Tuesday, June 3, 2008

ഒരു സന്തോഷവര്‍ത്തമാനം

വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമിരിക്കുന്ന നപുംസകങ്ങളുടെ വാക്ക് വിശ്വസിച്ച്, അഫ്ഘാനിസ്ഥാനിലും ഇറാഖിലും ജനാധിപത്യവും സമാധാനവും ഇറക്കുമതിചെയ്യാന്‍ പോയവരാണവര്‍. അമേരിക്കന്‍ പട്ടാളക്കാര്‍. സ്വന്തം വീടിന്റെ തണലും തുണയും കൈവിട്ട്, വേണ്ടപ്പെട്ടവരെ വേര്‍പിരിഞ്ഞ്, അന്യനാട്ടില്‍ പോയി കൊല്ലും കൊലയും നടത്തിയവര്‍. കുട്ടികളെയും സ്ത്രീകളെയും നിരാലംബരായ ഗ്രാമീണരെയും ഒരു കാരണവുമില്ലാതെ കൊല്ലാക്കൊല ചെയ്തവര്‍. മാസാമാസ ശമ്പളത്തിനുവേണ്ടി. വെറ്ററന്‍സ് എന്നു വിളിക്കുന്നവര്‍. യുദ്ധനിപുണന്മാര്‍. ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും കുട്ടികളുടെ കൂടെ തെരുവില്‍ പന്തു തട്ടിക്കളിക്കുകയും, അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുകയും, തൊട്ടടുത്ത നിമിഷം അവര്‍ക്കുമീതെ ക്ലസ്റ്റര്‍ മഴ പെയ്യിച്ച് അവരെ കൂട്ടത്തോടെ ഇല്ലാതാക്കുകയും ചെയ്ത്, ആനന്ദനൃത്തം ചവുട്ടുന്ന വെറ്ററന്‍സ്.

അവധിയില്‍ നാട്ടില്‍ വരുമ്പോള്‍ അവര്‍ അറിയുന്നു. തങ്ങള്‍ നിരാലംബരാണെന്ന്. കയറിക്കിടക്കാന്‍ ഒരു കൂരപോലും തങ്ങള്‍ക്കില്ലെന്ന്. കുടുംബം ച്ഛിന്നഭിന്നമായിപ്പോയിരിക്കുന്നുവെന്ന്. കടം കയറി മുടിഞ്ഞിരിക്കുന്നുവെന്ന്. പറയുന്നത് മിഡില്‍ ഈസ്റ്റ് ഓണ്‍ലൈന്‍

പട്ടാളക്കാരേ, ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു സഹതാപവും തോന്നുന്നില്ല. ഇത് നിങ്ങള്‍ അനുഭവിക്കുകതന്നെ വേണം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. സംഘടിക്കുക, ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക. . പുതിയ ഒരു അമേരിക്കയെ സൃഷ്ടിക്കുക. ജനാധിപത്യ മൂല്യങ്ങള്‍ക്കും, ലോകസമാധാനത്തിനും ആഗോളപാരസ്പര്യത്തിനും വിലകല്‍പ്പിക്കുന്ന ഒരു അമേരിക്കയെ.

ലോകത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന, ഒളിവിലും തെളിവിലുമുള്ള അട്ടിമറികളെയും അക്രമപരമ്പരകളെയും ദേശീയ അജണ്ടയായി പാസ്സാക്കി കൊണ്ടുനടക്കുന്ന ബുഷ്-ചെനി-റൈസ്-കോണ്‍ഗ്രസ്സ് പ്രഭൃതികളെ അധികാരത്തില്‍നിന്ന് ആട്ടിയോടിക്കുക. തെരുവിലിറക്കി വിചാരണചെയ്യുക.

ബ്രീട്ടീഷ് സൈനികര്‍ക്കും ഇത് ഒരു പാ‍ഠമായിരിക്കണം. ഇറാഖിലും ലോകത്തിന്റെ മറ്റിടങ്ങളിലും അമേരിക്ക നടത്തുന്ന നഗ്നമായ നരനായാട്ടില്‍ പങ്കെടുത്തതിന് നാളെ നിങ്ങളും സമാധാനം പറയേണ്ടിവരും. അവിടെ പൊലിഞ്ഞുപോയ ഓരോ ജീവിതവും നാളെ നിങ്ങളെ തിരിച്ചു വേട്ടയാടുന്ന ഒരു കാലം വരുകതന്നെ ചെയ്യും. സംശയം വേണ്ട. ബുഷിന്റെ പഴയ ആ വെപ്പാട്ടി, നിങ്ങളുടെ ആ ടോണി ബ്ലെയര്‍, അയാളെയും കാലം ചോദ്യം ചെയ്യും.

