Wednesday, February 20, 2008

താതവാക്യം അഥവാ, പഞ്ചതന്ത്രം

മകനേ, നിനക്ക്‌ അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചു രാജ്യം. നല്ല വണ്ണം നോക്കിനടത്തണം കേട്ടോ. പണ്ടു നീ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ സന്തോഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നിനക്ക്‌ ഒരു വലിയ കളിപ്പാട്ടം വെച്ചുനീട്ടുമ്പോള്‍ നിന്റെ മുഖത്തുണ്ടാകാന്‍ പോകുന്ന അത്ഭുതവും സന്തോഷവും ആലോചിച്ചായിരുന്നു ഞാന്‍ അന്ന് സന്തോഷിച്ചിരുന്നത്‌. നീ അന്ന് ഊഹിച്ചിട്ടുപോലുമുണ്ടാകില്ല അല്ലേ, ഇത്ര വലിയ ഒരു സമ്മാനം ഒരിക്കല്‍ നിനക്ക്‌ കിട്ടുമെന്ന്? അതോ, നിനക്ക്‌ അറിയാമായിരുന്നോ, ഇത്‌ ഇങ്ങനെയൊക്കെയാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്? എന്തായാലും ഇന്ന് ആ ദിവസം സമാഗതമായിരിക്കുന്നു. ഞാന്‍ നിനക്ക്‌ ഒരു വലിയ കളിപ്പാട്ടം തരുന്നു. അതിനെ വേണ്ടുംവണ്ണം കാത്തുസൂക്ഷിക്കണം. നഷ്ടപ്പെടാതെ, നശിക്കാന്‍ ഇടവരുത്താതെ.

ഒരു രാജ്യം എന്നത്‌ ഒരു വലിയ കളിപ്പാട്ടമാണ്‌. നമ്മുടെ പൂര്‍വ്വികരില്‍നിന്ന് നമ്മള്‍ കൈപറ്റി, നമ്മുടെ പിന്‍ഗാമികളുടെ കൈയ്യില്‍ നമ്മള്‍ ഭദ്രമായി ഏല്‍പ്പിക്കുന്ന ഒരു കളിപ്പാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ്‌. പക്ഷേ ഈ സംരക്ഷണാവകാശം നമ്മള്‍ മറ്റൊരാള്‍ക്ക്‌ കൈമാറാന്‍ പാടുള്ളതല്ല. അവിടെയാണ്‌ നമ്മുടെ പ്രസക്തി. നമ്മുടെ രാജവംശത്തിന്റെ പ്രസക്തി. സംരക്ഷിക്കുന്നവനു മാത്രമേ കൈക്കൊള്ളാന്‍ അവകാശമുണ്ടായിരിക്കൂ.

അപ്പോള്‍ ഒരു പ്രധാനപ്പെട്ട ചോദ്യം വരുന്നു. എങ്ങിനെയാണ്‌ ഈ കളിപ്പാട്ടത്തെ നമ്മള്‍ സംരക്ഷിക്കുക? അത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ലതന്നെ. എന്തിനും ഏതിനും പൈസ വേണം. കമിഴ്‌ന്നു വീണാല്‍ കാപ്പണം എന്നു പറയും പണ്ടുള്ളവര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം നമ്മളത്‌ ഉണ്ടാക്കണം. എവിടെനിന്നാണ്‌ കിട്ടുക എന്നല്ലേ? അപ്പോഴാണ്‌ നമുക്ക്‌ ഒരു തമാശ കാണാനാവുക. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ധനം എന്ന ഈ വസ്തു, പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നില്ല കുമാരാ. അര്‍ത്ഥം ഉണ്ടാക്കുന്ന ഒരു അനര്‍ത്ഥം എന്നും ആലങ്കാരികമായി പറയാം. നമ്മള്‍ പറയുന്നതൊക്കെ ആലങ്കാരികമായി തോന്നണം ആളുകള്‍ക്ക്‌. നമ്മള്‍ തോന്നിപ്പിക്കുകയൊന്നും വേണ്ട. അവര്‍ക്ക്‌ തോന്നിക്കോളും. പറഞ്ഞുവന്നത്‌, ഈ ധനം എന്നത്‌, വളരെക്കുറച്ച്‌ ആളുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്‌. വലിയ വലിയ വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍, ഇവരുടെയൊക്കെ കയ്യിലാണ്‌ ഈ ധനം മുഴുവന്‍ കിടന്നു പുളക്കുന്നത്‌. അവരെ നമ്മള്‍ സംരക്ഷിക്കുക. അവര്‍ നമ്മെയും സംരക്ഷിക്കും. നമ്മളെ എന്നു പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ. നമ്മുടെ ഈ കൊച്ചു കളിപ്പാട്ടത്തെ.

