Wednesday, March 5, 2008

ദൈവശാസ്ത്രത്തിന്റെ പത്രധര്‍മ്മം

പണ്ട്‌ പണ്ട്‌, ഒരിക്കല്‍, സെയില്‍സിംഗ്‌ രാഷ്ട്രപതിയായിരിക്കുന്ന കാലത്ത്‌, ഒരിക്കല്‍ കൊച്ചിയില്‍ വന്ന് എറണാകുളം ഗസ്റ്റ്‌ ഹസില്‍ താമസിക്കുകയുണ്ടായി. പിറ്റേന്ന് വെളുപ്പിന്‌ എന്നുമുള്ള പ്രഭാതസവാരിഗിരിഗിരിക്കിറങ്ങിയ അദ്ദേഹത്തിന്റെ മുന്‍പില്‍ എങ്ങിനെയോ ഒരു ഉന്തുവണ്ടിക്കാരന്‍ അബദ്ധവശാല്‍ എത്തിപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ദിവസവും എറണാകുളം മാര്‍ക്കറ്റിലേക്ക്‌ വരുന്ന ഒരു വിദ്വാന്‍. സെയില്‍സിംഗിന്റെ അംഗരക്ഷകര്‍ അയാളെ തടഞ്ഞുവെക്കാന്‍ പുറപ്പെട്ടപ്പോള്‍ സിംഗ്‌ അവരെ തടഞ്ഞു. വിവരങ്ങള്‍ ചോദിച്ചു. ഇന്ത്യയില്‍ ഇപ്പോഴും ആളുകള്‍ ‘ഉന്തുവണ്ടിയുന്തി‘ ഉപജീവനം കഴിക്കുന്നുണ്ടെന്നുള്ളത്‌ അദ്ദേഹത്തിന്‌ പുതിയ അറിവായിരുന്നു. സഹതാപത്താല്‍ മനമലിഞ്ഞു അദ്ദേഹത്തിന്‌. നൂറുരൂപ കൊടുത്തു അദ്ദേഹം. തന്റെ കൂടെ നിര്‍ത്തി ഒരു ഫോട്ടോയുമെടുത്തു. അതുകൊണ്ടും കാരുണ്യംതീരാഞ്ഞ്‌, തന്റെ ഔദ്യോഗിക വാഹനത്തില്‍ അയാളെ തിരിച്ച്‌ ഫോര്‍ട്ടുകൊച്ചിയിലെത്തിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ ആജ്ഞയും നല്‍കിയിട്ടേ സെയില്‍സിംഗ്‌ അടങ്ങിയുള്ളു. ഉന്തുവണ്ടിയുടെ കാര്യം എന്തായി, അന്നത്തെ അയാളുടെ കച്ചവടം എന്തായി എന്നൊന്നും നമുക്കറിയില്ല. ഏതായാലും ആ നൂറുരൂപ വെച്ച്‌ അയാള്‍ ഒരു തട്ടുകട തുടങ്ങിയെന്നുള്ള വാര്‍ത്തകൂടി പിന്നീടെപ്പൊഴോ ഏതോ പത്രത്തില്‍ വന്നത്‌ ഓര്‍ക്കുന്നു.

