Thursday, January 17, 2013

പ്രതിരോധത്തിന്റെ ചെറിയ കുത്തിവെയ്പ്പുകള്‍


അന്നും ഒരു ക്രിസ്തുമസ്സ് കാലമായിരുന്നു. 89-ലെ ഒരു ഡിസംബര്‍ മാസത്തിന്റെ നടുഭാഗം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് പഠനവും ബോധവത്ക്കരണവും നടത്താന്‍, ലോകാരോഗ്യസംഘടന ഇന്ത്യന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ബ്യൂറോവിനെ (IMRB) ഏല്‍പ്പിച്ച ഒരു സര്‍വ്വെയുടെ ഭാഗമായി ഇടുക്കി, മൂന്നാര്‍ ഭാഗത്തേക്ക് പോയതായിരുന്നു ഞങ്ങള്‍.

ഇടുക്കിയിലും മൂന്നാറിലും നല്ല മഴയായിരുന്നു ആ നാലഞ്ചു ദിവസം. അഞ്ചാറുപേരുണ്ടായിരുന്ന ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. ഓരോ പ്രദേശത്തും പോയി, അവിടെയുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ പ്രവര്‍ത്തകരോടൊപ്പം, അതാതിടങ്ങളില്‍ത്തന്നെയുള്ള സ്ത്രീകളെയും കുട്ടികളെയും വിളിച്ചുകൂട്ടി അവരുടെ അനുഭവങ്ങള്‍ കേട്ടറിയുക. അമ്മക്കും കുഞ്ഞിനും നല്‍കേണ്ടുന്ന പ്രതിരോധ ചികിത്സകളെക്കുറിച്ച് അവര്‍ക്ക് പൊതുവായ ക്ലാസ്സെടുക്കുക. ഗ്രൂപ്പിലെ ഒരു വനിതാ അംഗത്തിന്റെ സഹായത്തോടെ സ്ത്രീകളെ പ്രത്യേകം വിളിച്ച് പ്രസവാനന്തര ശുശ്രൂഷകളെക്കുറിച്ചുള്ള ക്ലോസ്സ്‌ഡ് സെഷനുകള്‍. അങ്ങിനെ പല ദൌത്യങ്ങളായിരുന്നു ഞങ്ങളുടെ സര്‍വ്വെയില്‍. പൈനാവ്, നെടുങ്കണ്ടം, ദേവികുളം, ഉടുമ്പഞ്ചോല, മൂന്നാര്‍ തുടങ്ങി പലയിടങ്ങളിലും പോയി. തോട്ടം തൊഴിലാളികളായ സ്ത്രീകളായിരുന്നു ഞങ്ങളുടെ ഒരു പ്രധാന ടാര്‍ജറ്റ്. അവരില്‍ ഭൂരിഭാഗവും തമിഴരായിരുന്നു. പ്രത്യേകിച്ചും മൂന്നാര്‍ ഭാഗങ്ങളില്‍.

ആ തോട്ടം തൊഴിലാളി സ്ത്രീകള്‍ പറഞ്ഞ കഥകള്‍ ഇന്നും ഓര്‍മ്മയുണ്ട്. കുറഞ്ഞ വേതനത്തിന്, തകരഷെഡ്ഡിലെ ഒറ്റമുറികളില്‍ കഴിയുന്ന നാലഞ്ചുപേര്‍ വരുന്ന കുടുംബങ്ങള്‍. തോട്ടമുടമയുടെയും കങ്കാണിമാരുടെയും (അവരില്‍ മലയാളികളും തമിഴന്മാരുമുണ്ടായിരുന്നു) കീഴില്‍ അനുഭവിക്കേണ്ടിവരുന്ന അടിമജീവിതം. പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് കേട്ടിട്ടേയില്ലാത്തവരും കേട്ടുമാത്രം അറിഞ്ഞവരും. പ്രസവം കഴിഞ്ഞയുടനെ, കയ്യില്‍ കിട്ടിയ ബ്ലേഡോ കത്തിയോ ഉപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ച് മക്കളെ വിമോചിപ്പിച്ച്, അടുത്ത മണിക്കൂറില്‍ തൊഴിലിടത്തേക്ക് പോകുന്നവര്‍. നാട്ടുവൈദ്യത്തിന്റെയും മന്ത്രവാദത്തിന്റെയും വയറ്റാട്ടികളുടെയും ദയാവായ്പുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിര്‍ദ്ധനരും നിസ്സഹായരുമായ മനുഷ്യജീവികള്‍. ആവശ്യത്തിനു ജോലിക്കാരോ മരുന്നോ ഇല്ലാത്ത, പലപ്പോഴും അനാഥമായ നിലയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍. കീറിപ്പഴകിയ ഉടുപ്പുകളും തണുപ്പിനോട് തോല്‍ക്കുന്ന കമ്പിളികളുമായി ഇടുക്കിയുടെയും മൂന്നാറിന്റെയും കല്ലേപ്പിളര്‍ക്കുന്ന തണുപ്പിനെ അതിജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.അവര്‍ക്കിടയില്‍ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നതുതന്നെ, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു വലിയ ഫലിതമോ പ്രഹസനമോ ആയിരുന്നു.