21 comments:

Rajeeve Chelanat said...

ഈ അമേരിക്കന്‍ സൈനികര്‍ക്കുവേണ്ടി നമ്മള്‍ കരയണോ, ചിരിക്കണോ?

Anonymous said...

കരഞ്ഞില്ലെങ്കിലും ചിരിക്കണമെന്നു തോന്നുന്നില്ല.

അഭയാര്‍ത്ഥി said...

വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമിരിക്കുന്ന നപുംസകങ്ങളുടെ വാക്ക് വിശ്വസിച്ച്.....

ബീഡിയുണ്ടോ സഖാവെ ഒരു തീപ്പട്ടിയെടുക്കാന്‍...

പാമരന്‍ said...

രാജീവ്‌ജീ,

ഞാനും അനോണിയോടു യോജിക്കുന്നു. പട്ടാളക്കാരന്‍ ഒരു ഉപകരണം മാത്രമാണ്‌. ജീവിക്കാന്‍ വേണ്ടിത്തന്നെയല്ലേ ഈ കുപ്പായമണിയുന്നത്‌? ഉത്തരവുകളെ അനുസരിക്കാതിരിക്കുന്നത്‌ വലിയ കുറ്റമല്ലേ യുഎസ്സ് ആര്‍മിയില്‍?

നൂറുകണക്കിനു പട്ടാളക്കാര്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച്‌ അമേരിക്കയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്‌. ഇവിടെ കാനഡയില്‍ അഭയം തേടിയിട്ടുണ്ട്‌ ഒത്തിരി പേര്‍. തിരിച്ചു ചെന്നാല്‍ അവരെ കാത്തിരിക്കുന്നത്‌ ജയിലറകളാണ്‌. മുഹമ്മദ്‌ അലിയേപ്പോലെ ജയില്‍ വരിക്കാന്‍ എത്ര പേരുണ്ടാവും? (വിയെറ്റ്നാം യുദ്ധകാലത്ത്‌ കാനഡ ഇങ്ങനെ പലായനം ചെയ്യുന്നവര്‍ക്ക്‌ അഭയം നല്‍കിയിരുന്നു. പക്ഷേ ഇത്തവണ ഗവര്‍മെണ്ടിനു താല്‍പ്പര്യമില്ലെന്നാണു കേള്‍വി).

പട്ടാളക്കാര്‍ ഭരണകൂട ഭീകരതയുടെ ഉപകരണങ്ങള്‍ മാത്രമെന്നാണു എന്‍റെ അഭിപ്രായം. എല്ലായിടത്തും അങ്ങനെത്തന്നെ. ക്രിമിനലുകള്‍ എല്ലായിടത്തുമെന്ന പോലെ അവര്‍ക്കിടയിലുമുണ്ടെന്നു മാത്രം.

Anonymous said...

പട്ടാളക്കാരേ, ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു സഹതാപവും തോന്നുന്നില്ല. ഇത് നിങ്ങള്‍ അനുഭവിക്കുകതന്നെ വേണം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. സംഘടിക്കുക, ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക. . പുതിയ ഒരു അമേരിക്കയെ സൃഷ്ടിക്കുക.

ഇതിന്റെ ബാക്കികൂടി കൊടുക്കാഞതെന്തെ?” ചൈനായിലും മറ്റും ഉള്ള കമ്മ്യൂണിസ്സത്തെ നെഞ്ചില്‍ പ്രതിഷ്ടിക്കുക.. വിപ്ലവം ജയിക്കട്ടെ”

Roby said...

പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് മൈക്കല്‍ മൂറിന്റെ ഒരു ഡോകുമെന്ററിയില്‍ കണ്ടതോര്‍ക്കുന്നു. മിലിട്ടറിയില്‍ ചേരുന്നവരില്‍ അധികവും ദരിദ്രരും അധികം വിദ്യാഭ്യാസമില്ലാത്തവരുമാണ്. യുദ്ധത്തെയോ സമാധാനത്തെയോകുറിച്ച് ചിന്തിക്കാനാകാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവര്‍. അവര്‍ക്ക് ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കിയാണ് റിക്രൂട്ട് ചെയ്യുന്നത്.