അങ്ങിനെ, ദാരിദ്ര്യത്തെക്കുറിച്ചൊക്കെ നമ്മള്‍ എത്രയോ കേട്ടു. കണ്ടു. ഇപ്പോഴും കാണുന്നു, കേള്‍ക്കുന്നു. നമുക്കിടയിലും, ചുറ്റും, മഹാധനികരെന്ന് വീമ്പടിക്കുന്ന രാജ്യങ്ങളിലും വരെ ദാരിദ്ര്യം കൊടികുത്തി വാഴുന്നത്‌ നമ്മള്‍ നിത്യവും അറിയുന്നു. ദാനധര്‍മ്മങ്ങള്‍കൊണ്ട്‌ പരിഹരിക്കേണ്ടുന്ന ഒന്നല്ല ഈ സാമൂഹ്യവിപത്ത്‌ എന്ന് നമുക്കറിയാം. ദാരിദ്ര്യം എന്നത്‌ പരിഹരിക്കാനാവാത്ത ഒരു സാമൂഹ്യാവസ്ഥയല്ലെന്നും, അത്‌ മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഒന്നാണെന്നും സാമൂഹ്യശാസ്ത്രം തലകീഴായി പഠിക്കാത്ത ഏതൊരുത്തനും ബോദ്ധ്യവുമുണ്ടാകണം. 'വിഭവദൗര്‍ല്ലഭ്യം, നിരക്ഷരത, തൊഴിലില്ലായ്‌മ എന്നിവയാണ്‌ ദാരിദ്ര്യം എന്ന വിപത്തിനു കാരണം' എന്നൊക്കെ മാര്‍ജ്ജിനിട്ട്‌ നാലുപുറത്തില്‍കവിയാതെ ഉപന്യസിക്കുക ഒരുപക്ഷേ ചെറിയ കുട്ടികള്‍ മാത്രമായിരിക്കും. സെക്കന്‍ഡറിക്കു താഴെമാത്രമെത്തിയ കുട്ടികള്‍. അത്‌ വരുന്നത്‌, അവരുടെ നിഷ്കളങ്കതയില്‍നിന്നാണ്‌. അല്ലെങ്കില്‍, വീട്ടിലെ വലിയവരുടെ വങ്കത്തെ ചോദ്യം ചെയ്യാതെ പകര്‍ത്തിയെഴുതുന്നതില്‍നിന്നാണെന്നും വരാം. കാരുണ്യമെന്നോ, മാനവികതയെന്നോ നമ്മള്‍ പേരിട്ടുവിളിക്കുന്ന വസ്തുവിന്റെ അഭാവം കൊണ്ടല്ല. തീര്‍ച്ച. വഴിവക്കിലോ വീട്ടില്‍വെച്ചോ ആ സാധുക്കളെ കാണാനിടവരുമ്പോള്‍ അവരുടെ കണ്ണുകളില്‍ സങ്കടവും, അവിശ്വാസനീയതയും നിഴലിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

പക്ഷേ ക്രിസ്ത്യന്‍ സയന്‍സ്‌ മോണിറ്ററിന്റെ ഇന്ത്യയിലെ ലേഖിക മിയാന്‍ റിഡ്ജിനെ നോക്കൂ. ഇന്ത്യയില്‍ കഴിയുമ്പോള്‍, നിത്യവും തെരുവില്‍ കണ്ടുമുട്ടേണ്ടിവരുന്ന ഭിക്ഷക്കാര്‍ ഒരു വല്ലാത്ത ദുരിതം പിടിച്ച കാഴ്ചയാണത്രെ അവര്‍ക്ക്‌. "ഓരോ തവണ പുറത്തുപോകുമ്പോഴും, ചെറിയ കുട്ടികള്‍ കാറിന്റെ ജനാലചില്ലില്‍ മുട്ടിവിളിച്ച്‌, 'പൈസ, ഖാന' എന്നൊക്കെ യാചിക്കുന്നത്‌ മഹാശല്യമായി" അവര്‍ക്ക് അനുഭവപ്പെടുന്നു.

പക്ഷേ അടുത്തിടെ ഒരു ദിവസം ആശ്വാസത്തോടെ അവര്‍ നെടുവീര്‍പ്പിട്ടുവത്രെ. 2010-ല്‍ ഇന്ത്യയില്‍വെച്ചു നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനു മുന്നോടിയായി നഗരത്തിലെ ഭിക്ഷക്കാരെ ആട്ടിപ്പായിച്ച്‌ നഗരം വൃത്തിയാക്കുന്ന ദില്ലി സംസ്ഥാന ഉദ്യോഗസ്ഥരുടെ കൂടെ യാത്ര ചെയ്യേണ്ടിവന്നപ്പോഴാണത്‌. വ്യത്യസ്തമായ മറ്റൊരു അനുഭവമെന്ന് അവരതിനെ വിളിക്കുന്നു. അതെന്താണെന്നല്ലേ? ചുരുങ്ങിയത്‌, ഈ സുഖസഞ്ചാരവേളയിലെങ്കിലും ഈ തെണ്ടിപ്പരിഷകളുടെ അലമുറ കേള്‍ക്കേണ്ടിവരില്ലല്ലൊ എന്ന ആശ്വാസം. അധികാരികളുടെ ഭിക്ഷാടനനിര്‍മ്മാര്‍ജ്ജന പദ്ധതിയെക്കുറിച്ച്‌ ഒരു ഹ്യൂമന്‍ സ്റ്റോറിയും എഴുതിയിരിക്കുന്നു ഇവര്‍. രണ്ടുപേജു വരുന്ന ആ ഹ്യൂമന്‍‌സ്റ്റോറിയില്‍ എവിടെയും മനുഷ്യത്വത്തിന്റെ ഒരു കണികപോലും കാണാന്‍ നിങ്ങള്‍ക്കാവില്ല.