നെടുങ്കണ്ടത്ത് ഒരു ഉച്ചക്കാണ് എത്തിയത്. മഴക്കോള്‍ നിറഞ്ഞ് ഇരുണ്ട ഒരു ഉച്ചയ്ക്ക്. താമസിക്കാന്‍ കിട്ടിയ ചെറിയൊരു ഗസ്റ്റ് ഹൌസ് പൂട്ടിക്കിടന്നിരുന്നു. വാച്ച്‌മാന്‍ താമസിക്കുന്നത് ഒരു കുന്നിന്‍ ചെരുവിലാണ്. അയാളെ തേടി ഞങ്ങള്‍ അവിടേക്ക് ചെന്നു. തീരെ ചെറിയൊരു വീട്. സര്‍ക്കാര്‍ അയച്ച വല്ല്യേമാന്മാര്‍ എന്ന് ഞങ്ങളെ തെറ്റിദ്ധരിച്ച് പാവം, പരിഭ്രമിച്ച് താക്കോലെടുത്ത് നൂറായിരം ക്ഷമാപണത്തോടെ അയാള്‍ ഞങ്ങളെ ഗസ്റ്റ് ഹൌസിലേക്ക് വഴിതെളിച്ചു.

മഴക്കാര്‍ കൂടിക്കൂടിവന്നു. പുറത്തുവന്ന് നെടുങ്കണ്ടത്തിന്റെ മഴയെ വരവേല്‍ക്കാന്‍ ഒരു സിഗരറ്റിനു തീകൊടുത്ത് ഞാന്‍ നില്‍ക്കുമ്പോഴുണ്ട്, പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍‌കിടാവ് കുന്നിറങ്ങി ഓടിവരുന്നു. മഴയെത്തും മുന്‍പേ വീടെത്താനുള്ള ധൃതിപിടിച്ചു വരവില്‍, ഗസ്റ്റ് ഹൌസിനുമുന്നില്‍ അച്ഛനെയും അപരിചിതരെയും കണ്ട് അവള്‍ അല്‍പ്പം ശങ്കിച്ച് ഗസ്റ്റ് ഹൌസിലേക്ക് വന്നു. വാച്ച്‌മാന്‍ അവളുടെ കൂടെ ചായ ഉണ്ടാക്കാന്‍ ചായ്പ്പിലേക്ക് പോയി.

മഴ പെയ്യാന്‍ തുടങ്ങി. ചറുപിറുന്നനെ. ആ പെണ്‍‌കുട്ടി ഉമ്മറത്തിണ്ണയില്‍ വന്നിരുന്ന് കുറേ നേരം മഴ കണ്ടു. പിന്നെ, പെട്ടെന്നൊരു ഉള്‍വിളിയാലെന്നോണം അവള്‍ ഗസ്റ്റ് ഹൌസിന്റെ പിന്നാമ്പുറത്തേക്ക് പോയി.

മഴയോടൊപ്പം ഒരു ചെറിയ പാട്ടിന്റെ മൂളല്‍ ഉയര്‍ന്നുവന്നു. ഒതുങ്ങിയ ശബ്ദത്തില്‍. താത്പര്യം അടക്കാനാവാതെ ഞാന്‍ പിന്നാമ്പുറത്തേക്ക് പോയി. ചായ്പ്പിനോട് ചേര്‍ന്ന് തീരെ ഇടുങ്ങിയ ഒരു സ്റ്റോര്‍ മുറിയുണ്ടായിരുന്നു. അവിടെ ഒരു മൂലക്കല്‍, ചെറിയൊരു സ്റ്റൂളില്‍ മെഴുതിരിക്കൂടും, ചുവരില്‍ നിറം മങ്ങിയ ക്രിസ്തുവും, ക്രിസ്തുവിന്റെ മുന്‍പില്‍, മുട്ടുകുത്തിനിന്ന് അവളുമുണ്ടായിരുന്നു. അവള്‍ പാടുകയായിരുന്നു. സ്തോത്രങ്ങള്‍ക്കു പകരം സിനിമാപ്പാട്ടുകള്‍. “ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാ”വും, “ഈശോ മറിയം ഔസേപ്പു’മൊക്കെ. |

കണ്ണടച്ചായിരുന്നു അവള്‍ പാടിയിരുന്നതെങ്കിലും ഇടയ്ക്ക് വല്ലപ്പോഴും കണ്ണുതുറന്ന് അവള്‍ ക്രിസ്തുവിനെ കരുണാര്‍ദ്രമായി നോക്കുന്നുണ്ടായിരുന്നു. ക്രിസ്തു അവളെയും.

പ്രാരാബ്ധങ്ങളുടെയും രോഗങ്ങളുടെയും അടിമവേലയുടെയും ലോകത്ത് കഴിയുന്ന ഇടുക്കിയിലെയും മൂന്നാറിലെയും ആ തോട്ടം തൊഴിലാളി സ്ത്രീകള്‍ മുഴുവനും അന്ന് ആ ചെറിയ മുറിയില്‍ അദൃശ്യരായി അവളോടൊപ്പമുണ്ടായിരുന്നു. ആ നിര്‍ദ്ദയമായ, നീതിരഹിതമായ ലോകത്തിനെതിരെ, താന്‍ പോലുമറിയാതെ, ഒറ്റക്കു മുട്ടുകുത്തിനിന്ന് അവരോടൊപ്പം അണിചേര്‍ന്ന്, പാട്ടിന്റെയും വിശ്വാസത്തിന്റെയും ദുര്‍ബ്ബലമായ പ്രതിരോധം തീര്‍ക്കുന്ന ആ പെണ്‍‌കുട്ടിയെയും, അവളുടെ പാട്ടിനു ശ്രുതി ചേര്‍ത്ത നെടുങ്കണ്ടത്തെ ആ പഴയ മഴക്കരച്ചിലിനെയും ഇന്നും എല്ലാ ക്രിസ്തുമസ്സ് കാലത്തും എനിക്കോര്‍മ്മവരാറുണ്ട്.



24/12/2012 - ല്‍ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

No comments: