രാജ് ഒരു മലയാളിയാണ്. ബാംഗ്ളൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍, അവിടെ നല്ലൊരു വീട് കണ്ടെത്തി, ഭാര്യയും കുട്ടികളുമായി അയാള്‍ അങ്ങോട്ട് താമസം മാറ്റി. ആ വാടക വീട്ടിലേക്ക് താമസം മാറ്റിയതില്‍പ്പിന്നെയാണ് അയാളൊരു കാര്യം ശ്രദ്ധിച്ചത്. താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ എല്ലാ നാട്ടുകാരുമുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുനിന്നുമുള്ളവര്‍. മലയാളികള്‍, തമിഴന്‍മാര്‍, തെലുങ്കര്‍, മറാത്തികള്‍, വടക്കേയിന്ത്യക്കാര്‍ അങ്ങിനെയങ്ങിനെ. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീ തമിഴ്നാട്ടുകാരിയായിരുന്നു.
എല്ലാവരും ഒരുമിച്ച് വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത് അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ് സംസാരിച്ചിരുന്നത്.
ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ മാത്രമായിരുന്നു കന്നട സംസാരിച്ചിരുന്നത്. അവരുമായി യാത്രാക്കൂലിയുടെ കാര്യത്തില്‍ അയാള്‍ക്ക് നിരന്തരം ശണ്‌ഠ കൂടേണ്ടിയും വന്നിരുന്നു. അവരെയൊഴിച്ചാല്‍, കന്നട സംസാരിച്ചിരുന്ന മറ്റാളുകളെ അയാള്‍ക്ക് പരിചയമുണ്ടായിരുന്നില്ല. 'ജാസ്തി', 'സ്വല്‍പ്പ' തുടങ്ങിയ വാക്കുകള്‍ തന്നെ ധാരാളമായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി ഇടപെഴകാന്‍. ബാംഗ്ളൂരിനു ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് അയാള്‍ക്ക് ആകെയുണ്ടായിരുന്ന വിജ്ഞാനം അത്രമാത്രമായിരുന്നു. ആ കുറച്ചു വാക്കുകള്‍.
ഒരിക്കല്‍ ഈ ഡ്രൈവര്‍മാര്‍ ഏതോ പ്രാദേശിക കൊടിയും കയ്യിലേന്തി നടക്കുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു. ആ കൊടിയുടെ അര്‍ത്ഥം എന്താണെന്നോ, അതിന്റെ നിറമെന്താണെന്നോ, കൊടിയടയാളമെന്താണെന്നോ ഒന്നും അയാള്‍ ശ്രദ്ധിച്ചില്ല. അയാളെ സംബന്ധിച്ചിടത്തോളം, ഈ ഡ്രൈവര്‍മാരും, ചുരുങ്ങിയ കൂലിക്ക് ജോലി ചെയ്യുന്നവരും ഒരു മഹാശല്യം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് അവരുടെ ധര്‍ണ്ണയും ബന്ദുമൊക്കെ ഉണ്ടാകുമ്പോള്‍ ഗതാഗതം തടസ്സപ്പെടാറുണ്ടായിരുന്നു എന്നതായിരുന്നു അതിനുള്ള ഒരു പ്രധാന കാരണം.
പത്രം വായിക്കുമ്പോള്‍ പ്രാദേശിക വാര്‍ത്തകളൊക്കെ അയാള്‍ ഒഴിവാക്കും. ദേശീയവും അന്തര്‍ദ്ദേശീയവുമായ വാര്‍ത്തകള്‍ മാത്രം വായിക്കുകയായിരുന്നു പതിവ്. അയാളുടെ ജീവിതരീതിയില്‍ താന്‍ ജീവിക്കുന്ന നാട്ടിലെ ഉത്സവങ്ങളോ സംഭവങ്ങളോ ഒട്ടും സ്വാധീനം ചെലുത്തിയിരുന്നില്ല. ഒരു കോസ്മോപൊളിറ്റന്‍ നഗരത്തിലായിരുന്നു അയാള്‍ താമസിച്ചിരുന്നതെങ്കിലും അതില്‍ താന്‍ താമസിക്കുന്ന നാട് എന്ന ഘടകം ഉണ്ടായിരുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാലും അയാള്‍ക്ക് അത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചുറ്റുവട്ടത്തുള്ള കന്നടക്കാരെക്കുറിച്ചോ, അവരുടെ പ്രശ്നങ്ങളെക്കുറിച്ചോ, അവരുടെ ജീവിതരീതി, രാഷ്ട്രീയം എന്നിവയെക്കുറിച്ചോ യാതൊന്നും അറിയേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്. ഷോപ്പിംഗിനോ, സിനിമയ്ക്കോ, പോകുമ്പോഴോ ഒന്നും അവരുമായി ഇടപഴകേണ്ട ഒരാവശ്യവും വന്നില്ല.
