Saturday, March 22, 2008
സുന്ദരമായ കടാശ്വാസം!!
വിദര്‍ഭയിലും അനന്തപുറിലും അതുപോലുള്ള മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ സ്ഥിതിവിശേഷത്തിന്റെ ചുവടുപിടിച്ചാണ്, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഭാവന ചെയ്യപ്പെട്ടത്. ഗ്രാമീണമേഖലയിലെ കാര്‍ഷിക തകര്‍ച്ചയെ കണ്ട ഭാവം പോലും നടിക്കാത്ത മാധ്യമങ്ങളിലൂടെ വല്ലപ്പോഴുമൊരിക്കല്‍ ഊര്‍ന്നിറങ്ങുന്ന വാര്‍ത്തകളിലൂടെ ഈ ദുസ്ഥിതി സര്‍ക്കാര്‍ മനസ്സിലാക്കി എന്നത്, ആശ്വാസവും സന്തോഷവും നല്‍കുന്ന ഒരു കാര്യമാണ്. പക്ഷേ, ആ പദ്ധതിയുടെ ഇന്നത്തെ രൂപം, ആ പ്രദേശങ്ങളെയും അവരുടെ പ്രശ്നത്തെയും സ്പര്‍ശിക്കുന്നതേയില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണം ലഭിക്കുമെന്നത് ശരിതന്നെ. എങ്കിലും, ചിലര്‍ അവകാശപ്പെടുന്നതുപോലെ, മുന്‍കാല ഉദാഹരണങ്ങളില്ലാത്തതൊന്നുമല്ല ഇത്. കൊളോണിയല്‍ ഭരണകാലത്തുപോലും ഇത്തരം എഴുതിത്തള്ളല്‍ ഒന്നിലേറെ തവണ നടന്നിട്ടുമുണ്ട്. കര്‍സ മാഫി(ഋണബാധ്യതക്കു മാപ്പുകൊടുക്കുക) എന്നൊക്കെയായിരുന്നു അന്ന് അവയുടെ പേര്. ആ എഴുതിത്തള്ളല്‍ സ്വകാര്യ പണമിടപാടുകാരെ ഉദ്ദേശിച്ചായിരുന്നു. അന്ന് ദേശസാല്‍കൃതബാങ്കുകളൊന്നും ഉണ്ടായിരുന്നില്ലല്ലൊ. എന്നാല്‍ ഇപ്പോഴത്തെ ഈ ഋണബാദ്ധ്യത എഴുതിത്തള്ളല്‍ ഈയൊരു ഘടകത്തെ കണക്കിലെടുക്കുന്നതേയില്ല. കര്‍ഷകരുടെ വായ്പകളില്‍ ഭൂരിഭാഗവും ഇത്തരം സ്വകാര്യ പലിശക്കാരില്‍നിന്നും എടുത്തവയായിരുന്നു. വിദര്‍ഭയിലെ കര്‍ഷകരുടെ കടബാദ്ധ്യതകളില്‍ മൂന്നില്‍ രണ്ടോ, നാലില്‍ മൂന്നു ഭാഗമോ ഇത്തരം സ്വകാര്യ കൊള്ളപ്പലിശക്കാരില്‍നിന്നും എടുത്ത വായ്പകളാണ്. ഈ ഋണബാദ്ധ്യത പരിഹരിക്കാനുള്ള ഒരു ശ്രമവും ഇതുവരെ നമ്മള്‍ തുടങ്ങിയിട്ടുമില്ല.
