Wednesday, February 13, 2008

ഗുജറാത്തിലെ കളിയാക്കിപക്ഷികള്‍

ജാവേദ്‌ നഖ്‌വി

മറ്റു പക്ഷികളുടെ പാട്ടിനെ, ഉച്ചത്തില്‍, നിര്‍ത്താതെ, അനുകരിക്കാന്‍ വിദഗ്ദ്ധരാണ്‌ കളിയാക്കിപ്പക്ഷികള്‍(1). സഹജമായ ആനന്ദാനുഭവത്തിന്റെയും,(ചിലപ്പോള്‍) ആലോചനയില്ലായ്മയുടെയും ബിംബങ്ങള്‍ എന്ന മട്ടിലും ഈ പക്ഷികളെ സൂചിപ്പിക്കാറുണ്ട്.

വംശീയമായി ചേരിതിരിഞ്ഞ അലബാമയില്‍, ഒരു വ്യാജ ബലാത്സംഗകേസ്സില്‍ കുറ്റാരോപിതനായി, വെള്ളക്കാര്‍ മാത്രം ഉള്‍പ്പെടുന്ന കോടതിയുടെ കൈയ്യില്‍നിന്ന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനെ സൂചിപ്പിക്കാന്‍ ഹാര്‍പ്പര്‍ ലീ ഈ കളിയാക്കിപ്പക്ഷിയുടെ ബിംബം തന്റെ പ്രസിദ്ധമായ നോവലില്‍* ഉപയോഗിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ എന്ന ഭാഗ്യംകെട്ട സംസ്ഥാനത്തിലും ഇത്തരത്തിലുള്ള കളിയാക്കിപ്പക്ഷികള്‍ നിരവധിയാണ്‌.

കൃഷ്ണനെയും രാധയെയും, ബുദ്ധനെയും ഭക്തമീരയെയും തങ്ങളുടെ പാട്ടുകളില്‍ ആവാഹിച്ച്‌ റസൂലാന്‍ ബായിയും, ഉസ്താദ്‌ ഫയാസ്‌ ഖാനും, വാലി ദഖനിയും, ഇഹ്സാന്‍ ജാഫ്‌രിയും ജീവിച്ചിരുന്നത്‌, ഈ ഗുജറാത്തിലായിരുന്നു. തന്റെ കച്ചേരിക്കൊടുവില്‍ ഹാര്‍മ്മോണിയത്തില്‍ കെട്ടിപ്പിടിച്ച്‌, സ്തബ്ധരായ കാണികള്‍ക്കുമുന്നില്‍ ബീഗം അക്തര്‍ മരിച്ചുവീണതും മറ്റെവിടെയുമായിരുന്നില്ല.

സംഗീതത്തെയും കലയെയും വളര്‍ത്തി പുഷ്ക്കലമാക്കിയ ഇന്ത്യയിലെ പല രാജകീയദര്‍ബാറുകളില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ബറോഡയിലെ (ഇന്നത്തെ വഡോദര) രാജവംശവും. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഏറ്റവും മികച്ചതിനെല്ലാം അവരും ആതിഥ്യമരുളി. പഞ്ചാബില്‍നിന്നും ഇവിടെയെത്തിയതില്‍പിന്നെയാണ്‌ ഉസ്താദ്‌ കരിം ഖാന്‍ കിരാന ഖരാനക്ക്‌ രൂപം കൊടുത്തത്‌. ബറോഡയിലെ ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത്‌ മിരാജില്‍ സ്ഥിരതാമസമാക്കിയ കരിം ഖാന്റെ ശിഷ്യരായിരുന്നു, പിന്നീട്‌ പുകള്‍പെറ്റ ഹീരാബായി ബറോഡേക്കറും, സരസ്വതി റാനയും, സുരേഷ്‌ ബാബു മനെയുമൊക്കെ.

ആര്‍ക്കുവേണ്ടിയാണോ തങ്ങള്‍ പാടിയത്‌, അതേ ആളുകളാല്‍ അപമാനിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ഗുജറാത്തിലെ എണ്ണമറ്റ കളിയാക്കിപ്പക്ഷികളില്‍ നാലുപേര്‍ക്ക്‌ ഞാന്‍ എന്റെ ഈ ലേഖനം സമര്‍പ്പിക്കുന്നു. ഇതുപോലെ മറ്റൊരു ബഡ്‌ജറ്റിന്റെ കാലത്തായിരുന്നു, 2002 ഫെബ്രുവരി 28-ന്‌, സര്‍ക്കാരിന്റെ ഒത്താശയോടെ നിസ്സഹായരായ സ്ത്രീകളെ സംസ്ഥാനത്തുടനീളം മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്തത്‌.

