അറുപതുകളുടെ മദ്ധ്യത്തില്‍ ആദ്യം നമ്മള്‍ കേള്‍ക്കുമ്പോഴും, പിന്നീട് ശക്തി പ്രാപിച്ചപ്പോഴും, നക്സലൈറ്റുകള്‍ തങ്ങളുടെ നിലപാട് പരസ്യമായിതന്നെ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. സായുധമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാരിനെ നിലംപതിപ്പിക്കുക എന്നതായിരുന്നു അത്. ആയുധം കയ്യിലെടുത്ത്, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരായി അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ഭീകരവാദമൊന്നും അന്ന് ഉദയം ചെയ്തുകഴിഞ്ഞിരുന്നില്ല.
സര്‍ക്കാരാകട്ടെ, മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തതുമില്ല. ഇരുഭാഗവും ഒരുപോലെ ഭീകരപ്രവര്‍ത്തനത്തില്‍ മത്സരിക്കുകയായിരുന്നു. പ്രത്യേകിച്ചും, നക്സലിസത്തിന്റെ ജന്മനാടായ പശ്ചിമബംഗാളില്‍. പക്ഷേ അപ്പോള്‍പോലും, ഒരു മുതിര്‍ന്ന നേതാവും നക്സലൈറ്റുകളെ ഒന്നാം നമ്പര്‍ ആഭ്യന്തര സുരക്ഷാ ഭീഷണിയായി വിശേഷിപ്പിച്ചിരുന്നില്ല എന്നും ഓര്‍ക്കണം.
ഇന്ന്, അത്തരം മുദ്രകുത്തല്‍ സര്‍വ്വസാധാരണമായിരിക്കുന്നു. നക്സലൈറ്റുകളാണ് രാജ്യത്തെ ഒന്നാം നമ്പര്‍ സുരക്ഷാ ഭീഷണിയെന്ന വാദവുമായി പ്രധാനമന്ത്രിതന്നെ രംഗത്തുവന്നിരിക്കുന്നു. തന്റെ വാദത്തിന് അടിസ്ഥാനമായ കാരണങ്ങളൊന്നും അദ്ദേഹം പറഞ്ഞതുമില്ല. ഈ സന്ദര്‍ഭത്തില്‍, നക്സലൈറ്റുകളെക്കുറിച്ച് നമ്മുടെ ശ്രദ്ധയില്‍ പെടുന്ന ഒരു പുതിയ കാര്യം, അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നതിലേക്ക് അനല്പമായ വെളിച്ചം വീശുന്നുമുണ്ട്.
ആദ്യകാലത്ത്, ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നവര്‍ (പ്രാദേശിക നേതൃതലത്തിലും, അണികളിലായാലും) അധികവും, നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ജനവിഭാഗത്തില്‍പെട്ട വിപ്ലവകാരികളായിരുന്നു. ശുദ്ധമായ വര്‍ഗ്ഗസമരത്തില്‍ ഏര്‍പ്പെട്ടവരാണ് തങ്ങളെന്ന് അകമഴിഞ്ഞ് വിശ്വസിച്ചിരുന്ന ചിലര്‍. സര്‍ക്കാര്‍ ചിഹ്നങ്ങളായ വാഹനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അത്രയധികം സാധാരണമായിരുന്നില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലെ 'വര്‍ഗ്ഗശത്രു'വിനെയായിരുന്നു അവര്‍ കൂടുതലും ലക്ഷ്യമാക്കിയിരുന്നത്. ഇടത്തരം കൃഷിക്കാരെപ്പോലും അവര്‍ 'ജനശത്രു'ക്കളായി മുദ്രകുത്തുകയും ഉന്മൂലനം ചെയ്യുകയും പതിവായിരുന്നു.
പക്ഷേ ഇന്ന്, ആ നേതൃവിഭാഗവും അണികളും, കൂടുതലും, ഗ്രാമപ്രദേശങ്ങളിലെ താഴേത്തട്ടില്‍നിന്നാണ് വരുന്നത്. എടുത്തുപറയേണ്ട ഒരു വ്യത്യാസമാണിത്. തങ്ങളുടെ ഭൂമിയില്‍നിന്നുള്ള വരുമാനംകൊണ്ട് ഉപജീവനം അസാദ്ധ്യമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ മദ്ധ്യവര്‍ഗ്ഗ കൃഷിക്കാരാണ് ബീഹാറും ഝാര്‍ഘണ്ടും പോലുള്ള സ്ഥലങ്ങളില്‍നിന്ന്, ഇന്ന്, സായുധസമരത്തിലേക്ക് കൂടുതലും നീങ്ങിക്കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, കാര്‍ഷികമായി ഏറ്റവും തകര്‍ന്നടിഞ്ഞ ഗ്രാമീണ-ഗോത്ര പ്രദേശങ്ങളിലെ ജനവിഭാഗത്തില്‍നിന്നാണ് ഇന്ന്, നക്സലൈറ്റുകള്‍ കൂടുതലും ഉയര്‍ന്നുവരുന്നത് എന്നര്‍ത്ഥം. അവര്‍ ഏറ്റവുമധികം വിജയം കൊയ്യുന്നതും, ഝാര്‍ഘണ്ട്, ഒറീസ്സ, ചത്തീസ്ഗഢ് മേഖലയിലെ ധാതു സമ്പന്ന ബെല്‍റ്റുകളിലാണ്. ധാതുസമ്പന്നമായ ഇതേ പ്രദേശങ്ങളില്‍തന്നെയാണ് വിദേശ, ഇന്ത്യന്‍ന്‍കിട കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കൊള്ളലാഭത്തിനുവേണ്ടി തമ്മില്‍ത്തമ്മില്‍ പോരടിക്കുന്നതും. ഈ വിരോധാഭാസം കണ്ടില്ലെന്നു നടിക്കാനാവില്ല.