സ്വകാര്യ പലിശക്കാരനെ സ്പര്‍ശിക്കാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് നമ്മുടെ ആദ്യത്തെ പരാജയം. വിദര്‍ഭയില്‍, കൃഷിക്കാരുടെ കൈവശമുള്ള ശരാശരി ഭൂപരിധി 7.5 ഏക്കര്‍, അഥവാ, 3.03 ഹെക്ടറാണ്. ബാങ്ക് ലോണ്‍ എഴുതിത്തള്ളാനുള്ള കൈവശഭൂമിയുടെ പരിധി രണ്ട് ഹെക്ടറും. അതിലും വളരെ കൂടുതലാണ് ഭൂരിഭാഗം കൃഷിക്കാരുടെയും കയ്യിലുള്ളത്. വിദര്‍ഭയിലെ കര്‍ഷകരില്‍ 50 ശതമാനത്തിലധികംപേര്‍ക്ക് രണ്ട് ഹെക്ടറിലും കൂടുതല്‍ ഭൂമിയുണ്ട്.അവര്‍ വലിയ ജന്മികളായതുകൊണ്ടൊന്നുമല്ല അത്. പരന്നുകിടക്കുന്ന, ഫലഭൂയിഷ്ഠമല്ലാത്ത ഭൂമിയാണ് മിക്കതും. യവത്‌മല്ലിലെ ദരിദ്രരായ ആദിവാസികള്‍ ചിലര്‍ക്ക് പത്ത് ഏക്കറിലും കൂടുതല്‍ നിലമുണ്ട്. പക്ഷേ അതില്‍ നിന്ന് കിട്ടുന്ന വിളവാകട്ടെ, തീരെ തുച്ഛവും. ആന്ധ്രപ്രദേശിലെ അനന്തപുറിലെ ധാരാളം കര്‍ഷകരും, കൈവശമുള്ള ഭൂപരിധിയുടെയും മറ്റു സാങ്കേതികത്വത്തിന്റെയും പേരില്‍ കടാശ്വാസത്തിന് അര്‍ഹതയില്ലാത്തവരായി തീരും. പക്ഷേ, കേന്ദ്ര കൃഷികാര്യമന്ത്രിയുടെ പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കാകട്ടെ, ഇതുകൊണ്ട് നേട്ടമുണ്ടാവുകയും ചെയ്യും. രണ്ട് ഹെക്ടറില്‍ താഴെയാണെങ്കിലും, ജലസേചനം ചെയ്ത, ഫലഭൂയിഷ്ഠമായ ഭൂമിയാണ് അവരുടെ പക്കലുള്ളത്.
രണ്ട് ഹെക്ടറിലും മീതെ ഭൂമിയുള്ളവരുടെ ബാങ്ക് ലോണുകള്‍ക്ക് ഇപ്പോഴും ആ പഴയ സമ്പ്രദായത്തിലുള്ള 'ഒറ്റത്തവണ സഹായം' (One-time settlement) മാത്രമേ ലഭിക്കൂ. അതുപ്രകാരം, വായ്പയുടെ 75 ശതമാനം അവര്‍ അടച്ചുതീര്‍ത്താല്‍, ബാക്കി 25 ശതമാനം തുകയില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടും എന്നര്‍ത്ഥം. വലിയ കര്‍ഷകര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. 75 ശതമാനം കൊടുക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു. 75 അല്ല, മുഴുവനും അവര്‍ അടക്കുമായിരുന്നു.
ഇനി, ഈ രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരില്‍തന്നെ, വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമേ ബാങ്കിന്റെ സഹായവും മറ്റും കിട്ടുന്നുള്ളു. ദുരിത ബാധിത പ്രദേശങ്ങളിലെ ഗുണഭോക്താക്കളായ മൊത്തം കര്‍ഷകരില്‍ വളരെ ചെറിയ ശതമാനം ആളുകള്‍ക്കു മാത്രമാണ് സഹായം കിട്ടുക. അതുകൊണ്ടും അവസാനിക്കുന്നില്ല. അര്‍ഹതപ്പെട്ടവരില്‍തന്നെ പലര്‍ക്കും, പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് കിട്ടുന്ന തോതിലുള്ള സഹായം കിട്ടുകയില്ല. ഉദാഹരണത്തിന്, അവിടുത്തെ കരിമ്പുകൃഷിക്ക് കിട്ടുന്ന ശരാശരി വായ്പ, ഏക്കറിന് 13,000 രൂപയാണ്. അതിനുപുറമെ, ജലസേചനത്തിന് ഏക്കറൊന്നിന് 18,000 രൂപയും അവര്‍ക്കു കിട്ടുന്നു. വിദര്‍ഭയിലെ പരുത്തിക്കൃഷിക്കാകട്ടെ, ഏക്കറിന് കേവലം 4,000 രൂപയും. കടം എഴുതിത്തള്ളുന്ന പദ്ധതി ആത്യന്തികമായി സഹായിക്കുന്നത്, ധനികരായ കര്‍ഷകരെയാണെന്ന് ചുരുക്കം. രാഷ്ട്രീയമായി പറഞ്ഞാല്‍, കേന്ദ്രകൃഷിമന്ത്രി ശരത്‌പവാറിന്റെ മണ്ഡലങ്ങളെ. കോണ്‍ഗ്രസ്സിന് വേരുകളുള്ള വിദര്‍ഭയില്‍ ഈ പദ്ധതികൊണ്ട് യാതൊരു പ്രയോജനവും കിട്ടുന്നുമില്ല. വിദര്‍ഭക്കു പുറത്തുള്ള മുന്തിരി കൃഷിക്കാര്‍ക്ക് കിട്ടുന്ന ശരാശരി വായ്പ, ഏക്കറിന് 80,000 രൂപയാണ്.
