Wednesday, March 19, 2008
മകള്‍ക്ക്
പ്രിയപ്പെട്ട കലീല,
അഞ്ചുവര്‍ഷം മുന്‍പാണ്, അന്ന് പന്ത്രണ്ടു വയസ്സുണ്ടായിരുന്ന, ഏഴാം ക്ലാസ്സുകാരിയായ നീ, നിന്റെ സഹപാഠികളുടെ കൂടെ ഇറാഖ് യുദ്ധത്തിനെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്തത്.
ഇന്ന്, 17 വയസ്സുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നീ. ബിരുദധാരിയാകാന്‍ ഇനി മാസങ്ങള്‍ മാത്രം. കുറച്ചു മാസത്തേക്കു മാത്രമെന്നു പറഞ്ഞ് നമ്മള്‍ തുടങ്ങിയ ആ യുദ്ധമാകട്ടെ, ഇനിയും അവസാനിച്ചിട്ടുമില്ല. ഈ ശരത്‌ക്കാലത്ത് നീ കോളേജിലേക്ക് പ്രവേശിക്കുമ്പോള്‍ നിന്റെ കൂടെയുണ്ടായിരുന്ന പഴയ പല ബാല്യകാലസുഹൃത്തുക്കളും ഇറാഖിലേക്ക് പോയിട്ടുണ്ടാകും. ഒരിക്കലും തുടങ്ങരുതായിരുന്ന ആ നശിച്ച യുദ്ധത്തില്‍ പങ്കെടുക്കാന്‍.
ഈ അധിനിവേശ യുദ്ധത്തിന്റെ ഫലമായി, ലോകം മുഴുവന്‍ അമേരിക്കയെ വെറുക്കുകയും, പണ്ടത്തേക്കാളൊക്കെയധികം ഭീമമായ തീവ്രവാദത്തിന്റെ ഭീഷണി നമ്മെ തുറിച്ചുനോക്കുകയും ചെയ്യുന്ന ഈ വേളയിലാണ് നീ യ്‌ഔവ്വനയുക്തയാകുന്നത്. അപ്പോഴേക്കും മൂന്നു ട്രില്ല്യണ്‍ ഡോളറുകളിലുമധികം നമ്മള്‍ ചിലവഴിച്ചിട്ടുണ്ടാകും ഈ യുദ്ധത്തില്‍. ഇനി വരുന്ന എത്രയോ ദശകങ്ങളില്‍, നമ്മള്‍ ആ തുകയും അതിന്റെ പലിശയും കൊടുത്തുകൊണ്ടേയിരിക്കുകയും വേണം. നിന്റെയും അതിനുശേഷം വരുന്ന എത്രയോ തലമുറയുടെയും ജീവിതത്തെ സുരക്ഷിതവും, ആരോഗ്യപ്രദവും, സന്തോഷപ്രദവുമായ ഒന്നാക്കാന്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്ന പണമാണത്. ആരോഗ്യപരിപാലനത്തിനും, വിദ്യാഭ്യാസത്തിനും, പരിസ്ഥിതി നന്മക്കും, വീടുകള്‍ നിര്‍മ്മിക്കാനും, അങ്ങിനെ എത്രയോ ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന പണം. ഈ യുദ്ധത്തിന്റെ സാമ്പത്തിക കെടുതികള്‍ ഇപ്പോള്‍ തന്നെ നിന്റെ ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കും അല്ലേ? ബിരുദം നേടി കോളേജിലേക്കെത്തുമ്പോള്‍ ഒരു യൂറോപ്പ്യന്‍ പര്യടനം വാക്കു തന്നിരുന്നു ഞങ്ങള്‍. ഡോളറിന്റെ മൂല്യശോഷണംകൊണ്ട് നിന്റെ അടുത്ത കൊല്ലത്തെ കോളേജ് റ്റ്യൂഷന്‍ ഫീസ് എങ്ങിനെ കൊടുത്തുതീര്‍ക്കുമെന്ന വേവലാതിയിലാണ് പക്ഷേ ഇപ്പോള്‍ ഞാനും നിന്റെ അമ്മയും.
