Sunday, March 2, 2008

ബഖൂബ - ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നഗരം

ബാഗ്ദാദിന്റെ ഉത്തരപൂര്‍വ്വ പ്രവിശ്യയായ ദിയാലയില്‍ ജീവിതം ദുരിതമയമാണ്‌. അക്രമവും, തൊഴിലില്ലായ്മയും എല്ലാം ചേര്‍ന്ന്, സാധാരണ ജീവിതത്തെ അസാദ്ധ്യമാക്കുന്ന അവസ്ഥയാണ്‌ അവിടുത്തേത്‌. പോരാത്തതിന്‌, എന്നെങ്കിലും നല്ല കാലം വരുമെന്ന പ്രതീക്ഷയും അവരില്‍ ഇന്ന് പാടെ അസ്തമിച്ചിരിക്കുന്നു.

ബാഗ്ദാദിന്റെ 40 കിലോമീറ്റര്‍ വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ദിയാലയുടെ തലസ്ഥാനനഗരിയായ ബഖൂബ ഇന്ന് നേരിടുന്ന പ്രധാന ചോദ്യം എങ്ങിനെ ജീവന്‍ കാത്തുസൂക്ഷിക്കാമെന്നാണ്‌. മിക്കവരും തങ്ങളുടെ തൊഴിലും മറ്റും ഉപേക്ഷിച്ച്‌ അവനവന്റെ വീടിന്റെ സുരക്ഷയില്‍ ഒതുങ്ങിക്കഴിയുന്നു.

"ഈ പാവപ്പെട്ട നാടിന്റെ നാശമല്ലാതെ, മറ്റൊന്നും ഇറാഖി സര്‍ക്കാര്‍ നേടിയിട്ടില്ല" ഹാദി ഉബൈദ്‌ എന്ന പഴയ വ്യാപാരി പറയുന്നു. "അവകാശങ്ങളും പറഞ്ഞ്‌ ചെന്നാല്‍, മരണമായിരിക്കും നിങ്ങള്‍ക്ക്‌ കിട്ടുക" അയാള്‍ പറഞ്ഞു.

"ഈ പ്രവിശ്യയിലെ ആളുകള്‍ മരിച്ചുകഴിഞ്ഞു. ജീവന്റെ ഒരു കണികപോലും ഒരു മുഖത്തും കാണാന്‍ കഴിയില്ല. പട്ടണവും വിജനമായിരിക്കുന്നു". 16 വര്‍ഷത്തെ ആസ്ത്രിയന്‍ ജീവിതത്തിനുശേഷം, നാലുവര്‍ഷം മുന്‍പ്‌ ഇറാഖിലേക്ക്‌ മടങ്ങിയെത്തിയ ലോയ്‌ അമീര്‍ പറഞ്ഞു.

"ഈ പട്ടണത്തിലെ ആളുകള്‍ക്ക്‌ പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നുമില്ല. തമ്മില്‍തമ്മില്‍ കാണുമ്പോള്‍ അവര്‍ പ്രത്യഭിവാദനം ചെയ്യുന്നത്‌ "ഹോ, ജീവിച്ചിരിപ്പുണ്ടല്ലേ, സന്തോഷം" എന്നു പറഞ്ഞാണ്‌", അമീര്‍ തുടര്‍ന്നു.

വൈദ്യുതിക്ഷാമം, ശുദ്ധജലത്തിന്റെ അഭാവം, സുരക്ഷാപ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, ഇവക്കൊക്കെ തങ്ങളുടെ ജീവിതംകൊണ്ട്‌ വിലകൊടുക്കുകയാണ്‌ ഇവിടെയുള്ളവര്‍.

"ആളുകള്‍ക്ക്‌ ആവശ്യമുള്ളതൊന്നും ഈ പ്രവിശ്യയില്‍ കിട്ടാനില്ല. എന്നിട്ടും ജീവിതം ബാക്കിയാവുന്നു എന്നത്‌ വലിയ അത്ഭുതംതന്നെയാണ്‍", സ്റ്റാറ്റിസ്‌റ്റിക്സ്‌ വകുപ്പില്‍ ജോലിചെയ്യുന്ന അബ്ദുല്‍ റിധ നോമന്‍ പറഞ്ഞു." എങ്ങിനെയെങ്കിലും ഉന്തിതള്ളി നാളെയാക്കുക, അതുമാത്രമാണ്‌ എല്ലാവരുടെയും ലക്ഷ്യം".

"പക്ഷേ നാളെ എന്നത്‌ എല്ലാവരുടെയും പേടിസ്വപ്നമാണ്‌. കാരണം, എന്തും സംഭവിക്കാം" നോമന്‍ കൂട്ടിച്ചേര്‍ത്തു.