പക്ഷേ ഇവിടെ മറ്റൊരു വലിയ അപകടമുണ്ട്‌. നമ്മള്‍ സംരക്ഷിക്കുന്ന ഇക്കൂട്ടരെ ഒരിക്കലും നമ്മള്‍ മുഷിപ്പിക്കരുത്‌. മുഷിപ്പിച്ചോ, അന്നു തീര്‍ന്നു നമ്മുടെ കാര്യം. നമ്മള്‍ അവരെ സംരക്ഷിക്കുന്നു എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവരാണ്‌ നമ്മെ സംരക്ഷിക്കുന്നത്‌. നമ്മളില്ലെങ്കിലും അവര്‍ എങ്ങിനെയെങ്കിലും പിഴച്ചുപോയ്ക്കോളും. നമ്മളല്ലെങ്കില്‍ മറ്റൊരുത്തനുണ്ടാകും അവരെ സംരക്ഷിക്കാന്‍. അതുകൊണ്ട്‌ അവരെ ഒരു കാരണവശാലും മുഷിപ്പിക്കരുത്‌ കുമാരാ.

ഇതൊന്നും ശരിക്കും ഞാനല്ല പറഞ്ഞുതരേണ്ടത്‌. മറ്റു രാജ്യങ്ങളിലൊക്കെ പണ്ടുകാലത്ത്‌, രാജഗുരു എന്നൊരു വര്‍ഗ്ഗമുണ്ടായിരുന്നു. രാജാവിനു മാത്രമല്ല, നിങ്ങളെപ്പോലുള്ള കുമാരന്‍മാര്‍ക്കും ഈ വക കാര്യങ്ങളൊക്കെ ചെറുപ്രായത്തില്‍തന്നെ പറഞ്ഞുകൊടുത്തിരുന്നത്‌ അവരായിരുന്നു. ആയോധനമുറകളുടെയും, രാജ്യഭരണത്തിന്റെ പ്രാഥമികപാഠങ്ങളുടെയും, ഓതിരവും കടകവും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ അവര്‍ പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു.

ഇങ്ങിനെ കിട്ടുന്ന പൈസയൊക്കെ എങ്ങിനെയാണ്‌ നമ്മള്‍ വിനിയോഗിക്കേണ്ടത്‌ എന്നിടത്താണ്‌ അടുത്ത പാഠം. ജനക്ഷേമകാര്യങ്ങള്‍ക്കാണ്‌ ഇതൊക്കെ ഉപയോഗിക്കേണ്ടത്‌. അവിടെയാണ്‌ നമ്മുടെ മിടുക്ക്‌. ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങള്‍ നമ്മള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിനോദവിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, അങ്ങിനെ പലതും. പക്ഷേ, ഇവയൊക്കെ ചിലവുള്ള കാര്യങ്ങളാണ്‌. ആരും വെറുതെ കൊടുക്കില്ല ഇതൊന്നും. അര്‍ഹതപ്പെട്ട കൈകളിലാണ്‌ ഇവയൊക്കെ ചെന്നുചേരുന്നതെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഒടുവില്‍ ജനവും ഉണ്ടാകില്ല. ക്ഷേമവും ഉണ്ടാകില്ല. പൈസയുടെ കാര്യമാണെങ്കിലോ, എളുപ്പത്തില്‍ തീര്‍ന്നുപോകുന്ന ഒരു ദ്രവ്യമാണ്‌ മകനേ അത്‌. ഉണ്ടാക്കാനാണ്‌ ബുദ്ധിമുട്ട്‌. ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും. അതുകൊണ്ട്‌, ജനക്ഷേമം എന്നതിന്റെ അര്‍ത്ഥം, ക്ഷേമത്തിന്‌ അതിനുള്ള വിലയിടുക എന്നതാണെന്നുവരുന്നു. ആ വില കൊടുക്കാന്‍ കഴിവില്ലാത്തവര്‍ ക്ഷേമം വേണമെന്നു വാശിപിടിക്കുന്നത്‌ ശരിയല്ല.