നിനക്ക് ഓര്‍മ്മയുണ്ടല്ലോ, ഞാനും നിന്റെ അമ്മയുമൊക്കെ ആദ്യം മുതലേ ഈ യുദ്ധം തടയാന്‍ ആവുന്നത്ര ശ്രമിച്ചതാണ്. അന്യരാജ്യത്ത് കടന്നു ചെന്ന് നമ്മുടെ രാജ്യം ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത് കണ്ടുവളര്‍ന്ന തലമുറയായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ആ അനുഭവം നിനക്കെങ്കിലും ഉണ്ടാകരുതെന്നും ഞങ്ങള്‍ മോഹിച്ചിരുന്നു.
ഇറാഖ് നമുക്കൊരിക്കലും ഒരു ആഭ്യന്തര ഭീഷണിയായിരുന്നില്ലെന്നും, ഇറാഖ് അധിനിവേശം ഒരു വന്‍വിപത്തായിരിക്കുമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസംഗിക്കാനും ബോദ്ധ്യപ്പെടുത്താനുമായി നാടൊട്ടുക്ക് സഞ്ചരിക്കുമ്പോള്‍ നിന്റെ അസാന്നിദ്ധ്യം ഞാന്‍ വല്ലാതെ അനുഭവിച്ചിരുന്നു. എന്നെ അധിക്ഷേപിച്ചും, ഞാന്‍ സദ്ദാമിന്റെ അനുയായിയാണെന്നും, എന്റെ ഗവേഷണങ്ങള്‍ക്ക് ഭീകരവാദികളാണ് പണം ചിലവഴിക്കുന്നതെന്നുമുള്ള ടെലിവിഷനിലെ പരാമര്‍ശങ്ങള്‍ കേട്ട് നീ കരയാറുണ്ടായിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ആ അധിക്ഷേപങ്ങളും അവഹേളനങ്ങളും എന്റെ ആരോഗ്യത്തെയും, നീയും, നിന്റെ താഴെയുള്ളവരും, നിന്റെ അമ്മയുമായുമുള്ള എന്റെ ബന്ധത്തെപ്പോലും ബാധിച്ചതും നീയും ഓര്‍ക്കുന്നുണ്ടാകും.
പക്ഷേ അതേ സമയം, സാന്‍ഫ്രാസിസ്‌കോയിലെ ജനസാന്ദ്രമായ പൊതു സമ്മേളനങ്ങളില്‍ ഞാന്‍ പ്രസംഗിക്കുന്നത് അഭിമാനത്തോടെ നീ കേട്ടിരിക്കുന്നതും, എനിക്കു കിട്ടിയ പാസ്സ് ഉപയോഗിച്ച്, ബോണി റൈറ്റിനെ നീ പോയി സന്ദര്‍ശിച്ചതും, ആ പ്രസന്നമായ ഫെബ്രുവരി മദ്ധ്യാഹ്നത്തിന്റെ ചരിത്രഭാഗമാകാന്‍ കഴിഞ്ഞതില്‍ നിനക്കുണ്ടായ സന്തോഷവും എല്ലാം എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. യുദ്ധത്തെ തടയാന്‍ നിനക്കാവില്ലെങ്കിലും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഭാഗഭാക്കാവാന്‍ വേണ്ടി നീ പിന്നീട് നിരവധി പ്രകടനങ്ങളില്‍ പങ്കെടുത്തതും ഞാന്‍ കണ്ടിട്ടുണ്ട്.
1990 ഒക്ടോബറിലാണ് നീ ജനിച്ചത്. ആദ്യത്തെ ഇറാഖ് യുദ്ധം തുടങ്ങുന്നതിന്റെ തലേന്ന്. 'പ്രിയപ്പെട്ടവള്‍' എന്ന് അര്‍ത്ഥം വരുന്ന ഒരു അറബി പേരാണ് നിനക്ക് ഞങ്ങളിട്ടത്. പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാന്‍ വേണ്ടി ഏതു രാജ്യത്തെ ആളുകളെ കൊല്ലാന്‍ വേണ്ടിയാണോ നമ്മുടെ രാജ്യം തയ്യാറെടുക്കുന്നത്, ആ ആളുകളോടുള്ള ബഹുമാനസൂചകമായിട്ടാണ് ഞങ്ങള്‍ നിനക്ക് ആ പേരു നല്‍കിയത്. നിന്റെ ഇത്രയും നാളത്തെ ജീവിതത്തിലുടനീളം അമേരിക്ക ഇറാഖികളെ കൊന്നൊടുക്കുകയായിരുന്നു. നിന്റെ അതേ പ്രായത്തിലുള്ള ഒരു തലമുറ മുഴുവനും, അവിടെ, ആ ഭാഗ്യം കെട്ട രാജ്യത്ത്, യുദ്ധവും, ഉപരോധങ്ങളും, ദുരിതങ്ങളുമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ജീവിച്ചുമരിക്കുകയാണ്.
