നോര്‍വീജിയന്‍ വിമാനം ഇന്ത്യക്കു മുകളിലൂടെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. രണ്ടേ രണ്ടു പേരേ അതിലുണ്ടായിരുന്നുള്ളു. പൈലറ്റും ഒരു നിരീക്ഷകനും. ഹിമാലയത്തിനു മുകളിലൂടെ പറന്ന് അത് ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലെത്തി. പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, നെല്‍പ്പാടങ്ങള്‍, പുഴകള്‍, കാടുകള്‍, മലകള്‍, മരുഭൂമികള്‍, ചതുപ്പുകള്‍, തെരുവുകള്‍, അമ്പലങ്ങള്‍, പള്ളികള്‍, സ്കൂളുകള്‍, വീടുകള്‍, കടകമ്പോളങ്ങള്‍, ആളുകള്‍..
“ഒന്നു മെല്ലെ പോ. അല്‍പ്പം താഴേക്കു പോരട്ടെ” നിരീക്ഷകന്‍ പറഞ്ഞു. അയാള്‍ താഴെ കാണുന്ന കാഴ്ചകളിലേക്ക് ദൂരദര്‍ശിനിയിലൂടെ നോക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാള്‍ക്കു കാണാം. വീടുകള്‍ക്കകത്തുള്ള ആളുകളെപ്പോലും കാണാനാവുന്നുണ്ട്. അയാളുടെ മുഖം ചുവന്നു. കവിളുകള്‍ ചുവന്നുതുടിച്ചു. കണ്ണുകളില്‍ കലശലായ ദേഷ്യം നുരഞ്ഞു.
“എന്തൊരു അക്രമമാണിത്!! ഫാസിസ്റ്റുകള്‍”
കാര്യം മനസ്സിലാകാതെ മിഴിച്ചുനോക്കിയിരിക്കുന്ന പൈലറ്റിനു അയാള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു.
“നോക്ക്, കുട്ടികളെ ഉപദ്രവിക്കുന്ന ഈ ആളുകളെ. ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുക? എന്തൊരു അനീതിയാണിത്. ഇതങ്ങിനെ വിട്ടുകൂടാ”.
പൈലറ്റ് നോക്കി. കുട്ടികളെ വലിച്ചിഴച്ചു സ്കൂളിലേക്ക് കൊണ്ടുപോകുന്ന അച്ഛനമ്മാരെ അയാള്‍ കണ്ടു. ഗൃഹപാഠം ചെയ്യാത്തതിനു കുട്ടികളെ ചീത്ത പറയുകയും നുള്ളുകയും തല്ലുകയും ചെയ്യുന്ന ആളുകള്‍. അയാള്‍ക്ക് വിശേഷിച്ചൊന്നും തോന്നിയില്ല. ഇതൊക്കെ പതിവു കാഴ്ചകളല്ലേ? എവിടെയാണ് ഇയാള്‍ പറഞ്ഞ ഫാസിസ്റ്റുകള്‍?
“ഓ, അതോ, അത് അവരുടെ അച്ഛനമ്മമാരല്ലേ?”
“എന്നുവെച്ച്? കുട്ടികളെ ഇങ്ങനെ ദ്രോഹിക്കാന്‍ പാടുണ്ടോ? ഇതൊരു ഫാസിസ്റ്റ് രാജ്യമാണ്. എല്ലാവരും ഫാസിസ്റ്റുകള്‍”.
“കുട്ടികളും അച്ഛനമ്മമാരും, അവരായി, അവരുടെ പാടായി. വിട്ടുകളയണം സര്‍”
നിരീക്ഷകനു ദേഷ്യം വന്നു. താഴെ കാണുന്ന ആ രാജ്യം ഒരു തികഞ്ഞ ഫാസിസ്റ്റ് രാജ്യമാണെന്ന് അയാള്‍ക്ക് കൂടുതല്‍ക്കൂടുതല്‍ ബോധ്യമായി. എന്തൊക്കെയാണ് കാണുന്നത്. മക്കളെ ചീത്ത പറയുകയും സ്കൂളിലേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുന്ന ക്രൂരന്മാരായ മാതാപിതാക്കള്‍. പഠിക്കാത്തതിനും പുസ്തകം കൊണ്ടുവരാത്തതിനും, ക്ലാസ്സില്‍ ബഹളം വെച്ചതിനും കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തുകയും ചൂരല്‍ പ്രയോഗം നടത്തുകയും ചെയ്യുന്ന കാപാലികരായ അദ്ധ്യാപികാദ്ധ്യാപകര്‍.