ഒക്സ്‌ഫോര്‍ഡില്‍നിന്ന് അസാരം തിയോളജിയും തിന്ന് പുറത്തിറങ്ങിയതിന്റെ ഹുങ്ക്‌ ഇവിടെ കാണാം.

നാലുനേരവും തിന്നും സുരമോന്തിയും, മണിഹര്‍മ്മ്യങ്ങളിലും ഔദ്യോഗികവിരുന്നുസല്‍ക്കാരങ്ങളിലും കയറിയിറങ്ങിയും, പത്രപ്രവര്‍ത്തനം നടത്തുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണ്‌. കീറത്തുണിയുടുത്തും, മൂക്കിളയൊലിപ്പിച്ചും, ചൊറിചിരങ്ങുകളും അംഗവൈകല്യങ്ങളും പ്രദര്‍ശിപ്പിച്ചും മുന്നില്‍വന്ന്, സ്വാസ്ഥ്യത്തിന്റെ ചില്ലുജനലുകളില്‍ തട്ടിവിളിക്കുന്ന ഈ തെണ്ടികള്‍ക്കറിയുമോ പത്രപ്രവര്‍ത്തനത്തിന്റെ അങ്ങാടിവാണിഭം?

മാര്‍ക്ക്‌ ടുള്ളിയെപ്പോലെയുള്ളവരും ഇവിടെയുണ്ട്‌. മൂന്നാംലോകത്തിന്റെ ഇല്ലായ്‌മകളെ തികഞ്ഞ സഹാനുഭൂതിയോടെ നോക്കിക്കണ്ടവര്‍. പത്രപ്രവര്‍ത്തനമെന്നത്‌ മണിമേടകളിലെയും, വിദേശ-നയതന്ത്രകാര്യാലയങ്ങളിലെ പരദൂഷണം മാത്രമല്ല എന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നവര്‍. വംശനാശം വന്നുകൊണ്ടിരിക്കുന്ന അത്തരക്കാര്‍ ഇവിടെ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തുമുണ്ട്‌.

ഇനി മിയാന്‍ റിഡ്ജ് എന്ന ഈ അല്പജ്ഞയുടെ നാട്ടിലെ ദാരിദ്ര്യത്തിന്റെ കണക്കുകളോ? നമുക്കറിവുള്ളതാണ്. ഇതാ ഒന്ന്.

അവരുടെയൊക്കെ ഇടയിലാണ്‌ കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ ആദ്യാക്ഷരമാലപോലും പഠിക്കാന്‍ ശ്രമിക്കാതെ, വാട്ട് എ ബ്ലഡി കണ്‍‌ട്രി എന്ന് ഉള്ളില്‍ പറഞ്ഞ് ഈ ദൈവശാസ്ത്ര കിടന്നു പുളച്ചുമദിക്കുന്നത്.

18 comments:

Rajeeve Chelanat said...

അവരുടെയൊക്കെ ഇടയിലാണ്, കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ ആദ്യാക്ഷരമാല‌പോലും പഠിക്കാന്‍ ശ്രമിക്കാതെ, വാട്ട് എ ബ്ലഡി കണ്‍‌ട്രി എന്ന് ഉള്ളില്‍പ്പറഞ്ഞ്, ഈ ദൈവശാസ്ത്രജ്ഞ കിടന്നു പുളച്ചു മദിക്കുന്നത്.

Suraj said...

മുറിഞ്ഞു...ഇത്തിരി ചോര വന്നോന്നും സംശയം...

മദര്‍ തെരേസയുടെ ഡയറിയില്‍ നിരീശ്വരവാദ അടിയൊഴുക്കുള്ള കുറിപ്പുകള്‍ കണ്ടെത്തിയെന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. യാ‍ദൃശ്ചികമായിരിക്കയില്ല അത്. കണ്ണീരിനെ അത്രകണ്ട് സ്നേഹിക്കാനും ആത്മാര്‍ത്ഥതയോടെ കെട്ടിപ്പിടിക്കാനുമൊക്കെ കഴിഞ്ഞത് മറ്റൊന്നും കൊണ്ടാവില്ലല്ലോ.

Rajeeve Chelanat said...

ശരിയാണ് സൂരജ്. ദൈവത്തില്‍നിന്ന് അകലുമ്പോഴാണ് മനുഷ്യനിലേക്ക് എത്തുക.