ഗോധ്രയില്‍ കരസേവകരെ കൊന്നതിന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു ഗുജറാത്തിലെ വംശഹത്യ എന്ന മട്ടിലാണ്‌ ആ ദുരന്തത്തെ ആളുകള്‍ വ്യാഖ്യാനിച്ചത്‌. തികഞ്ഞ അസംബന്ധമാണിത്‌. കാരണം, പതിനാറാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളി പൊളിച്ചപ്പോഴും ഇവര്‍ ഇതുതന്നെയാണ്‌ കാരണം പറഞ്ഞിരുന്നത്‌. ഗോധ്രക്കു പകരം, മുഗള്‍ ചക്രവര്‍ത്തിയുടെ അതിക്രമത്തിന്റെ കാരണം പറഞ്ഞു അന്ന്. അത്രേയുള്ളു വ്യത്യാസം.

1969-ല്‍ റസൂലാന്‍ ബായിയുടെ അഹമ്മദാബാദിലെ വീട്‌ ഒരു കൂട്ടം ആളുകള്‍ ചുട്ടുചാമ്പലാക്കിയിരുന്നില്ലേ? അന്ന് ഗോധ്രയൊന്നും പറയാനുണ്ടായിരുന്നില്ലല്ലോ? പ്രശസ്തയും അനുഗൃഹീതയുമായ ആ പാട്ടുകാരിയെ അവരുടെ വളര്‍ത്തുനാടായ ഗുജറാത്തിലെ വീട്ടില്‍നിന്നും ആട്ടിയോടിച്ചതിനുള്ള പ്രകോപനം എന്തായിരുന്നു? ആ ദുരനുഭവത്തിനുശേഷം, റസൂലാന്‍ ബായിയെ സംരക്ഷിച്ചതും പരിചരിച്ചതും, നൈന ദേവി എന്ന ഒരു ഹിന്ദു രാജകുമാരിയായിരുന്നു. സംഗീതത്തെയും സംഗീതജ്ഞരെയും സ്നേഹിച്ചിരുന്ന നൈന ദേവി. ആരോഗ്യം തിരിച്ചെടുത്തുവെങ്കിലും റസൂലാന്‍ ബായി പിന്നെയൊരിക്കലും ജീവിതത്തില്‍ പാടിയിട്ടില്ല.

റസൂലാന്‍ ബായിയെ ആട്ടിയോടിച്ച കലാപകാരികള്‍ക്കും അയല്‍ക്കാര്‍ക്കും, ഇപ്പോഴും, വെബ്ബില്‍, ഭൈരവിരാഗത്തില്‍ അവര്‍ പാടിയ ആ തുംരി കേള്‍ക്കാം. അതിലെ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒന്ന് ഊഹിക്കാമോ നിങ്ങള്‍ക്ക്‌?

നിന്റെ ആ മാന്ത്രികമുരളികൊണ്ട്‌
എന്നെ ഇനിയും മഥിക്കരുത്‌ കൃഷ്ണാ
എനിക്ക്‌ നിന്റെ ഓടക്കുഴല്‍വിളി കേള്‍ക്കേണ്ട
എന്റെ ഈ തെരുവില്‍ ഇനി നീ വരണ്ട
താഴത്തുവെക്കൂ നീയാ മുരളിക
ശ്യാമവര്‍ണ്ണാ
എനിക്കത്‌ കേള്‍ക്കേണ്ട

2002-ലെ ലഹളക്കാലത്ത്‌, വാലി ദഖാനിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിമാടം ജനക്കൂട്ടം തച്ചുതകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ കാര്യം കൂടുതല്‍ ഭംഗിയാക്കി. അവര്‍ ആ കബറിടം വെട്ടിനിരപ്പാക്കി അതിന്റെ മുകളിലൂടെ ഒരു ടാര്‍റോഡ്‌ നിര്‍മ്മിച്ചു. ആരായിരുന്നു വാലി ദഖനി? എന്തിനായിരുന്നു ആ സ്മാരകത്തെ ആ വിധത്തില്‍ ഇല്ലാതാക്കിയത്‌? ഗുജറാത്തിനെ അകമഴിഞ്ഞു സ്നേഹിക്കുകയും, ഹിന്ദു-മുസ്ലിം മൈത്രിയെ തന്റെ ദൗത്യമാക്കുകയും ചെയ്ത ആളായിരുന്നു പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ കവി. ഈ കളിയാക്കിപ്പക്ഷിയുടെ കവിതകളൊന്നു വായിച്ചുനോക്കൂ. ആദ്യകാല ഉറുദു കവിതയുടെ ശക്തമായ പ്രതിബിംബമായിരുന്നു വാലി ദഖനി എഴുതിയ എണ്ണമറ്റ കവിതകള്‍.