അനോണി പറഞ്ഞതു പോലെ, കരഞ്ഞില്ലെങ്കിലും ചിരിക്കണമെന്നു തോന്നുന്നില്ല.

Abe said...

Thankalude pala lekhanangalum vayikkarundu, chilava nallathennu thonniyirunnu, Marines okke avarodu order cheiyyunnathu anusarikkunnu. Athil entha kuzhappamennu manasilayilla.
Ithalpam tharam thazhnnu poyi ennu thonnunnu, leftism American enimity okke pazhkatha aya sthithikku, ee roshaprakadanathinu scopundennu thonnunnilla

Shaf said...

പട്ടാളക്കാര്‍ക്ക് ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പാടില്ലെ...?
അതവര്‍ ചെയ്യുന്നില്ലല്ലോ..?
മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല.(വിശുദ്ദ ഖുര്‍‌ആന്‍)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പട്ടാളക്കാരും മനുഷ്യരാണ്‌...മാഷേ.....
താങ്കള്‍ പറഞ്ഞതുപോലെ
അധിനിവേശത്തിണ്റ്റെ കൂട്ടികൊടുപ്പുകാര്‍ക്കെതിരെ
സംഘടിക്കുകയെന്നത്‌... അത്ര നിസ്സാര കാര്യമല്ല... പട്ടാളഅട്ടിമറികള്‍ക്ക്‌ പിന്നില്‍ ആജ്ഞാശക്തിയുള്ള ഒരു നേതാവ്‌എല്ലായിടത്തും ഉണ്ടായിട്ടുണ്ട്‌... നയിക്കാനാളില്ലാതെ ഓരോ സൈനികനും ചേര്‍ന്ന്‌ സംഘടിച്ച്‌ അട്ടിമറി നടത്താന്‍കഴിയുമെന്ന്‌ കരുതുന്നത്‌.. വെറുതെയാണ്‌.... അധിനിവേശം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം... അതെന്തിണ്റ്റെ പേരിലായാലും....
പക്ഷെ... ഇതിലെല്ലാം ഉപരിയായി ഒരു വലിയ ചോദ്യംബാക്കി കിടപ്പുണ്ട്‌.....
എന്തുകൊണ്ട്‌... അമേരിക്കയെപ്പോലുള്ള ഒരു സാമ്രാജത്വ വിധ്വംസക ശക്തിയ്ക്കെതിരെ പ്രതികരിക്കാന്‍ പോലും ലോകരാജ്യങ്ങള്‍ ഭയക്കുന്നുവെന്നത്‌... ?

ഭീഷണയിലൂടെയും യുദ്ധങ്ങളിലൂടെയും
ആവശ്യങ്ങളും അനാവശ്യങ്ങളും അമേരിക്ക നേടിയെടുക്കുമ്പോള്‍ലോകനേതാക്കളിലേറെപേരും..... പ്രതികരിക്കാന്‍ പോലും തയ്യാറാവുന്നില്ല....

ബാബുരാജ് ഭഗവതി said...