Harold said...

ഇതാണ് താങ്കള്‍ക്ക് യോജിച്ച ശൈലി.സ്വഭാവികമായ ഒഴുക്കുണ്ട്.
ലിങ്ക് കൊടുക്കുമ്പോള്‍ മുഴുവന്‍ വരിക്കും കൊടുക്കുന്നതിനു പകരം പ്രസക്തമായ വാക്കിനു മാത്രം കൊടുത്താല്‍ നന്നായിരിക്കും.
രാവിലെ കുറച്ച് തിയോളജി പഠിക്കാന്‍ നോക്ക്കീട്ട് നടന്നില്ല..

ചിതല്‍ said...

നാലുനേരവും തിന്നും സുരമോന്തിയും, മണിഹര്‍മ്മ്യങ്ങളിലും ഔദ്യോഗികവിരുന്നുസല്‍ക്കാരങ്ങളിലും കയറിയിറങ്ങിയും, പത്രപ്രവര്‍ത്തനം നടത്തുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണ്‌. കീറത്തുണിയുടുത്തും, മൂക്കിളയൊലിപ്പിച്ചും, ചൊറിചിരങ്ങുകളും അംഗവൈകല്യങ്ങളും പ്രദര്‍ശിപ്പിച്ചും മുന്നില്‍വന്ന്, സ്വാസ്ഥ്യത്തിന്റെ ചില്ലുജനലുകളില്‍ തട്ടിവിളിക്കുന്ന ഈ തെണ്ടികള്‍ക്കറിയുമോ പത്രപ്രവര്‍ത്തനത്തിന്റെ അങ്ങാടിവാണിഭം?
ലേഖനം ശരിക്കും മൂര്‍ച്ചയുള്ളത്...
തുടരുക..
സസ്നേഹം

സജീവ് കടവനാട് said...

ഈയടുത്ത് ഗള്‍ഫ് ഡെയ്ലിന്യൂസിലും ഒരു ഇന്ത്യന്‍ ടൂര്‍വിശേഷമുണ്ടായിരുന്നു. ഏതാണ്ട് ഇതുപോലെ തന്നെ. മനുഷ്യനെ കാണാന്‍ ശ്രമിക്കാത്ത അന്ധവര്‍ഗ്ഗം.

വല്യമ്മായി said...

ദൈവത്തോടകന്നവര്‍ മാത്രമേ മനുഷ്യനോട് അടുക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,കപട വിശ്വാസികളുടെ കാട്ടിക്കൂട്ടലുകളില്‍ നിന്ന് എല്ലാ വിശ്വാസികളേയും വിലയിരുത്താന്‍ കഴിയുമോ?

സര്‍വ്വജിത് said...

ലണ്ടനില്‍ വെള്ളക്കാരുടെ പള്ളിയില്‍ നിന്നും തൊഴിച്ചു പുറത്താക്കപ്പെട്ട ഒരു കറുത്ത വംശജന് മുന്‍പില്‍ യേശു പ്രത്യക്ഷനായി.തന്നെ അവര്‍ പള്ളിയില്‍ കയട്ടിയില്ല എന്ന്
പറഞ്ഞ കരുത്തവനോട് യേശു പറഞ്ഞതു കഴിഞ്ഞ എഴുപതു വര്‍ഷമായി ഞാന്‍ അവിടെ കയറാന്‍ ശ്രമിക്കുക ആണെന്ന് ആയിരുന്നു.ദൈവ സ്നേഹത്തിന്റെ ആള്‍ രൂപമായ യേശുവിനെ അറിയാത്തവരാണ്‌ ഇന്നത്തെ ക്രൈസ്തവര്‍ ...വയലാര്‍ പാടിയ പോലെ ,സ്നേഹിക്കയില്ലാ ഞാന്‍ നോവുമാത്മാവിനെ ......

ഭൂമിപുത്രി said...

ഇന്‍ഡോളജിയുടെ ആദ്യപാഠങ്ങള്‍.. അതുദഹിപ്പിയ്ക്കാന്‍ പാകത്തിലുള്ള തീയോളജിയാകില്ല മദാമ പഠിച്ചതു

GLPS VAKAYAD said...

വായിച്ചു പലയാവര്‍ത്തി,
മനസ്സമാധാനം തരില്ലെന്നാണോ?
ഇനിയും വരും

Rajeeve Chelanat said...

ഭൂമിപുത്രീ,

‘തീ’യോളജിയുടെ പുനര്‍നിര്‍മ്മാണവും ആ വായനയും ഇഷ്ടപ്പെട്ടു.