ഒരിക്കല്‍ വീട്ടില്‍ ചില്ലറ പണികള്‍ ആവശ്യമായി വന്നപ്പോള്‍ അവരെ വിളിക്കേണ്ടിവന്നു. സമയത്തിനെത്തിയില്ലെന്നു മാത്രമല്ല മടിയന്‍മാരുമായിരുന്നു അവര്‍ എന്ന് അയാള്‍ കണ്ടെത്തി. പണി വൃത്തിയായി ചെയ്തതുമില്ല. പിന്നീട് അയാള്‍ തമിഴന്‍മാരായ പണിക്കാരെ വിളിച്ചു. അവര്‍ കൃത്യസമയത്തു വന്ന് ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. കന്നടക്കാരെക്കുറിച്ചുള്ള അയാളുടെ അഭിപ്രായം അതോടെ പിന്നെയും മോശമായി. ഈ കന്നടക്കാരെല്ലാവരും കഴിവു കുറഞ്ഞവരും, തൊഴിലിനോട് ഉത്തരവാദിത്ത്വമില്ലാത്തവരുമാണെന്ന് അയാള്‍ ഉറപ്പിച്ചു. ബാംഗ്ളൂരിന്റെ വളര്‍ച്ചക്ക് അവര്‍ ഒന്നും സംഭാവന ചെയ്യുന്നില്ലെന്ന് അയാള്‍ക്ക് ബോദ്ധ്യമായി.
അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ബാംഗ്ളൂരില്‍ ഒരു നല്ല വീട് അയാള്‍ സ്വന്തമാക്കി. ഒരിക്കല്‍ അയാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. എന്തോ ധര്‍ണ്ണയോ മറ്റോ. എവിടെനിന്നെന്നില്ലാതെ കുറേ കന്നടക്കാരെത്തി. ആകെ ബഹളമയം. സംസ്ഥാനത്തിന്റെ അതിര്‍ത്തിയെച്ചൊല്ലി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞു. വടക്കന്‍ കര്‍ണ്ണാടകത്തിലെ രണ്ടു ജില്ലകള്‍ മഹാരാഷ്ട്രയിലേക്ക് ചേര്‍ക്കപ്പെടാന്‍ പോകുന്നുവത്രെ. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല. ആ പ്രദേശത്തിന്റെ ചരിത്രം പഠിക്കാനൊന്നും അയാള്‍ ഒരിക്കലും മിനക്കെട്ടിരുന്നതുമില്ലല്ലോ.
