Monday, February 25, 2008

അധിനിവേശത്തിന്റെ സൗന്ദര്യശാസ്ത്രം

മഹമൂദ്‌ ദാര്‍വിഷ്‌ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അറബ്‌ കവികളില്‍ ഏറ്റവും പ്രശസ്തന്‍. ഏറെക്കാലം പ്രവാസിയായി കഴിയേണ്ടിവന്ന ഒരാള്‍. സൗന്ദര്യശാസ്ത്രത്തെക്കുറിച്ച്‌ നിശ്ചയമായും അദ്ദേഹത്തിന്‌ അറിവുണ്ടാവണം...അന്തര്‍ലീനവും, വിരൂപവും, പ്രഹസനവും, സുന്ദരവുമായ...എല്ലാതിനെക്കുറിച്ചും അദ്ദേഹത്തിനറിയാം..അധിനിവേശം, നഷ്ടങ്ങള്‍, ദുരിതങ്ങള്‍, അഭിലാഷങ്ങള്‍, ദുരന്തങ്ങള്‍..എല്ലാം...എല്ലാം അറിയാം.

മുന്‍കൂട്ടി നിശ്ചയിച്ച പല പരിപാടികളും മാറ്റിവെച്ച്‌ ദാര്‍വിഷിന്റെ ഏറ്റവും പുതിയ കവിതകള്‍ കേള്‍ക്കാന്‍ ഞാനും പോയി. അവിടെ എത്തിയപ്പോഴേക്കും ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ആരെയും അകത്തേക്ക്‌ കടത്തിവിടുന്നില്ല. അഞ്ഞൂറിലധികം ആളുകളുണ്ടായിരുന്നു അതിന്റെ അകത്ത്‌.

ഉള്ളില്‍ തിക്കിതിരക്കി കടക്കാന്‍ വെറുതെ ശ്രമിച്ചു. അദ്ദേഹത്തെ നേരിട്ടു കാണാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് ബോദ്ധ്യമായപ്പോള്‍ നിരാശ കൂടിക്കൂടി വന്നു.

സദസ്സിനെ നോക്കി. കൂടുതലും ചെറുപ്പക്കാര്‍. ഇരുപത്‌ കടക്കുന്നവര്‍, കുറച്ച്‌ പ്രായമായവരും. അത്‌ എനിക്ക്‌ അല്‍പ്പം പ്രത്യാശ നല്‍കി. ഒരു അധിനിവേശത്തില്‍നിന്നും ഒഴുകുന്ന കവിതയെ ആസ്വദിക്കാന്‍ അറബ്‌ വംശത്തിന്‌ ഇപ്പോഴും കഴിയുന്നുവെങ്കില്‍, പ്രത്യാശ കയ്യൊഴിയാന്‍ സമയമായിട്ടില്ലെന്ന് അത്‌ എന്നെ ബോദ്ധ്യപ്പെടുത്തി.

ഒരു പക്ഷേ വാക്കുകള്‍ മാത്രമായിരിക്കും ബാക്കിവന്നിട്ടുള്ള ഒരേയൊരു വസ്തു.

കവിത രചിക്കാനുള്ള വാക്കുകള്‍, ദുരന്തങ്ങളെ സംവേദനം ചെയ്യാനുള്ള വാക്കുകള്‍, വേദനക്ക്‌ അടിക്കുറിപ്പെഴുതുന്ന വാക്കുകള്‍..

സദസ്സിന്റെ പ്രതികരണം കാണാന്‍ കാത്തുനില്‍ക്കാതെ,ദാര്‍വിഷിന്റെ പുതിയ പുസ്തകവും വാങ്ങി ഞാന്‍ പുറത്തുകടന്നു.