ഒരു പക്ഷേ നമ്മുടെ പട്ടാളക്കാരുടെതിനേക്കാള്‍ ജനാധിപത്യബോധം അവരില്‍ ചിലരെങ്കിലും പുലര്‍ത്തിയിരുന്നു എന്നു തോനുന്നു.
ഇന്ത്യയുടെ പീസ് കീപ്പിങ്ങ് ഫോഴ്സിനെ ഓര്‍മ്മയില്ലേ ..
ശ്രീലങ്കക്കാര്‍ തന്നെ പീസ് ‘കില്ലിങ്ങ്‘ ഫോഴ്സ് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.എന്നിട്ടും ഇന്ത്യന്‍ പട്ടാ‍ാളത്തില്‍ നിന്ന് ഒരു പ്രതിഷേധവുമുയര്‍ന്നില്ലെന്നാണെന്റെ ഓര്‍മ്മ.
പക്ഷേ അതേ സമയം അമേരിക്കന്‍ പട്ടാളക്കാര്‍ക്കിടയില്‍ തന്നെയുള്ള ജനാധിപത്യശക്തികളാണ് ഒരു പരിധിവരെയെങ്കിലും അടിച്ചമര്‍ത്തലുകളെ പുറത്തുകൊണ്ടുവന്നത്.
അമേരിക്കന്‍ പട്ടാളക്കാര്‍ക്കിടയില്‍ വിഷാദരോഗം കൂടിവരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
ഭാഗ്യം ഇന്ത്യന്‍ പട്ടാളത്തിന് ഈ വക പ്രശ്ന്ങ്ങളൊന്നുമുണ്ടായില്ല.
ഒന്നുമില്ലെങ്കിലും അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രധാന വിമര്‍ശകരായി രംഗത്തെത്തുന്നത് ഒന്നുകില്‍ പഴയ പട്ടാളക്കാരോ അവരുടെ കുടുംബാഗങ്ങളോ ആയിരുന്നു.വിയ്റ്റ്നാം യുദ്ധത്തിലും അതു സംഭവിച്ചിരുന്നു.
അമേരിക്കന്‍ സമൂഹത്തിന്റെ താരതമ്യേന ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഗുണമായിരിക്കാം.
അമേരിക്കന്‍ പട്ടാളക്കാരൊക്കെ ഈശോമിഴികയാണെന്നല്ല പറഞ്ഞുവരുന്നത്. ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ട്തുണ്ടെന്നായിരുന്നു

Rajeeve Chelanat said...

അനോണി മുതല്‍ ബാബുരാജ് വരെയുള്ളവര്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. വെറും ഉപകരണങ്ങള്‍ മാത്രമാണവര്‍.ബാബുരാജ് വളരെ കൃത്യമായി വിലയിരുത്തിയപോലെ, അമേരിക്കന്‍ പട്ടാളക്കാരുടെയിടയിലെ ജനാധിപത്യബോധം നമ്മുടെ സൈനികരില്‍പ്പോലും ഇതുവരെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുമില്ല. തങ്ങളുടെ പ്രവൃത്തിയില്‍ മനസ്സംഘര്‍ഷമനുഭവിക്കുന്നവരെക്കുറിച്ചും, സൈനികസേവനത്തിനു വിസമ്മതിക്കുകയോ, അതില്‍നിന്ന് ഒളിച്ചോടുകയോ ചെയ്യുന്നവരെക്കുറിച്ചുമുള്ള വാര്‍ത്തകളും, യുദ്ധത്തിന്റെ അന്യായത്തെക്കുറിച്ച് വിന്റര്‍ സോള്‍ജേഴ്സുപോലുള്ള വേദികളില്‍ പരസ്യമായി തുറന്നുപറയുന്നവരുമൊക്കെയുണ്ട്. അവര്‍ക്കെന്റെ ചുവന്ന സലാം.

യുദ്ധം മാത്രം അജണ്ടയാക്കിയ ഒരു സര്‍ക്കാരിനെ അവര്‍ ഒന്നടങ്കം ധിക്കരിക്കുകയും അട്ടിമറിക്കുകയും വേണമെന്നും, അവരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിനുപോലും ‍അമേരിക്കന്‍ സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നുമുള്ള ഒരു ക്രൂരമായ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഇന്ത്യന്‍ പട്ടാളക്കാരോട് ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്നതും ഏറെക്കുറെ ഇതുത്തന്നെയാണ്. പെട്രോള്‍ പമ്പുകളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നതും. (ഒരു മലയാളി ബ്ലോഗ്ഗര്‍ ഇവിടെയിരുന്ന് മലയാളത്തില്‍ എഴുതിയാലുടനെ സൈന്യങ്ങള്‍ അതൊക്കെ വാ‍യിച്ച് തെരുവിലിറങ്ങുമെന്നും, അട്ടിമറികള്‍ നടത്തുമെന്നും കരുതുവാന്‍ തക്ക മൌഢ്യമോ എന്നൊന്നും ചോദിക്കരുതേ. ഉറക്കെ പറയുന്ന ഒരു ആത്മഗതത്തിന്റെ, സ്വകാര്യത്തിന്റെ, പ്രാധാന്യം കൊടുത്താല്‍ മതി ഇത്തരം ഭ്രാന്തിന്).

abe, ലെഫ്റ്റിസവും അമേരിക്കന്‍ വിരോധവും എനിക്ക് പഴംകഥയൊന്നുമായിട്ടില്ല. അമേരിക്കയോട് ഒരു വിരോധവുമില്ലതാനും. അവിടുത്തെ ഭരണവര്‍ഗ്ഗങ്ങളോടും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രമീമാംസയോടുമാണ് എനിക്കുള്ള വിയോജിപ്പും, പ്രതിഷേധവും. അത് എന്നെസംബന്ധിച്ചിടത്തോളം പഴംകഥയല്ല, നിലനില്‍ക്കുന്ന വര്‍ത്തമാനമാണ്.

എനിക്കും ചിരിക്കാന്‍ കഴിയുന്നില്ലെന്ന് അറിയുക.

അഭിവാദ്യങ്ങളോടെ

അഭയാര്‍ത്ഥി said...

കാര്‍ഗിലില്‍ കാംചി വലിക്കൊപ്പം താഴോട്ട്‌ പതിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ നോക്കി അട്ടഹസിച്ച്‌ ചിരിച്ചിരുന്ന്തായി ഒരു പാക്ക്‌ പട്ടളക്കാരന്‍ ടൈംസിനോട്‌ പറഞ്ഞത്‌ അക്കാലത്ത്‌ വായിച്ചിരുന്നു.

കാശ്മീരിലും ആസാമിലും പണിയെടുക്കുന്ന( ഉദര പൂരണത്തിന്ന്‌) പട്ടാളക്കാരന്റെ ഗതികേട്‌ അമേരികന്‍ പട്ടാളക്കാരനുണ്ടോ?.

പട്ടാളം എവിടുത്തേതായലും മേര്‍സിനറിയാണ്‌.
ചില രാജ്യങ്ങളില്‍ നിര്‍ബന്ധ സൈനിക സേവനമുള്ളതൊഴിച്ചാല്‍.

അമേരിക്കന്‍ ആശയങ്ങളോട്‌ യോജിപ്പില്ലെങ്കിലും നിങ്ങളിപ്പറഞ്ഞ അമേരികന്‍ ഗതികേടില്ലെങ്കില്‍ ഇന്ത്യ എന്താകുമായിരുന്നു. കാശ്മീര്‍ ഇന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നിരിക്കുമൊ?.

മത തീവ്രവാദം അഷ്ട ദിക്കുകളീലും വ്യാപിക്കുമായിരുന്നില്ലെ.

രാജീവിന്റെ എഴുത്തിനോട്‌ അതിയായ ബഹുമാനമുണ്ടെങ്കിലും എന്തും ചെംകണ്ണാല്‍ കാണുന്നത്‌ കേരളത്തിന്റെ ഗതികേടിന്റെ മിനിയേച്വറെന്നെ പറയുന്നുള്ളു.

ഗുരുജി said...