തൊട്ടടുത്ത ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ ശക്തി വര്‍ദ്ധിച്ചു. ഇന്നലെ വരെ അണിയറയിലായിരുന്ന നാട്ടുകാരായ കന്നടക്കാര്‍ അയാളുടെ ജീവിതത്തിനെ ബാധിക്കാന്‍ തുടങ്ങി. അറിഞ്ഞിടത്തോളം ഈ നഗരവും, അതിലെ വ്യാപാരസമുച്ചയങ്ങളും, ഹോട്ടലുകളും ഒക്കെ അയാളുടേതുമാത്രമായിരുന്നു. അപ്പോള്‍പ്പിന്നെ ഇപ്പോള്‍ പൊട്ടിമുളച്ച ഈ ആളുകള്‍ ആരാണ്? അദ്ധ്വാനിച്ച്, തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി കരുപ്പിടിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ ഈ ചെറ്റകള്‍ പ്രത്യക്ഷപ്പെട്ട് ഒരു ആവശ്യവുമില്ലാതെ ഈ നഗരാന്തരീക്ഷത്തിനെ തകര്‍ക്കുകയാണ്. സാധാരണഗതിയില്‍ സ്വസ്ഥവും ഐശ്വര്യപൂര്‍ണ്ണവുമായ തന്റെ കോസ്മോപോളിറ്റന്‍ ജീവിതത്തിനെ എന്തിനാണിവര്‍ ഇല്ലാതാക്കുന്നത്? തനിക്കു പ്രിയപ്പെട്ട എല്ലാത്തിന്റെയും സ്വാസ്ഥ്യം എന്തിനാണിവര്‍ ഈ പ്രക്ഷോഭം കൊണ്ട് ഇല്ലായ്മ ചെയ്യുന്നത്?
ബന്ദുകളുടെ എണ്ണം കൂടിയപ്പോള്‍ ഈ പ്രാദേശിക രാഷ്ട്രീയം അയാള്‍ക്ക് മടുത്തു. ബാംഗ്ളൂരിനെ ഒരു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി ഒരു ജനഹിതപരിശോധനക്കുള്ള ആവശ്യം ഉയരുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ പ്രാദേശിക കുഴപ്പങ്ങളില്‍ നിന്ന് ബാംഗ്ളൂരിലെ കുടിയേറ്റക്കാര്‍ക്ക് രക്ഷപ്പെടണം. ഈ നാട്ടുകള്ളന്‍മാരുടെ ശല്യമില്ലാതെ, സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ജീവിക്കാന്‍ തങ്ങള്‍ക്കു സാധിക്കണം.
ബാംഗ്ളൂരിലെ കുടിയേറ്റക്കാരുടെ ആവശ്യം വളരെ വ്യക്തമായിരുന്നു. അതിന്റെ പിന്നില്‍ അണിനിരക്കാന്‍ രാജിന് എളുപ്പത്തില്‍ സാധിച്ചു. ഈ ബാംഗ്ളൂര്‍ നഗരം സൃഷ്ടിച്ചത് ഈ കുടിയേറ്റക്കാരാണ്. ഈ തമിഴന്‍മാരും, മലയാളികളും, തെലുങ്കരും, മറാത്തികളും, വടക്കേ ഇന്ത്യക്കാരും എല്ലാം ചേര്‍ന്ന്. അല്ലായിരുന്നെങ്കില്‍, വൃദ്ധന്‍മാരുടെയും അടുത്തൂണ്‍ പറ്റിയവരുടെയും നഗരമായി കഴിയേണ്ടിവരുമായിരുന്നു ഈ നഗരത്തിന്. ഈ കുടിയേറ്റക്കാര്‍ വന്നതില്‍പ്പിന്നെയല്ലേ ഈ കാണുന്ന സമൃദ്ധിയൊക്കെ ഉണ്ടായതും സിലിക്കോണ്‍ താഴ്‌വരയായി അറിയപ്പെട്ടതുമൊക്കെ? ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. എന്തിനാണ് ഈ പ്രാദേശികരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് എന്നാണ് കുടിയേറ്റക്കാര്‍ക്ക് ചോദിക്കാനുള്ളത്. ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോള്‍ ഐക്യ കര്‍ണ്ണാടകയുടെ ചിത്രമാണ് കണ്ടത്. ഇന്ന് അതില്‍ നിന്ന് രണ്ടു ജില്ലകള്‍ വേര്‍പെടുന്നു. അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. എന്തുകൊണ്ട് ഞങ്ങള്‍ക്കും ഈ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു കേന്ദ്രഭരണപ്രദേശമായി വേര്‍പെടുത്തി ഈ പ്രാദേശികരാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെട്ടുകൂടാ? ഈ ചട്ടമ്പികളും തെമ്മാടികളുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക് ഈ കന്നടക്കാരുടെ കൂടെ ഇവിടെത്തന്നെ കഴിയേണ്ടതിന്റെ ആവശ്യമെന്താണ്?