ദാര്‍വിഷിന്റെ കവിത കേള്‍ക്കാന്‍ കഴിഞ്ഞില്ല. നൂറുകണക്കിനു കവിതകള്‍ എഴുതിയിട്ടുണ്ട്‌ അദ്ദേഹം. പക്ഷേ എന്നു മുതല്‍ക്കാണ്‌ കവികള്‍ യാഥാര്‍ത്ഥ്യങ്ങളെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്‌?

അവര്‍ സത്യത്തിന്റെ സംവേദകരാണ്‌. സാധാരണ മനുഷ്യര്‍ക്ക്‌ ആവിഷ്ക്കരിക്കാന്‍ സാധിക്കാതെവരുന്ന സാധാരണ സത്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്നവര്‍. അതുകൊണ്ട്‌ അവര്‍ കവിതകള്‍ വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നു. 'നമ്മളെല്ലാം അതിന്റെ അകത്താണ്‌' എന്നൊരു ബോധം അങ്ങിനെ അവര്‍ വാക്കുകള്‍കൊണ്ട്‌ സൃഷ്ടിക്കുന്നു. ഒരു നൈമിഷികമായ ബോധം.

പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി. വാക്കുകള്‍ക്കുവേണ്ടി ദാഹിച്ച്‌ ഇരിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ശരീരങ്ങളുടെ ഗന്ധവും, ഇരിപ്പിടമോ, ഒരിഞ്ചു സ്ഥലമോ കിട്ടാനുള്ള കാത്തിരിപ്പും എല്ലാംകൂടി എനിക്ക്‌ തലപെരുക്കുന്നുണ്ടായിരുന്നു.

മറ്റൊരു കെണിയാണ്‌ ഇത്‌. ഉള്ളില്‍ ആരോ പറയുന്നു. പ്രതീക്ഷയുടെ നാമ്പുകള്‍ ഉള്ളില്‍ മുളപ്പിച്ച്‌, വീണ്ടും വീണ്ടും നിരാശയിലേക്കാഴ്ത്തുന്ന ഒരു കെണി.

പിറകില്‍ ആരുടെയോ കാലൊച്ച കേള്‍ക്കുന്നു.

"അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍ക്കാന്‍ കഴിയാത്തത്‌ കഷ്ടമായി", അയാള്‍ പറഞ്ഞു.

"അതെ, കഷ്ടമാണ്‌". നടന്നുകൊണ്ടുതന്നെ ഞാനും പറഞ്ഞു.

"നിങ്ങള്‍ ഇറാഖിയാണെന്നു തോന്നുന്നു" അയാള്‍ ചോദിച്ചു.

ഞാന്‍ നിന്നു. ഒരു മെലിഞ്ഞ മനുഷ്യന്‍. മുഖത്ത്‌ അസംഖ്യം ചുളിവുകള്‍.

"അതെ, ഞാന്‍ ഇറാഖിയാണ്‌. എങ്ങിനെ ഊഹിച്ചു?"

"ഭാരവാഹികളോട്‌ നിങ്ങള്‍ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ തോന്നി. ഞാനും ഇറാഖിയാണ്‌".

"എനിക്കും മനസ്സിലായി. നിങ്ങളുടെ സംസാരത്തില്‍നിന്ന്"

"ഞാനും കവിയാണ്‌. ബാഗ്ദാദില്‍നിന്ന് രക്ഷപ്പെടേണ്ടിവന്നു".

അപ്പോള്‍ കവിത രക്ഷപ്പെടലിനെക്കുറിച്ചായിരിക്കുമല്ലോ അല്ലേ?

അയാള്‍ ചിരിച്ചു.

"അല്ല, ഞാന്‍ സ്നേഹത്തെക്കുറിച്ചാണ്‌ കവിത എഴുതാറ്‌"

"സ്നേഹമോ? അധിനിവേശത്തിന്‍കീഴിലും സ്നേഹമോ?"

അയാള്‍ എന്നെ അല്‍പ്പനേരം നോക്കി. എന്നിട്ട്‌ പറഞ്ഞു.