നിരവധി അമേരിക്കന്‍ പട്ടാളക്കാരെ സ്വന്തം അറിവിലേക്കു ഇന്റര്‍വ്യൂ ചെയ്തിട്ടുള്ളവനാണ്‍ ഞാന്‍. അനുഭവങ്ങള്‍ എഴുതാന്‍ ഇപ്പോള്‍ എനിക്കു സ്വാതന്ത്ര്യമില്ല...എന്നാലും ഒന്നു പറയട്ടെ. അതില്‍ ഒരാള്‍ പറഞ്ഞതെന്താണെന്നറിയേണ്ടേ....സ്വന്തം നാട്ടില്‍ സുരക്ഷയില്ലാത്ത ഞാന്‍, അന്യ രാജ്യത്തില്‍ ജനാധിപത്യം സംസ്ഥാപിക്കാനെത്തിയിരിക്കുന്നു എന്നതാണ്‌ എന്നിലെ വിരോധാഭാസം. അതും നന്ദികെട്ടവര്‍ക്ക്‌. അവര്‍ ആവശ്യപ്പെടാത്ത ഒന്ന്‌ അവരെ നിര്‍ബന്ധിപ്പിച്ചു അടിച്ചേല്‍പ്പിക്കാന്‍ സ്വന്തം കുരുതിയിലേക്കു നയിക്കുന്ന അറവുമാടിനെപ്പോലെ ഇവിടെ എത്തപ്പെട്ടവനണു ഞാന്‍'
നല്ല ഒരു പട്ടിക്കുട്ടി ഒരു കുഞ്ഞിന്റെ കയ്യിലിരിക്കുന്നതു കണ്ട്‌ ആ കുഞ്ഞിന്റെ ചെകിടത്തടിച്ചോടിച്ച ശേഷം ആ പട്ടിക്കുട്ടിയെക്കൊണ്ട് സൈനികതാവളത്തിലേക്കു പോയ ഒരു സഹയോദ്ധാവിനെക്കുറിച്ചു അയാള്‍ പറഞ്ഞു...ഇറാക്കിലെ യുദ്ധത്തിന്റെ ഇമേജറി അതില്‍ നിന്നും വായിക്കാമെന്നും.,...ഇത്തരം സൈനികതാവളങ്ങളില്‍ നടക്കുന്ന ആത്മഹത്യയുടെ കണക്കുകള്‍ പുറംലോകമറിയാത്തതാണ്..കാരണങ്ങള്‍ രസാവഹവും...ഇവരില്‍ ഭൂരിഭാഗവും നിലവിലുള്ള സിസ്റ്റത്തോട് കടുത്ത അമര്‍ഷമുള്ളവരാണ്‌...കറുത്ത വര്‍ഗ്ഗക്കരും ലാറ്റിനോകളുമാണ്‌ മിഡില്‍ ഈസ്റ്റ്‌ ദൌത്യസേനയിലെ കൂടുതല്‍ അംഗങ്ങളുമെന്നത്‌ എന്താണാവോ?

Rajeeve Chelanat said...

പ്രിയപ്പെട്ട അഭയാര്‍ത്ഥി (എന്തൊരു ക്രൂരമായ വിളിയാണത്. ക്ഷമിക്കുക. പേരറിയാത്തതുകൊണ്ട് മറ്റു നിവൃത്തിയില്ല)

അമേരിക്കയുടെ മഹത്ത്വം അഥവാ പിന്‍‌ബലമുള്ളതുകൊണ്ട് കാശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നുവെന്നും, അമേരിക്കയെന്നൊന്നില്ലായിരുന്നുവെങ്കില്‍ മതതീവ്രവാദം അഷ്ടദിക്കുകളിലും വ്യാപിക്കുമായിരുന്നുവെന്നതും, ഏറ്റവും വലിയ ഫലിതമാണ്. വസ്തുതാപരമായിപോലും അത് ശരിയല്ല്ല. കാശ്മീരില്‍ തുടക്കം മുതലേ ഇന്ത്യ പുലര്‍ത്തിവരുന നിലപാടും സാമാന്യബോധത്തിനും മര്യാദക്കും എതിരാണ്. കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതില്‍ കാണിക്കുന്ന നിരുത്തരവാദപരമായ അലംഭാവവും അപലപിക്കപ്പെടേണ്ടതുണ്ട്.

ഗുരുജീ (അങ്ങിനെ വിളിക്കാനും ഒരു സുഖമില്ലായ്മ)
ഈ വിഷയത്തെക്കുറിച്ച്, മൈക്കിള്‍ മൂറിന്റെ സിനിമയിലും ധാരാളം വസ്തുതകള്‍ തുറന്നു പറയുന്നുണ്ട്.

അഭിവാദ്യങ്ങളോടെ

മലമൂട്ടില്‍ മത്തായി said...

പട്ടാളക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതുപോലെ തന്നെ അമേരികാക്കാരെ മുഴുവന്‍ അടച്ചക്ഷേപിച്ചിട്ടും കാര്യമില്ല. ഈ ലോകത്ത് എല്ലാ കാലത്തും അധിനിവേശങ്ങള്‍ നടന്നിരുന്നു, ഇനിയും അത് തുടരുകയും ചെയ്യും. ഇതേ ബ്ലോഗില്‍ തന്നെ ചൈനയുടെ ടിബെട്ട് അധിനിവേശത്തിനെ ന്യയികരിച്ചുകൊണ്ട് ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അപ്പോള്‍ ഇല്ലാതെ കണ്ണീര്‍, ഇപ്പോള്‍ എവിടെ നിന്നും വന്നു?

ഡാലി said...