അപ്പോള്‍, ആഭ്യന്തര സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്, ഈ പാവപ്പെട്ട ജനവിഭാഗത്തെയാണെന്നു വരുന്നു. കൊളോണിയല്‍ ഭരണത്തില്‍നിന്ന് വിടുതല്‍ കിട്ടിയതിനുശേഷം ഇന്ത്യ പിന്തുടര്‍ന്നുവരുന്ന വികസന സമീപനത്തിന്റെയും, ഇന്ത്യന്‍ ഭരണഘടനയുടെയും അന്തസ്സത്തക്ക് എതിരാണ് ഈ പ്രഖ്യാപനം. തീരുമാനങ്ങളെടുക്കുന്നതിനുമുന്‍പ്, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി കണക്കിലെടുക്കണമെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച ഗാന്ധിജിയും, നെഹ്രുവും, ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എങ്ങിനെയാകും ഈ മുദ്രകുത്തലിനെ കണ്ടിട്ടുണ്ടാവുക എന്നുകൂടി ആലോചിക്കാവുന്നതാണ്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നക്സലൈറ്റ് ആക്രമണങ്ങള്‍, പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ രൂക്ഷമായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തികവളര്‍ച്ചയും ഇതേ കാലയളവിലാണ് ഉണ്ടായിട്ടുള്ളതെന്നാണ് നമ്മുടെ നിഗമനം. പക്ഷേ നമ്മള്‍ അവകാശപ്പെടുന്ന ഈ വര്‍ദ്ധിതമായ സാമ്പത്തിക പുരോഗതി രാജ്യത്തെ ദരിദ്രപ്രദേശങ്ങളുടെയും ദരിദ്രരായ ജനവിഭാഗങ്ങളുടെയും വികസനത്തിന് സഹായകമായിട്ടില്ല. നഗരങ്ങളില്‍ ചെന്ന് ഭിക്ഷാടനത്തിലേക്കോ, വഴിയോരവില്‍പ്പന തൊഴിലിലേക്കോ, അതുമല്ലെങ്കില്‍, ആത്മാവു നഷ്ടപ്പെട്ട തൊഴില്‍രഹിതസമൂഹത്തിലേക്കോ ചേക്കേറാന്‍ വിസമ്മതിച്ച ഗ്രാമ-ഗോത്രവാസികള്‍, സാഹചര്യം കൊണ്ടും, മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടും നക്സലൈറ്റുകളായിത്തീരുകയാണ് ഉണ്ടായത്.
ഇതില്‍ ചിലര്‍ വൈദേശിക ബന്ധമുള്ള തീവ്രവാദി സംഘങ്ങളില്‍ ചെന്നുപെട്ടിരിക്കാന്‍ ഇടയുണ്ട്.അവരെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. തോക്കും ബോംബും ആയുധമാക്കുന്നവരെയും കര്‍ശനമായിതന്നെ നേരിടണം. പക്ഷേ, ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരായ വിഭാഗങ്ങളെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍, അവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനത്തിനുമാത്രമേ കഴിയൂ. കൃഷിയിലും ജലസേചനത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്.
ഇത് സാമാന്യയുക്തി മാത്രമാണ്. അത് സര്‍ക്കാരിനു നഷ്ടപ്പെടുമ്പോഴാണ്, ബിനായക് സെന്നിനെപ്പോലുള്ളവരെ ഇരുമ്പഴികള്‍ക്കകത്താക്കുന്നതും, നക്സലൈറ്റുകളുമായി അനുഭാവം പുലര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും.
*തെഹല്‍ക്കയില്‍, ആനന്ദ് സഹായ് എഴുതിയ ലേഖനത്തിന്റെ പരിഭാഷ.
Subscribe to:
Post Comments (Atom)
2 comments:
അറുപതുകളുടെ മദ്ധ്യത്തില്‍ ആദ്യം നമ്മള്‍ കേള്‍ക്കുമ്പോഴും, പിന്നീട് ശക്തി പ്രാപിച്ചപ്പോഴും, നക്സലൈറ്റുകള്‍ തങ്ങളുടെ നിലപാട് പരസ്യമായിതന്നെ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോന്നിരുന്നു.
സമചിത്തതയോടും യാഥാര്‍ത്ഥ്യബോധത്തോടും കൂടി എഴുതിയിരിക്കുന്നു എന്നാണ് അഭിപ്രായം , അവസാന പാര വരെ.
ബിനായക് സെന്‍ ഇരുമ്പഴിക്കകത്തായതിന്റെ വിശദാംശം അറിയില്ല.
Post a Comment