Rajeeve Chelanat said...

ചിതല്‍, കിനാവ്‌, സര്‍വ്വജിത്ത്, ദേവതീര്‍ത്ഥ,

നന്ദി

ഹരോള്‍ഡ്
എന്റെ ശൈലിയില്‍ അമിതവിശ്വാസം അരുതേ. അത് മാറിക്കൊണ്ടേയിരിക്കും. എന്റെ പോസ്റ്റുകളുടെ സ്വഭാവത്തില്‍ മാറ്റം കാണില്ലെന്നു മാത്രം ഉറപ്പുതരാം. വായനക്കു നന്ദി.

വല്ല്യമ്മായി,
ദൈവം എന്നത്, മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് സൌകര്യപൂര്‍വ്വം രക്ഷപ്പെടാന്‍ സൃഷ്ടിച്ച ഒരു പ്രതീതി. രക്ഷപ്പെട്ടുവോ? ഇല്ല. മനുഷ്യനുമായി അടുത്തുവോ? അതുമില്ല. പരമ്പരാഗത ദൈവങ്ങള്‍ക്കും ഇപ്പോള്‍ സ്ഥാനമില്ല. ഇപ്പോള്‍ അമൃതാനന്ദമയിമയിയെപ്പോലെയും ശ്രീശ്രീകളെപ്പോലെയുമുള്ള ഞരമ്പുരോഗികളുടെ കാലമാണ്. ഈയടുത്തകാലത്ത് വായിച്ച ഒരു ചെറുകവിത ഓര്‍മ്മയില്‍‌വരുന്നു. എഴുതിയത് ആരാണെന്ന് നിശ്ചയമില്ല. ഏകദേശരൂപം ഇതാണ്.

കഴിഞ്ഞ തവണ നാട്ടില്‍പോയപ്പോള്‍ ബസ്സില്‍ എഴുതിക്കണ്ടു
ചോറ്റാനിക്കര അമ്മ ഈ വാഹനത്തിന്റെ ഐശ്വര്യം
ഇത്തവണ പോയപ്പോള്‍ അതേ വാഹനത്തില്‍ കണ്ടത്
അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം

ചോറ്റാനിക്കര അമ്മ ഏതു സ്റ്റോപ്പിലാണ് ഇറങ്ങിപ്പോയത്?

വെള്ളെഴുത്ത് said...

എന്നിട്ട് സൂരജേ, മദര്‍ തെരേസയുടെ പിന്‍‌ഗാമി നിര്‍മ്മല പറഞ്ഞത് ദാരിദ്ര്യം ദൈവശാപത്തിന്റെ ഫലമാണെന്നാണ്. അങ്ങനെയൊരു വിശ്വാസമുണ്ട് ഇപ്പോഴും, ആത്മീയത ആഴത്തില്‍ വേരിറങ്ങിയിട്ടുള്ള ഇന്ത്യാക്കാര്‍ക്ക്, ദാരിദ്ര്യവും രോഗവുമൊക്കെ മുന്‍‌ജന്മ പാപത്തിന്റെ ഫലങ്ങളാണ്, ഹെന്‍സ് ആട്ടിയോടിക്കേണ്ട സംഗതി തന്നെ. സായീനാഥിനെപ്പോലുള്ളവരെ മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ എത്ര പത്രക്കാര്‍ക്കുണ്ടാവും ശരിയായ ‘ധര്‍മ്മചിന്ത’? അപ്പോള്‍ അതും ഒരാഗോള പ്രതിഭാസമാണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദാരിദ്ര്യം ദൈവശാപത്തിന്റെ ഫലമാണെന്നാണ്. അങ്ങനെയൊരു വിശ്വാസമുണ്ട് ഇപ്പോഴും, ആത്മീയത ആഴത്തില് വേരിറങ്ങിയിട്ടുള്ള ഇന്ത്യാക്കാര്ക്ക്, ദാരിദ്ര്യവും രോഗവുമൊക്കെ മുന്ജന്മ പാപത്തിന്റെ ഫലങ്ങളാണ്
ലേഖനം ശരിക്കും മൂര്‍ച്ചയുള്ളത്...
തുടരുക..
സസ്നേഹം
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

GLPS VAKAYAD said...

രാജീവേട്ടാ,
കുരീപ്പുഴയുടെ 4 കവിതകളുണ്ട് ഈ ലക്കം മാതൃഭൂമിയില്‍ വായിച്ചോ?