ചിരിക്കണോ കരയണോ എന്ന വരി മാറ്റിയതു നന്നായി രാജീവ്. അങ്ങനെ ഒക്കെ ചിന്തിച്ചാല്‍ അമേരിക്കയില്‍ ഇരിക്കുന്ന മലയാളിയെ വരെ തള്ളിപറയേണ്ടി വരും. അമേരിക്കന്‍ ജനതയല്ല, അമേരിക്കന്‍സാമ്രാജ്യത്വ ഭീകരത ആണല്ലോ എതിര്‍ക്കപ്പെടേണ്ടതു്.

“(അമേരിക്കന്‍ പട്ടാളക്കാര്‍)ഒന്നടങ്കം ധിക്കരിക്കുകയും അട്ടിമറിക്കുകയും വേണമെന്നും, ..”

ഈ പറച്ചിലും ഇന്ത്യയില്‍ അഴിമതി കണ്ടു ഇന്ത്യയില്‍ പട്ടാള-പ്രസിഡന്റ് ഭരണം വേണമെന്നും, പഴയ ബ്രിട്ടീഷ് ഭരണമാണ് നന്നായിരുന്നത് എന്ന പറച്ചിലും തമ്മില്‍ വ്യത്യാസം കാണാന്‍ സാധിക്കുന്നില്ല. ഖേദിക്കുന്നു, രാജീവ്.

മൂര്‍ത്തി said...

പെട്ടെന്ന് തോന്നിയത് കുറിക്കുന്നു. ബാബുരാജിന്റെയും രാജീവിന്റെയും കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നിയത്.

അധിനിവേശം തുടങ്ങിയിട്ട് 5 വര്‍ഷത്തിലധികം ആയില്ലേ. പിന്നെ ലോക ജനതയുടെ അഭിപ്രായം എതിരാണെന്ന തിരിച്ചറിവ്. ഈ കാലയളവും തിരിച്ചറിവും ആയിരിക്കാം അമേരിക്കന്‍ സൈനികര്‍്‍ക്കിടയില്‍ തന്നെ എതിരഭിപ്രായം ഉണ്ടാകുന്നതിനും വിഷാദരോഗത്തിനുമൊക്കെ പിന്നില്‍. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകടനം ഒരു തരം ഹിറ്റ് ആന്‍ഡ് റണ്‍ അല്ലേ? വാര്‍ത്താവിനിമയം ഇത്ര പുരോഗമിക്കാത്തതുകൊണ്ട് തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ അധികം പുറത്തറിയുകയോ ജനാഭിപ്രായം വ്യാപകമായി എതിരാവുകയോ ചെയ്തിരുന്നുമില്ല.

പോസ്റ്റെഴുതിയ വികാരം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. പക്ഷെ സൈന്യം അട്ടിമറി നടത്തുമോ എന്നറിയില്ല. ‍ ജനത ചെയ്യുന്നതായിരിക്കും ആരോഗ്യകരവും മാതൃകാപരവും എന്നാണെന്റെ അഭിപ്രായം.

Rajeeve Chelanat said...

ഡാലി,

എന്റെ പോസ്റ്റിനുള്ള മറുപടികളിലും മറ്റിടങ്ങളിലുമൊക്കെ പല തവണ വ്യക്തമാക്കിയിട്ടൂള്ളതാണ് അമേരിക്കന്‍ ജനതയോടുള്ള എന്റെ വികാരത്തെ. അമേരിക്കയുടെ സാമ്രാജ്യത്വഭീകരതയെ മാത്രമാണ് ഞാന്‍ എതിര്‍ക്കുന്നതും.

“യുദ്ധം മാത്രം ......ക്രൂരമായ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു എന്റെ ലക്ഷ്യം“ എന്ന് ഇവിടെതന്നെ അത് വ്യക്തമാക്കുകയും ചെയ്തതാണ്.

ഇന്ത്യയില്‍ പട്ടാള-പ്രസിഡന്റ് ഭരണം വേണമെന്നും, പഴയ ബ്രിട്ടീഷ് ഭരണമാണ് നന്നായിരുന്നത് എന്നൊക്കെയുള്ള പറച്ചിലുമായി എന്റെ എഴുത്തിന് എങ്ങിനെ ഡാലിയെപ്പോലൊരാള്‍ സാമ്യം കാണുന്നുവെന്നും അത്ഭുതം.