കാശിയെപ്പോലെ പുണ്യം
എനിക്ക്‌ അവളുടെ തെരുവുകള്‍
എന്റെ ഹൃദയം താമസിക്കുന്നത്‌
അവിടെയാണ്‌
വിരഹം കൊണ്ട്‌ ശോകഭരിതമാണ്‌ എന്റെ ഉള്ളം
നിന്റെ കേശഭാരം
യമുനയിലെ ഓളങ്ങളാണ്‌
അതിന്റെ തീരത്തെ ഒരു ചെറിയ മറുക്‌
അത്‌, ഞാനെന്ന അവധൂതന്‍

ആഗ്ര ഖരാനയുടെ പുണ്യമായിരുന്ന ഉസ്താദ്‌ ഫയാസ്‌ ഖാന്‍. ഗുജറാത്തിന്റെയും ഉത്തരദേശങ്ങളുടെയും പ്രിയപ്പെട്ട കൃഷ്ണനെക്കുറിച്ച്‌ പ്രഭാതരാഗമായ പരാജില്‍ 'മന്‍മോഹന്‍ ബ്രിജ്‌ കോ രസിയ'യും, കാപ്പിയില്‍ 'വന്ദേ നന്ദകുമാരവും' രചിച്ച ഫയാസ്‌ ഖാന്‍. 1950-ലാണ്‌ അദ്ദേഹത്തെ 'അഫ്‌താബ്‌-ഇ-മസൂഖി' കൊടുത്ത്‌ രാജ്യം ആദരിച്ചത്‌. 2002-ലെ ഭ്രാന്തന്‍ ലഹളകള്‍ ഫയാസ്‌ ഖാന്റെ കബറിടത്തെയും വെറുതെ വിട്ടില്ല. പക്ഷേ ഓര്‍മ്മകളെ അത്ര എളുപ്പത്തില്‍ ഇല്ലാതാക്കാമെന്ന് കരുതിയോ? ഫയാസ്‌ ഖാന്‍ പ്രതിനിധീകരിച്ച പാരമ്പര്യത്തെക്കുറിച്ച്‌ അറിയാന്‍ ആളുകള്‍ക്ക്‌ അവകാശമുണ്ട്‌. ആഗ്രയിലെ മുഗള്‍ ദര്‍ബാര്‍ വരെ നീളുന്ന ഒരു പാരമ്പര്യമാണ്‌ ആഗ്ര ഖരാനയുടേത്‌. അക്‍ബറും ജഹാംഗീറും സംഗീതപ്രേമികളായിരുന്നു. ബൈജു ബാവരയും, ഗുരു ഹരിദാസുമടക്കം 36 സംഗീതജ്ഞരുണ്ടായിരുന്ന അക്‍ബറിന്റെ ദര്‍ബാറിലെ 'നവരത്ന'ങ്ങളില്‍ ഒരാള്‍, പക്ഷേ, താന്‍സനായിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മുഗള്‍ ദര്‍ബാറിന്റെ സംഗീതപാരമ്പര്യം അറിയണമെങ്കില്‍, അവരുടെ ചിത്രങ്ങള്‍ 'കാണുക' മാത്രം പോരാ, 'കേള്‍ക്കുക' കൂടി വേണമെന്ന് പറയുന്നു, പ്രശസ്ത ഗോത്രസംഗീത നിരൂപകയായ ബോണി വേഡ്‌. 'ഇമേജിംഗ്‌ സൗണ്ട്‌' എന്ന തന്റെ പ്രൗഢമായ പഠനത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌, എങ്ങിനെയാണ്‌ മുഗള്‍ പെയിന്റിങ്ങുകള്‍ അക്കാലത്തെ സംഗീതോപകരണങ്ങളുടെ ചിത്രണങ്ങള്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന സാംസ്കാരികസമന്വയത്തിന്റെ രേഖകള്‍ കൂടി ആവുന്നതെന്ന്; എങ്ങിനെയാണ്‌ ഹിന്ദു മുസ്ലീം സൂഫി, പശ്ചിമേഷ്യന്‍, മദ്ധ്യ ഏഷ്യന്‍ സംഗീത പാരമ്പര്യങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഉത്തരേന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യത്തിന്‌ ജീവന്‍ നല്‍കിയതെന്ന്.