"ഞാന്‍ എഴുതുന്നത്‌, അധിനിവേശത്തിന്റെ കീഴില്‍ എവിടെയാണ്‌ സ്നേഹത്തെ കണ്ടെത്തേണ്ടത്‌ എന്നതിനെക്കുറിച്ചാണ്‌"

"ഞാനത്‌ ഊഹിച്ചു" അഭിവാദ്യം പറഞ്ഞ്‌ ഞങ്ങള്‍ വഴിപിരിഞ്ഞു.

എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു?

അധിനിവേശത്തിന്റെ കീഴില്‍ സ്നേഹമന്വേഷിക്കുന്നവരുടെ ഈ വാക്കുകളുടെ പെരുമഴ എന്നും ഞാന്‍ കേള്‍ക്കാറുള്ളതാണ്‌. നിങ്ങള്‍ ആ വാക്കുകളെ എന്തുചെയ്യും?

കേട്ടിട്ടില്ലേ?
"ഞാന്‍ എങ്ങിനെ പിടിച്ചുനില്‍ക്കും?"
" എനിക്ക്‌ ഒരു ഭാവിയുമില്ല"
"ആ വേദനയെ മറികടക്കാന്‍ എനിക്കാവുന്നില്ല"
"ഓര്‍മ്മകള്‍ എന്നെ എല്ലായിടത്തും പിന്തുടരുന്നു",
"ഞാന്‍ സ്വയം നഷ്ടപ്പെട്ടവനാണ്‌",
നമ്മളൊരു തുരങ്കത്തിനകത്താണ്‌",
"എനിക്കൊരു പ്രതീക്ഷയുമില്ല",
"ഇതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല",
"നമ്മെ എല്ലാവരും കയ്യൊഴിഞ്ഞിരിക്കുന്നു",
"ആര്‍ക്കും നമ്മെ വേണ്ടാതായിരിക്കുന്നു",
"നമ്മള്‍ വിസ്മൃതിയിലകപ്പെട്ടിരിക്കുന്നു",
"നമ്മളിപ്പോള്‍ എണ്ണമെടുക്കുന്നില്ല","നമുക്കിനി രാജ്യമില്ല",
"എന്റെ വീട്‌ തകര്‍ന്നുതരിപ്പണമായിരിക്കുന്നു",
"അവര്‍ എന്റെ മകനെയും ഭര്‍ത്താവിനെയും, ഭാര്യയെയും, കുട്ടികളെയും, അച്ഛനമ്മമാരെയും കൊന്നുകളഞ്ഞു",
"അവര്‍ എന്നെ മാനഭംഗപ്പെടുത്തി, എനിക്കൊരിക്കലും ഇനി പഴയപടിയാകാന്‍ കഴിയില്ല",
"അവരുടെ കണ്ണില്‍ നമുക്കൊരു വിലയുമില്ല"..

ഇങ്ങിനെ എത്രവേണമെങ്കിലുമുണ്ട്‌.

ഈ വാക്യങ്ങളെ നിങ്ങളെന്തു ചെയ്യും?

ഈ വാക്യങ്ങള്‍കൊണ്ട്‌ നിങ്ങളെന്തുചെയ്യും. എങ്ങിനെയാണ്‌ അവയെ നേരാംവണ്ണം വെക്കുക? എന്താണ്‌ നിങ്ങളവയോട്‌ പറയുക?

ഇവയെ പിന്തുടരുന്ന വേദനയെ നിങ്ങള്‍ എന്തു ചെയ്യും?

ഏതുതരം കവിതയാണ്‌ നിങ്ങള്‍ എഴുതുക?

ഊന്നുവടികളെപ്പോലെ, കൈത്താങ്ങുപോലെയുള്ള ഒട്ടനവധി വാക്കുകള്‍. എന്നിട്ട്‌ നിങ്ങള്‍ പറയുന്നു.."കുറച്ചുകൂടി ക്ഷമിക്കൂ, അല്‍പം കൂടി സഹിക്കൂ, പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കൂ..എല്ലാം കലങ്ങിത്തെളിയും..ദൈവം കരുണാമയനാണ്‌" എന്നൊക്കെ.