പലരും നാടുവിട്ടുപോയിരിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണരുടെ കണക്കുപ്രകാരം ഒന്നര ദശലക്ഷം ഇറാഖികള്‍ സിറിയയിലേക്ക്‌ പലായനം ചെയ്തുകഴിഞ്ഞു. ദിയാലയില്‍നിന്നുള്ളവരും അക്കൂട്ടത്തിലുണ്ട്‌.

"ഭീകരാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എല്ലാം വിറ്റുപെറുക്കി പോയി" ബഖൂബയിലെ സ്കൂള്‍ടീച്ചറായ അമ്പത്തൊന്നുകാരന്‍ അബ്ദുള്ള മജൂബ്‌ പറഞ്ഞു. "സമ്പാദ്യം മുഴുവന്‍ കുട്ടികളുടെ ഭാവിക്കുവേണ്ടി അവര്‍ ചിലവഴിക്കുന്നു".

തങ്ങള്‍ക്കും മക്കള്‍ക്കും, ഒരു നല്ല ഭാവി സ്വപ്നം കണ്ട്‌ കഴിഞ്ഞവരായിരുന്നു ഈ നഗരത്തിലെ ആളുകള്‍. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനുമുന്‍പ്‌. ഇന്ന് അതൊക്കെ നാമാവശേഷമായി.

അധിനിവേശവും, അഴിമതി നിറഞ്ഞ സര്‍ക്കാരും കൂട്ടുചേര്‍ന്ന്, ജീവിതത്തെ അപ്പാടെ തകര്‍ത്തു. ഇപ്പോള്‍ ആളുകള്‍ക്ക്‌ ഒന്നിനെക്കുറിച്ചും ഒരു പ്രതീക്ഷയുമില്ലാതെയായിരിക്കുന്നു, ബഖൂബയിലെ ഒരു ദന്തരോഗവിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു.

"ആളുകള്‍ കൂടുതലും വേവലാതിപ്പെടുന്നത്‌, വൈദ്യുതിയുടെ കാര്യത്തിലാണ്‌. കുട്ടികള്‍ക്ക്‌ പരീക്ഷാസമയമായതിനാല്‍ മണ്ണെണ്ണ അന്വേഷിച്ച്‌ പരക്കം പായുകയാണ്‌ രക്ഷകര്‍ത്താക്കള്‍. തണുപ്പില്‍നിന്ന് രക്ഷപ്പെടാനും മണ്ണെണ്ണ ആവശ്യമായിരിക്കുന്നു" ഒരു കര്‍ഷകന്റെ വിലാപം.

"രോഗികള്‍ക്ക്‌ എവിടെനിന്ന് മരുന്ന് സംഘടിപ്പിച്ചുകൊടുക്കും എന്നതാണ്‌ മറ്റൊരു പ്രശ്നം. ജോലിയുണ്ടെങ്കിലല്ലേ മരുന്ന് മേടിക്കാന്‍ പറ്റൂ. പക്ഷേ കര്‍ഫ്യൂ ആയതുകൊണ്ട്‌ പുറത്തിറങ്ങാന്‍ പറ്റില്ല. കൂടാതെ, എല്ലായിടത്തും ആയുധധാരികളുമുണ്ട്‌. ഈ ദുരിതങ്ങള്‍ക്കിടക്ക്‌ എങ്ങിനെയാണ്‌ ഒരു സാധാരണക്കാരന്‌ ഭാവിയെക്കുറിച്ച്‌ ആലോചിക്കാനാവുക?".

ഭാവി അവിടെ നില്‍ക്കട്ടെ, ഇന്നത്തെ ദിവസം എങ്ങിനെ കഴിച്ചുകൂട്ടും എന്നതാണ്‌ അവരെ അലട്ടുന്ന ചോദ്യം. പലരും കയ്യിലുള്ള എല്ലാം കുറേശ്ശെകുറേശ്ശെയായി വിറ്റുകൊണ്ടിരിക്കുകയാണ്‌ അന്നന്നത്തെ അന്നം കണ്ടെത്താന്‍. ചിലര്‍ വീട്ടിനുള്ളില്‍തന്നെ കച്ചവടം തുടങ്ങിയിരിക്കുന്നു. ചിലര്‍ തങ്ങളുടെ വീടിന്റെ പുറംചുമര്‍ കടയുടമകള്‍ക്ക്‌ വാടകക്ക്‌ കൊടുത്തിരിക്കുന്നു.

"ബഖൂബ നഗരത്തിലെ വലിയ വ്യാപാരശാലകള്‍ക്കു പകരമാണ്‌ ഇന്ന് ഈ കാണുന്ന ചെറിയ കടകള്‍" ഒരു നാട്ടുകാരന്‍ പറഞ്ഞു. "ആയുധധാരികളെ പേടിച്ച്‌ പലരും നഗരത്തിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ച്‌, ഈ ചെറിയ കടകള്‍ തുറന്ന് ഉപജീവനം നടത്തുന്നു".