മൂര്‍ത്തീ, ശരിയാണ്. ശ്രീലങ്കയില്‍ ഹിറ്റ് ആന്‍ഡ് റണ്‍ തന്നെയാണ് ഇന്ത്യ ചെയ്തത്. ഗാര്‍ഡ് ഓഫ് ഓണര്‍ സമയത്ത് രാജീവ് ഗാന്ധിക്ക് അതിനുള്ള പുരസ്കാരം കിട്ടുകയും ചെയ്തു. അട്ടിമറീ നടത്തുന്നത് ജനത ചെയ്യുന്നതുതന്നെയാകും ഉത്തമം.സംശയമില്ല. നിയമപരമായി ആയുധം കയ്യിലുള്ളവരെന്ന നിലക്ക് പട്ടാളക്കാര്‍ക്ക് അത് കൂ‍ടുതല്‍ എളുപ്പമാകുമെന്നു മാത്രം.:-)

അഭിവാദ്യങ്ങളോടെ

ഡാലി said...

ക്ഷമിക്കണം രാജീവ്, രാഷ്ട്രീയ കള്ളത്തരങ്ങളെ ആദ്യം തിരിച്ചറിയുകയും അവസാനം മാത്രം അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുകയും ചെയ്യുന്നൊരു ഗതിക്കെട്ട ജീവിതമാണ് ലോകത്തേത് പട്ടാളക്കാരന്റേയും. അത്തരത്തിലൊരു സമൂഹത്തിന്റെ ദുരന്തത്തെ സന്തോഷവര്‍ത്തമാനം എന്ന പേരില്‍ എഴുതുന്നതിനോട് യോജിക്കാനാവുന്നില്ല. ജീവിതത്തിന്റെ നീര്‍ണ്ണായകമായ കാലം പട്ടാള സേവനത്തിനൂ നിര്‍ബന്ധിതരാവുകയും, ജീവിതക്കാലം മുഴുക്കെ വര്‍ഷത്തിലൊരുതവണ അതു തുടരുകയും അതിനെതിരെ പ്രതിഷേധിക്കുകയും, ജയിലിലാവുകയും ചെയ്യുന്നൊരു രാജ്യത്തിലെ ജനതയെ കാണുമ്പോള് ‍പ്രത്യേകിച്ചും (മുന്നു രാജീവിനു തന്നെ എഴുതിയിട്ടുണ്ടു അതിനെ കുറിച്ച്).സാന്ദര്‍ഭികമായ ഒരു പരാമര്‍ശമായിരുന്നെങ്കില്‍ ഒന്നും തോന്നിലായിരുന്നു.ഇത് ഇത്തരത്തിലൊരു പോസ്റ്റ് ആകൂമ്പോള്‍ പ്രതിഷേധം അറിയിക്കാതിരിക്കാന്‍ വയ്യ.

ജനാതിപത്യരീതിയില്‍ വിശ്വസിക്കുന്ന്ന ആര്‍ക്കും പട്ടാള അട്ടിമറിയെ ന്യായീകരീക്കാനവില്ല.

മറ്റുപലരും ഇതേ രീതിയില്‍ ക്രൂ‍രമായി ഓര്‍മ്മപ്പെടുത്തുമ്പോ‍ള്‍ എതിര്‍ക്കാന്‍ പിന്നെന്തൂ ന്യായം?

സാഡിസം ഒരുപാട് അധികമായാല്‍..

qw_er_ty

Rajeeve Chelanat said...

ഡാലി,

എന്റെ നിലപാടില്‍ തെറ്റൊന്നും ഇല്ലെന്നുതന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. പക്ഷേ കൂടുതല്‍ മനുഷ്യത്വപരമായ ശരികളുള്ളത് താങ്കളുടെ നിലപാടുകളിലാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും, “രാഷ്ട്രീയ കള്ളത്തരങ്ങളെ ആദ്യം തിരിച്ചറിയുകയും അവസാനം മാത്രം അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുകയും ചെയ്യുന്നൊരു ഗതിക്കെട്ട ജീവിതമാണ് ലോകത്തേത് പട്ടാളക്കാരന്റേയും“ എന്ന നീരീക്ഷണം.

ഈ തിരുത്തലിന് നന്ദി.

അഭിവാദ്യങ്ങളോടെ