പദ്ധതികൊണ്ട് ഗുണം ലഭിക്കുന്ന വിദര്‍ഭയിലെ ന്യൂനപക്ഷത്തിനെ സാരമായി ബാധിക്കുന്ന മറ്റൊരു വ്യവസ്ഥയാണ് 2007 മാര്‍ച്ച് 31 എന്ന സമയപരിധി. പരുത്തി മേഖലയിലെ മിക്ക വായ്പകളും ഏപ്രിലിനും ജൂണിനും ഇടക്ക് എടുത്തിട്ടുള്ളവയാണ്. കരിമ്പുകൃഷി മേഖലയിലാകട്ടെ, വായ്പകളെടുത്തിട്ടുള്ളത്, ജനുവരിക്കും മാര്‍ച്ചിനുമിടയിലും. വായ്പയെടുത്ത വര്‍ഷങ്ങള്‍ കണക്കാക്കുമ്പോള്‍, മറ്റുള്ളയിടങ്ങളിലെ കൃഷിക്കാരേക്കാളും ഒരു കൊല്ലം കുറവാണ് തത്ത്വത്തില്‍ വിദര്‍ഭയിലെ കൃഷിക്കാര്‍ക്കു ലഭിക്കുന്നത് എന്ന് സാരം.
വരണ്ടപ്രദേശങ്ങളെയും അല്ലാത്തവയെയും വേര്‍തിരിക്കാതിരുന്നതും, വലിയ വിവേചനം സൃഷ്ടിക്കാന്‍ ഇടയാക്കും. പശ്ചിമബംഗാളിലും, ദുരിതാവസ്ഥ താരതമ്യേന കുറഞ്ഞ കേരളത്തിലുമുള്ള അസംഖ്യം കര്‍ഷകര്‍ രണ്ട് ഹെക്ടറിനും താഴെ ഭൂമിയുള്ളവരാണ്. കൃഷി തകര്‍ന്നതുകാരണം, പ്രതീക്ഷിക്കാതെ കിട്ടിയ ഈ കടാശ്വാസം അവര്‍ക്ക് വലിയ ആശ്വാസമൊന്നും നല്‍കുന്നുമില്ല. എന്നാല്‍, സഹായം യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടവരായ വരണ്ട പ്രദേശങ്ങളിലെ കൃഷിക്കാര്‍ക്ക് ഈ സഹായമൊട്ട് ലഭിച്ചതുമില്ല. മാത്രവുമല്ല, ബംഗാളിലെയും കേരളത്തിലെയും കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകള്‍, വിദര്‍ഭയിലെ കര്‍ഷകരേക്കാള്‍ താരതമ്യേന ലഭ്യവുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, കടാശ്വാസത്തിലെ 9,310 കോടി രൂപയും മഹാരാഷ്ട്രക്ക് ലഭിച്ചുവെന്നാണ്. അതായത്, മൊത്തം സംഖയുടെ ആറില്‍ ഒരു ഭാഗം. അതിലെ ഒരു തീരെ ചെറിയ ശതമാനം മാത്രമാണ് വിദര്‍ഭക്ക് ലഭിച്ചത്. ബാക്കി മുഴുവനും കൈക്കലാക്കിയത്, മേലേത്തട്ടിലുള്ള കൃഷിക്കാരും. രാജ്യമൊട്ടുക്കുള്ള വരണ്ടകൃഷിയിടങ്ങളിലെ മറ്റു കൃഷിക്കാര്‍ക്ക്, ഉദാഹരണത്തിന് റായലസീമയിലെയും, ബന്ദുല്‍ഘന്ദിലെയും കൃഷിക്കാര്‍ക്ക്-അവര്‍ക്ക് എത്രയാണ് കിട്ടിയത്?
