Tuesday, October 30, 2012

കൊത്താങ്കല്ലുകള്‍


ഈ കല്ലെറിഞ്ഞു കളിയില്‍
ആരും ചാവുന്നില്ല
ഞാനെന്ന സാത്താനോ,
നിങ്ങളുടെ ഗര്‍വ്വോ,
ആ ദുഷ്‌പ്രഭുക്കളോ,
ആരും, 
ഒരിക്കലും.

എല്ലാ കൊല്ലവും, മുടങ്ങാതെ
വിനോദയാത്രയ്ക്കെത്തുന്ന
കുട്ടികള്‍ക്ക് കല്ലെറിഞ്ഞുകളിക്കാന്‍
കൊല്ലാകൊല്ലവും
അവരെന്നെ പുതുക്കിപ്പണിയുന്നു
തടമെടുക്കുന്നു
ബലം വെപ്പിക്കുന്നു.

ഈ കല്ലെറിഞ്ഞു കൊല്ലല്‍ കളിയില്‍
ആരും ചാവുന്നില്ല
പാഴ്‌ജന്മങ്ങളായിപ്പോയ
ആ കൊച്ചുരുളന്‍ കല്ലുകളല്ലാതെ
ആരും,
ഒരിക്കലും.

Wednesday, October 17, 2012

വീട്ടിയുടെ കാതല്‍



ഭാരതപ്പുഴയുടെ തീരത്തുള്ള നരിപ്പറ്റ മനയില്‍, പണ്ടു പണ്ട് ഉമ എന്നൊരു നമ്പൂതിരി പെണ്‍കുട്ടിയുണ്ടായിരുന്നു. മറ്റൊരു മനയ്ക്കലേക്ക് വേളി ചെയ്തുകൊണ്ടുപോയ ആ അന്തര്‍ജ്ജനം ഒരു സുപ്രഭാതത്തില്‍ പിതൃഗൃഹത്തിലേക്ക്  മകനെയുമെടുത്ത് ആരോടും പറയാതെ  ഓടിപ്പോയി. ചെറിയൊരു ശീലക്കേടുണ്ടായിരുന്നുവത്രെ അവര്‍ക്ക്. വസ്തുസ്തേയം എന്ന് നമ്പൂതിരിമാര്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഒരു ചെറിയ ദു:ശ്ശീലം. തനിക്കിഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടാല്‍ അത് തരപ്പെടുത്തുന്ന അസുഖം. ഭര്‍ത്തൃഗൃഹത്തില്‍ അത് പാട്ടാവാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഒളിച്ചോടിയത്.  വീട്ടില്‍ തിരിച്ചെത്തിയ അവര്‍ ചുറ്റുവട്ടത്ത് ചില ബന്ധങ്ങള്‍ തുടങ്ങി. കാര്യം പുറത്ത് അറിയാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ബന്ധമൊഴിഞ്ഞു. മകനെ ഒരു ഇരിക്കണമ്മയെ ഏല്‍പ്പിച്ച് അവരെ അവരുടെ ഏട്ടന്‍ വാര്‍ദ്ധാ ആശ്രമത്തിലേക്ക് അയച്ചു.

കുറച്ചുനാളുകള്‍ക്കുശേഷം ഉമാ ബെന്‍ ആയി അവര്‍ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കുറച്ചുകാലം ഒരു എഴുത്തച്ഛനുമായി ലോഹ്യത്തിലായി. ഉമയെ കല്ല്യാണം കഴിക്കാന്‍ അയാള്‍ തയ്യാറായിരുന്നു. വി.ടി.യുടെ സഹായം അഭ്യര്‍ത്ഥിച്ച് ഉമയും എഴുത്തച്ഛനും ചെന്നു. ഉമയുടെ സമ്പാദ്യത്തിലാണ് അയാളുടെ കണ്ണ്‌ എന്ന തോന്നലുണ്ടായിരുന്നതുകൊണ്ട് വി.ടി. അവരെ നിരസിച്ചു തിരിച്ചയച്ചു.

പിന്നീട് ഐഡോന്‍ എന്ന ഒരു മുസല്‍മാനുമായി അവര്‍ ഇഷ്ടത്തിലായി. അയാളുടെകൂടെ പൊന്നാനിയില്‍ പോയി മാര്‍ഗ്ഗം കൂടി നാട്ടില്‍ പാര്‍പ്പു തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ടു കുട്ടികളുമായി. ഒരാണ്‍കുട്ടിയും ഒരു പെണ്‍‌കുട്ടിയും. ഉമയുടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റ്, ഒടുവില്‍ അവരെ പട്ടിണിയും പരിവട്ടത്തിലുമാക്കി ഒരുനാള്‍ ഐഡോനും മരിച്ചു. 

കോഴിക്കോട്ടുനിന്നു വന്ന രണ്ട് ആര്യസമാജക്കാരുടെ കൂടെ പിന്നീട് ഉമ ലാഹോറിലേക്കു പോയി. ആര്യസമാജം വഴി വീണ്ടൂം ഹിന്ദുവായി ഒരു ലാഹോറി ബ്രാഹ്മണനെയും വിവാഹം കഴിച്ച് അവിടെ കഴിഞ്ഞു.1946-ലെ വിഭജനപൂര്‍വ്വ വംശീയ ലഹളയില്‍ നിന്ന് പലായനം ചെയ്ത് ദില്ലിയിലെത്തിയ അവര്‍ പിന്നീട് ശിഷ്ടകാലം അവിടെയായിരുന്നു കഴിഞ്ഞത്.

വി.ടി.യുടെ ‘കര്‍മ്മവിപാകം’ എന്ന ആത്മകഥയിലാണ് ഈ കഥയുള്ളത്. വി.ടി. ഈ ആത്മകഥ എഴുതുമ്പോഴും അതിലെ പ്രധാന കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുപ്പുണ്ടായിരുന്നു. ഉമയുടെ ആദ്യ വിവാഹത്തിലെ ആ കുഞ്ഞ് അപ്പോഴേക്കും വിവാഹിതനായി നാട്ടില്‍ ഒരു അദ്ധ്യാപകനായി മാറിക്കഴിഞ്ഞിരുന്നു. ഐഡോനിലുണ്ടായ മകള്‍ നല നിലയില്‍ വിവാഹം കഴിച്ച് കല്‍ക്കത്തയിലും, മകന്‍ നല്ല ഉദ്യോഗസ്ഥനായി ദില്ലിയിലുമായിരുന്നു അന്നേയ്ക്ക്. മകന്റെ പരിചരണത്തിലായിരുന്നു ദില്ലിയില്‍ ഉമ അന്ന്.

ഒരിക്കലും കണ്ട ഓര്‍മ്മയില്ലത്ത തന്റെ അമ്മയുടെ പൂര്‍വ്വവൃത്താന്തത്തെക്കുറിച്ച് വി.ടി.യുടെ കഥയില്‍നിന്നാണ് നാട്ടിലുള്ള മകന്‍ ആദ്യമായി അറിയുന്നത്. അയാളാകെ തളര്‍ന്നുപോയി. അതിനു കാരണക്കാരനായ വി.ടി.ക്ക് അയാളുടെ ഭാര്യ ഗൌരി അന്തര്‍ജ്ജനം അതിശക്തമായ ഭാഷയില്‍ ഒരു കത്തെഴുതുന്നുണ്ട്. കാലം ഇത്രയേറെ കഴിഞ്ഞ്, എന്തിനായിരുന്നു എല്ലാവരെയും വേദനിപ്പിക്കാന്‍ മാത്രമായുള്ള ഈ എഴുത്ത് എന്നായിരുന്നു അവരുടെ ചോദ്യം. വലിയൊരു സാമൂഹിക പരിഷ്ക്കര്‍ത്താവായിട്ടും പൈസക്കുവേണ്ടി ഈ സെന്‍സേഷണലിസത്തിന്റെ പിറകെ പോയ വി.ടി.യെ അവര്‍ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് തന്റെ കത്തില്‍. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട് എല്ലാവരും അതുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു തന്റെ തോന്നലെന്നും, ‘ഇത്തരം വേദനകളുടെ കഥയാണ് മഹാഭാരതം മുഴുക്കെ’യെന്നും, “നിഷ്ക്കളങ്കതയുടെ തെളിനീരിന് ഉറവിടങ്ങളായ അവരെ ഇരുവരെയും വേദനിപ്പിച്ചതിന് തനിക്ക് മാപ്പു നല്‍കട്ടെ’ എന്ന് വി.ടി. അവര്‍ക്ക് മറുപടിയും എഴുതുന്നുണ്ട്. അതും ആത്മകഥയുടെ ഭാഗമാണ്.

വി.ടി.യെ അളക്കാന്‍ നമ്മളാരുമല്ല. വീട്ടിയാല്‍ തീരാത്ത കടവുമുണ്ട് കേരളത്തിന് ആ മനുഷ്യനോട്. എന്നാലും ചിലപ്പോള്‍ ഗൌരി അന്തര്‍ജ്ജനത്തിന്റെകൂടെ നമുക്ക് ചോദിക്കാന്‍ തോന്നും വി.ടി.യോട്, എന്തിനായിരുന്നു തന്റെ ആത്മകഥയില്‍, അത്ര വലിയ പ്രസക്തിയൊന്നുമില്ലാത്ത ആ കഥ കൂട്ടിച്ചേര്‍ത്തതെന്ന്. തന്നെ കഠിനമായി വേദനിപ്പിച്ച ഒരു കഥ പങ്കുവെക്കണമെന്നേ വി.ടി. കരുതിയിരിക്കുകയുള്ളു. അത് തെറ്റാണെങ്കില്‍, ആ തെറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടന്‍ തക്കവണ്ണം ചെറുതല്ല, ഉയരം കുറഞ്ഞ, കറുത്തു മെലിഞ്ഞ നമ്മുടെ സ്വന്തം വി.ടി.

പക്ഷേ അതു മാത്രമല്ല, ആ കഥയിലെ ദഹനക്കേടുകള്‍. ഉമയെ ഐഡോണ്‍ വിവാഹം കഴിച്ചതിനുസേഷം ഒരിക്കല്‍ വഴിയില്‍ വെച്ച് വി.ടി അയാളെ കാണുന്നുണ്ട്. “ഉമ അന്തര്‍ജ്ജനം സുഖമായിരിക്കുന്നില്ലേ?’ എന്ന ചോദ്യത്തിന് ഭാര്യയെക്കുറിച്ച് സ്നേഹത്ത്ടെയാണ് ഐഡോന്‍ മറുപടി പറയുന്നത്. ഉള്ളതുകൊണ്ട് സുഖമായി കഴിയാന്‍ അവര്‍ക്ക് അറിയാമെന്നും, അവരുണ്ടാക്കുന്ന സസ്യ വിഭവങ്ങള്‍ രുചികരമാണെന്നും, എന്നാല്‍, എത്ര ശ്രമിച്ചിട്ടും മത്സ്യ-മാംസാദികള്‍ പാകം ചെയ്യാന്‍ ‘ആ കഴുത’ പഠിക്കില്ലെന്നും പറഞ്ഞ ഐഡോനെ മുഖമടച്ചാട്ടിവിട്ടു വി.ടി. എന്തായിരിക്കണം വിടി.യെ ഇത്രകണ്ട് പ്രകോപിപ്പിച്ചിരിക്കുക? തന്റെ സമുദായാംഗമായിരുന്നു ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ ‘കഴുത’ എന്നു വിളിച്ചതോ? ഉമയും ഐഡോനും വി.ടി.യുടെ കണ്ണില്‍ അപ്പോഴും നമ്പൂതിരിയും മുസല്‍മനുമായി മാത്രമായിരുന്നോ നിന്നിരുന്നത്? തന്റെ സമുദായത്തിലെ ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ വിവാഹം കഴിച്ചതില്‍ വി.ടി.ക്കുണ്ടായ നീരസം എഴുത്തില്‍ പലയിടത്തും പ്രകടവുമാണ്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ യത്നിച്ച ആ വലിയ മനുഷ്യന് അതുള്‍ക്കൊള്ളാന്‍ കഴിയേണ്ടതായിരുന്നില്ലേ?

വാര്‍ദ്ധയില്‍നിന്നു തിരിച്ച വന്ന ഉമാബെന്നുമായി പരസ്പരം ലോഹ്യത്തിലായി വിവാഹം കഴിക്കാന്‍ വി.ടി.യുടെ സഹായവും പിന്തുണയും തേടിവന്ന എഴുത്തച്ഛനെയും ഉമയെയും ഇതുപോലെ തള്ളിപ്പറയുന്നുണ്ട് വി.ടി. വിവാഹവും ഒരു പ്രസവവും നിരവധി വേഴ്ചകളും കഴിഞ്ഞ് ഓജസ്സറ്റ ഒരു സ്ത്രീയില്‍, അവളുടെ സമ്പാദ്യമല്ലാതെ മറ്റെന്താണ് നിങ്ങളെ ആകര്‍ഷിക്കുന്നത് എന്നാണ് വി.ടി. ചോദിച്ചത്. വിവാഹിതയും ഒന്നു പെറ്റതും അപഥസഞ്ചാരിണിയുമായ ഒരു സ്ത്രീയോട് ഒരാള്‍ക്ക് സ്നേഹം തോന്നിക്കൂടായ്കയൊന്നുമില്ലല്ലൊ. അങ്ങിനെയുണ്ടെങ്കില്‍ അതിനെ വി.ടി.യെപ്പോലൊരാള്‍ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുകയായിരുന്നില്ലേ വേണ്ടത്. എന്തോ അതുണ്ടായില്ല.

ഐഡോനും എഴുത്തച്ഛനും ഉമയുടെ സ്വത്തിനെയായിരുന്നു മോഹിച്ചിരുന്നത് എന്നൊന്നും കഥയില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവരുടെ ലക്ഷ്യം അതായിരുന്നിരിക്കണമെന്ന വെറും അനുമാനത്തില്‍ കവിഞ്ഞ് ഒരു തെളിവും വി.ടി. വിസ്തരിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. ഇടയ്ക്ക് കഥയുടെ ഒരു ഭാഗത്ത് വി.ടി.യുടെ മറ്റൊരു പ്രയോഗമുണ്ട്. “..മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മുദ്രാവാക്യം കേട്ടുമടുത്തു”. തൊട്ടടുത്ത വാചകത്തില്‍ “കേവലമനുഷ്യന്‍ മാത്രം ഈ മതേതരനാട്ടില്‍ പിറന്നിട്ടില്ല” എന്നു പറഞ്ഞ് വി.ടി. നമ്മളെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന ആശയമെങ്ങിനെയാണ് (എത്ര കേട്ടുകേട്ടായാലും) മടുക്കുക? യാഥാസ്ഥിതികത്വത്തിലും അലസതയിലും കഴിഞ്ഞിരുന്ന തന്റെ സമുദായത്തിലെ പുരുഷന്മാരെ പുതിയ മനുഷ്യരാക്കാനും, അതിലെ സ്ത്രീകളെ പുറത്തെ വിശാലമായ ലോകത്തിന്റെ സ്വച്ഛതയിലേക്ക് മറക്കുടകള്‍ തകര്‍ത്ത് പുറത്തുവരാനും പ്രേരിപ്പിച്ച  മനുഷ്യന് എങ്ങിനെയാണ്, താന്‍ നിര്‍വ്വഹിച്ച നിയോഗം കൂടുതല്‍ വിപ്ലവകരമായി, മറ്റൊരു സമുദായത്തില്‍, മറ്റൊരു രീതിയില്‍, തനിക്കുമുന്നേത്തന്നെ നടപ്പാക്കിയ മഹാനായ പൂര്‍വ്വസൂരിയുടെ വാക്കുകള്‍ മടുക്കുക?

ഇനി, വി.ടി.യുടെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്കു നോക്കുകയാണെങ്കിലോ? പ്രാകൃതമായ സമുദായാചാരങ്ങളുടെ കെട്ടുവള്ളികള്‍ ചുറ്റി സംബന്ധത്തിനു പോകുന്ന അഫന്‍‌മാരുടെ അസംബന്ധ ജീവിതത്തെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ട അതേ ആള്‍ തന്നെ, പൊട്ടന്യായം പറഞ്ഞ്, സംബന്ധം ചെയ്ത ചരിത്രവും വി.ടിക്കുണ്ട്. പോരാ, ഗര്‍ഭിണിയായ അവരെ, മാധവിക്കുട്ടി എന്ന ആ സ്ത്രീയെ ഇനിയും മറ്റു ചില പൊട്ടന്യായങ്ങള്‍ പറഞ്ഞ് നയത്തില്‍ ഉപേക്ഷിച്ച്, ദാരിദ്ര്യത്തില്‍നിന്നും സാമൂഹികമായ ഭ്രഷ്ടില്‍നിന്നും രക്ഷപ്പെടാന്‍, പൈസ വാങ്ങി സ്വജാതിക്കാരിയെ വിവാഹം ചെയ്യുകയും ചെയ്തു വി.ടി (“ഒരു വാത്മീകി കയറി വന്നെങ്കില്‍” എന്ന ആത്മകഥാ ഭാഗം). ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും തീച്ചൂളയില്‍ വേവുന്ന ഒരു മനുഷ്യനെ നമുക്കതില്‍ കാണാം. തീരെ, ദയാദാക്ഷിണ്യമില്ലാതെ സ്വയം വിചാരണ ചെയ്യുന്ന ഒരു മനുഷ്യന്‍. തന്റെ യശോധാ‌വള്യത്തിന്  ജീവിതത്തിലെ ആ കറുത്ത ഏട് തീരാകളങ്കമുണ്ടാക്കി എന്ന് തിരിച്ചറിയുന്നുമുണ്ട് ആ മനുഷ്യന്‍.

“കേരളത്തില്‍ സ്ത്രീയുടെ ചരിത്രം എഴുതുമ്പോള്‍ ഏറ്റവും പ്രധാനിയായി വരുന്ന പുരുഷ‘നെ (വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് എഴുതിയ അവതാരികയില്‍, കെ.സി. നാരായണന്റെ പ്രയോഗം) കുറ്റപ്പെടുത്തുകയോ വിധിയെഴുതുകയോ അല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഏറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് വായിച്ച കഥകള്‍ ഒരിക്കല്‍ക്കൂടി, ദയാരഹിതമായ പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉമ്മറപ്പടിയിലിരുന്ന് വായിക്കുമ്പോഴുണ്ടാകുന അത്ഭുതവും സങ്കടവും രേഖപ്പെടുത്തുക. അത്രമാത്രം. സമ്പന്നമായ ഒരു ഇല്ലത്തിലെ സന്തതിയായി ജനിച്ചു വളര്‍ന്ന നാട്ടില്‍ത്തന്നെ ഒരു മുസ്ലിം ഡ്രവറുടെ ബീടരായി നടക്കാനും ജീവിക്കാനും ചങ്കൂറ്റം കാണിച്ച ഉമ എന്ന ആ സ്തീ എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തുന്നത്. ഒരു ജന്മത്തില്‍ത്തന്നെ നിരവധി ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്ത ഉമയും, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ച ആ മനുഷ്യനോട് മറുത്തൊന്നും പറയാതെ ഹൈദരാബാദില്‍ പോയി ഏകാന്തജീവിതം നയിച്ച് അകാലത്തില്‍ മരിച്ച മാധവിക്കുട്ടിയും ചിലപ്പോഴെങ്കിലും വി.ടി.യെന്ന മഹാവൃക്ഷത്തേക്കാള്‍ എന്റെ ആകാശങ്ങളെ ഭേദിച്ചു വളരുന്ന ശാഖികളാകാറുണ്ട്.

അനുബന്ധം: ഒരിക്കല്‍ അമ്മമ്മയോട് ചോദിച്ചു. അമ്മമ്മയുടെ അച്ഛന്റെ വീട്ടിലുണ്ടായിരുന്ന ഉമ അന്തര്‍ജ്ജനമെന്ന ഒരു സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്. അങ്ങിനെയെന്തോ കേട്ടതായി ഓര്‍ക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞു അമ്മമ്മ. പക്ഷേ അത് പറയുമ്പോള്‍, അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കവും പറയാനാവാത്ത അസ്വസ്ഥതയും സത്യമായും എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു. കഥയുടെ കാലഘട്ടം നോക്കുമ്പോള്‍ അവരിരുവരും സമപ്രായക്കാരായിരുന്നിരിക്കണം. അമ്മമ്മയ്ക്ക് അവരെ അറിയാമായിരുന്നിരിക്കണമെന്നും എനിക്കു തോന്നി. ഞാന്‍ പിന്നെ കൂടുതലൊന്നും ചോദിക്കാനും പോയില്ല.

Sunday, September 30, 2012

ആജാരേ.. പര്‍‌ദേശീ


നല്ല തിരക്കുണ്ടായിരുന്നു. എന്നിട്ടും എങ്ങിനെയോ ഒരിടം കിട്ടി..കാത്തിരിപ്പിന്റെ മടുപ്പിനൊടുവില്‍ ഇളം ചുവപ്പു കരയുള്ള സാരി പുതച്ച് അവര്‍ വന്നു..ലതാ മങ്കേഷ്കര്‍ എന്ന നമ്മുടെ ലതാജി......

വേദിയിലേക്ക് ഏതൊക്കെയോ പുലികള്‍ കയറിവരുന്നുണ്ട്. അവര്‍ ലതാജിയെയും ലതാജി അവരെയും തൊഴുന്നു. ഉപചാരങ്ങള്‍ കൈമാറുന്നു. ആരൊക്കെയോ എടുത്താല്‍ പൊന്താത്ത പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കുന്നു. 

പിന്നെ, ലതാ മങ്കേഷ്ക്കര്‍ എന്ന മഹാ
ഗായികയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍..കുട്ടികള്‍ ഒരുക്കിയ സംഗീതാര്‍ച്ചന..ഗുരുപൂജ..

മൈക്കിലൂടെ അനൌണ്‍സ്‌മെന്റ് മുഴങ്ങി..”ഇനി നമ്മുടെ പ്രിയപ്പെട്ട ലതാജി നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ടു പാടുന്നു. ഒരേയൊരു പാട്ട്. അതിനുശേഷം അവരുടെ പാട്ടുകള്‍ നമ്മള്‍ അവരുടെ മുന്നില്‍നിന്ന് പാടും”.

സദസ്സ് ഒന്നനങ്ങിയിരുന്നു. ലതാജി മൈക്ക് കയ്യിലെടുത്തു.

“പ്രിയപ്പെട്ടവരെ, പാടിയിട്ട് കുറച്ചുകാലമായി..ഉള്ളില്‍ മാത്രമേയുള്ളു ഇപ്പോള്‍ പാട്ട്. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ട് മൂളാം. ശബ്ദം പതറുമായിരിക്കും. ശ്രുതി വേണ്ടുംവണ്ണം ചേര്‍ന്നില്ലെന്നും വരും. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു നാലുവരിയെങ്കില്‍ നാലുവരി ഞാന്‍ പാടാം. പക്ഷേ ഒരപേക്ഷ. ഈ വേദിയിലിരിക്കുന്ന ഒരാള്‍ ഇവിടെനിന്ന് മാറിത്തരണം. ആ മനുഷ്യന്റെ മുന്നില്‍ പാടാന്‍ എനിക്കാവില്ല. എന്റെ പാട്ട് അറിയാതെപോലും ആ മനുഷ്യനുവേണ്ടിയാകുന്നതും എനിക്കിഷ്ടമല്ല.”

സദസ്സ് നിശ്ശബ്ദമായി. വേദിയില്‍ മുറുമുറുപ്പുകളുയര്‍ന്നു. സന്നിഹിതരായ പുലികള്‍ തമ്മില്‍ത്തമ്മില്‍ സംശയദൃഷ്ടികളോടെ നോക്കി. ലതാജിയുടെ ശബ്ദമുയര്‍ന്നു.

“താക്കറെജി. താങ്കള്‍ പുറത്തുപോകണം. ഞാന്‍ പാടുന്നത് എന്റെ മുന്നിലുള്ള എന്റെ ഈ മുംബൈകര്‍ക്കുവേണ്ടിയാണ്. എന്റെ മുംബൈകര്‍ എന്നാല്‍ നിങ്ങളുടെ മുംബൈകറുകളല്ല കേട്ടോ.. അവരില്‍ ബീഹാറികളും ബംഗാളികളും ഉത്തരേന്ത്യക്കാരനും നേപ്പാളിയും, മദ്രാസ്സിയും, തമിഴനും, വടക്കു-കിഴക്കനും എല്ലാം പെടും. പകലന്തിയോളം എല്ലുമുറിയുംവരെ പണിയെടുക്കുന്നവനും, റിക്ഷവലിക്കുന്നവനും, തെരുവില്‍ കസര്‍ത്തുകള്‍ കാണിക്കുന്നവനും, വഴിവാണിഭം ചെയ്ത് അന്തിക്ക് ചേരിയിലൊടുങ്ങുന്നവനും, വേശ്യയും, അവളെ കൂട്ടിക്കൊടുക്കുന്ന ജാരനും, അവര്‍ക്കു കാവലിരിക്കുന്ന കിഴവികളും, തന്തയാരെന്നറിയാതെ ജനിക്കുന്ന കുട്ടികള്‍ക്കും,  നഗരത്തിന്റെ അഴുക്കുകള്‍ ചുമന്നുകൊണ്ടുപോയി നമ്മുടെ മുംബൈയെ നമുക്കുവേണ്ടി വൃത്തിയാക്കുന്നവനും, കറുത്തിരുണ്ട കുടുസ്സുമുറികളില്‍ ജീവിതം തള്ളിനീക്കുന്നവരും, എണ്ണിയാലൊടുങ്ങാത്ത മൂന്നാം‌കിട കുശിനികളിലെ ഇരുട്ടിലും പുകയിലും ജീവിതം വെന്തുതീര്‍ക്കുന്നവരും.. എല്ലാവരും, എല്ലാവരും..അവര്‍ ഏറ്റുപാടിയിട്ടാണ് എന്റെ പാട്ടുകള്‍ പാട്ടുകളായത്.. എന്റെ പാട്ട് അവര്‍ക്കുവേണ്ടിയാണ്. എന്റെ പാട്ടുകള്‍ മൂളിനടന്ന് ജീവിക്കുകയും മരിക്കുകയും ചെയ്ത മൂന്നു തലമുറയുടെയെങ്കിലും കണ്ണികളാണ് ഇന്നെന്റെ ശബ്ദം കേള്‍ക്കാന്‍ വന്നിരിക്കുന്ന ഇവര്‍. അവരുടെ നിത്യജീവിതത്തിന്റെ പാട്ടായിരുന്നു ഞാന്‍ ഇത്രനാളും പാടിയിരുന്നത്..എന്റെ പാട്ടില്ലെങ്കിലും അവരുണ്ടാകുമായിരുന്നു. എന്നാല്‍ അവരില്ലെങ്കില്‍ എന്റെ പാട്ടുകളില്ല. എന്റെ പാട്ടിലെ പരദേശിയും തിരിച്ചുവരുന്നവനും, ദൂരേക്കു പോകുന്നവനും, കാത്തിരിക്കുന്നവനും, തെരുവിലലയുന്നവനുമൊക്കെ ഇവരാണ്. ഇവര്‍ മാത്രമാണ്. അവരെ ആട്ടിയോടിക്കുന്ന നിന്റെയും നിന്റെ വഴിപിഴച്ച സന്തതികളുടെയും ഭാഗിനേയന്മാരുടെയും മുന്നില്‍ പാടാനുള്ളതല്ല എന്റെ ഈ പാട്ട്. അതുകൊണ്ട് ദയവായി പുറത്തേക്ക് പോവുക“

സദസ്സ് തരിച്ചിരുന്നുപോയി..ആളുകള്‍ കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. താക്കറെ എന്ന മൂഢവൃദ്ധനും അവന്റെ അസുരവിത്തുകളും ഇറങ്ങിപ്പോയി..

തിക്കിനും തിരക്കിനുമിടയിലൂടെ കിതച്ചും ഓടിയും വീണും വേദിയിലേക്ക് ഞാന്‍ കയറിച്ചെന്നു. ലതാജി പാട്ടു തുടങ്ങിക്കഴിഞ്ഞിരുന്നു.

കണ്ണുതുറന്നപ്പോള്‍ ലതാജിയുമില്ല, സദസ്സുമില്ല....എന്നിട്ടും വെറുതെ മുറിഞ്ഞുപോയ ആ സ്വപ്നത്തിന്റെ ബാക്കിഭാഗത്തിനുവേണ്ടി കണ്ണടച്ചു കുറച്ചുനേരംകൂടി കിടന്നു. പടിയിറങ്ങിപ്പോകുന്ന വൃത്തികെട്ട ആ കടല്‍ക്കിഴവനെയും, അവന്റെ കുലത്തെയും കടലെടുക്കുന്നതും പടികയറിവരുന്ന സുവര്‍ണ്ണശബ്ദത്തെ നെഞ്ചെടുക്കുന്നതും അനുഭവിക്കാന്‍..

Thursday, June 7, 2012

ബോര്‍ഹസും ഞാനും




അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത്‌ ആ മറ്റേ ബോര്‍ഹസിനാണ്‌. ഞാനാകട്ടെ, ബ്യൂണസ്‌ അയേഴ്സിന്റെ തെരുവുകളിലൂടെ നടന്നും, ഏതെങ്കിലും പ്രവേശനകവാടത്തിന്റെ  കമാനത്തിലേക്കോ അതിന്റെ ഉള്ളിലെ മുറികളിലേക്കോ നോക്കിയും - പലപ്പോഴും യാന്ത്രികമായിട്ടാണ്‌ അതൊക്കെ ചെയ്യുന്നത് - ഇടക്കൊന്ന്‌ നിന്നും അങ്ങിനെയങ്ങിനെ  കാലം കഴിക്കുന്നു.

ബോര്‍ഹസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ആരുടെയെങ്കിലും കത്തുകളില്‍നിന്ന്‌ അറിയാറുണ്ട്‌. അതല്ലെങ്കില്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട വിദ്യാഭ്യാസവിചക്ഷണന്‍മാരുടെ പേരുവിവരങ്ങളില്‍നിന്നോ, ഏതെങ്കിലും ജീവചരിത്രപരമായ നിഘണ്ടുവില്‍നിന്നോ ഒക്കെ  അയാളെക്കുറിച്ച്‌ ഇടയ്ക്കിടയ്ക്ക് ഞാന്‍ പതിവായി അറിയാറുണ്ട്. എന്റെ താത്പര്യങ്ങളൊക്കെ, മണല്‍ ഘടികാരം, വിവിധതരത്തിലുള്ള കാപ്പികള്‍, പഴയ കാലത്തെ അച്ചുകള്‍, പദവിജ്ഞാനീയം, ഭൂപടങ്ങള്‍, റോബര്‍ട്ട്‌ ലൂയി സ്റ്റീവന്‍സണിന്റെ ഗദ്യങ്ങള്‍, ഇതിലൊതുങ്ങിനില്‍ക്കുന്നു.  മറ്റേ കക്ഷിക്കും ഇതിലൊക്കെ താത്പര്യമില്ലാതില്ല. പക്ഷേ അയാള്‍ അത്‌ ഉപയോഗിക്കുന്നത്‌, ഒരു നടന്‍ തനിക്കാവശ്യമായ കാര്യങ്ങള്‍ താത്ക്കാലികമായ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മട്ടില്‍ മാത്രമാണ്‌. എന്നുവെച്ച്, ഞങ്ങളുടെ ബന്ധം ശത്രുതാപരമാണെന്നൊക്കെ പറയുന്നത്‌ അതിശയോക്തിപരമായിരിക്കും. മറ്റേ ബോര്‍ഹസിനു സാഹിത്യം പടച്ചുവിടാന്‍ വേണ്ടിയാണ്‌, ഞാന്‍ ജീവിക്കുന്നത്‌, അഥവാ, ജീവിക്കാന്‍ എന്നെ സ്വയം അനുവദിക്കുന്നത്‌. ജീവിക്കാനുള്ള എന്റെ ന്യായീകരണവും ആ എഴുത്തു മാത്രമാണ്‌.

പക്ഷേ, ആ എഴുത്തൊന്നും ഞാനെന്ന  'എന്നെ' രക്ഷിക്കാറില്ല.. കാരണം, അതൊന്നും ഏതെങ്കിലും വ്യക്തികള്‍ക്ക്‌ അവകാശപ്പെട്ടതല്ല എന്നതുതന്നെ. എഴുതുന്ന ആ മറ്റേ ബോര്‍ഹസിനുപോലും അതില്‍ അവകാശമില്ല. അതൊക്കെ ഭാഷക്കും പഴമക്കും മാത്രം അവകാശപ്പെട്ടതാണ്‌.

വിസ്മൃതിയില്‍ അകപ്പെട്ടുപോകാനാണ്‌ എന്റെ വിധി. പരിപൂര്‍ണ്ണമായ, അനിവാര്യമായ വിസ്മൃതി. ബോര്‍ഹസ് എന്ന എന്റെ ആ അപരനില്‍  ഒരുപക്ഷേ അവശേഷിക്കുക, എന്റെ ക്ഷണികമായ ചില നിമിഷങ്ങളക്കുറിച്ചുള്ള ഓര്‍മ്മകളാവാം. എന്തായാലും കുറേശ്ശെ, കുറേശ്ശെയായി, അതെല്ലാം ഞാന്‍ അയാള്‍ക്ക്‌ വിട്ടുകൊടുക്കുകയാണ്‌. അതിനെയൊക്കെ ഊതിപ്പെരുപ്പിച്ചും, വികലമാക്കിയും അവതരിപ്പിക്കാനുള്ള അയാളുടെ സാമര്‍ത്ഥ്യത്തെക്കുറിച്ച് എനിക്ക് അറിയില്ലെന്നൊന്നും നിങ്ങള്‍ കരുതണ്ട.

എല്ലാ വസ്തുക്കളും അതായിത്തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന്‌ സ്പിനോസ ഒരിടത്ത്‌ പറഞ്ഞിട്ടുണ്ട്‌. പാറ എന്നും പാറയായും, നരി നരിയായും ഇരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഞാനെന്നതൊന്ന്‌ എന്നെങ്കിലും അവശേഷിക്കുകയാണെങ്കില്‍, അത്‌ ബോര്‍ഹസിലായിരിക്കും. എന്നിലാവില്ല. ഉറപ്പ്. അയാളുടെ പുസ്തകങ്ങളിലേക്കാള്‍ മറ്റുള്ളവരുടെ പുസ്തകങ്ങളിലോ, ഒരു ഗിത്താറിന്റെ ക്ഷീണിതമായ ഞരക്കത്തിലോ ആണ് എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കുന്നത്. സത്യം പറഞ്ഞാല്‍, അയാളില്‍നിന്ന്‌ സ്വതന്ത്രനാവാന്‍, വര്‍ഷങ്ങള്‍ക്കുമുന്‍പേ ഞാന്‍ ശ്രമം തുടങ്ങിയിരുന്നു. ചേരികളില്‍നിന്നും, നഗരപ്രാന്തത്തില്‍നിന്നും വിട്ടുമാറി, സമയവും അനന്തതയുമായുള്ള കളികളിലേക്ക്‌ ഞാന്‍ എത്തിത്തുടങ്ങിയതായിരുന്നു. പക്ഷേ ആ കളികളൊക്കെ എങ്ങിനെയോ ഇന്ന്‌ മറ്റേ കക്ഷിയുടേതായി കഴിഞ്ഞു. ഞാനിനി, പുതിയ വല്ല കളികളും കണ്ടുപിടിക്കണമെന്ന സ്ഥിതിയാണ്‌. അതുകൊണ്ട്‌ എന്റെ ജീവിതം ഇപ്പോള്‍ ഒരേ സമയം ഒരു ബിന്ദുവും പ്രതിബിന്ദുവുമാണ്‌, അല്ലെങ്കില്‍, ആവര്‍ത്തനവിരസമായ ഒരു ഗാനം, ഒരു കൊഴിഞ്ഞുപോക്ക്‌. എല്ലാം ഒന്നുകില്‍ വിസ്മൃതിയിലേക്കോ, അതല്ലെങ്കില്‍ മറ്റേ ആളുടെ കയ്യിലേക്കോ വഴുതി വീണുപോകുന്നു.

ഈ വരികള്‍ എഴുതുന്നതുതന്നെ ഞങ്ങളിരുവരില്‍ ആരാണെന്ന്‌ എനിക്കറിയില്ല.





പിന്‍‌കുറിപ്പ് - ഈ പരിഭാഷയുടെ പിന്നിലും, എന്നെ സംബന്ധിച്ചിടത്തോളം, അത്ര ചെറുതല്ലാത്ത ഒരു ബോര്‍ഹസിയന്‍ അനുഭവമുണ്ട്.  ഒന്നല്ല. രണ്ട്.

രണ്ടുവര്‍ഷം മുന്‍പാണ് ബൊര്‍ഹസിന്റെ ‘’The Aleph' വിവര്‍ത്തനം ചെയ്യാന്‍ കിഴക്കേമുറിക്കാരു വിളിച്ചത്. പിന്നെ അവരില്‍നിന്ന് ഒരു വര്‍ത്തമാനവും ഉണ്ടായില്ല. ആര്‍ക്കുപോയി? അവര്‍ക്ക്.  അതുവിട്ടു. പിന്നെ, കഴിഞ്ഞയാഴ്ച പിറന്നാള്‍ സമ്മാനമായി കിട്ടിയ ഒരു സഹായധനം വെച്ച് പുസ്തകം വാങ്ങി. വായിച്ചയുടന്‍, ഈ കുറിപ്പ് കണ്ണിലെ കരടായി മാറുകയും ചെയ്തു. പരിഭാഷിക്കാതിരിക്കാന്‍ വയ്യ എന്ന് തോന്നിയതിനാല്‍ അത് ചെയ്തു.