നാട്ടുകാരേക്കാള്‍ എണ്ണത്തില്‍ ഭൂരിപക്ഷമുള്ള കുടിയേറ്റക്കാര്‍ അങ്ങിനെ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമം ആരംഭിച്ചു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് മുസ്ളിമുകള്‍ താമസിക്കുന്ന ഒരു പ്രദേശമുണ്ടെന്ന് രാജ് കണ്ടെത്തി. ബാംഗ്ളൂരില്‍ താമസമാക്കിയതിനുശേഷം ഇന്നുവരെ അയാള്‍ ആ പ്രദേശത്തേക്ക് ഒരിക്കലും പോയിട്ടുണ്ടായിരുന്നില്ല. അവരെക്കുറിച്ച് അയാള്‍ തീര്‍ത്തും അജ്ഞനായിരുന്നു. മിക്ക കുടിയേറ്റക്കാരും ആ പ്രദേശത്തെ അവഗണിച്ചു. മതം കൊണ്ടോ ഭാഷ കൊണ്ടോ അവരുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്. കന്നട ഭാഷയിലെ മുസ്ളിം സ്വാധീനത്തെക്കുറിച്ച് എപ്പോഴും കര്‍ണ്ണാടകക്കാരെ ഈ കുടിയേറ്റക്കാര്‍ പരിഹസിക്കാറുമുണ്ടായിരുന്നു. നഗരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും വികസിതമായപ്പോള്‍, ഈ പ്രദേശം മാത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു. ആ ഭാഗത്ത് അധികവും ഉണ്ടായിരുന്നത് ചേരികളും ചെറ്റക്കുടിലുകളുമായിരുന്നു. നഗരത്തിലെ ഈ ഭാഗത്തിന്റെ ദുരിതം മനസ്സിലാക്കാന്‍ ഒരു കുടിയേറ്റക്കാരനും ഇന്നലെ വരെ ശ്രദ്ധിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന്, ഈ മുസ്ളിങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ടവരായി മാറി. നാട്ടുകാരായ കര്‍ണ്ണാടകക്കാരുമായി മുസ്ളിങ്ങള്‍ പണ്ടേ അത്ര സുഖത്തിലല്ല എന്ന് അവര്‍ മനസ്സിലാക്കി. കേന്ദ്രഭരണപ്രദേശമായി ബാംഗ്ളൂരിനെ മാറ്റിയെടുക്കാന്‍ ഈ മുസ്ളിങ്ങളുടെ പിന്തുണ വേണമെന്നതുകൊണ്ട് അവര്‍ക്കുനേരെ കുടിയേറ്റക്കാരുടെ സഹതാപം ഒഴുകാന്‍ തുടങ്ങി. അങ്ങിനെ, ഈ മുസ്ളിങ്ങളുടെ സഹായത്തോടെ, ജനഹിതപരിശോധനക്കുവേണ്ടിയുള്ള കുടിയേറ്റക്കാരുടെ ശബ്ദം ശക്തിപ്രാപിച്ചു. നാട്ടുകാരായ കന്നടക്കാരാകട്ടെ ഈ ജനഹിതപരിശോധനക്കെതിരെ അണിനിരക്കുകയും ചെയ്തു. എന്തായാലും ജനഹിതപരിശോധനയുമായി മുന്നോട്ടുതന്നെ പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. സൈന്യത്തെ ക്ഷണിക്കേണ്ടി വന്നു. ബാംഗ്ളൂരിലെ താമസക്കാര്‍ക്കുമാത്രമേ വോട്ടുചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് പ്രതീക്ഷിച്ചതുപോലെ കുടിയേറ്റക്കാര്‍ ജയിച്ചു. കര്‍ണ്ണാടകത്തിന്റെ ഉള്ളില്‍ ബാംഗ്ലൂര്‍ എന്ന കേന്ദ്രഭരണപ്രദേശം നിലവില്‍ വന്നു. പുതിയ കര്‍ണ്ണാടകത്തിന്റെ തലസ്ഥാനം മൈസൂരിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായി. വിധാന്‍ സൌധ് അടക്കമുള്ള മറ്റു കെട്ടിടങ്ങള്‍ പുതിയ കേന്ദ്രഭരണപ്രദേശത്തിന്റെ സിരാകേന്ദ്രങ്ങളായി മാറി.