Viswaprabha said...

രാജീവ് ചേലനാട്ട്,

മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാറുള്ളതിനുപകരം ഈ ഒരു ലേഖനമെങ്കിലും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചുകൂടേ?

തിയോളജിക്കാരി അബദ്ധത്തിലെങ്കിലും വന്നുകണ്ടുവായിച്ചു തരിച്ചുപൊള്ളിത്തിരിച്ചുപൊക്കോട്ടെ. വായനയില്‍ അഗ്നി വിതറുന്ന ഈ വരികള്‍ മലയാളവും കവിഞ്ഞ് പറന്നുനടന്നോട്ടെ, ഇന്റര്‍നെറ്റിന്റെ ദന്തഗോപുരങ്ങളില്‍.


എന്തായാലും കമന്റുകള്‍ വായിച്ചപ്പോള്‍ അവയ്ക്കനുബന്ധമായി ഒരു കാര്യം കൂടി പറയാനുണ്ട്. തിയോളജിയല്ല ഈശ്വരവിശ്വാസം. ബസ്സില്‍ പടം തൂക്കുന്ന പകുതിവെന്ത സംശയനിശ്ചയങ്ങളുമല്ല അത്. മനുഷ്യനു മനുഷ്യനെ തിരിച്ചറിയാനാവുന്ന, പുഞ്ചിരികൊണ്ടു പൂമാല കൊരുക്കാനാവുന്ന, ഉള്ളില്‍ കൂമ്പിയിരിക്കുന്ന നന്മയേയും വികാസത്തേയും പരസ്പരം കണ്ടറിഞ്ഞ് ദര്‍ശനസായൂജ്യം നേടാവുന്ന ഏതു ശാസ്ത്രമാണോ ശീലമാണോ ആചാരമാണോ അതാണു ദൈവത്തിനെ തൊട്ടുതൊട്ടിരിക്കുന്നത്. അല്ലാത്തതൊന്നും ദൈവവുമല്ല, ദൈവികവുമല്ല.

എന്നിരുന്നാലും, ഈശ്വരനെ തള്ളിപ്പറഞ്ഞാലേ നാട്ടില്‍ പാലും തേനുമൊഴുകൂ എന്നു വിശ്വസിക്കുന്നതും അബദ്ധം.

ഈശ്വരന്‍ അയാളുടെ വഴിയ്ക്കുപൊക്കോട്ടെ. ഇസങ്ങള്‍ അവയുടേയും. നമുക്കെന്താ വെറും മനുഷ്യരായി നമ്മില്‍ നമ്മില്‍ സ്നേഹവും അനുതാപവും സേവനവും വിതച്ചുകൂടേ? സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗം ഇവിടെത്തന്നെ പണിതൊരുക്കിക്കൂടേ?

Roby said...

christian science monitor എന്നും ദൈവശാസ്ത്രം എന്നും പറയുന്നതില്‍ തന്നെയില്ലേ വിരോധാഭാസം...ഇതു രണ്ടും പേറി നടക്കുന്നവരിലും അതു കാണും..:)

ഈ ലേഖനം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കണമെന്നാണ് എന്റെയും അഭിപ്രായം. മിയാന്‍ റിഡ്ജിന് അയച്ചു കൌക്കുകയും വേണം.

Rajeeve Chelanat said...

വെള്ളെഴുത്ത്, റോബി, മുഹമ്മദ്,, വിശ്വപ്രഭ,
-വായനക്ക് നന്ദി.

റോബി, വിശ്വപ്രഭ,

മിയാന്‍ റിഡ്ജിന്റെ റിപ്പോര്‍ട്ടിനോടുള്ള എന്റെ പ്രതികരണം വായിച്ച അന്നു തന്നെ ഞാന്‍ CSM-ന്റെ letters to the editor-ന് അയച്ചുകൊടുത്തു. പ്രസിദ്ധീകരിച്ചുകണ്ടില്ല. റോബി പറഞ്ഞത് ശരിയാണ്. ഇത്തരക്കാരില്‍ ഈ മട്ടിലുള്ള വിരോധാഭാസം കണ്ടില്ലെങ്കിലേ അത്ഭുതത്തിനു വകയുള്ളു.

ദേവതീര്‍ത്ഥ, കുരീപ്പുഴയുടെ നഗ്ന കവിതകള്‍ വായിച്ചു.

അഭിവാദ്യങ്ങളോടെ