“ഇത് ഫാസിസമാണ്. ഇതനുവദിച്ചുകൂടാ” നിരീക്ഷകന്‍ പിറുപിറുത്തു.
“ഇതൊക്കെ എല്ലാ നാട്ടിലും സാധാരണയല്ലേ സര്‍? ഈ ഫാസിസം എന്നു പറയുന്നത് ഇതല്ലല്ലോ?”
“പിന്നെയല്ലാതെ?”
“സാറിനറിയാമോ? കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുണ്ട് ഈ നാട്ടില്‍. പഴുപ്പിച്ച ചട്ടുകവും ഇസ്ത്രിപ്പെട്ടിയും വെച്ച് പൊള്ളിക്കുന്നവരുണ്ട്. മഹാവികൃതികളായ കുട്ടികളെ ചങ്ങലക്കിടുന്നവരും തല്ലിക്കൊല്ലുന്നവരുമുണ്ട്. പരീക്ഷയില്‍ തോറ്റതിന് വെള്ളവും ഭക്ഷണവും കൊടുക്കാതെ ഇരുട്ടുമുറിയില്‍ അടച്ചിടുന്നവരുണ്ട്”.
നിരീക്ഷകന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ താഴേക്ക് നോക്കിക്കൊണ്ടിരുന്നു.
“കുട്ടികളെക്കൊണ്ട് അപകടകരമായ തൊഴിലുകളും കൂലിവേലയും ചെയ്യിക്കുന്നവരുണ്ട്. കുട്ടികളെ വില്‍ക്കുന്നവരും കടത്തുന്നവരുമുണ്ട്.കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത വിഷയങ്ങള്‍ അവരെ അടിച്ചേല്‍പ്പിക്കുന്നവരുണ്ട്”.
പൈലറ്റ് വിമാനം കുറേക്കൂടി താഴേക്ക് കൊണ്ടുപോയപ്പോള്‍ നിരീക്ഷകന്‍ ചോദ്യഭാവത്തില്‍ നോക്കി.
“സര്‍, കുറച്ചുകൂടി താഴത്തേക്കു പോയാല്‍ വേറെയും ചില കാഴ്ചകളുണ്ട്. വലിയ കാഴ്ചകള്‍. വിചാരണ കൂടാതെ വര്‍ഷങ്ങളോളം ആളുകളെ തടവിലിടുന്ന കോടതികള്‍, ജയിലുകള്‍. സംശയം തോന്നിയവരെയൊക്കെ രായ്ക്കുരാമാനം വീടുകളില്‍നിന്നിറക്കി വെടിവെച്ചു കൊല്ലുന്നവര്‍. അമ്പലത്തിന്റെയും പള്ളിയുടെയും പേരില്‍ ആളുകളെ തമ്മില്‍ കൊല്ലിക്കുന്നവര്‍. പിഞ്ചുകുഞ്ഞുങ്ങളെ ശൂലങ്ങളില്‍ കോര്‍ക്കുന്നവര്‍. ഗര്‍ഭിണികളെ ചുടുന്നവര്‍. നാട്ടിലെ കിണറ്റില്‍നിന്ന് വെള്ളം കോരിയവനെ കൊന്നുകൊലവിളിക്കുന്നവര്‍. ഗ്രാമങ്ങളില്‍നിന്നും കാടുകളില്‍നിന്നും മലകളില്‍നിന്നും ആളുകളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ആ നാടുകളൊക്കെ കിട്ടിയ വിലയ്ക്ക് കണ്ടവന് വിറ്റുതുലക്കുന്നവര്‍. പുസ്തകമെഴുതിയതിനും, ചിത്രം വരച്ചതിനും സിനിമ പിടിച്ചതിനും, ഇഷ്ടപ്പെട്ടവരെ ജീവിതപങ്കാളിയാക്കിയതിനും കുരിശിലേറ്റപ്പെട്ടവര്‍. പൊന്നും പണവും കൊടുക്കാത്തതിന് പെണ്ണിനെ സ്റ്റൌ പൊട്ടിത്തെറിപ്പിച്ച് കൊല്ലുന്നവര്‍. ഇതൊന്നും കാണാത്തവരും, കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നവരും. അങ്ങിനെയും ചില കാഴ്ചകളുണ്ട് സാര്‍ താഴത്ത്. അവരല്ലേ കൂടുതല്‍ വലിയ ഫാസിസ്റ്റുകള്‍?”