ഈ പ്രവണതയുടെ ചുവടു പിടിച്ച് കൊല്‍ക്കൊത്തയിലെ ബീഹാറികളും ബംഗ്ളാദേശികളും അവരുടെ നഗരത്തില്‍ മറ്റൊരു ജനഹിതപരിശോധന ഒപ്പിച്ചു. അവിടെയും കുടിയേറ്റക്കാരാണ് വിജയിച്ചത്. പശ്ചിമബംഗാളില്‍ നിന്ന് കൊല്‍ക്കൊത്ത എന്ന കേന്ദ്രഭരണപ്രദേശം രൂപപ്പെട്ടുവന്നു. പശ്ചിമബംഗാളിന്റെ തലസ്ഥാനം ഖരഗ്‌പൂറിലേക്ക് മാറ്റി.
മുംബൈയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നു. പക്ഷേ അതിനെതിരെ പ്രാദേശിക മറാത്തകള്‍ സംഘടിച്ച് അന്യസംസ്ഥാനക്കരുടെ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. മുംബൈ ഒഴിഞ്ഞുപോകണമെന്ന് ഭീഷണി മുഴക്കാന്‍ തുടങ്ങി അവര്‍. അന്യസംസ്ഥാനത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നിര്‍ത്തിച്ചു. മറാത്തികളല്ലാത്തവര്‍ മുംബൈയിലേക്ക് വരുന്നത് നിരോധിച്ചു. മുംബൈ തെരുവുകളിലെ ലഹളകളൊതുക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യമായി.
ചെന്നൈയിലും സമാന സംഭവങ്ങള്‍ ഉണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തമിഴന്‍മാരല്ലാത്തവരെ ചവുട്ടി പുറത്താക്കി. ബാം എന്ന കേന്ദ്രഭരണപ്രദേശത്ത് കാര്യങ്ങള്‍ ചൂടുപിടിച്ചുതുടങ്ങിയിരുന്നു. ഒരു ദിവസം രാവിലെ രാജ് നോക്കുമ്പോള്‍ വീട്ടിലെ പൈപ്പുകള്‍ പണിമുടക്കിയിരുന്നു. ബാംഗ്ളൂരിനെ തങ്ങളില്‍നിന്ന് മുറിച്ചുമാറ്റിയ കുടിയേറ്റക്കാരുടെ പ്രവൃത്തിക്കെതിരെ രോഷാകുലരായ കര്‍ണ്ണാടക്കാരുടെ പണിയാണ് അതെന്ന് ടിവിയില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് നോക്കിയപ്പോള്‍ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുന്നു. ബാംഗ്ളൂരിനു പുറത്തെ വൈദ്യുതനിലയം ആരോ നശിപ്പിച്ചുവത്രെ. പിന്നീടുള്ള മൂന്നു ദിവസം ബാംഗ്ളൂര്‍ നഗരം പൂര്‍ണ്ണമായും അന്ധകാരത്തില്‍ കഴിഞ്ഞു.
പച്ചക്കറിയുടെ വരവും നിലച്ചു. ഒരു കിലോ തക്കാളിക്ക് വില 200 രൂപയായി. അടുത്തയാഴ്ച, ഓടകളിലെ വെള്ളം കെട്ടിടത്തിന്റെ അടിഭാഗത്ത് നിറയാന്‍ തുടങ്ങി. ബാംഗ്ളൂര്‍ നഗരത്തിന്റെ തെരുവുകളില്‍ ഓടവെള്ളം നിറയാന്‍ തുടങ്ങി. നഗരം പൂര്‍ണ്ണമായി സ്തംഭിച്ചു. തന്റെ നഗരത്തിന്റെ സിരാപടലങ്ങള്‍ ചുറ്റുവട്ടത്തുള്ള പ്രദേശവുമായി എങ്ങിനെയാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്ന് അന്നാദ്യമായി രാജ് മനസ്സിലാക്കി. നഗരത്തിന്റെ പുറം ലോകവുമായി താന്‍ തീര്‍ത്തും ബന്ധവിമുക്തനാണെന്നായിരുന്നു ഇന്നലെ വരെ അയാള്‍ വിശ്വസിച്ചിരുന്നത്.