ഈ വാക്കുകള്‍ പൊള്ളയാണെന്നും, അവക്ക്‌ അര്‍ത്ഥനാശം വന്നിരിക്കുന്നുവെന്നും എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അവ നമുക്ക്‌ നഷ്ടപ്പെട്ടിട്ടും കാലമേറെയായി. വെയിലേറ്റ്‌, നിറം മങ്ങിയ , പിഞ്ഞിത്തുടങ്ങിയ ഒരു ശീലക്കഷണം പോലെ..

എവിടെയാണ്‌ നിങ്ങള്‍ക്ക്‌ സൗന്ദര്യവും സ്നേഹവും കണ്ടെത്താനാവുക? ഏത്‌ അനുഭവത്തില്‍? ഏത്‌ പശ്ചാത്തലത്തില്‍? ഏത്‌ സ്മരണയില്‍? എല്ലാ പഴയ ഓര്‍മ്മകളും മാഞ്ഞ്‌, ഒരു വലിയ ശൂന്യത മാത്രം ബാക്കിവന്ന്, അതില്‍ വീണ്ടും ആ പഴകി ദ്രവിച്ച കീറത്തുണി....

അധികപ്പറ്റായ ഒരു ചര്‍മ്മംപോലെ നിങ്ങളെ പൊതിഞ്ഞ്‌, നിങ്ങളുടെ കാഴ്ചയെ വിരൂപമാക്കി, നിങ്ങളുടെ ധാരണകളെ വക്രീകരിച്ച്‌, ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത വിരുന്നുകാരനെപ്പോലെ നിങ്ങളെ പൊതിയുന്ന ആ മാലിന്യത്തെ നിങ്ങള്‍ എന്തുചെയ്യും? നിങ്ങളുടെ അസ്തിത്വത്തെ അധിനിവേശിക്കുന്ന അതിനെ?

ആ അഴുക്കിനെ?

നിങ്ങള്‍ കാണുകയും, ദൃക്‌സാക്ഷിയാവുകയും, കേള്‍ക്കുകയും ചെയ്ത ആ വൃത്തികേടിനെ.

മനുഷ്യത്വപൂര്‍ണ്ണമെന്ന് ഇത്രനാളും നിങ്ങള്‍ തെറ്റിദ്ധരിച്ച ആ മുഖത്ത്‌ ഇന്ന് മെല്ലെമെല്ലെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ നിഗൂഢലക്ഷ്യങ്ങളുടെ അഴുക്കുകളെ നിങ്ങളെന്തു ചെയ്യും?

വംശഹത്യയുടെയും, ക്രൂരതയുടെയും, അവഗണനയുടെയും, ദാരിദ്ര്യത്തിന്റെയും, നിലനില്‍പ്പിന്റെയും, വ്യാജവേഷങ്ങളുടെയും ആ അശ്ലീലങ്ങളെ?

ഞാനീ ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇതു മാത്രമല്ല, ഇതില്‍നിന്നും സ്വാഭാവികമായി വരുന്ന മറ്റൊരു ചോദ്യവും - ഇതില്‍നിന്നെല്ലാം എന്നെങ്കിലുമൊരിക്കല്‍ രക്ഷയുണ്ടോ എന്ന ചോദ്യം.

പിന്നെ, എവിടെയാണ്‌ നിങ്ങള്‍ സൗന്ദര്യം കണ്ടെത്തുക? ഭാവി എന്നത്‌ വിദൂരമായതുകൊണ്ട്‌, പൊയ്പോയ കാലങ്ങളെ ചിക്കിച്ചിനക്കിയെടുത്ത്‌ അതിനകത്തെ മങ്ങിത്തുടങ്ങിയ ഏതെങ്കിലും ഒരു പുരാവസ്തുവില്‍ ഒരുപക്ഷേ അത്‌ നമ്മള്‍ കണ്ടെത്തിയെന്നുവരാം.