എം.കൃഷ്ണന്‍ നായരില്ലാത്തതിനാല്‍, ബോര്‍ഹസിന്റെ മലയാള ഉച്ചാരണം നോക്കാന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അതാ കിടക്കുന്നു, നമ്മുടെ പ്രിയപ്പെട്ട രവികുമാര്‍, ഇതേ ലേഖനം രണ്ടുകൊല്ലം മുന്‍പ് പരിഭാഷിച്ചത്. കണ്ടപാടെ അടച്ചുവെച്ചു.  ബ്ലോഗ്ഗുലകമാകട്ടെ പാടെ മാറുകയും ചെയ്തിരിക്കുന്നു (ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക, ഇടതുവലത് ‘സ്വതന്ത്ര‘ ചിന്തകരാല്‍ ബ്ലോഗ്ഗുലകം നിറഞുകവിഞ്ഞിരിക്കുന്നു എന്ന്  നമ്മുടെ സി.കെ.ബാബു) ആകെ ഒരു പരിചയമില്ലായ്മ..ഒരു എത്തും പിടിയും കിട്ടാത്തതുപോലെ.... പരിചയമില്ലാത്ത ഒരിടത്ത് അസമയത്ത് എത്തിയതുപോലെ ഒരു അനുഭവം.. നിലവറക്കുള്ളിലെ ഇരുട്ടില്‍ തിളങ്ങുന്ന ആലിഫ്. ഭൂമിയിലേക്കും, ആകാശത്തിലേക്കും കൈചൂണ്ടി നില്‍ക്കുന്ന എഴുത്തനുഭവത്തിന്റെ ചൂണ്ടുപലകകള്‍..

പണ്ട് പണ്ട്, എന്നുവെച്ചാല്‍, പത്തിരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഇതുപോലെ മറ്റൊരു saddest അനുഭവം ‘ഉണ്ടായിട്ടുണ്ട്’. നെരൂദയുടെ ‘Tonight I can write the saddest  line", വായിച്ചിട്ട്, ഒരാളെ ഓര്‍ത്ത്, സഹിക്കവയ്യാതെ സങ്കടപ്പെട്ട്, ആ സങ്കടം തീര്‍ക്കാന്‍ അത് മലയാളത്തിലാക്കാന്‍ തോന്നിയിട്ട്, അത് ചെയ്തപ്പോള്‍, അതാ അവിടെ കിടക്കുന്നു നമ്മുടെ സച്ചിദാനന്ദന്റെ പരിഭാഷ..

അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത് ആ മറ്റേ രാജീവിനാണല്ലോ..

Thursday, March 15, 2012

വീട്ടില്‍ ഒരു കൊലപാതകം





(London Review of Books-ന്റെ 2008 ഡിസംബര്‍ 18-ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച താരിഖ്‌ അലിയുടെ ഓര്‍മ്മക്കുറിപ്പിന്റെ പരിഭാഷ)

കിടപ്പുമുറിയിലെ വഞ്ചനകള്‍ക്ക്‌ വെടിയുണ്ടകൊണ്ട്‌ സമാധാനമുണ്ടാക്കാമായിരുന്നെങ്കില്‍ നമ്മില്‍ പലരും മരിച്ചേനേ. 1951-ല്‍ സക്കറില്‍ വെച്ച്‌ കൊല്ലപ്പെട്ട തന്റെ സുഹൃത്ത്‌ കയ്റ്റാനോ ജെന്റിലിന്റെ മരണമാണ്‌ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്യൂസ്‌ തന്റെ 'ക്രോണിക്കിള്‍ ഓഫ്‌ എ ഡെത്ത്‌ ഫോര്‍ടോള്‍ഡ്‌' എന്ന കഥക്ക്‌ അവലംബമാക്കിയതെന്ന്‌ ജെറാള്‍ഡ്‌ മാര്‍ട്ടിന്‍ എഴുതിയ മാര്‍ക്യൂസിന്റെ പുതിയ ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. മാര്‍ഗരിറ്റ എന്ന സ്ത്രീയെ മാര്‍ക്യൂസിന്റെ സുഹൃത്ത്‌ വശീകരിച്ച്‌ പിഴപ്പിക്കുകയും ഒടുവില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാര്‍ഗരീറ്റയുടെ വിവാഹദിവസം ആ കഥ അറിയാനിടയായ അവളുടെ ഭര്‍ത്താവ്‌ അവളെ കയ്യൊഴിഞ്ഞു. മാര്‍ഗരിറ്റയുടെ സഹോദരന്‍മാര്‍ കയറ്റിനോയെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊന്നു. മാര്‍ക്യൂസാകട്ടെ, കാത്തലിക്ക്‌ പള്ളിയുടെ സാമൂഹ്യ-സദാചാര സ്വേച്ഛാ ധിപത്യത്തെയാണ്‌ ഇതിന്‌ കുറ്റപ്പെടുത്തിയത്‌.

പക്ഷേ സാധാരണയായി, ലൈംഗികതയുടെ നിയമങ്ങള്‍ തെറ്റിക്കുന്നതിന്‌ സ്ത്രീകളാണ്‌ കൊല്ലപ്പെടാറുള്ളത്‌. ബ്രിട്ടനില്‍ നിരവധി സംഭവങ്ങളുണ്ടായി. അച്ഛന്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന്‌ സമ്മതിക്കാത്തതിനാല്‍ ബനാസ്‌ മഹമൂദ്‌ എന്ന ഇരുപത്‌ വയസ്സുകാരിയായ കുര്‍ദ്‌ വംശജ കൊല്ലപ്പെട്ടു. ഇറാഖിലും ഇതിനു സമാനമായ നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. പുരുഷസുഹൃത്തിനോട്‌ സംസാരിച്ചു എന്ന തെറ്റിന്‌ ബസ്രയില്‍ കഴിഞ്ഞ മാസമാണ്‌ മൂന്ന്‌ സ്ത്രീകള്‍ക്കുനേരെ ആസിഡ്‌ ആക്രമണമുണ്ടായത്‌. സമൂഹത്തിന്റെ എല്ലാ തുറകളിലും ഏറ്റവുമധികം സ്ത്രീ പങ്കാളിത്തമുണ്ടായിരുന്ന അറബ്‌ രാജ്യമായിരുന്നു ഒരിക്കല്‍ ഇറാഖ്‌.

ഇനി പാക്കിസ്ഥാനിലേക്ക്‌ വരാം. ദുരഭിമാനകൊല എന്നത്‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമനടപടികള്‍ പര്‍വേസ്‌ മുഷാറഫ്‌ 2005-ല്‍ കൊണ്ടുവന്നു. എന്നിട്ടും ഔദ്യോഗികകണക്കുകള്‍ പ്രകാരം, 2006-ല്‍ മാത്രം 1261    ദുരഭിമാനകൊലകങ്ങ്ളാണ്‌ നടന്നത്‌. അതിനടുത്ത വര്‍ഷവും അതിന്റെ പകുതിയോളം നടന്നു. ഇത്തരം സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തതുകൊണ്ട്‌ ശരിക്കുള്ള എണ്ണം ഇതിനേക്കാളൊക്കെ അധികമായിരിക്കാനാണ്‌ കൂടുതലും സാധ്യത. "ഏതു മതവിഭാഗത്തിലോ, സാമൂഹ്യസ്ഥിതിയിലോ പെട്ട സ്ത്രീകളായാലും, അവരൊക്കെ പുരുഷന്റെ  സ്വകാര്യ സ്വത്തായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. തന്റെ സ്വകാര്യ സ്വത്തിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം പുരുഷനു മാത്രവും". സ്ത്രീകളുടെ തുല്യാവകാശാത്തിനുവേണ്ടി പോരാടുന്ന ഷിര്‍ക്കത്ത ഗാഹ്‌ എന്ന സംഘടനയിലെ പ്രവര്‍ത്തക താഹിറാ ഷാഹിദ്‌ പറയുന്നു. പാക്കിസ്ഥനിലെ മനുഷ്യാവകാശകമ്മീഷന്റെ കണക്കുപ്രകാരം ഗാര്‍ഹിക പീഡനങ്ങള്‍ ഒരു സാധാരണ സംഭവമായിട്ടുമാത്രമാണ്‌ അധികവും കണക്കാക്കപ്പെടുന്നത്‌. പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളില്‍ 82 ശതമാനം സ്ത്രീകളും, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവില്‍ നിന്ന്‌ പീഡനം ഏല്‍ക്കുമെന്ന്‌ ഭയപ്പെടുന്നവരാണ്‌. ഏറ്റവും വികസിതമായ നഗരങ്ങളില്‍പ്പോലും 52 ശതമാനം സ്ത്രീകള്‍ക്ക്‌ നിത്യവും വീട്ടിലെ പുരുഷനില്‍ നിന്ന്‌ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നു.

ഇതു നോക്കുക. തന്റെ ഭാര്യ തന്നെ ചതിച്ചുവെന്ന്‌ ഒരാള്‍ രാത്രിയുറക്കത്തില്‍ സ്വപ്നം കാണുന്നു. ഉണര്‍ന്നുനോക്കുമ്പോള്‍ അവള്‍ അടുത്തുണ്ട്‌. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അയാള്‍ അവരെ കൊല്ലുന്നു. ഇത്‌ പാക്കിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്‌. കൊലയാളി കുറ്റവിമുക്തനാവുകയും ചെയ്തു. ദുരഭിമാനകൊലയെ നീതീകരിക്കാന്‍ സ്വപ്നങ്ങള്‍ മതിയെന്നാണ്‌ അവസ്ഥയെങ്കില്‍ ഏത്‌ സ്ത്രീയാണ്‌ സുരക്ഷിത? കുടുംബത്തിലെ കൊലപാതകത്തെ പോലീസും കോടതിയും കാണുന്നത്‌ ഒരു സ്വകാര്യ സംഭവമായിട്ടുമാത്രമാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാലും അവയില്‍ പലതും കോടതിയിലെത്തുന്നില്ല. അതുകൊണ്ട്‌, മനുഷ്യാവകാശ കമ്മീഷനെയും ഹീന ജിലാനിയെയും അസ്മ ജഹാംഗീറിനെപ്പോലെയുള്ള ധീരവനിതകളെയാണ്‌ മിക്കപ്പോഴും വിവരങ്ങള്‍ ലഭിക്കാന്‍ ആശ്രയിക്കേണ്ടിവരുന്നത്‌. തങ്ങളുടെ ജീവനുനേരെ നിരവധി വധഭീഷണികള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന സഹോദരിമാരാണ്‌ ഹീനാ ജിലാനിയും അസ്മാ ജഹാംഗീറും.

1999-ല്‍, രണ്ടു കുട്ടികളുടെ അമ്മയായ സാമിയ സര്‍വാറിന്റെ കൂടെ ഹീന ജിലാനി തന്റെ ഓഫീസിലിരിക്കുമ്പോഴാണ്‌ സാമിയ സര്‍വാറിന്റെ അമ്മ രണ്ട്‌   ആയുധധാരികളുടെ കൂടെ വന്ന്‌ തന്റെ മകളെ വെടിവെച്ച്‌ കൊന്നത്‌. ഭര്‍ത്താവില്‍നിന്ന്‌ വിവാഹമോചനം ആവശ്യപ്പെട്ട്‌ വന്നതായിരുന്നു സാമിയ സര്‍വാര്‍. 1989 -ലാണ്‌ സാമിയ തന്റെ വളരെ അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിച്ചത്‌. ആറുവര്‍ഷത്തോളം അയാള്‍ അവളെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കുന്ന സമയത്താണ്‌ അയാള്‍ ഒരിക്കല്‍ അവളെ ചവിട്ടുപടികളില്‍നിന്ന്‌ തള്ളിതാഴെയിട്ടത്‌. ആ സംഭവത്തിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക്‌ തിരിച്ചുപോയി. വിവാഹമോചനം ആവശ്യപ്പെട്ട അന്നുമുതല്‍, സ്വന്തം വീട്ടുകാര്‍ക്ക്‌ അവള്‍ ചതുര്‍ത്ഥിയായി. വിദ്യാസമ്പന്നരും ധനികരുമായിരുന്നു അവളുടെ വീട്ടുകാര്‍ എന്നും ഓര്‍ക്കുക.

വളരെയധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മറ്റൊരു സംഭവമാണ്‌ തസ്ലിം സോളങ്കി എന്ന 18 വയസ്സുകാരിയുടേത്‌. സിന്ധിലെ ഒരു വ്യാപാരിയുടെ മകളായിരുന്നു തസ്ലിം. യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച്‌, തന്റെ അമ്മാവനെപ്പോലെ ഒരു ഡോക്ടറാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നിട്ടും, ഒരു കുടുംബവഴക്ക്‌ തീര്‍ക്കുന്നതിനായി ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായി ബന്ധുവിനെ വിവാഹം കഴിക്കാന്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അവളുടെ അമ്മ അതിനെതിരായിരുന്നു. പക്ഷേ അവള്‍ കുലുങ്ങിയില്ല. അവളെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന്‌ ഖുര്‍ആന്‍ പിടിച്ച്‌ സത്യം പറഞ്ഞ്‌, അവളുടെ ഭര്‍ത്തൃപിതാവ്‌ അവളെ കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവള്‍ അമ്മക്ക്‌ കത്തെഴുതി. "അമ്മ എന്നോട്‌ ക്ഷമിക്കണം. അമ്മ പറഞ്ഞത്‌ ശരിയായിരുന്നു. എനിക്കാണ്‌ തെറ്റു പറ്റിയത്‌. ഇവര്‍ എന്നെ കൊല്ലുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു". ഒരു മാര്‍ച്ച്‌ ഏഴിന്‌ അവള്‍ ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. അപ്പോള്‍ അവള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അവള്‍ പിഴച്ചവളാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞ്‌ തന്റെ മകന്റേതല്ലെന്നും ആ ഖുര്‍ആന്‍ സത്യക്കാരന്‍ ആരോപിച്ചു. അവള്‍ പ്രസവിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ അയാള്‍ പട്ടികള്‍ക്ക്‌ എറിഞ്ഞുകൊടുത്തു. ദയക്കുവേണ്ടി യാചിച്ച തസ്മിലിനെ പട്ടികളെക്കൊണ്ട്‌ ആക്രമിപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇത്തവണ എന്തായാലും അന്വേഷണമുണ്ടായി. തസ്മിലിന്റെ ഭര്‍ത്താവ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. അയാള്‍ ഇപ്പോള്‍ ശിക്ഷയും കാത്ത്‌ കഴിയുകയാണ്‌.

ബലൂച്‌ തലസ്ഥാനമായ ക്വറ്റക്ക്‌  250 നാഴിക കിഴക്ക്‌ ബാബാകോട്ട്‌ ഗ്രാമത്തില്‍ അഞ്ചു സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവമുണ്ടായി. അതില്‍ മൂന്നുപേര്‍ യുവതികളായിരുന്നു. തങ്ങള്‍ തിരഞ്ഞെടുത്ത പുരുഷന്‍മാരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചവര്‍. അവരെ സഹായിച്ചതിനാണ്‌ പ്രായമായ രണ്ട്‌ സ്ത്രീകളെയും കൂട്ടത്തില്‍ കുഴിച്ചുമൂടിയത്‌. മൂന്ന്‌ ബന്ധുക്കളെ ഇതിനോടനുബന്ധിച്ച്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. അതില്‍ ഒരാള്‍ ആ മൂന്നു ചെറുപ്പക്കാരികളില്‍ രണ്ടുപേരുടെ സഹോദരനുമായിരുന്നുവെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. അവരും ശിക്ഷ കാത്ത്‌ കഴിയുന്നു.

കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുന്ന ഒന്നായിട്ടാണ്‌ യാഥാസ്ഥിതികര്‍ എന്നും പ്രണയത്തെ കണ്ടിരുന്നത്‌. ആര്‍ ആരെ വിവാഹം കഴിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും കുടുംബത്തിലെ പുരുഷ പ്രഭൃതികള്‍ക്കാണ്‌. പ്രണയത്തില്‍ പെട്ടുപോയാല്‍ അതിന്റെ അഗ്നിയില്‍ നിങ്ങള്‍ വെന്തുരുകുമെന്ന്‌ പണ്ട്‌, പതിനെട്ടാം നൂറ്റാണ്ടില്‍ മിര്‍ ഹസ്സന്‍ എന്നൊരു ഉറുദു കവി, ഒരിക്കലല്ല, പലതവണ പാടിയിട്ടുണ്ട്‌. 2008 ഒക്ടോബറില്‍ പഞ്ചാബിലെ പട്ടണമായ വാഹില്‍ നടന്നതും അതുതന്നെയാണ്‌. അരദശലക്ഷത്തോളം ആളുകള്‍ പാര്‍ക്കുകയും പാക്കിസ്ഥാനിലെ ഏറ്റവും വലിയ സൈനികായുധ ഫാക്ടറികളുമുള്ള സ്ഥലമാണ്‌ വാഹ്‌. എന്നാല്‍ ഒരിക്കല്‍, അത്‌ ജലത്താല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമായിരുന്നു. കാശ്മീരില്‍ നിന്ന്‌ തന്റെ  വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ തടാകങ്ങളാലും കൊച്ചരുവികളാലും ചുറ്റപ്പെട്ടുകിടന്നിരുന്ന മനോഹരമായ ആ ഗ്രാമത്തിലെത്താനിടയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ അത്ഭുതാഹ്ളാദത്തോടെ 'വാഹ്‌' എന്ന്‌ പറഞ്ഞുവെന്ന കഥയില്‍നിന്നാണ്‌  ആ ഗ്രാമത്തിന്റെ  പേരുവരുന്നതത്രെ. അതിനും മുന്‍പ്‌ അതിന്റെ പേര്‍ ജലത്സാര്‍ എന്നായിരുന്നു. 800  വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഖത്താര്‍ ഗോത്ര തലവനായിരുന്ന സര്‍ദാര്‍ ജലാല്‍ ഖാന്‍ എന്ന എന്റെ ഏതോ ഒരു പൂര്‍വ്വികന്റെ സ്മരണാര്‍ത്ഥം ഇട്ട പേരായിരുന്നുവത്രെ അത്‌. ജഹാംഗീറിനെ പ്രീതിപ്പെടുത്താന്‍ ജലത്സാറിന്റെ പേര്‍ ' വാഹ്‌' എന്ന്‌ മാറ്റുകയായിരുന്നു എന്നാണ്‌ കഥ. കടുത്ത എതിര്‍പ്പുകളൊന്നുമില്ലാതെ ഒരു സ്ഥലത്തിന്റെ പേര്‍ മാറ്റുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും ഇന്നെന്നെക്കൊണ്ടാവുന്നില്ല. ആ പേരുമാറ്റത്തോട്‌ ഒരു വിഭാഗത്തിന്‌ എതിര്‍പ്പുണ്ടായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. എങ്കിലും അവസാന വിജയം അധികാരത്തിന്റെ സ്തുതിപാഠകരുടേതായിരുന്നു.

ജഹാംഗീര്‍ അവിടെ, ജലാശയങ്ങളുടെ നടുവില്‍ ഒരു മനോഹരമായ റസ്റ്റ്‌ ഹൌസ്‌ നിര്‍മ്മിച്ചു. അര നൂറ്റണ്ടുമുന്‍പ്‌, അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞാനും എന്റെ  കളിക്കൂട്ടുകാരായ ബന്ധുക്കളും ഒളിച്ചുകളിക്കാറുണ്ടായിരുന്നു. അവിടെ മുഗളന്‍മാരുടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ എന്റെ ഒരു കളിക്കൂട്ടുകാരി എന്നെ സ്ഥിരമായി ഭയപ്പെടുത്തകയും ചെയ്തിരുന്നു.

എന്തായാലും ഇന്ന്‌ അവിടെ പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്നുണ്ട്‌. ആ റസ്റ്റ്‌ ഹൌസിന്റെ കുറച്ചപ്പുറത്ത്‌ മാറിയിട്ടാണ്‌ എന്റെ ഒരു അമ്മാവന്‍, സര്‍ദാര്‍ ഗൈരത്ത്‌ ഹിയാത്ത്‌ ഖാന്‍ വീടുവെച്ചിരിക്കുന്നത്‌. എന്റെ മുതുമുത്തശ്ശി ആയിഷ അദ്ദേഹത്തിനോടൊപ്പമാണ്‌ താമസിക്കുന്നത്‌. പരിപൂര്‍ണ്ണമായി അന്ധയാകുന്നതിനുമുന്‍പ്‌ അവര്‍ ലോകത്തിലേക്കും വെച്ച്‌ ഏറ്റവും നല്ല പാചകക്കാരിയായിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസമാകാന്‍ പോകുന്നതിനുമുന്‍പ്‌ അവരെ കാണാന്‍ പോയപ്പോള്‍ അവര്‍ എന്റെ മുഖത്തു തടവി ചോദിച്ചു. "ഇതെന്താ ഒരു മീശ? ഇത്‌ ശരിക്കും നീ തന്നെയാണോ?"

കഴിഞ്ഞ ഒക്ടോബറില്‍ അമ്മാവന്റെ  ചെറുമകള്‍ സൈനബിനെ - പതിനെട്ടു വയസ്സ്‌ ആകുന്നതേയുണ്ടായിരുന്നുള്ളു അവള്‍ക്ക്‌ - അവളുടെ സഹോദരന്‍മാര്‍ വെടിവെച്ചുകൊന്നു. അവള്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. വീട്ടില്‍നിന്ന്‌ എതിര്‍പ്പുകളുണ്ടായിട്ടും അവര്‍ തമ്മില്‍ കാണാറുമുണ്ടായിരുന്നുവത്രെ. സംഭവം നടക്കുമ്പോള്‍, അവള്‍ അവളുടെ മുത്തച്ഛന്റെ വീട്ടില്‍ നിന്ന്‌, തന്റെ കാമുകനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഏഴ്‌ വെടിയുണ്ടകളാണ്‌ അവളുടെ ശരീരത്തില്‍നിന്ന്‌ കിട്ടിയത്‌. സൈനബിന്റെ അമ്മ, അമ്മാവന്റെ മൂത്ത മകള്‍ റൂഹിക്ക്‌ ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന്‌ എനിക്കറിയില്ല. റൂഹിക്ക്‌ പത്തു വയസ്സുള്ളപ്പോഴാണ്‌ ഞാന്‍ അവളെ അവസാനമായി കണ്ടത്‌. അവര്‍ക്ക്‌ പങ്കുണ്ടോ ഇല്ലയോ എന്നതല്ല, പോസ്റ്റ്‌ മാര്‍ട്ടം ആവശ്യപ്പെടുന്നത്‌ പോയിട്ട്‌, ഏറ്റവും ചുരുങ്ങിയത്‌ പോലീസിനെക്കൊണ്ട്‌ ഒരു പ്രാഥമികാന്വേഷണം പോലും നടത്തിക്കാതെ സംഭവം നടന്ന അതേ ദിവസം തന്നെ സൈനബയെ മറവുചെയ്യാന്‍ എന്റെ അമ്മാവന്‍ കൂട്ടുനിന്നു എന്നതാണ്‌ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്‌. സൈനബ്‌ അത്രയെങ്കിലും അര്‍ഹിക്കുന്നുണ്ട്‌.

വൃദ്ധനും രോഗിയുമായ അമ്മാവന്‍ പോലീസിനെ വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും, ഒടുവില്‍, കുടുംബത്തിനുണ്ടായേക്കാവുന്ന നാണക്കേടും, മകളുടെയും മറ്റുബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പിന്‍മടങ്ങുകയായിരുന്നുവെന്നും പറഞ്ഞുകേട്ടു. ഒരുപക്ഷേ പണ്ട്‌ അവകാശപ്പെട്ടിരുന്നതുപോലുള്ള വിശ്വാസമൊന്നും ഇന്നദ്ദേഹത്തിന്‌ 'പരമകാരുണികനും നീതിമാനുമായ അള്ളാഹുവില്‍' ഇല്ലായിരിക്കാം. കാരണമെന്തായാലും ഇത്‌ സ്വീകാര്യമല്ല. സൈനബിന്റെ ശരീരം പോസ്റ്റ്മാര്‍ട്ടത്തിന്‌ വിധേയമാക്കണം. കുറ്റവാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുകയും വേണം.

പരിഭാഷകന്റെ കുറിപ്പ്‌ - പഴയൊരു ലേഖനമാണ്‌. കേട്ട്‌ കേട്ട്‌ ചെവി തഴമ്പിച്ചിരിക്കുന്നു. ഒക്കെ ശരിതന്നെ. എങ്കിലും, ഇന്നും, ഈ കുറിപ്പിന്‌ പ്രസക്തിയുണ്ട്‌ എന്നാണ്‌ വിശ്വാസം. നിരക്ഷരരും അപരിഷ്കൃതരുമായ ആളുകള്‍ പാര്‍ക്കുന്ന ഏതോ ഉള്‍നാടന്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ മേഖലകളില്‍ നടക്കുന്ന വെറുമൊരു വാര്‍ത്തയല്ല നമുക്കിന്ന്‌ ദുരഭിമാനകൊലകള്‍. ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുപോലും ഇതിന്റെ അലയൊലികള്‍ അപൂര്‍വമല്ലാതെ നമ്മളിന്ന്‌ കേള്‍ക്കുന്നുണ്ട്‌.

ചിത്രത്തിനു കടപ്പാട്‌ ഗൂഗിളിനോട്‌

Wednesday, January 4, 2012

മഴവില്ലുകളും ഗോവിന്ദച്ചാമിമാരും


ഒഴിവുകിട്ടുമ്പോൾ ടി.വി.യിലെ മ്യൂസിക്ക് റിയാലിറ്റി ഷോ പേക്കൂത്തുകളുടെ മുന്നിലിരിക്കുന്നത് രണ്ടുമൂന്നു കാരണങ്ങൾ കൊണ്ടാണ് ഒന്ന്, പഴയ പാട്ടുകൾ കേൾക്കാം; രണ്ട്, കേട്ടു മറന്നു പോയ ചില പാട്ടുകളെ തിരിച്ചുപിടിച്ച് ആഘോഷിക്കാം; മൂന്ന്, നന്നായി പാടുന്ന കുട്ടികളെ കണ്ട് വെറുതെയെങ്കിലും സന്തോഷിക്കാം. കൈരളിയിലെ ‘ഗന്ധർവ്വസംഗീതം’ ഇതിനൊക്കെ അൽ‌പ്പം ഉപകാരപ്പെട്ടിരുന്നു.

മലയാള മനോരമ മുത്തശ്ശിയുടെ ചെറുമകൾ മഴവിൽ മനോരമയുടെ മുന്നിലിരിക്കുന്നതും ഇതൊക്കെകൊണ്ടുകൂടിയാണ്. എന്നാൽ, വർഗ്ഗീസ് മാപ്പിളയുടെ കാലം തൊട്ടേ പത്രധർമ്മത്തെ കൊന്ന് കൊലവിളിച്ചുകൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ നേർപകർപ്പാണ് പാട്ടിന്റെ കാര്യത്തിൽ  ചെറുമകളും. ഒരേ ഛായ.

മായാത്ത മഴവില്ലുകൾപോലെ മനസ്സിൽ ബാക്കിയാവുന്ന ബാബുരാജ്-ദക്ഷിണാമൂർത്തി-ദേവരാജൻ-രാഘവ മാസ്റ്റർമാരുടെ പാട്ടുകളെ എത്ര നിഷ്ക്കരുണമാണിവൾ അംഗഭംഗം വരുത്തുന്നത്? തബലയുടെയും മുരളികയുടെയും വയലിന്റെയും ഹാർമ്മോണിയത്തിന്റെയും ഇഴപ്പൊരുത്തത്തിലൂടെ മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠിതമായ പാട്ടുകളെ തീരാപ്പകയോടെയെന്നവണ്ണമാണ് മഴവിൽ മനോരമ ഒരു ഗൂഢസന്തോഷത്തോടെ ഛിന്നഭിന്നമാക്കുന്നത്.

അതിനു നിമിത്തമാകുന്നതോ സ്റ്റീഫൻ ദേവസ്സിയും. പ്രതിഭാധനനായ ഒരു സംഗീതജ്ഞനാണ് ആ ചെറുപ്പക്കാരൻ. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ സർഗ്ഗധനരായ ആ പഴയ മാസ്റ്റർമാരുടെ മാനസസന്താനങ്ങളെ തന്റെ കൈകൾ കൊണ്ട് കൊല്ലാനാണ് ആ ചെറുപ്പക്കാരന്റെ നിയോഗം.

പക്ഷേ ആ പഴയ പാട്ടുകളുടെ സൌന്ദര്യം (ഏതു പാട്ടിന്റെയും) അതിന്റെ പിന്നണി സംഗീതത്തിന്റെകൂടി സൃഷ്ടിയാണെന്ന തിരിച്ചറിവില്ലാത്ത  ഈ അപസ്വരചാനലുകളെ എന്താണ് ചെയ്യേണ്ടത്?

വാസന്തപഞ്ചമിനാളും, അമ്പലപ്പറമ്പിലെ ആരാമവും, പഞ്ചവർണ്ണതത്തയും, സാമ്യമകന്നോരുദ്യാനവും, ഒരുപുഷ്പവും, ഹൃദയസരസ്സും, സുറുമയെഴുതിയ മിഴികളും ഒക്കെ വരുന്നത്, ഭാസ്ക്കരൻ-ഒ.എൻ.വി മാസ്റ്റർമാരിലൂടെയോ, ബാബുരാജ് എന്ന നമ്മുടെ ബാബുക്കയിലൂടെയോ, രാഘവൻ മാഷിലൂടെയോ, ദേവരാജൻ മാസ്റ്ററിലൂടെയോ, ദക്ഷിണാമൂർത്തി സ്വാമിയിലൂടെയോ (പിന്നീട് രവീന്ദ്രൻ-ജോൺസൺ മാസ്റ്റർമാരിലൂടെയോ)  ആ പാട്ടുകൾ പാടി ഫലിപ്പിച്ച്, അന്യഥാ അസുന്ദരമാകുമായിരുന്ന നമ്മുടെ ജീവിതത്തെ അൽ‌പ്പമെങ്കിലും ശ്രുതിമധുരമാക്കി ജീവിതയോഗ്യമാക്കിത്തന്ന ഗായക/ഗായികമാരിലൂടെയോ മാത്രമല്ല. ആ പാട്ടുകളുടെ പിന്നാമ്പുറങ്ങളിലിരുന്ന് അതിലെ ഓരോ പല്ലവിയെയും അനുപല്ലവിയെയും ചരണത്തെയും നമ്മുടെ ഹൃദയതാളം കൊണ്ട്  മുഴുമിപ്പിക്കുകയും പൂർണ്ണതയിലേക്കെത്തിക്കുകയും, പെരുക്കുകയും കൂട്ടുകയും കിഴിക്കുകയും ഭാഗിക്കുകയും ചെയ്ത വാദ്യങ്ങളിലൂടെയുമായിരുന്നു. ചിലപ്പോഴൊക്കെ ആ പാട്ടെഴുത്തുകാരും, സംഗീതശിൽ‌പ്പികളും പാട്ടുകാരും അപ്രത്യക്ഷമാവുകപോലും ചെയ്തിരുന്നു. ഒരു വയലിന്റെ തന്ത്രിയിലൂടെയോ ഒരു മുരളികയുടെ സുഷിരത്തിലൂടെയോ, ഒരു തബലയുടെ പദനിസ്വനത്തിലൂടെയോ മാത്രം നിലനിൽക്കാറുണ്ടായിരുന്നു അപ്പോഴും നമ്മുടെ ഹ്രസ്വവും താത്ക്കാലികവുമായതെങ്കിലും സുരക്ഷിതമായ അഭയലോകങ്ങൾ. നമ്മെ സംബന്ധിച്ചിടത്തോളം ആ പാട്ടുകളെ എല്ലാ അർത്ഥത്തിലും പൂർണ്ണമാക്കുന്നവയായിരുന്നു ലളിത വാദ്യങ്ങളുടെ ആ മഴവിൽ ലോകങ്ങൾ.

അതിനെയാണ് മാധ്യമമുത്തശ്ശിയുടെ ഈ കുരുത്തംകെട്ട ചെറുമകൾ മായ്ക്കാൻ നോക്കുന്നത്. എന്റെ നിഘണ്ടുവിലുള്ള എല്ലാ തെറികളും അവൾക്ക് ഞാൻ നൽകുന്നു. കെട്ടിക്കിടന്ന് നാവ് കയ്ക്കാതിരിക്കാൻ. എന്റെ മഴവില്ലുകളെ തിരിച്ചുപിടിക്കാൻ.

Sunday, December 25, 2011

അർദ്ധവിരാമം




ശ്രീരാമകൃഷ്ണ പരമഹംസർ താരത‌മ്യേന ഭാഗ്യവാനാണ്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും കീറിമുറിക്കപ്പെടാൻ ഇടവന്നിട്ടില്ല അദ്ദേഹത്തിന്. എങ്കിലും, മരണശേഷം അദ്ദേഹവും നിരവധി വിശകലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാക്സ് മുള്ളറും, റൊമാങ് റൊളാങും തൊട്ടിങ്ങോട്ട് ഗായത്രി സ്പിവാക്കും, സുധീർ കാക്കറുംവരെയുള്ളവരുടെ മനശ്ശാസ്ത്രവിശകലനങ്ങളും, ഏറിയും കുറഞ്ഞുമുള്ള മറ്റു  വിമർശനങ്ങളും അതിൽ‌പ്പെടും. ദേബേന്ദ്രനാഥ ടാഗൂർ മുതൽ ഈശ്വരചന്ദ്ര വിദ്യാസാഗറും വിവേകാനന്ദനും സാക്ഷാൽ ടാഗൂറുമൊക്കെ അദ്ദേഹത്തിന്റെ വിപുലമായ ശിഷ്യവൃന്ദത്തിലുണ്ടായിരുന്നു. സർവ്വമതങ്ങളെയും ഉൾക്കൊള്ളാൻ അദ്ദേഹം നടത്തിയ (പലപ്പോഴും പരാജയപ്പെട്ടതും, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതുമായ) പരിശ്രമങ്ങളും,  മിസ്റ്റിക്ക് ജീവിതശൈലിയും, ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത നിരവധി സോദാഹരണകഥകളുമെല്ലാം ഇന്ത്യയുടെ ആധുനിക ഭക്തിപ്രസ്ഥാനത്തിന്റെ ഭീമമായ സഞ്ചയികയുടെ ഭാഗമാണ് ഇന്ന്.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിൽ ശ്രീനാരായണഗുരുവിനുള്ള സ്ഥാനമാണ്  ബംഗാളിൽ  പരമഹംസർക്ക്. കൂടുതൽ അവ്യക്തവും നിഗൂഢവും വിചിത്രവും  ഉന്മാദത്തോടടുത്ത ഒരു അവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീവേഷം പൂണ്ട്, സാരി ധരിച്ച് നൃത്തം ചെയ്യലും, സ്വപ്നദർശനത്താൽ ഉത്തേജിതനായി, സ്വയം ശ്രീരാമനും ക്രിസ്തുവും പ്രവാചകനുമായി താദാത്മ്യം പ്രാപിക്കലും,  യുവതികളെ ഉപയോഗിച്ച് കുമാരീപൂജ നടത്തലും, അങ്ങിനെയങ്ങിനെ ഒരു മാനസികഭ്രംശത്തിന്റെ എല്ലാ ഉത്തമ ചേരുവകളും ശ്രീരാമകൃഷ്ണനിൽ പ്രകടമായിരുന്നു. കേവലം അഞ്ചുവയസ്സുകാരിയായ ശാരദയെ വിവാഹം കഴിച്ച്, യൌവ്വനയുക്തയായ അവരെ പിന്നീട് അമ്മയായി സങ്കൽ‌പ്പിച്ച് പൂജിച്ചതുമൊക്കെ അതിൽ പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ‘കാമിനീ-കാഞ്ചന’ത്തെക്കുറിച്ചുള്ളവ. പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് ഈ കാമിനീ-കാഞ്ചനം. സ്ത്രീയും സ്വർണ്ണവുമായിരുന്നില്ല പരമഹംസർ ഉദ്ദേശിച്ചിരുന്നതെന്നും, മനസ്സിനെ ചഞ്ചലമാക്കുന്ന ഭൌതികതയെയായിരുന്നു ആ വാക്കുകൾ കൊണ്ട് അദ്ദേഹം വിവക്ഷിച്ചതെന്നും പല രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് കാമിനി-കാഞ്ചന സങ്കൽ‌പ്പത്തിന്.

എങ്കിലും, ആ സങ്കൽ‌പ്പത്തിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ, ‘കഥാമൃത’ത്തിലെ താഴെക്കൊടുത്തിരിക്കുന്ന ഏതാനും ചില ഭാഗങ്ങൾ തന്നെ ധാരാളമാണ്.

“ഒരു സ്ത്രീയുടെ ശരീരത്തിൽ എന്താണുള്ളത്? രക്തം, മാംസം, കൊഴുപ്പ്, പുഴുക്കൾ, മൂത്രം, മലം. ഇങ്ങനെയുള്ള ഒരു ശരീരത്തോട് നിങ്ങൾക്ക് ആസക്തി തോന്നുന്നത് എന്തുകൊണ്ടാണ്?” ( ‘കഥാമൃത’ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, പേജ് 113).

“സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം. അവരുടെ ‘ഗോപാല ഭാവം’*. മൂവുലകിനെയും സ്ത്രീ ഭക്ഷിക്കുന്നു എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. സുന്ദരന്മാരും ആരോഗ്യവാന്മാരുമായ ചെറുപ്പക്കാരെ കാണാനിടവന്നാൽ, മിക്ക സ്ത്രീകളും അവരെ കെണിയിലാക്കാൻ ശ്രമിക്കും. അതാണ് അവരുടെ ഗോപാലഭാവം”

ഈശ്വരസന്നിധിയിലേക്കുള്ള വഴിയിലെ പ്രധാന തടസ്സമായിരുന്നു, പരമഹംസരെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ.

കഥാമൃതത്തിലെ മറ്റൊരു സന്ദർഭം ഇതിനുദാഹരണമാണ്. പേജ്-126-ൽ കാണാം അത്. ഒരു സംവാദത്തിനിടക്ക്, ഒരു ശിഷ്യൻ പരമഹംസരോട് ചോദിക്കുന്നു.

“ഒരു വേള, അമ്മ അയാളോട് പറയുന്നു. “നീ ദക്ഷിണേശ്വരത്തേക്ക് പോകരുത്. പോയാൽ നിനക്ക് എന്റെ ചോര കുടിക്കേണ്ടിവരും”. ഇങ്ങനെ ശപിക്കുന്ന ഒരു അമ്മയോട് നമ്മൾ എന്തു പറയും?”

ഉത്തരം: “അങ്ങിനെ പറയുന്ന അമ്മ ഒരു അമ്മയല്ല. അവർ അവിദ്യയുടെ മൂർത്തിമദ്ഭാവമാണ്. അവരെ ധിക്കരിക്കുന്നത് ഒരു തെറ്റല്ല. ദൈവത്തിലേക്കുള്ള വഴിയാണ് അവർ നിഷേധിക്കുന്നത്”.

മറ്റൊരു ശിഷ്യനായ മഹേന്ദ്രനാഥ് ചോദിക്കുന്ന ചോദ്യം “നിങ്ങളെന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല, ഞാൻ ആത്മഹത്യ ചെയ്യും” എന്നു പറയുന്ന ഭാര്യയോട് എന്തു മറുപടി പറയും” എന്നാണ്.

ഉത്തരം “ അവരെ ഉപേക്ഷിക്കുക. അവർ നമ്മുടെ ഈശ്വരമാർഗ്ഗത്തിലുള്ള തടസ്സമാണ്. അവർ ആത്മഹത്യയോ മറ്റെന്തു വേണമെങ്കിലോ ചെയ്തോട്ടെ.“ 

മഹേന്ദ്രനാഥ് മുറിയുടെ ഒരു ഭാഗത്തേക്ക് മാറി, ചുമരിൽ ചാരിചിന്താമഗ്നനായി നിന്നു. നരേന്ദ്രനും (വിവേകാനന്ദൻ) മറ്റു ശിഷ്യരും കുറച്ചുനേരത്തേക്ക് ഒന്നും പറയാനാകാതെ സ്തബ്ധരായിപ്പോയി.”

മറ്റൊരു രസകരമായ രംഗം പേജ്32-ൽ വായിക്കാം.

ആയിടയ്ക്ക് വിവാഹിതനായ ഭാബനാഥ് എന്ന  ചെറുപ്പക്കാരനായ ശിഷ്യനെ ചൂണ്ടിക്കാട്ടി പരമഹംസർ നരേന്ദ്രനോട് (വിവേകാനന്ദൻ) പറയുന്നു.

“അവനു നല്ല ധൈര്യം കൊടുക്കണം”. നരേന്ദ്രനും ഭാബനാഥും ഗുരുവിനെ നോക്കി പുഞ്ചിരിച്ചു. ശേഷം ഭാബനാഥിനോട്പരമഹംസർ പറയുന്നു.

“നീ ഒരു ശൂരനാവണം. മൂടുപടത്തിനു പിന്നിൽ ഭാര്യ കരയുമ്പോൾ നീ സ്വയം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുക സ്ത്രീകൾ ധാരാളം കരയും. മൂക്കു ചീറ്റുമ്പോൾ പോലും അവർ കരയും”

“ഈശ്വരനിൽ മനസ്സുറപ്പിക്കുക. സ്ത്രീയുടെ കൂടെ ജീവിക്കുകയും എന്നാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ശൂരൻ”.

ആരായിരുന്നു പരമഹംസൻ?

വെള്ളക്കാരന്റെ ഭാഷ പഠിക്കുകയും അവന്റെ കീഴുദ്യോഗസ്ഥനായി തൊഴിലെടുക്കുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളിലെ ഇടത്തരം നഗരവാസിയെ പരിഹസിക്കുകയും, തന്റെ അപരിഷ്കൃതമായ നാടൻ ബംഗാളി വായ്മൊഴികഥകളിലൂടെ അവരോട് വ്യംഗ്യമായി പ്രതികരിക്കുകയും ചെയ്ത ദേശീയതാവാദി.

ലൈംഗിക സാഫല്യം കിട്ടാതെ വന്ന്, സ്ത്രീയെ ഭയപ്പെടുകയും വെറുക്കുകയും ചെയ്ത ഒരു പുരുഷ ശരീരത്തിന്റെ മനോവൈകല്യം.

താന്ത്രികവിദ്യയും വൈഷ്ണവവും അദ്വൈതവും ഇസ്ലാമിക-ക്രിസ്തീയമതങ്ങളും  എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരു ഉന്മാദചിത്തം.

ഒരുപക്ഷേ ഇതെല്ലാം ചേർന്നതായിരുന്നു ഗദാധര ചതോപാദ്ധ്യായ എന്ന ശ്രീരാമകൃഷ്ണപരമഹംസൻ. അഥവാ, പഴയ കാലത്തെ ഒരു അർദ്ധവിരാമം.

പുതിയ കാലത്ത്, പുതിയ വേഷത്തിൽ സായിബാബയായും, സുധാമണിയായും സന്തോഷ് മാധവനായും നിത്യാനന്ദനായും ശ്രീശ്രീയായും വന്ന്, പൂർണ്ണതയിലേക്കെത്താൻ കുതിക്കുന്ന മനുഷ്യസമൂഹത്തെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിലേക്കും, സന്ദിഗ്ദ്ധതയിലേക്കും തിരികെ പായിക്കുന്ന നിരവധി അർദ്ധവിരാമങ്ങളിൽ ഒന്ന്.





* ഗോപാലഭാവം - ഈശ്വരനോടുള്ള ഭക്തന്റെ ദാസ്യം, സഖം, മധുരം, വാത്സല്യം ആദിയായ നിരവധി ഭാവങ്ങളിൽ ഒന്നാണ് ഇത്.

കൂടുതൽ വായനക്ക്: പാർത്ഥാ ചാറ്റർജിയുടെ A Religion of Urban Domesticity (Subaltern Studies - Volume 7) എന്ന ലേഖനം നോക്കുക.

Wednesday, December 14, 2011

നിങ്ങളുടെ ‘മാലാഖമാർ’ പറയുന്നത്



നഴ്സുമാരെ പിടിച്ച് മാലാഖമാരാക്കുമ്പോൾ നമ്മൾ വാസ്തവത്തിൽ അവരെ അപമാനവീകരിക്കുകയാണ് ചെയ്യുന്നത്. രോഗവും മരണവും പടച്ചുവിടുന്ന (വിശ്വാസികളുടെ) ദൈവത്തിന്റെ നീതിരഹിതമായ തീർപ്പുകളെ പ്രതിരോധിക്കുന്നവരാണവർ. അവരെ ദൈവത്തിന്റെ താഴെ പ്രതിഷ്ഠിച്ച് വീണ്ടും അപമാനിക്കരുത്.

കേൾക്കാൻ സുഖമുള്ള ലേബലിടാൻ സമർത്ഥരാണ് നമ്മൾ. ദൈവമാണ്, കാരുണ്യക്കടലാണ്, ക്ഷമയുടെയും സഹനത്തിന്റെയും ഹെഡ്ഡാഫീസാണെന്നൊക്കെ പറഞ്ഞ് അമ്മമാരെ  നമ്മളങ്ങിനെ ലേബലിട്ട് മനുഷ്യജീവി എന്ന വർഗ്ഗത്തിൽ നിന്ന്, സ്ത്രീ എന്ന സ്വത്വത്തിൽനിന്ന് പണ്ടേ പടിയടച്ച് പിണ്ഡം വെച്ചതാണ്. ഹരിജനങ്ങളെന്ന് ഓമനപ്പേരിട്ട് മറ്റു ചിലരെയും പണ്ട് നമ്മൾ ഒരിക്കൽ ഒതുക്കാൻ നോക്കി.  അവർ പക്ഷേ ആ ലേബലഴിച്ചുവെച്ച്, ദളിതനെന്നു പേരുമാറ്റി പുറത്തുവന്നു.

മാലാഖമാർക്കും നമ്മൾ അങ്ങിനെ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. സേവനം മാത്രമേ അവർക്ക് വിധിച്ചിട്ടുള്ളു. അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുമാത്രമാണ്. നമുക്ക് വേണ്ടി ഉണ്ടാവേണ്ടവർ, നമ്മുടെ രക്തവും മലവും മൂത്രവും കഫവും വ്രണങ്ങളും കഴുകി വൃത്തിയാക്കേണ്ടവർ. നമ്മുടെ പരിചാരികമാർ. അത്രത്തോളമേ അവർ മാലാഖമാരാകുന്നുള്ളു. ഡ്യൂട്ടിക്ക് വരാൻ താമസിച്ചാൽ, മരുന്നു തരാനോ കുത്തിവെക്കാനോ വൈകിയാൽ, കിടക്കവിരി മാറ്റാൻ മറന്നുപോയാൽ, സമയാസമയത്തെത്താത്തി നമ്മുടെ സുഖസൌകര്യങ്ങൾ നോക്കാൻ അമാന്തിച്ചാൽ നമ്മുടെ തെറിവിളിയും പഴിയും കേൾക്കേണ്ട മാലാഖമാരാണിവർ.  ദൈവത്തിനെ ചീത്ത വിളിക്കാനാവില്ലല്ലോ. അപ്പോൾ ആ കലിപ്പു തീർക്കാൻ നമുക്ക് മാലാഖമാർ തന്നെ വേണം. വിശ്വാസികളുടെ ദൈവത്തിന്റെ ഈ രണ്ടാം നിര പൌരന്മാരോട് ഇന്നലെ വരെ നമ്മളെടുത്തിരുന്ന ഈ നിലപാടിനെ സാധൂകരിക്കാനാണ് നമ്മളവർക്ക് ഈ മാലാഖാ പട്ടം അണിയിച്ചത്.

ആതുരസേവനത്തിന്റെ താഴത്തെ പടിയിലുള്ള ഈ മാലാഖമാരെ കാണാൻ നമുക്ക് മുംബയിലെയും ദില്ലിയിലെയും കൊച്ചിയിലെയും കൊല്ലത്തെയും സമരങ്ങൾ വേണ്ടിവന്നു. പക്ഷേ അപ്പോഴും നമ്മൾ ഭൂരിപക്ഷത്തിന് ആതുരാലയങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവർ മാത്രമാണ് അവർ.  ആതുരാലയങ്ങളെ ദൈവങ്ങളും ദൈവത്തിന്റെ കങ്കാണികളും ക്രമാനുഗതമായി കൈവശപ്പെടുത്തിയപ്പോഴും ഈ മാലാഖമാരെ നമ്മൾ കണ്ടില്ല. അവർക്ക് നമ്മൾ വിശേഷാൽ ചിറകുകളൊന്നും നൽകിയതുമില്ല. മനുഷ്യകുലത്തിന്റെ സേവനം മാത്രമേ മാലാഖമാർക്ക് വിധിച്ചിട്ടുള്ളു എന്നു നമ്മൾ തീർപ്പു കൽ‌പ്പിച്ചു. നമുക്ക് കിട്ടുന്ന സേവനത്തിനും നമ്മൾ നൽകുന്ന സേവനത്തിനും പന്തിയിൽ നമ്മൾ വെവ്വേറെ ഇലയിട്ടു.

മക്കളെ മാലാഖമാരാക്കുന്നത് നമുക്കാലോചിക്കാൻ പോലും വയ്യ. ആ മാലാഖാപട്ടം സാമ്പത്തിക-സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിലുള്ള, മറ്റൊരു നിവൃത്തിയുമില്ലാത്തവർക്കിരിക്കട്ടെ എന്ന് ഉദാരമതികളായി നമ്മൾ. ഭിഷഗ്വര ദൈവങ്ങളാക്കാനായിരുന്നു നമ്മൾക്ക് മക്കൾ. അതിനാകാത്തവർ മാത്രം തങ്ങളുടെ മാലാഖക്കുട്ടികളെ ആശുപത്രികളുടെ ഇടനാഴികളിലേക്ക് പറത്തിവിട്ടു. ദാരിദ്ര്യത്തിലും ജീവിത ദുരിതങ്ങളിലും പെട്ട് ചിറകുമുറിഞ്ഞ് അവർ അലഞ്ഞു. തൊഴിലിനു മാന്യത കിട്ടാനും, വിശപ്പകറ്റാനും കടലുകടക്കേണ്ടിവരുകപോലും ചെയ്തു മാലാഖമാർ പലർക്കും.

മാലാഖമാർ ദൈവത്തിന്റെ അടിമകളോ, അവരിലും ഒരുപടി താഴ്ന്നവരോ മാത്രമാണ്. യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ചു മാത്രം അവതരിക്കുകയും ജീവിതോദ്ദേശ്യം നിർവ്വഹിക്കുകയും അതു കഴിഞ്ഞാൽ മാലാഖമാരല്ലാതാവുകയും ചെയ്യുന്ന വർഗ്ഗം. ബീനയും രമ്യയും വിനീതയുമൊന്നും ഒരു ദൈവത്തിന്റെയും ഇംഗിതമല്ല നടപ്പാക്കുന്നത്. മുന്നേ സൂചിപ്പിച്ചപോലെ വിശ്വാസികളുടെ ദൈവത്തിന്റെ ഹിതത്തിനെ തങ്ങളാലാവും വിധം ധീരമായി ചെറുത്ത് മനുഷ്യനെ രോഗ-മരണങ്ങളിൽനിന്ന് രക്ഷിക്കാനും എല്ലാ പ്രതികൂലാവസ്ഥകളോടും എതിരിട്ട് മനുഷ്യപക്ഷത്തു നിൽക്കാനും ദൃഢനിശ്ചയമെടുത്തവരാണവർ. ഏറിയാൽ ഹെഡ് നേഴ്സെന്ന വറചട്ടിയോളമേ എത്തൂ എന്നറിയാമായിരുന്നിട്ടും പരാതികളൊന്നുമില്ലാതെ നമ്മുടെ വളരെയടുത്ത്, നമ്മെത്തൊട്ട്, രാവും പകലും കൂടെ നിൽക്കുന്നവർ. ഈ ഭൂമിയിൽത്തന്നെ.

മാലാഖമാരല്ല അവർ. ഇത്രനാളും നമ്മൾ കാണാൻ കൂട്ടാക്കാതിരുന്ന നമ്മെപ്പോലെത്തന്നെയുള്ള മനുഷ്യജീവികൾ. അളമുട്ടിയാൽ, വേണ്ടിവന്നാൽ, ജീവിതത്തിനും മരണത്തിനുമിടക്ക് നമ്മെ അമ്മാനമാടാൻ കഴിവുള്ളവർ. രോഗാതുരതയുടെ വിവേചനമില്ലായ്മയും രോഗഗ്രസ്തമായ ജീവിതങ്ങളുടെ നിസ്സഹായതയും വെപ്രാളവും ഫലിതവും ദിവസവും നേരിട്ടു തൊട്ടറിയുന്നവർ. ഏതൊരു ദൈവത്തേക്കാളും മാലാഖയേക്കാളും ശക്തിശാലികൾ. മനക്കരുത്തുള്ളവർ. സഹാനുഭൂതിയുള്ളവർ. അദ്ധ്വാനികൾ.

അവരെ മനുഷ്യരായി പരിഗണിക്കുകയും അവരുടെ തൊഴിലിനെ മാനിക്കുകയും മതിയായ വേതനം നൽകുകയും ചെയ്താൽ മാത്രം മതിയാകും. മകന് പെണ്ണാലോചിക്കുമ്പോൾ നഴ്സെന്നു കേട്ട് നിങ്ങൾ മുഖം ചുളിക്കാതിരുന്നാൽ മാത്രം മതിയാകും. അത്രയൊക്കെയേ വേണ്ടൂ അവർക്ക്. 

നിങ്ങളുടെ മാലാഖപ്പട്ടമൊന്നും അവർക്കു വേണ്ട.

Sunday, December 11, 2011

ദളിതം





ആനന്ദ് പട്‌വര്‍ദ്ധന്റെ പുതിയ ഡോക്യുമെന്ററി ‘ജയ് ഭീം കൊമ്രേഡ്’ കാണാനുള്ള ഭാഗ്യം വീണുകിട്ടി രണ്ടുദിവസം മുൻപ്.

1997-ജൂലായ് മാസത്തില്‍, മുംബൈയിലെ രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിതുകള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 10 ദളിത് പ്രവര്‍ത്തകരാണ്. അതില്‍ മനം നൊന്ത് വിലാസ് ഘോഗ്‌റെ എന്ന ഒരു ഒരു ദളിത് ഗായക/കവി തന്റെ ജീവിതം അവസാനിപ്പിക്കുന്നു. കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പട്‌വർദ്ധന്റെ ‘ബോംബെ അവർ സിറ്റി’ എന്ന പഴയ ഒരു ഡോക്യുമെന്ററിയിൽ ഒരു ഭാഗത്ത്, ഒരു കലാജാഥയിൽ ഈ ഗായകൻ പണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസത്തെ, അല്ലെങ്കില്‍ ആഴ്ചയിലെ വാര്‍ത്തകളില്‍, ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍, ഒതുങ്ങേണ്ടിയിരുന്ന, വാര്‍ത്തായാകുമായിരുന്നു വിലാസിന്റെ ആത്മഹത്യ. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തകളേ അല്ലാതായിരിക്കുന്നു നമുക്ക്. കോണ്‍ഗ്രസ്സ് ബി.ജെ.പി-ശിവസേന സര്‍ക്കാരുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇരകളായി തുടരുകയാണ് അവരിന്നും. ഖൈര്‍ലാഞ്ചിപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു.

അപ്പോഴാണ് ഒരാൾ നീണ്ട പതിന്നാലു വർഷം ആ കേസിനെ വിടാതെ പിന്തുടർന്ന് 2011-ൽ തന്റെ ഡൊക്യുമെന്ററിയുമായി വരുന്നത്. വിലാസ് ഘോഗ്‌റെയുടെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും, അയാളെ ആത്മഹത്യ ചെയ്യിപ്പിച്ചവരുടെയും മൊഴികളിലൂടെ ആ ദളീത ഗായകന്റെ ആത്മഹത്യയുടെയും അയാളുടെ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വഞ്ചനയുടെയും കഥ പറയുകയാണ് ആനന്ദ്.