നമ്മുടെ ഈ രാജ്യത്തെക്കുറിച്ചും, അതിന്റെ ഭരണാധികാരികളെക്കുറിച്ചുമുള്ള നിന്റെ കാഴ്ചപ്പാടുകളെ എങ്ങിനെയാകും ഈ അധിനിവേശം സ്വാധീനിച്ചിട്ടുണ്ടാവുക എന്നും ഞാന്‍ ആലോചിക്കുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരിക്കലും സദ്ദാമിന് സാധ്യമല്ല എന്ന്, പമ്പരവിഢിയായ ഈ അച്ഛനുപോലും മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍, മറിച്ചുള്ളൊരു അവകാശവാദവുമായി വരുന്ന നമ്മുടെ പ്രസിഡന്റും, വൈസ്‌പ്രസിഡന്റും, മുതിര്‍ന്ന ക്യാബിനറ്റ് ഉദ്യോഗസ്ഥന്മാരും, ജനപ്രതിനിധിസഭയിലെ ഇരു രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളും ആവര്‍ത്തിച്ചുവിളമ്പുന്ന നുണ നിനക്ക് നല്ലവണ്ണം ഊഹിക്കാന്‍ കഴിയും. അതിന്റെ ഫലമായി എന്താണ് ഒടുവില്‍ സംഭവിക്കുന്നത്? ക്രിയാത്മകമായ വിമര്‍ശനബുദ്ധിയോടെ സര്‍ക്കാരിനെയും രാജ്യത്തെയും നോക്കിക്കാണുന്ന തലമുറയാകാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരുകയും, സാമ്രാജ്യത്വ അധിനിവേശത്തെ പിന്തുണക്കാന്‍ എന്തു നുണയും പ്രചരിപ്പിക്കുന്നവരാണ് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും എന്ന നിഗമനത്തിലേക്ക് നീയും നിന്റെ തലമുറയും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്യുന്നു.
ഇതൊക്കെയായിട്ടും, നിന്നിലെ ആ യൗവ്വനതീക്ഷ്ണമായ ആദര്‍ശവാദം മുഴുവനായും നശിച്ചിട്ടില്ല. ഇറാഖ് ഒരു ഭീഷണിയല്ലെന്നും, യുദ്ധം അനാവശ്യമാണെന്നും അഞ്ചുകൊല്ലം മുന്‍പു തന്നെ തിരിച്ചറിഞ്ഞ ബാരക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വ പ്രചരണത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നിന്റെയും നിന്റെ തലമുറയുടെയും ആവേശം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. 1972-ലെ ജോര്‍ജ്ജ് മക്‍ഗവേണിന്റെ സ്ഥാനാര്‍ത്ഥിപ്രചരണപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് നിന്റെ പ്രായമായിരുന്നു. അന്ന് ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷയും എനിക്കിന്ന് ഓര്‍മ്മ വന്നുപോയി. ഒരു വ്യത്യാസമേയുള്ളു. നിന്റെ സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വിജയസാദ്ധ്യതകള്‍ കാണാന്‍ കഴിയുന്നുണ്ട്. നിന്റെ ജീവിതത്തിലെ ആദ്യത്തെ വോട്ട്, നീ വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിക്കുതന്നെ ചെയ്യാന്‍ കഴിയുക എന്നത് ഒരു നല്ല കാര്യമാണ്. സത്യം പറഞ്ഞാല്‍, ഒബാമയുടെ ഭരണം ഭാവിയില്‍ നിങ്ങളെ ഒരു പക്ഷേ ചില കാര്യങ്ങളിലെങ്കിലും നിരാശപ്പെടുത്തിയേക്കാനും വഴിയുണ്ട്. എങ്കിലും, ബുഷിന്റെ ഇറാഖ് ആക്രമണത്തെ അഞ്ചുവര്‍ഷം മുന്‍പ് പിന്തുണച്ച ആ ഹിലാരി ക്ലിന്റന്‍ ജയിക്കാന്‍ ഇടവന്നാല്‍, അത് നിനക്കും നിന്നെപ്പോലുള്ള ഉത്‌പതിഷ്ണുക്കളായ തലമുറക്കും വല്ലാത്ത ആഘാതമായിരിക്കുമെന്നും എനിക്കറിയാം.