വര്‍ത്തമാനകാലത്തെ നമ്മള്‍ എന്തുചെയ്യും? എങ്ങിനെയാണ്‌ അതിനെ നമ്മള്‍ സഹിക്കുക? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അത്‌ നമ്മെ എങ്ങിനെയാണ്‌ സഹിക്കുക? അടര്‍ന്നകലുന്ന ഓരോ ദിവസവും, നാഴികകളും, നിമിഷങ്ങളും. എങ്ങിനെയാണ്‌, അത്‌ നമ്മെ ഉള്‍ക്കൊള്ളുക?

ആ ഹാളിനകത്ത്‌ കയറിക്കൂടാന്‍ ഞാന്‍ തിക്കിത്തിരക്കിയപോലെ, നിങ്ങളും ഇന്നിന്റെ അകത്ത്‌ കയറിക്കൂടാന്‍ ശ്രമിക്കുമെന്നോ? അതോ, ആ ശ്രമം ഉപേക്ഷിച്ച്‌, അജ്ഞാതമായ മറ്റെവിടേക്കെങ്കിലും നടന്നകലുമെന്നോ? അങ്ങിനെയെങ്കില്‍, എങ്ങോട്ടേക്കാണത്‌?

ഇത്‌ തോല്‍വി സമ്മതിക്കലല്ല. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഏതു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണോ നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയാത്തത്‌, അതുതന്നെയാണിത്‌.

ഭ്രാന്തു പിടിപ്പിക്കുന്ന ഒരു സമാന്തര യാഥാര്‍ത്ഥ്യം. കുമിളപോലെയുള്ള ഒന്ന്. അഭിസംബോധനചെയ്യാനോ, കാണാനോ ഇതുവരെ ആരും കൂട്ടാക്കാതിരുന്ന ഒരു നീര്‍ക്കുമിള. നിലനില്‍പ്പിന്റെ ആ നീര്‍പ്പോളക്കകത്ത്‌, എവിടെയാണ്‌ നിങ്ങള്‍ സ്നേഹം കണ്ടെത്തുക? ഒരു കുമിളയോട്‌ എങ്ങിനെയാണ്‌ നിങ്ങള്‍ ബന്ധപ്പെടുക? ഒരു പക്ഷേ നിങ്ങളെപ്പോലെതന്നെ, ഈ കുമിളകള്‍ക്കകത്ത്‌ കഴിയാന്‍ വിധിക്കപ്പെട്ട മറ്റ്‌ ആളുകളുമായിട്ടായിരിക്കണം നിങ്ങള്‍ ഒരുപക്ഷേ ബന്ധപ്പെടുക. മാനസികവും, ശാരീരികവും, വൈകാരികവുമായ ഒരു പുറമ്പോക്ക്‌. ചുരുങ്ങിചുരുങ്ങി വന്ന് ഒരു ബിന്ദുവോളം ചെറുതായിത്തീരുന്ന ഒരു സ്ഥലരാശി.

നിങ്ങള്‍ നില്‍ക്കുന്ന ആ ബിന്ദു നിങ്ങളുടെ നിര്‍ണ്ണായകമായ സ്ഥലരാശിയാവുകയും ചെയ്യുന്നു. ഒരേയൊരു കാര്യം മാത്രമേ നിങ്ങളെ അലട്ടുന്നുള്ളു. ചുവടുപതറാതെ, എങ്ങിനെ അവിടെ പിടിച്ചുനില്‍ക്കാമെന്ന്.

ആശയറ്റ ഒരു ബിന്ദു. അവിടെ എങ്ങിനെയാണ്‌ ഒരാള്‍ സ്നേഹം കണ്ടെത്തുക?