ഇനി, ഈയൊരു കടം എഴുതിത്തള്ളല്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണോ? ഓരോ വര്‍ഷവും, ദേശസാല്‍കൃത ബാങ്കുകള്‍ ആയിരക്കണക്കിനു കോടി രൂപയാണ് ഇത്തരത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളുന്നത്. ആരുടെ കടം? അതിസമ്പന്നരായ തീരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കടം. അതും ഒരിക്കല്‍ മാത്രമൊന്നുമല്ല. എല്ലാകൊല്ലവും നടക്കുന്ന ഒരു ഏര്‍പ്പാടാണത്.രണ്ടായിരത്തിനും രണ്ടായിരത്തി നാലിനുമിടക്ക് ബാങ്കുകള്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയത്, 44,000 കോടി രൂപയാണ്. സമ്പന്നരായ ഒരു ന്യൂനപക്ഷത്തെ സഹായിക്കാനാണ് ഇത് ചെയ്യുന്നതും. ഉദാഹരണത്തിന്, കേതന്‍ പരേഖ് എന്ന ഒരു വ്യവസായ ഗ്രൂപ്പിന് ഇത്തരത്തില്‍ ലഭിച്ചത്, 60 കോടിയുടെ ഇളവായിരുന്നു. പക്ഷേ, ഇതൊക്കെ പരമരഹസ്യമായിട്ടാണ് എഴുതിത്തള്ളുന്നത്. എന്‍.ഡി.എ.യുടെ അവസാനവര്‍ഷമായ 2004-ല്‍ ഇത്തരം എഴുതിത്തള്ളലുകള്‍ 16 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. അതിപ്പോഴും കുറഞ്ഞിട്ടുമില്ല.
അവിശ്വസനീയമായ സമ്മാനങ്ങള്‍
ഈ ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ, മറ്റൊന്നുകൂടി തത്സമയം നടക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍. വര്‍ഷാവര്‍ഷം 40,000 കോടി രൂപ വരുന്ന സമ്മാനങ്ങള്‍. കഴിഞ്ഞ ഒരു ദശകക്കാലമായി, വര്‍ഷംതോറും ബഡ്ജറ്റില്‍ നീക്കിവെക്കുന്ന ശരാശരി സംഖ്യയാണ് ഈ പറഞ്ഞത്. അതുകൂടാതെ, നേരിട്ടു കൊടുക്കുന്ന സഹായങ്ങള്‍ വേറെയുമുണ്ട്. അതെത്രയാണെന്ന് ആര്‍ക്കുമറിയുകയുമില്ല. വലിയൊരു തുകയാണെന്നു മാത്രം എല്ലാവര്‍ക്കും അറിയാം. ഇനി, 'നികുതി അവധികള്‍' എന്നൊക്കെയുള്ള പേരുകളില്‍. ഇതെല്ലാംകൂടി ഒരുമിച്ചു കൂട്ടിയാല്‍ കിട്ടുന്ന തുക കണക്കാക്കുമ്പോള്‍, ഈ കൃഷിക്കാര്‍ക്ക് നല്‍കിയ 'ഒറ്റത്തവണ' എഴുതിത്തള്ളലിനു ചിലവാക്കിയ തുക, വെറും നയാപൈസകണക്ക് മാത്രമാണെന്ന് മനസ്സിലാകും.