നാല് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, ബാംഗ്ളൂരിലെ ഒരു പ്രമുഖ എം.എന്‍.സി ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടു. എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും സ്ഥിതി വഷളാവാന്‍ പോവുകയാണെന്ന് അവര്‍ക്ക് അവരുടെ എംബസ്സിയില്‍നിന്ന് വിവരം ലഭിച്ചുവത്രെ. മിക്കവാറും എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും, തദ്ദേശീയരേക്കാള്‍ അധികം കുടിയേറ്റക്കാരാണ് ഉള്ളത് എന്നതിനാല്‍, എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരെ ഇതേ രീതിയിലുള്ള തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന് അവര്‍ പ്രവചിച്ചു. ജനഹിതപരിശോധനയിലൂടെ ഒരു നഗരത്തെ അതിന്റെ പരിസരങ്ങളില്‍നിന്നും വേര്‍പെടുത്തുന്നതില്‍ മാതൃക കാണിച്ചത് ബാംഗ്ളൂരാണ്.
അതിനുശേഷം മറ്റു ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യ വിട്ടുപോകുന്നതായി അറിയിച്ചു. വിദേശനിക്ഷേപകര്‍ തങ്ങളുടെ പൈസ കൂട്ടത്തോടെ പിന്‍വലിച്ചു. സെന്‍സെക്സ് കുത്തനെ ഇടിഞ്ഞ് 2000-നു താഴെയായി. ചരിത്രത്തിലെ ഏറ്റവും വലിയ പതനം. കുറച്ചുമാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആഭ്യന്തര ഉത്‌പാദനം മൈനസ് രേഖപ്പെടുത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയാണ്. ഇനി അതിനെ ഇനി തടഞ്ഞുനിര്‍ത്താനവില്ല.
ബാംഗ്ളൂര്‍ നഗരത്തിനോട് വിട് പറഞ്ഞ്, കുടുംബസമേതം നാട്ടിലേക്ക് മടങ്ങിയ രാജ് ഇന്ന് കേരളത്തില്‍ ഒരു അദ്ധ്യാപകനായി ജോലിചെയ്യുന്നു. അങ്ങിനെയിരിക്കുമ്പോളൊരിക്കല്‍ ഒരു പുസ്തകം അയാളുടെ കണ്ണില്‍പ്പെട്ടു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച അഗസ്ത്യ സെന്‍ എന്നൊരാള്‍ എഴുതിയ പുസ്തകമായിരുന്നു അത്. നഗരങ്ങളുടെയും അവ സ്ഥിതി ചെയ്യുന്ന നാടുകളുടെയും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. അതിന്റെ രത്നച്ചുരുക്കം ഇതാണ്:
ഒരു നാടിന്റെ കിരീടത്തിലെ രത്നങ്ങളാണ് അതിന്റെ നഗരങ്ങള്‍. കുടിയേറ്റക്കാരെ സൌഹൃദത്തോടെ സ്വീകരിച്ച് നഗരങ്ങളെ കോസ്മോപൊളിറ്റന്‍ ആക്കുന്നതിനുവേണ്ടി നാടിന് പലതും ത്യജിക്കേണ്ടിവരുന്നു. പ്രകൃതിവിഭവങ്ങളും, വൈദ്യുതിയും, ജലവും തങ്ങളുടെ നഗരങ്ങള്‍ക്ക് നല്‍കി കുടിയേറ്റക്കാരെയും അവരുടെ നിക്ഷേപത്തെയും മാടിവിളിച്ച്, കുടിയേറ്റക്കാര്‍ക്കും, നിക്ഷേപകര്‍ക്കും തദ്ദേശീയര്‍ക്കും ഒരുപോലെ ജീവിതയോഗ്യമാക്കി മാറ്റുന്നു അത് നഗരത്തിനെ. നഗരത്തിന്റെ വളര്‍ച്ചയ്ക്ക് കുടിയേറ്റക്കാരും നിക്ഷേപവും എത്ര വലിയ സംഭാവന ചെയ്താലും, ആ നഗരങ്ങള്‍ ആ നാടിന്റെ അവിഭാജ്യമായ ഒരു ഭാഗം തന്നെയാണ്. കുടിയേറ്റക്കാര്‍, അവര്‍ എത്രതന്നെ ഭൂരിപക്ഷമായിരുന്നാല്‍പ്പോലും, നഗരങ്ങളെ ബലം പ്രയോഗിച്ച് അതിന്റെ നാടില്‍നിന്ന് മുറിച്ചുമാറ്റരുത്. നഗരങ്ങള്‍ക്ക് ഒറ്റക്കൊരു നിലനില്‍പ്പില്ല. അതിന്റെ നാടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു അത്. ഒരു നഗരത്തിനെ, കേന്ദ്രഭരണപ്രദേശം പോലെ ഒരു പ്രത്യേക യൂണിറ്റായി മാറ്റണമെങ്കില്‍, അതിന്റെ ചുറ്റുമുള്ള ആളുകളുടെ സ്വമനസ്സോടെയുള്ള സമ്മതം അത്യാവശ്യമാണ്. ലോകത്ത് എവിടെനോക്കിയാലും, നഗരം എന്നത്, അതുള്‍ക്കൊള്ളുന്ന നാടിന്റെ പ്രൌഢമായ അവകാശമാണ്. കാറ്റലോണിയയുടെ അഭിമാനമാണ് ബാഴ്സിലോണ. സാന്‍ഫ്രാന്‍സിസ്കോ കാലിഫോര്‍ണിയയുടെയും കൊല്‍ക്കൊത്ത പശ്ചിമബംഗാളിന്റെയും അഭിമാനമാണ്.
രാജിന് എല്ലാം മനസ്സിലാവുകയായിരുന്നു. നാട്ടുകാരുടെ പിന്തുണയില്ലാതെ ബാംഗ്ളൂര്‍ നഗരത്തിനെ കൈവശപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിച്ച താന്‍ എത്ര വലിയ വിഡ്ഢിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. നഗരങ്ങള്‍ കുടിയേറ്റക്കാരുടെ മാത്രമാണെന്നും, തദ്ദേശീയര്‍ക്ക് അതിന്റെ നിര്‍മ്മാണത്തില്‍ ഒരു പങ്കുമില്ലെന്നുമുള്ള മൂഢസങ്കല്‍പ്പത്തില്‍ നഗരങ്ങളെ അതാതിന്റെ സ്വന്തം നാടുകളില്‍നിന്ന് അടര്‍ത്തിയെടുക്കുന്നതിലെ വലിയ തെറ്റ് അയാള്‍ക്ക് ബോധ്യമായി. നഗരങ്ങള്‍ നാടിന്റെ അവിഭാജ്യഘടകമാണ്. തങ്ങള്‍ക്കു ചുറ്റുമുള്ള നാടിന്റെ രാഷ്ട്രീയത്തില്‍നിന്ന് വേറിട്ട് ഒറ്റക്കു നില്‍ക്കുന്ന ജീവിതം തങ്ങള്‍ക്കുണ്ടെന്ന് നഗരവാസികള്‍ ഒരിക്കലും ധരിക്കരുത്.
ഉള്‍ക്കാഴ്ചയുടെ വൈകല്യവും വരേണ്യതയുടെ അത്യാര്‍ത്തിയും മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വിനാശകരമായ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നത് എങ്ങിനെയാണെന്ന്, അന്ന് രാത്രി ആ പുസ്തകം വായിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ക്ക് ബോദ്ധ്യമായി.