തിമിരം ബാധിച്ച, അല്‍പ്പജ്ഞനായ ഒരു പാശ്ചാത്യന്‍ ഒരിക്കല്‍ എനിക്കെഴുതി:

"കീറിപ്പഴകിയ ദേശാഭിമാനസഞ്ചി എങ്ങിനെയാണ്‌ ഞാന്‍ വീണ്ടും തുന്നിച്ചേര്‍ക്കുക? ഉപയോഗശൂന്യമായ തുരുമ്പു പിടിച്ച ഇറാഖി തകരപ്പാത്രം എങ്ങിനെയാണ്‌ ഞാന്‍ തിരിച്ചെടുക്കുക? ഇനിയും, എങ്ങിനെയാണ്‌ ഞാന്‍ അതിന്റെയുള്ളിലെ മൃഗതൃഷ്ണയെ അഭിമുഖീകരിക്കുക? നിങ്ങള്‍ അനഭിമതയാണെന്ന് എങ്ങിനെ നിങ്ങള്‍ക്ക്‌ പറയാന്‍ കഴിയും? ഭാവിയില്ലെന്ന് സ്വയം കരുതാന്‍ എങ്ങിനെ നിങ്ങള്‍ക്കാവും?"

എന്തുകൊണ്ടാണ്‌ ആളുകള്‍ക്ക്‌ വ്യഷ്ടിയെയും സമഷ്ടിയെയും ഒന്നായിതന്നെ കാണുവാന്‍ കഴിയാത്തത്‌? ഉള്ളിലേറ്റിനടക്കുന്ന ജീനുകളെപ്പോലെ സാര്‍വ്വത്രികമായ ഒരു വിധിയെ പുല്‍കാന്‍ കഴിയാത്തത്‌?

ഇത്‌ എന്നെക്കുറിച്ചല്ല. നമ്മെക്കുറിച്ചാണ്‌.

ഇന്നത്തെ നമ്മുടെ അവസ്ഥയില്‍, നമുക്ക്‌ ഒരു ഭാവിയുമില്ല. ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ നമ്മളില്‍നിന്ന് അപഹരിക്കപ്പെട്ടിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്‌.

എന്നിട്ടും ഇതുപോലുള്ള മൂഢ തത്ത്വചിന്തകളുമായി ഒരാള്‍ പ്രത്യക്ഷപ്പെടുമ്പോള്‍..അതിനര്‍ത്ഥം, അധിനിവേശത്തെക്കുറിച്ചോ, വംശഹത്യയെക്കുറിച്ചോ, മാനഭംഗങ്ങളെക്കുറിച്ചോ, വിശ്വാസത്തിന്റെയും അര്‍ത്ഥത്തിന്റെയും, ജീവിതത്തിന്റെതന്നെയും നഷ്ടത്തെക്കുറിച്ചോ ഒന്നും അയാള്‍ ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നുതന്നെയാണ്‌..കാരണം, അയാള്‍ തത്ത്വചിന്തയില്‍ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌.

ഒരു അവസാനവും കാണാത്ത അധിനിവേശത്തിന്റെ അഗാധമായ താഴ്ചകളും, അതിന്റെ അശ്ലീലമായ ബഹുമുഖവും അയാള്‍ തിരിച്ചറിയുന്നില്ല എന്നുതന്നെയാണ്‌ അതിന്റെ അര്‍ത്ഥം.

പക്ഷേ എന്നിട്ടും എന്റെ കയ്യില്‍ വാക്കുകളല്ലാതെ മറ്റൊന്നുമില്ല..അതുപോലും ചെന്നെത്തുന്നത്‌, തണുത്തുറഞ്ഞ്‌, നിശ്ചലവും നിര്‍വ്വികാരവുമായ ഒരു തടാകത്തിലാണ്‌.അല്ലെങ്കില്‍ അത്‌ ചെന്ന് മുട്ടുന്നത്‌, മനുഷ്യരെന്ന ആ ഭീമാകാരമായ കന്മതിലിലാണ്‌.