തീട്ടപ്പറമ്പുകളില്‍ രാപ്പകലന്തിയോളം പണിയെടുക്കുന്നവരെയും, മുംബൈയുടെ മുന്തിയ കഫെകളിലിരുന്ന് ദളിതന്റെ നാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചമ്മമാരെയും, ‘ഇവറ്റകള്‍ക്ക് വേറെ വല്ലയിടത്തും പോയി കൂടരുതോ” എന്ന് രോഷം കൊള്ളുന്ന വല്യച്ഛന്മാരെയും, അംബേദ്ക്കറെന്ന് കേട്ടിട്ടേയില്ലാത്ത പ്രഭാതസവാരിക്കാരെയും, ജീവിതത്തിലൊരിക്കല്‍ പോലും ഒരു ദളിതനെ നേരിട്ടു കണ്ടിട്ടില്ലാതിരുന്നിട്ടും, അവനു കിട്ടുന്ന സംവരണത്തെക്കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്ന ബുദ്ധിമാന്ദ്യക്കാരായ കൌമാരപ്രായക്കാരെയും, തെരുവിലങ്ങോളമിങ്ങോളം അധസ്ഥിതന്റെ ചരിത്രാതീത ജീവിതവ്യഥകള്‍ പാടി നടക്കുന്ന ഹരികഥക്കാരെയും, കബീര്‍ കലാ കേന്ദ്രസംഘം എന്ന തെരുവുനാടകത്തിലെ ഉശിരന്മാരും ക്ഷുഭിതരുമായ ദളിത് യൌവ്വനങ്ങളെയും, നക്സല്‍ ബന്ധം ആരോപിച്ച് അണ്ടര്‍ഗ്രൌണ്ടിലെ മാളത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ശീതള്‍ എന്ന ജ്വലിക്കുന്ന ദളിത് ആക്റ്റിവിസ്റ്റിനെയും ഒക്കെ നിങ്ങള്‍ക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാനാകും.

ഉറക്കത്തിലായിക്കഴിഞ്ഞിരുന്ന ഗാന്ധിയെയും ജിന്നയെയും കാണാന്‍ സാധിക്കാതെ നിരാശരായി, പുലര്‍ച്ച് രണ്ടുമണിക്ക് തന്റെ വീട്ടിലെത്തിയ ദളിതരെ വാതില്‍ തുറന്ന് സ്വീകരിച്ച്ചുകൊണ്ട്   ‘അവര്‍ക്ക് ഉറങ്ങാന്‍ കഴിയും, അവരുടെ ആളുകള്‍ ഉണര്‍ന്നിരിക്കുകയല്ലേ, എന്റെ കാര്യം അതുപോലെയല്ലല്ലോ, എന്റെ ആളുകള്‍ ഉറക്കത്തിലല്ലേ. അപ്പോള്‍ എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും“ എന്നു ചോദിക്കുന്ന അംബേദ്ക്കറെ ഒരു ദളിത് ഗായകന്‍ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. കല്‍‌പ്പിത കഥയായിരിക്കാം. എങ്കിലും അതിന്റെ അര്‍ത്ഥതലം കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാകില്ല.

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..

Tuesday, November 22, 2011

പാലായിലെ മാണിക്ക്യം






മലയാളത്തിലെ ബ്ലോഗ്ഗുകൾക്ക് കഷ്ടകാലമാണോ?

ആണെന്നാണ് ബെർളിയുടെ മതം. മാത്രമല്ല, മലയാള ബ്ലോഗ്ഗിംഗ് മാധ്യമത്തെ സാമാന്യവത്ക്കരിച്ച് തന്റെ ബ്ലോഗ്ഗ് സങ്കൽ‌പ്പങ്ങളും പടക്കുന്നുണ്ട് ബെർളി.
മലയാളം ബ്ലോഗ്ഗിംഗിന് അൽ‌പ്പം കഷ്ടകാലമാണെന്ന് സമ്മതിക്കാം. സമയവും സൌകര്യവും കുറയുന്നതുകൊണ്ടും, കൂടുതൽ മിനക്കെടാതെ, എളുപ്പത്തിൽ, ഒറ്റവരികൊണ്ടോ ഒരു കമന്റു കൊണ്ടോ കൂടുതൽ ആളുകളിലേക്കെത്താമെന്നതുകൊണ്ടും, ബ്ലോഗ്ഗുകൾ അൽ‌പ്പം ശുഷ്ക്കമായിട്ടുണ്ട് എന്നത് നേര്.

പക്ഷേ, അതിനെക്കുറിച്ച് എഴുതുമ്പോൾ ബെർളി നിരത്തുന്ന നിരീക്ഷണങ്ങളെയും, ആ നിരീക്ഷണങ്ങൾ നിരത്തുന്ന ബെർളിയെയും നമുക്ക് ‘നിരീക്ഷി‘ ക്കാതെ തരമില്ല.

മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ്ഗുകളും തമ്മിൽ പുലർത്തിപ്പോന്നിരുന്ന അന്തർധാരയിൽ നിന്നാണ് ബെർളി തുടങ്ങുന്നത്. ഏതാണ് ആ അന്തർധാര? താൻ പണിയെടുക്കുന്ന മുഖ്യധാരയുടെയും തന്റെ സ്വന്തം ബ്ലോഗ്ഗിന്റെയും അന്തർധാരയെക്കുറിച്ചാണ്ഈ വെളിച്ചപ്പാടെങ്കിൽ ശരി. ആ മുഖ്യധാരയും ബെർളിത്തരങ്ങളും തമ്മിൽ ആ അന്തർധാര ഇന്നോളം നിലനിൽക്കുന്നുമുണ്ടെന്നതും ബെർളിയുടെ നൂറുകണക്കിനു പോസ്റ്റുകളിൽനിന്ന് സുവ്യക്തം.

“പക്ഷേ മുഖ്യധാരാ ‘'മാധ്യമങ്ങളുടെ വേണ്ടാതീനം തുറന്നുകാട്ടുന്നതിനും അവരെ തുടച്ചുനീക്കിക്കൊണ്ട് പുതിയൊരു ലോകക്രമം സംജാതമാക്കുന്നതിനും ബ്ലോഗ്ഗുകൾ വിചാരിച്ചാൽ മതി  എന്ന്ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണ കാലഘട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞിരുന്നു' വെന്ന് പറയുന്നതിന്റെ അന്തർധാരയെന്താണ്?


പ്രസാധകനെയും  എഡിറ്ററെയും മാത്രമല്ല വായനക്കാരനെപ്പോലും പ്രതീക്ഷിക്കാതെ, അവരുടെയാരുടെയും സൌജന്യത്തിനും വിവേചനാധികാരത്തിനും കാത്തുനിൽക്കുകയോ കീഴ്പ്പെടുകയോ ചെയ്യാതെ, ലോകത്തോട് തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയാനുള്ള ഒരു മാധ്യമമെന്ന നിലയ്ക്കാണ് സമകാലിക സമാന്തര മാധ്യമ ചരിത്രത്തിൽ ബ്ലോഗ്ഗിന്റെ വരവ്. (മുഖവും തരാതരവും നോക്കി പറയുന്നവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ) പക്ഷേ പുതിയ ലോകക്രമമുണ്ടാക്കലൊന്നും അതിന്റെ ലക്ഷ്യമേയല്ലായിരുന്നു. ഗുഹാചിത്രങ്ങൾ മുതിലിങ്ങോട്ട് ഫേസ്ബുക്കും ട്വിറ്ററുമൊക്കെ മനുഷ്യൻ ഉപയോഗിക്കുന്നത്, സംവേദിക്കാനാണ്. അവനവnനു പറയാനും അറിയിക്കാനുമുള്ളത് സ്വന്തം നിലയിൽ പറയാനും അറിയിക്കാനും, അതിനെ സഹജീവികളുമായി പങ്കിടാനും.

മുഖ്യധാരാ മാധ്യമങ്ങളുടേതിൽ നിന്ന് വിഭിന്നമായ ഒരു ജനാധിപത്യ സ്വഭാവമാണ് അതുകൊണ്ടുതന്നെ ബ്ലോഗ്ഗുകൾക്കുള്ളത്. മലയാളം ബ്ലോഗ്ഗിംഗിന്റെ കാര്യമെടുക്കുക. സർവ്വാധികാരികളായി വാണരുളിയിരുന്ന അമ്മാവന്മാരും സംഘടിതമതങ്ങളുടെ ദല്ലാളുകളും അരങ്ങു വാണിരുന്ന ഒന്നായിരുന്നു ആരംഭകാലത്ത് അത്. അവിടേക്കാണ്,  ഇടതുപക്ഷ----_മതേതരത്വ നിലപാടുകളുമായി ഒരു മറുപക്ഷം അതിശക്തമായി കടന്നുവന്നത്.  കഥയിലും, കവിതയിലും, ശാസ്ത്രവിഷയങ്ങളിലും, രാഷ്ട്രീയത്തിലും, സംഗീത_സാഹിത്യ-സിനിമാ നിരൂപണത്തിലും, തത്ത്വചിന്തയിലും, അച്ചടി-_ദൃശ്യമാധ്യമങ്ങളുടെ വിശകലനത്തിലും, അങ്ങിനെ,  മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മലയാളം ബ്ലോഗ്ഗിൽ ഒരു പുതിയ നവോത്ഥാനത്തിന് അവർ തുടക്കം കുറിച്ചു. അവിടെയുമിവിടെയുമായി ഒറ്റ തിരിഞ്ഞു കേട്ടിരുന്ന അവരുടെ പതിഞ്ഞ ശബ്ദം ആർക്കും ഒരിക്കലും അവഗണിക്കാനാവാത്ത മുഴങ്ങുന്ന സ്വരമായി മാറുകയും ബ്ലോഗ്ഗിംഗിലെ നെടിയിരുപ്പുകളെ ചോദ്യം ചെയ്യാനും മുതിർന്നത് ഹ്രസ്വകാലം കൊണ്ടാണ്. അന്നുമുതലിന്നോളം  ആ മാറ്റുരക്കൽ മലയാളം ബ്ലോഗ്ഗിംഗിൽ നടക്കുന്നുമുണ്ട്.


കൂടുതൽ സാധ്യതകളുള്ള സോഷ്യൽ മീഡിയകൾ വന്നപ്പോൾ അവരിൽ പലരും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതിൽ അസാധാരണത്വമൊന്നുമില്ല താനും. എന്നിട്ടും ഇന്നും അതിന്റെ ശക്തിയും പ്രസക്തിയും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ചിലപ്പോൾ ഒരു കമന്റു പോലും കിട്ടാതെ, വായനകളിലൂടെ മാത്രം വികസിച്ച്, അത് പലരിലൂടെ തുടർന്നുപോരുകയും ചെയ്യുന്നുണ്ട്. 



ഇതൊന്നും കാണാതെ പുറപ്പെട്ട പുതിയ ബെർളിത്തരത്തിന്റെ ചുരുക്കം ഇതാണ്.  ബ്ലോഗ്ഗുകളുടെ കടി പണ്ടേപ്പോലെ ഫലിക്കുന്നില്ല; മുഖ്യധാരാ മാധ്യമങ്ങളെ കണ്ണുമടച്ച് വിമർശിക്കുകയും എന്നാൽ അവിടെ ഇടം കിട്ടിയാൽ അതിരറ്റു സന്തോഷിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മലയാളം ബ്ലോഗ്ഗർമാർക്കുണ്ടായിരുന്നത്; 

മുഖ്യധാരാ മാധ്യമങ്ങളെ കണ്ണടച്ച് വിമർശിക്കുന്നതിലല്ല ബെർളിക്ക് കുണ്ഠിതമെന്ന് വ്യക്തം. മുഖ്യധാരകളിലെ മുഖ്യനെ വിമർശിക്കുന്നതിലായിരിക്കണം. മനോരമയെയോ മനോരമ പ്രതിനിധാനം ചെയ്യുന്ന നിരവധി എസ്റ്റാബ്ലിഷെമെന്റുകളെയോ ഒരിക്കലും നേരിട്ട് നോവിക്കാതെ, കളിവാക്കിന്റെ നഖക്ഷതം കൊണ്ട് നൊമ്പരമുള്ള സുഖം കൊടുക്കുന്നവർക്ക് മുഖ്യധാരാ മാധ്യമവിമർശം സുഖിക്കില്ല. ‘'അവിടെ ഇടം കിട്ടിയാൽ സുഖിക്കുന്ന' വരുണ്ടാകാം. വിമർശിക്കേണ്ടിവന്നാൽ അതു ചെയ്യാൻ ഏത് ഇടമായാലും തരക്കേടില്ല എന്ന ന്യായം ബെർളിക്ക് ബോധ്യപ്പെടുമോ ആവോ? എന്നാൽ എല്ലാവരെയും ‘’'സുഖിക്കുന്ന'വരുടെ ഗണത്തിൽ കൂട്ടുന്നത് സ്വാനുഭവം കൊണ്ടായിരിക്കാനേ സാധ്യത കാണുന്നുള്ളു.

സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ എല്ലാത്തരം കഥാപാത്രങ്ങളും സൌഹൃദവട്ടത്തിൽ നിന്ന് അടിക്കുകയും ഉടക്കുകയും ചെയ്തിരുന്ന ബസ്സിലേക്ക് പഴയ ബ്ലൊഗ്ഗർമാർ കൂടുമാറി.

ഗൌരവമേറിയ നല്ല ചർച്ചകൾ നിരവധി നടന്നിട്ടുള്ള ബസ്സ് മോശം സംഗതിയാണെന്നാണോ ധ്വനി? സൌഹൃദവട്ടത്തിലും അല്ലാതെയും അടിക്കുകയും ഉടക്കുകയും ചെയ്തിട്ടുള്ള നാളികേരങ്ങൾ ഇപ്പോഴും അവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ട് ബെർളീ. ബസ്സു പോയാലും അതവിടെ കിടക്കുന്നുണ്ടാകും എന്ന് ഗൂഗിളിന്റെ ഉറപ്പുമുണ്ട്.


ഇന്ന് ആകെ നടക്കുന്നത്, തീറ്റക്കും കുടിക്കും വേണ്ടിയുള്ള ബ്ലോഗ്ഗ് മീറ്റുകളാണ്; പത്രവും ന്യൂസ് ചാനലുമെല്ലാം രാവിലേ അരച്ചുകലക്കി ‘ഒരലക്കങ്ങലക്കുന്ന‘ വാർത്ത ബ്ലോഗ്ഗർമാരാണ് കൂടുതൽ.

വാർത്ത അരച്ചുകലക്കി വാർത്തയുടെ സത്യാവസ്ഥയുടെയും പത്രധർമ്മത്തിന്റെയും കറയിളക്കി അലക്കിക്കൊണ്ടിരിക്കുന്ന മനോരമയുടെ  സ്വന്തം മാണിക്ക്യം തന്നെ ഇതൊക്കെ പറയണം.

തീർന്നില്ല. മലയാളം ബ്ലോഗ്ഗിലെ സ്ഥിതി ഇതൊക്കെയാണെങ്കിലും ആഗോലതലത്തിലെ ബ്ലോഗ്ഗർമാർ മല മറിക്കുകയാണ്; വീഡിയോ സ്ട്രീമിംഗിന്റെ കാലമാണ് ഇനി വരാൻ പോകുന്നത് എന്നിങ്ങനെയുള്ള ചില കണ്ടെത്തലുകളും സൂത്രത്തിൽ ബെർളി തിരുകിക്കയറ്റുന്നുണ്ട് ഒറ്റനോട്ടത്തിൽ അത് ബെർളി തന്നെക്കുറിച്ചുതന്നെയാണ് പറയുന്നതെന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങിനെയല്ല. ‘'ആഗോളതല'ത്തിലാണ് ബെർളി പറയുന്നത്.  “'ബ്ലോഗ്ഗിംഗ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോയതും, പ്രധാനപ്പെട്ട ബ്ലോഗ്ഗർമാർ ബ്ലോഗ്ഗിംഗിനു വേണ്ടി മാത്രം ജീവിച്ചതും”, അത്തരം ബ്ലോഗ്ഗുകൾ മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ തന്നെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത കഥ”“"; 'പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’" ; 'മലയാളിക്ക് (അതായത് ബെർളിയല്ലാത്ത എല്ലാ ബ്ലഡി മല്ലൂസിനും) യൂ ട്യൂബ് എന്നാൽ സിൽ‌സിലയും സന്തോഷ് പണ്ഡിറ്റും മാത്രമായിരിക്കുന്നതിന്റെ കാരണം, കാഴ്ചക്കാരായി വിമർശിക്കാനല്ലാതെ, അതിലേക്ക് സ്വന്തം സംഭാവനകൾ നൽകാനുള്ള മടിയുടെ നേർക്കാഴ്ചയാണ് .

സമാന്തര മാധ്യമമെന്ന നിലയ്ക്കു വന്ന ബ്ലോഗ്ഗുകൾ ‘‘'മുഖ്യാധാരാ മാധ്യമങ്ങളെപ്പോലെ' യല്ല ജനങ്ങളെ സ്വാധീനിച്ചത്. മുഖ്യധാരകളുടെ സമ്മതിനിർമ്മാണത്തെ ( Consent Manufacturing) തകിടം മറിച്ചുകൊണ്ടാണ് അവ ജനങ്ങളിൽ ഇടം കണ്ടെത്തിയത്. മുഖ്യധാരകളുടെ സ്ഥാവര-ജംഗമ സ്വത്തോ, ആൾ ബലമോ, സ്വാധീനമോ ഇല്ലാതെ തന്നെ. പാർശ്വവത്ക്കരിക്കപ്പെട്ട ചിന്തകളെയാണ് അത് വെളിച്ചത്ത് കൊണ്ടുവന്നത്. മുമ്പേ പറഞ്ഞ, പറയാനും, അറിയിക്കാനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ.

പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’യ’ തിനെക്കുറിച്ചാണെങ്കിൽ, എതിർപ്പിന്റെ  സ്വരങ്ങളെ ‘“'പുണ്യാള’ പദവിയിലേക്കുയർത്തി' വരിയുടച്ച് നിശ്ശബ്ദമാക്കുന്ന മുഖ്യധാരാ മാധ്യമ രീതിയെക്കുറിച്ച് ബെർളിക്ക് സ്റ്റഡി ക്ലാസ്സ് തികഞ്ഞിട്ടില്ലെന്നു വേണം കരുതാൻ. വിഴുങ്ങുന്നു എന്ന് ബെർളി കാണാതെ പോകുന്നില്ല എന്നും ശ്രദ്ധിക്കണം) .

യൂട്യൂബും കൾച്ചർ അൺപ്ലഗ്ഗ്‌ഡ് പോലുള്ള നിരവധി സൈറ്റുകളിലും ഈ പറഞ്ഞതൊക്കെ-----_വീഡിയോ സ്ട്രീമിംഗ് മാത്രമല്ല-‌‌ ഡോക്യുമെന്ററികളും, ടെലിസിനിമകളും_ ഒക്കെ പുറത്തുവരുന്നുണ്ട് മിസ്റ്റർ ബെർളി.   അതെങ്ങിനെ? വർഷാവസാനം സ്വന്തം ബ്ലോഗ്ഗിന്റെ കമന്റും ഹിറ്റും മാത്രം വിശകലനം ചെയ്ത് ഗ്രാഫ് വരച്ച് ബ്ലോഗ്ഗിലിട്ട് ആത്മരതി നടത്തുമ്പോൾ ഇതൊന്നും കാണാനും ശ്രദ്ധിക്കാനും സമയം കിട്ടത്തതിന് മലയാളി എന്തു തെറ്റു ചെയ്തു?