പിന്‍കുറിപ്പ്:
സുജയുടെ ബ്ലോഗ്ഗിലെ, ‘തെലുങ്കാന-53, ബാംഗ്ലൂരിലെ രാജ്’ എന്ന ലേഖനത്തിന്റെ തര്‍ജ്ജമയാണിത്. ഭീതിപ്പെടുത്തുന്നതും, അതേ സമയം അതിവിദൂരമല്ലാത്ത ഒരു ഭാവിയില്‍ സംഭവിച്ചേക്കാവുന്നതുമായ ഒരു അവസ്ഥയെക്കുറിച്ചുള്ള (വി)ഭ്രമകല്‍പ്പനയാണെങ്കിലും, ഈ ലേഖനം സുപ്രധാനമായ ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഒരു നാടിന്റെ സ്വാഭാവിക പരിസരങ്ങളില്‍നിന്ന് ഊര്‍ജ്ജം കൊണ്ട് വളര്‍ന്നു വലുതാവുകയും പിന്നീട് ആ പരിസരങ്ങളെത്തന്നെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന, കോസ്മോപൊളിറ്റന്‍ എന്ന് ഞാനും നിങ്ങളുമൊക്കെ ഊറ്റം കൊള്ളുന്ന ആ നഗരവാസിയുടെ അപകടകരമായ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെയാണ് സുജയ് ഇവിടെ പൊളിച്ചടുക്കുന്നത്.
ആലോചിക്കുന്തോറും അമ്പരപ്പുളവാക്കുന്നതാണ് നാടും നഗരവും എന്ന ഈ വിചിത്രദ്വന്ദം. അതിന്റെ ഇന്നത്തെ സങ്കീര്‍ണ്ണമായ അവസ്ഥാവിശേഷങ്ങളെയാണ് ഹ്രസ്വവും സരളവുമായി സുജയ് ഇവിടെ പരാമര്‍ശമാക്കുന്നതെങ്കിലും, സുജയ് വിട്ടുപോയ ഘടകങ്ങള്‍ ധാരാളമുണ്ട്. അതൊന്നും ഈ ലേഖനത്തിലൂടെ സൂചിപ്പിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ലായിരുന്നിരിക്കാം. വായനകളെ പൂരിപ്പിക്കേണ്ട ചുമതല നമുക്കാണല്ലോ.
സുജയ് ഇവിടെ പരാമര്‍ശിച്ച അത്രതന്നെ ലളിതമല്ല കാര്യങ്ങള്‍. നഗരങ്ങളിലൂടെ സമൂഹത്തില്‍ സ്ഥാപിതമാകുന്ന അധികാരഘടനയും, അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും നമ്മള്‍ കാണാതെ പോകരുത്. നന്‍മകളാല്‍ സമൃദ്ധമായ നാട്ടുമ്പുറത്തെക്കുറിച്ചുള്ള പാടിപ്പതിഞ്ഞ ശീലുകള്‍ കാര്യമാക്കേണ്ടതില്ല. അതൊരു അടവാണ്. കാല്‍പ്പനികനന്മകളുടെ പേരു പറഞ്ഞ്, നഗരങ്ങളുടെ ചിലവില്‍, നാടിനെ ആജ്ഞാനുവര്‍ത്തികളാക്കുന്നതിനുള്ള മയക്കുവെടികളാണ് അവ. അത് ആവര്‍ത്തിക്കുന്നതിലൂടെ നാട് എന്ന മൂര്‍ത്തമായ ഒരു സാന്നിധ്യത്തെത്തന്നെയാണ് നമ്മള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. നന്‍മകളേക്കാള്‍ അധികമായി നാടിന് മറ്റൊന്നുണ്ട്. നന്മ്കളേക്കാള്‍ പ്രധാനവും അതാണ്. ജനങ്ങളുടെ അധികാരത്തിന്റെ തട്ടകം എന്ന കൈമോശം വന്ന സ്ഥാനമാണത്. അതിനെയാണ് നഗരങ്ങളിലേക്ക് നമ്മള്‍ നാടുകടത്തുന്നതും പുനസ്ഥാപിക്കുന്നതും.
നാടുകള്‍ നഗരങ്ങളെ വളയുന്നു എന്ന ആ സങ്കല്‍പ്പം എത്ര വശ്യമാണ്!