അപ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കട്ടെ, ഒരുവന്റെ വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളെ ഇത്ര നിര്‍ദ്ദയമായ വാചാടോപങ്ങളാല്‍ എറ്റിക്കളയുമ്പോള്‍ എവിടെയാണ്‌ അയാള്‍ക്ക്‌ സ്നേഹം കണ്ടെത്താനാവുക?

രക്ഷപ്പെടാന്‍ ഒരേയൊരു വഴിയേയുള്ളു - രോഷം.

നിങ്ങളുടെ ധാരണകളെയും, തത്ത്വചിന്തകളെയും, വിശകലങ്ങളെയും, സിദ്ധാന്തങ്ങളെയും, ഭാവനകളെയും എല്ലാം ചുട്ടുചാമ്പലാക്കുന്ന ആ വലിയ രോഷം.

നമ്മിലേക്ക്‌ നിറഞ്ഞൊഴുകിയെത്തുന്ന ഇന്നിന്റെ എല്ലാ വൃത്തികേടുകളെയും, വിദ്വേഷത്തെയും, നിസ്സംഗതയെയും അഗ്നിശുദ്ധിവരുത്തുന്ന, രോഷത്തിന്റെ ഒരു വലിയ കാട്ടുതീ.

നിങ്ങളുടെ അധിനിവേശത്തിന്റെ ബഹുമുഖമായ സൗന്ദര്യശാസ്ത്രത്തില്‍ന്ന് രക്ഷപ്പെടാന്‍ അതേ ഒരു വഴിയുള്ളു. അന്തര്‍ലീനമായ രോഷത്തിന്റെ സൗന്ദര്യശാസ്ത്രം.





The Aesthetics of Occupation എന്ന പേരില്‍ ലൈല അന്‍‌വര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

8 comments:

Rajeeve Chelanat said...

മഹമൂദ്‌ ദാര്‍വിഷ്‌ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അറബ്‌ കവികളില്‍ ഏറ്റവും പ്രശസ്തന്‍. ജീവിതത്തില്‍ ഏറെക്കാലവും പ്രവാസിയായി കഴിഞ്ഞ ഒരാള്‍.

SunilKumar Elamkulam Muthukurussi said...

നമോവാകം, രാജീവ്ജി

മൂര്‍ത്തി said...

നന്ദി രാജീവ്..നന്നായിട്ടുണ്ട്..

simy nazareth said...

ഇതു പരിചയപ്പെടുത്തിയതിനു നന്ദി. ലൈല അന്‍‌വറിന്റെ കണ്‍ക്ലൂ‍ഷന്‍സുമായി യോജിക്കാന്‍ കഴിയുന്നില്ല. രോഷത്തിന്റെ തീതുപ്പുന്ന കവിതകള്‍ മാത്രമേ അധിനിവേശത്തില്‍ നിന്നും വരാവുള്ളോ?

പാമരന്‍ said...

സമൂഹത്തിലെ ചിന്തിക്കുന്ന കഷണത്തിലെ ചിന്തയുടെ കഷണമെന്ന നിലക്ക്‌ കവിതക്കും രോഷമാവാനേ വഴിയുള്ളൂ..

വരാന്‍ വൈകിപ്പോയി.

Rajeeve Chelanat said...

നന്ദി എല്ലാവര്‍ക്കും.

സിമി, അധിനിവേശത്തിന്റെ കീഴില്‍ രോഷത്തിന്റെയല്ലാതെ മറ്റെന്തിന്റെ കവിതകളും കലാരൂപങ്ങളുമാണ് ഉണ്ടാവുക? ഉണ്ടാവേണ്ടത്??