അപ്പോള്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ നിനക്ക്‌ ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. എങ്ങിനെയാണ്‌ ഒരു രാജ്യത്തിന്‌ ആവശ്യമായ പ്രധാന വിഭവം സ്വരൂപിക്കേണ്ടതെന്നും, എങ്ങിനെയാണ്‌ അത്‌ ഫലപ്രദമായി ഉപയോഗിക്കേണ്ടതെന്നും. ആലോചിച്ചുനോക്കിയാല്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ്‌ ഇതെല്ലാം. കാലക്രമത്തില്‍ ഇവയെല്ലാം നിനക്ക്‌ കൂടുതല്‍ വെളിവാവുകയും ചെയ്യും. സ്വന്തം ബുദ്ധിവൈഭവവും, ഭാവനയും കൊണ്ട്‌ നിനക്കതിനെ വിപുലപ്പെടുത്താനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്‌.

ഇനി ഒരു രാജ്യത്തിന്റെ നിലനില്‍പ്പ്‌ മറ്റു രാജ്യങ്ങളുമായുള്ള അതിന്റെ ബന്ധത്തെ ആശ്രയിച്ചുകൂടിയാണ്‌ നിലനില്‍ക്കുന്നത്‌. നമ്മളേക്കാള്‍ ശക്തിയുള്ളതും, ശക്തി കുറഞ്ഞതുമായ നിരവധി രാജ്യങ്ങളുണ്ട്‌ നമുക്ക്‌ ചുറ്റും. അവയില്‍ ശക്തിമാന്‍മാരുടെ നേരെ എപ്പോഴും നമ്മുടെ ഒരു കണ്ണുവേണം. അവരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കുന്നതിലാണ്‌ നമ്മുടെ മിടുക്ക്‌ കാണേണ്ടത്‌. അവരുമായി വേണ്ടാത്ത പൊല്ലാപ്പുകള്‍ക്കൊന്നും പോകരുത്‌. നമ്മുടെ കാര്യത്തിലൊക്കെ അവര്‍ കൈകടത്തിയെന്നും മറ്റും വരും. അതൊക്കെ നമ്മുടെ നല്ലതിനാണെന്നു കരുതി അവരെ അനുസരിച്ച്‌ കഴിയുക. ഇടക്കിടക്ക്‌ അവരെ സന്ദര്‍ശിക്കാനും, അവരെ യഥോചിതം ഇവിടേക്ക്‌ വിളിച്ചുവരുത്തി പ്രീതിപ്പെടുത്താനും സമയം കണ്ടെത്തണം. അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാ ഒത്താശയും ചെയ്തുകൊടുക്കാനും മനസ്സിരുത്തണം. അതുകൊണ്ട്‌ നമുക്ക്‌ നല്ലതേ വരൂ. അവരെക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നല്ലതു വരുന്നുണ്ടോ എന്നൊന്നും നമ്മളന്വേഷിക്കാന്‍ പോകേണ്ട. അവരായി അവരുടെ പാടായി. ശല്യക്കാരായ അയല്‍ക്കാരില്‍നിന്ന് രക്ഷകിട്ടാനും ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, അതുപകരിച്ചേക്കും. ഇതൊക്കെയാണെങ്കിലും നമ്മുടെ പരമാധികാരം കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും നമ്മളില്ല എന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നുകയും വേണം.

നമ്മുടെ രാജ്യത്തിന്റെ സ്ഥിരത. നാലമതായി ഇനി അതിനെക്കുറിച്ചാണ്‌ എനിക്ക്‌ പറയാനുള്ളത്‌. രാജ്യത്തിന്റെ സ്ഥിരത, രാജ്യത്തിന്റെ സംരക്ഷകരായ നമ്മുടെ സ്ഥിരതയുമായിട്ടാണ്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്‌. അതിനാല്‍, അതിനെ അഞ്ചാമത്തെ തന്ത്രവുമായി കൂട്ടിവായിക്കേണ്ടതുണ്ട്‌.

