ഞാന്‍ ഗുമസ്തനാണ്
ഞാന്‍ യന്ത്രങ്ങള്‍ നേരെയാക്കുന്നവനാണ്
അവ ചലിപ്പിക്കുന്നവനാണ്
വണ്ടി ഓടിക്കുന്നവനാന്
അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ
അവര്‍ പറഞ്ഞു.
അതു മാത്രം ചെയ്താല്‍ മതി
അവര്‍ പറഞ്ഞു.
മുകളിലുള്ള കാര്യങ്ങള്‍ നീയറിയേണ്ട
ഞങ്ങള്‍ക്കു വേണ്ടി നിന്റെ തല പുണ്ണാക്കണ്ട
പോ, പോയിക്കൊണ്ടേയിരിക്ക്, പോ....
വലിയ ഏമാന്‍മാര്‍
മിടുക്കന്മാര്‍
ഭാവിയുള്ളവര്‍
അവര്‍ കരുതി
ഒന്നും പേടിക്കാനില്ലെന്ന്
പരിഭ്രമിക്കാനൊന്നുമില്ലെന്ന്
എല്ലാം ഭദ്രമായി പോകുന്നു
നമ്മുടെ ഗുമസ്തന്‍ എത്ര അദ്ധ്വാനിയാണ്
ശുദ്ധനായ ഒരു യന്ത്രത്തൊഴിലാളി,
കുറിയവന്‍,
ചെറിയവരുടെ ചെവികള്‍ക്ക് ഒന്നും കേള്‍ക്കാനാവില്ല
അവരുടെ കണ്ണുകള്‍ക്ക് കാണാനും
തലയുള്ളത് നമുക്കാണ്
അവര്‍ക്കല്ല.
സ്വന്തം തലയുള്ള ചെറിയവന്‍ തന്നോടുതന്നെ പറഞ്ഞു.
മറുപടി പറ അവരോട്
ആരാണ് തലപ്പത്ത്?
വണ്ടി എവിടേക്കാണ് കൂപ്പുകുത്തുന്നതെന്ന് അറിയുന്നത് ആര്‍ക്കാണ്?
അവറ്റകളുടെ തല എവിടെയാണ്?
എനിക്കും ഇല്ലേ ഒന്ന്?
എങ്ങിനെയാണ് ഈ വലിയ യന്ത്രത്തെ മുഴുവനായും കാണാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്?
എന്തുകൊണ്ടാണ് പടുകുഴികള്‍ ഞാന്‍ കാണുന്നത്?
ഈ വണ്ടിക്കൊരു സാരഥിയുണ്ടോ?
ഗുമസ്തന്‍, വണ്ടിയോടിക്കുന്നവന്‍, യന്ത്രഭാഗങ്ങള്‍ നേരെയാക്കുന്നവന്‍,
അല്‍പ്പം മാറിനിന്ന് അവന്‍ നോക്കി
എന്തുതരം ജീവിയാണിത്?
വിശ്വസിക്കാന്‍ ആവുന്നില്ല
അതെ, അത് അവിടെയുണ്ട്
ഞാന്‍ കാണുന്നുണ്ട് ആ ഭീകരജീവിയെ
ഞാന്‍ ഈ യന്ത്രത്തിന്റെ ഭാഗമാണ്
അനുമതിപത്രം ഞാന്‍ സ്വയം എഴുതിക്കൊടുത്തതാണല്ലോ!
എന്നിട്ട്, ഇപ്പോഴാണോ ഞാനത് വായിക്കുന്നത്?
ഈ ചെറിയ യന്ത്രഭാഗം
ഒരു സര്‍വ്വനാശത്തിന്റെ ഭാഗമാണെന്നോ?
ഞാനാണല്ലോ ആ ചെറിയ യന്ത്രഭാഗം
എങ്ങിനെയാണ് അത് ഇത്രനാളും എന്റെ കണ്ണില്‍പെടാതെ പോയത്?
എങ്ങിനെയാണ് മറ്റുള്ളവരും അതുതന്നെ ചെയ്യുന്നത്?
ഇനിയും ആര്‍ക്കൊക്കെ ഇതറിയാം?
ആരാണ് കണ്ടിട്ടുള്ളത്?
ആരാണ് കേട്ടിട്ടുള്ളത്?
രാജാവ് നഗ്നനാണ്
ഞാന്‍ അവനെ കാണുന്നുണ്ട്
എന്തുകൊണ്ട് ഞാന്‍?
ഇതെനിക്കുള്ളതല്ല
വലിയൊരു ജന്തുവാണ് ഇത്
ഉണര്‍ന്നെണീക്കൂ
ഒച്ചവെക്കൂ
ആളുകളോട് പറയൂ
നിനക്ക് കഴിയും
എനിക്കോ?