ലൈലയുടെ വീക്ഷണങ്ങളോട് മുഴുവനായി യോജിക്കാന്‍ എനിക്കും സാധിച്ചിട്ടില്ല. അധിനിവേശം ചെയ്യപ്പെട്ട, അന്യാധീനമാക്കപ്പെട്ട ഒരു രാജ്യത്തിലെ പൌര എന്ന നിലക്ക് അവരുടെ രോഷവും സങ്കടങ്ങളും മനസ്സിലാക്കാവുന്നതേയുള്ളു. എങ്കിലും, ഇത്തരമൊരു അധിനിവേശത്തിനെതിരെ പൊരുതുന്ന (അമേരിക്കയിലെപ്പോലും) മതേതര-ജനാധിപത്യ ശക്തികളെ അവര്‍ സഹിഷ്ണുതയോടെ കാണുന്നില്ല എന്നു മാത്രമല്ല, അവര്‍ക്കെതിരെയും സംശയദൃഷ്ടിയോടെയാണ് അവര്‍ നോക്കുന്നതും അവരുടെ രചനകളെ ലക്ഷ്യമാക്കുന്നതും. അവരുമായി ഇതിനെക്കുറിച്ച് ചില അവസരങ്ങളില്‍ സംസാരിക്കാനും ഇടവന്നിട്ടുണ്ട്. ഇതിനുമുന്‍പ് പരിഭാഷപ്പെടുത്തിയ അവരുടെ ലേഖനത്തിലും (എന്നെ തടസ്സപ്പെടുത്തരുത്, എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്)ഈയൊരു സാമാന്യവത്ക്കരണത്തിന്റെ കറുത്ത നിഴല്‍ തെളിഞ്ഞുതന്നെ കാണാം.

പക്ഷേ അതൊക്കെ ക്ഷമിക്കാവുന്നതാണെന്ന് തോന്നുന്നു. ‘ആധുനികപരിഷ്കൃത ‘ കാലഘട്ടത്തിലും ഇത്തരം നഗ്നമായ ആക്രമണത്തിന്, അധിനിവേശത്തിന്, ഇരയാകുന്ന ഒരു രാജ്യത്തിലെ ആളുകളില്‍നിന്ന് യുക്തിവിചാരവും, സഹിഷ്ണുതയും, ദീനാനുകമ്പയുമൊന്നും പ്രതീക്ഷിക്കുന്നതേ തെറ്റാണ്.

പക്ഷേ, അധിനിവേശത്തില്‍നിന്നുള്ള മോചനത്തിന് രോഷം ഒരു നല്ല മറുമരുന്നു തന്നെയാണ്. ഭൌതികമായ (ആയുധമെടുത്തുള്ള) ചെറുത്തുനില്‍പ്പിന് സാദ്ധ്യതകള്‍ കുറയുന്തോറും, ഈ രോഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യും. എല്ലാ പ്രതിരോധരൂപങ്ങളിലും ഈ മരുന്ന് ഉള്‍ച്ചേര്‍ക്കേണ്ടതുമാണ്. അവിടെമാത്രമല്ല, അധിനിവേശം എവിടെയൊക്കെ നടക്കുന്നുവോ, അവിടെയൊക്കെ.

അതേസമയം, സുഖചികിത്സാ, കുഴലൂത്തു ബ്ലോഗ്ഗുകളും അവിടങ്ങളില്‍നിന്ന് തടസ്സമേതുമില്ലാതെ ഒഴുകിവരുന്നുണ്ട്.

അഭിവാദ്യങ്ങളോടെ,

NITHYAN said...

ദാര്‍വിഷിന്റെ ഒരു പത്തുവരികൂടെ കൊടുക്കാമായിരുന്നോ രാജീവാ. കവിത വായിക്കണമെന്നുണ്ട്‌

Rajeeve Chelanat said...

നിത്യാ

ദാര്‍വിഷിന്റെ ഒരു കവിത പോസ്റ്റു ചെയ്തിട്ടുണ്ട്. വളരെ നീണ്ട ഒരു കവിത..