ആരുതന്നെ പ്രസിഡന്റായാലും ശരി, ഈ യുദ്ധം ഇനി വരുന്ന കുറേ നാളത്തേക്കെങ്കിലും നിന്റെ ജീവിതത്തെ സ്വാധീനിക്കുകതന്നെ ചെയ്യും. തീര്‍ച്ച. സൈനികവും, വിഘടിക്കപ്പെട്ടതും, സാമ്പത്തികമായി തകര്‍ന്നു തരിപ്പണവുമായ സമൂഹത്തില്‍, അനിശ്ചിതമായ ഭാവിയെ ഉറ്റുനോക്കേണ്ടിവരുന്ന, സുന്ദരിയും, ഉത്സാഹവതിയും, കഴിവുറ്റവളുമായ നിന്നെ കാണേണ്ടിവരുമ്പോള്‍, അച്ഛന്‍ മോഹിച്ചുപോവുകയാണ്, ഈ യുദ്ധത്തെ തടയാന്‍, മറ്റേതെങ്കിലും വിധത്തില്‍, കുറച്ചെന്തെങ്കിലുംകൂടി ചെയ്യാന്‍ അച്ഛന് കഴിഞ്ഞിരുന്നെങ്കിലെന്ന്.
*സാന്‍ഫ്രാസിസ്‌കോ സര്‍വ്വകലാശാലയിലെ പൊളിറ്റിക്സ് വിഭഗം പ്രൊഫസ്സര്‍ സ്റ്റീഫന്‍ സൂന്‍സ് -Stephen Zunes-എഴുതിയ ലേഖനത്തിന്റെ(commonsense.org-യില്‍ പ്രസിദ്ധീകരിച്ചത് )പരിഭാഷ. ഇവിടെ
ബോണി റൈറ്റ്- നിരവധി തവണ ഗ്രാമി പുരസ്കാരം നേടിയ കാലിഫോര്‍ണിയന്‍ സംഗീതജ്ഞ. പ്രമുഖയായ പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റുമാണ് റൈറ്റ്
Subscribe to:
Post Comments (Atom)
7 comments:
ഒരു അച്ഛന്‍ മകള്‍ക്ക് എഴുതിയ കത്ത്
ഈ പരിഭാഷ ഇവിടെ പോസ്റ്റിയതിനു നന്ദി, രാജീവേട്ടാ.
:)
നന്ദി , ഇത് ഇവിടെ എത്തിച്ചതിന്
നല്ല പോസ്റ്റ്..
ശരിക്കും ബാരക് ഒബാമയില്‍ പ്രതിക്ഷവെച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടാകുമോ...ഹാാ..
ഈ അച്ഛന്‍ ലോകം കുറെ കണ്ടതാണ്. പക്ഷെ മകളുടെ ആവേശം അയാള്‍ തണുപ്പിക്കുന്നില്ല. അവളോരോന്നും പഠിച്ചുവളരട്ടേ.
Thanks to the person from whose blog I reached here. And you, Rajeev, where do you pick up all these man? Earlier it was that letter on Ghandhi.(Unfortunately it was hijacked.) I went to the link and read this letter in original. You are doing a great service.
Do truth loose it's capacity evoke response by being repeated? Are we not immune to all these? Are we humans anymore? I don't know.
The prophet of frivolity
thanks for your reading and comments.
i sincerely doubt we are humans anymore, and ultimate faith in the triumph of good and justice, hardly catch my fancy, though i prefer to keep it as a long cherished dream. maybe the hangover of being a human being. nothing else, i hope.
അഭിവാദ്യങ്ങളോടെ
Post a Comment