നിരീക്ഷകന്റെ മുഖം ഗൌരവം പൂണ്ടു. അയാള്‍ തത്ത്വചിന്തയിലേക്ക് ആണ്ടിറങ്ങി.
“ചെറിയ ഫാസിസങ്ങളില്‍നിന്നാണ് നീ പറഞ്ഞ ആ വലിയ ഫാസിസങ്ങള്‍ തുടങ്ങുന്നത്. അതുകൊണ്ട് ഈ ചെറിയ ഫാസിസങ്ങളെയാണ് ആദ്യം നമ്മള്‍ അടിച്ചമര്‍ത്തേണ്ടത്”.
“അപ്പോള്‍ വലിയ ഫാസിസങ്ങള്‍ ബാക്കിയാവില്ലേ സര്‍”, പൈലറ്റും അല്‍പ്പം തത്ത്വചിന്ത വിളമ്പി നോക്കി.
“ആദ്യം ചെറിയ ഫാസിസങ്ങളെ നമുക്ക് ഉന്മൂലനം ചെയ്യണം. വലിയ ഫാസിസങ്ങളെ വിട്ടേക്കുക. അവ, മനുഷ്യരെപ്പോലെത്തന്നെ, ഒരു പ്രായം കഴിഞ്ഞാല്‍ ചത്തു മണ്ണടിയില്ലേ മണ്ടാ. അതോടെ എല്ലാ ഫാസിസത്തില്‍നിന്നും ഈ നാട് വിമുക്തമാവും”. വലിയൊരു ജ്ഞാനോദയമുണ്ടായതിന്റെ നിര്‍വൃതിയില്‍ നിരീക്ഷകന്‍ സീറ്റില്‍ ചാഞ്ഞിരുന്നു.
കുട്ടികളെ സ്നേഹത്തോടെ ശാസിക്കുകയും, അവര്‍ക്കുനേരെ കണ്ണുരുട്ടുകയും, ക്ഷമകെടുമ്പോള്‍ മാത്രം, ഇടയ്ക്ക് വല്ലപ്പോഴും കൈകള്‍ പരമാവധി തളര്‍ത്തി ഒന്നു ചെറുതായി പൊട്ടിക്കുകയും, പിന്നീട് അതിനെക്കുറിച്ചുപോലും പരിതപിക്കുകയും ചെയ്യുന്ന ചെറിയ ഫാസിസ്റ്റു മനുഷ്യര്‍ അപ്പോഴും താഴെ, വീടുകളിലും തെരുവുകളിലും, തങ്ങളെ കാത്തിരിക്കുന്ന ദുര്‍വ്വിധിയെക്കുറിച്ച് അജ്ഞരായി അവരുടെ നിത്യവൃത്തികളില്‍ കഴിഞ്ഞുപോന്നു. തടി കേടാകാതെ രക്ഷപ്പെട്ടുതിന്റെ സന്തോഷത്തില്‍ ആശ്വാസത്തോടെ, ആള്‍ക്കൂട്ടങ്ങളെയും അഭയാര്‍ത്ഥികളെയും ലക്ഷ്യമാക്കി, വലിയ ഫാസിസ്റ്റുകള്‍ അവരുടെ ആയുധപ്പുരകളിലേക്ക് നീങ്ങി.
തൊട്ടടുത്ത സീറ്റിലിരുക്കുന്ന ഫാസിസത്തെ ഏതു കൊക്കയിലാണ് നിക്ഷേപിക്കേണ്ടതെന്ന് കൂലങ്കുഷമായി ചിന്തിച്ച് പൈലറ്റ് വിമാനം പറപ്പിച്ചു.
11/12/2012-ലെ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്
No comments:
Post a Comment