പക്ഷേ ഇതുകൂടി ശ്രദ്ധിക്കുക. ഒരു ഹെക്ടറിലും താഴെ മാത്രം ഭൂമിയുള്ള എത്രയോ ദശലക്ഷം വരുന്ന, ഒരു വലിയ വിഭാഗം കൃഷിക്കാരുണ്ട്. അതില്‍, 7.2 ദശലക്ഷം കൃഷിക്കാര്‍ക്ക് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. അവരില്‍നിന്ന് മൊത്തം പിരിച്ചുകിട്ടാനുള്ള തുക 20,449 കോടിരൂപയാണ്. (Reserve Bank of India: Handbook of Statistics on the Indian Economy 2006-2007 ). അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസ്സോസ്സിയേഷന്റെ ദേവിദാസ് തുല്‍ജാപുര്‍കര്‍ പറയുന്നതുപ്രകാരം, ദേശസാല്‍കൃതബാങ്കുകള്‍ വര്‍ഷാവര്‍ഷം കിട്ടാക്കടമായി എഴുതിത്തള്ളുന്നത്, ഏറെക്കുറെ ഇതേ സംഖ്യയാണ്. പ്രധാനമായും വ്യവസായങ്ങള്‍ക്കുവേണ്ടി. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനും ഇടയില്‍ ഭൂമി കൈവശമുള്ള കൃഷിക്കാര്‍ (ബാങ്ക് അക്കൗണ്ടുള്ളവര്‍) 5.9 ദശലക്ഷമാണ്. അവരില്‍നിന്ന് പിരിച്ചുകിട്ടാനുള്ള തുക 20,758 കോടിരൂപയും. അതായത്, ബാങ്ക് അക്കൗണ്ടുള്ള ഈ മൊത്തം 13 ദശലക്ഷം കൃഷിക്കാര്‍ തിരിച്ചടക്കേണ്ട മൊത്തം തുക, ഒരു ചെറിയ സമ്പന്ന-ന്യൂനപക്ഷത്തിനുവേണ്ടി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത്, ബാങ്കുകള്‍ എഴുതിത്തള്ളിയ 44,000 കോടിക്കും താഴെമാത്രമേ വരുന്നുള്ളുവെന്ന്.
ഈ 'എഴുതിത്തള്ളല്‍' ഒരു വലിയ വിഭാഗത്തിന് നല്ല ആശ്വാസം നല്‍കുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പക്ഷേ, ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കെന്നല്ല, നിര്‍ണ്ണായകമായ അടിയന്തിരഘട്ടങ്ങള്‍ക്കുപോലും ഇതൊരു ശാശ്വത പരിഹാരമല്ല.
ഈ ബഡ്ജറ്റിലെ ഒരു വകുപ്പും കൃഷിയില്‍നിന്നുള്ള ആദായം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ല. എന്നുപറഞ്ഞാല്‍, അടുത്ത രണ്ടുവര്‍ഷത്തിനകം തന്നെ, കൃഷിക്കാര്‍ കടക്കെണിയില്‍ വീണ്ടും ചെന്നുവീഴുമെന്ന്. മറ്റു മേഖലയിലുള്ളവരേക്കാള്‍ താരതമ്യേന വരുമാനം കുറവാണ് കൃഷിമേഖലയിലുള്ളവര്‍ക്ക്. ഓരോ വര്‍ഷം കഴിയുമ്പോഴും ആ വരുമാനം താഴുകയുമാണ്. ഭാവിയില്‍ കിട്ടാന്‍ പോകുന്ന സാമ്പത്തിക സഹായത്തിന് അവര്‍ വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്യും. ചെറിയ പലിശനിരക്കുള്ളതോ, പലിശരഹിതമോ ആയ വായ്പകള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനകളൊക്കെ നിരസിക്കപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ആഗോളവിലയില്‍നിന്നും കര്‍ഷകരെ രക്ഷിക്കാനുള്ള 'താങ്ങുവില'പോലുള്ള പദ്ധതികളും, അഞ്ചുവര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കാന്‍ സഹായിക്കുന്ന നയങ്ങളുമൊന്നും പരിഗണിക്കുകപോലും ചെയ്തിട്ടില്ല. അനന്തപുറിലും മറ്റുപ്രദേശങ്ങളിലും നിലനില്‍ക്കുന്ന അന്യായമായ വിള ഇന്‍ഷുറന്‍സ് നിയമങ്ങളും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഏതായാലും ബഡ്ജറ്റ് സെഷനിലേക്ക് ഇനിയും സമയമുണ്ട്. സര്‍ക്കാരിന് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഇനിയുള്ള ചുരുങ്ങിയ സമയംകൊണ്ട്, ദുരിതബാധിതപ്രദേശങ്ങളിലെ കൃഷിക്കാരെ സഹായിക്കുവാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണമെങ്കില്‍ സാധിക്കും. ഇവിടെ സൂചിപ്പിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ഒരു വിശദമായ മാര്‍ഗ്ഗരേഖയുണ്ടാക്കാനും, ഊഷരപ്രദേശങ്ങളെ വ്യക്തമായി നിര്‍വ്വചിക്കാനും സാധിക്കും.