ഇന്ന് നമ്മുടെ കയ്യിലുള്ള അധികാരം എങ്ങിനെ എക്കാലവും നിലനിര്‍ത്താം എന്നതാണ്‌ ആ അഞ്ചാമത്തെ തന്ത്രം. എല്ലാ വഴികളും ആത്യന്തികമായി ഇതിലേക്കാണ്‌ നയിക്കുക. നമ്മെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്‌. ജനാധിപത്യം എന്നൊക്കെയുള്ള പല പേരിലും അത്‌ പൊതുവെ അറിയപ്പെടുന്നു. അതിന്റെ നടത്തിപ്പിനുള്ള സ്ഥാപനങ്ങളും നിരവധിയാണ്‌. അവരെയും എപ്പോഴും വരുതിയില്‍ നിര്‍ത്തുക. നല്ല കാര്യങ്ങള്‍ മാത്രം അവര്‍ കാണുകയും, കേള്‍ക്കുകയും, പറയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക. നിര്‍ദ്ദോഷങ്ങളായ വിമര്‍ശനങ്ങളാണെങ്കില്‍, അവയെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചാലും തരക്കേടൊന്നും വരാനില്ല. ഈ അഞ്ചാമത്തെ തന്ത്രമാണ്‌ പരമപ്രധാനമായത്‌. അതിലാണ്‌ നമ്മുടെ സ്ഥിരതയുടെ മൂലാധാരം. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. അതില്ലെങ്കിലോ, നീയും ഞാനും പിന്നെ ഇല്ല കുമാരാ. അതോര്‍ക്കുക.

പൂര്‍വ്വികരില്‍നിന്ന് എനിക്ക്‌ കിട്ടിയ ഈ ദാനം ഞാനിതാ ഇന്ന് നിനക്ക്‌ പകര്‍ന്ന് നല്‍കുന്നു. പുറത്ത്‌ മറ്റാരിലേക്കും കൈമാറിമറിയാതെ, നിന്റെ സന്തതിപരമ്പരകളിലൂടെ അത്‌ ഭദ്രമായി കാത്തുസൂക്ഷിക്കുക.

4 comments:

Rajeeve Chelanat said...

മകനേ, നിനക്ക് അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചുരാജ്യം. നല്ലവണ്ണം നോക്കിനടത്തണം കേട്ടോ.

prasanth kalathil said...

കറുത്ത ഫലിതം.

ഇതല്ലെ ഒരച്ഛന്‍ മകളോട് പറഞ്ഞത് ? ആ മകള്‍ തന്റെ മക്കള്‍ക്കും അവര്‍ അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒക്കെയായി...

നമ്മുടെ നാട്ടില്‍ അധികാരത്തിലിരുന്ന/ഇരിക്കുന്ന ഓരോ ആളും തന്റെ ഭാര്യയോടും ഭര്‍ത്താവിനോടും മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടും ജാരസന്തതികളോടും പറഞ്ഞുകൊണ്ടേയിരിക്കുന്നത് ?

നമ്മുടെ അയല്‍ക്കാരും, പിന്നെ ലോകം മുഴുവനും ഇപ്പൊ അതുതന്നെ ചേലാക്കി ചേലനാട്ടേ !
(ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ എന്നു പാലിയത്ത്)

ഒരു‍പക്ഷെ, ഫിഡല്‍ എന്ന ജ്യേഷ്ടന്‍ റൌള്‍ എന്ന അനിയനോടും ഇതു പറഞ്ഞിട്ടുണ്ടാവുമോ ?

ഭൂമിപുത്രി said...

“മകളോട്,ഭാര്യയോട്,മരുമക്കളോട്..ഇതായിപ്പോഴിനി
അനിഅയനോട്-
ലിസ്റ്റ്നീളുന്നു...”

ഞാനിതു വായിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍
മനസ്സിലുയര്‍ന്ന വാചകമാണിതു-
പ്രശാന്ത് അതാദ്യംവന്നെഴുതി,
ഒരുപക്ഷെ,ഇനിവരുന്നവരും ഇതുതന്നെയെഴുതാനാലോചിയ്ക്കും :)

Rajeeve Chelanat said...

പ്രശാന്ത്‌, ഭൂമിപുത്രി..വായനക്ക്‌ നന്ദി..