരും ഇല്ലെന്നല്ല അര്‍ത്ഥമാക്കുന്നത്. പക്ഷേ, അതിനെ വക്രീകരിച്ച്, ‘വിരുദ്ധ ദിശയിലുള്ള വിവേചന‘മെന്ന് മുറവിളികൂട്ടുന്നത് ശരിയല്ല എന്നുമാത്രമാണ്. പ്രത്യേകിച്ചും, പൊതുവായി നോക്കുമ്പോള്‍ കൂടുതല്‍ വിദ്യാഭ്യാസവും, താരതമ്യേന നല്ല ശമ്പളവും വാങ്ങുന്നത്, ബ്രാഹ്മണരാണെന്ന്, വാള്‍സ്ട്രീറ്റ് ജേണല്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.
വിചിത്രമെന്നു പറയട്ടെ, ഈ കഥ പ്രസിദ്ധീകരിക്കുന്നതിനും രണ്ടു ദിവസം മുന്‍പ്, ഇതേ വാള്‍സ്ട്രീറ്റ് ജേണല്‍ തന്നെ ഖിര്‍ലാഞ്ചി(2) അതിക്രമത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ സംഭവം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍. മറ്റൊരു ലേഖകന്റേതായിരുന്നു ആ റിപ്പോര്‍ട്ട്. അതില്‍ ശരിയായി സൂചിപ്പിച്ച പോലെ, ഭോട്ട്‌മാംഗ് കുടുംബത്തിന്റെ സാമ്പത്തികമായ ഉയര്‍ച്ചയും, ജീവിത വിജയവുമായിരുന്നു വിദര്‍ഭയിലെ അവരുടെ സവര്‍ണ്ണജാതിക്കാരായ അയല്‍ക്കാരുടെ അസൂയക്കും അതിക്രമത്തിനും ഇടവരുത്തിയത്. ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുടെ ഫലമായിട്ടാണ് ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കും, ദളിതര്‍ക്കും ഈ രീതിയില്‍ ജീവിതവിജയം നേടാന്‍ ആയതെന്നും ആ ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അപ്പോള്‍ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നു വരും. ഈ സാമ്പത്തികവളര്‍ച്ച കൊണ്ട് ദളിതര്‍ക്കു മാത്രമാണോ ഉന്നമനം ഉണ്ടായത്? സമൂഹത്തിലെ മറ്റു മേല്‍ജാതിക്കാര്‍ക്കൊന്നും അതിന്റെ നേട്ടങ്ങള്‍ ഉണ്ടായില്ല എന്നാണോ വിവക്ഷ?
സുബോധ വര്‍മ്മ ചൂണ്ടിക്കാണിക്കുന്നപോലെ, 36 ശതമാനം ദളിതര്‍ ഗ്രാമങ്ങളിലും, 38 ശതമാനം ദളിതര്‍ നഗരങ്ങളിലും ദാരിദ്ര്യരേഖക്കു കീഴിലാണ്. ഇന്ത്യയിലെ മൊത്തം ചിത്രമെടുത്താല്‍, ഇത് 23-ഉം, 27-ഉം ആണെന്നു കാണാം. (ഔദ്യോഗിക കണക്കുകളുടെ പൊള്ളത്തരം, മറ്റൊരു കഥയാണ്. തത്ക്കാലം അത് വിടാം). സ്വന്തമായി ഭൂമിയില്ലാത്ത ദളിതരില്‍, മൂന്നില്‍ ഒരു ഭാഗത്തിലുമേറെ ആളുകള്‍ക്ക് വര്‍ഷത്തില്‍ ആറു മാസത്തിലും താഴെ മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളു. ഇതില്‍ പകുതി കുടുംബങ്ങള്‍ക്കെങ്കിലും മാസം 2000 രൂപ കിട്ടുന്നുവെങ്കില്‍, അതൊരു ചരിത്രസംഭവം തന്നെയായിരിക്കും.
കാര്യങ്ങള്‍ കാണാന്‍ നമുക്ക് ശ്രമിക്കാം. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും വാള്‍സ്ട്രീറ്റ് ജേണലിന്റെ 'വിരുദ്ധ ദിശയിലുള്ള വിവേചനം' എന്ന സങ്കല്‍പ്പം പങ്കുവെക്കുന്നവരാണ്. പൂനെയില്‍ ഈയിടെ നടന്ന ബ്രാഹ്മണ സമ്മേളനം നോക്കുക. വ്യക്തമായും ജാതിയുടെ അടിസ്ഥാനത്തില്‍ നടന്ന ആ സമ്മേളനത്തിനകത്തു തന്നെ, ഉപജാതിയെ അടിസ്ഥാനമാക്കിയും ആളുകള്‍ വേര്‍തിരിഞ്ഞ് സമ്മേളിക്കുകയുണ്ടായി. ഇതിനേക്കാളും ജാത്യടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കൂടിച്ചേരാനാവില്ല. പക്ഷേ ഇതില്‍ എന്തെങ്കിലും പന്തികേടുള്ളതായി ഒരു മാധ്യമത്തിനും തോന്നിയില്ല. ഏതാണ്ട് ഇതേ സമയത്തോടടുപ്പിച്ച്, മറാത്ത വിഭാഗത്തിന്റെ (മഹാരാഷ്ട്രയിലെ പ്രമുഖ ജാതി) മറ്റൊരു ഉന്നതസമ്മേളനവും നടന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അവരും പരസ്യമായി ആവശ്യപ്പെട്ടു. അതിലും, അനിതരസാധാരണമായി ആരും ഒന്നും കണ്ടില്ല.
പക്ഷേ ദളിതരുടെ സമ്മേളനങ്ങളെ എപ്പോഴും ജാതിയുടേയോ, എന്തിന്, വംശീയതയുടെ പേരിലോ ആണ് അളന്നുതൂക്കുന്നത്. ദളിത് എന്നത്, ഒരു ജാതിയല്ലെന്നും, കാലാകാലങ്ങളായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിക്കേണ്ടിവന്ന വിവിധ സമൂഹ വിഭാഗങ്ങളെ മുഴുവനും പ്രതിനിധീകരിക്കുന്ന ഒരു വാക്കാണതെന്നും നമ്മള്‍ വിസ്മരിക്കുന്നു. മുംബൈയില്‍ ഡിസംബര്‍ 6-ന് അംബേദ്ക്കറിന്റെ സ്മരണാര്‍ത്ഥം നടന്ന വാര്‍ഷിക സമ്മേളനത്തെ ഭയപ്പാടോടെയാണ് മാധ്യമങ്ങള്‍ കണ്ടത്. ബഹളം വെക്കുന്ന ഒരു ആള്‍ക്കൂട്ടം ഒന്നിച്ചു കൂടുമ്പോള്‍ നഗരത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളും, ഗതാഗതക്കുരുക്കുകളും, ക്രമസമാധാന പ്രശ്നങ്ങളും, ശിവജി പാര്‍ക്കിലെ മാന്യന്‍മാരുടെ സ്വൈരവിഹാരത്തിന് (അവരുടെ രാഷ്ട്രീയ സമതലത്തിന്)അതുണ്ടാക്കിയേക്കാവുന്ന സ്വൈരഭംഗങ്ങളും, അലോസരതകളും, ഒക്കെയായിരുന്നു പ്രധാന വേവലാതികള്‍. കൂട്ടത്തില്‍, ശുചിത്വ പ്രശ്നവും. (ജാതിപരമായ നമ്മുടെ മുന്‍വിധികളില്‍, ശുചിത്വമില്ലാത്ത ആളുകളെന്ന ഈ പരികല്‍പ്പനയാണ് ഏറ്റവും പ്രധാനവും, ജുഗുപ്സാവഹവുമായത്).
ഇനി യഥാര്‍ത്ഥ ലോകത്തിലേക്ക് തിരിച്ചുവരാം. അന്യജാതിയില്‍ നിന്ന് വിവാഹം ചെയ്ത തെറ്റിന് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട എത്ര സവര്‍ണ്ണജാതിക്കാരുണ്ടാകും? മഹാരാഷ്ട്രയിലെ നന്ദെദിലെ(3), സത്തെഗാവ് ഗ്രാമത്തിലെ ചന്ദ്രകാന്തിനോടു ചോദിക്കൂ, എന്തുകൊണ്ടാണ് അയാള്‍ക്ക് കഴിഞ്ഞ ആഴ്ച്ച ഇത് സംഭവിച്ചതെന്ന്? ഭൂമിയെച്ചൊല്ലിയും മറ്റുമുള്ള വഴക്കുകളില്‍ എത്ര സവര്‍ണ്ണ ഗൃഹങ്ങളും ഗ്രാമങ്ങളും ചുട്ടുചാമ്പലാക്കപ്പെട്ടിട്ടുണ്ട്? ഒരു അമ്പലത്തില്‍ കയറാന്‍ ധൈര്യം കാണിച്ചതിന് എത്ര മേല്‍ജാതിക്കാര്‍ക്ക്, ജീവനും, അവയവങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്?
ഗ്രാമത്തിലെ പൊതുകിണറില്‍നിന്ന് വെള്ളമെടുത്തതിന് എത്ര ബ്രാഹ്മണര്‍ക്കും, താക്കൂര്‍മാര്‍ക്കും, മര്‍ദ്ദനമേല്‍ക്കുകയോ, ജീവന്‍ നഷ്ടപ്പെടുകയോ ഉണ്ടായിട്ടുണ്ട്? "വിശേഷാധികാരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന" എത്ര പേര്‍ക്ക്, കിലോമീറ്ററുകള്‍ താണ്ടി, നിത്യവും കുടിവെള്ളം കൊണ്ടുവരേണ്ടിവരുന്നുണ്ട്? ഗ്രാമത്തിന്റെ പുറമ്പോക്കിലേക്ക് നിഷ്കാസിതരാവുകയും, നമ്മുടെ തനതായ അയിത്താചാര സമ്പ്രദായങ്ങളില്‍പെട്ട് ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടേണ്ടിവരുകയും ചെയ്യുന്ന എത്ര ഉന്നതജാതിക്കാരുണ്ട് നമ്മുടെ നാട്ടില്‍? അപ്പോള്‍, അതിനെയൊക്കെയാണ് വിവേചനമെന്ന് പറയുന്നത്. പക്ഷേ, അത്തരം വിവേചനത്തെയാണ് വാള്‍സ്ട്രീറ്റിന്റെ ലേഖകരെപ്പോലുള്ളവര്‍ കാണാതിരിക്കുന്നതും, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതും.
2006-ലെ ദേശീയ ക്രിമിനല്‍ റെക്കോര്‍ഡ്സ് ബ്യൂറോയുടെ (National Crime Records Bureau) കണക്കുകള്‍ പറയുന്നത്, വിവിധ ആരോപണങ്ങളെച്ചൊല്ലിയാണ് ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത് എന്നാണ്. പൗരാവകാശ സംരക്ഷണ നിയമത്തിന്‍(Protection of Civil Rights Act) കീഴില്‍ വന്നിട്ടുള്ള കേസുകളുടെ വര്‍ദ്ധന 40 ശതമാനമാണ്. കൊലപാതകവും, ബലാത്സംഗവും, തട്ടിക്കൊണ്ടുപോകലും കൂടുതല്‍ക്കൂടുതല്‍ നേരിടേണ്ടിവരുന്നു ദളിതര്‍ക്ക്. മറ്റ് ആക്രമണങ്ങള്‍, കവര്‍ച്ച എന്നിവക്കും അവര്‍ വിധേയരാവുന്നുണ്ട്.
വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് നേരിടേണ്ടിവരുന്ന ബലാത്സംഗവും, അവമതികളും ശ്രദ്ധയില്‍ പെടുന്നുവെന്നതും, അതിനെതിരെ പ്രതിഷേധം രൂപപ്പെടുന്നുവെന്നതും നല്ലതു തന്നെ. പക്ഷേ അതിനേക്കാളും എത്രയോ വര്‍ദ്ധിച്ച തോതില്‍ ദളിത്, ഗോത്ര സ്ത്രീകള്‍ നിത്യവും രാജ്യത്തിന്റെ പല ഭാഗത്തും അപമാനിക്കപ്പെടുന്നുണ്ട് എന്നത്, തീര്‍ത്തും ദുഖകരമായ കാര്യമാണ്. രാജസ്ഥാനിലുണ്ടായ ഒരു ബലാത്സംഗത്തെ ‘ബഹുമാന‘പ്പെട്ട ഒരു ജഡ്ജ് തള്ളിക്കളഞ്ഞത്, ഒരു നീചജാതിക്കാരിയെ ഒരിക്കലും ഉയര്‍ന്ന ജാതിക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ഇടയില്ല എന്ന (അ)ന്യായപ്രമാണത്തിന്റെ ബലത്തിലായിരുന്നു.
17 ദളിതുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കുംഹര്‍ സംഭവത്തില്‍(4), സംഭവം നടന്ന് ഏഴുവര്‍ഷത്തിനുശേഷം മാത്രമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു വിദേശിയെ ആക്രമിച്ച സംഭവത്തില്‍ വെറും 14 ദിവസത്തിനുള്ളില്‍ കോടതി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്തു. 14 വര്‍ഷമെന്നതുപോലും ദളിതരെ സംബന്ധിച്ചിടത്തോളം, നീതി ലഭിക്കാനുള്ള തീരെ കുറഞ്ഞ ഒരു കാലയളവായേക്കാം. ഇന്ത്യയിലെ സമ്പന്നരുടെ നാടായ മഹാരാഷ്ട്രയിലെ മുംബയില്‍, ഒരു ദളിത് സ്ത്രീയെ അപമാനിച്ചതിന് 14 യുവാക്കള്‍ക്ക് അഞ്ചുദിവസം മാത്രമേ അഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നുള്ളു. ലത്തൂര്‍, നന്ദെദ് സംഭവങ്ങളുമായി ഇതിനെ തുലനം ചെയ്യാവുന്നതാണ്. ലത്തൂര്‍(5) കേസില്‍ ഇരയായത് ,കേവലം 14 വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയായിരുന്നു. നന്ദെദില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടത് ഒരു ദളിത് യുവാവും. മുസ്ലീം സമൂഹത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍, ലത്തൂരിലെ സംഭവം തേഞ്ഞുമാഞ്ഞുപോകാന്‍ ഇടയാകുമായിരുന്നു. ദളിതരെ വേട്ടയാടുന്ന വിവേചനം, അവരെ മരണാനന്തരവും പിന്തുടരുന്നു. ഗ്രാമങ്ങളിലെ ശ്മശാനങ്ങള്‍ അവര്‍ക്ക് വിലക്കപ്പെട്ടതാണ്. സവര്‍ണ്ണര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍ പോലും ക്രൂരമായ വിദ്വേഷത്തിന് ഇരയാവുന്നു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ അവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുകതന്നെയാണ്. ഈ പറഞ്ഞതൊന്നും, വിശേഷാധികാരങ്ങള്‍ നഷ്ടമാകുന്ന ഉന്നതജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. 'വിരുദ്ധ ദിശയിലുള്ള വിവേചന'ത്തിന്റെ സിദ്ധാന്തക്കാര്‍ യഥാര്‍ത്ഥത്തില്‍, പ്രതിലോമപരമായ ആശയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
2008 ജനുവരി 18-ലെ ഹിന്ദുവില്‍, പി.സായ്‌നാഥ് എഴുതിയ (Discrimination for Dummies.V.2008) എന്ന ലേഖനത്തിന്റെ പരിഭാഷ.