നമ്മുടെ മാധ്യമങ്ങള്‍ കൃഷിക്കാരെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ബഡ്ജറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും തമാശതോന്നുന്ന ഒരു കാര്യം. സമൂഹത്തിലെ മേലേക്കിടയിലുള്ളവരാണ്,'കര്‍ഷകന് അനുഗുണ'മായ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്നത്. അതായത്, കമ്പനി മേധാവികള്‍, സ്റ്റോക്ക്ബ്രോക്കര്‍മാര്‍, ബിസിനസ്സ് എഡിറ്റര്‍മാര്‍, സൂട്ടും കോട്ടുമിട്ട കോര്‍പ്പറേറ്റ് ഭീമന്മാര്‍, ആദിയായവര്‍. ബഡ്ജറ്റിന്റെ തലേദിവസം ഒരു ദൃശ്യമാധ്യമ അവതാരകന്‍ തന്റെ പാനലിനോടു ചോദിച്ച ചോദ്യം ഇതായിരുന്നു. "ഈ ബഡ്ജറ്റ്, സാധാരണക്കാരന്റെ ബഡ്ജറ്റായിരിക്കുമോ, അതോ, രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്ന ഒന്നായിരിക്കുമോ" എന്ന്.
ബഡ്ജറ്റ് പുറത്തുവന്നപ്പോള്‍ മറ്റൊരു അവതാരകന്‍ പറഞ്ഞത്, 'ബഡ്ജറ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍, നല്ല വാര്‍ത്തയല്ല. കോര്‍പ്പറേറ്റ് നികുതികളുടെ നിലവാരം വെട്ടിക്കുറക്കാനുള്ള ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടില്ല' എന്നായിരുന്നു.
എങ്ങിനെയുണ്ട്? സാധാരണക്കാരന്റെ ബഡ്ജറ്റ് എന്നുവെച്ചാല്‍, അത് രാജ്യത്തിന്റെ നന്മക്ക് ഉതകുന്നതല്ല എന്ന്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സൗജന്യങ്ങള്‍ ചെയ്യാത്ത ബഡ്ജറ്റ് നല്ല വാര്‍ത്തയല്ലെന്ന്. കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ഈ വമ്പിച്ച കടാശ്വാസത്തെ അപലപിക്കാനും, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സമയം കണ്ടെത്തുകതന്നെ ചെയ്തു.ഈ എഴുതിത്തള്ളിയ സംഖ്യയുടെ വലുപ്പത്തെക്കുറിച്ച് അതിശയപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ ‘എഴുതിത്തള്ളല്‍‘ ഇപ്പോള്‍ മാത്രം നിലവില്‍ വന്നത്? ഈ ആവശ്യം ഉയര്‍ന്ന 2005-ല്‍ എന്തുകൊണ്ട് അത് ചെയ്തില്ല? പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശിക്കുകയും, ദുരിതങ്ങള്‍ കണ്ട് അദ്ദേഹത്തിന് കരളലിയുകയും ചെയ്ത 2006-ലും എന്തുകൊണ്ട് ഇത്തരമൊരു പ്രഖ്യാപനം വന്നില്ല? അവിടെയാണ് പവാറിന്റെ മിടുക്ക്. അന്ന്, ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍, അതിന്റെ സല്‍പ്പേരു മുഴുവന്‍ കോണ്‍ഗ്രസ്സിനു കിട്ടുമായിരുന്നു. അന്ന് അതിനെ എതിര്‍ത്തവര്‍ ആരോക്കെയായിരുന്നുവെന്ന് നിങ്ങള്‍തന്നെ ഓര്‍ത്തെടുത്താല്‍ മതിയാകും. ഈ സഹായം അന്നേ കൊടുത്തിരുന്നുവെങ്കില്‍, ഇത്രയും ഭീമമായ തുകയും ചിലവാക്കേണ്ടിവരില്ലായിരുന്നു. മൂന്നുവര്‍ഷത്തോളം, വിദര്‍ഭയില്‍, ദുരിതവും, ആത്മഹത്യകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും, ഇത്തരത്തിലുള്ള ഒരു സഹായം അസാദ്ധ്യമാണെന്നു സ്ഥാപിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചവര്‍ ധാരാളംപേരുണ്ടായിരുന്നു. ഇന്ന്, ഈ സഹായത്തിന്റെ പേരില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ പത്രങ്ങളില്‍ മുഴുനീളപേജ് പരസ്യം കൊടുക്കുന്നവര്‍തന്നെയാണ് അന്ന് ആ നിര്‍ദ്ദേശങ്ങളെ തള്ളിപ്പറഞ്ഞതും എന്നോര്‍ക്കുന്നത് നന്നായിരിക്കും. വിദര്‍ഭയിലെ ആളുകള്‍ പറയുന്നതുപോലെ, ഇത് ഋണബാദ്ധ്യതക്കുള്ള മാപ്പുനല്‍കലൊന്നുമല്ല. ഇലക്‍ഷന്‍ അടുക്കുമ്പോള്‍ വോട്ടര്‍മാരുടെ മാപ്പ് അഭ്യര്‍ത്ഥിക്കാനുള്ള ഒരു തന്ത്രം മാത്രം.