മിമിക്രിയിലും സിനിമയിലും തുടരുന്നവരെപ്പോലെ, മുഖ്യധാര മാധ്യമത്തിന്റെയും ബ്ലോഗ്ഗിംഗിന്റെയും ഇരുതോണികളിലായി യാത്ര ചെയ്യുന്ന അതിബുദ്ധിമാന്മാർ എന്നും മലയാളം ബ്ലോഗ്ഗിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്നതിനും വേറെ ഉദാഹരണങ്ങളൊന്നും വേണ്ടതില്ല. എന്നാൽ അത് സാമാന്യവത്ക്കരിച്ച് ഹിറ്റും കമന്റു കൂട്ടുന്നതിന്റെ ഭ്രാന്തിന് ചികിത്സയില്ല.  

സദസ്സു കിട്ടിയാൽ അവതാരകമാരെ പള്ളുപറയുന്ന കുറുനരികളെ കണ്ട് വിജ്ജൃംഭിച്ച്, സിനിമാപ്പാട്ടിനു ഇംഗ്ലീഷ് പാരഡികളും, ഇംഗ്ലീഷ് പഴമൊഴികൾക്ക് മലയാളം പരിഭാഷയും ചമച്ച്, ഓണത്തിനു ബോണസ്സും അവധിയും ചോദിക്കുന്നവനോട് വഞ്ചിനാട്ടിലെ രാജാവിന്റെ പെരുമ പറഞ്ഞ്, വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർക്കുന്ന കാക്കിയുടെ ധാർഷ്ട്യത്തിnനെ കാണാൻ കൂട്ടാക്കാതെ, പെൺകുട്ടികളെ കെ.എസ്.ആർ.ടി.സിയോട് കൂട്ടിക്കെട്ടി തമാശിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന് വോട്ട് കുത്തിയ മമ്മൂട്ടിയെ തലോടി,  തന്റെ മുഖ്യധാരയുടെ അന്തർധാരക്കനുസൃതമായി ചാഞ്ചാടിയും ചാഞ്ഞും ചെരിഞ്ഞുമിരുന്നെഴുതുന്ന അതിബുദ്ധിശാലികൾ മുഖ്യധാരാ മാധ്യമത്തിലും അതിനു പുറത്തും പിന്നിലുമൊക്കെ എന്നുമുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. കൺസിസ്റ്റന്റായും പ്രൊഫഷണലായും  നല്ല അസ്സൽ പരപുച്ഛത്തിൽ കുതിർന്ന നർമ്മബോധത്തോടെ ഇനിയും അവർ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യും.  സീരിയസ്സായി എഴുതുന്നുവെന്ന നാട്യത്തിൽ അഭിരമിച്ച്വെറും പൌരന്റെ ഗതികെട്ട നിവേദനവുമായി ഇനിയും അവരെത്തും.

കൂലിക്കെഴുതിയ ലേഖനങ്ങൾ അച്ചടിക്കാൻ കൊടുത്തിട്ട്, വാടകയ്ക്കെടുത്തവനു വേണ്ടി ഘോരഘോരം പ്രസംഗിച്ചിട്ട് നാളെ പൊതുജനമെന്ന കഴുതയ്ക്കു നേരെ ചൂണ്ടാനുള്ള വിരൽത്തുമ്പിന്റെ കളങ്കത്തെ ഒരു തുള്ളി മഷി കൊണ്ടു പോലും മറയ്ക്കാൻ തയ്യാറാവാത്തത് ഏത് തത്ത്വശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരിക്കുമെന്ന് എന്ന സ്വന്തം ചോദ്യം തന്റെ നേർക്കുതന്നെ വരുന്നത് പാലായിലെ മാണിക്യത്തിനു കാണാൻ കഴിയുന്നുണ്ടാവില്ല.


അന്തർധാരകൾ അല്ലെങ്കിലും എപ്പോഴും അങ്ങിനെയാണല്ലോ. എളുപ്പത്തിലൊന്നും എല്ലാവരുടെയും കണ്ണിനു പിടി കൊടുക്കില്ല. കണ്ടാലും കണ്ടതായി തോന്നുകയുമില്ല. മനോരമിപ്പിക്കുന്ന കാഴ്ചകളിലാണല്ലോ കണ്ണ്.




(ചിത്രത്തിനു ഗൂഗിളിന് അന്തമില്ലാത്ത കടപ്പാട്)

Thursday, October 27, 2011

ഗുജറാത്തികളുടെ എറണാകുളം





ടി.വി.യിലെ ദീപാവലി സ്പെഷ്യൻ വാർത്തകളിൽ, എറണാകുളത്തെ ഗുജറാത്തികളെ കാണിച്ചപ്പോൾ തോന്നിയ അടക്കാൻ വയ്യാത്ത സന്തോഷം. ദീപാവലിയെക്കുറിച്ചോ, ഗുജറാത്തികളെക്കുറിച്ചോ ആലോചിച്ചിട്ടായിരുന്നില്ല അത്. എറണാകുളത്തുനിന്ന് വാർത്തകളൊന്നുമില്ലല്ലോ എന്ന് വേവലാതിപ്പെട്ടിരുന്നത്  പണ്ടുപണ്ടെന്നോ ആയിരുന്നതുകൊണ്ട്, സന്തോഷത്തിന്റെ കാരണം മറ്റൊന്നായിരുന്നു. 

ദൂരെ, മറ്റൊരു നാട്ടിൽ നിന്ന് ഇങ്ങ് കേരളത്തിൽ വന്ന്, തൊഴിലെടുത്ത്, തലമുറകളായി കഴിയുന്ന ആളുകൾ. ഇവിടുത്തെ വേനലും, മഴയും, മഞ്ഞും കൊണ്ട്, ഇവിടെ കഴിയുന്നവർ.  നമ്മളെന്നും അവരെന്നും ഭേദമില്ലാതെ നമുക്കിടയിൽ നമ്മെപ്പോലെ അവർ. ടിവിയിൽ കണ്ടത് അവരെയായിരുന്നു. ഗുജറാത്തികളെയായിരുന്നില്ല. നമ്മളെത്തന്നെയായിരുന്നു. സന്തോഷം അതുകൊണ്ടായിരുന്നു.

മുംബൈയിലും മദ്രാസിലും, ബാംഗ്ലൂരും ദില്ലിയിലും കൽക്കത്തയിലും പിന്നെ, എണ്ണമറ്റ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഇങ്ങനെ എത്രയെത്ര ആളുകളുണ്ടാവും. സ്വന്തം നാടും വീടും വിട്ട്, മറ്റൊരിടത്തേക്ക് കയറിക്കൂടി, അവിടെത്തന്നെ ജീവിച്ചു മരിച്ചവർ. ഏതു നാടും വീടും സ്വന്തം നാടും വീടുമാക്കി മാറ്റിയവർ. ചെന്നെത്തിയ നാടിന്റെ വേനലും മഴയും മഞ്ഞും, സുഖവും ദു:ഖവും, ഭാഷയും രുചികളും ഏറ്റുവാങ്ങി അതിനെ സ്വന്തമാക്കിയ ആളുകൾ. മലയാളിയും തമിഴനും ബംഗാളിയും മറാത്തിയും രാജസ്ഥാനിയും, മണിപ്പൂരിയും, നാഗനും, ഗുജറാത്തിയും, ബീഹാറിയും ഉത്തരദേശക്കാരനും അടുത്തടുത്ത വീടുകളിൽ അയൽ‌വക്കങ്ങളായി, ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന നാടുകൾ, നാളുകൾ. സന്തോഷങ്ങൾ.

ചിതറിത്തെറിച്ച്, പിന്നെയും മറ്റു മഹാനഗങ്ങളിലേക്കോ ചെറുപട്ടണങ്ങളിലേക്കോ ജീവനാർത്ഥം പോയപ്പോഴും, പഴയ അയൽക്കാരെയും, സ്വന്തം മക്കളോടൊപ്പം കളിച്ചു വളർന്ന അവരുടെ മക്കളെയും, അവരോടൊത്ത് കഴിഞ്ഞ മറുനാടൻ ജീവിതത്തെയും ഇടയ്ക്കും ഇടവിട്ടും ഓർക്കുകയും സ്നേഹിക്കുകയും  ഇപ്പോഴും അതിന്റെ മധുരം നുണയുകയും, അതോർത്ത് നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യർ. ഏതായിരുന്നു നമ്മുടെ ആ ലോകം?

അന്നും പക്ഷേ മദ്ധ്യവർഗ്ഗത്തിന്റെ മാത്രമായിരുന്നു ആ ലോകം. ഇടപാടുകളും സ്നേഹബന്ധങ്ങളും സംവാദങ്ങളും വരവുപോക്കുകളും ഉല്ലാസയാത്രകളും ആഘോഷങ്ങളും അവർക്കിടയിൽ മാത്രമായിരുന്നു. എങ്കിലും, അതെങ്കിലും, അത്രയെങ്കിലും ഉണ്ടായിരുന്നു നമുക്കിടയിൽ.

ആർക്കും എവിടെയും വരാനും പോകാനും, ആത്മാഭിമാനം പണയപ്പെടുത്താതെ, ജീവിക്കാനും തൊഴിലെടുക്കാനും കഴിഞ്ഞിരുന്ന ആ കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. . ‘അയലത്തെ അങ്ങേരും ആയമ്മയും മക്കളും” ആട്ടിയോടിക്കപ്പെടേണ്ടവരായി മാറിയിരിക്കുന്നു ഇന്ന്. അവരുടെ ആഘോഷങ്ങൾ എന്റെ ആഘോഷങ്ങളല്ല. അവന്റെ രുചിയും, ശീലങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് എന്റെ രുചിയെയും ശീലങ്ങളെയുമാണ്. എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ട തൊഴിൽ തട്ടിയെടുത്താണ്, എനിക്കു കിട്ടേണ്ട റേഷനരി തിന്നാണ് അവൻ ‘പന്നികളെപ്പോലെ പെറ്റുപെരുകുന്നത്‘.

അവൻ മുസൽ‌മാനാണ്. അവൻ ക്രിസ്ത്യാനിയാണ്, അവൻ ഹിന്ദുവാണ്. തലവരി എണ്ണമെടുക്കുമ്പോൾ തൊട്ടുകൂട്ടരുതാത്തവനാണ്. എന്റെ നഗരത്തിന്റെ, എന്റെ നാടിന്റെ മജ്ജയിലും മാംസത്തിലും  അവന്റെ ചോരയും , നീരും വിയർപ്പിന്റെ ഉപ്പുമുണ്ടെന്നത് നിങ്ങൾ പടച്ച നുണയാണ്. അവൻ കുളിക്കാത്ത തമിഴൻ മാത്രമാണ്, അവൻ റിക്ഷവലിച്ച് ക്ഷയം പിടിച്ച ബീഹാറി മാത്രം, അവൻ വറുതിയുടെ ബംഗാളിൽനിന്നു വരുന്ന പ്രകൃതിവിരുദ്ധനും സാമൂഹ്യവിരുദ്ധനുമാണ്. അവൻ ആസ്സാമിയാണ്. എന്റെ നിന്റെയും നല്ല നാടിനെ ആക്രമിച്ചു കീഴടക്കുന്ന കൊതുകുകളാണവർ.

മക്കളെ ആട്ടിയോടിച്ച് മണ്ണിന്റെ മക്കൾക്കു മാത്രം അവകാശങ്ങൾ  തീറെഴുതിക്കൊടുത്ത പുതിയ നാടും നഗരവുമാവുകയാണ് ഇന്ത്യ.
ഏതു മണ്ണിന്റെ മക്കളെയാണ് അടുത്ത നിമിഷത്തിൽ ഈ തെരുവിൽ ഉദ്ധവന്മാരുടെ വാളുകൾ അരിഞ്ഞുവീഴ്ത്തുകയെന്ന് എനിക്കോ നിനക്കോ അറിയില്ല. നമ്മുടെ വീടുകൾ എപ്പോഴാണ് ഏതു ശൈവകോപത്താലും രാമബാണത്താലുമാണ് കത്തിച്ചാമ്പലാവുക എന്ന് എനിക്കോ നിനക്കോ അറിയില്ല.

വരുന്നവനും, പോയവനും, പുറപ്പെട്ടു പോയി തിരിച്ചെത്തുന്നവനും, എല്ലാവരും ഒരുപോലെ വരത്തനും  നാടോടിയും ബംഗാളിയുമായിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലിരുന്നാണ് ഇന്ന് ഞാൻ എറണാകുളത്തെ ഈ ഗുജറാത്തികളെ കാണുന്നത്.  ഗുജറാത്തികളുടെ എറണാകുളത്തെയും കോഴിക്കോടിനെയും കാണുന്നത്.

സന്തോഷം തോന്നുന്നത് ഇതുകൊണ്ടൊക്കെയാണ്.

Wednesday, October 19, 2011

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളും



ഒരു നാൾ രാഷ്ട്രീയം മരിച്ചുപോയാൽ, നാം, കല്ലുകൾ എന്തുചെയ്യും എന്ന് ചോദിക്കുന്ന ശിഷ്യക്കല്ലിനോട് ഗുരുക്കല്ല് പറയുന്ന ഉത്തരമുണ്ട്, കെ.ജി.എസ്സിന്റെ ‘ഹമുക്ക്’ എന്ന കവിതയിൽ. അത് ഇങ്ങനെയാണ്:

ഡാ
ഡ ഡ ഡാ
ശിഷ്യക്കല്ലേ
അപ്പഴല്ലേ സടകുട-
ഞ്ഞുണരുന്നത് നുമ്മടെ
അതിജീവന രതി.
മടങ്ങും നാം
ദുഖത്തിലും തോൽ‌വിയിലും
ദൈവത്തിലേക്ക്.
സ്വത്വാതുരരായി
ഇനി നീയേ രാഷ്ട്രീയം
നീയേ ശരണം;
ആഗോള പരാശക്തി
സർവ്വനാശക മഹാമാരി
എന്ന് കേണലറി
ജാതിമതാചാര-
സ്വദേശച്ചെരിവിലെ
പച്ചപ്പുൽമേട്ടിലേ-
ക്കൊരുരുളലങ്ങോ-
ട്ടുരുളും ശിഷ്യാ,
ഉരുളൻ കല്ലുകളല്ലേ നാം?

(ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഡി.സി.പ്രസിദ്ധപ്പെടുത്തിയത്).

വെറുതെ സങ്കൽ‌പ്പിച്ചുനോക്കുകയാണ്.  ഒരു രസത്തിന്.

ഇക്കഴിഞ്ഞ വിദ്യാരംഭത്തിന്റെയന്ന്, കെ.ജി.എസ്സിന്റെ മടിയിലിരുന്ന് അക്ഷരാഗ്നി പകർന്നുകിട്ടിയ ഏതെങ്കിലുമൊരു ശിഷ്യക്കല്ലിന്, എന്നെങ്കിലുമൊരിക്കൽ കവിതയുടെ രാഷ്ട്രീയം ചികയേണ്ടിവന്നാൽ, ഇതേ മറുപടിയായിരിക്കില്ലേ കവിതയുടെ ഗുരുക്കല്ലിൽനിന്ന് അവന്റെ നാവിൽ പുളിച്ചു തികട്ടുക? കെ.ജി.എസ്സിന് അപ്പോൾ എന്തു സമാധാനം പറയാനുണ്ടാകും? അതോ, അപ്പോഴേക്കും, ജാതിമതാചാരസ്വദേശിച്ചെരുവിലേക്ക്, ഇങ്ങിനി തിരിച്ചുകയറാനാവാത്തവിധം വീണുപോയിട്ടുണ്ടാകുമോ നമ്മുടെ പ്രിയപ്പെട്ട കവി?
 
ഭസ്മക്കുറിയും കസവുമുണ്ടുമണിഞ്ഞ്, സ്വർണ്ണമോതിരം കൊണ്ട്, അക്ഷരമെന്ന അഗ്നി ഇളം കുരുന്നുകളുടെ നാവിൽ കോറിയിടുന്നത് എങ്ങിനെയാണ് ജീർണ്ണതയുടെ അടയാളമാവുന്നത് എന്നല്ലേ ചിലർക്ക് സംശയം.

നശ്വരതയുടെ പ്രതീകം മാത്രമല്ല ഭസ്മം. അത് ഒരു മതത്തിന്റെ ചിഹ്നവും കൂടിയാണ്. അക്ഷരത്തിന് മതത്തിന്റെ പരിവേഷം നൽകുന്നത് ആരുടെ താത്പര്യത്തിനെ സംരക്ഷിക്കാനാണ്? അക്ഷരത്തിന്റെയോ, മതത്തിന്റെയോ, അക്ഷരാർത്ഥിയുടെയോ, ഗുരുക്കല്ലുകളുടെയോ?

കസവുമുണ്ടിന്റെ കസവിഴകളിലുമുണ്ട് അതിന്റെ മതവും രാഷ്ട്രീയവും. ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്. പണിയെടുക്കുന്നവന്റെ വേഷമല്ല അത്. പണിയെടുക്കുന്നവന്റെ അദ്ധ്വാനത്തെ പൂമുഖത്തിരുന്ന് നിയന്ത്രിക്കുകയും പണമാക്കി സ്വന്തം പത്തായങ്ങളും നിലവറകളും നിറക്കുന്നവന്റെയും വേഷമാണത്.

അക്ഷരത്തിന് ആഢ്യനും ആര്യനുമില്ല. ഉടമസ്ഥനും അടിയാളനുമില്ല. ദു:ഖത്തിലും തോൽ‌വിയിലും അത് മടങ്ങുന്നത് ദൈവങ്ങളിലേക്കും മതത്തിലേക്കുമല്ല. മനുഷ്യനിലേക്കാണ്. അവന്റെ നാവിലേക്കും, ശബ്ദത്തിലേക്കുമാണ്. അവന്റെ പ്രതിരോധത്തിലേക്ക്.

ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞുകളഞ്ഞ് വരുന്ന ഉണ്ണികളെ ഇപ്പോഴും പാറക്കെട്ടുകൾക്കകത്ത് തപസ്സിരുന്ന് പൂതങ്ങൾ കിനാക്കാണുന്നുണ്ട്.

സംഘടിത മതങ്ങളുടെ സാമൂഹ്യ പരിസരങ്ങളെ തിരിച്ചുപിടിക്കണമെന്ന് ചില കവികൾ ആഗ്രഹിക്കുന്നത് ഇതിനൊക്കെയാണെന്നുവരുമോ? അഥവാ, ആ പരിസരങ്ങളെ ഇവ്വിധമാണോ തിരിച്ചുപിടിക്കേണ്ടത്? ആർ ആരെയാണ് ഒടുവിൽ തിരിച്ചുപിടിക്കുക?

മതങ്ങളുടെയും ദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അതിജീവന രതിയെ പിന്നിലുപേക്ഷിച്ച്, പുതിയ വിദ്യാരംഭം കുറിക്കുന്ന ശിഷ്യക്കല്ലുകൾക്കായ് നമുക്ക് കാത്തിരിക്കാം. അവർ വരുകതന്നെ ചെയ്യും. ജാതിമതാചാരസ്വദേശച്ചെരുവുകളിൽ അവരെ തളച്ചിടാൻ ഒരു ഗുരുക്കല്ലുകൾക്കും ആവില്ല.

Monday, October 10, 2011

നഗരവളർച്ചയുടെ ദശാബ്ദസഞ്ചാരങ്ങൾ




ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പുനർനിർണ്ണയവും, അത് രാജ്യത്തിന്റെ ഗ്രാമ-നഗര ഭൂപടത്തിൽ വരുത്തുന്ന മാറ്റങ്ങളും എല്ലാ ദശകങ്ങളിലും സംഭവിക്കാറുണ്ട്. എങ്കിലും, ഇത്രയധികം കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നത്, തൊണ്ണൂറു വർഷങ്ങൾക്കുള്ളിൽ, ഈ കഴിഞ്ഞ ദശാബ്ദക്കാലത്തുമാത്രമാണ്‌. 90.6 ദശലക്ഷം അധികം ആളുകൾ ഗ്രാമങ്ങളിൽ വർദ്ധിച്ചപ്പോൾ, നഗരങ്ങളിൽ 91 ദശലക്ഷം ആളുകളാണ്‌ വർദ്ധിച്ചത് ഈ കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ. കഴിഞ്ഞ 10 കൊല്ലത്തിനിടയ്ക്ക്, ഇത്രയധികം ആളുകളെ ഇവിടേക്കെത്തിക്കാൻ പാകത്തിൽ തീർച്ചയായും എന്തോ സംഭവിച്ചിരിക്കുന്നു. കൃഷിയുടെ തകർച്ചയോടെ സംഭവിച്ച, ഭീകരവും രേഖപ്പെടുത്താത്തതുമായ പലായനമാണ്‌ അത്. നാട്ടിൻപുറങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ നാടകത്തിലേക്കാണ്‌ നമ്മൾ കണ്ണയക്കുന്നത്. ഇല്ലാത്ത തൊഴിലുകളന്വേഷിച്ച്, ദശലക്ഷക്കണക്കിനാളുകൾ വീടുകൾ വിട്ടുപോകുന്ന കാഴ്ച. വൃദ്ധരും വിശന്നുവലയുന്നവരും, രോഗികളുമായവരെ പിന്നിൽ കൈയ്യൊഴിഞ്ഞ് ചെറുപ്പക്കാർ ഉപേക്ഷിച്ചുപോകുന്ന ഗ്രാമങ്ങൾ. ഓരോ അംഗങ്ങളും ഓരോയിടത്തേക്ക് പലായനം ചെയ്ത് ചിതറിപ്പോകുന്ന കുടുംബങ്ങൾ.

ജനസംഖ്യാകണക്കെടുപ്പോ, ദേശീയ സാമ്പിൾ സർവ്വേയോ ഈ വലിയ ‘അലക്ഷ്യ പലായന’ത്തെ കാണുന്നില്ല (തൊഴിലിനുവേണ്ടിയുള്ള ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലിനെ വിശേഷിപ്പിക്കാൻ ഫൂട്ട്ലൂസ് മൈഗ്രേഷൻ-അലക്ഷ്യ പലായനം - എന്ന പുതിയൊരു വാക്കുതന്നെയുണ്ട്). ഹ്രസ്വനാളുകൾ നീണ്ടുനിൽക്കുന്നതും, ഘട്ടം ഘട്ടവുമായ ഈ പലായനങ്ങളെ രേഖപ്പെടുത്താൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌, എപ്പോഴും, തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന രണ്ട് ദശലക്ഷം ഒറിയക്കാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്‌. നുവാപാദ, അഥവാ, ബൊലാംഗീർ ജില്ലകൾ എടുക്കുക. സാധാരണനിലക്ക്, ഒന്നോ രണ്ടോ മാസം അവർ റായ്പൂരിൽ റിക്ഷാവലിക്കാരായി ചിലവഴിക്കും. അതുകഴിഞ്ഞ് രണ്ടോ മൂന്നോ മാസം, ആന്ധ്രയിലെ ഇഷ്ടികപ്പാടത്ത്. പിന്നെ, മുംബയുടെയോ താനെയുടെയോ ചുറ്റുവട്ടത്തിൽ നിർമ്മാണ തൊഴിലാളികളായി ഏതാനും ആഴ്ചകൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കും. (ഉയരത്തിൽ കെട്ടിയുയർത്തിയ തട്ടുകളിൽ നിന്നുകൊണ്ടുള്ള അപകടകരമായ ജോലികളിലായിരിക്കും അധികസമയവും അവർ).

കുടിയിറക്കപ്പെട്ട കർഷകരും തൊഴിലാളികളുമാകട്ടെ, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കാണുന്നതുപോലെ മിക്കപ്പോഴും ഒരേ സംസ്ഥാനത്തിനകത്തെ പട്ടണങ്ങളിൽ തന്നെ അലക്ഷ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നവരായിരിക്കും.

ശരിയാണ്‌. സെൻസസിന്‌ തൊഴിലിലെ ഇത്തരം ചലനങ്ങളെ രേഖപ്പെടുത്താനാവില്ല. എന്നിട്ടും ഇപ്പോൾ നമ്മൾ കണ്ടതുപോലുള്ള നഗര-ഗ്രാമ കണക്കുകളാണ്‌ അവ കാണിച്ചുതരുന്നതെങ്കിൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വലിയ നാടകത്തെയാണ്‌ അത് തീർച്ചയായും സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ ജനസംഖ്യയും ചെറുകിട പട്ടണങ്ങളും പെരുകുകയാണ്‌. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യാ നിരക്ക് കുറയുമ്പോഴും കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലെ ഏറ്റവും വലിയ നഗര-ഗ്രാമ വളർച്ചാ വ്യത്യാസമാണ്‌ (Urban-Rural Growth Differential) അവിടെ നിലനില്ക്കുന്നത്. ആഴമേറുന്ന ഒരു കാർഷികപ്രതിസന്ധിയുമായി കൈകോർത്ത് നടക്കുന്ന ഭീമമായ ഒരു കുടിയേറ്റമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1995-നും 2009-നും ഇടയ്ക്ക് നടന്ന 240,000 കർഷക ആത്മഹത്യകളെ ഇതോടൊപ്പം ചേർത്ത് വേണം  വായിക്കാൻ. ഭൂരിഭാഗവും കടത്തിൽ മുങ്ങി ജീവിതം അവസാനിപ്പിച്ചവരാണവർ. കഴിഞ്ഞ കുറേ കാലങ്ങളായി, ഇതിന്റെയൊക്കെ ചെറിയ ചെറിയ സൂചനകൾ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. കഥകൾ എന്നു പറഞ്ഞ് എഴുതി തള്ളാൻ എളുപ്പമാണെങ്കിലും, വേണമെന്നുണ്ടെങ്കിൽ കാണാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു ആ സൂചനകൾ.

1990-കളുടെ ആദ്യപകുതിയിൽ ഒറീസ്സയിലെ നുവാവാദ ജില്ലയിലെ ഖരിയാറിൽനിന്ന് ചത്തീസ്ഗഢിലെ റായ്പൂരിലേക്ക് ദിവസത്തിൽ മൂന്നോ നാലോ ബസ്സുകളേ ഉണ്ടായിരുന്നുള്ളു. ആദ്യമൊക്കെ, ഭവാനിപ്പട്ടണത്തിൽ നിന്നായിരുന്നു (കാലഹന്ദി ജില്ലയുടെ തലസ്ഥാനം) ബസ്സുകൾ പുറപ്പെട്ടിരുന്നത്, ഖരിയാർ വഴി, റായ്പൂരിലേക്ക്. ഇന്ന്, ഒട്ടുമിക്ക പട്ടണങ്ങളിൽനിന്നും, ചെറിയ പ്രദേശങ്ങളിൽനിന്നുമൊക്കെ ബസ്സുകൾ, തൊഴിലാളികളെ കൊണ്ടുപോകുന്നു. ഇവിടെനിന്ന് റായ്പൂരിലേക്ക് തീവണ്ടികളും ധാരാളമായി പോകുന്നുണ്ട്. അതിർത്തികടക്കാൻ ഇതിനുപുറമെ, നിയമവിരുദ്ധമായി വാനുകളും ജീപ്പുകളും സുലഭമാണ്‌. “ഇവിടെ ഇനി എന്തുണ്ട് ബാക്കി?” ബിഷ്ണു ബോധ് എന്ന ഒരു അഭയാർത്ഥി എന്നോട് ചോദിച്ചു. “അതിർത്തിക്കപ്പുറത്ത് ധാരാളം ജോലി സാധ്യതയുണ്ട്”, അയാൾ പറഞ്ഞു. റായ്പൂർ തലസ്ഥാനമായി മാറിയതോടെ മനുഷ്യരുടെ കുത്തൊഴുക്കും തുടങ്ങി.

1994-ൽ കേരളത്തിലെ (വയനാട്ടിലെ) മാനന്തവാടിക്കും കർണ്ണാടകയിലെ കുട്ട പട്ടണത്തിനും ഇടയിൽ ചുരുക്കം ചില സർക്കാർ ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തിയിരുന്നുള്ളു. കാർഷിക പ്രതിസന്ധി വരുന്നതുവരെ, വയനാടെന്ന നാണ്യവിളകളുടെ നാട്ടിലേക്ക് തൊഴിലാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒഴുകുകയായിരുന്നു. കേരളത്തിന്റെ ഗൾഫ് എന്നുപോലും വയനാട്ടിനെ വിശേഷിപ്പിച്ചിരുന്നു.  2004-ഓടെ, രണ്ടു പട്ടണത്തിനുമിടയ്ക്ക് 24 ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. “വയനാട് ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു‘ എന്നാണ്‌ ഷിനോജ് തോമസ് എന്ന ചെറുപ്പക്കാരൻ പറഞ്ഞത്. ”പണി പകുതിക്കുവെച്ച് നിന്ന ആ വീടുകൾ നോക്കൂ. കൃഷി തരക്കേടില്ലാതെ നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ്‌ അവയൊക്കെ. കൃഷി നശിച്ചപ്പോൾ നിർമ്മാണ ജോലിയൊക്കെ നിന്നു. വീണ്ടും തുടങ്ങാൻ ആരുടെ കയ്യിലും പൈസയുണ്ടായിരുന്നില്ല“.

തെലുങ്കാനയിലെ മഹബൂബ്നഗറിൽ നിന്ന് മുംബൈയിലേക്ക് ഒരു ബസ്സ് സർവ്വീസ് പോലും തികച്ചുണ്ടായിരുന്നില്ല 1993-ൽ. പത്തുവർഷങ്ങൾക്കുശേഷം അത് 40 ആയി വർദ്ധിച്ചു (രാത്രി മാത്രം പോകുന്ന, സ്വകാര്യ വാഹനങ്ങളെ കണക്കിലെടുത്തിട്ടില്ല). ”മുംബൈയും പൂനയുമില്ലെങ്കിൽ ഞങ്ങൾക്ക് നിലനിൽക്കാൻ പറ്റില്ല“. പാണ്ഡു നായ്ക്ക് എന്ന ആദിവാസി പറഞ്ഞു ഒരിക്കൽ. ”ഞങ്ങളുടെ കുടുംബം കടത്തിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കുട്ടികൾ പട്ടിണിയിലും“. 2003-ഓടെ യാത്രക്കാരും മാറിയിരിക്കുന്നു. മുൻപ്, അധികവും കർഷകതൊഴിലാളി വർഗ്ഗക്കാരായ ദളിതുകളും ലംബാദ ആദിവാസികളുമായിരുന്നു യാത്രക്കാർ. ഇന്നാകട്ടെ,, മരപ്പണിക്കാരും, മൺപാത്രനിർമ്മാണ തൊഴിലാളികളും, ചെറുകിട-ഇടത്തരം കർഷകർ പോലും ആ കൂട്ടത്തിലുണ്ട്. എടുത്തുപറയാവുന്ന ഒരു സന്ദർഭമുണ്ടായത് 2003-ലെ ഒരു ബസ്സ് യാത്രയിലാണ്. അന്ന് അതിൽ, ഒരു കർഷകനും, ആ കർഷകന്റെ കീഴിൽ കാലാകാലങ്ങളായി തൊഴിലെടുത്തിരുന്ന ഒരു അടിമപണിക്കാരനുമുണ്ടായിരുന്നു.  തൊഴിലന്വേഷണവുമായി മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും. അതേസമയം, ഓരോ വർഷവും, പ്രത്യേക സാമ്പത്തിക മേഖലക്കും മറ്റു പദ്ധതികൾക്കും വേണ്ടി കുടിയിറക്കപ്പെട്ട, പൊലേപ്പള്ളി മുതൽ പോളാവരം വരെയുള്ള പതിനായിരക്കണക്കിന്‌ ആളുകൾ, ഹൈദരബാദിലും അതിന്റെ ചുറ്റുവട്ടത്തുള്ള നഗരപ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യക്കാലത്ത്, ഗുജറാത്തിൽ നിരവധി നെയ്ത്തുശാലകൾ അടച്ചുപൂട്ടി. എന്നിട്ടും 2009-ൽ, ഒറീസ്സയിലെ ഗഞ്ചാമിൽനിന്ന്, ദിവസേനയെന്നോണം അയ്യായിരത്തോളം തൊഴിലാളികൾ ബിർഹാംപൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടികയറിയിരുന്നു. സൂറത്തിലേക്കും മുംബൈയിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു അതിലധികവും. ”ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവുമില്ലെന്ന് സൂറത്തിലെ മുതലാളിമാർക്ക് അറിയാമായിരുന്നു“വെന്നാണ്‌ ഗഞ്ചാമിലെ ഗണേഷ് പ്രധാൻ പറഞ്ഞത്. ”അവധി ദിവസങ്ങളോ, വിശ്രമമോ ഒന്നുമില്ല. 12 മണിക്കൂർ ഷിഫ്റ്റിലാണ്‌ ജോലി. ഉച്ചവിശ്രമവും ഇല്ല. പൈസയും ആരോഗ്യവും നഷ്ടപ്പെടുകയാണ്‌..പക്ഷേ എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്‌ സ്ഥിതി എന്ന് അറിയാഞ്ഞിട്ടല്ല“, ഗണേഷ് തുടർന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല.

ആരാണീ പലായനം ചെയ്യുന്നവർ? കാർഷിക പ്രതിസന്ധി അനുഭവപ്പെടാൻ തുടങ്ങിയ 1990-കൾ മുതൽ, അതുവരെ നാടുവിട്ടുപോവുക ശീലമാക്കാതിരുന്ന സമുദായങ്ങൾ പോലും അത് ചെയ്തു തുടങ്ങി. ഒറീസ്സയിലെ കാളഹന്ദിയിലെ ദളിതർ കുറേ മുൻപു മുതൽക്കേ പലായനം ചെയ്തിരുന്നു. 90-കൾ മുതൽക്ക്, ആദിവാസികളും ക്ഷീരോത്പാദകരായ മറ്റുപിന്നോക്ക ജാതികളും മറ്റുള്ളവരും അവരുടെകൂടെ ചേർന്നു. ”കഴിഞ്ഞ 15-20 കൊല്ലക്കാലത്തെ പലായനങ്ങൾ അധികവും നിവൃത്തികേടുകൊണ്ടുണ്ടായതും, ലക്ഷ്യമില്ലാത്തതും, പലായനം ചെയ്യുന്നവരുടെ ജീവിതരീതിയും വേരുകളും കുടുംബബന്ധങ്ങളും തകർക്കുന്നവയുമായിരുന്നു“ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണ്ണലിസത്തിലെ പ്രൊഫസ്സർ ഡോ.കെ.നാഗരാജൻ അഭിപ്രായപ്പെടുന്നു. ”മദ്ധ്യ-ഉപരിവർഗ്ഗക്കാരിൽനിന്ന് വിഭിന്നമായി, ഇവർ എന്തെങ്കിലും പുതിയ തൊഴിലോ മൂലധനമോ ഒന്നും നേടുന്നില്ല. മദ്ധ്യ-ഉപരിവർഗ്ഗമാകട്ടെ, പലായനം ചെയ്യുമ്പോൾ തൊഴിൽ വൈദഗ്ദ്ധ്യവും മൂലധനവും, അവസരങ്ങളും നേടുകയാണ്‌ ചെയ്യുന്നത്“. ഈ പലായനം, നാട്ടിൻപുറങ്ങളിലെ ചെറുകിട ഉത്പാദനത്തിന്റെ തകർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്.

ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിൽനിന്നുള്ള മനുഷ്യന്മാരുടെ ഈ വലിയ ഒഴുക്ക് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇടനിലക്കാരുടെയും തൊഴിൽ കരാറുകാരുടെയും ശക്തമായ ഒരു നീണ്ട നിരതന്നെ ഈ നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഈ പലായനത്തെ അവർ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുകയുമാണ്‌. പട്ടണത്തിലെയും നഗരത്തിലെയും കരാറുകാർ മുതൽ, കെട്ടിടനിർമ്മാതാക്കളും, കുത്തക കോർപ്പറേഷനുകളും, മൾട്ടിനാഷണൽ കമ്പനികൾ വരെ നീളുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടി കുറഞ്ഞ വിലയ്ക്ക് തൊഴിൽ ലഭ്യമാക്കുന്ന ഇടനിലക്കാരാണവർ. ഇത്, പ്രാദേശിക കൂലി-വേതന നിലവാരത്തെ നിലംപരിശാക്കാൻ മാത്രമല്ല, അസംഘടിതരും, പ്രതീക്ഷയറ്റവരും, തന്മൂലം, എളുപ്പത്തിൽ കീഴ്പ്പെടുന്നവരുമായ ഒരു തൊഴിലാളിവർഗ്ഗത്തിനെ സൃഷ്ടിക്കാനുമാണ്‌ സഹായിക്കുക. ഈ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചോ, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചോ, അവർക്കു നൽകേണ്ടതോ, അവർക്ക് ബോധ്യമുണ്ടായിരിക്കേണ്ടതോ ആയ ആനുകൂല്യങ്ങളെക്കുറിച്ചോ തൊഴിലുടമകൾക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതുമില്ല. തൊഴിലാളികൾക്കാകട്ടെ, ഈ സംവിധാനം, തുച്ഛമെങ്കിലും പെട്ടുന്നുള്ള പണവും, തകർക്കുന്ന ഋണബാധ്യതയും, അനന്തമായ നിരാശയും മാത്രമാണ്‌ നൽകുന്നത്.



സെപ്തംബർ 26-ലെ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച പി.സായ്നാഥിന്റെ ലേഖനത്തിന്റെ തർജ്ജമ