സ്വന്തമായി വലിയ വീടുള്ളവര്‍, മുറികള്‍ വാടകക്ക്‌ കൊടുത്ത്‌ തങ്ങളുടെ വഴി കണ്ടെത്തുന്നു. ചുരുക്കത്തില്‍, ആളുകള്‍, തങ്ങള്‍ക്കുള്ളതില്‍നിന്ന് മിച്ചംപിടിച്ച്‌ നിത്യവൃത്തി കഴിക്കുന്നു. പുറംലോകത്തിന്‌ അവരെ സഹായിക്കാനേ സാധിക്കുന്നില്ല.

ബാഗ്ദാദിലെ അമേരിക്കന്‍ പാവസര്‍ക്കാരിനെയാണ്‌ എല്ലാവരും പഴിക്കുന്നത്‌.

"ഇന്ധനവും അത്യാവശ്യസാധനങ്ങളും തന്ന് ഈ ആളുകളെ സര്‍ക്കാരിന്‌ സഹായിക്കാവുന്നതേയുള്ളു. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാം അനുഭവിക്കുകതന്നെ. ഒരു ഭാവിയും കാണുന്നില്ല", ഫാദില്‍ അബ്ദുള്ള എന്ന പലചരക്കുകടക്കാരന്‍ പറഞ്ഞു.



*ദാഹര്‍ ജമായീല്‍ എന്ന ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തകനും, ഇന്റര്‍ പ്രസ്സ്‌ സര്‍വ്വീസിന്റെ(Inter Press Service) അഹമ്മദ്‌ അലിയും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം. കൗണ്ടര്‍കറന്റ്‌സില്‍നിന്ന് പരിഭാഷപ്പെടുത്തിയത്‌.

ബ്ലോഗ്ഗേഴ്സിനോടും വായനക്കാരോടും ഒരു വാക്ക്

ഇറാഖിലെ അധിനിവേശം ഇനിയും വര്‍ഷങ്ങളോളം നീണ്ടുപോകാനുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളാണ് നമ്മുടെ മുന്നില്‍ ചുരുളഴിയുന്നത്. ഇതിനെതിരെ എല്ലാ രംഗത്തും പ്രതികരിക്കുകയും, പൊരുതേണ്ടതുമായ ബാദ്ധ്യത ഇന്ന് നമുക്കുണ്ട്. ലൈല ഫാദലിനെപ്പോലെയും (ലൈല അന്‍‌വര്‍ അല്ല) ദാഹര്‍ ജമായീലിനെപ്പോലെയുമുള്ളവര്‍ തങ്ങളുടെ പത്രപ്രവര്‍ത്തനത്തെയും ബ്ലോഗ്ഗിംഗിനെയും അധിനിവേശത്തിനെതിരെയുള്ള ശക്തമായ ആയുധമാക്കുന്നത് നമ്മള്‍ കാണുകതന്നെ വേണം. ലൈല അന്‍‌വറിന്റെ എഴുത്തും അധിനിവേശത്തിനെതിരായ ആയുധം തന്നെയാണ്. പരിഷ്കൃതമായ ഈ കാലഘട്ടത്തിലും നമ്മുടെ മുന്നില്‍ അരങ്ങേറുന്ന ഈ നഗ്നമായ യുദ്ധവെറിയെ ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ നമുക്കാവില്ല. ആവുകയുമരുത്. കൌണ്ടര്‍ കറന്റ്സിലും, ICH-ലും, അതുപോലുള്ള മറ്റു യുദ്ധവിരുദ്ധ സമാന്തരമാദ്ധ്യമങ്ങളിലും വരുന്ന ലേഖനങ്ങളും, ദൈനംദിന റിപ്പോര്‍ട്ടുകളും നമ്മുടെ ഓരോരുത്തരുടെയും ബ്ലോഗ്ഗുകളിലൂടെ പ്രചരിപ്പിക്കുക. അധിനിവേശത്തിനെതിരെ പൊരുതുക. ജീവിതവും, പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെടുന്ന, ഭക്ഷണവും മരുന്നും, പാര്‍പ്പിടവുമില്ലാതെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയോട് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ് നമ്മള്‍. കുറഞ്ഞപക്ഷം അത്രയെങ്കിലും ചെയ്യാത്തപക്ഷം, ചരിത്രം നമുക്ക് ഒരിക്കലും മാപ്പു തരില്ല.

അഭിവാദ്യങ്ങളോടെ,

രാജീവ് ചേലനാട്ട്

1 comment:

Rajeeve Chelanat said...

ബഖൂബ - ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നഗരം