(1) Reverse Discrimination-എന്നതിന്റെ ഏകദേശ പരിഭാഷ
(2) മഹാരാഷ്ട്രയിലെ ഭാന്ദ്ര ജില്ലയിലെ ഖിര്‍ലാഞ്ചി ഗ്രാമത്തില്‍ 29 സെപ്തംബര്‍ 2006-ന്‍ ഭോട്ട്‌മാംഗ് കുടുംബത്തിലെ അമ്മയെയും മകളെയും, രണ്ട് ആണ്‍മക്കളെയും ഒരു സംഘം സവര്‍ണ്ണപ്രമാണിമാര്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനുമുന്‍പ്, അമ്മയെയും മകളെയും മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു.
(3) ഔറംഗബാദിലെ നന്ദെദ് ഗ്രാമത്തില്‍ 2008 ജനുവരി 10-ന് നടന്ന സംഭവം.
(4) 1992 ജൂണ്‍ 6-ന്, രാജസ്ഥാനിലെ ഭരത്‌പൂരില്‍, കുംഹര്‍ പട്ടണത്തില്‍ നടന്ന ദളിത് കൂട്ടക്കൊല.
(5) 2008 ജനുവരി 6-ന് മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും, കൊലപ്പെടുത്തുകയും ചെയ്ത സംഭവം.
Subscribe to:
Post Comments (Atom)
6 comments:
ഓരോ വര്‍ഷവും കഴിയുമ്പോള്‍ അവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുകതന്നെയാണ്. ഈ പറഞ്ഞതൊന്നും, വിശേഷാധികാരങ്ങള്‍ നഷ്ടമാകുന്ന ഉന്നതജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. 'വിരുദ്ധദിശയിലുള്ളവിവേചന'ത്തിന്റെ സിദ്ധാന്തക്കാര്‍ യഥാര്‍ത്ഥത്തില്‍, പ്രതിലോമപരമായ ശീലങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
നന്ദി രാജീവ്...
വളരെ നന്നായി രാജീവ്. പ്രത്യേകിച്ച് mumbai molestation രാജ്യത്തെ മാധ്യമങ്ങള്‍ ദിവസങ്ങളോളം മുന്‍പേജില്‍ കൊണ്ടാടിയത് ഓര്‍ക്കുമ്പോള്‍. അത് ന്യായീകരിക്കുകയല്ല. അത് റിപോര്‍ട്ട് ചെയ്യുമ്പോളാണല്ലൊ metro പത്രങ്ങള്‍ക്ക് we feeling ഉണ്ടാവുന്നത്. അടുത്ത ഇര ഞാനാവാം എന്ന ഭീതി. ഒരു പോസ്റ്റ് ഇടാന്‍ മാത്രമുണ്ട് ആ വിഷയം.
പക്ഷെ,ദലിതുകള്‍ അവരുടെ മാളങളില്‍ നിന്നു പുറത്തുവരുന്നുണ്ട് എന്നതു ശുഭോദര്‍ക്കം തന്നെ.
വല്ലാത്തൊരു അസ്വസ്ഥതയാണ്‍` ഇങ്ങനെയുള്ള ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോള്‍.
്വിശാഖ് വഴിയാണ് ഇവിടെ എത്തിപ്പെടുന്നത്. ആഗോളവത്കരണത്തിനനുസരണമായി സമൂഹത്തിന്റെ പൊതുബോധത്തെപ്പോലും മാറ്റിമറിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഇടപെടുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ക്ക് ദിനമ്പ്രതിയെന്നോണം നാം സാക്ഷ്യം വഹിക്കുകയാണ്. ‘കാലഹരണപ്പെട്ട’ സംവരണം കേരളത്തില്‍ പോലും മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണല്ലോ. ജാതീയതയെക്കുറിച്ചും സംവരണത്തെപ്പറ്റിയും ഒക്കെയുള്ള ചര്‍ച്ചകളെ യഥാര്‍ത്ഥ സാമൂഹ്യസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി കേവലം വ്യക്തിഗതമായ അനുഭവങ്ങളിലേക്കും ഒറ്റപ്പെട്ട സംഭവങ്ങളിലേക്കും ചുരുക്കി അവയുടെ ദിശയെത്തന്നെ മാറ്റിമറിക്കുകയാണ് മിക്കവാറും മാധ്യമചര്‍ച്ചകള്‍.
Post a Comment