ആഗ്ര ഘരാനയുടെ കൃത്യമായ ആരംഭത്തെക്കുറിച്ച്‌ നമുക്കറിയില്ല. പതിമൂന്നാം നൂറ്റാണ്ടിലാണോ, താന്‍സന്റെ സമകാലികനും ദര്‍ബാറിലെ സംഗീതജ്ഞരില്‍ ഒരാളുമായിരുന്ന ഹാജി സുജാന്‍ ഖാനില്‍നിന്നാണോ, ഇനി അതുമല്ല, 150 വര്‍ഷം മുന്‍പ്‌ ഗ്വാളിയോറില്‍നിന്നും ആഗ്രയില്‍ വന്ന ഘഗ്ഗെ ഖുദാഭക്ഷില്‍നിന്നാണോ എന്നൊന്നും. എന്തുതന്നെയായാലും, ആ ഘരാന പ്രതിനിധീകരിക്കുന്നത്‌, സമന്വയത്തിന്റെയും, സ്വാംശീകരണത്തിന്റെയും ഒരു മഹത്തായ ഇന്ത്യന്‍ പാരമ്പര്യമാണെന്നത്‌ തീര്‍ച്ച.

ഗുജറാത്തിനു എന്നന്നേക്കുമായി നഷ്ടപ്പെട്ട കളിയാക്കിപ്പക്ഷികളെക്കുറിച്ചുള്ള എന്റെ ഈ സ്മരണയില്‍ ഇനി ഒരാള്‍കൂടി ബാക്കിയുണ്ട്‌. എഹ്‌സാന്‍ ജാഫ്രി. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം ജാഫ്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും തെരുവിലിട്ട്‌ കഷണങ്ങളായി വെട്ടിക്കൊലപ്പെടുത്തി. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് 1977-ല്‍ ലോക്‍സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതിനുമുന്‍പ്‌ അദ്ദേഹം ഇടതുപക്ഷ തൊഴിലാളി സംഘടനാ നേതാവായിരുന്നു. അതിനേക്കാളൊക്കെ ഉപരി, പ്രതിഭാശാലിയായ ഒരു ഉറുദു കവി എന്ന, പുറംലോകം അത്രയധികമൊന്നും അറിഞ്ഞിട്ടില്ലാത്ത മതേതര യോഗ്യതയെയായിരിക്കണം ജാഫ്രിയെ, കലാപകാരികള്‍ക്ക്‌ അനഭിമതനാക്കിയത്‌. ഖന്ദീല്‍ (വിളക്ക്‌) എന്നാണ്‌ അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തിന്റെ പേര്‌. ആ കാവ്യസമാഹാരത്തിന്‌ ആമുഖമെഴുതിയതാകട്ടെ, മജ്‌റൂ സുല്‍ത്താന്‍ പുരിയും. അതില്‍നിന്നുള്ള താഴെ എഴുതിയ വരികള്‍ മാത്രം മതിയാകും, ജാഫ്രിയുടെ അചഞ്ചലമായ ദേശസ്നേഹത്തെയും, ആ നരഹത്യയുടെ വിരോധാഭാസത്തെയും ഒരേസമയം വെളിവാക്കാന്‍.

നിന്റെ കുറുനിരകളെ മീരയുടെ പാട്ടുകള്‍ അണിയിച്ചൊരുക്കി
ഗൗതമന്‍ നിന്നെ വിളിച്ചു, നാനാക്കും
അതിന്റെ ഞൊറികളില്‍ ഖുസ്രു നിറങ്ങള്‍ ചാലിച്ചു
ഓരോ ഹൃദയവും സ്നേഹത്തിനും സഹാനുഭൂതിക്കും വേണ്ടിയാണ്‌ മിടിക്കുന്നത്‌,
ഇതാണെന്റെ ജന്മഭൂമി
ഇതാണ്‌



കടപ്പാട്: DAWN എന്ന പാക്കിസ്ഥാനി പത്രത്തില്‍ 2008 ഫെബ്രുവരി 12-ന് പ്രസിദ്ധീകരിച്ച ലേഖനം

(1)പരിഹാസപ്പക്ഷികള്‍ എന്നും ഇവയെ വിളിക്കുന്നു.
* To Kill a Mocking Bird
* Imaging Sound by Bonny Wade

6 comments:

Rajeeve Chelanat said...

ഗുജറാത്തിലെ കളിയാക്കിപക്ഷികള്‍

മൂര്‍ത്തി said...

നന്ദി രാജീവ്

ബഷീർ said...

നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Its really giving more knowledge...

Thanks a lot.

ഭൂമിപുത്രി said...

സാധാരണനിലയ്ക്ക് വായിയ്ക്കാനിടവരാത്ത ഈ ലേഖനം ഇവിടെപ്പകര്‍ത്തിയതിന്‍ വളരെസന്തോഷമുണ്ട്..Harper Lee യുടെ പ്രശസ്ഥമായ ആ നോവലിന്റെ ടൈറ്റിലിനു ഇങ്ങിനെയൊരു
പശ്ചാതലമുള്ളതായി അറിയില്ലായിരുന്നു

Anonymous said...

ee blOginte vERitta sensibility-kku matoru udaaharaNam kooTi :) thanks.