* മാര്‍ച്ച് 18-ന് ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ് എഴുതിയ ലേഖനത്തിന്റെ തര്‍ജ്ജമ.
കടപ്പാട്: ഹിന്ദു, കൌണ്ടര്‍കറന്റ്സ്
Subscribe to:
Post Comments (Atom)
9 comments:
വിദര്‍ഭയിലും അനന്തപുറിലും അതുപോലുള്ള മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ സ്ഥിതിവിശേഷത്തിന്റെ ചുവടുപിടിച്ചാണ്, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഭാവന ചെയ്യപ്പെട്ടത്.
രാജീവ് സത്യത്തില്‍ എനിക്ക് പേടിയാവുന്നുണ്ട്. കടാശ്വാസം എഴുതി തള്ളുക, ഹെക്റ്ററിനു എന്തോ തുച്ഛമായ പൈസ കൊടുക്കാന്‍ തീരുമാനം എന്നിവ ഒക്കെനും നിലനില്‍ക്കുമ്പോഴ് തന്നേയും, ഇത്രയും ചീഞ് നശിച്ച് കിടക്കുന്ന ഈ നെല്ലും പതിരും മുളവന്നതും ഒക്കേനും മണ്ണില്‍ നിന്ന് എത്രയും വേഗം മാറ്റാന്‍ പറ്റുന്നത് അത്ര നിസ്സാര കാര്യമാണോ? ഇത് അവിടെ കിടന്ന് മണ്ണിനും മനുഷ്യര്‍ക്കും ഗുണമില്ലാണ്ടെ ആവുമ്പോഴ്, എപ്പിഡമിക്കുകള്‍ എന്തെങ്കിലും പൊട്ടി പുറപ്പടില്ലേ? ഇതിനൊക്കെ ഒരോ ക്^ഷി ഭവന്‍ പഞ്ചായത്ത് എന്നിവയുടെ ഒക്കെ കീഴില്‍ എന്ത് സംവിധാനമുണ്ട്? എത്രകാലം ബാക്കി നില്‍ക്കാനുള്ള ആളുകള്‍ ഇനി ഈ പണിയിലുണ്ട്? എ.ടി പാര്‍ക്കുകളും, അതിനൊക്കെ സെസ്സുകളും ഒക്കേനും അംഗീകരിച്ച് കോടികളുടെ കോണ്ട്രാക്റ്ററ്റുകള്‍ക്ക് നിയമ സാധുത കൈവരുത്തുന്ന സര്‍ക്കാര്‍ കൃഷിയുടെ കാര്യങ്ങള്‍ക്ക് എ.ടി മേഖലിയിലെന്ന പോലെ തന്നെ മുങ്കൈ ഏടുക്കുന്നുണ്ടോ? അല്ലാ ഇതൊക്കെ തന്നേയും പരമ്പരാഗതമായ തൊഴിലായത് കൊണ്ട് അങ്ങനെ അങ്ങ് നടന്ന് പോക്കോളും എന്ന രീതിയാണോ? എങ്ങനെയാണു ഈ സ്ഥിതിയിലേയ്ക്ക്, (കൊയ്യാനെത്തും മുമ്പേ മഴയെത്തീത്?)
