Saturday, February 2, 2008

ലൈല അന്‍‌‌വറിന്റെ ലോകം

ലൈല,

നിങ്ങളില്‍നിന്ന് ദൂരെ മാറി ഇവിടെയിരിക്കുമ്പോഴും എനിക്ക്‌ നിങ്ങളെ പേടിയാവുന്നു.

എന്തുകൊണ്ടാണത്‌?

നിങ്ങള്‍ ഒരു ഇറാഖി. ചെറുപ്പക്കാരി. മുറിവേറ്റ്‌ രക്തം വാര്‍ന്നുപോകുന്ന ഒരു രാജ്യത്തിന്റെ വേദനയാണ്‌ നിങ്ങള്‍ക്ക്‌ എഴുത്തും ജീവിതവും.

ഞാന്‍ ഒരു ഇന്ത്യക്കാരന്‍, മദ്ധ്യവയസ്ക്കന്‍. സ്വയം അടിച്ചേല്‍പ്പിച്ച പ്രവാസത്തിന്റെ ചാരുകസേരയിലിരുന്ന് 'വെടിവട്ടം' നടത്തുന്നവന്‍. ആ അനുഭവങ്ങളുടെ വ്യത്യാസം കൊണ്ടായിരിക്കുമോ എനിക്ക്‌ നിങ്ങളെ പേടി?

നാലാളുകേള്‍ക്കേ നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാനാവില്ല. എന്റെ ഒരു ജീവിതസുഖത്തെയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നിട്ടും, എനിക്കു നിങ്ങളെ പേടിയാണ്‌. കാരണം, നിങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നു. അതിനെ വാക്കുകളിലേക്ക്‌ തുറന്നുവിടുന്നു. മറിച്ച്‌, ഞാനതൊക്കെ അഭിനയിക്കുകയും ചെയ്യുന്നു.

പക്ഷേ ഒരു വ്യത്യാസമുണ്ട്‌. അരങ്ങിലിരിക്കുന്നവര്‍ അഭിനയിക്കുകയും, കാഴ്ചക്കാരന്‍ അനുഭവിക്കുകയുമല്ലേ സാധാരണയായി കാണുന്നത്? ഇവിടെ, നിങ്ങള്‍ അരങ്ങിലിരുന്നുകൊണ്ട്‌ അനുഭവിക്കുന്നു. നിസ്സംഗമായ ഒരു സദസ്സിന്റെ ഘനീഭവിച്ച ഇരുട്ടില്‍ ഇരുന്നുകൊണ്ട്‌ ഞാന്‍ അഭിനയിക്കുന്നു. നിങ്ങള്‍ കഥാപാത്രമാണ്‌. അല്ല. കഥതന്നെയാണ്‌ നിങ്ങള്‍. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍.

കുറച്ചുകാലം കഴിഞ്ഞാല്‍, നമ്മളേക്കാള്‍ സംവദനശീലമുള്ള ഒരു തലമുറ നമ്മെ സ്ഥാനഭ്രഷ്ടരാക്കും. തീര്‍ച്ച. അവര്‍ എന്നോട്‌ ചോദിക്കുകയും ചെയ്യും. എന്തേ ആ സ്ത്രീയെയും, അവരുടെ നാടിനെയും നിങ്ങള്‍ ദയാശൂന്യമായ ചരിത്രത്തിനു വിട്ടുകൊടുത്തതെന്ന്.അങ്ങിനെയൊക്കെ സംഭവിച്ചുപോയി എന്നൊരു കുമ്പസാരമല്ലാതെ, മറ്റൊന്നും എനിക്കവരോട്‌ പറയാനുണ്ടാവില്ലെന്ന് എനിക്ക്‌ നിശ്ചയമുണ്ട്‌ ലയ്‌ലാ.

നിങ്ങളോടും ഒരു പക്ഷേ അവര്‍ ചോദിച്ചേക്കും, എങ്ങിനെയാണ്‌ നിങ്ങളെ വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍തക്കവണ്ണം ഞങ്ങള്‍ ഇത്ര ഷണ്ഡന്‍മാരായതെന്ന്. പക്ഷേ എനിക്കുറപ്പുണ്ട്‌. നിങ്ങള്‍ നിങ്ങളുടെ സ്വതസിദ്ധമായ ആ ശൈലിയില്‍ മറുപടി പറഞ്ഞേക്കും: "പോയി ചാവാന്‍ പറ ആ നായിന്റെ മക്കളോട്‌. നമുക്ക്‌ നമ്മളേയുള്ളു. അതു മതി", എന്ന്.

ആത്മനിന്ദയെ ഇല്ലാതാക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് ഇനി ഇവിടം സന്ദര്‍ശിക്കുന്ന ഏതെങ്കിലും വ്യക്തിത്വവികസന സുവിശേഷകനോട്‌ ചോദിച്ചുനോക്കണം. പ്രവേശനഫീസ്‌ അല്‍പ്പം കൂടിയാലും കുഴപ്പമില്ല. മനസ്സമാധാനം കിട്ടുമല്ലോ.


രാജീവ്‌ ചേലനാട്ട്‌


ലയ്‌ലാ അന്‍വറിലേക്കുള്ള രണ്ടു ജാലകങ്ങള്‍ താഴെ.


ഇവിടെ, മറ്റൊരു ലിങ്ക് ഇവിടെ

6 comments:

Rajeeve Chelanat said...

ലൈല അന്‍‌വറിന്റെ ലോകം

കുറുമാന്‍ said...

രാജീവ്ജി ലൈലാ‍ അന്‍വറിനെ പരിചയപെടുത്തിയതിന് നന്ദി.

Shaf said...

പരിചയപെടുത്തിയതിന് നന്ദി.

വിശാഖ് ശങ്കര്‍ said...

രാജീവ്,
നിങ്ങള്‍ തന്ന ലിങ്കിലൂടെ അന്ന് ലൈലയുടെ ലോകത്തെത്തിയപ്പോള്‍ എനിക്ക് തോന്നിയതും ഇതു തന്നെ..,ആത്മനിന്ദ.
രണ്ടുമൂന്നു ചങ്ങാതിമാര്‍ക്ക് ആ ലിങ്ക് കൊടുത്തു.അവന്മാരും അനുഭവിക്കട്ടേ..

siva // ശിവ said...

ഇപ്പോള്‍ തീരെ സമയമില്ല...പിന്നീടൊരിക്കല്‍ ആ ലിങ്കുകളില്‍ പോയിട്ട്‌ അഭിപ്രായം പറയാം..

ഭൂമിപുത്രി said...

വെറുതേ കണ്ണും മനസ്സും തുറന്നുവെച്ചൊന്നു ചുറ്റുംനോക്കിയാല്‍ മതി.. ആത്മനിന്ദയില്‍നിന്നു
രക്ഷപ്പെടാനായി ഉടനെ ടിവിഓണ്‍ചെയ്തു ഏതെങ്കിലുമൊരു ‘റിയാലിറ്റീ’ഷോയിലേയ്ക്ക് സ്വയം നഷ്ട്ട്ടപ്പെടുത്തും.