ഈ ചെറിയ ഭാഗത്തിനോ?
ഈ ഗുമസ്തനോ?
ഈ യന്ത്രത്തൊഴിലാളിക്കോ?
അതെ, നിനക്കു തന്നെ
നീ ജനത്തിന്റെ ആളാണ്
അവരുടെ കണ്ണാണ്
അവരുടെ ചാരന്‍, വ്യാപാരി
അവരോട് പറ എന്താണ് നീ കണ്ടതെന്ന്
അകത്തുള്ള ബുദ്ധികേന്ദ്രങ്ങള്‍ എന്തൊക്കെയാണ്
നമ്മില്‍നിന്ന് മറച്ചുപിടിച്ചിരിക്കുന്നതെന്ന്
അവരോട് പറ
നീയില്ലെങ്കില്‍ പിന്നെ
ഒരേയൊരു വഴി മാത്രമേ ബാക്കിയുള്ളു
സര്‍വ്വനാശം
എനിക്ക് മറ്റു വഴിയില്ല
ചെറിയവനായിരിക്കാം ഞാന്‍
അനേകരില്‍ ഒരുവന്‍
ഒരു വെറും പൗരന്‍
എങ്കിലും ഞാനത് ചെയ്യുകതന്നെ ചെയ്യും
എന്റെ മനസ്സാക്ഷിയില്‍നിന്ന് ഒളിക്കാന്‍ എനിക്ക് മറ്റിടമില്ല
ചെറിയൊരു ലോകമാണ് ഇത്
വലിയവര്‍ക്ക് ഈ ഇടം മതിയാകില്ല
നിന്റെ ദൗത്യം ഞാന്‍ ഏറ്റെടുക്കുന്നു
എന്നില്‍നിന്ന് അതെടുത്തുകൊള്ളുക
വരൂ, കാണൂ
എന്റെ ഭാരം ഒന്നയയട്ടെ
ഈ വണ്ടി നിര്‍ത്തൂ
വൈകരുത്,
അടുത്ത താവളം സര്‍വ്വനാശത്തിന്റേതാണ്
ഓര്‍ത്തോളൂ
മറ്റൊരു പുസ്തകം, മറ്റൊരു യന്ത്രം
അതൊരിക്കലും ഉണ്ടാകില്ല
പരിഭാഷകക്കുറിപ്പ്
ആഷ്കിലോണ്‍ ജയിലില്‍ വെച്ച്, വാന്നുനു (Mordechai Vanunu, മൊറോക്കോവില്‍ ജനിച്ച ജൂതവംശജന്‍)എഴുതിയ ഒരു കുറിപ്പ്. കവിതയെന്നും വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തു എന്ന കുറ്റത്തിന് 1986-ല്‍ ജയിലിലടക്കപ്പെട്ട വാന്നുനു 18 വര്‍ഷം കഴിഞ്ഞ്, 2004-ലാണ് പുറത്തുവരുന്നത്. ഈ പതിനെട്ടു വര്‍ഷത്തില്‍, പതിനൊന്ന് കൊല്ലക്കാലവും അദ്ദേഹം ഏകാന്തതടവിലായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജയില്‍മോചിതനായത്. വീണ്ടും നിരവധി തവണ പലപ്പോഴായി ജയില്‍ശിക്ഷ അനുഭവിച്ചു. ഇപ്പോഴും പല കേസിലും പ്രതിയായി, രാജ്യത്തിന് അനഭിമതനായി, എന്നാല്‍ പുറത്തേക്ക് പോകുന്നതില്‍നിന്നും വിലക്കപ്പെട്ട് കിഴക്കന്‍ ജറുസലേമില്‍ കഴിയുന്നു. ആണവായുധങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തുകൊണ്ട് വാന്നുനു ഇപ്പോഴും (പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്) രംഗത്തുണ്ട്. വാന്നുന്നുവിന്റെ ഇ-മെയില്‍ വിലാസം vanunuvmjc@ hotmail.com
Subscribe to:
Post Comments (Atom)
3 comments:
ഞാന്‍ നിങ്ങളുടെ ചാരന്‍ (വാന്നുനുവിന്റെ കവിതയുടെ പരിഭാഷ)
കവിയെക്കുറിച്ചുവായിയ്ക്കുന്നതിനു മുന്‍പാണ്‍
കവിത വായിച്ചതു-വരികളിലെ തീവ്രത അസ്വസ്ഥതയുണ്ടക്കുകയും ചെയ്തു.
ഈ കവിതയ്ക്ക് നന്ദി രാജീവ്.
പതിവുപോലെ ഉഗ്രനായി പരിഭാഷ.
വാന്നുനുവിനെക്കുറിച്ചു കേട്ടിരുന്നു.. ഇങ്ങനെ മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
Post a Comment