(അറിയാത്തവരാരെങ്കിലുമുണ്ടെങ്കില്‍, ഇത് വരെ കേരളത്തില്‍, 82 കോടിയുടെ നെല്‍ കൃഷി നശിച്ചതായിട്ട് ഏതാണ്ട് ഒരു കണക്കുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 47 കോടിയുടേയും, ബാക്കി ഒക്കെ ത്^ശ്ശൂര്‍, മലപ്പുറം, കോട്ടയം എന്നിവടങ്ങളിലോക്കെയും. മഴക്കെടുതി കൊണ്ട് തീര ദേശങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ വേറെയും. )
ഇതൊന്നും അല്ലാത്ത ഒരു മണ്ടത്തരമാണു ഇനി എന്റ മണ്ടയില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം ഇപ്പോ എവിടാ? മുപ്പത്തി മുക്കോടി ന്ന് അല്ലാ, എല്ല മതത്തിലേം എല്ലാ ദൈവവും വാഴുന്ന ഈ കേരളത്തില്‍, എപ്പോഴും എല്ലാത്തിനും ചിരിച്ച് കാട്ടിയിരിയ്ക്കുന്ന ദൈവമേ നീ അറിയാണ്ടേ ആണൊ ഈ മഴയും നാശവും? മനുഷ്യര്‍ക്ക് നിലവിളിയും പട്ടിണിയും ഒക്കെ എത്തിയ്ക്കാനാണോ ഞങ്ങളു കുറെ ആളുകളു സ്വന്തം കുഞുങ്ങളെ വരെ ബലി തരണതും, കണ്ണ് കിട്ടാണ്ടേ ഇരിയ്ക്കാന്‍ നോക്കു കുത്തീം, കുമ്പളങ്ങേം ഒക്കെ ഇട്ട് വച്ചും, അമ്പലം കെട്ടി സ്വര്‍ണ്ണം വിരിയ്ക്കുന്നതും ഒക്കേ? നീ ഉണ്ടോ? അല്ലാ പറ്റിപ്പാണോ? അല്ലാ അങ്ങനെ തന്നെ വേണം ന്ന് പറഞ് മഴ ഉണ്ടാക്കുന്നതാണോ? (അല്ലാണ്ടേ ഗ്ലോബല്‍ വാര്‍മിങും, ന്യുന മര്‍ദ്ദവും കൃഷി സമയത്തിനു തഞ്ചം പോലെ കൊയ്യാത്തതും, രാഷ്ട്രീയക്കാരു കേറി നിരങ്ങിയതുമല്ല)
വര്‍ക്കേഴ്സ് ഫോറം മാര്‍ച്ച് 12-നുതന്നെ ഈ ലേഖനം പരിഭാഷപ്പെടുത്തിയെന്ന് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ലിങ്ക് താഴെ.
http://workersforum.blogspot.com/2008/03/blog-post_12.html
അതുല്യ പറഞ്ഞത് ശരിയാണ്. വ്യവസായ-ടെക്നോ പാര്‍ക്കുകളും സെസ്സുകളും രൂപീകരിക്കുന്നതിലുള്ള ശ്രദ്ധയും താത്പര്യവും, ആര്‍ജ്ജവവും, ജനങ്ങളുടെ ഭക്ഷണകാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല എന്നത് ആരെയും ഭയപ്പെടുത്തേണ്ടതുതന്നെയാണ്. അതിന്റെ ഭവിഷ്യത്ത് ആദ്യം അനുഭവിക്കാന്‍ ഇടവരിക മലയാളികള്‍ക്കായിരിക്കുമെന്നും തോന്നുന്നു. കൃഷി ആദായകരമല്ലാതായിരിക്കുന്നുവെന്ന മുറവിളിയില്‍ നമ്മള്‍ വളരെ മുന്നിലും.
വായനക്ക് നന്ദി.
നന്ദി രാജീവ്...
എങ്കിലും വര്‍ക്കേഴ്സ് ഫോറം കണ്ടിരുന്നില്ല. ഇവിടെയാണു വായിച്ചത്.
മൂര്‍ത്തീ, വെള്ളെഴുത്തേ,
നന്ദി
രാജീവേട്ടാ,
നന്ദി വായനയ്ക്കര്‍ഥമുണ്ടാകുന്നു
ദേവതീര്‍ത്ഥാ, വായിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷം.
Post a Comment